അത് യഥാർഥത്തിൽ വഞ്ചനയാണോ?
അത് യഥാർഥത്തിൽ വഞ്ചനയാണോ?
“അപകടത്തെ സംബന്ധിച്ച ഈ റിപ്പോർട്ടിൽ ചെറിയൊരു മാറ്റം, അത്രയേ വേണ്ടൂ. ബാക്കിയൊക്കെ ശരിയാക്കാവുന്നതേയുള്ളൂ.”
“നികുതിവകുപ്പ് എല്ലാമൊന്നും അറിയേണ്ട ആവശ്യമില്ല.”
“ഒരുകാരണവശാലും പിടിക്കപ്പെടരുത്, അതാണ് പ്രധാനം.”
“വെറുതെ കിട്ടുമെന്നുള്ളപ്പോൾ പിന്നെയെന്തിന് കാശ് കളയണം?”
സാമ്പത്തിക കാര്യങ്ങളോടോ മറ്റു കാര്യങ്ങളോടോ ഒക്കെ ബന്ധപ്പെട്ട് വളരെ സാധാരണമായി കേൾക്കാറുള്ള ചില ഉപദേശങ്ങളാണിവ. ചിലർക്ക് എന്തിനും ഏതിനും ‘അതിവിദഗ്‌ധമായ ഒരു പോംവഴി’യുണ്ട്. എന്നാൽ ചോദ്യം ഇതാണ്, ഈ പോംവഴികളെല്ലാം നേരായ മാർഗത്തിലുള്ളവയാണോ?
വഞ്ചന ഇന്ന് സർവസാധാരണമായിരിക്കുന്നു. ശിക്ഷയിൽനിന്നു രക്ഷപ്പെടുന്നതിനോ പണമുണ്ടാക്കുന്നതിനോ ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കുന്നതിനോ വേണ്ടി നുണ പറയുന്നതും ചതിക്കുന്നതും മോഷ്ടിക്കുന്നതുമൊന്നും ഒരു തെറ്റല്ല എന്നതാണ് ആളുകളുടെ പൊതുവെയുള്ള വീക്ഷണം. സമൂഹത്തിലെ പ്രമുഖവ്യക്തികൾതന്നെ സത്യസന്ധത കാണിക്കുന്നതിൽ മിക്കപ്പോഴും പരാജയപ്പെടുന്നു. ഒരു യൂറോപ്യൻ രാജ്യത്ത് 2005-നെ അപേക്ഷിച്ച് 2006-ൽ തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കാര്യത്തിൽ 85-ലേറെ ശതമാനം വർധനയാണ് ഉണ്ടായത്; ‘നിസ്സാര തെറ്റുകൾ’ എന്ന് ചിലർ വിളിക്കുന്ന ചെറിയചെറിയ പല വഞ്ചനകളും ഈ കണക്കിൽപ്പെടുത്തിയിട്ടുപോലുമില്ല. ആ രാജ്യത്തെ വലിയ ബിസിനസ്സുകാർ, രാഷ്‌ട്രീയ നേതാക്കന്മാർ എന്നിവർപോലും സ്വന്തം നേട്ടത്തിനായി വ്യാജ ഡിപ്ലോമകൾ ഉപയോഗിച്ച് തട്ടിപ്പു നടത്തിയിട്ടുള്ള സ്ഥിതിക്ക് അതിൽ ഒരുപക്ഷേ അത്ര അതിശയിക്കാനൊന്നുമില്ല.
