പഠനലേഖനം 11
ഗീതം 57 എല്ലാ തരം ആളുകളോടും പ്രസംഗിക്കുന്നു
ശുശ്രൂഷയിലുള്ള യേശുവിന്റെ തീക്ഷ്ണത അനുകരിക്കുക
“കർത്താവ് . . . ഈരണ്ടു പേരെ വീതം താൻ പോകാനിരുന്ന നഗരങ്ങളിലേക്കും സ്ഥലങ്ങളിലേക്കും തനിക്കു മുമ്പേ അയച്ചു.”—ലൂക്കോസ് 10:1.
ഉദ്ദേശ്യം
ശുശ്രൂഷയിലുള്ള യേശുവിന്റെ തീക്ഷ്ണത അനുകരിക്കാൻ കഴിയുന്ന നാലു വിധങ്ങൾ കാണും.
1. യഹോവയുടെ ആരാധകരെ ലോകത്തുള്ളവരിൽനിന്ന് വ്യത്യസ്തരാക്കുന്ന ഒരു ഗുണം ഏതാണ്?
യഹോവയുടെ ആരാധകരെ ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരിൽനിന്ന് വ്യത്യസ്തരാക്കുന്ന ഒരു കാര്യമാണു ശുശ്രൂഷയിലുള്ള അവരുടെ തീക്ഷ്ണത. (തീത്തോ. 2:14) എന്നാൽ ഇടയ്ക്കൊക്കെ നമുക്കു ശുശ്രൂഷയിൽ അത്ര ഉത്സാഹം തോന്നണമെന്നില്ല. സഭയ്ക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഒരു മൂപ്പൻ പറഞ്ഞതുപോലെ നിങ്ങൾക്കും തോന്നിയേക്കാം: “ചില സമയത്ത് എനിക്കു പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടാനുള്ള ആഗ്രഹമേ തോന്നാറില്ല.”
2. പ്രസംഗപ്രവർത്തനത്തിലുള്ള തീക്ഷ്ണത നിലനിറുത്താൻ നമുക്കു ചിലപ്പോൾ ബുദ്ധിമുട്ട് തോന്നിയേക്കാവുന്നത് എന്തുകൊണ്ട്?
2 പ്രസംഗപ്രവർത്തനത്തിനു പോകുന്നതിനെക്കാൾ വിശുദ്ധസേവനത്തിന്റെ മറ്റു മേഖലകളിൽ ഏർപ്പെടാനായിരിക്കാം നമുക്കു കൂടുതൽ ആവേശം തോന്നുന്നത്. എന്തുകൊണ്ട്? ദിവ്യാധിപത്യനിർമാണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുമ്പോഴോ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴോ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോഴോ ഒക്കെ പെട്ടെന്ന് ഫലം കിട്ടുന്നതുകൊണ്ട് നമുക്കു സന്തോഷം തോന്നിയേക്കാം. അതുപോലെ, സഹോദരങ്ങളോടൊപ്പം പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന സമാധാനവും സ്നേഹവും നിറഞ്ഞ അന്തരീക്ഷവും നമ്മൾ ആസ്വദിക്കുന്നു. നമ്മൾ അവർക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങളൊക്കെ അവർ വിലമതിക്കുന്നുണ്ടെന്നും നമുക്ക് അറിയാം. എന്നാൽ പ്രസംഗപ്രവർത്തനത്തിന്റെ കാര്യമോ? പ്രതികരണം തീരെ കുറവുള്ള ഒരു പ്രദേശത്ത് നമ്മൾ വർഷങ്ങളായി പ്രസംഗിക്കുകയായിരിക്കാം. അല്ലെങ്കിൽ കണ്ടുമുട്ടുന്ന ആളുകൾ നമ്മുടെ സന്ദേശം തള്ളിക്കളഞ്ഞേക്കാം. ഇനി, അവസാനത്തോട് അടുക്കുന്തോറും ആളുകൾ നമ്മുടെ സന്ദേശത്തെ എതിർക്കുമെന്നും നമുക്ക് അറിയാം. (മത്താ. 10:22) എന്നാൽ പ്രസംഗപ്രവർത്തനത്തിലുള്ള നമ്മുടെ തീക്ഷ്ണത നിലനിറുത്താനും വർധിപ്പിക്കാനും നമ്മളെ എന്തു സഹായിക്കും?
3. ലൂക്കോസ് 13:6-9-ലെ ദൃഷ്ടാന്തം യേശുവിന്റെ തീക്ഷ്ണത കാണിക്കുന്നത് എങ്ങനെ?
