എലീശാ അഗ്നിമയരഥങ്ങൾ കണ്ടു—നിങ്ങളോ?
ദൈവത്തിന്റെ പ്രവാചകനായ എലീശായെ പിടികൂടാൻ അരാംരാജാവ് തക്കംപാർത്തിരിക്കുകയാണ്. ഒടുവിൽ, എലീശാ മതിലുകളാൽ ചുറ്റപ്പെട്ട ദോഥാനിലുണ്ടെന്ന് രാജാവിന് അറിവു കിട്ടി. ആ രാത്രിയിൽത്തന്നെ കുതിരകളെയും രഥങ്ങളെയും സൈന്യങ്ങളെയും അവൻ ദോഥാനിലേക്ക് അയച്ചു. നേരം പുലർന്നപ്പോഴേക്കും സൈന്യം ആ നഗരം വളഞ്ഞുകഴിഞ്ഞിരുന്നു.—2 രാജാ. 6:13, 14.
എലീശായുടെ ദാസൻ രാവിലെ എഴുന്നേറ്റപ്പോൾ കണ്ടത് പട്ടണം വളഞ്ഞിരിക്കുന്ന സൈന്യത്തെയാണ്. അവൻ നിലവിളിച്ചു: “അയ്യോ യജമാനനേ, നാം എന്തു ചെയ്യും?” അതിന് എലീശാ: “പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവർ അവരോടുകൂടെയുള്ളവരെക്കാൾ അധികം.” പിന്നെ എലീശാ പ്രാർഥിച്ചു: “യഹോവേ, ഇവൻ കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കേണമേ.” വിവരണം തുടർന്നു പറയുന്നു: “യഹോവ ബാല്യക്കാരന്റെ കണ്ണു തുറന്നു; എലീശായുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളുംകൊണ്ടു മല നിറഞ്ഞിരിക്കുന്നതു അവൻ കണ്ടു.” (2 രാജാ. 6:15-17) ഇതിൽനിന്നും എലീശായുടെ ജീവിതത്തിലെ മറ്റു സംഭവങ്ങളിൽനിന്നും നമുക്ക് എന്തു പഠിക്കാം?
ശക്തരായ അരാംസൈന്യത്തിന്റെ മുമ്പിൽ എലീശാ ശാന്തനായി നിലകൊണ്ടു. കാരണം, അവൻ യഹോവയിൽ ആശ്രയിക്കുകയും യഹോവയുടെ സംരക്ഷണാത്മകശക്തിയുടെ പ്രവർത്തനം കാണുകയും ചെയ്‌തു. ഇന്നു നാം അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നില്ലെങ്കിലും ഒരു കൂട്ടമെന്ന നിലയിൽ യഹോവ തന്റെ ജനത്തെ സംരക്ഷിക്കുമെന്ന ഉറപ്പ് നമുക്കുണ്ട്. ഒരർഥത്തിൽ നമുക്കു ചുറ്റും അഗ്നിമയരഥങ്ങളും കുതിരകളും നിറഞ്ഞിരിക്കുന്നതുപോലെയാണ് അത്. നാം നമ്മുടെ വിശ്വാസക്കണ്ണുകൾകൊണ്ട് അത് ‘കാണുകയും’ എല്ലായ്‌പോഴും യഹോവയിൽ ആശ്രയിക്കുകയും ചെയ്യുന്നെങ്കിൽ ‘നിർഭയം വസിക്കാനും’ യഹോവയിൽനിന്നുള്ള അനുഗ്രഹങ്ങൾ ആസ്വദിക്കാനും കഴിയും. (സങ്കീ. 4:8) ഇനി, എലീശായുടെ ജീവിതത്തിലെ മറ്റു സംഭവങ്ങളിൽനിന്നു നമുക്ക് എങ്ങനെ പ്രയോജനം നേടാമെന്നു നോക്കാം.
