യഹോവയുടെ സംരക്ഷകതാഴ്‌വരയിൽ നിലകൊള്ളുവിൻ
“യഹോവ . . . യുദ്ധദിവസത്തിൽ പൊരുതതുപോലെ ആ ജാതികളോടു പൊരുതും.”—സെഖ. 14:3.
1, 2. ഏത് യുദ്ധമാണ് ആസന്നമായിരിക്കുന്നത്, അതിൽ ദൈവദാസർ എന്തു ചെയ്യേണ്ടതില്ല?
ഐക്യനാടുകളിലെ ദശലക്ഷങ്ങൾ 1938 ഒക്‌ടോബർ 30-ന് റേഡിയോയിൽ ഒരു നാടകം കേട്ടുകൊണ്ടിരിക്കുകയായിരുന്നു. ഒരു ശാസ്‌ത്രകൽപ്പിത നോവലാണ് നാടകമായി അവതരിപ്പിച്ചത്. ഭൂമിയിൽ വൻവിനാശം വിതയ്‌ക്കാനായി ചൊവ്വാഗ്രഹത്തിൽനിന്ന് ഒരു ആക്രമണസേന എത്തുന്ന കാര്യം നാടകത്തിലെ വാർത്തവായനക്കാർ വിവരിച്ചു. ഒരു നാടകാവിഷ്‌കാരമാണ് അത് എന്നു പറഞ്ഞിരുന്നെങ്കിലും ശ്രോതാക്കളിൽ പലരും സംഭവം യഥാർഥമാണെന്നു വിചാരിച്ച് പരിഭ്രാന്തരായി. ചിലർ സാങ്കൽപ്പിക അന്യഗ്രഹജീവികളിൽനിന്ന് രക്ഷപ്പെടാനുള്ള സുരക്ഷാമാർഗങ്ങൾ തേടുകപോലും ചെയ്‌തു.
2 ഇന്ന് ഒരു യഥാർഥ യുദ്ധത്തിന്റെ കാർമേഘം ചക്രവാളത്തിൽ ഉരുണ്ടുകൂടുകയാണ്. എന്നാൽ അതിന്റെ വരവിനായി ഒരുങ്ങാൻ ആളുകൾ പരാജയപ്പെട്ടിരിക്കുന്നു. ഈ യുദ്ധത്തെക്കുറിച്ചു മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നത് ഒരു ശാസ്‌ത്രകൽപ്പിത കഥയിലല്ല മറിച്ച് ബൈബിളിലാണ്—ദൈവത്തിന്റെ നിശ്വസ്‌തവചനത്തിൽ. അർമ്മഗെദ്ദോൻ യുദ്ധമാണിത്, ഈ ദുഷ്ടവ്യവസ്ഥിതിക്ക് എതിരെയുള്ള ദൈവത്തിന്റെ യുദ്ധം. (വെളി. 16:14-16) ഈ യുദ്ധത്തിൽ ഭൂമിയിലെ ദൈവദാസർ അന്യഗ്രഹത്തിൽനിന്നുള്ള ജീവികൾക്കെതിരെ ചെറുത്തുനിൽക്കേണ്ടിവരില്ല. എങ്കിലും വിസ്‌മയംകൊള്ളിക്കുന്ന സംഭവങ്ങളാലും ദൈവശക്തിയുടെ ഭയാദരവുണർത്തുന്ന പ്രകടനങ്ങളാലും അവർ അത്ഭുതസ്‌തബ്ധരാകുകതന്നെ ചെയ്യും.
3. ഏതു പ്രവചനം നാം പരിചിന്തിക്കും, അതിൽ നാം തത്‌പരരായിരിക്കുന്നത് എന്തുകൊണ്ട്?
