ജീവിതകഥ
ആർട്ടിക് വൃത്തത്തിനടുത്ത് മുഴുസമയസേവനത്തിന്റെ അഞ്ചു ദശകങ്ങൾ!
“നിനക്ക് പയനിയറിങ് ചെയ്യാൻ എന്തെളുപ്പമാണ്, അപ്പനും അമ്മയും സത്യത്തിലല്ലേ, അവർ സഹായിക്കുമല്ലോ,” മുഴുസമയശുശ്രൂഷയിലായിരുന്ന ഒരു സുഹൃത്തിനോട് ഞങ്ങൾ പറഞ്ഞു. “പക്ഷേ, നമുക്കെല്ലാമുള്ളത് ഒരു പിതാവല്ലേ” എന്നായിരുന്നു അവളുടെ മറുപടി. അവളുടെ ആ മറുപടി ഞങ്ങൾക്ക് വലിയൊരു പാഠമായിരുന്നു. നമ്മുടെ സ്വർഗീയപിതാവ് തന്റെ ദാസരുടെ ആവശ്യങ്ങളെല്ലാം നോക്കിനടത്തുകയും അവരെ ബലപ്പെടുത്തുകയും ചെയ്യും എന്ന പാഠം. ഈ വസ്‌തുതയുടെ നേർക്കാഴ്‌ചയാണ് ഞങ്ങളുടെ ജീവിതം.
ഫിൻലൻഡിലെ വടക്കൻ ഓസ്‌ട്രോബോത്‌നിയയിലുള്ള ഒരു കർഷകകുടുംബത്തിലാണ് ഞങ്ങൾ ജനിച്ചത്. ഞങ്ങൾ പത്തു മക്കളായിരുന്നു. രണ്ടാം ലോകമഹായുദ്ധം ഞങ്ങളുടെ ബാല്യത്തിന്റെ നിറം കെടുത്തി. യുദ്ധമുന്നണിയിൽനിന്ന് നൂറുകണക്കിന് മൈൽ ദൂരെയായിരുന്നു ഞങ്ങളുടെ വീട്. എങ്കിലും യുദ്ധത്തിന്റെ ഭീകരതകൾ ഞങ്ങളുടെ ഇളംമനസ്സുകളെ പിടിച്ചുലച്ചിരുന്നു. സമീപപട്ടണങ്ങളായ ഔലുവിലും കാലാജോകിയിലും ബോംബുവർഷിച്ചപ്പോൾ രാത്രിയിൽ ആകാശത്ത് കണ്ട ചോപ്പുതിളക്കം ഞങ്ങൾ ഓർക്കുന്നു. തലയ്‌ക്കുമുകളിൽ പോർവിമാനങ്ങൾ പറക്കുന്നതു കണ്ടാൽ ഉടൻ പോയി ഒളിച്ചുകൊള്ളണമെന്നായിരുന്നു ഞങ്ങൾ കുട്ടികൾക്കുള്ള നിർദേശം. അങ്ങനെയിരിക്കെയാണ് ഞങ്ങളുടെ മൂത്തചേട്ടൻ ടോണോ ഞങ്ങളോട്, അനീതിയൊന്നുമില്ലാത്ത പറുദീസയെക്കുറിച്ചു പറഞ്ഞത്. അതു കേട്ട് ഞങ്ങളുടെ ഹൃദയം തുടിച്ചു.
