എനിക്ക് എങ്ങനെ ദൈവത്തോട് അടുക്കാം?
ബൈബിളിന്റെ ഉത്തരം
ദൈവത്തെക്കുറിച്ച് പഠിച്ചുകൊണ്ടും ദൈവത്തെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്തുകൊണ്ടും നിങ്ങൾക്കു ദൈവത്തോട് അടുക്കാം. “അപ്പോൾ ദൈവം നിങ്ങളോട് അടുത്ത് വരും.” (യാക്കോബ് 4:8) “ദൈവം നമ്മിൽ ആരിൽനിന്നും അകന്നിരിക്കുന്നില്ല” എന്നു ബൈബിൾ പറയുന്നു.—പ്രവൃത്തികൾ 17:27.
ദൈവത്തോട് അടുക്കാനുള്ള വഴികൾ
ബൈബിൾ വായിക്കുക
ബൈബിൾ പറയുന്നത്: “തിരുവെഴുത്തുകൾ മുഴുവൻ ദൈവപ്രചോദിതമായി എഴുതിയതാണ്.”—2 തിമൊഥെയൊസ് 3:16.
അർഥം: ദൈവമാണ് ബൈബിളിന്റെ ഗ്രന്ഥകർത്താവ്. തന്റെ ചിന്തകൾ മനുഷ്യരുടെ മനസ്സിലേക്ക് പകർന്ന് കൊടുത്തുകൊണ്ടാണ് ദൈവം ബൈബിൾ എഴുതിച്ചത്. ഈ അതുല്യമായ പുസ്തകത്തിലൂടെ മനുഷ്യൻ എങ്ങനെയുള്ള ഒരു ജീവിതം നയിക്കാനാണ് ദൈവം ആഗ്രഹിക്കുന്നതെന്നു വ്യക്തമാക്കിയിട്ടുണ്ട്. ദൈവത്തിന്റെ വ്യക്തിത്വത്തിന്റെ വശങ്ങളായ സ്നേഹം, നീതി, കരുണ എന്നിങ്ങനെയുള്ള ഗുണങ്ങളെക്കുറിച്ചും ബൈബിളിൽനിന്ന് നമുക്കു മനസ്സിലാക്കാം.—പുറപ്പാട് 34:6; ആവർത്തനം 32:4.
നിങ്ങൾക്കു ചെയ്യാനാകുന്നത്: ദിവസവും ബൈബിൾ വായിക്കുക. (യോശുവ 1:8) വായിക്കുമ്പോൾ ഇങ്ങനെ ചിന്തിക്കുക: ‘ഇതിൽനിന്ന് ദൈവത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച് എനിക്ക് എന്തു മനസ്സിലാക്കാം?’ —സങ്കീർത്തനം 77:12.
ഉദാഹരണത്തിന്, യിരെമ്യ 29:11 വായിച്ചിട്ട് നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘എനിക്ക് എന്ത് വന്നുകാണാനാണ് ദൈവം ആഗ്രഹിക്കുന്നത്? ദുരന്തമാണോ അതോ സമാധാനമാണോ? ദൈവം പ്രതികാരദാഹിയാണോ അതോ എനിക്ക് നല്ലതു വന്ന് കാണാൻ ആഗ്രഹിക്കുന്ന ഒരാളാണോ?’
സൃഷ്ടികളെ നിരീക്ഷിക്കുക
ബൈബിൾ പറയുന്നത്: ‘ദൈവത്തിന്റെ അദൃശ്യഗുണങ്ങൾ ലോകാരംഭംമുതൽ സൃഷ്ടികളിലൂടെ വ്യക്തമായി കാണാനും മനസ്സിലാക്കാനും കഴിയുന്നു.’—റോമർ 1:20.