ലോകമെമ്പാടും വഞ്ചന സർവസാധാരണമാണെങ്കിലും സത്യസന്ധരായി ജീവിക്കാൻ ആഗ്രഹിക്കുന്നവരും ഇന്നുണ്ട്. നിങ്ങളും ഒരുപക്ഷേ അങ്ങനെയൊരാളായിരിക്കും. ദൈവത്തെ സ്‌നേഹിക്കുന്നതുകൊണ്ടായിരിക്കാം അവന്റെ ദൃഷ്ടിയിൽ ശരിയായ കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നത്. (1 യോഹന്നാൻ 5:3) “സകലത്തിലും സത്യസന്ധരായിരിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഞങ്ങളുടേത് ഒരു ശുദ്ധമനസ്സാക്ഷിയാണ് എന്ന ബോധ്യം ഞങ്ങൾക്കുണ്ട്” എന്ന് എഴുതിയ പൗലോസ് അപ്പൊസ്‌തലനെപ്പോലെ നിങ്ങളും വിചാരിക്കുന്നുണ്ടാകാം. (എബ്രായർ 13:18) അതുകൊണ്ട് “സകലത്തിലും സത്യസന്ധരായിരിക്കാൻ” ആഗ്രഹിക്കുന്ന ഒരുവന് പരിശോധനയായിത്തീർന്നേക്കാവുന്ന ചില സാഹചര്യങ്ങളെക്കുറിച്ചു പരിചിന്തിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്. അത്തരം സാഹചര്യങ്ങളിൽ പ്രയോജനംചെയ്യുന്ന ചില ബൈബിൾ തത്ത്വങ്ങളും നമുക്കിപ്പോൾ നോക്കാം.
അപകടം ഉണ്ടാകുമ്പോൾ. . .
ഒരിക്കൽ ലിസ * കാറോടിച്ചുപോകുമ്പോൾ അവളുടെ കാർ മറ്റൊരു വണ്ടിയിൽ ചെന്നിടിച്ചു. ആർക്കും പരിക്കൊന്നും പറ്റിയില്ലെങ്കിലും രണ്ടുവണ്ടികൾക്കും കേടുപാടുകൾ സംഭവിച്ചു. അവളുടെ രാജ്യത്ത് ചെറുപ്പക്കാരായ ഡ്രൈവർമാർ ഉയർന്ന തുക ഇൻഷ്വറൻസായി അടയ്‌ക്കേണ്ടതുണ്ട്. ഓരോ തവണ അപകടമുണ്ടാകുമ്പോഴും ഈ തുക ഉയരുകയും ചെയ്യും. ലിസയെക്കാൾ പ്രായത്തിൽ മുതിർന്ന അവളുടെ ബന്ധു ഗ്രിഗർ കൂടെയുണ്ടായിരുന്നതിനാൽ വണ്ടി ഓടിച്ചിരുന്നത് അദ്ദേഹമായിരുന്നുവെന്ന് റിപ്പോർട്ടുചെയ്യാൻ അവളുടെ സുഹൃത്ത് നിർദേശിക്കുന്നു. അങ്ങനെ ലിസയ്‌ക്ക് ഉയർന്ന തുക അടയ്‌ക്കുന്നത് ഒഴിവാക്കാം. സുഹൃത്തിന്റെ ഈ നിർദേശം വളരെ നല്ലതാണെന്ന് തോന്നിയേക്കാം. എന്നാൽ ലിസ ഇപ്പോൾ എന്താണു ചെയ്യേണ്ടത്?
ഇത്തരം സന്ദർഭങ്ങളിൽ പോളിസി ഉടമകൾ അടയ്‌ക്കുന്ന പണം ഉപയോഗിച്ചാണ് ഇൻഷ്വറൻസ് കമ്പനികൾ ഇൻഷ്വറൻസ് തുക നൽകുന്നത്.