3 സെഖര്യാവു 14-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു ബൈബിൾപ്രവചനം അർമ്മഗെദ്ദോൻ യുദ്ധവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. ഏകദേശം 2,500 വർഷങ്ങൾക്കു മുമ്പ് എഴുതിയതാണെങ്കിലും നമ്മുടെ ജീവിതത്തെ സ്‌പർശിക്കുന്നതാണ് ആ പ്രവചനം. (റോമ. 15:4) 1914-ൽ മിശിഹൈകരാജ്യം സ്വർഗത്തിൽ സ്ഥാപിതമായതിനെത്തുടർന്ന് ദൈവജനം നേരിട്ടിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് അതിൽ പറയുന്നുണ്ട്. കൂടാതെ, സമീപഭാവിയിൽ ചുരുളഴിയാനിരിക്കുന്ന ആവേശജനകമായ സംഭവങ്ങളെക്കുറിച്ചും അതു പ്രതിപാദിക്കുന്നു. “ഏറ്റവും വലിയോരു താഴ്‌വര”യുടെ രൂപപ്പെടലും “ജീവനുള്ള വെള്ള”ത്തിന്റെ ഒഴുക്കും ഈ പ്രവചനത്തിന്റെ പ്രമുഖസവിശേഷതകളിൽപ്പെടുന്നു. (സെഖ. 14:4, 8) യഹോവയുടെ ആരാധകർക്ക് സംരക്ഷണം പ്രദാനം ചെയ്യുന്നതിൽ ഈ താഴ്‌വര വലിയൊരു പങ്കുവഹിക്കുന്നുണ്ട്. ജീവനുള്ള വെള്ളം നമുക്ക് എന്ത് അർഥമാക്കുന്നുവെന്ന് മനസ്സിലാക്കുമ്പോൾ അതിൽനിന്നു പ്രയോജനം നേടേണ്ടതിന്റെ ആവശ്യകത നാം തിരിച്ചറിയുമെന്നു മാത്രമല്ല അത് കുടിക്കാനുള്ള അതിയായ ആഗ്രഹം നമ്മിൽ അങ്കുരിക്കുകയും ചെയ്യും. അതുകൊണ്ട് ഈ പ്രവചനത്തിന് അടുത്ത ശ്രദ്ധ കൊടുക്കുന്നത് നമുക്കു പ്രയോജനം കൈവരുത്തും.—2 പത്രോ. 1:19, 20.
“യഹോവയുടെ ഒരു ദിവസം” ആരംഭിക്കുന്നു
4. (എ) “യഹോവയുടെ ഒരു ദിവസം” ആരംഭിച്ചത് എപ്പോൾ? (ബി) 1914-ന് ദശകങ്ങൾക്കു മുമ്പുതന്നെ യഹോവയുടെ ആരാധകർ എന്തു പ്രഖ്യാപിച്ചിരുന്നു, എന്തായിരുന്നു ലോകനേതാക്കളുടെ പ്രതികരണം?
4 “യഹോവയുടെ ഒരു ദിവസ”ത്തെക്കുറിച്ചു പരാമർശിച്ചുകൊണ്ടാണ് സെഖര്യാവു 14-ാം അധ്യായം ആരംഭിക്കുന്നത്. (സെഖര്യാവു 14:1, 2 വായിക്കുക.) ഏതാണ് ആ ദിവസം? “ലോകരാജത്വം നമ്മുടെ കർത്താവിനും അവന്റെ ക്രിസ്‌തുവിനും” ആയിത്തീർന്നപ്പോൾ തുടങ്ങിയ “കർത്തൃദിവസ”മാണ് അത്. (വെളി. 1:10; 11:15) 1914-ൽ മിശിഹൈകരാജ്യം സ്വർഗത്തിൽ സ്ഥാപിതമായപ്പോൾ അത് ആരംഭിച്ചു. “വിജാതീയർക്കായി നിശ്ചയിച്ചിട്ടുള്ള കാലം” 1914-ൽ അവസാനിക്കുമെന്നും മുമ്പുണ്ടായിട്ടില്ലാത്ത തരം ദുരിതങ്ങളുടെ ഒരു കാലഘട്ടത്തിലേക്കു ലോകം കടക്കുമെന്നും അതിന് ദശകങ്ങൾക്കു മുമ്പുതന്നെ യഹോവയുടെ ആരാധകർ ജനതകളോടു പ്രഖ്യാപിച്ചിരുന്നു. (ലൂക്കോ. 21:24) എന്തായിരുന്നു ജനതകളുടെ പ്രതികരണം? ആ സമയോചിത മുന്നറിയിപ്പിനു ശ്രദ്ധകൊടുക്കുന്നതിനു പകരം രാഷ്‌ട്രീയ-മത നേതാക്കൾ തീക്ഷ്‌ണരായ അഭിഷിക്തസുവിശേഷകരെ അവഹേളിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തു. അതുവഴി സർവശക്തനായ ദൈവത്തെയാണ് ആ ലോകനേതാക്കൾ പരിഹസിച്ചത്. എന്തുകൊണ്ടെന്നാൽ അഭിഷിക്തസ്ഥാനപതികൾ ‘സ്വർഗീയ യെരുശലേമിനെ’ അതായത് മിശിഹൈകരാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്; അവർ അതിന്റെ ഭാഗവുമാണ്.—എബ്രാ. 12:22, 28.