3 പ്രസംഗപ്രവർത്തനത്തിലെ തീക്ഷ്ണതയെക്കുറിച്ച് യേശുവിന്റെ മാതൃകയിൽനിന്ന് നമുക്കു പഠിക്കാനുണ്ട്. ശുശ്രൂഷയിലുടനീളം യേശു ഒരിക്കലും ഉത്സാഹം കൈവിട്ടില്ല. പകരം സമയം കടന്നുപോകുന്നതനുസരിച്ച് യേശു കൂടുതൽ പ്രവർത്തിക്കുകയാണു ചെയ്തത്. (ലൂക്കോസ് 13:6-9 വായിക്കുക.) യേശുവിന്റെ ദൃഷ്ടാന്തത്തിൽ കാണുന്ന മുന്തിരിത്തോട്ടത്തിലെ പണിക്കാരൻ മൂന്നു വർഷത്തോളം ഒരു ഫലവും തരാത്ത അത്തിമരം പരിപാലിച്ചതുപോലെ യേശു ഏതാണ്ട് മൂന്നു വർഷത്തോളം ജൂതന്മാരോടു പ്രസംഗിച്ചു. അവരിൽ മിക്കവരുംതന്നെ പ്രതികരണം ഇല്ലാത്തവരായിരുന്നു. എങ്കിലും ആ പണിക്കാരൻ അത്തിമരത്തെക്കുറിച്ചുള്ള പ്രതീക്ഷ കൈവിടാതിരുന്നതുപോലെ യേശുവും ആ ആളുകളിലുള്ള പ്രതീക്ഷ കൈവിടുകയോ ശുശ്രൂഷയിൽ തണുത്തുപോകുകയോ ചെയ്തില്ല. പകരം ആളുകളുടെ ഹൃദയത്തിൽ എത്താനുള്ള ശ്രമം യേശു കൂടുതൽ ഊർജിതമാക്കുകയാണു ചെയ്തത്.
4. യേശുവിന്റെ മാതൃകയിൽനിന്ന് പഠിക്കാനാകുന്ന നാലു കാര്യങ്ങൾ ഏതൊക്കെയാണ്?
4 ഈ ലേഖനത്തിൽ യേശു എങ്ങനെയാണു തീക്ഷ്ണത കാണിച്ചതെന്ന്, പ്രത്യേകിച്ചും ഭൂമിയിലെ തന്റെ ശുശ്രൂഷയുടെ അവസാനത്തെ ആറുമാസം എങ്ങനെയാണു തീക്ഷ്ണത കാണിച്ചതെന്ന്, നമ്മൾ ചർച്ച ചെയ്യും. (ലൂക്കോസ് 10:1-ലെ “ഇതിനുശേഷം” എന്ന പഠനക്കുറിപ്പു കാണുക.) യേശു പഠിപ്പിച്ച കാര്യങ്ങൾ പഠിക്കുകയും യേശു ചെയ്ത കാര്യങ്ങൾ അനുകരിക്കുകയും ചെയ്യുന്നതു ശുശ്രൂഷയിൽ തീക്ഷ്ണതയുള്ളവരായിരിക്കാൻ നമ്മളെ സഹായിക്കും. യേശുവിൽനിന്ന് പഠിക്കാനാകുന്ന നാലു കാര്യങ്ങൾ നമുക്ക് ഇനി നോക്കാം: (1) യേശു യഹോവയുടെ ഇഷ്ടത്തിന് ഏറ്റവും പ്രാധാന്യം കൊടുത്തു. (2) ബൈബിൾപ്രവചനങ്ങൾക്ക് അടുത്ത ശ്രദ്ധ കൊടുത്തു. (3) സഹായത്തിനായി യഹോവയിൽ ആശ്രയിച്ചു. (4) ആളുകൾ ശ്രദ്ധിക്കുമെന്ന പ്രതീക്ഷ നിലനിറുത്തി.
യേശു യഹോവയുടെ ഇഷ്ടത്തിന് ഏറ്റവും പ്രാധാന്യം കൊടുത്തു
5. ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതാണു തന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനമെന്നു യേശു കാണിച്ചത് എങ്ങനെയാണ്?
5 യേശു തീക്ഷ്ണതയോടെ “ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത” പ്രസംഗിച്ചു. താൻ ചെയ്യാൻ ദൈവം ആഗ്രഹിച്ചത് അതാണെന്നു യേശുവിന് അറിയാമായിരുന്നു. (ലൂക്കോ. 4:43) പ്രസംഗപ്രവർത്തനത്തിനായിരുന്നു യേശു ജീവിതത്തിൽ ഏറ്റവും പ്രാധാന്യം കൊടുത്തത്. ഭൂമിയിലെ തന്റെ ശുശ്രൂഷയുടെ അവസാനനാളുകളിൽപ്പോലും യേശു “നഗരംതോറും ഗ്രാമംതോറും ചെന്ന്” ആളുകളെ പഠിപ്പിച്ചു. (ലൂക്കോ. 13:22) അതുപോലെ പ്രസംഗപ്രവർത്തനത്തിനുവേണ്ടി യേശു കൂടുതൽ ശിഷ്യന്മാരെ പരിശീലിപ്പിക്കുകയും ചെയ്തു.—ലൂക്കോ. 10:1.
6. മറ്റു നിയമനങ്ങളോടുള്ള താരതമ്യത്തിൽ പ്രസംഗപ്രവർത്തനത്തിന് എത്രത്തോളം പ്രാധാന്യമുണ്ട്? (ചിത്രവും കാണുക.)