സുഹൃത്തിന്റെ നിർദേശം പിൻപറ്റുന്നെങ്കിൽ ലിസ തന്റെ കുറ്റത്തിന് ‘പിഴയടയ്‌ക്കാൻ’ മറ്റു പോളിസി ഉടമകളെ നിർബന്ധിതരാക്കുകയായിരിക്കും. അവൾ വ്യാജ റിപ്പോർട്ട് നൽകുക മാത്രമല്ല, മറ്റു പോളിസി ഉടമകളിൽനിന്നുള്ള പണം തട്ടിയെടുക്കുകകൂടി ആയിരിക്കും ചെയ്യുന്നത്. ഊതിപ്പെരുപ്പിച്ച റിപ്പോർട്ടുകൾ നൽകിക്കൊണ്ട് ഇൻഷ്വറൻസ് കമ്പനിയിൽനിന്ന് കൂടുതൽ നഷ്ടപരിഹാരം നേടിയെടുക്കാൻ ശ്രമിക്കുമ്പോഴും ഇതുതന്നെ സത്യമാണ്.പലരും ശിക്ഷയെ ഭയന്ന് അത്തരം വഞ്ചനകളിൽനിന്നു വിട്ടുനിന്നേക്കാം. എന്നാൽ വഞ്ചന ഒഴിവാക്കേണ്ടതിന്റെ ഏറെ സുപ്രധാനമായ കാരണം ദൈവവചനത്തിൽ കാണാവുന്നതാണ്. “മോഷ്ടിക്കരുത്” എന്ന് പത്തുകൽപ്പനകളിൽ ഒരെണ്ണം പ്രസ്‌താവിക്കുന്നു. (പുറപ്പാടു 20:15) ക്രിസ്‌ത്യാനികൾക്ക് എഴുതവെ, അപ്പൊസ്‌തലനായ പൗലോസ് “മോഷ്ടാവ് ഇനി മോഷ്ടിക്ക”രുത് എന്നു പറഞ്ഞുകൊണ്ട് ആ കൽപ്പന ആവർത്തിച്ചു. (എഫെസ്യർ 4:28) ഇൻഷ്വറൻസുമായി ബന്ധപ്പെട്ട ഇതുപോലുള്ള കാര്യങ്ങളിൽ ദൈവവചനം പറയുന്നത് അനുസരിക്കുമ്പോൾ, ദൈവം കുറ്റംവിധിക്കുന്ന കാര്യങ്ങൾ ഒഴിവാക്കുകയായിരിക്കും നിങ്ങൾ. കൂടാതെ നിങ്ങൾ ദൈവകൽപ്പനകളോടും അയൽക്കാരോടുമുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കുകയുമായിരിക്കും.—സങ്കീർത്തനം 119:97.
‘കൈസർക്കുള്ളതു കൈസർക്ക്’
പീറ്റർ ഒരു ബിസിനസ്സുകാരനാണ്. ബിസിനസ്സ് ആവശ്യത്തിനായി വിലകൂടിയ ഒരു കമ്പ്യൂട്ടർ വാങ്ങിയെന്നു കാണിച്ചുകൊണ്ട് നികുതിയിളവ് നേടിയെടുക്കാൻ അദ്ദേഹത്തിന്റെ അക്കൗണ്ടന്റ് നിർദേശിക്കുന്നു. പീറ്ററിനെപ്പോലുള്ള ഒരു ബിസിനസ്സുകാരൻ അത്തരമൊരു കമ്പ്യൂട്ടർ വാങ്ങുകയെന്നത് സാധാരണമാണ്. ഇനി, അദ്ദേഹം അതു വാങ്ങിയോ എന്ന് ഗവൺമെന്റ് അന്വേഷിക്കാനുള്ള സാധ്യതയും കുറവാണ്. കമ്പ്യൂട്ടർ വാങ്ങിയെന്നു കാണിക്കുന്നതിലൂടെ നികുതിയിനത്തിൽ വലിയൊരു തുകയായിരിക്കും അദ്ദേഹത്തിനു ലാഭിക്കാനാകുന്നത്. അദ്ദേഹം ഇപ്പോൾ എന്താണു ചെയ്യേണ്ടത്? ഏതു തത്ത്വങ്ങളായിരിക്കണം അദ്ദേഹത്തിന്റെ തീരുമാനങ്ങളെ നയിക്കേണ്ടത്?
