യേശു അനുസരണം പഠിച്ചു
മക്കളെ പഠിപ്പിക്കാൻ
യേശു അനുസരണം പഠിച്ചു
അനുസരിക്കാൻ നിങ്ങൾക്ക് ചിലപ്പോൾ ബുദ്ധിമുട്ടു തോന്നാറുണ്ടോ?— * എല്ലാവർക്കും ചിലപ്പോഴൊക്കെ അങ്ങനെ തോന്നാറുണ്ട്. യേശുവിനുപോലും തോന്നിയിട്ടുണ്ട്. അക്കാര്യം അറിയാമായിരുന്നോ?—
കുട്ടികൾ ആരെയാണ് അനുസരിക്കേണ്ടത്?— ശരിയാണ്, അച്ഛനെയും അമ്മയെയും. “മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിക്കുവിൻ” എന്ന് ബൈബിൾ ആവശ്യപ്പെടുന്നു. (എഫെസ്യർ 6:1) യേശുവിന്റെ പിതാവ് ആരാണ്?— യഹോവയാം ദൈവം. യഹോവ നമ്മുടെയും പിതാവാണ്. (മത്തായി 6:9, 10) ഇനി, യോസേഫ് യേശുവിന്റെ പിതാവാണെന്നു പറഞ്ഞാൽ അതും തെറ്റല്ല. ആകട്ടെ, യോസേഫും മറിയയും യേശുവിന്റെ മാതാപിതാക്കളായത് എങ്ങനെയാണെന്ന് അറിയാമോ?—
ഗബ്രിയേൽ ദൂതൻ മറിയയുടെ അടുക്കൽവന്ന് അവൾ കന്യകയാണെങ്കിലും അവൾക്കൊരു മകൻ ജനിക്കുമെന്നു പറഞ്ഞു. യഹോവ ചെയ്‌ത വലിയൊരു അത്ഭുതമായിരുന്നു അത്. അതേക്കുറിച്ച് ഗബ്രിയേൽ ദൂതൻ മറിയയോട് ഇങ്ങനെയാണ് പറഞ്ഞത്: “പരിശുദ്ധാത്മാവ് നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും. ആകയാൽ ജനിക്കാനിരിക്കുന്ന ശിശു വിശുദ്ധനെന്ന്, ദൈവത്തിന്റെ പുത്രനെന്ന് വിളിക്കപ്പെടും.”—ലൂക്കോസ് 1:30-35.
ദൈവം തന്റെ പുത്രന്റെ ജീവൻ സ്വർഗത്തിൽനിന്ന് മറിയയുടെ ഉള്ളിലേക്കു മാറ്റി. ആ ജീവൻ മറിയയുടെ ഉള്ളിൽ വളർന്നുകൊണ്ടിരുന്നു, മറ്റു കുഞ്ഞുങ്ങൾ അവരുടെ അമ്മമാരുടെ വയറ്റിൽ വളരുന്നതുപോലെ. ഏതാണ്ട് ഒമ്പതുമാസം കഴിഞ്ഞപ്പോൾ യേശു ജനിച്ചു. അതിനിടെ യോസേഫ് മറിയയെ വിവാഹം ചെയ്‌തിരുന്നു. അതുകൊണ്ട് യോസേഫാണ് യേശുവിന്റെ അപ്പൻ എന്ന് മിക്ക ആളുകളും വിചാരിച്ചു. ശരിക്കും പറഞ്ഞാൽ, യോസേഫ് യേശുവിന്റെ വളർത്തപ്പനായിരുന്നു. അങ്ങനെ, യേശുവിന് രണ്ടുപിതാക്കന്മാർ ഉണ്ടായിരുന്നുവെന്ന് പറയാം.
യേശുവിന് വെറും 12 വയസ്സുള്ളപ്പോൾ ഒരു സംഭവമുണ്ടായി. തന്റെ സ്വർഗീയ പിതാവായ യഹോവയെ അവൻ സ്‌നേഹിച്ചിരുന്നു എന്ന് കാണിക്കുന്നതായിരുന്നു ആ സംഭവം. അന്നൊരിക്കൽ, യേശുവിന്റെ കുടുംബം പതിവുപോലെ യെരുശലേമിൽ പെസഹാ ആഘോഷിക്കാൻ പോയി. നീണ്ട ഒരു യാത്രയായിരുന്നു അത്. പിന്നീട്, പെസഹാ കഴിഞ്ഞ് നസറെത്തിലേക്ക് തിരിച്ചുപോകുമ്പോൾ യേശു കൂടെയുണ്ടോ എന്നു നോക്കാൻ യോസേഫും മറിയയും മറന്നുപോയി. അത് എങ്ങനെ സംഭവിച്ചു എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്, അല്ലേ?—
യോസേഫിനും മറിയയ്‌ക്കും വേറെയും മക്കൾ ഉണ്ടായിരുന്നു. (മത്തായി 13:55, 56) അവരോടൊപ്പം ചില ബന്ധുക്കളും യാത്ര ചെയ്‌തിരിക്കാനിടയുണ്ട്--യാക്കോബ്, യോഹന്നാൻ, അവരുടെ അപ്പനായ സെബെദി, അമ്മ ശലോമി തുടങ്ങിയവർ. ശലോമി ഒരുപക്ഷേ മറിയയുടെ സഹോദരിയായിരിക്കാം. എന്തായാലും, യേശു ഇവരിലാരുടെയെങ്കിലുംകൂടെ കാണുമെന്ന് മറിയ വിചാരിച്ചിരിക്കണം.—മത്തായി 27:56; മർക്കോസ് 15:40; യോഹന്നാൻ 19:25.