6 ഇന്നും നമ്മൾ പ്രസംഗപ്രവർത്തനത്തിന് ഏറ്റവും പ്രാധാന്യം കൊടുക്കാൻ യഹോവയും യേശുവും ആഗ്രഹിക്കുന്നു. (മത്താ. 24:14; 28:19, 20) പ്രസംഗപ്രവർത്തനത്തിന്, നമ്മൾ ചെയ്യുന്ന മറ്റു ദിവ്യാധിപത്യനിയമനങ്ങളുമായി നേരിട്ട് ബന്ധമുണ്ട്. ഉദാഹരണത്തിന്, നമ്മൾ ദിവ്യാധിപത്യ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ നിർമിക്കുന്നതും ബഥേലിൽ സേവിക്കുന്നതും വയലിലെ ആവശ്യങ്ങളെ പിന്തുണയ്ക്കാൻവേണ്ടിയാണ്. ഇനി, നമ്മൾ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതു സഹോദരങ്ങൾക്ക് ഭൗതികസഹായം കൊടുക്കാൻ മാത്രമല്ല ശുശ്രൂഷ ഉൾപ്പെടെയുള്ള അവരുടെ ആത്മീയപ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സഹായിക്കുന്നതിനും ആണ്. പ്രസംഗപ്രവർത്തനത്തിന്റെ പ്രാധാന്യം തിരിച്ചറിയുകയും നമ്മൾ ചെയ്യാൻ യഹോവ ആഗ്രഹിക്കുന്ന പ്രധാനപ്പെട്ട വേല അതാണെന്നു മനസ്സിലാക്കുകയും ചെയ്യുമ്പോൾ ക്രമമായി ശുശ്രൂഷയിൽ ഏർപ്പെടാനുള്ള നമ്മുടെ ആഗ്രഹം ശക്തമാകും. ഹംഗറിയിലെ ഒരു മൂപ്പനായ യാനോഷ് പറയുന്നു: “മറ്റൊരു ദിവ്യാധിപത്യപ്രവർത്തനവും പ്രസംഗപ്രവർത്തനത്തിനു പകരമാകില്ലെന്നു ഞാൻ എന്നെത്തന്നെ ഓർമിപ്പിക്കാറുണ്ട്. നമ്മൾ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട നിയമനം അതാണല്ലോ.”
നമ്മൾ ഇന്നു സന്തോഷവാർത്ത പ്രസംഗിക്കുന്നതിന് ഏറ്റവും പ്രാധാന്യം കൊടുക്കണമെന്നാണ് യഹോവയും യേശുവും ആഗ്രഹിക്കുന്നത് (6-ാം ഖണ്ഡിക കാണുക)
7. നമ്മൾ പ്രസംഗപ്രവർത്തനം ചെയ്തുകൊണ്ടിരിക്കാൻ യഹോവ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്? (1 തിമൊഥെയൊസ് 2:3, 4)
7 യഹോവ കാണുന്നതുപോലെ ആളുകളെ കാണുന്നതു ശുശ്രൂഷയിലുള്ള നമ്മുടെ തീക്ഷ്ണത കൂട്ടാൻ സഹായിക്കും. കഴിയുന്നത്ര ആളുകൾ സന്തോഷവാർത്ത കേൾക്കണമെന്നും അവർ സത്യം സ്വീകരിക്കണമെന്നും ആണ് ദൈവം ആഗ്രഹിക്കുന്നത്. (1 തിമൊഥെയൊസ് 2:3, 4 വായിക്കുക.) അതിനുവേണ്ടി, ആളുകളുടെ ജീവൻ രക്ഷിക്കുന്ന സന്ദേശം വൈദഗ്ധ്യത്തോടെ അറിയിക്കാൻ ദൈവം നമ്മളെ പരിശീലിപ്പിക്കുന്നു. ശിഷ്യരാക്കുക എന്ന ലക്ഷ്യത്തിൽ സംഭാഷണങ്ങൾ തുടങ്ങാൻ സഹായിക്കുന്ന ഒന്നാണ് സ്നേഹിക്കുക, ശിഷ്യരാക്കുക എന്ന ലഘുപത്രിക. ഇപ്പോൾ ആളുകൾ സത്യം സ്വീകരിച്ചില്ലെങ്കിലും മഹാകഷ്ടത അവസാനിക്കുന്നതിനു തൊട്ടുമുമ്പുവരെ അവർക്ക് അതിനുള്ള അവസരമുണ്ട്. നമ്മൾ ഇപ്പോൾ പറയുന്ന കാര്യങ്ങളായിരിക്കാം ഭാവിയിൽ നന്നായി പ്രതികരിക്കാൻ അവരെ സഹായിക്കുന്നത്. ഓർക്കുക: നമ്മൾ പ്രസംഗപ്രവർത്തനം ചെയ്തുകൊണ്ടിരുന്നാൽ മാത്രമേ അതു സാധിക്കൂ.
