വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
മിശിഹായുടെ വരവിനായി ‘കാത്തിരിക്കാൻ’ ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാർക്ക് എന്ത് അടിസ്ഥാനമാണ് ഉണ്ടായിരുന്നത്?
യോഹന്നാൻ സ്നാപകന്റെ നാളിൽ, ‘ക്രിസ്തുവിന്റെ വരവിനായി കാത്തിരുന്ന ജനമൊക്കെയും, “ഇവൻതന്നെയായിരിക്കുമോ ക്രിസ്തു?” എന്നു യോഹന്നാനെപ്പറ്റി തങ്ങളുടെ ഹൃദയങ്ങളിൽ വിചാരിച്ചുകൊണ്ടിരുന്നു.’ (ലൂക്കോ. 3:15) എന്തുകൊണ്ടായിരിക്കാം മിശിഹാ ആ കാലഘട്ടത്തിൽ പ്രത്യക്ഷപ്പെടുമെന്ന് യഹൂദന്മാർ പ്രതീക്ഷിച്ചത്? അതിനു പല കാരണങ്ങളുണ്ട്.
യേശുവിന്റെ ജനനത്തെത്തുടർന്ന് യഹോവയുടെ ദൂതൻ ബേത്ത്ലെഹെമിനടുത്ത് ആടുകളെ മേയ്ച്ചുകൊണ്ടിരുന്ന ഇടയന്മാർക്കു പ്രത്യക്ഷപ്പെട്ടു. (1) ദൂതൻ ഇങ്ങനെ ഉദ്ഘോഷിച്ചു: “കർത്താവായ ക്രിസ്തു എന്ന രക്ഷകൻ ദാവീദിന്റെ പട്ടണത്തിൽ ഇന്നു നിങ്ങൾക്കായി പിറന്നിരിക്കുന്നു.” (ലൂക്കോ. 2:8-11) പിന്നെ, ‘സ്വർഗീയസൈന്യത്തിന്റെ വലിയൊരു സംഘം പ്രത്യക്ഷപ്പെട്ട് ആ ദൂതനോടു ചേർന്ന്, “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്നു ഘോഷിച്ചുകൊണ്ട് * ദൈവത്തെ സ്തുതിച്ചു.’—ലൂക്കോ. 2:13, 14.
എളിയവരായ ആ ഇടയന്മാരുടെ മേൽ ആ പ്രഖ്യാപനം ശക്തമായ സ്വാധീനം ചെലുത്തി. അവർ അതിവേഗം ബേത്ത്ലെഹെമിലേക്ക് പുറപ്പെട്ടുചെന്നു. മറിയയെയും യോസേഫിനെയും ശിശുവായ യേശുവിനെയും കണ്ടെത്തിയപ്പോൾ “ശിശുവിനെക്കുറിച്ചു ദൂതന്മാർ തങ്ങളോടു പറഞ്ഞത് അവർ അവരെ അറിയിച്ചു.” തത്ഫലമായി, “ഇടയന്മാർ പറഞ്ഞ കാര്യങ്ങൾ കേട്ടവരൊക്കെയും അതിൽ വിസ്മയിച്ചു.” (ലൂക്കോ. 2:17, 18) “കേട്ടവരൊക്കെയും” എന്ന പദപ്രയോഗം യോസേഫിനെയും മറിയയെയും കൂടാതെ മറ്റുള്ളവരോടും ആട്ടിടയന്മാർ സംസാരിച്ചുവെന്ന് സൂചിപ്പിക്കുന്നു. അതിനു ശേഷം, “തങ്ങളോടു അറിയിച്ചിരുന്നതുപോലെതന്നെ എല്ലാം കാണുകയും കേൾക്കുകയും ചെയ്തതിനാൽ ദൈവത്തെ മഹത്ത്വപ്പെടുത്തിയും സ്തുതിച്ചുംകൊണ്ട് ഇടയന്മാർ മടങ്ങിപ്പോയി.” (ലൂക്കോ. 2:20) ക്രിസ്തുവിനെക്കുറിച്ച് തങ്ങൾ കേട്ട സന്തോഷകരമായ കാര്യങ്ങൾ ആ ഇടയന്മാർ പരസ്യമായി ഘോഷിച്ചുവെന്ന് വ്യക്തം!
മോശൈകന്യായപ്രമാണം ആവശ്യപ്പെട്ടിരുന്നതനുസരിച്ച് മറിയ തന്റെ കടിഞ്ഞൂൽ സന്തതിയെ യഹോവയ്ക്ക് അർപ്പിക്കേണ്ടതിന് യെരുശലേമിലേക്ക് കൊണ്ടുവന്നപ്പോൾ പ്രവാചകയായ ഹന്നാ “ദൈവത്തിനു നന്ദിനൽകാനും യെരുശലേമിന്റെ വിമോചനത്തിനായി കാത്തിരിക്കുന്ന സകലരോടും ശിശുവിനെക്കുറിച്ചു സംസാരിക്കാനുംതുടങ്ങി.” (2) (ലൂക്കോ. 2:36-38; പുറ. 13:12) അങ്ങനെ മിശിഹായുടെ പ്രത്യക്ഷതയെക്കുറിച്ചുള്ള വർത്തമാനം തുടർന്നും വ്യാപിച്ചുകൊണ്ടിരുന്നു.
