പഠനലേഖനം 12
ഗീതം 119 നമുക്കു വിശ്വാസമുണ്ടായിരിക്കണം
വിശ്വാസത്താൽ നടക്കുന്നതിൽ തുടരുക
“കാഴ്ചയാലല്ല വിശ്വാസത്താലാണു ഞങ്ങൾ നടക്കുന്നത്.”—2 കൊരി. 5:7.
ഉദ്ദേശ്യം
പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുമ്പോൾ എങ്ങനെ വിശ്വാസത്താൽ നടക്കുന്നതിൽ തുടരാം?
1. ജീവിതത്തിലേക്കു തിരിഞ്ഞുനോക്കിയപ്പോൾ അപ്പോസ്തലനായ പൗലോസിനു സംതൃപ്തി തോന്നിയത് എന്തുകൊണ്ടാണ്?
മരണം അടുത്തെത്തിയെന്നു മനസ്സിലാക്കിയ അപ്പോസ്തലനായ പൗലോസ് തന്റെ ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കി. അദ്ദേഹത്തിനു സംതൃപ്തി തോന്നാൻ നിറയെ കാരണങ്ങളുണ്ടായിരുന്നു. പൗലോസ് പറഞ്ഞത് ഇങ്ങനെയാണ്: “ഞാൻ ഓട്ടം പൂർത്തിയാക്കി, വിശ്വാസത്തിൽ ഉറച്ചുനിന്നു.” (2 തിമൊ. 4:6-8) യഹോവയെ സേവിക്കുക എന്ന ജ്ഞാനപൂർവമായ തീരുമാനം പൗലോസ് എടുത്തു. തന്നെ ഓർത്ത് യഹോവ സന്തോഷിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. നല്ല തീരുമാനങ്ങളെടുക്കാനും ദൈവത്തിന്റെ അംഗീകാരം നേടാനും നമ്മളും ആഗ്രഹിക്കുന്നു. അതു നമുക്ക് എങ്ങനെ ചെയ്യാം?
2. വിശ്വാസത്താൽ നടക്കുക എന്നതിന്റെ അർഥം എന്താണ്?
2 പൗലോസ് തന്നെക്കുറിച്ചും സഹക്രിസ്ത്യാനികളെക്കുറിച്ചും ഇങ്ങനെ പറഞ്ഞു: “കാഴ്ചയാലല്ല വിശ്വാസത്താലാണു ഞങ്ങൾ നടക്കുന്നത്.” (2 കൊരി. 5:7) പൗലോസ് എന്താണ് ഉദ്ദേശിച്ചത്? ബൈബിളിൽ ‘നടക്കുക’ എന്നു പറയുമ്പോൾ ചിലപ്പോഴൊക്കെ അർഥമാക്കുന്നത്, ഒരു വ്യക്തി തിരഞ്ഞെടുക്കുന്ന ജീവിതരീതിയെയാണ്. കാഴ്ചയാൽ നടക്കുന്ന ഒരു വ്യക്തി തീരുമാനങ്ങളെടുക്കുന്നതു തന്റെ ഇന്ദ്രിയങ്ങൾകൊണ്ട് കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും. എന്നാൽ ദൈവമായ യഹോവയിലുള്ള ആശ്രയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും, വിശ്വാസത്താൽ നടക്കുന്ന ഒരു വ്യക്തി തീരുമാനങ്ങളെടുക്കുന്നത്. ദൈവം തനിക്കു പ്രതിഫലം തരുമെന്ന ഉറപ്പ് അദ്ദേഹത്തിന്റെ പ്രവൃത്തികളിൽ കാണും. ദൈവവചനത്തിൽ കാണുന്ന യഹോവയുടെ നിർദേശങ്ങൾ അനുസരിക്കുന്നതു തനിക്കു പ്രയോജനം ചെയ്യുമെന്നും അദ്ദേഹത്തിന് ഉറപ്പുണ്ടായിരിക്കും.—സങ്കീ. 119:66; എബ്രാ. 11:6.