യേശു ബൈബിൾപ്രവചനങ്ങൾക്ക് അടുത്ത ശ്രദ്ധ കൊടുത്തു
8. സമയം ഏറ്റവും നന്നായി ഉപയോഗിക്കാൻ ഏതെല്ലാം ബൈബിൾപ്രവചനങ്ങൾ യേശുവിനെ സഹായിച്ചു?
8 ബൈബിൾപ്രവചനങ്ങൾ എങ്ങനെയാണു നിറവേറാൻ പോകുന്നത് എന്നതിനെക്കുറിച്ച് യേശുവിനു വ്യക്തമായ ബോധ്യമുണ്ടായിരുന്നു. ഭൂമിയിലെ തന്റെ ശുശ്രൂഷ വെറും മൂന്നര വർഷം മാത്രമേ നീണ്ടുനിൽക്കുകയുള്ളൂ എന്ന് യേശുവിന് അറിയാമായിരുന്നു. (ദാനി. 9:26, 27) അതുപോലെ താൻ എപ്പോൾ, എങ്ങനെ മരിക്കും എന്നതിനെക്കുറിച്ചുള്ള പ്രവചനങ്ങളും യേശുവിനു നന്നായി അറിയാമായിരുന്നു. (ലൂക്കോ. 18:31-34) തനിക്കുണ്ടായിരുന്ന ആ അറിവ് സമയം ഏറ്റവും നന്നായി ഉപയോഗിക്കാൻ യേശുവിനെ പ്രചോദിപ്പിച്ചു. അങ്ങനെ തീക്ഷ്ണതയോടെ പ്രസംഗിച്ചുകൊണ്ട് തന്നെ ഏൽപ്പിച്ച ജോലി യേശു ചെയ്തുതീർത്തു.
9. തീക്ഷ്ണതയോടെ പ്രസംഗിക്കാൻ ബൈബിൾപ്രവചനങ്ങൾ നമ്മളെ പ്രചോദിപ്പിക്കുന്നത് എങ്ങനെയാണ്?
9 ബൈബിൾപ്രവചനങ്ങളെക്കുറിച്ചുള്ള അറിവ് തീക്ഷ്ണതയോടെ പ്രസംഗപ്രവർത്തനം ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കുന്നു. ഈ വ്യവസ്ഥിതി ഇനി അൽപ്പകാലമേ ഉള്ളൂ എന്ന് നമുക്ക് അറിയാം. അവസാനനാളുകളെക്കുറിച്ച് ബൈബിളിൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിലാണ്, ഇന്നു നടക്കുന്ന സംഭവങ്ങളും ആളുകളുടെ മനോഭാവവും എന്നു നമ്മൾ മനസ്സിലാക്കുന്നു. ഈ “അവസാനകാലത്ത്” വടക്കേ രാജാവും തെക്കേ രാജാവും തമ്മിൽ ഏറ്റുമുട്ടും എന്ന് ബൈബിളിൽ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. തെക്കേ രാജാവായ ആംഗ്ലോ അമേരിക്കൻ ലോകശക്തിയും വടക്കേ രാജാവായ റഷ്യയും സഖ്യകക്ഷികളും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്നതു നമ്മൾ ഇന്നു കണ്ടുകൊണ്ടിരിക്കുന്നു. (ദാനി. 11:40) ഇനി, ദാനിയേൽ 2:43-45 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന പടുകൂറ്റൻ പ്രതിമയുടെ പാദങ്ങൾ അർഥമാക്കുന്നത് ആംഗ്ലോ അമേരിക്കൻ ലോകശക്തിയെയാണെന്നും നമ്മൾ മനസ്സിലാക്കുന്നു. ഈ പ്രവചനം സൂചിപ്പിക്കുന്നതുപോലെ ദൈവരാജ്യം പെട്ടെന്ന്, വളരെ പെട്ടെന്ന്, മനുഷ്യഗവൺമെന്റുകളെ ഇല്ലാതാക്കുമെന്നും നമ്മൾ വിശ്വസിക്കുന്നു. ഈ പ്രവചനങ്ങളിൽനിന്നെല്ലാം, കാലത്തിന്റെ നീരൊഴുക്കിൽ നമ്മൾ എവിടെയാണെന്നും എത്ര അടിയന്തിരതയോടെ പ്രസംഗപ്രവർത്തനം തുടരേണ്ടതുണ്ടെന്നും വ്യക്തമാകുന്നു.
10. ബൈബിൾപ്രവചനങ്ങൾ മറ്റ് ഏതെല്ലാം വിധങ്ങളിലാണു പ്രസംഗപ്രവർത്തനത്തിലുള്ള നമ്മുടെ തീക്ഷ്ണത കൂട്ടുന്നത്?
