വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവരുടെ വിശ്വാസം അനുകരിക്കുക

അവനെ “വേറെ ഏഴുപേരോടൊപ്പം സംരക്ഷിച്ചു”

അവനെ “വേറെ ഏഴുപേരോടൊപ്പം സംരക്ഷിച്ചു”

തോരാതെ പെയ്‌തുകൊണ്ടിരിക്കുന്ന മഴ. വെള്ളം കുത്തിയൊഴുകുന്നു. ഇരുട്ടു നിറഞ്ഞ പെട്ടകത്തിൽ വിളക്കിന്റെ അരണ്ട വെളിച്ചത്തിനു ചുറ്റും ചേർന്നിരിക്കുന്ന നോഹയെയും കുടുംബത്തെയും നിങ്ങൾക്കു ഭാവനയിൽ കാണാനാകുന്നുണ്ടോ? പെട്ടകത്തിന്റെ മുകളിൽ മഴത്തുള്ളികൾ ശക്തിയായി പതിക്കുമ്പോളും ചുറ്റും വെള്ളം ആഞ്ഞടിക്കുമ്പോളും ഉണ്ടാകുന്ന കാതടപ്പിക്കുന്ന ശബ്ദം കേൾക്കുമ്പോൾ അവരുടെ കണ്ണുകളിൽ ഭീതി നിറയുന്നു!

വിശ്വസ്‌തയായ ഭാര്യയും അചഞ്ചലചിത്തരായ മൂന്നു മക്കളും അവരുടെ ഭാര്യമാരും അടങ്ങുന്ന തന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളുടെ മുഖത്തേക്കു നോക്കിയപ്പോൾ നോഹയുടെ ഹൃദയം നന്ദിയാൽ നിറഞ്ഞുതുളുമ്പി എന്നതു തീർച്ചയാണ്‌. അവന്റെ ഉറ്റവർ ആ പ്രയാസസമയത്ത്‌ കൂടെയുള്ളത്‌ അവന്‌ എത്ര ആശ്വാസം പകർന്നിരിക്കണം. അവർ എല്ലാവരും സുരക്ഷിതരാണ്‌. നോഹ തന്റെ കുടുംബത്തോടൊപ്പം വിലമതിപ്പു തുളുമ്പുന്ന വിധത്തിൽ പ്രാർഥിച്ചിരിക്കും എന്നതിനു സംശയമില്ല. യഹോവയെ സ്‌തുതിച്ചുകൊണ്ടുള്ള അവന്റെ ശബ്ദം ഘോരമായ ഇരമ്പലിനെയും കടത്തിവെട്ടുന്നതായിരുന്നിരിക്കണം.

ശക്തമായ വിശ്വാസമുള്ള ഒരു വ്യക്തിയായിരുന്നു നോഹ. അവന്റെ ആ വിശ്വാസമാണ്‌ അവനെയും കുടുംബത്തെയും സംരക്ഷിക്കാൻ യഹോവയെ പ്രേരിപ്പിച്ചത്‌. (എബ്രായർ 11:7) എന്നാൽ മഴ തുടങ്ങിയപ്പോൾ അവർ തുടർന്നും വിശ്വാസം പ്രകടമാക്കേണ്ടിയിരുന്നോ? വാസ്‌തവത്തിൽ ആ നിർണായകസമയത്ത്‌ മുമ്പത്തെക്കാൾ അധികം വിശ്വാസം അവർക്ക്‌ ആവശ്യമായിരുന്നു. ഈ പ്രക്ഷുബ്ധനാളുകളിൽ നമ്മെ സംബന്ധിച്ചും അതു സത്യമാണ്‌. അതുകൊണ്ട്‌, നോഹയുടെ വിശ്വാസത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാമെന്നു നോക്കാം.

“നാല്‌പതു രാവും നാല്‌പതു പകലും”

“നാല്‌പതു രാവും നാല്‌പതു പകലും” മഴ പെയ്‌തുകൊണ്ടേയിരുന്നു. (ഉല്‌പത്തി 7:4, 11, 12) അങ്ങനെ വെള്ളം പൊങ്ങി, വീണ്ടും പൊങ്ങി, പൊങ്ങിക്കൊണ്ടേയിരുന്നു. ഇതെല്ലാം സംഭവിച്ചപ്പോൾ, തന്റെ ദൈവമായ യഹോവ നീതിമാന്മാരെ സംരക്ഷിക്കുന്നതും അതേസമയം ദുഷ്ടന്മാരെ ശിക്ഷിക്കുന്നതും നോഹയ്‌ക്കു കാണാൻ കഴിഞ്ഞു.