3. വിശ്വാസത്താൽ നടക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാമാണ്? (2 കൊരിന്ത്യർ 4:18)
3 ചിലപ്പോഴെങ്കിലും കാണുകയോ കേൾക്കുകയോ അനുഭവപ്പെടുകയോ ചെയ്യുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ നമ്മൾ തീരുമാനങ്ങളെടുക്കും എന്നതു ശരിയാണ്. എന്നാൽ നമ്മൾ അതിന്റെ അടിസ്ഥാനത്തിൽ മാത്രമാണു പ്രധാനപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്തുകൊണ്ട്? കാരണം നമ്മുടെ ഇന്ദ്രിയങ്ങൾ ചിലപ്പോൾ നമ്മളെ വഞ്ചിച്ചേക്കാം. ഇനി അതല്ലെങ്കിലും നമ്മൾ കാഴ്ചയാൽ മാത്രം നടന്നാൽ ദൈവത്തിന്റെ ഇഷ്ടവും ദൈവത്തിൽനിന്നുള്ള ഉപദേശവും നമ്മൾ അവഗണിച്ചേക്കാം. (സഭാ. 11:9; മത്താ. 24:37-39) എന്നാൽ വിശ്വാസത്താൽ നടക്കുമ്പോൾ “കർത്താവിനു സ്വീകാര്യമായ” തീരുമാനങ്ങളെടുക്കാനുള്ള സാധ്യത കൂടുതലാണ്. (എഫെ. 5:10) ദൈവത്തിന്റെ ഉപദേശം അനുസരിക്കുന്നതു നമുക്കു മനസ്സമാധാനവും യഥാർഥസന്തോഷവും തരും. (സങ്കീ. 16:8, 9; യശ. 48:17, 18) ഇനി, തുടർന്നും വിശ്വാസത്താൽ നടക്കുമ്പോൾ നമ്മളെ കാത്തിരിക്കുന്നതു നിത്യജീവനാണ്.—2 കൊരിന്ത്യർ 4:18 വായിക്കുക.
4. താൻ വിശ്വാസത്താലാണോ കാഴ്ചയാലാണോ നടക്കുന്നതെന്ന് ഒരു വ്യക്തിക്ക് എങ്ങനെ മനസ്സിലാക്കാം?
4 നമ്മൾ വിശ്വാസത്താലാണോ കാഴ്ചയാലാണോ നടക്കുന്നതെന്ന് എങ്ങനെ അറിയാം? അതിന് ഈ ചോദ്യങ്ങൾ സ്വയം ചോദിക്കുന്നതു നമ്മളെ സഹായിക്കും: ‘ഞാൻ എന്തിന്റെ അടിസ്ഥാനത്തിലാണു തീരുമാനങ്ങളെടുക്കുന്നത്? കാണുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണോ? അതോ യഹോവയിലും യഹോവയുടെ ഉപദേശങ്ങളിലും ആശ്രയിച്ചുകൊണ്ടാണോ?’ മൂന്നു പ്രധാനപ്പെട്ട മേഖലകളിൽ നമുക്ക് എങ്ങനെ വിശ്വാസത്താൽ നടക്കുന്നതിൽ തുടരാമെന്നു നോക്കാം: ജോലി തിരഞ്ഞെടുക്കുമ്പോൾ, വിവാഹയിണയെ തിരഞ്ഞെടുക്കുമ്പോൾ, ദിവ്യാധിപത്യനിർദേശങ്ങൾ കിട്ടുമ്പോൾ. ഈ ഓരോ സാഹചര്യത്തിലും നല്ല തീരുമാനങ്ങളെടുക്കാൻ നമ്മൾ എന്തൊക്കെ ചിന്തിക്കണമെന്നും ചർച്ച ചെയ്യും.
ജോലി തിരഞ്ഞെടുക്കുമ്പോൾ
5. ജോലി തിരഞ്ഞെടുക്കുമ്പോൾ നമ്മൾ എന്തു മനസ്സിൽപ്പിടിക്കണം?
5 നമ്മുടെയും നമ്മുടെ കുടുംബത്തിന്റെയും ആവശ്യങ്ങൾക്കുവേണ്ടി കരുതാൻ നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നു. (സഭാ. 7:12; 1 തിമൊ. 5:8) നല്ല ശമ്പളമുള്ള ജോലി ചെയ്യുന്ന ഒരാൾക്കു കുടുംബത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടി കരുതാനും ഭാവിയിലേക്കായി എന്തെങ്കിലും നീക്കിവെക്കാനും കഴിഞ്ഞേക്കും. എന്നാൽ ശമ്പളം കുറഞ്ഞ ഒരു ജോലിയാണെങ്കിൽ കുടുംബത്തിന്റെ അത്യാവശ്യകാര്യങ്ങൾ നടത്തിക്കൊണ്ട് പോകാനേ തികയൂ. ഒരു ജോലി സ്വീകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കുമ്പോൾ എത്ര ശമ്പളം കിട്ടും എന്നു ചിന്തിക്കുന്നത് ന്യായമാണ്. എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് തീരുമാനമെടുക്കുന്നതെങ്കിൽ നമ്മൾ പ്രധാനമായും കാഴ്ചയാലായിരിക്കും നടക്കുന്നത്.
