വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദുരിതങ്ങൾക്ക്‌ ഉടൻ അവസാനം!

ദുരിതങ്ങൾക്ക്‌ ഉടൻ അവസാനം!

ദുരിതങ്ങളില്ലാത്ത ഒരു ലോകത്തിൽ ജീവിക്കുന്നതിനെക്കുറിച്ച്‌ ഒന്നു ചിന്തിച്ചുനോക്കൂ! കുറ്റകൃത്യമോ യുദ്ധമോ രോഗങ്ങളോ പ്രകൃതിവിപത്തുകളോ ഇല്ലാത്ത ഒരു ലോകം! അടിച്ചമർത്തൽ, അവഗണന, സാമ്പത്തികപ്രതിസന്ധി എന്നിവയെക്കുറിച്ചൊന്നും ഉത്‌കണ്‌ഠപ്പെടാതെ ഓരോ പുലരിയെയും വരവേൽക്കാം! ഇവയെല്ലാം വെറും സ്വപ്‌നമാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? മനുഷ്യർക്കോ മനുഷ്യസംഘടനകൾക്കോ ഈ മാറ്റം കൊണ്ടുവരാൻ കഴിയില്ല എന്നതു ശരിയാണ്‌. എന്നാൽ കഴിഞ്ഞ ലേഖനത്തിൽ പരാമർശിച്ച അഞ്ചു കാര്യങ്ങൾ ഉൾപ്പെടെ ദുരിതങ്ങളുടെ സകല കാരണങ്ങളും ഇല്ലായ്‌മ ചെയ്യുമെന്ന്‌ ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്നു. ദൈവവചനമായ ബൈബിൾ നൽകുന്ന പിൻവരുന്ന വാഗ്‌ദാനങ്ങൾ പരിചിന്തിക്കുക:

മികച്ച ഭരണം കാഴ്‌ചവെക്കുന്ന ഗവണ്മെന്റ്‌

“ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്‌പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്‌ക്കയും ചെയ്യും.”—ദാനീയേൽ 2:44.

ദൈവത്തിന്റെ രാജ്യം ഒരു സ്വർഗീയഗവണ്മെന്റാണ്‌. അതിന്റെ നിയമിതരാജാവായ യേശുക്രിസ്‌തു സകല മനുഷ്യഭരണങ്ങളെയും തുടച്ചുനീക്കും. അപ്പോൾ, സ്വർഗത്തിൽ മാത്രമല്ല ഭൂമിയിലും ദൈവത്തിന്റെ ഇഷ്ടമാണ്‌ നടക്കുന്നതെന്ന്‌ അവൻ ഉറപ്പുവരുത്തും. (മത്തായി 6:9, 10) വേറെ ഒരു ഗവണ്മെന്റും ആ സ്ഥാനത്തേക്കു വരില്ല. കാരണം, ‘നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്‌തുവിന്റെ നിത്യരാജ്യം’ ആണ്‌ അത്‌. മുഴുഭൂമിയിലും അവൻ സമാധാനം കൊണ്ടുവരും.—2 പത്രോസ്‌ 1:11.

വ്യാജമതങ്ങൾ മേലാൽ ഉണ്ടായിരിക്കുകയില്ല

“സാത്താൻതന്നെയും വെളിച്ചദൂതനായി വേഷംധരിക്കുന്നുവല്ലോ. അപ്പോൾ അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംധരിക്കുന്നെങ്കിൽ അതിൽ എന്ത്‌ അത്ഭുതം? എന്നാൽ അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്കൊത്തതായിരിക്കും.”—2 കൊരിന്ത്യർ 11:14, 15.

വ്യാജമതങ്ങൾ സാത്താന്റെ കീഴിലാണെന്നു തുറന്നുകാട്ടുകയും അവയെ ഭൂമുഖത്തുനിന്ന്‌ എന്നേക്കുമായി തുടച്ചുനീക്കുകയും ചെയ്യും. മതത്തിന്റെ പേരിൽ ഇന്നു നടക്കുന്ന സകല ക്രൂരകൃത്യങ്ങളും രക്തച്ചൊരിച്ചിലും അവസാനിക്കും. അങ്ങനെ, ‘ജീവനുള്ള സത്യദൈവത്തെ’ സ്‌നേഹിക്കുന്ന സകലർക്കും അവനെ ‘ഒരേ വിശ്വാസത്തിലും’ ‘ആത്മാവിലും സത്യത്തിലും ആരാധിക്കാൻ’ അവസരം ലഭിക്കും. അപ്പോൾ ആസ്വദിക്കാനാകുന്ന സമാധാനവും ഐക്യവും എത്ര അവർണനീയമായിരിക്കും!—1 തെസ്സലോനിക്യർ 1:9; എഫെസ്യർ 4:5; യോഹന്നാൻ 4:23.

