യേശു—അവൻ എന്തിനു മരിച്ചു?
‘മനുഷ്യപുത്രൻ വന്നത് അനേകർക്കുവേണ്ടി തന്റെ ജീവൻ മറുവിലയായി കൊടുക്കാനത്രേ.’—മർക്കോസ് 10:45.
തന്റെ ജീവിതം എങ്ങനെയുള്ളതായിരിക്കുമെന്ന് യേശുവിന് അറിയാമായിരുന്നു. അത് പ്രക്ഷുബ്ധമായിരിക്കുമെന്നും 33-ാം വയസ്സിൽ താൻ ദാരുണമായി വധിക്കപ്പെടുമെന്നും അവൻ മുൻകൂട്ടി അറിഞ്ഞിരുന്നു. തന്റെ മരണത്തിനായി അവൻ മനസ്സുകൊണ്ട് ഒരുങ്ങിയിരുന്നു.
യേശുവിന്റെ മരണത്തിന് ബൈബിൾ വളരെ പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ അഥവാ പുതിയ നിയമത്തിൽ ഏതാണ്ട് 175 പ്രാവശ്യം യേശുവിന്റെ മരണത്തെക്കുറിച്ചുള്ള പരാമർശമുണ്ടെന്ന് ഒരു ബൈബിൾ വ്യാഖ്യാന ഗ്രന്ഥം പറയുന്നു. എന്നാൽ യേശു കഷ്ടം സഹിക്കുകയും മരിക്കുകയും ചെയ്തത് എന്തിനാണ്? അതിനുള്ള ഉത്തരം നാം അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ആ അറിവ് നമ്മുടെ ജീവിതത്തിൽ വലിയ പ്രഭാവം ചെലുത്തും.
യേശുവിന് എന്ത് അറിയാമായിരുന്നു?
താൻ കഷ്ടപ്പാടുകൾ സഹിച്ച് മരിക്കേണ്ടിവരുമെന്ന് ഭൗമിക ശുശ്രൂഷയുടെ അവസാനത്തോടടുത്ത് യേശു ശിഷ്യന്മാരോട് പലയാവർത്തി സൂചിപ്പിക്കുകയുണ്ടായി. അവസാനത്തെ പെസഹാ ആഘോഷിക്കാൻ യെരുശലേമിലേക്ക് യാത്രചെയ്യവെ യേശു 12 അപ്പൊസ്തലന്മാരോട് ഇങ്ങനെ പറഞ്ഞു: “മനുഷ്യപുത്രൻ മുഖ്യപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കൈയിൽ ഏൽപ്പിക്കപ്പെടും. അവർ അവനെ മരണത്തിനു വിധിച്ച് വിജാതീയർക്ക് ഏൽപ്പിച്ചുകൊടുക്കും. അവർ അവനെ പരിഹസിക്കുകയും തുപ്പുകയും ചാട്ടയ്ക്കടിക്കുകയും കൊല്ലുകയും ചെയ്യും.” a (മർക്കോസ് 10:33, 34) ഇക്കാര്യങ്ങൾ യേശുവിന് ഇത്ര നിശ്ചയമുണ്ടായിരുന്നത് എന്തുകൊണ്ടാണ്?
തന്റെ മരണത്തെക്കുറിച്ച് എബ്രായ തിരുവെഴുത്തുകളിൽ പറഞ്ഞിട്ടുള്ള പ്രവചനങ്ങൾ യേശുവിന് അറിയാമായിരുന്നു. (ലൂക്കോസ് 18:31-33) അത്തരത്തിലുള്ള ചില പ്രവചനങ്ങളും അവ നിവൃത്തിയേറിയത് എങ്ങനെയെന്നു കാണിക്കുന്ന തിരുവെഴുത്തുകളുമാണ് താഴെ കൊടുത്തിരിക്കുന്നത്.
മിശിഹായെ. . .
-
മുപ്പത് വെള്ളിക്കാശിന് ഒറ്റിക്കൊടുത്തു.—സെഖര്യാവു 11:12; മത്തായി 26:14-16.
-
തുപ്പുകയും അടിക്കുകയും ചെയ്തു.—യെശയ്യാവു 50:6; മത്തായി 26:67; 27:26, 30.
-
സ്തംഭത്തിലേറ്റി.—സങ്കീർത്തനം 22:16; മർക്കോസ് 15:24, 25.