6. ജോലി തിരഞ്ഞെടുക്കേണ്ടിവരുമ്പോൾ നമുക്ക് എങ്ങനെ വിശ്വാസത്താൽ നടക്കാം? (എബ്രായർ 13:5)
6 വിശ്വാസത്താലാണു നടക്കുന്നതെങ്കിൽ ആ ജോലി യഹോവയുമായുള്ള സൗഹൃദത്തെ എങ്ങനെ ബാധിക്കുമെന്നും നമ്മൾ ചിന്തിക്കും. നമുക്കു സ്വയം ഇങ്ങനെ ചോദിക്കാം: ‘ഈ ജോലിയിൽ യഹോവ വെറുക്കുന്ന എന്തെങ്കിലും കാര്യങ്ങൾ ഞാൻ ചെയ്യേണ്ടിവരുമോ, (സുഭാ. 6:16-19) അത് എന്റെ ആരാധനയ്ക്ക് ഒരു തടസ്സമാകുമോ? ഇനി കുടുംബത്തിൽനിന്ന് എനിക്ക് ഒരുപാടു സമയം മാറിനിൽക്കേണ്ടിവരുമോ?’ (ഫിലി. 1:10) ഇതിൽ ഏതിന്റെയെങ്കിലും ഉത്തരം ‘അതെ’ എന്നാണെങ്കിൽ ആ ജോലി സ്വീകരിക്കാതിരിക്കുന്നതാണു ജ്ഞാനം; ഒരു ജോലി കണ്ടെത്താൻ ബുദ്ധിമുട്ടാണെങ്കിൽപ്പോലും. നമ്മൾ വിശ്വാസത്താൽ നടക്കുമ്പോൾ യഹോവ നമ്മുടെ ആവശ്യങ്ങൾക്കുവേണ്ടി കരുതുമെന്ന ഉറപ്പോടെയായിരിക്കും നമ്മൾ തീരുമാനങ്ങളെടുക്കുന്നത്.—മത്താ. 6:33; എബ്രായർ 13:5 വായിക്കുക.
7-8. തെക്കേ അമേരിക്കയിലുള്ള ഒരു സഹോദരൻ വിശ്വാസത്താൽ നടന്നത് എങ്ങനെയാണ്? (ചിത്രവും കാണുക.)
7 വിശ്വാസത്താൽ നടക്കേണ്ടതിന്റെ പ്രാധാന്യം തെക്കേ അമേരിക്കയിലുള്ള ഹാവ്യർ a സഹോദരൻ മനസ്സിലാക്കിയത് എങ്ങനെയെന്നു നോക്കാം. അദ്ദേഹം പറയുന്നു: “ഞാൻ ഒരു ജോലിക്ക് അപേക്ഷിച്ചു. ആളുകൾ ഒരുപാടു ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന, എനിക്കു ചെയ്യാൻ ഒത്തിരി ഇഷ്ടമുള്ള ഒരു ജോലിയായിരുന്നു അത്. എന്റെ ഇപ്പോഴത്തെ ജോലിവെച്ച് നോക്കുമ്പോൾ ഇരട്ടി ശമ്പളവും.” എങ്കിലും ഹാവ്യറിനു മുൻനിരസേവനം ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹം പറയുന്നു: “ജോലിക്കുവേണ്ടിയുള്ള ഇന്റർവ്യൂവിനു പോകുന്നതിനു മുമ്പ് ഞാൻ യഹോവയോടു സഹായത്തിനായി പ്രാർഥിച്ചു; എനിക്ക് ഏറ്റവും നല്ലത് എന്താണെന്ന് യഹോവയ്ക്ക് അറിയാമെന്ന ബോധ്യത്തോടെ. ഒരു സ്ഥാനക്കയറ്റം കിട്ടണമെന്നും കുറെക്കൂടെ ശമ്പളം നേടണമെന്നും എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അത് എന്റെ ആത്മീയലക്ഷ്യങ്ങൾക്കു തടസ്സമാകുമെങ്കിൽ അതു വേണ്ടെന്നുവെക്കാൻ ഞാൻ തീരുമാനിച്ചിരുന്നു.”
8 ഹാവ്യർ തുടർന്നുപറയുന്നു: “മിക്കവാറും സമയങ്ങളിൽ ഞാൻ ഓവർടൈം ചെയ്യേണ്ടിവരുമെന്ന് ഇന്റർവ്യൂവിന്റെ സമയത്ത് മാനേജർ എന്നോടു പറഞ്ഞു. മീറ്റിങ്ങും വയൽസേവനവും ഒക്കെ ഉള്ളതുകൊണ്ട് അതിനു പറ്റില്ലെന്നു ഞാൻ ദയയോടെ അദ്ദേഹത്തിനു മറുപടികൊടുത്തു.” അങ്ങനെ ഹാവ്യർ ആ ജോലി വേണ്ടെന്നുവെച്ചു. രണ്ടാഴ്ചയ്ക്കു ശേഷം മുൻനിരസേവനം തുടങ്ങി. കുറച്ച് മാസങ്ങൾക്കു ശേഷം, ഹാവ്യർ ഒരു പാർട്ട്-ടൈം ജോലി കണ്ടെത്തി. അദ്ദേഹം പറയുന്നു: “യഹോവ എന്റെ പ്രാർഥന കേൾക്കുകയും മുൻനിരസേവനം ചെയ്യാൻ പറ്റുന്ന തരത്തിലുള്ള ജോലി തരുകയും ചെയ്തു. ഈ ജോലി കിട്ടിയതിൽ എനിക്ക് ഒരുപാടു സന്തോഷമുണ്ട്. കാരണം കൂടുതൽ സമയം എനിക്ക് ഇപ്പോൾ യഹോവയെയും സഹോദരങ്ങളെയും സേവിക്കാൻ കഴിയുന്നു.”