അപ്പൊസ്‌തലനായ പൗലോസ് തന്റെ നാളിലെ ക്രിസ്‌ത്യാനികളോട് പറഞ്ഞു: “ഓരോരുത്തനും ഉന്നതാധികാരങ്ങൾക്കു കീഴ്‌പെട്ടിരിക്കട്ടെ. . . . എല്ലാവർക്കും കടപ്പെട്ടിരിക്കുന്നത് കൊടുക്കുവിൻ; നികുതി കൊടുക്കേണ്ടവനു നികുതി; കപ്പം കൊടുക്കേണ്ടവനു റോമർ 13:1, 7) ദൈവത്തിന്റെ അംഗീകാരം ആഗ്രഹിക്കുന്നവർ അധികൃതർ ആവശ്യപ്പെടുന്ന നികുതികളെല്ലാം കൃത്യമായി നൽകണം. അതേസമയം, രാജ്യത്തെ നിയമം ചില വ്യക്തികൾക്കോ ബിസിനസ്സ് സ്ഥാപനങ്ങൾക്കോ നികുതിയിളവ് അനുവദിക്കുന്നെങ്കിൽ, അർഹതയുള്ളപക്ഷം അതു പ്രയോജനപ്പെടുത്തുന്നതിൽ തെറ്റൊന്നുമില്ല.
കപ്പം.” (നികുതി അടയ്‌ക്കുന്നതുമായി ബന്ധപ്പെട്ട മറ്റൊരു സാഹചര്യം നമുക്ക് അടുത്തതായി പരിചിന്തിക്കാം. ചില കടകളിൽനിന്നു സാധനം വാങ്ങുമ്പോൾ ‘ബിൽ വേണോ?’ എന്ന് കടക്കാർ ചോദിക്കാറുണ്ട്. ബിൽ നൽകാതിരുന്നാൽ അവർക്കു വിൽപ്പനനികുതി ഒഴിവാക്കാനാകും. അതുവഴി വാങ്ങുന്നയാൾക്കും അൽപ്പം ‘ലാഭം’ ലഭിക്കും. വാങ്ങുന്നയാൾക്കും വിൽക്കുന്നയാൾക്കും നേട്ടമുണ്ടാകുന്ന കാര്യമായതിനാൽ ഇതിലൊന്നും വലിയ തെറ്റില്ല എന്നാണ് പലരുടെയും പക്ഷം. എന്നാൽ ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരുവൻ ഇതിനെ എങ്ങനെ വീക്ഷിക്കണം?
ഇത്തരം കാര്യങ്ങൾ ചെയ്യുന്ന ഒരുവൻ പിടിക്കപ്പെടുകയില്ലായിരിക്കാം. എന്നാൽ ഗവണ്മെന്റിന് അവകാശപ്പെട്ട നികുതിയാണ് അയാൾ നൽകാതിരിക്കുന്നത്. “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക” എന്ന് യേശു കൽപ്പിച്ചിട്ടുണ്ട്. (മത്തായി 22:17-21) നികുതി കൊടുക്കുന്നതു സംബന്ധിച്ചുള്ള തന്റെ ശ്രോതാക്കളുടെ ചിന്താഗതി തിരുത്തുന്നതിനു വേണ്ടിയാണ് യേശു അതു പറഞ്ഞത്. കൈസർ എന്നു പറഞ്ഞപ്പോൾ യേശു അർഥമാക്കിയത് ഗവണ്മെന്റിനെയാണ്. ഗവണ്മെന്റിന് അവകാശപ്പെട്ട സംഗതിയാണ് നികുതി. അതുകൊണ്ട് ക്രിസ്‌തുവിന്റെ അനുഗാമികൾ എല്ലാത്തരം നികുതിയും അടയ്‌ക്കുന്നത് തിരുവെഴുത്തുപരമായ ഉത്തരവാദിത്വമായി കണക്കാക്കുന്നു.
പരീക്ഷ എഴുതുമ്പോൾ. . .
