ദൈവം തിന്മയും കഷ്ടപ്പാടും അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ട്?
ദൈവവചനത്തിൽനിന്നു പഠിക്കുക
ദൈവം തിന്മയും കഷ്ടപ്പാടും അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ട്?
നിങ്ങൾ ചോദിച്ചിരിക്കാൻ സാധ്യതയുള്ള ചില ചോദ്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. അവയ്ക്കുള്ള ഉത്തരങ്ങൾ നിങ്ങളുടെ ബൈബിളിൽ എവിടെ കണ്ടെത്താമെന്നും ഈ ലേഖനത്തിൽ പറയുന്നുണ്ട്. ഈ വിവരങ്ങൾ നിങ്ങളുമായി ചർച്ചചെയ്യാൻ യഹോവയുടെ സാക്ഷികളായ ഞങ്ങൾ താത്പര്യപ്പെടുന്നു.
1. തിന്മ ആരംഭിച്ചത് എങ്ങനെ?
സാത്താൻ പറഞ്ഞ ആദ്യത്തെ നുണയോടെയാണ് ഭൂമിയിൽ തിന്മ ആരംഭിച്ചത്. സാത്താനെ ദൈവം സൃഷ്ടിച്ചപ്പോൾ അവനിൽ തിന്മയുണ്ടായിരുന്നില്ല. അവൻ യാതൊരു കളങ്കവുമില്ലാത്ത ഒരു ദൈവദൂതനായിരുന്നു. പക്ഷേ അവൻ “സത്യത്തിൽ നിലനിന്നില്ല.” (യോഹന്നാൻ 8:44) ദൈവത്തിനുമാത്രം അവകാശപ്പെട്ട ആരാധന അവൻ മോഹിച്ചു. സാത്താൻ ആദ്യ മനുഷ്യസ്ത്രീയായ ഹവ്വായോട് നുണ പറഞ്ഞു; ദൈവത്തിനു പകരം തന്നെ അനുസരിക്കാൻ അവൻ അവളെ പ്രേരിപ്പിച്ചു. ഹവ്വാ അതിനു വഴിപ്പെട്ടു. ആദാമും ഹവ്വായോടൊപ്പം ചേർന്ന് ദൈവത്തോട് അനുസരണക്കേടു കാണിച്ചു. ആദാമിന്റെ അനുസരണക്കേട് കഷ്ടപ്പാടും മരണവും വരുത്തിവെച്ചു.—ഉല്പത്തി 3:1-6, 17-19 വായിക്കുക.
ദൈവത്തോട് അനുസരണക്കേട് കാണിക്കാൻ ഹവ്വായ്ക്ക് പ്രേരണ നൽകിയപ്പോൾ മനുഷ്യരെ ദൈവത്തിന്റെ പരമാധികാരത്തിനെതിരെ തിരിക്കാനുള്ള ഒരു നീക്കത്തിനു തുടക്കമിടുകയായിരുന്നു സാത്താൻ. മനുഷ്യരിൽ ഭൂരിപക്ഷവും സാത്താന്റെ പക്ഷം ചേരുകയും ദൈവത്തിന്റെ പരമാധികാരത്തെ തള്ളിക്കളയുകയും ചെയ്തിരിക്കുന്നു. സാത്താൻ അങ്ങനെ “ഈ ലോകത്തിന്റെ അധിപതി” ആയിത്തീർന്നിരിക്കുകയാണ്.—യോഹന്നാൻ 14:30; വെളിപാട് 12:9 വായിക്കുക.
2. ദൈവത്തിന്റെ സൃഷ്ടികളിൽ എന്തെങ്കിലും ന്യൂനതകളുണ്ടായിരുന്നോ?
ദൈവത്തെ സമ്പൂർണമായി അനുസരിക്കാനുള്ള പ്രാപ്തിയോടെയാണ് ദൂതന്മാരെയും ആദ്യ മനുഷ്യജോഡിയെയും ദൈവം സൃഷ്ടിച്ചത്. (ആവർത്തനപുസ്തകം 32:5) മനുഷ്യരായ നമുക്ക് ദൈവം ഇച്ഛാസ്വാതന്ത്ര്യം എന്നൊരു പ്രാപ്തികൂടി നൽകിയിട്ടുണ്ട്, നന്മയും തിന്മയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യം വാസ്തവത്തിൽ ദൈവത്തോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു മാർഗംകൂടിയാണ്.—യാക്കോബ് 1:13-15; 1 യോഹന്നാൻ 5:3 വായിക്കുക.
3. ദൈവം കഷ്ടപ്പാട് അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ട്?
തന്റെ പരമാധികാരത്തിനെതിരെയുള്ള മത്സരം ദൈവം തത്കാലത്തേക്ക് അനുവദിച്ചിരിക്കുകയാണ്. ദൈവത്തിന്റേതല്ലാത്ത ഒരു ഭരണവും ആളുകൾക്ക് പ്രയോജനം ചെയ്യില്ല എന്ന് കാണിക്കുന്നതിനുവേണ്ടിയാണ് അത്. (യിരെമ്യാവു 10:23) മനുഷ്യൻ മനുഷ്യനെ ഭരിക്കാൻ തുടങ്ങിയിട്ട് 6,000-ത്തിലധികം വർഷം കഴിഞ്ഞിരിക്കുന്നു. ദൈവത്തെ കൂടാതെയുള്ള മനുഷ്യന്റെ ഭരണം വിജയിക്കില്ലെന്ന് അസന്ദിഗ്ധമായി തെളിയിക്കപ്പെട്ടുകഴിഞ്ഞു. യുദ്ധം, കുറ്റകൃത്യം, അനീതി, രോഗം എന്നിവ ഇല്ലാതാക്കാൻ മാനുഷ ഭരണാധികാരികൾക്കു കഴിഞ്ഞിട്ടില്ല.—സഭാപ്രസംഗി 7:29; 8:9; റോമർ 9:17 വായിക്കുക.