ജോലിയിൽ ഒരു സ്ഥാനക്കയറ്റം ലഭിക്കുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യും? യഹോവയിലുള്ള ആശ്രയം നിങ്ങളുടെ തീരുമാനത്തിൽ പ്രതിഫലിക്കുമോ? (7-8 ഖണ്ഡികകൾ കാണുക)
9. ട്രെസോറിന്റെ അനുഭവത്തിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്?
9 നിങ്ങൾ ഇപ്പോൾ ചെയ്യുന്ന ജോലി, വിശ്വാസത്താൽ നടക്കുന്നതിന് ഒരു തടസ്സമാകുന്നെന്നു തിരിച്ചറിയുന്നെങ്കിലോ? കോംഗോയിൽനിന്നുള്ള ട്രെസോറിന്റെ അനുഭവം നോക്കുക. അദ്ദേഹം പറയുന്നു: “ആരും കൊതിക്കുന്ന ഒരു ജോലിയായിരുന്നു എന്റേത്. ആളുകളുടെ ആദരവും മുമ്പു കിട്ടിയിരുന്നതിനെക്കാൾ മൂന്നിരട്ടി ശമ്പളവും എനിക്കുണ്ടായിരുന്നു.” എന്നാൽ ഓവർടൈം ജോലി ചെയ്യേണ്ടിവന്നതുകൊണ്ട് ട്രെസോറിനു സ്ഥിരമായി മീറ്റിങ്ങുകൾ മുടങ്ങി. അതുപോലെ ബിസിനെസ്സിലെ ചില കള്ളത്തരങ്ങൾ മറച്ചുവെക്കാനുള്ള സമ്മർദവും നേരിടേണ്ടിവന്നു. ട്രെസോറിന് ആ ജോലി നിറുത്തണമെന്നുണ്ടായിരുന്നെങ്കിലും വേറൊരു ജോലി കിട്ടാതെ വന്നാലോ എന്ന പേടി തോന്നി. അദ്ദേഹത്തെ എന്താണു സഹായിച്ചത്? ട്രെസോർ പറയുന്നു: “വരുമാനം നഷ്ടപ്പെട്ടാലും യഹോവ എന്റെ ആവശ്യങ്ങൾക്കുവേണ്ടി കരുതുമെന്നു മനസ്സിലാക്കാൻ ഹബക്കൂക്ക് 3:17-19 എന്നെ സഹായിച്ചു. അതുകൊണ്ട് ഞാൻ ജോലി രാജിവെച്ചു. പല തൊഴിലുടമകളും ചിന്തിക്കുന്നത് ഉയർന്ന ശമ്പളമുള്ള ഒരു ജോലിക്കുവേണ്ടി ആളുകൾ എന്തും, കുടുംബജീവിതവും ആത്മീയപ്രവർത്തനങ്ങളും ഒക്കെ, വേണ്ടെന്നു വെക്കുമെന്നാണ്. എന്നാൽ യഹോവയുമായുള്ള എന്റെ ബന്ധം ഞാൻ നഷ്ടപ്പെടുത്തിയില്ലല്ലോ എന്ന് ഓർത്തപ്പോൾ എനിക്കു സന്തോഷം തോന്നി. ഒരു വർഷത്തിനു ശേഷം അത്യാവശ്യം കാര്യങ്ങളെല്ലാം നടന്നുപോകുന്ന, ആത്മീയപ്രവർത്തനങ്ങൾക്കു കൂടുതൽ സമയം കിട്ടുന്ന സ്ഥിരമായ ഒരു ജോലി കണ്ടെത്താൻ യഹോവ സഹായിച്ചു. നമ്മൾ യഹോവയ്ക്ക് ഒന്നാം സ്ഥാനം കൊടുക്കുമ്പോൾ കുറച്ച് സമയത്തേക്കു സാമ്പത്തികബുദ്ധിമുട്ടുകൾ ഉണ്ടായാലും യഹോവ നമുക്കുവേണ്ടി കരുതും.” അതെ, നമ്മൾ യഹോവയുടെ ഉപദേശങ്ങളിലും വാഗ്ദാനങ്ങളിലും ആശ്രയിക്കുകയാണെങ്കിൽ വിശ്വാസത്താൽ നടക്കാനും യഹോവയുടെ അനുഗ്രഹങ്ങൾ നേടാനുമാകും.