അപൂർണത തുടച്ചുനീക്കപ്പെടും

“ദൈവംതന്നെ അവരോടുകൂടെ ഉണ്ടായിരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കുകയില്ല. വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുകയില്ല. ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപാട്‌ 21:3, 4.

മനുഷ്യരെ പാപത്തിൽനിന്നു മോചിപ്പിക്കാൻവേണ്ടി തന്റെ ജീവൻ യാഗമായി അർപ്പിച്ച യേശുവിലൂടെയാണ്‌ യഹോവ ഇതു സാധ്യമാക്കുന്നത്‌. (യോഹന്നാൻ 3:16) അവന്റെ നേതൃത്വത്തിൻകീഴിൽ മുഴു മനുഷ്യരും പൂർണത കൈവരിക്കും. സകല ദുരിതങ്ങളും പൊയ്‌പോകും. കാരണം “ദൈവംതന്നെ അവരോടുകൂടെ ഉണ്ടായിരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുകളയും.” മനുഷ്യന്റെ അപൂർണതയും കഷ്ടപ്പാടും പെട്ടെന്നുതന്നെ കഴിഞ്ഞകാലസംഗതികളായി മാറും. “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”—സങ്കീർത്തനം 37:29.

ദുഷ്ടദൂതന്മാരെ നശിപ്പിക്കും

“അവൻ (യേശുക്രിസ്‌തു) പിശാചും സാത്താനും എന്ന പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ച്‌ ആയിരംവർഷത്തേക്കു ബന്ധനത്തിലാക്കി. ആയിരംവർഷം തികയുവോളം ജനതകളെ വഴിതെറ്റിക്കാതിരിക്കാൻ ദൂതൻ അവനെ അഗാധത്തിലേക്കെറിഞ്ഞ്‌ അവിടം അടച്ചുപൂട്ടി മുദ്രവെച്ചു.”—വെളിപാട്‌ 20:2, 3.

സാത്താനെയും അവന്റെ ഭൂതങ്ങളെയും ബന്ധിച്ച്‌ ‘അഗാധത്തിലേക്കെറിയും.’ അതായത്‌ അവരെ പൂർണമായും പ്രവർത്തനരഹിതരാക്കും. അപ്പോൾ സാത്താന്യസ്വാധീനമില്ലാതാകും. മേലാൽ അവർ മനുഷ്യരെ നിയന്ത്രിക്കില്ല. സാത്താനും ഭൂതങ്ങളും ഇല്ലാത്ത ഒരു ലോകത്തിൽ സ്വതന്ത്രരായി ജീവിക്കുന്നത്‌ എത്ര ആശ്വാസപ്രദമായിരിക്കും!

“അന്ത്യകാലം” അവസാനിക്കും

യേശു സൂചിപ്പിച്ച ‘മഹാകഷ്ടത്തോടെ’ “അന്ത്യകാലം” അവസാനിക്കും. അവൻ പറഞ്ഞു: “ലോകാരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും മേലാൽ സംഭവിക്കുകയില്ലാത്തതുമായ മഹാകഷ്ടം അന്നുണ്ടാകും.”—മത്തായി 24:21.

മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ദുരിതങ്ങൾ സംഭവിക്കും എന്ന അർഥത്തിൽ മഹാകഷ്ടം ഭയാനകമായിരിക്കും. അത്‌ ‘സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധമായ’ ‘ഹർമ്മഗെദ്ദോനിൽ’ ചെന്നവസാനിക്കും.—വെളിപാട്‌ 16:14, 16.

എവിടെ ജീവിക്കുന്നവരായാലും നീതിയെ സ്‌നേഹിക്കുന്നവർ ഈ ദുഷ്ടലോകത്തിന്റെ തിരശ്ശീല വീണുകാണാൻ ആഗ്രഹിക്കുന്നു. ദൈവരാജ്യത്തിൽ ലഭിക്കാൻ പോകുന്ന ഏതാനും ചില അനുഗ്രഹങ്ങൾ ശ്രദ്ധിക്കൂ.

ദൈവം ഇതിലും അധികം ചെയ്യും!