5, 6. (എ) മുൻകൂട്ടിപ്പറഞ്ഞതുപോലെ “നഗര”ത്തിനും അതിലെ ‘പൗരന്മാർക്കും’ എതിരെ ജനതകൾ എന്തു നടപടി സ്വീകരിച്ചു? (ബി) ‘ജനത്തിൽ ശേഷിപ്പുള്ളവർ’ ആരായിരുന്നു?
5 ജനതകളുടെ നടപടി സെഖര്യാവ് ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: ‘നഗരം പിടിക്കപ്പെടും.’ “നഗരം,” അതായത് യെരുശലേം, പ്രതീകപ്പെടുത്തുന്നത് ദൈവത്തിന്റെ മിശിഹൈകരാജ്യത്തെയാണ്. ഭൂമിയിൽ അതിനെ പ്രതിനിധാനം ചെയ്യുന്നത് അതിന്റെ ‘പൗരന്മാരായ’ അഭിഷിക്തക്രിസ്‌ത്യാനികളുടെ ശേഷിപ്പാണ്. (ഫിലി. 3:20) ഒന്നാം ലോകമഹായുദ്ധകാലത്ത് യഹോവയുടെ സംഘടനയുടെ ഭൗമികഭാഗത്തിലെ പ്രമുഖാംഗങ്ങൾ ‘പിടിക്കപ്പെട്ടു’ അഥവാ അറസ്റ്റുചെയ്യപ്പെട്ടു; അവരെ യു.എസ്.എ.-യിലെ ജോർജിയയിലുള്ള അറ്റ്‌ലാന്റയിലെ ഒരു ജയിലിലാക്കി. എങ്ങനെയാണ് ശത്രുക്കൾ ‘വീടുകളെ കൊള്ളയിട്ടത്?’ നിഷ്‌കളങ്കരായ നിർമലതാപാലകർക്കെതിരെ അവർ അനീതിയും അതിക്രമവും അഴിച്ചുവിട്ടു; സാഹിത്യങ്ങൾ നിരോധിക്കുകയും രാജ്യഘോഷകർ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്‌തുകൊണ്ട് അഭിഷിക്തശേഷിപ്പിനുണ്ടായിരുന്ന സ്വാധീനശക്തിയാകുന്ന സമ്പത്ത് ശത്രുക്കൾ കൊള്ളയിട്ടു.
6 എണ്ണത്തിൽ കുറവായിരുന്ന ദൈവജനത്തെ എതിരാളികൾ എതിർക്കുകയും കരിവാരിത്തേക്കുകയും പീഡിപ്പിക്കുകയും ചെയ്‌തെങ്കിലും സത്യാരാധന ഉന്മൂലനം ചെയ്യാൻ അവർക്കു കഴിഞ്ഞില്ല. ‘ജനത്തിൽ ശേഷിപ്പുള്ളവർ’ അതായത് ‘നഗരത്തിൽനിന്നു ഛേദിക്കപ്പെടാൻ’ വിസമ്മതിച്ച അഭിഷിക്തശേഷിപ്പ് അപ്പോഴുമുണ്ടായിരുന്നു.
