ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
കൈത്തോക്കില്ലാതെ ഞാൻ പുറത്ത് ഇറങ്ങുമായിരുന്നില്ല
-
ജനനം: 1958
-
രാജ്യം: ഇറ്റലി
-
മുമ്പ്: അക്രമാസക്തനായ ഒരു ഗുണ്ട
മുൻകാല ജീവിതം:
പാവപ്പെട്ട തൊഴിലാളിവർഗം ഒന്നിച്ചു താമസിച്ചിരുന്ന റോമിന്റെ അതിർത്തിപ്രദേശത്താണ് ഞാൻ ജനിച്ചുവളർന്നത്. ജീവിതം ബുദ്ധിമുട്ടുനിറഞ്ഞ ഒന്നായിരുന്നു. ഞാൻ എന്റെ അമ്മയെ ഇതുവരെ കണ്ടിട്ടില്ല, പിതാവുമായി ഒരു നല്ല ബന്ധവും എനിക്കുണ്ടായിരുന്നില്ല. ഒരു തെരുവുകുട്ടിയായിട്ടാണ് ഞാൻ വളർന്നത്.
പത്തു വയസ്സായപ്പോൾത്തന്നെ ഞാൻ അല്ലറചില്ലറ മോഷണം തുടങ്ങിയിരുന്നു. 12-ാം വയസ്സിൽ ഞാൻ ആദ്യമായി വീടുവിട്ടിറങ്ങി. എന്റെ പിതാവിന് പല തവണ പോലീസ് സ്റ്റേഷനിൽനിന്ന് എന്നെ ഇറക്കിക്കൊണ്ടുവരേണ്ടതായി വന്നിട്ടുണ്ട്. ആളുകളുമായി ഞാൻ നിരന്തരം വഴക്കുകൂടുമായിരുന്നു. മുഴുലോകത്തോടും എനിക്കു ദേഷ്യവും വെറുപ്പും ആയിരുന്നു. 14-ാം വയസ്സിൽ ഞാൻ എന്റെ വീടിനോട് വിടപറഞ്ഞു. ഞാൻ മയക്കുമരുന്ന് ഉപയോഗിക്കാൻ തുടങ്ങി. തെരുവുകളിലായിരുന്നു എന്റെ ജീവിതം. ഉറങ്ങാൻ ഒരിടവുമില്ലാതിരുന്നതിനാൽ കാറുകൾ കുത്തിത്തുറന്ന് അതിനുള്ളിലായിരുന്നു ഞാൻ കിടന്നുറങ്ങിയിരുന്നത്. അതിരാവിലെ കാറിൽനിന്ന് ഇറങ്ങി, വെള്ളം കാണുന്ന എവിടെയെങ്കിലും ചെന്ന് എന്റെ മുഖവും കൈകാലുകളും കഴുകുമായിരുന്നു.
ക്രമേണ ഞാനൊരു ‘നല്ല’ മോഷ്ടാവായിത്തീർന്നു. ബാഗ് തട്ടിപ്പറിക്കുന്നതിലും രാത്രിയിൽ വീട് കുത്തിത്തുറന്ന് മോഷ്ടിക്കുന്നതിലും ഞാൻ വിദഗ്ധനായി. ഒരു മോഷ്ടാവ് എന്ന നിലയിൽ ഞാൻ അറിയപ്പെട്ടുതുടങ്ങി. പെട്ടെന്നുതന്നെ, ഒരു കുപ്രസിദ്ധ ഗുണ്ടാസംഘത്തിലേക്ക് എനിക്കു ക്ഷണം ലഭിച്ചു. അങ്ങനെ, ഒരുപടികൂടി ഉയർന്ന് ബാങ്കുകൾ കവർച്ച ചെയ്യുന്ന അളവോളം ഞാൻ പുരോഗതി പ്രാപിച്ചു. അക്രമവാസനയുള്ള ഒരാളായതുകൊണ്ട് പെട്ടെന്നുതന്നെ ഞങ്ങളുടെ സംഘത്തിൽ ഞാൻ ആദരിക്കപ്പെട്ടുതുടങ്ങി. ഒരു കൈത്തോക്കില്ലാതെ ഞാൻ പുറത്തിറങ്ങാറേയില്ലായിരുന്നു. ശരിക്കുപറഞ്ഞാൽ തലയിണയ്ക്കടിയിൽ കൈത്തോക്കുണ്ടെന്ന് ഉറപ്പുവരുത്തിയാണ് ഞാൻ കിടന്നുറങ്ങിയിരുന്നത്. അക്രമം, മയക്കുമരുന്നുകൾ, മോഷണം, അസഭ്യസംസാരം, അധാർമികത ഇതെല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമായിത്തീർന്നു. പോലീസുകാർക്ക് ഞാൻ ഒരു നോട്ടപ്പുള്ളിയായിരുന്നു. പലതവണ അവർ എന്നെ അറസ്റ്റു ചെയ്തിട്ടുണ്ട്. ജയിലുകൾക്ക് അകത്തുംപുറത്തുമായി വർഷങ്ങൾതന്നെ ഞാൻ ചെലവഴിച്ചു.
ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു:
ഒരിക്കൽ ജയിലിൽനിന്നു പുറത്തിറങ്ങിയപ്പോൾ, എന്റെ ചെറിയമ്മമാരിൽ ഒരാളെ പോയി കാണാൻ ഞാൻ തീരുമാനിച്ചു. എന്റെ ചെറിയമ്മയും അവരുടെ രണ്ടു മക്കളും യഹോവയുടെ സാക്ഷികളായിത്തീർന്ന വിവരം എനിക്ക് അപ്പോഴാണ് മനസ്സിലായത്. യഹോവയുടെ സാക്ഷികളുടെ ഒരു യോഗത്തിലേക്ക് അവർ എന്നെ ക്ഷണിച്ചു. ജിജ്ഞാസ നിമിത്തം ഞാൻ അവരോടൊപ്പം പോകാൻ തീരുമാനിച്ചു. രാജ്യഹാളിൽ എത്തിയപ്പോൾ, അവിടെ വാതിലിന് അടുത്തുള്ള ഒരു ഇരിപ്പിടത്തിൽ ഇരിക്കണമെന്ന് ഞാൻ നിർബന്ധംപിടിച്ചു. വരുന്നവരും പോകുന്നവരും ആരൊക്കെയാണെന്ന് അറിയുന്നതിനുവേണ്ടിയായിരുന്നു അത്. എന്റെ കൈവശം അപ്പോഴും കൈത്തോക്കുണ്ടായിരുന്നെന്ന കാര്യം പറയേണ്ടതില്ലല്ലോ.
ആ യോഗമാണ് എന്റെ ജീവിതത്തിന് ഒരു വഴിത്തിരിവായത്. ഒരു അന്യഗൃഹത്തിൽ എത്തിച്ചേർന്നിരിക്കുകയാണോയെന്ന് അന്നു ചിന്തിച്ചത് ഇന്നും ഞാൻ ഓർക്കുന്നു. ഊഷ്മളതയും സൗഹൃദഭാവവും ഉള്ള പുഞ്ചിരിതൂകുന്ന മുഖങ്ങളാണ് അന്ന് എന്നെ എതിരേറ്റത്. സാക്ഷികളുടെ കണ്ണുകളിൽ കണ്ട സൗമ്യതയും നിഷ്കളങ്കതയും ഇന്നും എന്റെ മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു. ഇത് ഞാൻ സഹവസിച്ചുപോന്ന ലോകത്തിൽനിന്നും വളരെ വ്യത്യസ്തമായിരുന്നു!
അതെത്തുടർന്ന് ഞാൻ സാക്ഷികളോടൊപ്പം ബൈബിൾപഠനം ആരംഭിച്ചു. പഠനം പുരോഗമിക്കവെ, എന്റെ ജീവിതരീതിയിൽ സമ്പൂർണമാറ്റം ആവശ്യമാണെന്ന് എനിക്കു വ്യക്തമായി. “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും” എന്ന് സദൃശവാക്യങ്ങൾ 13:20-ൽ പറയുന്ന ബുദ്ധിയുപദേശം ബാധകമാക്കണമെങ്കിൽ ഗുണ്ടാസംഘവുമായുള്ള കൂട്ടുകെട്ട് ഒഴിവാക്കേണ്ടതുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു. അത് അത്ര എളുപ്പമല്ലായിരുന്നു, എന്നാൽ യഹോവയുടെ സഹായത്താൽ എനിക്ക് അതിനു സാധിച്ചു.
ജീവിതത്തിൽ ആദ്യമായി എന്റെ പ്രവൃത്തികൾ ഞാൻ നിയന്ത്രിച്ചുതുടങ്ങി
ശാരീരികമായും ഞാൻ അടിമുടി മാറ്റം വരുത്തി. വളരെ ശ്രമംചെയ്താണ് പുകവലിയും മയക്കുമരുന്നിന്റെ ഉപയോഗവും നിറുത്തിയത്. എന്റെ നീണ്ട മുടി മുറിച്ചുകളഞ്ഞു, കാതിൽ ഇട്ടിരുന്ന കടുക്കൻ ഊരി മാറ്റി കൂടാതെ അസഭ്യസംസാരം ഒഴിവാക്കുകയും ചെയ്തു. ജീവിതത്തിൽ ആദ്യമായി എന്റെ പ്രവൃത്തികൾ ഞാൻ നിയന്ത്രിച്ചുതുടങ്ങി.