അങ്ങനെ, ദൂതന്മാർക്കിടയിൽ പൊട്ടിപ്പുറപ്പെട്ട ഒരു മത്സരത്തിന്‌ പ്രളയം വിരാമമിട്ടു. സാത്താന്റെ സ്വാർഥാഭിലാഷത്തിനു വശംവദരായ കുറെ ദൂതന്മാർ തങ്ങളുടെ “വാസസ്ഥലം” ഉപേക്ഷിച്ച്‌ ഭൂമിയിലേക്കു വന്നിരുന്നു. അവർ സ്‌ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും നെഫിലിം എന്നു വിളിക്കപ്പെടുന്ന സങ്കരസന്തതികൾക്കു ജന്മം നൽകുകയും ചെയ്‌തു. (യൂദാ 6; ഉല്‌പത്തി 6:4) അങ്ങനെ, യഹോവയുടെ അത്യുത്‌കൃഷ്ടസൃഷ്ടിയായ മനുഷ്യർ അങ്ങേയറ്റം വഷളായിത്തീർന്നു. സ്വർഗത്തിൽ ആരംഭിച്ച ആ മത്സരം വളർന്നുവളർന്ന്‌ ഈ അവസ്ഥയിൽ എത്തിയതു കണ്ടപ്പോൾ സാത്താന്‌ അടക്കാനാകാത്ത സന്തോഷം തോന്നിയിട്ടുണ്ടാകണം.

ജലനിരപ്പ്‌ വല്ലാതെ ഉയർന്നപ്പോൾ, തങ്ങളുടെ ഭൗതികശരീരം ഉപേക്ഷിച്ച്‌ സ്വർഗത്തിലേക്കു തിരികെ പോകാൻ മത്സരികളായ ഈ ദൂതന്മാർ നിർബന്ധിതരായി. ആത്മവ്യക്തികളായിത്തീർന്ന അവർക്ക്‌ പിന്നീട്‌ ഒരിക്കലും ജഡശരീരമെടുക്കാൻ കഴിയുമായിരുന്നില്ല. ദുഷിച്ച മനുഷ്യസമൂഹം പ്രളയത്തിൽ നശിച്ചപ്പോൾ തങ്ങളുടെ ഭാര്യമാരും മക്കളും അവരോടൊപ്പം മുങ്ങിത്താഴുന്നത്‌ നിസ്സഹായരായി നോക്കിനിൽക്കാനേ അവർക്കു കഴിഞ്ഞുള്ളൂ.

ഏകദേശം ഏഴു നൂറ്റാണ്ടുകൾക്കു മുമ്പ്‌ ഹാനോക്കിന്റെ കാലം മുതൽ ദുഷ്ടരും ഭക്തികെട്ടവരും ആയ ജനത്തെ താൻ നശിപ്പിക്കുമെന്നു യഹോവ മുന്നറിയിപ്പു കൊടുത്തുകൊണ്ടിരുന്നു. (ഉല്‌പത്തി 5:24; യൂദാ 14, 15) പക്ഷേ, മുന്നറിയിപ്പിനു ചെവികൊടുക്കാതിരുന്ന അന്നത്തെ മനുഷ്യർ അങ്ങേയറ്റം അധഃപതിച്ച അവസ്ഥയിലെത്തി. അവർ ഭൂമിയെ നശിപ്പിക്കുകയും അക്രമത്താൽ നിറയ്‌ക്കുകയും ചെയ്‌തു. നോഹയുടെ കാലത്ത്‌ അവരുടെ നാശം തൊട്ടടുത്തെത്തിയിരുന്നു. അവരുടെ ശിക്ഷാവിധിയിൽ നോഹയും കുടുംബവും സന്തോഷിച്ചോ?

ഒരിക്കലും ഇല്ല! കരുണാമയനായ ദൈവവും സന്തോഷിച്ചില്ല. (യെഹെസ്‌കേൽ 33:11) കഴിയുന്നത്ര ആളുകളെ രക്ഷിക്കാൻ വേണ്ടതെല്ലാം യഹോവ ചെയ്‌തു. ഹാനോക്കിലൂടെ അവൻ മുന്നറിയിപ്പു കൊടുത്തതു കൂടാതെ പെട്ടകം പണിയാൻ നോഹയോടു കല്‌പിച്ചു. നോഹയും കുടുംബവും ദശകങ്ങളോളം ആ വലിയ സംരംഭത്തിൽ ഏർപ്പെട്ടത്‌ ആളുകൾക്കു കാണാൻ കഴിയുമായിരുന്നു. അതിലും പ്രധാനമായി, ‘നീതിപ്രസംഗിയായി’ യഹോവ നോഹയെ നിയമിച്ചു. (2 പത്രോസ്‌ 2:5) ഹാനോക്കിനെപ്പോലെ, ലോകത്തിന്മേൽ വരാനിരുന്ന ന്യായവിധിയെക്കുറിച്ച്‌ അവൻ ആളുകൾക്ക്‌ മുന്നറിയിപ്പു നൽകി. ജനം എങ്ങനെ പ്രതികരിച്ചു? സ്വർഗത്തിൽ ആ സംഭവങ്ങൾക്കു ദൃക്‌സാക്ഷിയായിരുന്ന യേശു, നോഹയുടെ നാളിലെ ആളുകളെക്കുറിച്ച്‌ പിന്നീട്‌ ഇങ്ങനെ പറഞ്ഞു: “ജലപ്രളയം വന്ന്‌ അവരെ എല്ലാവരെയും നീക്കിക്കളയുവോളം അവർ ഗൗനിച്ചതേയില്ല.”—മത്തായി 24:39.