അർഥം: സൃഷ്ടികൾ ദൈവത്തിന്റെ വ്യക്തിത്വത്തിന്റെ പല വശങ്ങളും എടുത്തുകാണിക്കുന്നു. ഒരു മനോഹരമായ കലാസൃഷ്ടി കലാകാരനെക്കുറിച്ച് ധാരാളം കാര്യങ്ങൾ വെളിപ്പെടുത്തുന്നതുപോലെയോ സങ്കീർണമായ ഒരു ഉപകരണം അതു കണ്ടുപിടിച്ച ആളെക്കുറിച്ച് മനസ്സിലാക്കാൻ സഹായിക്കുന്നതുപോലെയോ ആണിത്. ഉദാഹരണത്തിന്, മനുഷ്യന്റെ തലച്ചോറിന്റെ പ്രാപ്തിയും സങ്കീർണതയും ദൈവത്തിന്റെ ജ്ഞാനത്തെക്കുറിച്ച് മനസ്സിലാക്കാൻ സഹായിക്കുന്നു. അതുപോലെ, സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ഉള്ള അപാരമായ ഊർജം ദൈവത്തിന്റെ ശക്തിയുടെ പ്രതിഫലനമാണ്.—സങ്കീർത്തനം 104:24; യശയ്യ 40:26.
നിങ്ങൾക്കു ചെയ്യാനാകുന്നത്: പ്രകൃതിയെ അടുത്ത് നിരീക്ഷിക്കാനും പഠിക്കാനും സമയമെടുക്കുക. എന്നിട്ട് സ്വയം ഇങ്ങനെ ചോദിക്കുക: ‘പ്രകൃതിയിലെ അത്ഭുതകരമായ രൂപകല്പന ദൈവത്തെക്കുറിച്ച് എന്താണ് പറഞ്ഞുതരുന്നത്?’ a എങ്കിലും സ്രഷ്ടാവിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും പ്രകൃതിയിൽനിന്ന് മനസ്സിലാക്കാൻ കഴിയില്ല. അതുകൊണ്ടാണ് ദൈവം നമുക്ക് ബൈബിൾ തന്നിരിക്കുന്നത്.
ദൈവത്തിന്റെ പേര് ഉപയോഗിക്കുക
ബൈബിൾ പറയുന്നത്: “അവന് എന്റെ പേര് അറിയാവുന്നതുകൊണ്ട് ഞാൻ അവനെ സംരക്ഷിക്കും. അവൻ എന്നെ വിളിച്ചപേക്ഷിക്കും, ഞാൻ ഉത്തരമേകും.”—സങ്കീർത്തനം 91:14, 15.
അർഥം: ദൈവമായ യഹോവ തന്റെ പേര് അറിയുകയും അത് ആദരവോടെ ഉപയോഗിക്കുകയും ചെയ്യുന്നവരെ പ്രത്യേകം ശ്രദ്ധിക്കുന്നു. b (സങ്കീർത്തനം 83:18; മലാഖി 3:16) ദൈവം സ്വന്തം പേര് പറഞ്ഞ് തന്നെത്തന്നെ പരിചയപ്പെടുത്തുന്നു. “യഹോവ! അതാണ് എന്റെ പേര്” എന്നു ദൈവം പറഞ്ഞു.—യശയ്യ 42:8.
നിങ്ങൾക്കു ചെയ്യാനാകുന്നത്: ദൈവമായ യഹോവയെക്കുറിച്ച് പറയുമ്പോൾ ആ പേര് ഉപയോഗിക്കുക.
യഹോവയോടു പ്രാർഥിക്കുക
ബൈബിൾ പറയുന്നത്: “തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും . . . യഹോവ സമീപസ്ഥൻ.”—സങ്കീർത്തനം 145:18.
അർഥം: വിശ്വാസത്തോടെ തന്നോടു പ്രാർഥിക്കുന്നവരോട് യഹോവയ്ക്ക് അടുപ്പം തോന്നും. പ്രാർഥന ദൈവത്തോടുള്ള നമ്മുടെ ആരാധനയുടെ ഒരു ഭാഗമാണ്. അതിലൂടെ ദൈവത്തോട് ആഴമായ ബഹുമാനം കാണിക്കാനും നമുക്കു കഴിയും.
നിങ്ങൾക്കു ചെയ്യാനാകുന്നത്: കൂടെക്കൂടെ ദൈവത്തോട് പ്രാർഥിക്കുക. (1 തെസ്സലോനിക്യർ 5:17) നിങ്ങളുടെ ചിന്തകളും വിഷമങ്ങളും ദൈവത്തോട് പറയുക.—സങ്കീർത്തനം 62:8. c
ദൈവത്തിൽ വിശ്വാസം വളർത്തുക
ബൈബിൾ പറയുന്നത്: “വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയില്ല.”—എബ്രായർ 11:6.