എലീശാ ഏലിയാവിനെ സേവിക്കാൻ തുടങ്ങുന്നു
ഒരു ദിവസം എലീശാ വയലിൽ ഉഴുതുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ പ്രവാചകനായ ഏലിയാവ് അവന്റെ അരികെ ചെന്ന് തന്റെ ഔദ്യോഗികവസ്‌ത്രം അവന്റെ മേൽ ഇട്ടു. അതിന്റെ അർഥം എലീശായ്‌ക്ക് പെട്ടെന്നുതന്നെ മനസ്സിലായി—ഏലിയാവിനെ അനുഗമിക്കുക. തുടർന്ന് എലീശാ ഒരു വിരുന്നു നടത്തുകയും മാതാപിതാക്കളോടു യാത്ര പറയുകയും ചെയ്‌തശേഷം ഏലിയാവിനെ ശുശ്രൂഷിച്ചുതുടങ്ങി. (1 രാജാ. 19:16, 19-21) യഹോവയെ സേവിക്കാൻ തന്നെത്തന്നെ പൂർണമനസ്സോടെ ലഭ്യമാക്കിയതിനാൽ യഹോവയുടെ കൈയിലെ ഉപകരണമായിത്തീരാനും ക്രമേണ ഏലിയാവിന്റെ സ്ഥാനത്തു പ്രവാചകനായി സേവിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
എലീശാ ഏലിയാവിനെ ഏകദേശം ആറു വർഷത്തോളം സേവിച്ചു. ആ സമയത്ത്, ‘ഏലിയാവിന്റെ കൈക്കു വെള്ളം ഒഴിച്ചുകൊടുക്കുന്ന’ ഒരാളായിരുന്നു എലീശാ. (2 രാജാ. 3:11) അക്കാലത്തെ ആളുകളും കൈകൊണ്ട് ഭക്ഷണം കഴിച്ചിരുന്നതിനാൽ യജമാനന്റെ കൈ കഴുകാൻ ഒരു ദാസൻ വെള്ളമൊഴിച്ചുകൊടുക്കേണ്ടിയിരുന്നു. അതെ, എലീശായുടെ ജോലികളിൽ ചിലതെങ്കിലും തരംതാഴ്‌ന്നതെന്ന് ആളുകൾ കരുതുന്നവയായിരുന്നു. എന്നാൽ, ഏലിയാവിന്റെ ദാസനായിരിക്കുന്നതിനെ എലീശാ ഒരു പദവിയായിട്ടാണു വീക്ഷിച്ചത്.
ഇന്നും ധാരാളം ക്രിസ്‌ത്യാനികൾ മുഴുസമയസേവനത്തിന്റെ വ്യത്യസ്‌തമേഖലകളിൽ പ്രവർത്തിക്കുന്നു. തങ്ങളുടെ കഴിവിന്റെ പരമാവധി യഹോവയെ സേവിക്കാനുള്ള ആഗ്രഹവും ശക്തമായ വിശ്വാസവും ആണ് അങ്ങനെ ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നത്. ബെഥേൽ സേവനം, നിർമാണപദ്ധതികൾ എന്നിവപോലുള്ള ചില നിയമനങ്ങൾ നിർവഹിക്കുന്നതിനുവേണ്ടി വീട്ടിൽനിന്നു മാറിനിൽക്കേണ്ടതായോ തരംതാഴ്‌ന്നതായി പലരും വീക്ഷിക്കുന്ന ജോലികൾ ചെയ്യേണ്ടതായോ വന്നേക്കാം. ഇത്തരം സേവനം അപ്രധാനമായോ കുറച്ചിലായോ ക്രിസ്‌ത്യാനികൾ ആരും വീക്ഷിക്കരുത്. യഹോവയുടെ ദൃഷ്ടിയിൽ ഇവയെല്ലാം ശ്രേഷ്‌ഠമായ പദവികളാണ്.—എബ്രാ. 6:10.
എലീശാ തന്റെ നിയമനത്തോടു പറ്റിനിന്നു
‘ഏലിയാവെ ചുഴലിക്കാറ്റിൽ സ്വർഗത്തിലേക്കു എടുക്കുന്നതിനു’ മുമ്പ് യഹോവ അവനെ ഗിൽഗാലിൽനിന്നു ബേഥേലിലേക്ക് അയച്ചു. തന്റെ കൂടെ വരേണ്ടതില്ലെന്ന് ഏലിയാവ് എലീശായോടു പറഞ്ഞെങ്കിലും “ഞാൻ നിന്നെ വിടുകയില്ല” എന്ന് അവൻ പറഞ്ഞു. യാത്ര തുടർന്നപ്പോൾ, എലീശായോടു പൊയ്‌ക്കൊള്ളാൻ രണ്ടു പ്രാവശ്യംകൂടെ ഏലിയാവ് അപേക്ഷിച്ചു. പക്ഷേ ഫലമുണ്ടായില്ല. (2 രാജാ. 2:1-6) രൂത്ത് നൊവൊമിയോടെന്നപോലെ എലീശാ ഏലിയാവിനോടു പറ്റിനിന്നു. (രൂത്ത് 1:8, 16, 17) എന്തുകൊണ്ട്? ഏലിയാവിനെ ശുശ്രൂഷിക്കുകയെന്ന ദൈവദത്തമായ പദവി അവൻ അത്രയേറെ വിലമതിച്ചു.