യഹോവ പെട്ടകത്തിന്റെ വാതിൽ അടച്ചശേഷമുള്ള ആദ്യത്തെ 40 ദിവസങ്ങളിൽ നോഹയുടെയും കുടുംബത്തിന്റെയും അവസ്ഥ എങ്ങനെയായിരുന്നിരിക്കും എന്നു ചിന്തിച്ചുനോക്കൂ. പുറത്തു ശക്തമായ മഴ കോരിച്ചൊരിയുന്നു. പെട്ടകത്തിലായിരുന്ന ആ എട്ടു പേർക്കു പല ജോലികളുമുണ്ട്‌. പരസ്‌പരം സഹായിക്കണം, വീട്ടുകാര്യങ്ങൾ ചെയ്യണം, മൃഗങ്ങൾക്ക്‌ ആവശ്യമായതെല്ലാം ചെയ്‌തുകൊടുക്കണം, അങ്ങനെ പലതും. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അത്‌ അവരുടെ ദിനചര്യയായി മാറി. അങ്ങനെയിരിക്കെ, പെട്ടെന്ന്‌ ഒരു നിമിഷം പെട്ടകം ആടിയുലയുകയും ചെരിയുകയും ചെയ്‌തു. പെട്ടകം ചലിച്ചുതുടങ്ങി! ഇളകിമറിയുന്ന വെള്ളം പൊങ്ങുന്നതിനൊപ്പം പെട്ടകവും പൊങ്ങിക്കൊണ്ടിരുന്നു. അതെ, അത്‌ “നിലത്തുനിന്നു ഉയർന്നു.” (ഉല്‌പത്തി 7:17) സർവശക്തനായ യഹോവയുടെ ശക്തിയുടെ എത്ര വിസ്‌മയാവഹമായ പ്രകടനം!

നോഹ യഹോവയോട്‌ അകമഴിഞ്ഞ നന്ദിയുള്ളവനായിരുന്നു. തന്നെയും കുടുംബത്തെയും രക്ഷിച്ചതിനെപ്രതി മാത്രമായിരുന്നില്ല അത്‌. നശിക്കാൻ പോകുന്ന മനുഷ്യർക്ക്‌ മുന്നറിയിപ്പു കൊടുക്കാൻ തങ്ങളെ ഉപയോഗിച്ചുകൊണ്ട്‌ യഹോവ കാണിച്ച കരുണയെപ്രതിയും വിലമതിപ്പുള്ളവനായിരുന്നു. എന്നാൽ പ്രളയത്തിനു മുമ്പുള്ള വർഷങ്ങളിലെ കഠിനാധ്വാനം വെറുതെയായിപ്പോയെന്ന്‌ ഒരുപക്ഷേ അവനു തോന്നിയിട്ടുണ്ടാകാം. യാതൊരു പ്രതികരണവും ഇല്ലാതിരുന്ന മനുഷ്യർ! ഇതു ചിന്തിച്ചു നോക്കൂ: നോഹയുടെ സഹോദരന്മാർ, സഹോദരിമാർ, അവരുടെ മക്കൾ എന്നിവരെല്ലാം അവിടെയുണ്ടായിരുന്നിരിക്കണം. എന്നാൽ അവന്റെ ഏറ്റവും അടുത്ത കുടുംബാംഗങ്ങൾ, വെറും ഏഴു പേർ, അല്ലാതെ മറ്റാരും അവനെ ശ്രദ്ധിച്ചില്ല. (ഉല്‌പത്തി 5:30) പെട്ടകത്തിനുള്ളിൽ കയറിയ ആ എട്ടു പേർക്ക്‌, മറ്റുള്ളവർക്കു രക്ഷ ലഭിക്കാൻ ഒരു അവസരം കൊടുക്കാനായി തങ്ങളുടെ സമയം വിനിയോഗിച്ചത്‌ ഓർത്ത്‌ എത്ര ആശ്വാസം തോന്നിയിട്ടുണ്ടാകും!