10 മറ്റുള്ളവരെ അറിയിക്കാൻ ആവേശം തോന്നുന്ന കാര്യങ്ങളും ബൈബിൾപ്രവചനങ്ങളിലുണ്ട്. ഡൊമിനിക്കൻ റിപ്പബ്ലിക്കിലുള്ള ക്യാരി സഹോദരി പറയുന്നു: “ഭാവിയെക്കുറിച്ചുള്ള യഹോവയുടെ ഹൃദയസ്പർശിയായ വാഗ്ദാനങ്ങൾ, മറ്റുള്ളവരോടു സത്യം അറിയിക്കാൻ എന്നെ പ്രചോദിപ്പിക്കുന്നു. ഇന്ന് ആളുകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ കാണുമ്പോൾ ഈ വാഗ്ദാനങ്ങൾ ഞാൻ മാത്രം അറിഞ്ഞാൽ പോരല്ലോ, മറ്റുള്ളവരും അറിയണം എന്ന് ഞാൻ ചിന്തിക്കും.” പ്രസംഗപ്രവർത്തനത്തിനു പിന്നിൽ യഹോവയാണെന്നു ചിന്തിച്ചുകൊണ്ട് മടുത്ത് പിന്മാറാതിരിക്കാൻ ബൈബിൾപ്രവചനങ്ങൾ നമ്മളെ സഹായിക്കുന്നു. ഹംഗറിയിൽ താമസിക്കുന്ന ലൈല സഹോദരി പറയുന്നു: “യശയ്യ 11:6-9 വരെയുള്ള പ്രവചനം കാണിക്കുന്നത് യഹോവയുടെ സഹായത്താൽ ആർക്കും മാറ്റം വരുത്താൻ കഴിയുമെന്നാണ്. സന്തോഷവാർത്ത സ്വീകരിക്കാൻ സാധ്യതയില്ല എന്നു നമുക്കു തോന്നുന്നവരോടുപോലും അത് അറിയിക്കാൻ ഈ വാക്യങ്ങൾ എന്നെ പ്രചോദിപ്പിക്കുന്നു.” സാംബിയയിൽനിന്നുള്ള ക്രിസ്റ്റഫർ സഹോദരൻ പറയുന്നു: “മർക്കോസ് 13:10-ൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതുപോലെ സന്തോഷവാർത്ത ഇന്നു ലോകമെങ്ങും പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്. ആ പ്രവചനം നിറവേറ്റുന്നതിൽ ഒരു പങ്കുണ്ടായിരിക്കുന്നതു വലിയ പദവിയായി ഞാൻ കാണുന്നു.” ഏതു ബൈബിൾപ്രവചനമാണു പ്രസംഗപ്രവർത്തനം തുടരാൻ നിങ്ങളെ പ്രചോദിപ്പിക്കുന്നത്?
യേശു സഹായത്തിനായി യഹോവയിൽ ആശ്രയിച്ചു
11. തീക്ഷ്ണതയോടെ പ്രസംഗിക്കാനുള്ള സഹായത്തിനായി യേശു യഹോവയിൽ ആശ്രയിക്കേണ്ടിയിരുന്നത് എന്തുകൊണ്ട്? (ലൂക്കോസ് 12:49, 53)
11 പ്രസംഗപ്രവർത്തനത്തിൽ തീക്ഷ്ണതയോടെ തുടരാനുള്ള സഹായത്തിനായി യേശു യഹോവയിൽ ആശ്രയിച്ചു. യേശു നയത്തോടെയാണു സംസാരിച്ചതെങ്കിലും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത ശക്തമായ എതിർപ്പുകൾക്കും പ്രശ്നങ്ങൾക്കും തിരികൊളുത്തും എന്നു യേശുവിന് അറിയാമായിരുന്നു. (ലൂക്കോസ് 12:49, 53 വായിക്കുക.) സന്തോഷവാർത്ത അറിയിച്ചതുകൊണ്ട് മതനേതാക്കന്മാർ പല തവണ യേശുവിനെ കൊല്ലാൻ ശ്രമിച്ചു. (യോഹ. 8:59; 10:31, 39) എന്നാൽ യഹോവ കൂടെയുണ്ട് എന്ന ഉറപ്പോടെ യേശു പ്രസംഗപ്രവർത്തനം തുടർന്നു. യേശു പറഞ്ഞു: “ഞാൻ തനിച്ചല്ല, എന്നെ അയച്ച പിതാവ് എന്റെകൂടെയുണ്ട്. . . . ഞാൻ എപ്പോഴും ആ വ്യക്തിക്ക് ഇഷ്ടമുള്ളതു ചെയ്യുന്നതുകൊണ്ട് അദ്ദേഹം എന്നെ ഒരിക്കലും തനിച്ചാക്കി പോയിട്ടില്ല.”—യോഹ. 8:16, 29.
12. എതിർപ്പുകൾ ഉണ്ടെങ്കിലും സന്തോഷവാർത്ത പ്രസംഗിക്കുന്നതിൽ തുടരാൻ യേശു ശിഷ്യന്മാരെ ഒരുക്കിയത് എങ്ങനെയാണ്?
