വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പിശാച്‌ ഉണ്ടോ?

പിശാച്‌ ഉണ്ടോ?

വായനക്കാർ ചോദിക്കുന്നു

പിശാച്‌ ഉണ്ടോ?

ഉണ്ട്‌. പിശാചായ സാത്താൻ ഒരു യഥാർഥ വ്യക്തിയാണെന്നാണ്‌ ബൈബിൾ പഠിപ്പിക്കുന്നത്‌. എന്നാൽ ബൈബിളിന്റെ വിമർശകർ ഈ ആശയത്തെ പുച്ഛിച്ചുതള്ളുന്നു. അവരുടെ അഭിപ്രായത്തിൽ സാത്താൻ, മനുഷ്യന്റെ ഉള്ളിൽ കുടികൊള്ളുന്ന തിന്മമാത്രമാണ്‌.

സാത്താനെക്കുറിച്ച്‌ ആളുകളുടെ മനസ്സിൽ ഇങ്ങനെയൊരു ആശയക്കുഴപ്പം ഉണ്ടായതിൽ അതിശയിക്കാനൊന്നുമില്ല. എന്തുകൊണ്ട്‌? ഇതു മനസ്സിലാക്കാൻ ഒരു ദൃഷ്ടാന്തം നോക്കാം: കുറ്റവാളികൾ ഒരു കൃത്യം ചെയ്‌തശേഷം തങ്ങളുടെ വിരലടയാളം മായ്‌ച്ചുകളയും. അങ്ങനെ അവർക്ക്‌ ഒളിഞ്ഞിരുന്ന്‌, പിടിക്കപ്പെടാതെ തുടർന്നും കുറ്റകൃത്യങ്ങൾ ചെയ്യാനാകും. സാത്താനും അതിവിദഗ്‌ധനായ ഒരു ക്രിമിനലാണ്‌. തിരശ്ശീലയ്‌ക്കു പിന്നിലിരുന്നുകൊണ്ട്‌ അധാർമിക ചെയ്‌തികളെ പ്രോത്സാഹിപ്പിക്കുന്നവനാണവൻ. മനുഷ്യർക്കിടയിൽ നിലനിൽക്കുന്ന അധമത്വത്തിന്‌ കാരണക്കാരൻ സാത്താനാണെന്ന്‌ യേശു വ്യക്തമായി തിരിച്ചറിയിച്ചു. “ഈ ലോകത്തിന്റെ അധിപതി” എന്നാണ്‌ യേശു സാത്താനെ വിശേഷിപ്പിച്ചത്‌.—യോഹന്നാൻ 12:31.

പിശാചിന്റെ ഉത്ഭവം എങ്ങനെയായിരുന്നു? സ്വർഗത്തിൽ പൂർണനായ ഒരു ആത്മരൂപിയായിട്ടാണ്‌ ദൈവം അവനെ സൃഷ്ടിച്ചത്‌. എന്നാൽ പിന്നീട്‌, മനുഷ്യരുടെ ആരാധന തനിക്കു ലഭിക്കണമെന്ന മോഹം അവനെ പിടികൂടി. അങ്ങനെ ഈ ദൈവദൂതൻ ദൈവത്തോടു മത്സരിച്ച്‌ സ്വയം പിശാചായിത്തീർന്നു. സാത്താന്റെ ഈ സ്വാർഥമോഹം അവനും യേശുവും തമ്മിലുള്ള ഒരു സംഭാഷണത്തിൽനിന്ന്‌ വെളിവാകുന്നുണ്ട്‌. ആ വിവരണം ബൈബിളിലുണ്ട്‌. യേശുവിനെക്കൊണ്ട്‌ തന്നെ ആരാധിപ്പിക്കാൻ അവൻ കിണഞ്ഞു ശ്രമിക്കുന്നത്‌ അവിടെ കാണാം.—മത്തായി 4:8, 9.

ഇയ്യോബിന്റെ പുസ്‌തകത്തിൽ കാണുന്നതുപോലെ, ദൈവത്തോടു സംസാരിക്കുമ്പോഴും സാത്താന്റെ ഉള്ളിലിരുപ്പ്‌ വെളിപ്പെടുന്നുണ്ട്‌. മനുഷ്യരെക്കൊണ്ട്‌ ദൈവത്തെ തള്ളിപ്പറയിക്കാൻ അവൻ ഏതു മാർഗവും സ്വീകരിക്കും.—ഇയ്യോബ്‌ 1:13-19; 2:7, 8.