എലീശാ നമുക്ക് ഒരു ഉത്തമമാതൃകയാണ്. യഹോവയുടെ സംഘടനയിൽ എത്ര ചെറിയ സേവനപദവിയാണു ലഭിക്കുന്നതെങ്കിലും നാം സേവിക്കുന്നത് യഹോവയെയാണ് എന്ന കാര്യം മനസ്സിൽപ്പിടിക്കുന്നെങ്കിൽ അത് അങ്ങേയറ്റം നാം വിലമതിക്കും. വാസ്‌തവത്തിൽ അതിനെക്കാൾ വലിയൊരു പദവി ലഭിക്കാനില്ല!—സങ്കീ. 65:4; 84:10.
“ഞാൻ നിനക്കു എന്തു ചെയ്‌തുതരേണം”
അവർ രണ്ടു പേരും യാത്ര തുടരവെ, ഏലിയാവ് എലീശായോട്: “നിങ്കൽനിന്ന് എടുത്തുകൊള്ളപ്പെടുംമുമ്പെ ഞാൻ നിനക്കു എന്തു ചെയ്‌തുതരേണം? ചോദിച്ചുകൊൾക” എന്നു പറഞ്ഞു. വർഷങ്ങൾക്കു മുമ്പ് ശലോമോൻ ആത്മീയവരം ചോദിച്ചതുപോലെ എലീശാ, “നിന്റെ ആത്മാവിൽ ഇരട്ടി പങ്ക് എന്റെമേൽ വരുമാറാകട്ടെ” എന്നു പറഞ്ഞു. (1 രാജാ. 3:5, 9; 2 രാജാ. 2:9) പിതാവിന്റെ സ്വത്തിന്റെ ഇരട്ടി പങ്ക് ആദ്യജാതന് അവകാശമായി ലഭിച്ചിരുന്നു. (ആവ. 21:15-17) സമാനമായി, ഏലിയാവിന്റെ ആത്മീയസ്വത്തിന് അവകാശിയായിത്തീരാനും, “ദൈവമായ യഹോവെക്കു വേണ്ടി . . . വളരെ ശുഷ്‌കാന്തി” കാണിച്ച ഏലിയാവിന്റെ അതേ ധൈര്യമുണ്ടായിരിക്കാനും അവൻ ആഗ്രഹിച്ചു.—1 രാജാ. 19:13, 14.
തന്റെ ദാസന്റെ അഭ്യർഥനയോട് ഏലിയാവ് പ്രതികരിച്ചത് എങ്ങനെയാണ്? പ്രവാചകൻ പറഞ്ഞു: “നീ പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചതു; ഞാൻ നിങ്കൽനിന്നു എടുത്തുകൊള്ളപ്പെടുമ്പോൾ നീ എന്നെ കാണുന്നുവെങ്കിൽ നിനക്കു അങ്ങനെ ഉണ്ടാകും; അല്ലെന്നുവരികിൽ ഉണ്ടാകയില്ല.” (2 രാജാ. 2:10) തന്റെ മറുപടിയിലൂടെ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ ഏലിയാവ് വ്യക്തമാക്കി. ഒന്നാമതായി, ആത്മാവിൽ ഇരട്ടി പങ്ക് കൊടുക്കാനാകുമോ എന്ന് തീരുമാനിക്കേണ്ടത് യഹോവയാണ്. രണ്ടാമതായി, എന്തുതന്നെ സംഭവിച്ചാലും അവൻ ഏലിയാവിനോടൊപ്പം തുടരണമായിരുന്നു.