14-ാമത്തെ വയസ്സിൽ ബൈബിൾവിദ്യാർഥികളുടെ പ്രസിദ്ധീകരണങ്ങളിലൂടെയാണ് ടോണോ ബൈബിൾസത്യം പഠിച്ചത്. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ബൈബിൾപരിശീലിത മനസ്സാക്ഷി നിമിത്തം സൈനികസേവനത്തിനു വിസമ്മതിച്ചതിന് ചേട്ടൻ ജയിലിലായി. അവിടെ ക്രൂരപീഡനം സഹിക്കേണ്ടിവന്നു. എന്നാൽ അത് യഹോവയെ സേവിക്കാനുള്ള ചേട്ടന്റെ തീരുമാനത്തെ ഒന്നുകൂടെ ഉറപ്പിച്ചതേയുള്ളൂ. ജയിൽമോചിതനായ ശേഷം പൂർവാധികം ശുഷ്‌കാന്തിയോടെ അദ്ദേഹം ശുശ്രൂഷ തുടർന്നു. അടുത്തുള്ള ഒരു ഗ്രാമത്തിൽ സാക്ഷികൾ നടത്തിയിരുന്ന യോഗങ്ങൾക്കു പോകാൻ ഞങ്ങളുടെ സഹോദരന്റെ ആ നല്ല മാതൃക ഞങ്ങൾക്കു പ്രേരണയായി. ഞങ്ങൾ കൺവെൻഷനുകളിലും സംബന്ധിച്ചുതുടങ്ങി. പക്ഷേ യാത്രയ്‌ക്കുള്ള പണം സ്വരുക്കൂട്ടാനായി ഞങ്ങൾ നന്നേ പണിപ്പെട്ടു. അതിനായി ഞങ്ങൾ അയൽക്കാർക്ക് വസ്‌ത്രം തുന്നിക്കൊടുത്തു, ഉള്ളിക്കൃഷി നടത്തി, ബെറികൾ പറിക്കാൻ പോയി. ഞങ്ങളുടെ കൃഷിയിടത്തിൽ ഒരുപാടു ജോലിയുണ്ടായിരുന്നതിനാൽ ഒരുമിച്ച് കൺവെൻഷൻ കൂടാൻ പറ്റില്ലായിരുന്നു. അതുകൊണ്ട് ഞങ്ങൾ ഊഴമനുസരിച്ചാണ് പോയിരുന്നത്.
യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച് ഞങ്ങൾ പഠിച്ച സത്യങ്ങൾ അവനോടുള്ള ഞങ്ങളുടെ സ്‌നേഹം തീവ്രമാക്കി. അങ്ങനെ ജീവിതം അവനു സമർപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു. 1947-ൽ ഞങ്ങൾ രണ്ടുപേരും സ്‌നാനപ്പെട്ടു—അനീകീക്ക് 15-ഉം ഐലീക്ക് 17-ഉം ആയിരുന്നു പ്രായം. ഞങ്ങളുടെ ചേച്ചി സൈമിയും ആ വർഷംതന്നെ സ്‌നാനമേറ്റു. അതിനോടകം വിവാഹം കഴിഞ്ഞിരുന്ന വേറൊരു ചേച്ചി ലിനീയയെയും ഞങ്ങൾ ബൈബിൾ പഠിപ്പിച്ചു. ചേച്ചിയും കുടുംബവും സാക്ഷികളായി. സ്‌നാനമേറ്റ ശേഷം ഞങ്ങൾ പയനിയറിങ് ലക്ഷ്യംവെച്ചു; അങ്ങനെ ഞങ്ങൾ ഇടയ്‌ക്കിടെ അവധിക്കാല (അഥവാ സഹായ) പയനിയറിങ് ചെയ്യാൻ തുടങ്ങി.
