വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്കു കൂടുതൽ ചെയ്യാൻ കഴിയുമോ?

നിങ്ങൾക്കു കൂടുതൽ ചെയ്യാൻ കഴിയുമോ?

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒരു നിശ്ശബ്ദസിനിമ (A Trip Down Market Street) ആളുകളെ പുളകംകൊള്ളിച്ചു. യു.എസ്‌.എ-യിലെ സാൻ ഫ്രാൻസിസ്‌കോയിലുള്ള ആളുകളുടെ അനുദിനജീവിതത്തിലെ സംഭവങ്ങളാണ്‌ അതിൽ ചിത്രീകരിച്ചത്‌. കൈകൊണ്ട്‌ തിരിക്കാവുന്ന ഒരു ക്യാമറ കേബിൾക്കാറിൽ ഘടിപ്പിച്ചുകൊണ്ട്‌ തിരക്കേറിയ വഴികളിലെ ദൃശ്യങ്ങൾ ഒപ്പിയെടുത്തു. കുതിരവണ്ടി, അന്നത്തെ വാഹനങ്ങൾ, സാധനം വാങ്ങുന്ന ആളുകൾ, പത്രം വിതരണം ചെയ്യുന്ന കുട്ടികൾ എന്നിങ്ങനെയുള്ള സ്ഥിരംകാഴ്‌ചകൾ കോർത്തിണക്കികൊണ്ടുള്ള ഒരു ചലച്ചിത്രമായിരുന്നു അത്‌.

സാധ്യതയനുസരിച്ച്‌ 1906 ഏപ്രിലിലാണ്‌ ഈ സിനിമ ചിത്രീകരിച്ചത്‌. എന്നാൽ ഇന്ന്‌ ആ സിനിമ കാണുന്നവരുടെ മനസ്സിൽ ഒരു വിങ്ങലുണ്ടാകുന്നു. കാരണം, ഈ സിനിമയുടെ ചിത്രീകരണത്തിനു ശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഏപ്രിൽ 18-ന്‌ നഗരത്തിലെ ആയിരങ്ങളുടെ ജീവൻ കവർന്നെടുത്തുകൊണ്ട്‌ ഒരു വലിയ ഭൂകമ്പവും തീപിടിത്തവും ഉണ്ടായി. സിനിമ ചിത്രീകരിച്ച ആ നഗരഭാഗം ഏതാണ്ട്‌ പൂർണമായും നശിച്ചു. ആ സിനിമയിൽ പകർത്തിയിരുന്ന ജീവസ്സുറ്റ ചില മുഖങ്ങൾക്ക്‌ ഏതാനും ദിവസങ്ങൾ കൂടെയേ ആയുസ്സുണ്ടായിരുന്നുള്ളൂ. സിനിമാനിർമാതാക്കളിൽ ഒരാളുടെ പിൻതലമുറക്കാരനായ സ്‌കോട്ട്‌ മൈൽസ്‌ ഇങ്ങനെ പറയുന്നു: “തങ്ങൾക്ക്‌ എന്താണു സംഭവിക്കാൻ പോകുന്നതെന്ന്‌ അറിയാത്ത കുറെ ആളുകളെ ആ സിനിമയിൽ ഞാൻ കാണുന്നു. അവരെ ഓർത്ത്‌ ദുഃഖിക്കാതിരിക്കാൻ എനിക്കു പറ്റുന്നില്ല.”

യാതൊരു മുന്നറിയിപ്പുമില്ലാതെ 1906-ലുണ്ടായ ഭൂകമ്പവും അതേത്തുടർന്നുണ്ടായ തീപിടിത്തവും സാൻ ഫ്രാൻസിസ്‌കോ നഗരത്തിന്റെ ഭൂരിഭാഗവും നശിപ്പിച്ചു