12 സഹായത്തിനായി യഹോവയിൽ ആശ്രയിക്കാൻ കഴിയുമെന്നു യേശു തന്റെ ശിഷ്യന്മാരെ ഓർമിപ്പിച്ചു. ഉപദ്രവങ്ങൾ നേരിടുമ്പോൾപ്പോലും യഹോവ അവരെ സഹായിക്കുമെന്നു യേശു വീണ്ടുംവീണ്ടും അവർക്ക് ഉറപ്പു കൊടുത്തു. (മത്താ. 10:18-20; ലൂക്കോ. 12:11, 12) അതുപോലെ ജാഗ്രതയുള്ളവരായിരിക്കാൻ യേശു അവരെ ഓർമിപ്പിച്ചു. (മത്താ. 10:16; ലൂക്കോ. 10:3) ഇനി, സന്ദേശം കേൾക്കാൻ താത്പര്യമില്ലാത്തവരെ നിർബന്ധിക്കേണ്ടെന്നും അവരോടു പറഞ്ഞു. (ലൂക്കോ. 10:10, 11) ഉപദ്രവങ്ങൾ ഉണ്ടാകുകയാണെങ്കിൽ അവിടെനിന്ന് ഓടിപ്പോകാനും നിർദേശം കൊടുത്തു. (മത്താ. 10:23) തീക്ഷ്ണതയും യഹോവയിലുള്ള ആശ്രയവും ഉണ്ടായിരുന്നെങ്കിലും യേശു അനാവശ്യമായ അപകടങ്ങൾ ക്ഷണിച്ചുവരുത്തിയില്ല.—യോഹ. 11:53, 54.
13. യഹോവ നമ്മളെ സഹായിക്കുമെന്ന് ഉറപ്പുണ്ടായിരിക്കാനാകുന്നത് എന്തുകൊണ്ട്?
13 ഇന്നും എതിർപ്പുകൾ ഉണ്ടാകുമ്പോൾ തീക്ഷ്ണതയോടെ പ്രസംഗിക്കാൻ നമുക്ക് യഹോവയുടെ സഹായം വേണം. (വെളി. 12:17) യഹോവ സഹായിക്കുമെന്ന് ഉറപ്പോടെ പറയാനാകുന്നത് എന്തുകൊണ്ടാണ്? യോഹന്നാൻ 17-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ പ്രാർഥനയെക്കുറിച്ച് ചിന്തിക്കുക. അപ്പോസ്തലന്മാരെ കാത്തുകൊള്ളണമെന്ന് യേശു യഹോവയോട് അപേക്ഷിച്ചപ്പോൾ യഹോവ അതിന് ഉത്തരം കൊടുക്കുകയും ചെയ്തു. ഉപദ്രവങ്ങൾ ഉണ്ടായിരുന്നെങ്കിലും തീക്ഷ്ണതയോടെ പ്രസംഗിക്കാൻ യഹോവ എങ്ങനെയാണ് അപ്പോസ്തലന്മാരെ സഹായിച്ചതെന്നു പ്രവൃത്തികളുടെ പുസ്തകത്തിൽ കാണാം. അതുപോലെ തന്റെ പ്രാർഥനയിൽ, അപ്പോസ്തലന്മാരുടെ വചനം കേട്ട് ഭാവിയിൽ അവരുടെ ശിഷ്യന്മാരായിത്തീരുന്നവർക്കുവേണ്ടിയും യേശു അപേക്ഷിച്ചു. അതിൽ നമ്മൾ ഓരോരുത്തരും ഉൾപ്പെടുന്നു. യേശുവിന്റെ പ്രാർഥനകൾക്ക് ഉത്തരം കൊടുക്കുന്നത് യഹോവ ഇപ്പോഴും നിറുത്തിയിട്ടില്ല. അപ്പോസ്തലന്മാരെ സഹായിച്ചതുപോലെ യഹോവ നമ്മളെയും സഹായിക്കുമെന്ന് ഉറപ്പാണ്.—യോഹ. 17:11, 15, 20.
14. സന്തോഷവാർത്ത തീക്ഷ്ണതയോടെ പ്രസംഗിക്കുന്നതിൽ തുടരാൻ നമുക്കു കഴിയുമെന്ന് എങ്ങനെ ഉറപ്പുണ്ടായിരിക്കാം? (ചിത്രവും കാണുക.)
14 അവസാനത്തോട് അടുക്കുമ്പോൾ തീക്ഷ്ണതയോടെ സന്തോഷവാർത്ത പ്രസംഗിക്കുന്നതു കൂടുതൽ ബുദ്ധിമുട്ടായിത്തീരുമെങ്കിലും നമുക്കുവേണ്ട സഹായം യഹോവ തരും. (ലൂക്കോ. 21:12-15) നമ്മളെ ശ്രദ്ധിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം യേശുവിനെയും ശിഷ്യന്മാരെയും പോലെ, നമ്മളും ആളുകൾക്കു വിട്ടുകൊടുക്കുന്നു. അതുപോലെ അനാവശ്യമായ തർക്കങ്ങൾ നമ്മൾ ഒഴിവാക്കുന്നു. നമ്മുടെ പ്രവർത്തനത്തിനു നിരോധനമുള്ള സ്ഥലങ്ങളിൽപ്പോലും നമ്മുടെ സഹോദരങ്ങൾക്കു സന്തോഷവാർത്ത അറിയിക്കാനാകുന്നത് യഹോവയിൽ ആശ്രയിക്കുന്നതുകൊണ്ടാണ്; അല്ലാതെ സ്വന്തം ശക്തികൊണ്ടല്ല. ഒന്നാം നൂറ്റാണ്ടിലെ ദാസന്മാർക്കു യഹോവ ശക്തി കൊടുത്തു. അതുപോലെ ഇന്നും, ‘മതി’ എന്ന് യഹോവ പറയുന്നതുവരെ ‘പ്രസംഗപ്രവർത്തനം നന്നായി ചെയ്തുതീർക്കാനുള്ള’ ശക്തി ദൈവം നമുക്കു തരും. (2 തിമൊ. 4:17) അതെ, യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ സന്തോഷവാർത്ത തീക്ഷ്ണതയോടെ പ്രസംഗിക്കാൻ യഹോവ നമ്മളെ സഹായിക്കുമെന്ന് ഉറപ്പാണ്.
