കൂടുതൽ പഠിക്കാനായി. . .
കണ്ണാടി ശരിയായി ഉപയോഗിക്കുക
ശിഷ്യനായ യാക്കോബ് ബൈബിളിനെ ഒരു കണ്ണാടിയോട് ഉപമിച്ചു; നമ്മുടെ ഉള്ളിലെ വ്യക്തിയെ കാണിച്ചുതരുന്ന ഒരു കണ്ണാടിയോട്. (യാക്കോ. 1:22-25) നമുക്ക് എങ്ങനെ ബൈബിൾ ശരിയായ വിധത്തിൽ ഒരു കണ്ണാടിപോലെ ഉപയോഗിക്കാം?
ശ്രദ്ധയോടെ അതു വായിക്കുക. നമ്മൾ കണ്ണാടിയിൽ വെറുതേ ഒന്നു കണ്ണോടിക്കുന്നതേ ഉള്ളെങ്കിൽ എന്തെങ്കിലും വലിയ കുറവുകൾ കാണാതെപോയേക്കാം. നമ്മുടെ ഉള്ളിന്റെ ഉള്ളിലെ വ്യക്തിയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്നറിയാൻ നമ്മൾ ദൈവവചനം ശ്രദ്ധയോടെ, ആഴത്തിൽ പരിശോധിക്കണം.
മറ്റുള്ളവരിലേക്കല്ല, നിങ്ങളിലേക്കുതന്നെ നോക്കുക. സാധാരണ നമ്മൾ കണ്ണാടിയിൽ നോക്കുന്നത് നമ്മളെത്തന്നെ കാണാനാണ്. അല്ലാതെ മറ്റുള്ളവരുടെ രൂപത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് അറിയാനല്ല. അതുപോലെ മറ്റുള്ളവരുടെ കുറവുകൾ കണ്ടെത്താൻ നമ്മൾ ബൈബിൾ ഉപയോഗിക്കില്ല. അങ്ങനെ ചെയ്താൽ നമ്മുടെ കുറവുകൾ തിരുത്താൻ പറ്റാതെവരും.
ന്യായബോധമുള്ളവരായിരിക്കുക. കണ്ണാടിയിൽ നോക്കിയിട്ട് നമ്മൾ നമ്മുടെ കുറവുകളിലേക്കു മാത്രമാണു ശ്രദ്ധിക്കുന്നതെങ്കിൽ നിരാശ തോന്നിയേക്കാം. ദൈവവചനം വായിക്കുമ്പോൾ, യഹോവ നമ്മളിൽനിന്ന് പ്രതീക്ഷിക്കുന്നതിനും അപ്പുറം പ്രതീക്ഷിക്കാതെ ന്യായബോധം കാണിക്കുക.—യാക്കോ. 3:17.