മുഴുസമയശുശ്രൂഷയിലേക്ക്
1955-ൽ ഞങ്ങൾ കുറച്ചുകൂടെ വടക്കുമാറിയുള്ള പട്ടണമായ കിമീയിലേക്കു മാറി. ഞങ്ങൾക്കു രണ്ടുപേർക്കും മുഴുസമയ ജോലിയുണ്ടായിരുന്നു. പക്ഷേ പയനിയർമാരാകണം എന്ന ആഗ്രഹത്തിന് അപ്പോഴും മാറ്റമൊന്നും വന്നിട്ടില്ലായിരുന്നു. എന്നാൽ ചെലവിനുള്ള വക എങ്ങനെ കണ്ടെത്തും എന്ന പേടിയായിരുന്നു ഞങ്ങൾക്ക്. അതുകൊണ്ട്, തുടങ്ങുന്നതിനുമുമ്പ് ആദ്യം കുറച്ചു പണം സ്വരൂപിച്ചുവെക്കണം എന്നു ഞങ്ങൾ വിചാരിച്ചു. ഈ സമയത്താണ് തുടക്കത്തിൽ വിവരിച്ച പയനിയർസഹോദരിയുമായുള്ള സംഭാഷണം നടക്കുന്നത്. യഹോവയെ മുഴുസമയം സേവിക്കുന്നതിന് സ്വന്തം സമ്പാദ്യമോ കുടുംബത്തിന്റെ പിന്തുണയോ മാത്രം മതിയാകില്ല എന്ന സത്യം മനസ്സിലാക്കാൻ അതു ഞങ്ങളെ സഹായിച്ചു. നമ്മുടെ സ്വർഗീയപിതാവിൽ പൂർണമായി ആശ്രയിക്കുക എന്നതാണ് ഏറ്റവും പ്രധാന കാര്യം.
ആ സമയത്ത് രണ്ടു മാസത്തെ ചെലവിനുവേണ്ട സമ്പാദ്യം ഞങ്ങളുടെ കയ്യിലുണ്ടായിരുന്നു. അതുകൊണ്ട് 1957 മെയ് മാസത്തിൽ ആർട്ടിക് വൃത്തത്തിനുള്ളിൽ, ലാപ്‌ലൻഡിലെ പെല്ലോ മുനിസിപ്പാലിറ്റി പ്രദേശത്ത് രണ്ടു മാസത്തേക്ക് പയനിയറിങ് ചെയ്യാനായി പേടിച്ചുപേടിച്ച് ഞങ്ങൾ അപേക്ഷ കൊടുത്തു. രണ്ടു മാസം കഴിഞ്ഞിട്ടും ഞങ്ങളുടെ സമ്പാദ്യം അങ്ങനെതന്നെ മിച്ചമുണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങൾ യെശ. 41:13.
രണ്ടു മാസത്തേക്കുകൂടെ പയനിയറിങ്ങിന് എഴുതിക്കൊടുത്തു. അങ്ങനെ ആ രണ്ടു മാസങ്ങളും കടന്നുപോയി. പിന്നെയും കൈയിലുള്ള തുക അങ്ങനെതന്നെ ബാക്കി! അപ്പോൾ ഞങ്ങൾക്കൊരു കാര്യം ഉറപ്പായി, യഹോവ ഞങ്ങൾക്കുവേണ്ടി എന്നും കരുതിക്കൊള്ളുമെന്ന്. 50 വർഷത്തെ പയനിയർസേവനത്തിനു ശേഷവും ഞങ്ങളുടെ സമ്പാദ്യം അങ്ങനെതന്നെ ബാക്കിയുണ്ട്! പിന്തിരിഞ്ഞു നോക്കുമ്പോൾ, യഹോവ ഞങ്ങളുടെ കൈപിടിച്ചു നടത്തിക്കൊണ്ട് ഇങ്ങനെ പറയുകയായിരുന്നെന്ന് ഞങ്ങൾക്കു തോന്നുന്നു: ‘ഭയപ്പെടേണ്ടാ, ഞാൻ നിങ്ങളെ സഹായിക്കും.’—50 വർഷത്തെ പയനിയർസേവനത്തിനു ശേഷവും ഞങ്ങളുടെ സമ്പാദ്യം അങ്ങനെതന്നെ ബാക്കിയുണ്ട്!