അർഥം: ദൈവത്തിൽ വിശ്വാസമുണ്ടെങ്കിലേ നമുക്കു ദൈവത്തോട് അടുക്കാൻ കഴിയൂ. ബൈബിൾ പറയുന്നതനുസരിച്ച് വിശ്വാസം എന്നത് കേവലം ദൈവമുണ്ടെന്നു മാത്രം വിശ്വസിക്കുന്നതല്ല, ദൈവത്തെ പൂർണമായി വിശ്വസിക്കുന്നതാണ്. അതിൽ ദൈവത്തിന്റെ വാഗ്ദാനങ്ങളെല്ലാം നടക്കുമെന്നും ദൈവത്തിന്റെ നിലവാരങ്ങളെല്ലാം ശരിയാണെന്നും ഉള്ള വിശ്വാസവും ഉൾപ്പെടുന്നു. ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതിനു വിശ്വാസം വളരെ പ്രധാനമാണ്.
നിങ്ങൾക്കു ചെയ്യാനാകുന്നത്: അറിവാണ് യഥാർഥവിശ്വാസത്തിന്റെ അടിസ്ഥാനം. (റോമർ 10:17) അതുകൊണ്ട് ബൈബിൾ പഠിക്കുക, ദൈവത്തിലും ദൈവത്തിന്റെ ഉപദേശങ്ങളിലും വിശ്വസിക്കാനാകുമെന്നു സ്വയം പരിശോധിച്ച് ഉറപ്പുവരുത്തുക. നിങ്ങളോടൊപ്പം ബൈബിൾ പഠിക്കാൻ യഹോവയുടെ സാക്ഷികൾക്ക് സന്തോഷമാണ്. d
ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് ജീവിക്കുക
ബൈബിൾ പറയുന്നത്: “ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നതാണു ദൈവത്തോടുള്ള സ്നേഹം.”—1 യോഹന്നാൻ 5:3.
അർഥം: ദൈവത്തിന്റെ കല്പനകൾ അനുസരിക്കാൻ പരമാവധി ശ്രമിച്ചുകൊണ്ട് ദൈവത്തോട് സ്നേഹം കാണിക്കുക. അങ്ങനെയുള്ളവരോടാണ് ദൈവത്തിന് ഇഷ്ടം.
നിങ്ങൾക്കു ചെയ്യാനാകുന്നത്: നിങ്ങൾ ബൈബിൾ പഠിക്കുമ്പോൾ ദൈവത്തിന് ഇഷ്ടമുള്ളത് എന്താണെന്നും ദൈവത്തിന് ഇഷ്ടമില്ലാത്തത് എന്താണെന്നും മനസ്സിലാക്കുക. എന്നിട്ട് സ്വയം ചോദിക്കുക: ‘എന്റെ സ്രഷ്ടാവിന് എന്നെ ഇഷ്ടപ്പെടണമെങ്കിൽ എന്തൊക്കെ മാറ്റങ്ങളാണ് ഞാൻ വരുത്തേണ്ടത്?’—1 തെസ്സലോനിക്യർ 4:1.
ദൈവത്തെ അനുസരിക്കുക, കരുതൽ അനുഭവിച്ചറിയുക
ബൈബിൾ പറയുന്നത്: “കർത്താവ് (ദൈവം) നന്മ നിറഞ്ഞവനെന്ന് അനുഭവിച്ചറിയുക!”—സങ്കീർത്തനം 34:8, ഓശാന.
അർഥം: ദൈവത്തിന്റെ നന്മ നേരിൽ കണ്ടറിയാൻ ദൈവം നമ്മളെ ക്ഷണിക്കുന്നു. ദൈവത്തിന്റെ സ്നേഹവും സഹായവും അനുഭവിച്ചറിയുമ്പോൾ നമുക്കു ദൈവത്തോട് കൂടുതൽ അടുക്കാൻ തോന്നും.
നിങ്ങൾക്കു ചെയ്യാനാകുന്നത്: ബൈബിളിൽനിന്ന് പഠിക്കുന്ന ഉപദേശങ്ങൾക്കനുസരിച്ച് ജീവിക്കുക, അതിന്റെ പ്രയോജനങ്ങൾ അനുഭവിച്ചറിയുക. (യശയ്യ 48:17, 18) കൂടാതെ, ദൈവത്തിന്റെ സഹായത്താൽ പ്രശ്നങ്ങൾ മറികടന്ന, ജീവിതം മെച്ചപ്പെടുത്തിയ, യഥാർഥ സന്തോഷം കണ്ടെത്തിയ ആളുകളുടെ ജീവിതവും ഒരു പാഠമാക്കുക. e
ദൈവത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ
തെറ്റിദ്ധാരണ: ദൈവം വളരെ ഉന്നതനും ശക്തനും ആയതുകൊണ്ട് നമ്മളോട് അടുക്കാൻ താത്പര്യം കാണിക്കില്ല.