വായനയും പഠനവും ഞാൻ ഇതുവരെ ആസ്വദിച്ചിരുന്നില്ല. അതുകൊണ്ട് ബൈബിൾപഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് എനിക്ക് ഒരു പ്രശ്നംതന്നെയായിരുന്നു. എന്നിരുന്നാലും, അതിനുവേണ്ടി കഠിനമായി ശ്രമിച്ചപ്പോൾ പതുക്കെപ്പതുക്കെ ഞാൻ യഹോവയെ സ്നേഹിക്കാൻ പഠിച്ചു. എന്റെ ഉള്ളിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടായിരുന്നു; മനസ്സാക്ഷി എന്നെ അലട്ടിത്തുടങ്ങി. ഇതുവരെ ചെയ്തുപോന്ന മോശമായ കാര്യങ്ങളെപ്രതി യഹോവ എന്നോട് ക്ഷമിക്കുമോ എന്നു ഞാൻ സംശയിച്ചു. നിരാശ ഉളവാക്കുന്ന ചിന്തകൾ എന്നെ പലപ്പോഴും വേട്ടയാടി. ആ സന്ദർഭങ്ങളിലെല്ലാം, ദാവീദ് രാജാവിന്റെ ഗുരുതരമായ പാപങ്ങൾ യഹോവ ക്ഷമിച്ചതിനെക്കുറിച്ചുള്ള ബൈബിൾഭാഗങ്ങൾ വായിച്ചത് എനിക്കു വളരെ ആശ്വാസം നൽകി.—2 ശമൂവേൽ 11:1–12:13.
ഞാൻ നേരിട്ട മറ്റൊരു വെല്ലുവിളി, വീടുതോറും പോയി എന്റെ വിശ്വാസത്തെക്കുറിച്ചു ആളുകളോട് പറയുക എന്നതായിരുന്നു. (മത്തായി 28:19, 20) കഴിഞ്ഞകാലത്ത് ഞാൻ ദ്രോഹിച്ച ആരെയെങ്കിലും കണ്ടുമുട്ടുമോ എന്നായിരുന്നു എന്റെ പേടി. എന്നാൽ ക്രമേണ ആ പേടി മാറി. ധാരാളമായി ക്ഷമിക്കുന്ന നമ്മുടെ സ്വർഗീയപിതാവിനെക്കുറിച്ചു പഠിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിൽ ഞാൻ ശരിക്കും സംതൃപ്തി കണ്ടെത്തിത്തുടങ്ങി.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ:
യഹോവയെക്കുറിച്ചു പഠിച്ചത് എന്റെ ജീവൻ രക്ഷിച്ചു! എന്റെ പഴയ കൂട്ടുകാരിൽ മിക്കവരും ജയിലിലാണ്. മറ്റു ചിലരാകട്ടെ മരിച്ചുപോയിരിക്കുന്നു. എന്നാൽ ഞാൻ എന്റെ ജീവിതം ശരിക്കും ആസ്വദിക്കുന്നു, എനിക്കൊരു നല്ല ഭാവിയുണ്ടെന്നും എനിക്കറിയാം. ഞാൻ താഴ്മയും അനുസരണവും പഠിച്ചു. അതുപോലെ, പെട്ടെന്നു പൊട്ടിത്തെറിക്കുന്ന സ്വഭാവത്തെ നിയന്ത്രിക്കാനും എനിക്കു സാധിക്കുന്നു. അതുകൊണ്ട് എനിക്കിപ്പോൾ മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ ആസ്വദിക്കാൻ കഴിയുന്നു. സുന്ദരിയായ ഭാര്യ കാർമെനോടൊപ്പം ഞാൻ സന്തോഷത്തോടെ ജീവിക്കുന്നു. മറ്റുള്ളവരെ ബൈബിൾ പഠിക്കാൻ സഹായിക്കുന്നതിൽ ഞങ്ങൾ വളരെയേറെ സന്തോഷം കണ്ടെത്തുന്നു.
ഇപ്പോൾ ഞാൻ സത്യസന്ധമായ ജോലിയാണ് ചെയ്യുന്നത്. ചിലപ്പോൾ ബാങ്കുകളിലും ജോലി ചെയ്യേണ്ടതായി വരാറുണ്ട്. കവർച്ച ചെയ്യുന്നതിനു പകരം ഞാൻ അവ വൃത്തിയാക്കുന്നു! ▪ (w14-E 07/01)