നമ്മുടെ പ്രവർത്തനത്തിനു നിരോധനമുള്ളപ്പോഴും തീക്ഷ്ണതയുള്ള പ്രചാരകർ വിവേകത്തോടെ സന്തോഷവാർത്ത അറിയിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തുന്നു (14-ാം ഖണ്ഡിക കാണുക) a
ആളുകൾ ശ്രദ്ധിക്കുമെന്ന പ്രതീക്ഷ യേശു നിലനിറുത്തി
15. ശുശ്രൂഷയെക്കുറിച്ച് ഒരു നല്ല മനോഭാവമുണ്ടായിരുന്നെന്നു യേശു കാണിച്ചത് എങ്ങനെയാണ്?
15 പ്രസംഗപ്രവർത്തനത്തെക്കുറിച്ച് യേശു നല്ലൊരു കാഴ്ചപ്പാട് നിലനിറുത്തിയിരുന്നു. ഉത്സാഹത്തോടെ ശുശ്രൂഷ തുടരാൻ അത് യേശുവിനെ സഹായിച്ചു. ഉദാഹരണത്തിന്, എ.ഡി 30-ന്റെ അവസാനമായപ്പോഴേക്കും സന്തോഷവാർത്ത സ്വീകരിക്കാൻ ഒരുക്കമുള്ള ധാരാളം ആളുകളുണ്ടെന്ന് യേശു മനസ്സിലാക്കി. കൊയ്ത്തിനു പാകമായി നിൽക്കുന്ന വയലിനോടാണു യേശു അവരെ താരതമ്യപ്പെടുത്തിയത്. (യോഹ. 4:35) ഏതാണ്ട് ഒരു വർഷത്തിനു ശേഷം യേശു ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: “വിളവ് ധാരാളമുണ്ട്.” (മത്താ. 9:37, 38) പിന്നീടു യേശു വീണ്ടും ഇങ്ങനെ പറഞ്ഞു: “വിളവ് ധാരാളമുണ്ട്. . . . അതുകൊണ്ട് വിളവെടുപ്പിനു പണിക്കാരെ അയയ്ക്കാൻ വിളവെടുപ്പിന്റെ അധികാരിയോടു യാചിക്കുക.” (ലൂക്കോ. 10:2) സന്തോഷവാർത്തയോട് ആളുകൾ നല്ല രീതിയിൽ പ്രതികരിക്കാനുള്ള സാധ്യത യേശു ഒരിക്കലും തള്ളിക്കളഞ്ഞില്ല. ആളുകൾ നന്നായി പ്രതികരിച്ചപ്പോൾ യേശു സന്തോഷിക്കുകയും ചെയ്തു.—ലൂക്കോ. 10:21.
16. ശുശ്രൂഷയെക്കുറിച്ച് നല്ലൊരു മനോഭാവം ഉണ്ടായിരിക്കാൻ യേശുവിന്റെ ദൃഷ്ടാന്തങ്ങൾ സഹായിക്കുന്നത് എങ്ങനെ? (ലൂക്കോസ് 13:18-21) (ചിത്രവും കാണുക.)