1958-ൽ, ഞങ്ങളുടെ സർക്കിട്ട് മേൽവിചാരകൻ, ലാപ്‌ലൻഡിലെ സൊഡാൻക്വെലായിലേക്ക് പ്രത്യേക പയനിയർമാരായി പോകാൻ ഞങ്ങളെ ശുപാർശചെയ്‌തു. ആ സമയത്ത് അവിടെ ഒരു സഹോദരി മാത്രമാണ് സാക്ഷിയായി ഉണ്ടായിരുന്നത്. അവർക്ക് സത്യം കിട്ടിയത് രസകരമാണ്. സഹോദരിയുടെ മകൻ ഒരിക്കൽ ഫിൻലൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിലേക്ക് വിദ്യാലയത്തിൽനിന്ന് വിനോദയാത്ര പോയി. കുട്ടികൾ പട്ടണം കണ്ടു നടക്കുകയായിരുന്നു, സഹോദരിയുടെ മകൻ ഏറ്റവും പിറകിലായിരുന്നു. അപ്പോൾ പ്രായമായ ഒരു സഹോദരി ഒരു വീക്ഷാഗോപുരം മാസിക കൊണ്ടുവന്ന് അവന്റെ കൈയിൽ കൊടുത്തിട്ട് അത് അമ്മയ്‌ക്കു കൊടുക്കണമെന്നു പറഞ്ഞു. അവൻ അത് അമ്മയ്‌ക്കു കൊണ്ടുവന്നു കൊടുത്തു. ആ മാസിക വായിച്ചതേ അതാണു സത്യമെന്നു തിരിച്ചറിയാൻ സഹോദരിക്ക് ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല.
അങ്ങനെ സൊഡാൻക്വെലായിൽ എത്തിയ ഞങ്ങൾക്ക് ഒരു തടിമില്ലിന്റെ മുകൾനിലയിൽ വാടകയ്‌ക്ക് ഒരു മുറി കിട്ടി. അവിടെത്തന്നെ ഞങ്ങൾ യോഗങ്ങളും നടത്തി. ആദ്യമൊക്കെ ഞങ്ങൾ രണ്ടു പേരും ആ സഹോദരിയും സഹോദരിയുടെ മകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അധ്യയനഭാഗങ്ങൾ ഞങ്ങൾ ഒരുമിച്ചിരുന്നു വായിക്കും. കുറച്ചുകഴിഞ്ഞപ്പോൾ സാക്ഷികളോടൊപ്പം നേരത്തേ ബൈബിൾ പഠിച്ചിരുന്ന ഒരാൾ തടിമില്ലിൽ ജോലിക്കെത്തി. അദ്ദേഹവും കുടുംബവും യോഗങ്ങൾക്കു വരാൻ തുടങ്ങി. കാലാന്തരത്തിൽ ആ ദമ്പതികൾ സ്‌നാനമേറ്റു. പിന്നെ ആ സഹോദരൻ യോഗങ്ങൾ നടത്താൻ തുടങ്ങി. കൂടാതെ, മില്ലിൽ ജോലിചെയ്യുന്ന ചില പുരുഷന്മാരും യോഗങ്ങൾക്കുവരുകയും സത്യം സ്വീകരിക്കുകയും ചെയ്‌തു. രണ്ടുമൂന്നു വർഷത്തിനുള്ളിൽ ഞങ്ങളുടെ ആ ചെറിയ കൂട്ടം വളർന്ന് ഒരു സഭയായി.