എലീശാ കണ്ടത്
ഏലിയാവിന്റെ ആത്മാവിൽ ഇരട്ടി പങ്കിനുവേണ്ടിയുള്ള എലീശായുടെ അഭ്യർഥന യഹോവ എങ്ങനെയാണു വീക്ഷിച്ചത്? വിവരണം പറയുന്നു: ‘അവർ സംസാരിച്ചുകൊണ്ടു നടക്കുമ്പോൾ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്ന് അവരെ തമ്മിൽ വേർപിരിച്ചു; അങ്ങനെ ഏലിയാവു ചുഴലിക്കാറ്റിൽ സ്വർഗത്തിലേക്കു കയറി. എലീശാ അതു കണ്ടു.’ * എലീശായുടെ അഭ്യർഥനയ്‌ക്കുള്ള യഹോവയുടെ ഉത്തരമായിരുന്നു അത്. അതെ, ഏലിയാവിനെ സ്വർഗത്തിലേക്ക് എടുക്കുന്നത് എലീശാ കാണുകയും ഏലിയാവിന്റെ ആത്മാവിൽ ഇരട്ടി പങ്ക് അവനു ലഭിക്കുകയും ചെയ്‌തു. അങ്ങനെ, അവൻ പ്രവാചകന്റെ ആത്മീയസ്വത്തിന് അവകാശിയായിത്തീർന്നു.—2 രാജാ. 2:11-14.
ഏലിയാവിന്മേൽനിന്നു വീണ ഔദ്യോഗികവസ്‌ത്രം എലീശാ എടുത്തു. ഇനിമുതൽ അവൻ ദൈവത്തിന്റെ പ്രവാചകനാണെന്നു തിരിച്ചറിയിക്കുന്ന ഒരു അടയാളമാകുമായിരുന്നു ആ വസ്‌ത്രം. യോർദാൻ നദി രണ്ടായി വിഭജിച്ചുകൊണ്ട് ഒരു അത്ഭുതം പ്രവർത്തിച്ചപ്പോൾ അവന്റെ നിയമനത്തിന്റെ കൂടുതലായ മറ്റൊരു തെളിവും ലഭിച്ചു.
ഏലിയാവ് ചുഴലിക്കാറ്റിൽ കയറിപ്പോകുന്നതു കണ്ടത് എലീശായിൽ വലിയ പ്രഭാവം ചെലുത്തി എന്നതിനു സംശയമില്ല. കാരണം, അഗ്നിമയമായ രഥങ്ങളും കുതിരകളും ഒരു അപൂർവകാഴ്‌ചയാണല്ലോ! അതെല്ലാം എലീശായുടെ അഭ്യർഥന യഹോവ അംഗീകരിച്ചു എന്നതിന്റെ തെളിവുകളായിരുന്നു. ഇന്ന്, നമ്മുടെ പ്രാർഥനകൾക്ക് അഗ്നിമയ രഥങ്ങളെയോ കുതിരകളെയോ കാണിച്ചുകൊണ്ട് യഹോവ ഉത്തരം നൽകുന്നില്ല. എന്നാൽ തന്റെ ഇഷ്ടം നിറവേറ്റാൻ യഹോവ തന്റെ അപരിമേയശക്തി ഉപയോഗിക്കുന്നത് തിരിച്ചറിയാൻ നമുക്കു കഴിയും. തന്റെ സംഘടനയുടെ ഭൗമികഭാഗത്തെ യഹോവ അനുഗ്രഹിക്കുന്നത് നാം നിരീക്ഷിക്കുമ്പോൾ ഒരു അർഥത്തിൽ യഹോവയുടെ യെഹെ. 10:9-13.
സ്വർഗീയരഥത്തിന്റെ മുന്നേറ്റം നാം ‘കാണുകയാണ്.’—യഹോവയുടെ അതുല്യമായ ശക്തി ബോധ്യപ്പെടുത്തുന്ന ധാരാളം അനുഭവങ്ങൾ എലീശായ്‌ക്കുണ്ടായി. യഹോവയുടെ പരിശുദ്ധാത്മാവ് 16 അത്ഭുതങ്ങൾ ചെയ്യാൻ അവനെ പ്രാപ്‌തനാക്കി, ഏലിയാവ് ചെയ്‌തതിന്റെ ഇരട്ടി. * രണ്ടാം പ്രാവശ്യം അഗ്നിമയമായ രഥങ്ങളെയും കുതിരകളെയും അവൻ കണ്ടത് ദോഥാനിൽവെച്ചാണ്. ഈ ലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിച്ചിരിക്കുന്നത് ആ സംഭവമാണ്.