യാഥാർഥ്യം: പ്രപഞ്ചത്തിലെ ഏറ്റവും ഉന്നതനും ശക്തനും ആണെങ്കിലും നമ്മൾ തന്നോട് അടുക്കാൻ ദൈവം ആഗ്രഹിക്കുന്നു. ദൈവുമായി അടുത്ത സൗഹൃദം ആസ്വദിച്ചിരുന്ന സ്ത്രീപുരുഷന്മാരെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്.—പ്രവൃത്തികൾ 13:22; യാക്കോബ് 2:23.
തെറ്റിദ്ധാരണ: ആർക്കും മനസ്സിലാക്കാൻ കഴിയാത്ത നിഗൂഢമായ ഒന്നാണ് ദൈവം.
യാഥാർഥ്യം: ദൈവം അദൃശ്യനായ ആത്മവ്യക്തിയാണ് എന്നതുപോലുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. എങ്കിലും നമുക്ക് ദൈവത്തെക്കുറിച്ച് അറിയാൻ പറ്റും. ശരിക്കും ബൈബിൾ പറയുന്നത്, നമുക്ക് എന്നേക്കുമുള്ള ജീവിതം കിട്ടണമെങ്കിൽ ദൈവത്തെ അറിയണമെന്നാണ്. (യോഹന്നാൻ 17:3) മാത്രമല്ല, ബൈബിൾ സ്രഷ്ടാവിനെക്കുറിച്ച് പല കാര്യങ്ങളും നമ്മളോട് പറയുന്നുണ്ട്. ദൈവത്തിന്റെ വ്യക്തിത്വം, നിലവാരങ്ങൾ, ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം എന്നിവയെക്കുറിച്ചെല്ലാം ബൈബിളിൽനിന്ന് മനസ്സിലാക്കാം. (യശയ്യ 45:18, 19; 1 തിമൊഥെയൊസ് 2:4) മുമ്പ് കണ്ടതുപോലെ, ദൈവത്തിന്റെ പേര് എന്താണെന്നും ബൈബിൾ നമ്മളോട് പറയുന്നു. (സങ്കീർത്തനം 83:18) അതുകൊണ്ട് നമുക്ക് ദൈവത്തെ അറിയാൻ മാത്രമല്ല, ദൈവത്തോട് അടുക്കാനും പറ്റും.—യാക്കോബ് 4:8.
a പ്രകൃതി ദൈവത്തിന്റെ ജ്ഞാനം തുറന്നുകാട്ടുന്നതിന്റെ ചില ഉദാഹരണങ്ങൾക്കായി “ആരുടെ കരവിരുത്?” എന്ന പരമ്പര കാണുക.
b “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണ് യഹോവ എന്ന പേരിന്റെ അർഥം എന്ന് അനേകരും മനസ്സിലാക്കിയിരിക്കുന്നു. തന്റെ പേര് വെളിപ്പെടുത്തിയപ്പോൾ യഹോവ നമ്മളോട് ഇങ്ങനെ പറയുന്നതുപോലെയാണ്: ‘എന്റെ ഇഷ്ടവും ഉദ്ദേശ്യങ്ങളും നിവർത്തിക്കാൻ ഞാൻ ഇടയാക്കും. ഞാൻ എപ്പോഴും എന്റെ വാക്ക് പാലിക്കും.’
c “പ്രാർഥിക്കേണ്ടത് എന്തുകൊണ്ട്? ദൈവം എന്റെ പ്രാർഥനകൾക്ക് ഉത്തരം തരുമോ?” എന്ന ലേഖനം നോക്കുക.
d കൂടുതൽ വിവരങ്ങൾക്ക് ബൈബിളധ്യയനം—അത് എന്താണ്? എന്ന വീഡിയോ കാണുക.
e “ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു” എന്ന ലേഖന പരമ്പര നോക്കുക.