പിന്നീട്, ‘കിഴക്കുനിന്നുള്ള ജ്യോതിഷക്കാർ യെരുശലേമിലെത്തി, “യഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? കിഴക്കായിരിക്കെ ഞങ്ങൾ അവന്റെ നക്ഷത്രം കണ്ടു, അവനെ വണങ്ങാൻ വന്നിരിക്കുന്നു” എന്നു പറഞ്ഞു.’ (മത്താ. 2:1, 2) ഇതുകേട്ട്, “ഹെരോദാരാജാവും യെരുശലേം ഒക്കെയും പരിഭ്രമിച്ചു. അവൻ ജനത്തിന്റെ എല്ലാ മുഖ്യപുരോഹിതന്മാരെയും ശാസ്ത്രിമാരെയും വിളിച്ചുകൂട്ടി, ക്രിസ്തു ജനിക്കുന്നത് എവിടെയായിരിക്കുമെന്ന് അന്വേഷിച്ചു.” (3) (മത്താ. 2:3, 4) അങ്ങനെ മിശിഹാ ആകാനുള്ളവൻ വന്നെത്തിയിരിക്കുന്നു എന്ന് അനവധി ആളുകൾ അറിയാനിടയായി. *
മുമ്പ് ഉദ്ധരിച്ച ലൂക്കോസ് 3:15, യോഹന്നാൻ സ്നാപകൻതന്നെയാണ് ക്രിസ്തു എന്ന് ചില യഹൂദന്മാർ കരുതിയിരുന്നതായി സൂചിപ്പിക്കുന്നു. “എന്നാൽ എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ശക്തനാകുന്നു. അവന്റെ ചെരിപ്പഴിക്കാൻപോലും ഞാൻ യോഗ്യനല്ല. അവൻ നിങ്ങളെ പരിശുദ്ധാത്മാവിനാലും തീയാലും സ്നാനം കഴിപ്പിക്കും” എന്നു പറഞ്ഞുകൊണ്ട് യോഹന്നാൻ ആ ധാരണ തിരുത്തി. (മത്താ. 3:11) യോഹന്നാന്റെ താഴ്മനിറഞ്ഞ ആ വാക്കുകൾ മിശിഹായെ കാത്തിരുന്നവരെ നിരാശപ്പെടുത്തിയില്ല. പകരം, അത് അവരുടെ ആകാംക്ഷ ഊതിക്കത്തിക്കുകയാണുണ്ടായത്.
മിശിഹായുടെ ആഗമനസമയം ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാർ കണക്കുകൂട്ടിയെടുത്തത് ദാനീയേൽ 9:24-27-ൽ രേഖപ്പെടുത്തിയിരിക്കുന്ന 70 ആഴ്ചവട്ടത്തെക്കുറിച്ചുള്ള പ്രവചനത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമോ? അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെങ്കിലും അത് അങ്ങനെതന്നെയാണെന്ന് ഉറപ്പിച്ചുപറയാനാവില്ല. യേശുവിന്റെ നാളിൽ 70 ആഴ്ചവട്ടത്തെക്കുറിച്ച് പരസ്പരവിരുദ്ധങ്ങളായ പല വ്യാഖ്യാനങ്ങൾ ഉണ്ടായിരുന്നുവെന്നതാണ് വസ്തുത. എന്നാൽ അവയിൽ ഒന്നുപോലും നമ്മുടെ ഇന്നത്തെ ഗ്രാഹ്യത്തോട് ഒത്തുവരുന്നില്ല. *
ഒരു യഹൂദ സന്ന്യാസസമൂഹമായി കരുതപ്പെടുന്ന എസ്സീന്യർ, 490 വർഷ കാലയളവിനൊടുവിൽ രണ്ട് മിശിഹാമാർ പ്രത്യക്ഷപ്പെടുമെന്നു പഠിപ്പിച്ചു. എന്നാൽ ദാനിയേൽ പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണോ അവർ അങ്ങനെ കണക്കുകൂട്ടിയത് എന്നു നമുക്ക് ഉറപ്പില്ല. അങ്ങനെയാണ് അവർ ചെയ്തതെങ്കിൽത്തന്നെ, പൊതുസമൂഹത്തിൽനിന്ന് ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ഈ ചെറുസമുദായത്തിന്റെ കാലഗണനാരീതികൾ യഹൂദന്മാരെ മൊത്തത്തിൽ സ്വാധീനിച്ചു എന്ന് വിശ്വസിക്കുക ബുദ്ധിമുട്ടാണ്.