യഹോവയ്‌ക്ക്‌ ഇന്നും ഒരു മാറ്റവും വന്നിട്ടില്ല. (മലാഖി 3:6) “നോഹയുടെ നാളുകൾപോലെതന്നെ” ആയിരിക്കും നമ്മുടെ നാളുകളും എന്നാണ്‌ യേശു പറഞ്ഞത്‌. (മത്തായി 24:37) ഈ ദുഷിച്ച വ്യവസ്ഥിതിയുടെ അവസാനം അടുത്തെത്തിയിരിക്കുന്ന ഒരു നിർണായകസമയത്താണ്‌ നാം ഇന്നു ജീവിക്കുന്നത്‌. ഇന്നും, ശ്രദ്ധിക്കുന്ന എല്ലാവർക്കും ദൈവജനം ഒരു മുന്നറിയിപ്പിൻസന്ദേശം വെച്ചുനീട്ടുന്നു. ആ സന്ദേശത്തോട്‌ നിങ്ങൾ എങ്ങനെയാണു പ്രതികരിക്കുന്നത്‌? നിങ്ങൾ ഇപ്പോൾത്തന്നെ ആ ജീവദായകസന്ദേശം സ്വീകരിച്ചെങ്കിൽ അതു മറ്റുള്ളവരുമായി പങ്കുവെക്കാൻ തയ്യാറാണോ? നമുക്ക്‌ എല്ലാവർക്കും നോഹയും അവന്റെ കുടുംബവും ഒരു ഉത്തമമാതൃകയാണ്‌.

“വെള്ളത്തിൽക്കൂടി രക്ഷ പ്രാപിച്ചു”

ഇളകിമറിയുന്ന സമുദ്രത്തിലൂടെ ഒഴുകിനടക്കുന്ന പെട്ടകത്തിന്റെ പലകകൾ ഉരയുകയും ഉലയുകയും ഒക്കെ ചെയ്യുന്ന കിരുകിര ശബ്ദം നോഹയും കുടുംബവും കേട്ടിരിക്കണം. ശക്തമായ തിരമാലകൾ പെട്ടകത്തിൽ വന്ന്‌ അടിച്ചപ്പോൾ അതിന്റെ ഘടനാപരമായ ബലിഷ്‌ഠതയെക്കുറിച്ച്‌ ഓർത്ത്‌ നോഹ ഉത്‌കണ്‌ഠപ്പെട്ടോ? ഒരിക്കലും ഇല്ല. അത്തരം ആകുലതകൾ ഇന്നത്തെ സംശയാലുക്കൾക്ക്‌ ഉണ്ടായേക്കാം. എന്നാൽ, നോഹ ഒരു സംശയാലുവായിരുന്നില്ല. ബൈബിൾ പറയുന്നു: “വിശ്വാസത്താൽ നോഹ . . . ഒരു പെട്ടകം പണിതു.” (എബ്രായർ 11:7) എന്തിലുള്ള വിശ്വാസം? നോഹയെയും അവന്റെ കൂടെയുള്ളവരെയും പ്രളയത്തിൽനിന്നു രക്ഷിക്കും എന്ന്‌ യഹോവ അവനുമായി ഒരു നിയമം അഥവാ ഉടമ്പടി ചെയ്‌തിരുന്നു. (ഉല്‌പത്തി 6:18, 19) ഭൂമിയും പ്രപഞ്ചവും അതിലുള്ള സകലവും സൃഷ്ടിച്ച ഒരാൾക്ക്‌ ഈ ഒരു പെട്ടകം സംരക്ഷിക്കാൻ കഴിയില്ലേ? തീർച്ചയായും! നോഹ യഹോവയിലും അവന്റെ വാഗ്‌ദാനത്തിലും പൂർണമായും ആശ്രയിച്ചു. അവനും അവന്റെ കുടുംബവും “വെള്ളത്തിൽക്കൂടി രക്ഷ പ്രാപിച്ചു.”—1 പത്രോസ്‌ 3:20.