സമാധാനപൂർണമായ പുതിയ ലോകത്തിലേക്ക്‌ “ഒരു മഹാപുരുഷാരം:” “ആർക്കും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത ഒരു മഹാപുരുഷാരം” ‘മഹാകഷ്ടത്തെ’ അതിജീവിക്കുമെന്നു ബൈബിൾ പറയുന്നു. ദൈവം അവരെ സംരക്ഷിച്ച്‌ നീതിയുള്ള ഒരു പുതിയ ലോകത്തിലേക്കു നയിക്കും. (വെളിപാട്‌ 7:9, 10, 14; 2 പത്രോസ്‌ 3:13) “ലോകത്തിന്റെ പാപം നീക്കിക്കളയുന്ന ദൈവത്തിന്റെ കുഞ്ഞാട്‌” ആയ യേശുവിനോട്‌ അവർ തങ്ങളുടെ രക്ഷയ്‌ക്കായി കടപ്പെട്ടിരിക്കും.—യോഹന്നാൻ 1:29.

ദൈവിക വിദ്യാഭ്യാസത്തിൽനിന്ന്‌ മഹത്തായ പ്രയോജനങ്ങൾ ലഭിക്കും: പുതിയ ലോകത്തിൽ ‘ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണമായിരിക്കും.’ (യെശയ്യാവു 11:9) അവിടുത്തെ ചുറ്റുപാടുകളിൻകീഴിൽ സഹമനുഷ്യരുമായി സമാധാനത്തിൽ ജീവിക്കാൻ ദൈവികവിദ്യാഭ്യാസം ഏവരെയും സഹായിക്കും. “ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ” എന്നു ദൈവം വാഗ്‌ദാനം ചെയ്യുന്നു.—യെശയ്യാവു 48:17.

മരിച്ചുപോയ പ്രിയപ്പെട്ടവരെ ജീവനിലേക്കു കൊണ്ടുവരും: യേശു ഭൂമിയിലായിരുന്നപ്പോൾ, തന്റെ സ്‌നേഹിതനായ ലാസറിനെ മരണത്തിൽനിന്ന്‌ ഉയിർപ്പിച്ചു. (യോഹന്നാൻ 11:1, 5, 38-44) ദൈവരാജ്യത്തിൻകീഴിൽ വലിയ തോതിൽ യേശു ചെയ്യാൻ പോകുന്നതിന്റെ ഒരു മുൻകുറി മാത്രമായിരുന്നു അത്‌.—യോഹന്നാൻ 5:28, 29.

സമാധാനവും നീതിയും എന്നേക്കും കളിയാടും: യേശു ഭരിക്കുമ്പോൾ ദുഷ്ടത ഒരു പഴങ്കഥയായി മാറും. നമുക്ക്‌ അത്‌ എങ്ങനെ അറിയാം? ആളുകളുടെ ഹൃദയം വായിക്കാൻ കഴിവുള്ള യേശുവാണ്‌ നീതിമാന്മാരെയും ദുഷ്ടന്മാരെയും തമ്മിൽ ന്യായംവിധിക്കുന്നത്‌. തങ്ങളുടെ തെറ്റായ വഴികൾക്ക്‌ മാറ്റം വരുത്താൻ വിസമ്മതിക്കുന്ന ഒരു വ്യക്തിയെയും ദൈവത്തിന്റെ പുതിയ ലോകത്തിൽ ജീവിക്കാൻ അനുവദിക്കുകയില്ല.—സങ്കീർത്തനം 37:9, 10; യെശയ്യാവു 11:3, 4; 65:20; മത്തായി 9:4.

ഭാവിയിൽ നിറവേറാനിരിക്കുന്ന എണ്ണമറ്റ അത്ഭുതകരമായ ബൈബിൾപ്രവചനങ്ങളിൽ ഏതാനും ചിലതു മാത്രമാണ്‌ മേൽപ്പറഞ്ഞിരിക്കുന്നവ. ദൈവരാജ്യം ഭൂമിയുടെ മേൽ ഭരണം നടത്തുമ്പോൾ ‘സമാധാനം’ നിത്യം കളിയാടും. (സങ്കീർത്തനം 37:11, 29) മനുഷ്യരെ ബാധിക്കുന്ന ദുരിതങ്ങളുടെയും വേദനകളുടെയും എല്ലാ കാരണങ്ങളും ദൈവം നിർമാർജനം ചെയ്യും. അവന്റെതന്നെ വാക്കുകൾ ശ്രദ്ധിക്കുക: “ഇതാ, ഞാൻ സകലതും പുതിയതാക്കുന്നു. . . . ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു.”—വെളിപാട്‌ 21:5. ▪ (w13-E 09/01)

[കടപ്പാട്‌]

© Silke Woweries/​Corbis