-
സ്തംഭത്തിലായിരിക്കെ അധിക്ഷേപിച്ചു.—സങ്കീർത്തനം 22:7, 8; മത്തായി 27:39-43.
-
അസ്ഥികൾ ഒടിക്കാതെ വധിച്ചു.—സങ്കീർത്തനം 34:20; യോഹന്നാൻ 19:33, 36.
യേശു നിവർത്തിച്ച പ്രവചനങ്ങൾ വേറെയുമുണ്ട്. അത് അവന് സ്വയം ചെയ്യാൻ കഴിയുമായിരുന്നില്ല. അതെ, ഈ പ്രവചന നിവൃത്തികൾ യേശു ദൈവത്താൽ അയയ്ക്കപ്പെട്ടവനാണ് എന്നതിന്റെ തെളിവുകളാണ്. b
ആകട്ടെ, യേശു കഷ്ടപ്പാടുകൾ സഹിച്ച് മരിക്കേണ്ടിവന്നത് എന്തുകൊണ്ടാണ്?
യേശു മരിച്ചത് ചില വിവാദ വിഷയങ്ങൾക്ക് തീർപ്പുകൽപ്പിക്കാൻവേണ്ടി
ഏദെൻ തോട്ടത്തിൽ ഉയർന്നുവന്ന വിവാദവിഷയങ്ങളെക്കുറിച്ച് യേശുവിന് അറിയാമായിരുന്നു. മത്സരിയായ ഒരു ആത്മരൂപിയുടെ സ്വാധീനത്തിനു വഴങ്ങി ആദാമും ഹവ്വായും ദൈവത്തോട് അനുസരണക്കേടു കാണിച്ചു. ദൈവത്തിന്റെ പരമാധികാരത്തിന്റെ ഔചിത്യം അഥവാ ദൈവം ഭരിക്കുന്ന വിധം ആണ് അതിലൂടെ ചോദ്യം ചെയ്യപ്പെട്ടത്. പരീക്ഷിക്കപ്പെട്ടാൽ മനുഷ്യൻ ദൈവത്തോട് വിശ്വസ്തനായിരിക്കുമോ എന്നുള്ള മറ്റൊരു ചോദ്യവും അതോടൊപ്പം ഉയർന്നുവന്നു.—ഉല്പത്തി 3:1-6; ഇയ്യോബ് 2:1-5.
ഫിലിപ്പിയർ 2:8) എത്ര കഠിനമായ പരിശോധനകൾ വന്നാലും പൂർണനായ ഒരു മനുഷ്യന് പൂർണമായ അളവിൽ വിശ്വസ്തത കാണിക്കാനാകുമെന്നും യേശു തെളിയിച്ചു.
യഹോവയുടെ പരമാധികാരവും മനുഷ്യന്റെ വിശ്വസ്തതയും ഉൾപ്പെട്ട ഈ രണ്ടു വിവാദവിഷയങ്ങൾക്കും യേശു മറുപടി നൽകി, ഏറ്റവും നന്നായി. “ദണ്ഡനസ്തംഭത്തിലെ മരണത്തോളം” അനുസരണമുള്ളവനായിരുന്നുകൊണ്ട് യേശു ദൈവത്തിന്റെ പരമാധികാരം ഉയർത്തിപ്പിടിച്ചു. (യേശു മരിച്ചത് മനുഷ്യവർഗത്തെ വീണ്ടെടുക്കാൻവേണ്ടി
വാഗ്ദത്ത മിശിഹായുടെ പീഡാനുഭവവും മരണവും മനുഷ്യവർഗത്തിന്റെ പാപങ്ങൾക്കുള്ള പ്രായശ്ചിത്തമായിരിക്കുമെന്ന് യെശയ്യാ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (യെശയ്യാവു 53:5, 10) അത് അറിയാമായിരുന്ന യേശു “അനേകർക്കുവേണ്ടി തന്റെ ജീവൻ മറുവിലയായി” കൊടുക്കാൻ സന്നദ്ധനായി. (മത്തായി 20:28) അവന്റെ ബലിമരണം അപൂർണരായ മനുഷ്യർക്ക് യഹോവയുമായി നല്ലൊരു ബന്ധത്തിലേക്കു വരാനും പാപത്തിൽനിന്നും മരണത്തിൽനിന്നും മോചനം നേടാനുമുള്ള വഴി തുറന്നു. ആദാമും ഹവ്വായും നഷ്ടപ്പെടുത്തിയ പറുദീസയും നിത്യജീവനും നമുക്ക് തിരികെ ലഭിക്കാനുള്ള അവസരം പ്രദാനം ചെയ്യുന്നതും യേശുവിന്റെ ബലിമരണമാണ്. c—വെളിപാട് 21:3, 4.