40 രാവും 40 പകലും കഴിഞ്ഞപ്പോൾ മഴ നിലച്ചു. നമ്മുടെ കലണ്ടർപ്രകാരം ഏകദേശം ബി.സി. 2370 ഡിസംബറിലായിരുന്നു അത്‌. എന്നാൽ കാര്യങ്ങൾ അവിടംകൊണ്ട്‌ അവസാനിച്ചില്ല. ജീവജാലങ്ങൾ അടങ്ങിയ ആ പേടകം ഏറ്റവും ഉയർന്ന പർവതത്തെക്കാൾ ഉയരത്തിൽ ഒഴുകി നടന്നു. (ഉല്‌പത്തി 7:19, 20) പെട്ടകത്തിനുള്ളിലെ മൃഗങ്ങളെയെല്ലാം തീറ്റിപ്പരിപാലിക്കാൻ നോഹ തന്റെ മക്കളായ ശേം, ഹാം, യാഫെത്ത്‌ എന്നിവരോടൊപ്പം ചെയ്‌ത ശ്രമം എത്ര ഭാരിച്ചതായിരുന്നിരിക്കണം! വന്യമൃഗങ്ങളെയെല്ലാം പെട്ടകത്തിനുള്ളിൽ കയറ്റാൻ സഹായിച്ച ദൈവം ജലപ്രളയത്തിന്റെ കാലത്തുടനീളം അവയെ മെരുക്കിനിറുത്താൻ സഹായിച്ചിട്ടുണ്ടാകും എന്നതിനു സംശയമില്ല. a

നടന്ന സകല സംഭവങ്ങളുടെയും കൃത്യമായ രേഖ നോഹ സൂക്ഷിച്ചിരുന്നു. മഴ എപ്പോൾ ആരംഭിച്ചെന്നും അവസാനിച്ചെന്നും അതു നമ്മോടു പറയുന്നു. കൂടാതെ, വെള്ളം ഭൂമിയിൽ 150 ദിവസം തങ്ങിനിന്നെന്നും അതു വെളിപ്പെടുത്തുന്നു. ഒടുവിൽ വെള്ളം താഴാൻ തുടങ്ങി. അങ്ങനെ ഒരു ദിവസം പെട്ടകം “അരരാത്ത്‌പർവ്വതത്തിൽ ഉറെച്ചു.” ഇന്നത്തെ തുർക്കിയിലാണ്‌ അത്‌. ബി.സി. 2369 ഏപ്രിലിലാണ്‌ അതു സംഭവിച്ചത്‌. 73 ദിവസങ്ങൾക്കു ശേഷം ജൂണിലാണ്‌ പർവതത്തിന്റെ മുകൾഭാഗം കാണാനായത്‌. മൂന്നു മാസങ്ങൾക്കു ശേഷം സെപ്‌റ്റംബറിൽ പെട്ടകത്തിന്റെ മേൽത്തട്ട്‌ തുറക്കാൻ നോഹ തീരുമാനിച്ചു. അങ്ങനെ ഒരു വലിയ ശ്രമത്തിനൊടുവിൽ വെളിച്ചവും ശുദ്ധവായുവും പെട്ടകത്തിനുള്ളിലേക്ക്‌ പ്രവേശിക്കാൻ ഇടയായി. ചുറ്റുപാടും സുരക്ഷിതവും താമസയോഗ്യവും ആയോ എന്ന്‌ അറിയാൻ നോഹ കുറച്ചുനാൾ മുമ്പ്‌ ഒരു മലങ്കാക്കയെ പുറത്തുവിട്ടിരുന്നു. എന്നാൽ അത്‌ പോയുംവന്നുംകൊണ്ടിരുന്നു. ഒരുപക്ഷേ, പറന്ന്‌ തളരുമ്പോൾ അതു വിശ്രമിക്കാനായി പെട്ടകത്തിൽ വന്ന്‌ ഇരുന്നിട്ടുണ്ടാകാം. പിന്നെ അവൻ ഒരു പ്രാവിനെയും വിട്ടിരുന്നു, ചേക്കേറാൻ ഒരു ഇടം കിട്ടുന്നതുവരെ അത്‌ അവന്റെ അടുക്കൽ തിരിച്ചുവരാറുണ്ടായിരുന്നു.—ഉല്‌പത്തി 7:24–8:13.

അങ്ങേയറ്റം പ്രക്ഷുബ്ധമായ നാളുകളിലും നോഹ കുടുംബാരാധനയ്‌ക്കു നേതൃത്വം നൽകി എന്നതിനു സംശയമില്ല