7. യഹോവയുടെ അഭിഷിക്തസാക്ഷികളുടെ ജീവിതഗതി ഇന്നത്തെ സത്യാരാധകർക്ക് മാതൃകയായിരിക്കുന്നത് എങ്ങനെ?
7 ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ ഈ പ്രവചനം പൂർണമായും നിവൃത്തിയേറിയോ? ഇല്ല. അഭിഷിക്തശേഷിപ്പിനും ഭൗമികപ്രത്യാശ വെച്ചുപുലർത്തുന്ന അവരുടെ വിശ്വസ്‌തസഹകാരികൾക്കും എതിരെ ജനതകൾ കൂടുതൽ ആക്രമണങ്ങൾ അഴിച്ചുവിടുമായിരുന്നു. (വെളി. 12:17) രണ്ടാം ലോകമഹായുദ്ധം അതിനു തെളിവുനൽകുന്നു. ദൈവത്തിന്റെ വിശ്വസ്‌തരായ അഭിഷിക്തസാക്ഷികളുടെ നിർമലഗതി ഏതു പരിശോധനകളെയും സഹിച്ചുനിൽക്കാൻ ഇന്നത്തെ ദൈവദാസരെ പ്രചോദിപ്പിക്കുന്നു. വിശ്വാസത്തെപ്രതി ബന്ധുക്കളിൽനിന്നോ സഹജോലിക്കാരിൽനിന്നോ സഹപാഠികളിൽനിന്നോ നേരിടേണ്ടിവരുന്ന പരിഹാസവും എതിർപ്പും ഇതിൽ ഉൾപ്പെടുന്നു. (1 പത്രോ. 1:6, 7) എവിടെ ജീവിക്കുന്നവരാണെങ്കിലുംശരി സത്യാരാധകർ “എതിരാളികളെ ഭയപ്പെടാതെ” ‘ഏകാത്മാവിൽ ഉറച്ചുനിൽക്കാൻ’ മുമ്പെന്നത്തേതിലും ദൃഢനിശ്ചയമുള്ളവരാണ്. (ഫിലി. 1:27, 28) പക്ഷേ, തങ്ങളെ ദ്വേഷിക്കുന്ന ഒരു ലോകത്തിൽ ദൈവജനത്തിന് എവിടെ സുരക്ഷിതത്വം കണ്ടെത്താൻ കഴിയും?—യോഹ. 15:17-19.
യഹോവ “ഏറ്റവും വലിയോരു താഴ്‌വര”യ്‌ക്കു രൂപംകൊടുക്കുന്നു
8. (എ) ബൈബിളിൽ മലകൾക്ക് എന്തിനെ അർഥമാക്കാൻ കഴിയും? (ബി) “ഒലിവുമല” എന്തിനെ പ്രതിനിധീകരിക്കുന്നു?
8 യെരുശലേം അതായത് “നഗരം” സ്വർഗീയ യെരുശലേമിനെ പ്രതീകപ്പെടുത്തുന്നതിനാൽ “യെരൂശലേമിന്നെതിരെ”യുള്ള “ഒലിവുമല”യും പ്രതീകാത്മകമായിരിക്കണം. അങ്ങനെയെങ്കിൽ ഈ മല എന്താണ്? അത് “നടുവെ പിളർന്നുപോകു”ന്നതും രണ്ടു മലകളായിത്തീരുന്നതും എങ്ങനെ? യഹോവ അവയെ ‘എന്റെ മലകൾ’ എന്നു വിളിക്കുന്നത് എന്തുകൊണ്ടാണ്? (സെഖര്യാവു 14:3-5 വായിക്കുക.) ബൈബിളിൽ മലകൾ ചിലപ്പോഴൊക്കെ രാജ്യങ്ങളെ അഥവാ ഗവൺമെന്റുകളെ പ്രതിനിധീകരിക്കുന്നു. കൂടാതെ, ദൈവത്തിന്റെ മലയിൽനിന്ന് അഥവാ പർവതത്തിൽനിന്ന് അനുഗ്രഹങ്ങളും സംരക്ഷണവും വരുന്നതായും പറഞ്ഞിരിക്കുന്നു. (സങ്കീ. 72:3; യെശ. 25:6, 7) അതുകൊണ്ട് ഭൗമികയെരുശലേമിനു കിഴക്ക് ദൈവം നിൽക്കുന്ന ഒലിവുമല യഹോവയുടെ അഖിലാണ്ഡപരമാധികാരത്തെ, അവന്റെ പരമോന്നതഭരണാധിപത്യത്തെ പ്രതിനിധീകരിക്കുന്നു.