വിവാഹയിണയെ തിരഞ്ഞെടുക്കുമ്പോൾ
10. വിവാഹയിണയെ തിരഞ്ഞെടുക്കുമ്പോൾ ഏതെല്ലാം കാര്യങ്ങൾ ചിന്തിക്കുന്നതു പ്രധാനമാണ്, എന്നാൽ ഏതു കാര്യം പ്രത്യേകം ശ്രദ്ധിക്കണം?
10 വിവാഹം യഹോവയിൽനിന്നുള്ള ഒരു സമ്മാനമാണ്. വിവാഹം കഴിക്കാൻ ആഗ്രഹം തോന്നുന്നതു സ്വാഭാവികവുമാണ്. ഒരു സഹോദരി താൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നയാൾ, കാണാൻ എങ്ങനെയുണ്ട്, അദ്ദേഹത്തിന്റെ പ്രവൃത്തികൾ എങ്ങനെയുള്ളതാണ്, മറ്റുള്ളവർ അദ്ദേഹത്തെ എങ്ങനെയാണു കാണുന്നത്, പണം കൈകാര്യം ചെയ്യുന്നത് എങ്ങനെയാണ്, കുടുംബത്തിൽ ആരെയെങ്കിലും നോക്കേണ്ട ഉത്തരവാദിത്വമുണ്ടോ, തന്നെ സന്തോഷിപ്പിക്കാൻ അദ്ദേഹത്തിനു കഴിയുമോ എന്നെല്ലാം ചിന്തിച്ചേക്കാം. b ഈ കാര്യങ്ങളെല്ലാം പ്രധാനമാണ്. എന്നാൽ ഇക്കാര്യങ്ങൾ മാത്രമാണു പരിഗണിക്കുന്നതെങ്കിൽ ആ സഹോദരി കാഴ്ചയാലായിരിക്കും നടക്കുന്നത്.
11. ഒരു വിവാഹയിണയെ തിരഞ്ഞെടുക്കേണ്ടിവരുമ്പോൾ നമുക്ക് എങ്ങനെ വിശ്വാസത്താൽ നടക്കാം? (1 കൊരിന്ത്യർ 7:39)
11 വിവാഹയിണയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ യഹോവ തന്നിരിക്കുന്ന ഉപദേശം അനുസരിക്കുന്ന സഹോദരീസഹോദരന്മാരെ കാണുമ്പോൾ യഹോവയ്ക്ക് എത്ര അഭിമാനം തോന്നും. ഉദാഹരണത്തിന്, ഡേറ്റിങ്ങ് ചെയ്യാൻ ‘നവയൗവനം പിന്നിടുന്നതുവരെ’ കാത്തിരിക്കണമെന്ന ബൈബിളിന്റെ ഉപദേശം അവർ അനുസരിക്കുന്നു. (1 കൊരി. 7:36) വിവാഹയിണയെ തിരഞ്ഞെടുക്കുമ്പോൾ ഒരു നല്ല ഭർത്താവിനോ ഭാര്യയ്ക്കോ ഉണ്ടായിരിക്കണമെന്ന് യഹോവ പറഞ്ഞിരിക്കുന്ന ഗുണങ്ങളുണ്ടോ എന്നായിരിക്കും അവർ പ്രധാനമായും നോക്കുന്നത്. (സുഭാ. 31:10-13, 26-28; എഫെ. 5:33; 1 തിമൊ. 5:8) യഹോവയുടെ സാക്ഷിയായി സ്നാനമേൽക്കാത്ത ഒരു വ്യക്തി താത്പര്യം കാണിച്ചാൽ “കർത്താവിൽ മാത്രമേ” വിവാഹം കഴിക്കാവൂ എന്ന 1 കൊരിന്ത്യർ 7:39-ലെ (വായിക്കുക) ഉപദേശം അവർ അനുസരിക്കും. മറ്റ് ആരെക്കാളും യഹോവ തങ്ങളെ വൈകാരികമായി പിന്തുണയ്ക്കുമെന്ന ഉറപ്പോടെ അവർ വിശ്വാസത്താൽ നടക്കുന്നതിൽ തുടരും.—സങ്കീ. 55:22.
12. റോസയുടെ അനുഭവത്തിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്?