എന്നാൽ, നോഹ തന്റെ ദിനചര്യയിൽ ആത്മീയകാര്യങ്ങൾക്കാണ്‌ മുൻതൂക്കം നൽകിയത്‌ എന്ന്‌ ഉറപ്പാണ്‌. ആ കുടുംബം കൂടെക്കൂടെ പ്രാർഥനയ്‌ക്കായി ഒന്നിച്ചുകൂടിയതും തങ്ങളെ സംരക്ഷിക്കുന്ന സ്വർഗീയപിതാവിനെക്കുറിച്ചു സംസാരിച്ചതും എല്ലാം നമുക്കു ഭാവനയിൽ കാണാൻ ശ്രമിക്കാം. ഓരോ പ്രധാനപ്പെട്ട തീരുമാനമെടുക്കാനും നോഹ യഹോവയിൽ ആശ്രയിച്ചു. പെട്ടകത്തിനുള്ളിൽ കയറി ഒരു വർഷം കഴിഞ്ഞ്‌ ‘ഭൂമി ഉണങ്ങിയത്‌’ കണ്ടപ്പോൾപ്പോലും പെട്ടകത്തിന്റെ വാതിൽ തുറന്ന്‌ എല്ലാറ്റിനെയും പുറത്ത്‌ ഇറക്കാൻ അവൻ ശ്രമിച്ചില്ല. (ഉല്‌പത്തി 8:14) യഹോവ പറയുന്ന സമയത്തിനായി അവൻ കാത്തിരുന്നു!

ഇന്നത്തെ കുടുംബനാഥന്മാർക്ക്‌ ഈ വിശ്വസ്‌തമനുഷ്യനിൽനിന്ന്‌ ധാരാളം കാര്യങ്ങൾ പഠിക്കാനാകും. നോഹ അടുക്കും ചിട്ടയും ഉള്ളവനായിരുന്നു, അധ്വാനശീലമുള്ളവനായിരുന്നു, ക്ഷമ പ്രകടമാക്കി, തന്റെ കീഴിലുള്ളവരെയെല്ലാം പരിപാലിച്ചു. ഇതിലെല്ലാം ഉപരി, യഹോവയുടെ ഹിതത്തിന്‌ അവൻ എല്ലായ്‌പോഴും പ്രാധാന്യം കൊടുത്തു. നാം നോഹയുടെ വിശ്വാസം അനുകരിക്കുന്നെങ്കിൽ, നമ്മുടെ ഉറ്റവർക്കെല്ലാം അത്‌ അനുഗ്രഹങ്ങൾ കൈവരുത്തും.

“പെട്ടകത്തിൽനിന്നു പുറത്തിറങ്ങുവിൻ”

അവസാനം, യഹോവയുടെ കല്‌പന വന്നു. അവൻ നോഹയോടു പറഞ്ഞു: “നീയും നിന്റെ ഭാര്യയും പുത്രന്മാരും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തിൽനിന്നു പുറത്തിറങ്ങുവിൻ.” ആ കുടുംബം അത്‌ അനുസരിച്ചു. മൃഗങ്ങളും പുറത്തിറങ്ങി. എങ്ങനെ? തിക്കിത്തിരക്കിയാണോ? അല്ല! വിവരണം പറയുന്നത്‌ അനുസരിച്ച്‌ “ജാതിജാതിയായി പെട്ടകത്തിൽനിന്നു ഇറങ്ങി.” (ഉല്‌പത്തി 8:15-19) പുറത്ത്‌ ഇറങ്ങിയപ്പോൾ, പർവതത്തിന്റെ മുകളിലെ തെളിഞ്ഞ ശുദ്ധവായു അവർ ശ്വസിച്ചു. നോഹയും കുടുംബവും അവിടെനിന്നു നോക്കിയപ്പോൾ ശുദ്ധീകരിക്കപ്പെട്ട ഒരു ഭൂമിയാണു കണ്ടത്‌. നെഫിലിമുകൾ, ദുഷ്ടദൂതന്മാർ, ദുഷിച്ച മനുഷ്യസമൂഹം, അക്രമം എല്ലാം പൊയ്‌പോയിരിക്കുന്നു! b ഒരു പുതിയ തുടക്കം കുറിക്കാനുള്ള അവസരം.

എന്തു ചെയ്യണമെന്ന്‌ നോഹയ്‌ക്ക്‌ അറിയാമായിരുന്നു. അവൻ യഹോവയെ ആരാധിച്ചുകൊണ്ട്‌ ഒരു നല്ല തുടക്കമിട്ടു. അവൻ ഒരു യാഗപീഠം പണിത്‌ ശുദ്ധിയുള്ളതെന്നു യഹോവ വീക്ഷിച്ച ചില മൃഗങ്ങളെ ഹോമയാഗമായി അർപ്പിച്ചു. ശുദ്ധിയുള്ള ‘ഏഴേഴു’ മൃഗങ്ങളെ അവൻ പെട്ടകത്തിൽ കയറ്റിയിരുന്നു. (ഉല്‌പത്തി 7:2; 8:20) ആ യാഗത്തിൽ യഹോവ പ്രസാദിച്ചോ?

