പാപം എന്താണ്?
ബൈബിളിന്റെ വീക്ഷണം
പാപം എന്നാൽ ദൈവത്തിന്റെ നിലവാരങ്ങൾക്ക് വിരുദ്ധമായിട്ടുള്ള പ്രവർത്തനമോ വികാരമോ ചിന്തകളോ ആണ്. ഇതിൽ ദൈവനിയമങ്ങൾ ലംഘിച്ചുകൊണ്ട് ദൈവദൃഷ്ടിയിൽ തെറ്റോ അനീതിയോ ചെയ്യുന്നത് ഉൾപ്പെടുന്നു. (1 യോഹ. 3:4; 5:17) ബൈബിൾ പറയുന്നതനുസരിച്ച് ശരിയായത് ചെയ്യാതിരിക്കുന്നതും പാപമാണ്—അതായത്, ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നത്.—യാക്കോബ് 4:17.
ബൈബിളിന്റെ മൂലഭാഷകളിൽ പാപം എന്നതിന് ഉപയോഗിച്ചിട്ടുള്ള വാക്കുകളുടെ അർഥം “ഉന്നം തെറ്റുക,” ലക്ഷ്യം പിഴയ്ക്കുക എന്നൊക്കെയാണ്. ഉദാഹരണത്തിന്, പുരാതന ഇസ്രായേലിലെ ഒരു കൂട്ടം പടയാളികൾ ഒരു രോമത്തിനുപോലും “ഏറുപിഴെക്കാത്ത” കവിണക്കാർ ആയിരുന്നു. ആ ഭാഗം അക്ഷരീയമായി വിവർത്തനം ചെയ്താൽ അവർ “പാപം ചെയ്യില്ല” എന്നായിരിക്കും വായിക്കുക. (ന്യായാ. 20:16) അതുകൊണ്ട് പാപം എന്നാൽ ദൈവത്തിന്റെ പൂർണതയുള്ള നിലവാരങ്ങളിൽനിന്ന് തെറ്റുന്നതാണ്.
സ്രഷ്ടാവ് എന്ന നിലയിൽ മനുഷ്യവർഗത്തിനുവേണ്ടി നിലവാരങ്ങൾ വെക്കാനുള്ള അവകാശം ദൈവത്തിനുണ്ട്. (വെളി. 4:11) നമ്മുടെ ചെയ്തികൾക്ക് നാം കണക്കു ബോധിപ്പിക്കേണ്ടവരാണ്.—റോമർ 14:12.
പാപം പാടെ ഒഴിവാക്കാൻ സാധിക്കുമോ?
ഇല്ല. “എല്ലാവരും പാപം ചെയ്തു ദൈവികമഹത്ത്വം ഇല്ലാത്തവരായിത്തീർന്നിരിക്കുന്നു” എന്നു ബൈബിൾ പറയുന്നു. (റോമ. 3:23; 1 രാജാ. 8:46; സഭാ. 7:20; 1 യോഹ. 1:8) എന്തുകൊണ്ടാണ് ഇങ്ങനെ?
ആദ്യമനുഷ്യരായ ആദാമും ഹവ്വായും തുടക്കത്തിൽ പാപരഹിതരായിരുന്നു. ഇതിനു കാരണം, ദൈവത്തിന്റെ സാദൃശ്യത്തിൽ പൂർണരായിട്ടാണ് അവരെ സൃഷ്ടിച്ചത്. (ഉല്പ. 1:27) എന്നാൽ ദൈവത്തോട് അനുസരണക്കേട് കാണിച്ചതുകൊണ്ട് അവരുടെ പൂർണത നഷ്ടമായി. (ഉല്പ. 3:5, 6, 17-19) അവകാശമാക്കിയ ആ കുറവുകൾ, അതായത് പാപവും അപൂർണതയും, അവർ മക്കളിലേക്കും കടത്തിവിട്ടു. (റോമ. 5:12) “ഞാൻ അകൃത്യത്തിൽ ഉരുവായി” എന്ന് ഇസ്രായേലിലെ ദാവീദ് രാജാവ് പറഞ്ഞതുപോലെതന്നെ.—സങ്കീർത്തനങ്ങൾ 51:5.
ചില പാപങ്ങൾ മറ്റുള്ളവയെക്കാൾ ഗൗരവമേറിയതാണോ?