12 കൊളംബിയയിലെ ഒരു മുൻനിരസേവികയായ റോസയുടെ അനുഭവം നോക്കാം. ജോലി സ്ഥലത്തുള്ള സാക്ഷിയല്ലാത്ത ഒരാൾ റോസയോടു താത്പര്യം കാണിക്കാൻതുടങ്ങി. റോസയ്ക്കും തിരിച്ച് ഇഷ്ടംതോന്നി. അവൾ പറയുന്നു: “ഇദ്ദേഹം കൊള്ളാമല്ലോ എന്നു ഞാൻ ചിന്തിച്ചു. തന്റെ സ്ഥലത്തുള്ള ആളുകളെയൊക്കെ അദ്ദേഹം സഹായിക്കുമായിരുന്നു. അതുപോലെ അദ്ദേഹത്തിനു പുകവലി, അമിതമദ്യപാനം പോലുള്ള മോശമായ ശീലങ്ങളുമില്ലായിരുന്നു. എന്നോട് അദ്ദേഹം പെരുമാറിയ വിധവും എനിക്ക് ഇഷ്ടപ്പെട്ടു. ഒരു സാക്ഷിയല്ല എന്നതു മാറ്റിനിറുത്തിയാൽ ഞാൻ ആഗ്രഹിക്കുന്ന എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു.” അവൾ ഇങ്ങനെയും പറഞ്ഞു: “എനിക്ക് അദ്ദേഹത്തോട് ‘നോ’ പറയാൻ ബുദ്ധിമുട്ടായിരുന്നു. കാരണം ഞാൻ മനസ്സുകൊണ്ട് ആഗ്രഹിച്ച ഒരു കാര്യമായിരുന്നു ഇത്. ആ സമയത്ത് എനിക്കു വല്ലാത്ത ഒറ്റപ്പെടൽ തോന്നി. അതുപോലെ വിവാഹം കഴിക്കാൻ താത്പര്യം ഉണ്ടായിരുന്നെങ്കിലും എനിക്ക് സത്യത്തിൽനിന്ന് ആരെയും കണ്ടെത്താനും പറ്റിയില്ല.” എങ്കിലും, കാണുന്ന കാര്യങ്ങളെക്കുറിച്ച് മാത്രമല്ല റോസ ചിന്തിച്ചത്. ഇങ്ങനെ ഒരു തീരുമാനമെടുത്താൽ അത് യഹോവയുമായുള്ള തന്റെ ബന്ധത്തെ എങ്ങനെ ബാധിക്കുമെന്ന് അവൾ ചിന്തിച്ചു. അങ്ങനെ ആ വ്യക്തിയുമായുള്ള സഹവാസം റോസ പൂർണമായും നിറുത്തി. എന്നിട്ട് ആത്മീയപ്രവർത്തനങ്ങളിൽ തിരക്കോടെ ഏർപ്പെടുന്നതിൽ തുടർന്നു. അധികം താമസിയാതെ അവളെ രാജ്യസുവിശേഷകർക്കുള്ള സ്കൂളിനു ക്ഷണിച്ചു. ഇപ്പോൾ ഒരു പ്രത്യേക മുൻനിരസേവികയായി പ്രവർത്തിക്കുകയാണ്. റോസ പറയുന്നു: “യഹോവ എന്റെ ഹൃദയത്തിൽ ഒരുപാടു സന്തോഷം നിറച്ചു.” നമുക്ക് ഒഴിവാക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളിൽ വിശ്വാസത്താൽ നടക്കുന്നത് അത്ര എളുപ്പമല്ലെങ്കിലും അങ്ങനെ ചെയ്യുന്നതുകൊണ്ട് ഒരുപാടു പ്രയോജനങ്ങളുണ്ട്.
ദിവ്യാധിപത്യനിർദേശങ്ങൾ കിട്ടുമ്പോൾ
13. ദിവ്യാധിപത്യനിർദേശങ്ങൾ കിട്ടുമ്പോൾ നമ്മൾ എങ്ങനെ കാഴ്ചയാൽ നടന്നേക്കാം?
13 ആരാധനയോടു ബന്ധപ്പെട്ട ദിവ്യാധിപത്യനിർദേശങ്ങൾ നമുക്കു പലപ്പോഴും മൂപ്പന്മാരിൽനിന്നോ സർക്കിട്ട് മേൽവിചാരകന്മാരിൽനിന്നോ ബ്രാഞ്ചോഫീസിൽനിന്നോ ഭരണസംഘത്തിൽനിന്നോ കിട്ടാറുണ്ട്. എന്നാൽ നമുക്കു കിട്ടുന്ന നിർദേശങ്ങളുടെ കാരണം ചിലപ്പോൾ മനസ്സിലായില്ലെങ്കിലോ? അത് അനുസരിച്ചാൽ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് മാത്രമായിരിക്കും നമ്മൾ ചിന്തിക്കുന്നത്. ഇനി അതുപോലെ നിർദേശങ്ങൾ തരുന്ന സഹോദരങ്ങളുടെ അപൂർണതകൾ മാത്രം ശ്രദ്ധിക്കാനും സാധ്യതയുണ്ട്. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ നമ്മൾ കാഴ്ചയാൽ നടക്കുകയായിരിക്കും.