പ്രോത്സാഹനം പകരുന്ന ഈ വാക്കുകളോടെ ബൈബിൾ ഉത്തരം നൽകുന്നു: ‘യഹോവ സൗരഭ്യവാസന മണത്തു.’ മനുഷ്യൻ ഭൂമിയെ ദുഷ്ടതകൊണ്ട്‌ നിറച്ചപ്പോൾ യഹോവയുടെ ഹൃദയം വേദനിച്ചെങ്കിലും, അവന്റെ ഇഷ്ടം ചെയ്യാൻ നിശ്ചയിച്ചുറച്ച വിശ്വസ്‌തരായ ആ കുടുംബത്തെ കണ്ടപ്പോൾ ആ ദുഃഖം സന്തോഷത്തിനു വഴിമാറി! എന്നാൽ യഹോവ അവരിൽനിന്ന്‌ പൂർണത പ്രതീക്ഷിച്ചില്ല. അതേ വാക്യം ഇങ്ങനെ തുടരുന്നു: “മനുഷ്യന്റെ മനോനിരൂപണം ബാല്യംമുതൽ ദോഷമുള്ളതു ആകുന്നു.” (ഉല്‌പത്തി 8:21) യഹോവ മനുഷ്യരോട്‌ തുടർന്നും ക്ഷമ പ്രകടമാക്കിയത്‌ എങ്ങനെയെന്നു നമുക്കു നോക്കാം.

ആദാമും ഹവ്വായും ദൈവത്തിന്‌ എതിരെ മത്സരിച്ചപ്പോൾ ദൈവം ഭൂമിയെ ശപിച്ചു. അങ്ങനെ ഭൂമി വേണ്ടത്ര വിളവു തരാതെയായി. പിന്നീട്‌ യഹോവ ആ ശാപം മാറ്റി. ലാമെക്ക്‌ തന്റെ മകന്‌ നോഹ (ഒരുപക്ഷേ ‘വിശ്രമം’ അഥവാ ‘ആശ്വാസം’ എന്ന്‌ അർഥം) എന്ന പേര്‌ ഇട്ടപ്പോൾ അവൻ മനുഷ്യരെ ശാപത്തിൽനിന്ന്‌ ആശ്വാസത്തിലേക്കു നയിക്കും എന്നു മുൻകൂട്ടിപ്പറഞ്ഞിരുന്നു. ഭൂമി തങ്ങളുടെ അധ്വാനത്തിനു തക്ക വിളവു നൽകുന്നതു കണ്ടപ്പോൾ ആ പ്രവചനനിവൃത്തി നോഹ അനുഭവിച്ചറിഞ്ഞു. അത്‌ അവനെ അങ്ങേയറ്റം പുളകപ്രദനാക്കി. ഉടൻതന്നെ നോഹ കൃഷി ചെയ്യാൻ തുടങ്ങിയതിൽ നാം അതിശയിക്കേണ്ടതില്ല.—ഉല്‌പത്തി 3:17, 18; 5:28, 29; 9:20.

നോഹയും കുടുംബവും ശുദ്ധീകരിക്കപ്പെട്ട ഭൂമിയിലേക്ക്‌ പെട്ടകത്തിൽനിന്നു പുറത്തു കടന്നു

യഹോവ നോഹയുടെ പിൻതലമുറക്കാർക്ക്‌ വ്യക്തവും ലളിതവും ആയ ചില നിയമങ്ങൾ കൊടുത്തു. അതിൽ കൊലപാതകം, രക്തത്തിന്റെ ദുരുപയോഗം എന്നിവ സംബന്ധിച്ചുള്ള നിയമങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഭൂമിയെ നശിപ്പിക്കാൻ ഇനി മേലാൽ ജലപ്രളയം ഉണ്ടാകുകയില്ല എന്നും അവൻ മനുഷ്യരോട്‌ ഉടമ്പടി ചെയ്‌തു. അവന്റെ വാക്കുകളുടെ സത്യതയ്‌ക്ക്‌ അടയാളമെന്ന നിലയിൽ പ്രകൃതിയിലെ അത്ഭുതപ്രതിഭാസമായ മഴവില്ല്‌ ആദ്യമായി കാണിച്ചുകൊടുത്തു. ഇന്നോളമുള്ള ഓരോ മഴവില്ലും യഹോവയുടെ സ്‌നേഹനിർഭരമായ ആ വാഗ്‌ദാനത്തിന്റെ ഒരു ഓർമിപ്പിക്കലാണ്‌.—ഉല്‌പത്തി 9:1-17.