ബി.സി. 607-ലെ ഒന്നാമത്തെ ആലയത്തിന്റെ നാശം മുതൽ എ.ഡി. 70-ലെ രണ്ടാമത്തെ ആലയത്തിന്റെ നാശം വരെയുള്ള കാലഘട്ടമാണ് 70 ആഴ്ചവട്ടമെന്ന് എ.ഡി. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചില യഹൂദന്മാർ വിശ്വസിച്ചു. എന്നാൽ മറ്റു ചിലർ, ബി.സി. രണ്ടാം നൂറ്റാണ്ടിലെ മക്കബായ കാലഘട്ടവുമായി ഈ പ്രവചനത്തിന്റെ നിവൃത്തി ബന്ധപ്പെടുത്തി. അതുകൊണ്ട് 70 ആഴ്ചവട്ടം എങ്ങനെ കണക്കുകൂട്ടണമെന്ന് ഏകാഭിപ്രായം ഉണ്ടായിരുന്നില്ലെന്ന് മനസ്സിലാക്കാം.
70 ആഴ്ചകളുടെ ദൈർഘ്യം എ.ഡി. ഒന്നാം നൂറ്റാണ്ടിൽത്തന്നെ കൃത്യമായി മനസ്സിലായിട്ടുണ്ടായിരുന്നെങ്കിൽ യേശുക്രിസ്തുവാണ് വാഗ്ദത്തമിശിഹായെന്നും അവൻ കൃത്യസമയത്തുതന്നെ പ്രത്യക്ഷനായെന്നും ഉള്ളതിന്റെ തെളിവായി അപ്പൊസ്തലന്മാരും ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളും ആ പ്രവചനം പരാമർശിക്കുമായിരുന്നു. എന്നാൽ ആദ്യകാലക്രിസ്ത്യാനികൾ അങ്ങനെയൊരു തെളിവ് ചൂണ്ടിക്കാട്ടിയതിന്റെ യാതൊരു രേഖയുമില്ല.
ശ്രദ്ധേയമായ മറ്റൊരു വസ്തുത കൂടിയുണ്ട്. എബ്രായ തിരുവെഴുത്തുകളിലെ പല പ്രവചനങ്ങളും യേശുക്രിസ്തുവിൽ നിറവേറിയെന്ന് സുവിശേഷ എഴുത്തുകാർ പലപ്പോഴും എടുത്തുപറഞ്ഞിട്ടുണ്ട്. (മത്താ. 1:22, 23; 2:13-15; 4:13-16) എന്നുവരികിലും, ഇവരിൽ ആരുംതന്നെ യേശുവിന്റെ ഭൂമിയിലെ ജീവിതവുമായി 70 ആഴ്ചവട്ടത്തിന്റെ പ്രവചനത്തെ ബന്ധപ്പെടുത്തുന്നില്ല.
ചുരുക്കിപ്പറഞ്ഞാൽ, യേശുവിന്റെ നാളിലുണ്ടായിരുന്നവർ 70 ആഴ്ചവട്ടത്തെക്കുറിച്ചുള്ള പ്രവചനം കൃത്യമായി മനസ്സിലാക്കിയിരുന്നുവെന്ന് നമുക്ക് ഉറപ്പോടെ പറയാൻ സാധ്യമല്ല. എന്നിരുന്നാലും, ആളുകൾ അന്ന് മിശിഹായുടെ വരവിനായി ‘കാത്തിരിക്കുകയായിരുന്നു’ എന്നതിന് ശക്തമായ മറ്റു പല കാരണങ്ങളുമാണ് സുവിശേഷങ്ങൾ നൽകുന്നത്.
^ ഖ. 4 യേശുവിന്റെ ജനനത്തിങ്കൽ ദൂതന്മാർ ‘പാട്ടുപാടി’ എന്ന് ബൈബിൾ പറയുന്നില്ല.
^ ഖ. 7 കിഴക്ക് ഒരു “നക്ഷത്രം” പ്രത്യക്ഷപ്പെട്ടതും ‘യഹൂദന്മാരുടെ രാജാവിന്റെ’ ജനനവും തമ്മിൽ ജ്യോതിഷക്കാർ എങ്ങനെയാണ് ബന്ധിപ്പിച്ചു മനസ്സിലാക്കിയത് എന്ന് നാം ചിന്തിച്ചേക്കാം. ഒരുപക്ഷേ, അവർ ‘നക്ഷത്രം’ പിന്തുടർന്ന് ഇസ്രായേൽ ദേശത്തുകൂടെ സഞ്ചരിക്കവെ യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള വാർത്ത കേട്ടതായിരിക്കുമോ?
^ ഖ. 9 70 ആഴ്ചവട്ടത്തെക്കുറിച്ചുള്ള പ്രവചനത്തിന്റെ ഇന്നത്തെ ഗ്രാഹ്യത്തിനായി ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! എന്ന പുസ്തകത്തിന്റെ 11-ാം അധ്യായം കാണുക.