എന്നാൽ ദൈവത്തെ തങ്ങളുടെ ഭരണാധികാരിയായി അംഗീകരിക്കുന്നവർക്ക് നിരവധി അനുഗ്രഹങ്ങൾ ലഭിക്കുന്നു. (യെശയ്യാവു 48:17, 18) മനുഷ്യന്റെ സകല ഭരണകൂടങ്ങളെയും ദൈവം ഉടൻതന്നെ നീക്കംചെയ്യും. ദൈവത്തിന്റെ ഭരണത്തിനു കീഴ്പെടാൻ മനസ്സുകാണിക്കുന്നവർ മാത്രമേ ഭൂമിയിൽ ഉണ്ടായിരിക്കൂ.—യെശയ്യാവു 2:3, 4; 11:9; ദാനീയേൽ 2:44 വായിക്കുക.
4. ദൈവത്തിന്റെ ദീർഘക്ഷമ എന്തിനുള്ള അവസരമാണ് നൽകുന്നത്?
മനുഷ്യരിൽ ആരും ദൈവത്തോട് വിശ്വസ്തതയും അനുസരണവും കാണിക്കില്ല എന്നാണ് സാത്താന്റെ വാദം. മനുഷ്യഭരണത്തിന് പെട്ടെന്ന് തിരശ്ശീലയിടാതെ ദൈവം ക്ഷമ കാണിച്ചതുമൂലം ദൈവത്തിന്റെ ഭരണമാണോ മനുഷ്യന്റെ ഭരണമാണോ നാം ആഗ്രഹിക്കുന്നത് എന്ന് തെളിയിക്കാനുള്ള അവസരം നമുക്ക് ലഭിച്ചിരിക്കുന്നു. നമ്മുടെ ജീവിതരീതി നമ്മുടെ തീരുമാനത്തെ പ്രതിഫലിപ്പിക്കും.—ഇയ്യോബ് 1:8-11; സദൃശവാക്യങ്ങൾ 27:11 വായിക്കുക.
5. ദൈവത്തെയാണ് നാം ഭരണാധികാരിയായി അംഗീകരിക്കുന്നതെന്ന് എങ്ങനെ തെളിയിക്കാം?
ദൈവത്തിന്റെ വചനമായ ബൈബിളിൽ അടങ്ങിയിരിക്കുന്ന സത്യത്തിനു ചേർച്ചയിൽ ദൈവത്തെ ആരാധിക്കുമ്പോൾ നാം അവനെ ഭരണാധികാരിയായി അംഗീകരിക്കുന്നു എന്ന് തെളിയിക്കുകയാണ്. (യോഹന്നാൻ 4:23) അതുപോലെ, യേശുവിനെ അനുകരിച്ചുകൊണ്ട് രാഷ്ട്രീയത്തിൽനിന്നും യുദ്ധത്തിൽനിന്നും നാം വിട്ടുനിൽക്കും.—യോഹന്നാൻ 17:14 വായിക്കുക.
അധാർമികവും ദുഷിച്ചതുമായ കാര്യങ്ങൾ സാത്താൻ ഇന്ന് ലോകത്തിൽ ഊട്ടിവളർത്തുകയാണ്. അത്തരം കാര്യങ്ങൾ നാം നിഷേധിക്കുമ്പോൾ ചില സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ നമ്മെ പരിഹസിക്കുകയും എതിർക്കുകയും ചെയ്തേക്കാം. (1 പത്രോസ് 4:3, 4) അപ്പോൾ നാം എന്തു ചെയ്യും? ദൈവത്തെ സ്നേഹിക്കുന്ന ആളുകളുമായി നാം തുടർന്നും സഹവസിക്കുമോ? ദൈവം സ്നേഹപൂർവം നൽകിയിരിക്കുന്ന നിയമങ്ങൾ നാം അനുസരിക്കുമോ? ഇക്കാര്യങ്ങളിൽ ശരിയായ നിലപാടു സ്വീകരിക്കുമ്പോൾ, ദൈവത്തോട് ആരും വിശ്വസ്തരായിരിക്കില്ല എന്ന സാത്താന്റെ വാദം ഒരു നുണയാണെന്ന് തെളിയിക്കുകയായിരിക്കും നാം.—1 കൊരിന്ത്യർ 6:9, 10; 15:33 വായിക്കുക.
കൂടുതൽ വിവരങ്ങൾക്ക്, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 11-ാം അധ്യായം കാണുക.
[18-ാം പേജിലെ ചിത്രം]
ആദാം തെറ്റായ തീരുമാനം കൈക്കൊണ്ടു
[19-ാം പേജിലെ ചിത്രം]
നമ്മുടെ തീരുമാനങ്ങൾ നാം ദൈവത്തെ ഭരണാധികാരിയായി അംഗീകരിക്കുന്നോ ഇല്ലയോ എന്ന് തെളിയിക്കും