14. ദിവ്യാധിപത്യനിർദേശങ്ങൾ കിട്ടുമ്പോൾ വിശ്വാസത്താൽ നടക്കാൻ നമ്മളെ എന്തു സഹായിക്കും? (എബ്രായർ 13:17)
14 കാര്യങ്ങളുടെ നിയന്ത്രണം യഹോവയുടെ കൈയിലാണെന്നും യഹോവയ്ക്കു നമ്മുടെ സാഹചര്യങ്ങൾ അറിയാമെന്നും നമ്മൾ ഉറപ്പോടെ വിശ്വസിക്കുകയാണെങ്കിൽ നമ്മൾ വിശ്വാസത്താൽ നടക്കുകയാണ്. അങ്ങനെ ചെയ്യുമ്പോൾ നല്ല മനോഭാവത്തോടെ, പെട്ടെന്ന് അനുസരിക്കാൻ നമ്മൾ ഒരുക്കമുള്ളവരായിരിക്കും. (എബ്രായർ 13:17 വായിക്കുക.) നമ്മുടെ അനുസരണം സഭയുടെ ഐക്യത്തിനു സംഭാവന ചെയ്യുമെന്നു നമുക്ക് അറിയാം. (എഫെ. 4:2, 3) നേതൃത്വമെടുക്കുന്ന സഹോദരങ്ങൾ അപൂർണരാണെങ്കിൽപ്പോലും നമ്മുടെ അനുസരണത്തെ യഹോവ അനുഗ്രഹിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടാ. (1 ശമു. 15:22) ഇനി ആ നിർദേശത്തിന് എന്തെങ്കിലും തിരുത്തൽ ആവശ്യമാണെങ്കിൽ, അതിന്റേതായ സമയത്ത് യഹോവ അതു ചെയ്യുമെന്നും ഉറപ്പാണ്.—മീഖ 7:7.
15-16. കിട്ടിയ നിർദേശത്തെക്കുറിച്ച് സംശയങ്ങൾ തോന്നിയെങ്കിലും വിശ്വാസത്താൽ നടക്കാൻ ഒരു സഹോദരനെ സഹായിച്ചത് എന്താണ്? (ചിത്രവും കാണുക.)
15 വിശ്വാസത്താൽ നടക്കുന്നതുകൊണ്ടുള്ള പ്രയോജനം കാണിക്കുന്ന ഒരു അനുഭവം നോക്കാം. പെറുവിൽ സ്പാനിഷ് ഭാഷ പൊതുവേ സംസാരിക്കുന്നുണ്ടെങ്കിലും പല വീട്ടുകാരും തദ്ദേശീയഭാഷകൾ സംസാരിക്കുന്നവരാണ്. അതിലൊന്നാണു ക്വെച്ചുവ. വർഷങ്ങളായി ക്വെച്ചുവ സംസാരിക്കുന്ന സഹോദരങ്ങൾ അവരുടെ പ്രദേശത്തെ ക്വെച്ചുവ ഭാഷക്കാരെ അന്വേഷിക്കുകയായിരുന്നു. എന്നാൽ നമ്മുടെ പ്രവർത്തനങ്ങൾ, അവിടത്തെ ഗവൺമെന്റുനിയമങ്ങൾക്കു ചേർച്ചയിൽ കൊണ്ടുവരാൻ ആളുകളെ കണ്ടെത്തുന്ന രീതിയിൽ സംഘടന ചില മാറ്റങ്ങൾ വരുത്തി. (റോമ. 13:1) അപ്പോൾ, തങ്ങളുടെ പ്രദേശത്തെ പ്രവർത്തനങ്ങൾ ഇനി നന്നായി നടക്കുമോ എന്നു ചിലർ സംശയിച്ചു. എങ്കിലും സഹോദരങ്ങൾ ഈ നിർദേശങ്ങൾ അനുസരിച്ചപ്പോൾ ഒരുപാടു ക്വെച്ചുവ ഭാഷക്കാരെ കണ്ടെത്താൻ സഹായിച്ചുകൊണ്ട് യഹോവ അവരെ അനുഗ്രഹിച്ചു.