നമ്മുടെ കാലത്തും ഒരു വലിയ ദുരന്തം സംഭവിക്കാനിരിക്കുന്നു എന്ന വസ്‌തുത നമ്മെ ആഴത്തിൽ ചിന്തിപ്പിക്കേണ്ടതാണ്‌. നമ്മുടെ അയൽക്കാരെപ്രതി നമുക്ക്‌ ദുഃഖിക്കാതിരിക്കാനാകില്ല. തൊട്ടുമുമ്പിൽ സംഭവിക്കാനിരിക്കുന്ന ദുരന്തത്തെക്കുറിച്ച്‌ ഒന്നും അറിയാതെ അവർ അനുദിനജീവിതത്തിൽ മുഴുകിയിരിക്കുന്നു. അതെ, ഈ വ്യവസ്ഥിതിയും അവരുടെ ആർഭാടജീവിതവും അവസാനിക്കാറായി. എന്നാൽ മുൻകൂട്ടിക്കാണാൻ കഴിയാത്ത ഒരു ഭൂകമ്പംപോലെയല്ല യഹോവയുടെ ന്യായവിധിദിവസം. അയൽക്കാർക്കു മുന്നറിയിപ്പു കൊടുക്കാനുള്ള ചുരുങ്ങിയ അവസരം നമുക്കുണ്ട്‌. വീടുതോറുമുള്ള വേലയിൽ ഏർപ്പെടാനായി നിങ്ങൾ ഓരോ ആഴ്‌ചയിലും ഒരു നിശ്ചിതസമയം പട്ടികപ്പെടുത്തിയിട്ടുണ്ടാകും. എന്നാൽ അതിലധികം ചെയ്യാൻ നിങ്ങൾക്കാകുമോ?

യേശു എല്ലായ്‌പോഴും പ്രസംഗിക്കാൻ തയ്യാറായിരുന്നു

പ്രസംഗവേലയിൽ വ്യാപൃതനായിരുന്ന യേശുവിന്റെ മാതൃക എടുത്തുപറയത്തക്ക ഒന്നാണ്‌. അവൻ എപ്പോഴും പ്രസംഗിക്കാൻ തയ്യാറായിരുന്നു. വഴിയരികെവെച്ച്‌ കണ്ട നികുതിപിരിവുകാരനോട്‌, നട്ടുച്ചയ്‌ക്ക്‌ കിണറ്റരികിൽവെച്ച്‌ കണ്ട സ്‌ത്രീയോട്‌, അങ്ങനെ കണ്ടുമുട്ടിയ എല്ലാവരോടും അവൻ ഒരു മടിയുംകൂടാതെ സാക്ഷീകരിച്ചു. (ലൂക്കോ. 19:1-5; യോഹ. 4:5-10, 21-24) വിശ്രമിക്കാനായി നീക്കിവെച്ച സമയംപോലും മറ്റുള്ളവരെ പഠിപ്പിക്കാൻ അവൻ മനസ്സോടെ ചെലവഴിച്ചു. ആളുകളോടുള്ള അനുകമ്പ നിമിത്തം നാമമാത്രസാക്ഷീകരണത്തിലധികം അവൻ ചെയ്‌തു. (മർക്കോ. 6:30-34) യേശുവിന്റെ ഈ അടിയന്തിരതാമനോഭാവം നമുക്ക്‌ എങ്ങനെ അനുകരിക്കാം?

അവർ എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുന്നു

അതീവസുരക്ഷാസംവിധാനമുള്ള ഒരു കെട്ടിടസമുച്ചയത്തിലാണ്‌ മെലീക്ക താമസിക്കുന്നത്‌. അവളുടെ അയൽക്കാരിലധികവും വിദേശികളായ വിദ്യാർഥികളാണ്‌. അവരുടെ ഫോൺ നമ്പറുകൾ ടെലഫോൺ ഡയറക്‌ടറിയിലോ പേരുകൾ അപ്പാർട്ടുമെന്റിലെ അഡ്രസ്സ്‌ ബുക്കിലോ ഇല്ല. ഇടനാഴിയിലും ലിഫ്‌റ്റിലും മറ്റും കണ്ടുമുട്ടുന്ന താമസക്കാരുമായി ആത്മീയകാര്യങ്ങൾ സംസാരിക്കാൻ അവസരം കണ്ടെത്തിയ അവൾ ഏറെ സന്തുഷ്ടയാണ്‌. “ഒരു അർഥത്തിൽ ഞാൻ അത്‌ എന്റെ പ്രവർത്തനപ്രദേശമാക്കി മാറ്റി” എന്ന്‌ അവൾ പറയുന്നു. വ്യത്യസ്‌തഭാഷകളിലുള്ള സാഹിത്യങ്ങൾ അവൾ കൂടെക്കരുതും. അങ്ങനെ ധാരാളം പേർക്ക്‌ ലഘുലേഖകളും മാസികകളും സമർപ്പിക്കാൻ അവൾക്കു കഴിഞ്ഞു. കൂടാതെ, അവൾ jw.org എന്ന നമ്മുടെ വെബ്‌സൈറ്റിലേക്കും ആളുകളുടെ ശ്രദ്ധ ക്ഷണിക്കാറുണ്ട്‌. പല ബൈബിളധ്യയനങ്ങളും ആരംഭിക്കാൻ അവൾക്കു കഴിഞ്ഞിരിക്കുന്നു.