യേശു കൂടെയില്ലെന്ന് മനസ്സിലായ ഉടനെ യോസേഫും മറിയയും യെരുശലേമിലേക്കു തിരിച്ചു. വെപ്രാളത്തോടെ അവർ മകനെ തിരഞ്ഞുകൊണ്ടിരുന്നു. മൂന്നാം ദിവസം അവർ അവനെ ദേവാലയത്തിൽ കണ്ടെത്തി. മറിയ യേശുവിനോടു പറഞ്ഞു: “മകനേ, നീ ഈ ചെയ്‌തതെന്ത്? നിന്റെ അപ്പനും ഞാനും വേവലാതിയോടെ നിന്നെ തിരയുകയായിരുന്നു.” അപ്പോൾ യേശു അവരോട് ഇങ്ങനെ ചോദിച്ചു: “നിങ്ങൾ എന്നെ അന്വേഷിച്ചത് എന്തിന്? ഞാൻ എന്റെ പിതാവിന്റെ ഭവനത്തിൽ ആയിരിക്കേണ്ടതാണെന്നു നിങ്ങൾക്ക് അറിയില്ലയോ?”—ലൂക്കോസ് 2:45-50.
യേശു അമ്മയോട് അങ്ങനെ പറഞ്ഞത് തെറ്റായിപ്പോയോ?സങ്കീർത്തനം 122:1) അതുകൊണ്ട്, തന്നെ കാണാതായപ്പോൾ അവർ ആദ്യം അന്വേഷിക്കേണ്ടത് ദൈവത്തിന്റെ ആലയത്തിലാണെന്ന് യേശു കരുതിയതിൽ എന്തെങ്കിലും തെറ്റുണ്ടോ?-- പിന്നീട്, യേശു ആ പറഞ്ഞതിനെപ്പറ്റി മറിയ ചിന്തിക്കുകയുണ്ടായി.
— ദേവാലയത്തിൽ പോയി ദൈവത്തെ ആരാധിക്കുന്നത് യേശുവിന് വലിയ ഇഷ്ടമായിരുന്നു എന്ന കാര്യം അവന്റെ മാതാപിതാക്കൾക്ക് അറിയാമായിരുന്നു. (യേശു യോസേഫിനോടും മറിയയോടും എങ്ങനെയാണ് പെരുമാറിയിരുന്നത്?— “(യേശു) അവരോടുകൂടെ പോയി നസറെത്തിൽ ചെന്ന് അവർക്കു കീഴ്‌പെട്ടിരുന്നു” എന്ന് ബൈബിൾ പറയുന്നു. (ലൂക്കോസ് 2:51, 52) യേശുവിന്റെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?— യേശുവിനെപ്പോലെ നമ്മളും നമ്മുടെ അച്ഛനമ്മമാരെ അനുസരിക്കണം.
എന്നാൽ അനുസരണം കാണിക്കാൻ യേശുവിന് ചിലപ്പോൾ ബുദ്ധിമുട്ടു തോന്നിയിട്ടുണ്ട്, തന്റെ സ്വർഗീയ പിതാവിനെ അനുസരിക്കാൻപോലും.
മരിക്കുന്നതിന്റെ തലേ രാത്രി യേശു യഹോവയോട് ഒരു കാര്യം യാചിച്ചു, ദൈവം തന്നോട് ആവശ്യപ്പെട്ടിരിക്കുന്ന കാര്യം ഒഴിവാക്കിത്തരേണമേ എന്ന്. (ലൂക്കോസ് 22:42) എന്നാൽ യേശു ദൈവത്തെ അനുസരിച്ചു, അത് എളുപ്പമല്ലാതിരുന്നിട്ടുകൂടി. “താൻ സഹിച്ച കഷ്ടങ്ങളാൽ അവൻ അനുസരണം പഠിച്ചു” എന്ന് ബൈബിൾ പറയുന്നു. (എബ്രായർ 5:8) യേശുവിനെപ്പോലെ അനുസരണം പഠിക്കാൻ നമുക്കും കഴിയുമോ?—
[അടിക്കുറിപ്പ്]
^ ഖ. 3 നിങ്ങൾ കുട്ടിക്കു വായിച്ചുകൊടുക്കുകയാണെങ്കിൽ ചോദ്യച്ചിഹ്നത്തിനുശേഷം നെടുവര വരുന്നിടത്തു നിറുത്താൻ ഓർമിക്കുക. എന്നിട്ട്, അഭിപ്രായം പറയാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.
ചോദ്യങ്ങൾ:
▪ മറിയ യേശുവിന്റെ അമ്മയായത് എങ്ങനെ? യേശുവിന് രണ്ടുപിതാക്കന്മാർ ഉണ്ടായിരുന്നു എന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
▪ യേശു കൂടെയില്ലെന്ന കാര്യം അവന്റെ മാതാപിതാക്കൾ അറിയാതെ പോയത് എന്തുകൊണ്ട്?
▪ അപ്പനും അമ്മയും തന്നെ എവിടെ അന്വേഷിക്കാനാണ് യേശു പ്രതീക്ഷിച്ചത്?
▪ യേശുവിന്റെ മാതൃകയിൽനിന്ന് നിങ്ങൾ എന്തു പഠിച്ചു?
[31-ാം പേജിലെ ചിത്രം]
യേശുവിനെ കാണാതായപ്പോൾ യോസേഫും മറിയയും അവനെ ദേവാലയത്തിൽ അന്വേഷിക്കണമായിരുന്നു; എന്തുകൊണ്ട്?