16 ഒരു ക്വെച്ചുവ സഭയിലെ മൂപ്പനായ കെവിനും ഇതുപോലെയുള്ള ഉത്കണ്ഠകൾ തോന്നിയിരുന്നു. കെവിൻ പറയുന്നു: “പുതിയ നിർദേശം കേട്ടപ്പോൾ ക്വെച്ചുവ ഭാഷ സംസാരിക്കുന്ന ആളുകളെ ഇനി എങ്ങനെ കണ്ടെത്തുമെന്നു ഞാൻ ചിന്തിച്ചു.” കെവിൻ എന്തു ചെയ്തു? അദ്ദേഹം പറയുന്നു: “എന്റെ മനസ്സിലേക്കുവന്ന വാക്യം സുഭാഷിതങ്ങൾ 3:5 ആണ്. അതുപോലെ ഞാൻ മോശയെക്കുറിച്ചും ഓർത്തു. അത്ര ബുദ്ധിയല്ലെന്നു തോന്നാമായിരുന്ന ഒരു നിർദേശം യഹോവ മോശയ്ക്കു കൊടുത്തു. ഇസ്രായേല്യരെ ഈജിപ്തിൽനിന്ന് ചെങ്കടലിലേക്കു നയിക്കുക എന്നതായിരുന്നു അത്. എന്നാൽ അങ്ങോട്ടു പോയാൽ അവരെ പിന്തുടർന്ന് എത്തുന്ന ഈജിപ്തുകാരിൽനിന്ന് രക്ഷപ്പെടാനാകില്ലെന്നു സ്വാഭാവികമായും തോന്നാമായിരുന്നു. എന്നിട്ടും മോശ യഹോവയുടെ നിർദേശം അനുസരിച്ചു. അവരെ അത്ഭുതകരമായി രക്ഷിച്ചുകൊണ്ട് യഹോവ മോശയുടെ അനുസരണത്തെ അനുഗ്രഹിക്കുകയും ചെയ്തു.” (പുറ. 14:1, 2, 9-11, 21, 22) അങ്ങനെ, ശുശ്രൂഷയിൽ മാറ്റങ്ങൾ വരുത്താൻ കെവിൻ തയ്യാറായി. അതുകൊണ്ട് എന്തു ഫലം ഉണ്ടായെന്നോ? കെവിൻ പറയുന്നു: “യഹോവ ഞങ്ങളെ എങ്ങനെയൊക്കെ അനുഗ്രഹിച്ചെന്നു കണ്ടപ്പോൾ ശരിക്കും അത്ഭുതം തോന്നി. മുമ്പൊക്കെ ഒരുപാടു ദൂരം നടന്നാലും ക്വെച്ചുവ ഭാഷ സംസാരിക്കുന്ന ഒന്നോ രണ്ടോ ആളുകളെ മാത്രമേ കണ്ടെത്താൻ പറ്റുമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ക്വെച്ചുവ സംസാരിക്കുന്ന ഒരുപാട് ആളുകൾ ഉള്ള പ്രദേശങ്ങളിലാണു ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ട് മുമ്പത്തെക്കാൾ കൂടുതൽ സംഭാഷണങ്ങളും മടക്കസന്ദർശനങ്ങളും ബൈബിൾപഠനങ്ങളും ഒക്കെ നടത്താൻ പറ്റുന്നു. മീറ്റിങ്ങിന്റെ ഹാജരും കൂടി.” അതെ, വിശ്വാസത്താൽ നടക്കുമ്പോൾ യഹോവ എല്ലായ്പ്പോഴും നമുക്കു പ്രതിഫലം തരും.
ശുശ്രൂഷയിൽ കണ്ടുമുട്ടിയ പലയാളുകളും അവിടെ അടുത്തുള്ള ക്വെച്ചുവ ഭാഷക്കാരെ എവിടെ കണ്ടെത്താമെന്നു സഹോദരങ്ങൾക്കു പറഞ്ഞുകൊടുത്തു (15-16 ഖണ്ഡികകൾ കാണുക)
17. ഈ ലേഖനത്തിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്?
17 മൂന്നു പ്രധാനപ്പെട്ട മേഖലകളിൽ എങ്ങനെ വിശ്വാസത്താൽ നടക്കുന്നതിൽ തുടരാമെന്നു നമ്മൾ കണ്ടു. എന്നാൽ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അതായത്, വിനോദത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കുട്ടികളെ വളർത്തുന്നതിന്റെയും ഒക്കെ കാര്യത്തിൽ തീരുമാനങ്ങളെടുക്കുമ്പോൾ നമ്മൾ വിശ്വാസത്താൽ നടക്കേണ്ടതുണ്ട്. യഹോവയുമായുള്ള നമ്മുടെ ബന്ധവും യഹോവയുടെ ഉപദേശവും നമ്മളെ പരിപാലിക്കുമെന്ന യഹോവയുടെ വാഗ്ദാനവും മനസ്സിൽപ്പിടിച്ചുകൊണ്ടായിരിക്കണം നമ്മൾ തീരുമാനങ്ങളെടുക്കേണ്ടത്, അല്ലാതെ കാണുന്ന കാര്യങ്ങളിൽ മാത്രം ആശ്രയിച്ചായിരിക്കരുത്. അങ്ങനെ ചെയ്താൽ ‘ദൈവമായ യഹോവയുടെ നാമത്തിൽ എന്നുമെന്നേക്കും നടക്കാൻ’ നമുക്കു കഴിയും.—മീഖ 4:5.
ഗീതം 156 വിശ്വാസക്കണ്ണുകളാൽ