വെല്ലുവിളികൾ
പ്രസംഗവേലയ്‌ക്ക് ദൂരം ഒരു പ്രശ്‌നമായിരുന്നു. വേനൽമാസങ്ങളിൽ നടന്നും സൈക്കിളിലും വഞ്ചിയിലും ഒക്കെയാണ് ഞങ്ങൾ സേവനപ്രദേശത്ത് എത്തിയിരുന്നത്. സൈക്കിളായിരുന്നു ഞങ്ങളുടെ സന്തതസഹചാരി. കൺവെൻഷനു പോകാനും നൂറുകണക്കിനു മൈലുകൾക്ക് അകലെ താമസിച്ചിരുന്ന മാതാപിതാക്കളെ കാണാൻ പോകാനും ഒക്കെ സൈക്കിളായിരുന്നു ആശ്രയം. ശൈത്യകാലത്ത്, ഞങ്ങൾ അതിരാവിലെയുള്ള ബസ്സിൽ കയറി ഏതെങ്കിലുമൊരു ഗ്രാമത്തിലേക്കു പോകും. എന്നിട്ട് ഒന്നൊന്നായി വീടുകൾ കയറിയിറങ്ങും. ഒരു ഗ്രാമം പ്രവർത്തിച്ചു തീർന്നാൽ ഞങ്ങൾ അടുത്തതിലേക്കു നടക്കുകയായി. റോഡിലെല്ലാം നല്ല കനത്തിൽ മഞ്ഞുവീണുകിടപ്പുണ്ടാകും. എല്ലായ്‌പോഴും മഞ്ഞു നീക്കിയിട്ടുമുണ്ടാവില്ല. കുതിരവലിക്കുന്ന ഹിമശകടങ്ങൾ മഞ്ഞിൽ ശേഷിപ്പിച്ച വഴിത്താരകളിലൂടെ ഞങ്ങൾ നടക്കും. ചിലപ്പോൾ ആ വഴിത്താരകളും മഞ്ഞുവീണ്
മൂടിപ്പോയിട്ടുണ്ടാകും. വസന്താരംഭത്തിൽ മഞ്ഞുരുകാൻ തുടങ്ങിയാൽപ്പിന്നെ അതിൽപ്പുതഞ്ഞ് ഏന്തിവലിഞ്ഞ് വേണം നടക്കാൻ.തണുത്തു വിറങ്ങലിക്കുന്ന ധ്രുവകാലാവസ്ഥയിൽ കമ്പിളിവസ്‌ത്രങ്ങളുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ഞങ്ങൾ കമ്പിളികൊണ്ടുള്ള കാലുറകളും രണ്ടുമൂന്ന് അടുക്ക് സോക്‌സുകളും മുട്ടോളമെത്തുന്ന ബൂട്ടും ധരിക്കും. ബൂട്ടുകളിൽ മഞ്ഞുപൊതിഞ്ഞിട്ടുണ്ടാകും. ഒരു വീടിന്റെ നടയിലെത്തിയാൽ ആദ്യം ബൂട്ട് ഊരി അതിലെ മഞ്ഞെല്ലാം കുടഞ്ഞുകളയും. അതുപോലെ കുറെദൂരം മഞ്ഞിലൂടെ നടന്നുകഴിയുമ്പോൾ ഞങ്ങളുടെ നീളൻ കമ്പിളിക്കുപ്പായത്തിന്റെ വിളുമ്പെല്ലാം നനഞ്ഞിരിക്കും. തണുപ്പുകൂടിക്കഴിയുമ്പോൾ ആ ഭാഗം തണുത്തുറഞ്ഞ് തകിടുപോലെയാകും. ഒരിക്കൽ ഒരു വീട്ടമ്മ പറഞ്ഞു: “നിങ്ങളുടെ വിശ്വാസം സമ്മതിച്ചിരിക്കുന്നു. അല്ലെങ്കിൽ ഈ കാലാവസ്ഥയിൽ ആരെങ്കിലും ഇങ്ങനെ ഇറങ്ങിപ്പുറപ്പെടുമോ?” 11 കിലോമീറ്റർ നടന്നാണ് ഞങ്ങൾ ആ വീട്ടിലെത്തിയത്.