9. ഒലിവുമല പിളരുന്നത് ഏത് അർഥത്തിൽ?
9 ഒലിവുമല പിളർന്നു രണ്ടാകുന്നത് എന്തിനെ സൂചിപ്പിക്കുന്നു? യഹോവ മറ്റൊരു ഭരണാധിപത്യം, ഒരു ഉപഭരണാധിപത്യം, സ്ഥാപിക്കുന്നു എന്ന അർഥത്തിലാണ് യെരുശലേമിനു കിഴക്കുള്ള മല രണ്ടാകുന്നത്. യേശുക്രിസ്‌തു രാജാവായുള്ള മിശിഹൈകരാജ്യമാകുന്ന ഈ ഭരണാധിപത്യവും യഹോവയുടേതാണ്. അതുകൊണ്ടാണ്, ഒലിവുമല പിളർന്നുണ്ടായ രണ്ടു മലകളെയും ‘എന്റെ മലകൾ’ എന്ന് യഹോവ വിളിച്ചിരിക്കുന്നത്.
10. രണ്ട് മലകൾക്കിടയിലുള്ള “ഏറ്റവും വലിയോരു താഴ്‌വര” എന്താണ്?
10 യഹോവ നിൽക്കുന്ന പ്രതീകാത്മകമല പകുതി തെക്കോട്ടും പകുതി വടക്കോട്ടും ആയി വിഭജിക്കപ്പെടുമ്പോൾ രണ്ടു മലകളുടെയും മുകളിലായാണ് യഹോവയുടെ ‘കാലുകൾ നിൽക്കുന്നത്.’ മലകൾക്കിടയിൽ, യഹോവയുടെ കാൽക്കീഴിൽ “ഏറ്റവും വലിയോരു താഴ്‌വര” രൂപപ്പെടുന്നു. യഹോവയുടെ അഖിലാണ്ഡപരമാധികാരത്തിനും അവന്റെ പുത്രന്റെ മിശിഹൈകരാജ്യത്തിനും കീഴിൽ യഹോവയുടെ ദാസർ ആസ്വദിക്കുന്ന ദൈവികസംരക്ഷണത്തെയാണ് ഈ പ്രതീകാത്മകതാഴ്‌വര അർഥമാക്കുന്നത്. നിർമലാരാധന ഒരിക്കലും തുടച്ചുനീക്കപ്പെടുകയില്ലെന്ന് യഹോവ ഉറപ്പുവരുത്തും. ഒലിവുമലയുടെ ഈ വിഭജനം എപ്പോഴാണ് സംഭവിച്ചത്? 1914-ൽ ജാതികളുടെ കാലം അവസാനിക്കുകയും മിശിഹൈകരാജ്യം സ്ഥാപിതമാകുകയും ചെയ്‌തപ്പോഴായിരുന്നു അത്. അങ്ങനെയെങ്കിൽ സത്യാരാധകർ ആ പ്രതീകാത്മക താഴ്‌വരയിലേക്ക് ഓടിപ്പോകാൻ തുടങ്ങിയത് എന്നു മുതലാണ്?
താഴ്‌വരയിലേക്കുള്ള ഓടിപ്പോക്ക് ആരംഭിക്കുന്നു!