ഹൈസ്‌കൂൾ വിദ്യാർഥിനിയായ മാർത്ത വർഷാവസാന പരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പിലാണ്. പരീക്ഷയിൽ ഉയർന്ന മാർക്ക് ഉണ്ടെങ്കിലേ നല്ലൊരു ജോലി ലഭിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ അവൾ പഠനത്തിനായി ഏറെ സമയം ചെലവഴിക്കുന്നു. അവളുടെ ചില സഹപാഠികളും പരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പിലാണ്; പക്ഷേ, മറ്റൊരു വിധത്തിലാണെന്നുമാത്രം. പരീക്ഷയ്‌ക്കിടയിൽ പേജറുകളും മുൻകൂട്ടി പ്രോഗ്രാംചെയ്‌ത കാൽക്കുലേറ്ററുകളും സെൽഫോണുകളും ഒക്കെ ഉപയോഗിച്ച് കൃത്രിമം കാണിച്ച് ഉയർന്ന മാർക്ക് നേടിയെടുക്കാനുള്ള ശ്രമത്തിലാണ് അവർ. നല്ല മാർക്ക് വാങ്ങാനായി ‘മറ്റെല്ലാവരും’ ചെയ്യുന്നതുതന്നെ മാർത്തയും ചെയ്യണോ?
ഇങ്ങനെ വഞ്ചന കാണിക്കുന്നത് സർവസാധാരണമായതിനാൽ അതിൽ തെറ്റൊന്നുമില്ലെന്നാണ് അനേകരും ചിന്തിക്കുന്നത്. ‘പിടിക്കപ്പെടരുത്, അതാണ് പ്രധാനം’ എന്നാണ് അവരുടെ പക്ഷം. എന്നാൽ ആ ചിന്താഗതി സത്യക്രിസ്‌ത്യാനികൾക്ക് സ്വീകാര്യമല്ല. ഇത്തരം സന്ദർഭങ്ങളിൽ അധ്യാപകന്റെ കണ്ണുവെട്ടിക്കാനായേക്കാമെങ്കിലും ഇതെല്ലാം കാണുന്ന ഒരാളുണ്ട്. യഹോവയാം ദൈവമാണത്. അവനോടു നാം കണക്കുബോധിപ്പിക്കേണ്ടിവരും. “അവന്റെ ദൃഷ്ടിയിൽനിന്നു മറഞ്ഞിരിക്കുന്നതായി ഒരു സൃഷ്ടിപോലുമില്ല; സകലവും അവന്റെ കൺമുമ്പിൽ നഗ്നവും അനാവൃതവുമായി കിടക്കുന്നു; അവനോടത്രേ നാം കണക്കുബോധിപ്പിക്കേണ്ടത്” എന്ന് പൗലോസ് എഴുതി. (എബ്രായർ 4:13) ദൈവം നമ്മെ നിരീക്ഷിക്കുന്നത് നാം ശരിചെയ്‌തു കാണാനുള്ള ആഗ്രഹംകൊണ്ടാണ് എന്ന അറിവ് പരീക്ഷാഹാളിൽ സത്യസന്ധത കാണിക്കാൻ നമുക്ക് പ്രചോദനമേകുന്നു, ശരിയല്ലേ?
നിങ്ങൾ എന്തു ചെയ്യും?
ലിസ, ഗ്രിഗർ, പീറ്റർ, മാർത്ത എന്നിവർ തങ്ങൾ അഭിമുഖീകരിച്ച സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി. സത്യസന്ധത കാണിക്കാൻ തീരുമാനിച്ചതിനാൽ അവർക്ക് ശുദ്ധമായ മനസ്സാക്ഷിയും നിർമലതയും
കാത്തുസൂക്ഷിക്കാനായി. അതുപോലുള്ള സാഹചര്യങ്ങളെ നിങ്ങൾ എങ്ങനെയായിരിക്കും കൈകാര്യംചെയ്യുന്നത്?നിങ്ങളുടെ സഹപ്രവർത്തകർക്കും സഹപാഠികൾക്കും അയൽക്കാർക്കും നുണ പറയുന്നതോ വഞ്ചന കാണിക്കുന്നതോ മോഷ്ടിക്കുന്നതോ ഒന്നും ഒരു പ്രശ്‌നമായിരിക്കില്ല. നിങ്ങളെക്കൊണ്ട് അത്തരം കാര്യങ്ങൾ ചെയ്യിക്കുന്നതിന് പരിഹാസത്തെ അവർ ആയുധമാക്കുകപോലും ചെയ്‌തേക്കാം. വഞ്ചന കാണിക്കാനുള്ള സമ്മർദം ഉണ്ടാകുമ്പോൾപ്പോലും ശരിയായതിനുവേണ്ടി ഉറച്ചുനിൽക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിഞ്ഞേക്കും?