നോഹയുടെ ജീവിതം വെറും കെട്ടുകഥ മാത്രമായിരുന്നെങ്കിൽ ആ ഒരു മഴവില്ലോടെ അത്‌ അവസാനിക്കുമായിരുന്നു. എന്നാൽ, നോഹ ഒരു യഥാർഥമനുഷ്യനായിരുന്നു. അവന്റെ ജീവിതകാലമാകട്ടെ വളരെ നിർണായകവും. അക്കാലത്തെ ആളുകൾക്ക്‌ ആയുർദൈർഘ്യം കൂടുതലായിരുന്നതിനാൽ ഈ വിശ്വസ്‌തമനുഷ്യൻ പ്രളയത്തിനു ശേഷം വീണ്ടും 350 വർഷം ജീവിച്ചു. എന്നാൽ ആ വർഷങ്ങൾ സമ്മാനിച്ച പല വേദനകളും അവനു സഹിക്കേണ്ടി വന്നു. വീഞ്ഞു കുടിച്ച്‌ ലഹരി പിടിച്ച ഒരു അവസരത്തിൽ അവൻ ഗുരുതരമായ ഒരു തെറ്റ്‌ ചെയ്‌തു. തന്നെയുമല്ല, ആ തെറ്റ്‌ അവന്റെ കൊച്ചുമകനായ കനാൻ അതിലും ഗുരുതരമായ പാപം ചെയ്യുന്നതിലേക്കു നയിച്ചു. കനാന്റെ കുടുംബം അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടിവന്നു. കൂടാതെ, നിമ്രോദിന്റെ കാലത്തെ വിഗ്രഹാരാധനയും അക്രമവും പോലുള്ള പാപങ്ങളിൽ തന്റെ പിൻതലമുറക്കാർ ചെന്നുപെട്ടതും നോഹയ്‌ക്കു കാണേണ്ടിവന്നു. എന്നാൽ മറുവശത്ത്‌, തന്റെ മകനായ ശേമും അവന്റെ കുടുംബവും വിശ്വാസത്തിന്റെ ഉദാത്തമാതൃക കാഴ്‌ചവെച്ചത്‌ അവനു കണ്ട്‌ ആസ്വദിക്കാൻ കഴിഞ്ഞു.—ഉല്‌പത്തി 9:21-28; 10:8-11; 11:1-11.

നോഹയെപ്പോലെ നാമും വിശ്വാസത്തോടെ നിലകൊള്ളണം. നമുക്കു ചുറ്റുമുള്ളവർ സത്യദൈവത്തെ തള്ളിക്കളയുകയോ അവനെ സേവിക്കുന്നത്‌ നിറുത്തുകയോ ചെയ്‌താലും, നാം നോഹ ചെയ്‌തതുപോലെ നമ്മുടെ വിശ്വാസത്തിന്റെ ഗതിയിൽത്തന്നെ തുടരണം. അങ്ങനെ വിശ്വസ്‌തതയോടെ സഹിച്ചുനിൽക്കുമ്പോൾ യഹോവ അത്‌ അങ്ങേയറ്റം വിലമതിക്കും. യേശു പറഞ്ഞതുപോലെ, “അന്ത്യത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷിക്കപ്പെടും.”—മത്തായി 24:13. ▪ (w13-E 08/01)

a മൃഗങ്ങളെ യഹോവ ഒരു നിഷ്‌ക്രിയാവസ്ഥയിലേക്ക്‌ അഥവാ ഉന്മേഷരഹിതമായ ഒരു അവസ്ഥയിലേക്ക്‌ മാറ്റിയിട്ടുണ്ടാകാം എന്നും അങ്ങനെ അവയ്‌ക്ക്‌ ആഹാരത്തിന്റെ ആവശ്യം കുറവായിരുന്നിരിക്കും എന്നും ചിലർ അഭിപ്രായപ്പെടുന്നു. അത്‌ ശരിയാണെങ്കിലും അല്ലെങ്കിലും, പെട്ടകത്തിനുള്ളിലുള്ള സകലതിനെയും സംരക്ഷിക്കും എന്ന വാക്ക്‌ അവൻ പാലിക്കുകതന്നെ ചെയ്‌തു.

b പ്രളയത്തോടെ ഏദെൻ തോട്ടവും ഭൂമിയിൽനിന്നു നിശ്ശേഷം തുടച്ചുനീക്കപ്പെട്ടു. അതുകൊണ്ട്‌, ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴി കാപ്പാൻ നിറുത്തിയിരുന്ന കെരൂബുകൾക്ക്‌ തങ്ങളുടെ 1600 വർഷത്തെ നിയമനം പൂർത്തിയാക്കി സ്വർഗത്തിലേക്കു മടങ്ങിപ്പോകാമായിരുന്നു.—ഉല്‌പത്തി 3:22-24.