16 തങ്ങളുടെ സന്ദേശത്തെക്കുറിച്ച് നല്ലൊരു വീക്ഷണം ഉണ്ടായിരിക്കാൻ യേശു ശിഷ്യന്മാരെ പഠിപ്പിച്ചു. അതു തീക്ഷ്ണതയോടെ പ്രസംഗപ്രവർത്തനത്തിൽ തുടരാൻ അവരെ സഹായിക്കുമായിരുന്നു. യേശു പറഞ്ഞ രണ്ടു ദൃഷ്ടാന്തങ്ങളെക്കുറിച്ച് ചിന്തിക്കുക. (ലൂക്കോസ് 13:18-21 വായിക്കുക.) യേശു രാജ്യസന്ദേശത്തെ ഒരു ചെറിയ കടുകുമണി വളർന്ന് വലിയൊരു മരമാകുന്നതിനോട് ഉപമിച്ചു. യേശു അതിലൂടെ സന്തോഷവാർത്ത വലിയൊരു അളവിൽ വ്യാപിക്കുമെന്നും അതിന്റെ വളർച്ച തടയാനാകില്ലെന്നും കാണിക്കുകയായിരുന്നു. അതുപോലെ രാജ്യസന്ദേശത്തെ, പുളിപ്പിക്കുന്ന മാവിനോടും യേശു താരതമ്യപ്പെടുത്തി. അതിലൂടെ ലോകത്തിന്റെ വ്യത്യസ്തഭാഗങ്ങളിൽ രാജ്യസന്ദേശം എത്തുമെന്നും ആളുകളിൽ വരുന്ന മാറ്റം, പുറമേ അത്ര ദൃശ്യമല്ലെങ്കിലും അതു സംഭവിക്കുമെന്നും യേശു പറയുകയായിരുന്നു. അങ്ങനെ, പ്രസംഗപ്രവർത്തനം വലിയൊരു വിജയമാകുമെന്നു മനസ്സിലാക്കാൻ യേശു ശിഷ്യന്മാരെ സഹായിച്ചു.
സന്തോഷവാർത്തയോട് ആളുകൾ നന്നായി പ്രതികരിക്കുമെന്ന പ്രതീക്ഷ യേശുവിനെപ്പോലെ നമ്മളും നിലനിറുത്തുന്നു (16-ാം ഖണ്ഡിക കാണുക)
17. ശുശ്രൂഷയിൽ നല്ല മനോഭാവം നിലനിറുത്താൻ എന്തെല്ലാം കാരണങ്ങളുണ്ട്?
17 ലോകവ്യാപകമായി സന്തോഷവാർത്ത എങ്ങനെയാണ് ആളുകളെ സഹായിച്ചിരിക്കുന്നത് എന്നു മനസ്സിലാക്കുന്നതു തീക്ഷ്ണതയോടെ പ്രസംഗപ്രവർത്തനം തുടരാൻ നമ്മളെ പ്രേരിപ്പിക്കുന്നു. ഓരോ വർഷവും ലക്ഷക്കണക്കിനു താത്പര്യക്കാരാണു സ്മാരകത്തിനു കൂടിവരുകയും ബൈബിൾ പഠിക്കുകയും ചെയ്യുന്നത്. ആയിരക്കണക്കിന് ആളുകൾ സ്നാനമേൽക്കുകയും നമ്മളോടൊപ്പം പ്രസംഗപ്രവർത്തനത്തിൽ പങ്കുപറ്റുകയും ചെയ്യുന്നു. സന്തോഷവാർത്ത ഇനിയും എത്ര പേർ സ്വീകരിക്കുമെന്നു നമുക്ക് അറിയില്ല. എന്നാൽ മഹാകഷ്ടതയെ അതിജീവിക്കുന്ന ഒരു മഹാപുരുഷാരത്തെ യഹോവ കൂട്ടിച്ചേർത്തുകൊണ്ടിരിക്കുകയാണ് എന്ന് നമുക്ക് അറിയാം. (വെളി. 7:9, 14) ഇനിയും ഒരുപാടു പേർ സന്തോഷവാർത്ത സ്വീകരിക്കുമെന്നു വിളവെടുപ്പിന്റെ അധികാരിക്ക് ഉറപ്പുണ്ട്. തുടർന്നും സന്തോഷവാർത്ത പ്രസംഗിക്കാനുള്ള എത്ര നല്ലൊരു കാരണമാണ് അത്!
18. നമ്മളെക്കുറിച്ച് ആളുകൾ എന്തു ശ്രദ്ധിക്കണമെന്നാണു നമ്മുടെ ആഗ്രഹം?
18 യേശുവിന്റെ ശിഷ്യന്മാരെ തിരിച്ചറിയിച്ച ഒരു കാര്യമാണ് തീക്ഷ്ണതയോടെയുള്ള അവരുടെ പ്രസംഗപ്രവർത്തനം. ധൈര്യത്തോടെ പ്രസംഗിച്ച അപ്പോസ്തലന്മാരെ കണ്ടപ്പോൾ ‘അവർ യേശുവിന്റെകൂടെ ഉണ്ടായിരുന്നവരാണെന്ന് ആളുകൾ തിരിച്ചറിഞ്ഞു.’ (പ്രവൃ. 4:13) ശുശ്രൂഷയിലുള്ള നമ്മുടെ പ്രവർത്തനം കാണുമ്പോൾ യേശുവിന്റെ തീക്ഷ്ണതയോടെയുള്ള മാതൃകയാണു നമ്മളെയും പ്രചോദിപ്പിക്കുന്നതെന്ന് ആളുകൾ മനസ്സിലാക്കട്ടെ.
ഗീതം 58 സമാധാനം പ്രിയപ്പെടുന്നവരെ അന്വേഷിക്കുക
a ചിത്രത്തിന്റെ വിവരണം: പെട്രോൾപമ്പിൽ നിൽക്കുന്ന ഒരാളോട് ഒരു സഹോദരൻ വിവേകത്തോടെ സാക്ഷീകരിക്കുന്നു.