ദൈവേഷ്ടത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നതിലൂടെ ശുദ്ധമനസ്സാക്ഷി കാത്തുസൂക്ഷിക്കാനാകുമെന്നു മാത്രമല്ല ദൈവത്തിന്റെ അംഗീകാരവും പ്രീതിയും നേടാനുമാകും എന്ന കാര്യം എപ്പോഴും മനസ്സിൽപ്പിടിക്കുക. ദാവീദ് രാജാവ് ഇങ്ങനെ എഴുതി: “യഹോവേ, നിന്റെ കൂടാരത്തിൽ ആർ പാർക്കും? നിന്റെ വിശുദ്ധപർവ്വതത്തിൽ ആർ വസിക്കും? നിഷ്‌കളങ്കനായി നടന്നു നീതി പ്രവർത്തിക്കയും ഹൃദയപൂർവ്വം സത്യം സംസാരിക്കയും ചെയ്യുന്നവൻ. . . . ഇങ്ങനെ ചെയ്യുന്നവൻ ഒരുനാളും കുലുങ്ങിപ്പോകയില്ല.” (സങ്കീർത്തനം 15:1-5) വഞ്ചനയിലൂടെ നേടുന്ന ഏതൊരു നേട്ടത്തെക്കാളും മൂല്യവത്തല്ലേ ശുദ്ധമായ ഒരു മനസ്സാക്ഷിയും സ്വർഗസ്ഥനായ ദൈവവുമായുള്ള സൗഹൃദവും?
[അടിക്കുറിപ്പ്]
^ ഖ. 10 ചില പേരുകൾ മാറ്റിയിട്ടുണ്ട്.
[18-ാം പേജിലെ ആകർഷകവാക്യം]
‘മോഷ്ടാവ് ഇനി മോഷ്ടിക്കരുത്.’
ദൈവകൽപ്പനകളോടുള്ള ആദരവും അയൽക്കാരനോടുള്ള സ്‌നേഹവും ഇൻഷ്വറൻസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സത്യസന്ധരായിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു
[18-ാം പേജിലെ ആകർഷകവാക്യം]
“എല്ലാവർക്കും കടപ്പെട്ടിരിക്കുന്നത് കൊടുക്കുവിൻ; നികുതി കൊടുക്കേണ്ടവനു നികുതി.”
ദൈവാംഗീകാരം നേടുന്നതിന് നിയമം അനുശാസിക്കുന്ന എല്ലാ നികുതികളും നാം നൽകുന്നു
[19-ാം പേജിലെ ആകർഷകവാക്യം]
“സകലവും അവന്റെ കൺമുമ്പിൽ നഗ്നവും അനാവൃതവുമായി കിടക്കുന്നു; അവനോടത്രേ നാം കണക്കുബോധിപ്പിക്കേണ്ടത്.”