സാക്ഷീകരിക്കാനുള്ള എല്ലാ അവസരങ്ങളും സോണ്യയും പ്രയോജനപ്പെടുത്തുന്നു. ഒരു ഡോക്‌ടറുടെ ക്ലിനിക്കിലാണ്‌ അവൾ ജോലി ചെയ്യുന്നത്‌. എല്ലാ സഹജോലിക്കാർക്കും സമഗ്രസാക്ഷ്യം കൊടുക്കാൻ അവൾ ലക്ഷ്യം വെച്ചു. അതിനായി, അവരുടെ ഓരോരുത്തരുടെയും ആവശ്യങ്ങളും താത്‌പര്യങ്ങളും മനസ്സിലാക്കാൻ അവൾ സമയമെടുത്തു. അതിനു ശേഷം, ഉച്ചയ്‌ക്കത്തെ ഇടവേളയിൽ ഓരോരുത്തരോടും സാക്ഷീകരിക്കാൻ അവൾ ശ്രമിച്ചു. തത്‌ഫലമായി, അവൾക്കു രണ്ടു ബൈബിളധ്യയനങ്ങൾ ആരംഭിക്കാൻ സാധിച്ചു. അടുത്തതായി അവൾ ലക്ഷ്യം വെച്ചിരിക്കുന്നത്‌ ഡോക്‌ടറെ കാണാൻ കാത്തിരിക്കുന്നവരോട്‌ ഒഴിവുസമയത്തു സാക്ഷീകരിക്കാനാണ്‌.

അവസരങ്ങൾ തേടുക

1906-ലെ ആ ഭൂകമ്പത്തെ അതിജീവിച്ച ഒരാൾ ഇങ്ങനെ പറഞ്ഞു: “ഒരു സംസ്ഥാനത്തിലോ നഗരത്തിലോ സംഭവിച്ചിട്ടുള്ളതിലേക്കും ഏറ്റവും ഭയാനകമായ ദുരന്തമായിരുന്നു അത്‌.” പക്ഷേ, ‘ദൈവത്തെ അറിയാത്തവർക്ക്‌’ എതിരെയുള്ള പ്രതികാരദിവസവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തരം ദുരന്തങ്ങൾ ഒന്നുമല്ല. (2 തെസ്സ. 1:8) ആളുകൾ തങ്ങളുടെ മനസ്സിനും ഹൃദയത്തിനും മാറ്റം വരുത്തി തന്റെ ജനം നൽകുന്ന മുന്നറിയിപ്പിൻദൂത്‌ കേട്ടനുസരിക്കാൻ യഹോവ അതിയായി ആഗ്രഹിക്കുന്നു.—2 പത്രോ. 3:9; വെളി. 14:6, 7.

അനുദിനകാര്യങ്ങളിൽ ഏർപ്പെടുമ്പോൾ സാക്ഷീകരിക്കാൻ ലഭിക്കുന്ന എല്ലാ അവസരങ്ങളും നിങ്ങൾ പ്രയോജനപ്പെടുത്താറുണ്ടോ?

സ്വാർഥതാത്‌പര്യങ്ങൾ ഉപേക്ഷിച്ച്‌ യഹോവയെ അന്വേഷിക്കാനും ഇതു ദുഷ്‌കരനാളുകളാണെന്നു തിരിച്ചറിയാനും ആളുകളെ സഹായിക്കാനുള്ള മഹത്തായ പദവി നമുക്കുണ്ട്‌. (സെഫ. 2:2, 3) നിങ്ങളുടെ സഹജോലിക്കാർ, അയൽക്കാർ എന്നിങ്ങനെ അനുദിനജീവിതത്തിൽ കണ്ടുമുട്ടുന്ന എല്ലാവരോടും സാക്ഷീകരിക്കാനുള്ള അവസരം നിങ്ങൾ പ്രയോജനപ്പെടുത്തുമോ? മുന്നറിയിപ്പു നൽകാനായി നിങ്ങൾക്കു കൂടുതൽ ചെയ്യാൻ കഴിയുമോ?