മരണത്തിന്റെ വക്കോളം എത്തിയ അനുഭവങ്ങൾ—അത് എന്ത് അർഥമാക്കുന്നില്ല?
ബൈബിളിന്റെ ഉത്തരം
മരണത്തിന്റെ വക്കോളം പോയ ചില ആളുകൾ, അതിമനോഹരമായ ഒരു സ്ഥലമോ ശോഭയുള്ള ഒരു വെളിച്ചമോ കണ്ടു എന്നോ ശരീരത്തിൽനിന്ന് തങ്ങൾ വേർപെട്ടുപോകുന്നതായി തോന്നി എന്നോ ഒക്കെ പറയാറുണ്ട്. ‘മറ്റൊരു ലോകത്തിലേക്കു എത്തിനോക്കാൻ ലഭിച്ച ഒരു അപൂർവ അവസരമായിട്ടാണ് ചിലർ ആ അനുഭവത്തെ കാണുന്നത്’ എന്ന് മരണത്തിന്റെ ഓർമകൾ എന്ന പുസ്തകം പറയുന്നു. മരണത്തിന്റെ വക്കോളം എത്തിയ ഇത്തരം അനുഭവങ്ങളെക്കുറിച്ചൊന്നും ബൈബിൾ പറയുന്നില്ലെങ്കിലും അങ്ങനെയുള്ള കാഴ്ചകൾ മറ്റേതോ ലോകത്തിന്റെ ദൃശ്യങ്ങളല്ല എന്നു തെളിയിക്കുന്ന ഒരു അടിസ്ഥാനസത്യം ബൈബിളിലുണ്ട്.
മരിച്ചവർ അബോധാവസ്ഥയിലാണ്.
“മരിച്ചവർ ഒന്നും അറിയുന്നില്ല” എന്നു ബൈബിൾ പറയുന്നു. (സഭാപ്രസംഗകൻ 9:5) മരിക്കുമ്പോൾ നമ്മൾ ആസ്തിക്യത്തിന്റെയോ ബോധമണ്ഡലത്തിന്റെയോ മറ്റൊരു തലത്തിലേക്കു കടക്കുന്നില്ല. പകരം നമ്മൾ ആസ്തിക്യത്തിൽനിന്നുതന്നെ ഇല്ലാതാകുന്നു. നമ്മുടെ ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്ന അമർത്യമായ ഒരു ആത്മാവുണ്ടെന്നുള്ള ഉപദേശം ബൈബിളിൽനിന്ന് വന്നതല്ല. (യഹസ്കേൽ 18:4) അതുകൊണ്ട് മരണത്തിന്റെ വക്കിലെത്തിയവർക്കുണ്ടായെന്നു പറയുന്ന ഈ അനുഭവങ്ങൾ സ്വർഗത്തിന്റെയോ നരകത്തിന്റെയോ മരണാനന്തരജീവിതത്തിന്റെയോ ദൃശ്യങ്ങളല്ല.
മരണാനന്തരജീവിതത്തെക്കുറിച്ച് ലാസർ എന്തെങ്കിലും പറഞ്ഞോ?
ലാസറിനെക്കുറിച്ചുള്ള ബൈബിൾവിവരണം മരണത്തിന്റെ ഒരു യഥാർഥ അനുഭവമാണ്: മരിച്ച് നാലു ദിവസം കഴിഞ്ഞ ലാസറിനെ യേശു ഉയിർപ്പിച്ചു. (യോഹന്നാൻ 11:38-44) ലാസർ ഏതെങ്കിലും തരത്തിലുള്ള മരണാനന്തരജീവിതം ആസ്വദിച്ച് കഴിയുകയായിരുന്നെങ്കിൽ, യേശു അദ്ദേഹത്തെ ഭൂമിയിലെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നത് ഒരു മഹാക്രൂരതയായേനെ! പക്ഷേ മരണാനന്തരജീവിതത്തെക്കുറിച്ച് ലാസർ എന്തെങ്കിലും പറഞ്ഞതായി ബൈബിൾരേഖയിലില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഉറപ്പായും ലാസർ അതെക്കുറിച്ച് പറയുമായിരുന്നു. ശ്രദ്ധേയമായ മറ്റൊരു കാര്യം, ലാസറിന്റെ മരണം ഒരു ഉറക്കമായിട്ടാണ് യേശു പരാമർശിച്ചത്. അതു സൂചിപ്പിക്കുന്നത് മരിച്ച ലാസർ ഒന്നും അറിയുന്നില്ലായിരുന്നു എന്നാണ്.—യോഹന്നാൻ 11:11-14.