ദൂരക്കൂടുതൽ കാരണം പലപ്പോഴും ഞങ്ങൾ ആളുകളുടെ വീടുകളിൽത്തന്നെ തങ്ങുമായിരുന്നു. നേരം വൈകിത്തുടങ്ങുമ്പോഴേ താമസിക്കാനൊരു സ്ഥലം ഞങ്ങൾ അന്വേഷിച്ചുതുടങ്ങും. വീടുകൾ വലുതൊന്നുമല്ലായിരുന്നു. പക്ഷേ ആളുകൾ സൗഹൃദമനസ്‌കരും അതിഥിപ്രിയരും ആയിരുന്നു. ഉറങ്ങാനുള്ള സ്ഥലം മാത്രമല്ല ആഹാരവും അവർ ഞങ്ങൾക്കു തരുമായിരുന്നു. റെയ്‌ൻഡീറിന്റെയോ കടമാന്റെയോ കരടിയുടെയോ ഒക്കെ തോലായിരിക്കും ഞങ്ങൾക്ക് കിടക്കയായി തരുക. ഇടയ്‌ക്കൊക്കെ ഒരൽപ്പം ‘ആർഭാടവും’ തരപ്പെടും. ഒരിക്കൽ ഒരു സ്‌ത്രീ അവരുടെ വലിയ വീടിന്റെ മുകൾനിലയിലെ, അതിഥികൾക്കായുള്ള മുറിയിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. അവിടെ മനോഹരമായി വിരിച്ചൊരുക്കിയ ഒരു കിടക്കയുണ്ടായിരുന്നു. വിളുമ്പുകളിൽ വെളുത്ത ലേസുകൾകൊണ്ട് തൊങ്ങലിട്ട ആ വിരിപ്പ് ഞങ്ങൾ ഇന്നും ഓർക്കുന്നു. പല സന്ദർഭങ്ങളിലും പാതിരാവരെ വീട്ടുകാരുമായി ബൈബിൾവിഷയങ്ങൾ ചർച്ചചെയ്‌ത് ഇരിക്കുമായിരുന്നു. അങ്ങനെയൊരു വീട്ടിൽ, വീട്ടുകാരനും ഭാര്യയും മുറിയുടെ ഒരുവശത്തും ഞങ്ങൾ മുറിയുടെ മറുവശത്തുമായി ഉറങ്ങാൻകിടന്നു. അന്നത്തെ ചർച്ച പാതിരാത്രിയും കഴിഞ്ഞ് പുലർച്ചെയോളം നീണ്ടു. ആ മനുഷ്യനും ഭാര്യയും മാറിമാറി പിന്നെയും ചോദ്യങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു.
പ്രതിഫലദായകമായ ശുശ്രൂഷ
ഊഷരഭൂമിയാണെങ്കിലും മനോഹരമാണ് ലാപ്‌ലൻഡ്. ഓരോ ഋതുവിലും പ്രകൃതിക്ക് ഓരോതരം സൗന്ദര്യമാണിവിടെ. ഞങ്ങളുടെ കണ്ണിൽ പക്ഷേ, യഹോവയെ അറിയാനാഗ്രഹിച്ച ആളുകൾക്കായിരുന്നു ഏറെ സൗന്ദര്യം. ഇവിടത്തെ ശുദ്ധഹൃദയരായ ആളുകളുടെ കൂട്ടത്തിൽ ലാപ്‌ലൻഡിലെ കൂപ്പുകളിൽ മരംവെട്ടാനെത്തിയ പുരുഷന്മാരും ഉണ്ടായിരുന്നു. അവരോടും ഞങ്ങൾ സാക്ഷീകരിച്ചു. ചിലപ്പോൾ ഞങ്ങൾ രണ്ടു കൊച്ചുസഹോദരിമാർ അവരുടെ താമസസ്ഥലത്തു ചെല്ലുമ്പോൾ അവിടെ ഡസൻകണക്കിന് പുരുഷന്മാരുണ്ടാകും. അരോഗദൃഢഗാത്രരായ ഈ പുരുഷന്മാർ ഞങ്ങളുടെ ബൈബിൾസന്ദേശം കേൾക്കുകയും സന്തോഷത്തോടെ സാഹിത്യങ്ങൾ സ്വീകരിക്കുകയും ചെയ്യുമായിരുന്നു.