ചിന്തിക്കുക: സാത്താൻ യഹോവയാം ദൈവത്തോടും യേശുക്രിസ്‌തുവിനോടും സംസാരിച്ചെങ്കിൽ, ആളുകളുടെ ഉള്ളിലുള്ള തിന്മയാണ്‌ സാത്താൻ എന്ന്‌ പറയാൻ കഴിയുമോ? ദൈവത്തിലോ അവന്റെ പുത്രനിലോ തിന്മയുടെ ഒരു കണികപോലുമില്ല. അതുകൊണ്ട്‌, സാത്താൻ ഒരു യഥാർഥ വ്യക്തിതന്നെയാണ്‌. അതെ, യഹോവയോടോ യേശുവിനോടോ യാതൊരു ആദരവുമില്ലാത്ത ദുഷ്ടനായ ഒരു ആത്മരൂപിയാണ്‌ സാത്താൻ.

ലോകത്തിൽ നിലനിൽക്കുന്ന ദുഷിച്ച അവസ്ഥ, പിശാചുണ്ട്‌ എന്നതിന്റെ വ്യക്തമായ തെളിവാണ്‌. ഒരുവശത്ത്‌ ജനസഹസ്രങ്ങൾ പട്ടിണി കിടക്കുമ്പോൾ മറുവശത്ത്‌ ചില രാജ്യങ്ങൾ പൂതലിച്ച ഭക്ഷ്യവസ്‌തുക്കൾ കടലിൽക്കൊണ്ടുപോയി തള്ളുന്നു. പരസ്‌പരം സംഹരിക്കുന്നതിനായി ലോകരാഷ്‌ട്രങ്ങൾ കൂട്ടനശീകരണത്തിനുള്ള ആയുധങ്ങൾ ശേഖരിച്ചുവെക്കുന്നു. ഭൂമിയുടെ അന്തരീക്ഷം മനുഷ്യൻ വിഷലിപ്‌തമാക്കുന്നു. വിനാശകമായ ഈ അവസ്ഥ കാണാനാകാത്തവിധം പലരും അന്ധതയിൽ കഴിയുന്നുവെന്നതാണ്‌ ഏറ്റവും രസകരം. എന്താണ്‌ ഇതിനു കാരണം?

സാത്താൻ “അവിശ്വാസികളുടെ മനസ്സ്‌ അന്ധമാക്കിയിരിക്കുന്നു” എന്ന്‌ ബൈബിൾ വെളിപ്പെടുത്തുന്നു. (2 കൊരിന്ത്യർ 4:4) മനുഷ്യരെക്കൊണ്ട്‌ തന്റെ ഇഷ്ടത്തിനൊത്ത്‌ കാര്യങ്ങൾ ചെയ്യിക്കാൻ സാത്താൻ അദൃശ്യമായ ഒരു സംഘടനയെ ഉപയോഗിക്കുന്നുണ്ട്‌. അവൻ “ഭൂതങ്ങളുടെ അധിപ”നാണ്‌. (മത്തായി 12:24) ഈ ദുഷ്ടദൂതന്മാരുടെ ഗൂഢസംഘത്തെ ഉപയോഗിച്ചുകൊണ്ടാണ്‌ അവൻ ജനസമൂഹങ്ങളെ നിയന്ത്രിക്കുന്നത്‌. മറഞ്ഞിരുന്നുകൊണ്ട്‌ തന്റെ സാമ്രാജ്യത്തെ ഭരിക്കുന്ന ഒരു അധോലോകനായകനെപ്പോലെയാണ്‌ അവൻ. അവനാണ്‌ എല്ലാറ്റിന്റെയും ചരടുവലിക്കുന്നതെന്ന്‌ അവന്റെ നിയന്ത്രണത്തിലുള്ള ആളുകൾപോലും തിരിച്ചറിയുന്നില്ല.

എന്നാൽ പിശാചിനെയും അവന്റെ ഗൂഢസംഘത്തെയും ബൈബിൾ നമുക്ക്‌ മറനീക്കി കാണിച്ചുതന്നിരിക്കുന്നു! അതുകൊണ്ടുതന്നെ പിശാചിന്റെ സ്വാധീനത്തെ ചെറുക്കാൻ ആവശ്യമായ നടപടികൾ നമുക്ക്‌ കൈക്കൊള്ളാനാകും. ബൈബിൾ നമ്മോടു പറയുന്നു: “നിങ്ങൾ ദൈവത്തിനു കീഴ്‌പെടുവിൻ. പിശാചിനോട്‌ എതിർത്തുനിൽക്കുവിൻ; എന്നാൽ അവൻ നിങ്ങളെ വിട്ട്‌ ഓടിപ്പോകും.”—യാക്കോബ്‌ 4:7.