നിങ്ങൾ എന്തു ചെയ്യണം?
യേശു എവിടെനിന്നു വന്നു, എങ്ങനെയുള്ള ജീവിതം നയിച്ചു, എന്തിനു മരിച്ചു എന്നീ കാര്യങ്ങളെക്കുറിച്ച് ബൈബിൾ എന്തു പറയുന്നുവെന്ന് നാം ഇതിനോടകം കണ്ടുകഴിഞ്ഞു. ഈ സത്യങ്ങൾ യേശുവിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റാൻ നിങ്ങളെ സഹായിക്കും. ആ അറിവിനനുസരിച്ച് പ്രവർത്തിക്കുന്നപക്ഷം അനേകം അനുഗ്രഹങ്ങളും നിങ്ങൾക്കു കൈവരും. ഇപ്പോൾത്തന്നെ സന്തോഷകരമായ ഒരു ജീവിതം നയിക്കാൻ അതു നിങ്ങളെ പ്രാപ്തരാക്കും; ഭാവിയിൽ നിത്യജീവനും നേടിത്തരും. ഈ അനുഗ്രഹങ്ങൾ പ്രാപിക്കാൻ നാം എന്തു ചെയ്യണമെന്ന് ബൈബിൾ പറയുന്നുണ്ട്.
-
യേശുവിനെക്കുറിച്ചും യഹോവയുടെ ഉദ്ദേശ്യം നിവർത്തിക്കുന്നതിൽ അവൻ വഹിക്കുന്ന പങ്കിനെക്കുറിച്ചും കൂടുതൽ മനസ്സിലാക്കുക.—യോഹന്നാൻ 17:3.
-
യേശുവിനെ രക്ഷകനായി അംഗീകരിക്കുന്നുവെന്ന് ജീവിതത്തിലൂടെ കാണിക്കുക. അങ്ങനെ യേശുവിൽ വിശ്വസിക്കുന്നുവെന്നതിന് തെളിവു നൽകുക.—യോഹന്നാൻ 3:36; പ്രവൃത്തികൾ 5:31.
നമുക്ക് നിത്യജീവനിലേക്കുള്ള വഴി തുറന്നുതന്ന, ദൈവത്തിന്റെ ‘ഏകജാത പുത്രനായ’ യേശുക്രിസ്തുവിനെക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങളെ സഹായിക്കുന്നതിന് യഹോവയുടെ സാക്ഷികൾക്ക് സന്തോഷമേയുള്ളൂ.—യോഹന്നാൻ 3:16. (w11-E 04/01)
a യേശു പലപ്പോഴും തന്നെത്തന്നെ “മനുഷ്യപുത്രൻ” എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. (മത്തായി 8:20) യേശു എല്ലാ അർഥത്തിലും ഒരു മനുഷ്യനായിരുന്നുവെന്ന് ഈ പ്രസ്താവന സൂചിപ്പിക്കുന്നു. ഇതിനുപുറമേ, എബ്രായ തിരുവെഴുത്തുകളിലെ പ്രവചനങ്ങളിൽ പരാമർശിച്ചിരിക്കുന്ന ‘മനുഷ്യപുത്രൻ’ യേശുതന്നെയാണെന്നും അതു വ്യക്തമാക്കുന്നു.—ദാനീയേൽ 7:13, 14.
b യേശുവിൽ നിവൃത്തിയേറിയ മറ്റു പ്രവചനങ്ങളെക്കുറിച്ച് അറിയാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിലെ “യേശുക്രിസ്തു—വാഗ്ദത്ത മിശിഹ” എന്ന അനുബന്ധം കാണുക.
c യേശുവിന്റെ ബലിമരണത്തിന്റെ മൂല്യത്തെക്കുറിച്ച് കൂടുതൽ അറിയാൻ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ “മറുവില—ദൈവത്തിന്റെ ഏറ്റവും വലിയ ദാനം” എന്ന 5-ാം അധ്യായം കാണുക.