ആനന്ദകരമായ ചില അനുഭവങ്ങളും ഇതിനിടെ ഉണ്ടായിട്ടുണ്ട്. ഒരു ദിവസം, ബസ്‌സ്റ്റാൻഡിലെ ക്ലോക്ക് 5 മിനിട്ട് മുന്നോട്ടായിരുന്നതിനാൽ ഞങ്ങൾക്ക് ബസ് കിട്ടിയില്ല. അപ്പോൾ വേറൊരു ബസ്സിൽ കയറി മറ്റൊരു ഗ്രാമത്തിലേക്കു പോകാൻ ഞങ്ങൾ തീരുമാനിച്ചു. അതുവരെ പ്രവർത്തിക്കാത്ത ഒരു പ്രദേശമായിരുന്നു അത്. ആദ്യത്തെ വീട്ടിലേക്കു ചെന്നതും അവിടുത്തെ വീട്ടുകാരി ഇങ്ങനെ പറഞ്ഞുകൊണ്ടാണ് ഞങ്ങളെ എതിരേറ്റത്: “ഓ! ഞാൻ പ്രതീക്ഷിച്ചതുപോലെതന്നെ കുട്ടികൾ എത്തിയല്ലോ.” ആ സ്‌ത്രീയുടെ ചേച്ചിയുമായി ഞങ്ങൾ ബൈബിളധ്യയനം നടത്തുന്നുണ്ടായിരുന്നു. ആ ദിവസം അവിടെ ചെല്ലാമോയെന്ന് ഞങ്ങളോടു ചോദിക്കാൻ ആ സ്‌ത്രീ ചേച്ചിയോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. പക്ഷേ ഇതൊന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു. ആ യുവതിക്കും അടുത്ത വീട്ടിൽ താമസിച്ചിരുന്ന ബന്ധുക്കൾക്കും ഞങ്ങൾ
അധ്യയനങ്ങൾ തുടങ്ങി. താമസിയാതെ ഈ രണ്ട് അധ്യയനങ്ങൾ ഞങ്ങൾ ഒന്നിച്ചാക്കി, പത്തുപന്ത്രണ്ടു പേരുണ്ടായിരുന്നു അധ്യയനത്തിന്. അതിനുശേഷം, അവരുടെ വീട്ടിൽ ഒരുപാടു പേർ സാക്ഷികളായിത്തീർന്നു.1965-ൽ, ഞങ്ങൾ ഇപ്പോൾ സേവിക്കുന്ന കുസോമോ എന്ന സഭയിലേക്ക് ഞങ്ങളെ നിയമിച്ചു. ആർട്ടിക് വൃത്തത്തിനു തൊട്ടുതാഴെയാണ് ഇത്. അന്ന് അവിടെ ആകെ കുറച്ചുപ്രസാധകരേ ഉണ്ടായിരുന്നുള്ളൂ. ആദ്യമൊക്കെ അവിടെ പ്രവർത്തിക്കുക കുറച്ചൊരു ബുദ്ധിമുട്ടായിരുന്നു. ആളുകൾ പൊതുവെ മതഭക്തരായിരുന്നു, ഞങ്ങളോട് മുൻവിധിയും ഉണ്ടായിരുന്നു. എന്നാൽ പലർക്കും ബൈബിളിനോട് ആദരവായിരുന്നതുകൊണ്ട് സംഭാഷണത്തിനു തുടക്കമിടാൻ ബുദ്ധിമുട്ടില്ലായിരുന്നു. അങ്ങനെ പതിയെപ്പതിയെ ഞങ്ങൾ ആളുകളെ അടുത്തറിയാൻ ശ്രമിച്ചു. ഒന്നുരണ്ടു വർഷം കഴിഞ്ഞപ്പോൾ പിന്നെ ബൈബിളധ്യയനങ്ങൾ തുടങ്ങുക എളുപ്പമായി.