അധ്യാപകരുടെ കണ്ണുവെട്ടിച്ച് പരീക്ഷയിൽ കൃത്രിമം കാണിക്കാനായേക്കും; എന്നാൽ ദൈവമുമ്പാകെ സത്യസന്ധരായിരിക്കാൻ നാം ആഗ്രഹിക്കുന്നു
[20-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
‘അദൃശ്യ’ മോഷണം
നിങ്ങളുടെ ഒരു സുഹൃത്ത് ഏറ്റവും പുതിയ ഒരു കമ്പ്യൂട്ടർ പ്രോഗ്രാം വാങ്ങി; അത്തരമൊന്നു കിട്ടിയാൽ കൊള്ളാമെന്നുണ്ട് നിങ്ങൾക്ക്. പണംമുടക്കില്ലാതെ അതു സ്വന്തമാക്കാനുള്ള മാർഗം സുഹൃത്ത് നിർദേശിക്കുന്നു: അതിന്റെ ഒരു കോപ്പി എടുക്കുക. അതു വഞ്ചനയുടെ ഗണത്തിൽപ്പെടുത്താനാകുമോ?
കമ്പ്യൂട്ടർ പ്രോഗ്രാം വാങ്ങുന്നവർ, അതിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ അനുസരിച്ചുകൊള്ളാമെന്ന് സമ്മതിക്കുന്നുണ്ട്. അതനുസരിച്ച് സാധാരണഗതിയിൽ ആ പ്രോഗ്രാം ഒരു കമ്പ്യൂട്ടറിൽമാത്രം ഇൻസ്റ്റാൾ ചെയ്യാനേ അനുവാദം ഉണ്ടായിരിക്കുകയുള്ളൂ. ആ സ്ഥിതിക്ക് പ്രസ്‌തുത പ്രോഗ്രാം കോപ്പി ചെയ്യുന്നത് പകർപ്പവകാശത്തിന്റെ ലംഘനവും നിയമവിരുദ്ധവുമായിരിക്കും. (റോമർ 13:4) അത് മോഷണമാണ്; കാരണം അതിന്റെ പകർപ്പവകാശം ഉള്ളയാൾക്ക് ലഭിക്കേണ്ട പണമാണ് അതിലൂടെ നിഷേധിക്കപ്പെടുന്നത്.—എഫെസ്യർ 4:28.
‘ആരും ഒരിക്കലും ഇതറിയാൻ പോകുന്നില്ല’ എന്ന് ചിലർ ചിന്തിച്ചേക്കാം. അതു ചിലപ്പോൾ ശരിയായിരിക്കും. എന്നാൽ യേശുവിന്റെ പിൻവരുന്ന വാക്കുകൾ ശ്രദ്ധിക്കുക: “ആകയാൽ മറ്റുള്ളവർ നിങ്ങൾക്കു ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതൊക്കെയും നിങ്ങൾ അവർക്കും ചെയ്യുവിൻ.” (മത്തായി 7:12) ചെയ്യുന്ന ജോലിക്ക് അർഹമായ പ്രതിഫലം ലഭിക്കാനും മറ്റുള്ളവർ നമ്മുടെ വസ്‌തുവകകൾ ദുരുപയോഗം ചെയ്യാതിരിക്കാനും നാമെല്ലാം ആഗ്രഹിക്കുന്നുണ്ട്. അതേ പരിഗണന നാം മറ്റുള്ളവരോടും കാണിക്കണം. പണം നൽകാതെ ബൗദ്ധിക സ്വത്ത് * സ്വന്തമാക്കുന്നതുപോലുള്ള ‘അദൃശ്യ’ മോഷണങ്ങൾ നാം ഒഴിവാക്കണമെന്നു സാരം.—പുറപ്പാടു 22:7-9.
[അടിക്കുറിപ്പ്]
^ ഖ. 40 പകർപ്പവകാശമുള്ള കമ്പ്യൂട്ടർ പ്രോഗ്രാമുകൾ, സംഗീതം, പുസ്‌തകങ്ങൾ—അച്ചടിച്ചതോ ഇലക്‌ട്രോണിക് രൂപത്തിലുള്ളതോ—എന്നിവയെല്ലാം ബൗദ്ധിക സ്വത്തിൽ ഉൾപ്പെടുന്നു. വ്യാപാരമുദ്ര, നിർമാണ-വ്യാപാര അവകാശം, കച്ചവടരഹസ്യം, പ്രചാരണ അവകാശം എന്നിവയെല്ലാം ഇതിൽപ്പെടുന്നു.