എലീശാ യഹോവയിൽ ആശ്രയിച്ചു
ദോഥാനിൽവെച്ച് ശത്രുക്കൾ വളഞ്ഞപ്പോഴും എലീശായ്‌ക്കു ശാന്തനായി നിലകൊള്ളാൻ കഴിഞ്ഞത് യഹോവയിൽ ശക്തമായ വിശ്വാസം വളർത്തിയെടുത്തിരുന്നതിനാലാണ്. നമുക്കും അത്തരം വിശ്വാസം ആവശ്യമാണ്. പരിശുദ്ധാത്മാവിനുവേണ്ടി നാം അപേക്ഷിക്കുന്നെങ്കിൽ വിശ്വാസവും ആത്മാവിന്റെ ഫലത്തിന്റെ മറ്റു സവിശേഷതകളും നമുക്കു പ്രകടിപ്പിക്കാൻ കഴിയും.—ലൂക്കോ. 11:13; ഗലാ. 5:22, 23.
ദോഥാനിലെ സംഭവത്തിലൂടെ യഹോവയിലും അവന്റെ അദൃശ്യസൈന്യത്തിലും ആശ്രയിക്കുന്നതിനുള്ള ഈടുറ്റ കാരണങ്ങൾ എലീശായ്‌ക്കു ലഭിച്ചു. നഗരത്തിനും ശത്രുസൈന്യത്തിനും ചുറ്റും യഹോവ തന്റെ ദൂതസൈന്യത്തെ അണിനിരത്തിയിട്ടുണ്ടെന്നു പ്രവാചകൻ തിരിച്ചറിഞ്ഞു. ശത്രുക്കൾക്ക് അന്ധത പിടിപ്പിച്ചുകൊണ്ട് എലീശായെയും അവന്റെ ദാസനെയും യഹോവ അത്ഭുതകരമായി സംരക്ഷിച്ചു. (2 രാജാ. 6:17-23) മറ്റു സാഹചര്യങ്ങളിലേതുപോലെതന്നെ ദുഷ്‌കരമായ ആ സമയത്തും പ്രവാചകൻ യഹോവയിൽ പൂർണമായി ആശ്രയിക്കുകയും വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്‌തു.
എലീശായെപ്പോലെ നാമും യഹോവയിൽ പൂർണമായി ആശ്രയിക്കണം. (സദൃ. 3:5, 6) അങ്ങനെ ചെയ്യുന്നെങ്കിൽ, ‘ദൈവം നമ്മോടു കൃപ ചെയ്‌തു നമ്മെ അനുഗ്രഹിക്കും.’ (സങ്കീ. 67:1) അക്ഷരീയമായി നമുക്കു ചുറ്റും അഗ്നിമയമായ കുതിരകളോ രഥങ്ങളോ ഇല്ല. എന്നാൽ, “മഹാകഷ്ടം” ആരംഭിക്കുന്ന സമയത്ത് ലോകവ്യാപകസഹോദരവർഗമെന്ന നിലയിൽ യഹോവ നമ്മെ സംരക്ഷിക്കുകതന്നെ ചെയ്യും. (മത്താ. 24:21; വെളി. 7:9, 14) അതുവരെ “ദൈവം നമുക്കു സങ്കേതമാകുന്നു” എന്ന് എല്ലായ്‌പോഴും മനസ്സിൽപ്പിടിക്കാം.—സങ്കീ. 62:8.
^ യഹോവയുടെയും അവന്റെ ദൂതപുത്രന്മാരുടെയും വാസസ്ഥലമായ സ്വർഗത്തിലേക്ക് ഏലിയാവ് കയറിപ്പോയില്ല. 1997 സെപ്‌റ്റംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 15-ാം പേജ് കാണുക.
^ 2005 ആഗസ്റ്റ് 1 ലക്കം വീക്ഷാഗോപുരത്തിന്റെ 10-ാം പേജ് കാണുക.