ശുശ്രൂഷയിൽ ഇന്നും സജീവമായി
മണിക്കൂറുകളോളം വയൽസേവനം ചെയ്യാൻ ഇപ്പോൾ ഞങ്ങൾക്ക് ആരോഗ്യമില്ല, എന്നാലും എല്ലാ ദിവസവുംതന്നെ പോകാറുണ്ട്. ചേട്ടന്റെ മകന്റെ നിർബന്ധപ്രകാരം 1987-ൽ 56-ാം വയസ്സിൽ ഐലീ ഡ്രൈവിങ് പഠിച്ച് ലൈസൻസ് എടുത്തു. ഞങ്ങളുടെ വിശാലമായ പ്രദേശത്ത് സുവാർത്ത ഘോഷിക്കാൻ ഇത് വലിയൊരു സഹായമായി. പുതിയ രാജ്യഹാൾ പണിതപ്പോൾ ഞങ്ങൾക്ക് ഒരു സൗകര്യംകൂടെ ലഭിച്ചു. അതിനോടു ചേർന്നു പണിത ഒരു അപ്പാർട്ട്‌മെന്റിലേക്ക് ഞങ്ങൾ താമസം മാറ്റി.
ഇന്നുവരെ ഞങ്ങൾക്കു കാണാനായ രാജ്യവേലയുടെ പുരോഗതി ഞങ്ങളെ അതിയായി സന്തോഷിപ്പിക്കുന്നു. വടക്കൻ ഫിൻലൻഡിൽ ഞങ്ങൾ മുഴുസമയവേല തുടങ്ങിയപ്പോൾ വിശാലമായ ആ പ്രദേശത്ത് അങ്ങിങ്ങായി കുറച്ചു പ്രസാധകർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ നിരവധി സഭകൾ ചേർന്ന് ഒരു സർക്കിട്ടായിരിക്കുന്നു. സമ്മേളനങ്ങൾക്കും കൺവെൻഷനുകൾക്കും പോകുമ്പോൾ മിക്കവാറുംതന്നെ ആരെങ്കിലുമൊക്കെ വന്നു സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ‘എന്നെ ഓർക്കുന്നുണ്ടോ’ എന്നു ചോദിക്കും. അവരിൽ ചിലർ കുഞ്ഞുങ്ങളായിരുന്നപ്പോൾ ഞങ്ങൾ അവരുടെ വീട്ടിൽ അധ്യയനമെടുത്തിട്ടുണ്ട്. വർഷങ്ങളോ പതിറ്റാണ്ടുകളോ മുമ്പ് പാകിയ സത്യത്തിന്റെ വിത്ത് വളർന്നു ഫലം കായ്‌ച്ചിരിക്കുന്നു!—1 കൊരി. 3:6.
2008-ൽ, പ്രത്യേക പയനിയർ സേവനത്തിൽ ഞങ്ങൾ 50 വർഷം പൂർത്തിയാക്കി. ഈ വിലതീരാത്ത സേവനത്തിൽ പരസ്‌പരം പിന്തുണച്ച് മുന്നേറാനായതിൽ ഞങ്ങൾ യഹോവയ്‌ക്കു നന്ദി പറയുന്നു. ഞങ്ങളുടെ ജീവിതം ലളിതമായിരുന്നു, പക്ഷേ ഞങ്ങൾക്ക് ഒരിക്കലും ഒന്നിനും ഒരു കുറവുമില്ലായിരുന്നു. (സങ്കീ. 23:1) തുടക്കത്തിലെ ആ മടിച്ചുനിൽപ്പിന്റെ ഒരാവശ്യവും ഇല്ലായിരുന്നു! ഈ വർഷങ്ങളിലെല്ലാം യെശയ്യാവു 41:10-ലെ വാഗ്‌ദാനം യഹോവ പാലിച്ചു: “ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും.”