അതെ. ഉദാഹരണത്തിന്, പുരാതന സൊദോം നിവാസികൾ “ദുഷ്ടന്മാരും മഹാപാപികളും” അവരുടെ പാപം “അതികഠിനവും” ആയിരുന്നു എന്ന് ബൈബിൾ പറയുന്നു. (ഉല്പ. 13:13; 18:20) പാപത്തിന്റെ ഗൗരവം നിർണയിക്കുന്ന മൂന്നു ഘടകങ്ങൾ പരിഗണിക്കുക.
കാഠിന്യം. പരസംഗം, വിഗ്രഹാരാധന, മോഷണം, അമിതമദ്യപാനം, പിടിച്ചുപറി, കൊലപാതകം, ഭൂതവിദ്യ തുടങ്ങിയവ ഒഴിവാക്കണമെന്ന് ബൈബിൾ മുന്നറിയിപ്പ് നൽകുന്നു. (1 കൊരി. 6:9-11; വെളി. 21:8) ഇവയെ, മനഃപൂർവമല്ലാത്ത പാപങ്ങൾ അതായത് മറ്റുള്ളവരെ മുറിവേൽപ്പിക്കുന്ന വാക്കുകൾ അല്ലെങ്കിൽ പ്രവൃത്തികൾ എന്നിവയുമായി ബൈബിൾ താരതമ്യം ചെയ്യുന്നു. (സദൃ. 12:18; എഫെ. 4:31, 32) എന്നുവരികിലും ഏതൊരു പാപത്തെയും നിസ്സാരവത്കരിക്കരുതെന്ന് ബൈബിൾ നമ്മെ ഓർമിപ്പിക്കുന്നു. കാരണം അവയ്ക്ക് ദൈവത്തിന്റെ നിയമങ്ങൾ ഗുരുതരമായ വിധത്തിൽ ലംഘിക്കുന്നതിലേക്ക് നമ്മെ നയിക്കാനാകും.—മത്തായി 5:27, 28.
പ്രേരകഘടകം. ദൈവം ആവശ്യപ്പെടുന്നത് എന്താണെന്ന് അറിയാത്തതിനാൽ ചിലർ പാപം ചെയ്യുന്നു. (പ്രവൃ. 17:30; 1 തിമൊ. 1:13) അത്തരം പാപങ്ങൾ നിസ്സാരവത്ക്കരിക്കുന്നില്ലെങ്കിലും മനഃപൂർവം ദൈവനിയമങ്ങൾ ലംഘിക്കുന്നവയെ ബൈബിൾ വേർതിരിച്ചുകാട്ടുന്നു. (സംഖ്യാ. 15:30, 31) മനഃപൂർവപാപം ഒരു “ദുഷ്ടഹൃദയ”ത്തിൽനിന്നാണ് വരിക. —യിരെമ്യാവ് 16:12.
ആവർത്തനം. പാപം ഒരു തവണ ചെയ്യുന്നതും നീണ്ടകാലത്തോളം തുടരുന്നതും തമ്മിൽ ബൈബിൾ വ്യത്യാസം കല്പിക്കുന്നു. (1 യോഹ. 3:4-8) ശരിയായത് ചെയ്യാൻ പഠിച്ച ശേഷവും “മനഃപൂർവം പാപം ചെയ്തുകൊണ്ടി”രിക്കുന്നവർ ദൈവത്തിൽനിന്ന് പ്രതികൂല ന്യായവിധി പ്രാപിക്കും.—എബ്രായർ 10:26, 27.
ഗൗരവമേറിയ പാപങ്ങൾ ചെയ്യുന്നവർ അതിനാൽ ഭാരപ്പെട്ടുപോയേക്കാം. ഉദാഹരണത്തിന് ദാവീദ് രാജാവ് ഇങ്ങനെ എഴുതി: “എന്റെ അകൃത്യങ്ങൾ എന്റെ തലെക്കുമീതെ കവിഞ്ഞിരിക്കുന്നു; ഭാരമുള്ള ചുമടുപോലെ അവ എനിക്കു അതിഘനമായിരിക്കുന്നു.” (സങ്കീ. 38:4) എന്നാൽ ബൈബിൾ ഈ പ്രത്യാശ വെച്ചുനീട്ടുന്നു: “ദുഷ്ടൻ തന്റെ വഴിയെയും നീതികെട്ടവൻ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; അവൻ അവനോടു കരുണകാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവൻ ധാരാളം ക്ഷമിക്കും.”—യെശയ്യാവു 55:7.