11, 12. (എ) പ്രതീകാത്മകതാഴ്‌വരയിലേക്കുള്ള ഓടിപ്പോക്ക് എന്നാണ് ആരംഭിച്ചത്? (ബി) യഹോവയുടെ ബലമുള്ള ഭുജം തന്റെ ജനത്തോടൊപ്പമുണ്ടെന്ന് എന്തു തെളിയിക്കുന്നു?
11 യേശു തന്റെ അനുഗാമികൾക്ക് ഈ മുന്നറിയിപ്പു നൽകി: “എന്റെ നാമംനിമിത്തം സകല ജനതകളും നിങ്ങളെ ദ്വേഷിക്കും.” (മത്താ. 24:9) വ്യവസ്ഥിതിയുടെ അന്ത്യനാളുകൾക്ക് ആരംഭംകുറിച്ച 1914 മുതൽ ഈ വിദ്വേഷം വിശേഷാൽ രൂക്ഷമായിത്തീർന്നിരിക്കുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് ശത്രുക്കൾ അഭിഷിക്തശേഷിപ്പിനെതിരെ കഠിനമായ ആക്രമണം തൊടുത്തുവിട്ടെങ്കിലും ഈ വിശ്വസ്‌തകൂട്ടത്തെ ഇല്ലാതാക്കാൻ അവർക്കു കഴിഞ്ഞില്ല. 1919-ൽ വ്യാജമതലോകസാമ്രാജ്യമായ മഹതിയാം ബാബിലോണിന്റെ പിടിയിൽനിന്ന് അവർ വിമോചിതരായി. (വെളി. 11:11, 12) a അപ്പോഴാണ് യഹോവയുടെ മലകളുടെ താഴ്‌വരയിലേക്ക് സത്യാരാധകർ ഓടിപ്പോകാൻ തുടങ്ങിയത്.
12 ദൈവികസംരക്ഷണത്തെ അർഥമാക്കുന്ന ഈ താഴ്‌വര ലോകമെമ്പാടുമുള്ള സത്യാരാധകരെ 1919 മുതൽ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. ദശകങ്ങളിലുടനീളം പല രാജ്യങ്ങളിലും യഹോവയുടെ സാക്ഷികളുടെ വയൽശുശ്രൂഷയും ബൈബിൾസാഹിത്യങ്ങളും നിരോധനങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായിട്ടുണ്ട്. അത്തരം നിയന്ത്രണങ്ങൾ ചില സ്ഥലങ്ങളിൽ ഇപ്പോഴുമുണ്ട്. പക്ഷേ, ജനതകൾ എത്ര ശ്രമിച്ചാലും സത്യാരാധന തച്ചുടയ്‌ക്കാൻ ഒരിക്കലും അവർക്കാവില്ല! യഹോവയുടെ ബലമുള്ള ഭുജം തന്റെ ജനത്തോടൊപ്പമുണ്ടെന്ന് തെളിയുകതന്നെ ചെയ്യും.—ആവ. 11:2, 3.
13. നാം യഹോവയുടെ സംരക്ഷകതാഴ്‌വരയിൽ നിലകൊള്ളുന്നത് എങ്ങനെ, അത് മുമ്പെന്നത്തേതിലും പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
13 നാം യഹോവയോട് പറ്റിനിൽക്കുകയും സത്യത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നെങ്കിൽ അവനും അവന്റെ പുത്രനായ യേശുക്രിസ്‌തുവും അവരുടെ ഭാഗധേയം നിർവഹിക്കും; നമ്മെ ‘തന്റെ കൈയിൽനിന്നു പിടിച്ചുപറിക്കാൻ’ ദൈവം ആരെയും ഒന്നിനെയും അനുവദിക്കില്ല. (യോഹ. 10:28, 29) അഖിലാണ്ഡപരമാധികാരിയെന്ന നിലയിൽ അവനെ അനുസരിക്കാനും മിശിഹൈകരാജ്യത്തിന്റെ വിശ്വസ്‌തപ്രജകളായി തുടരാനും നമുക്ക് ആവശ്യമായ എല്ലാ സഹായവും നൽകാൻ യഹോവ തയ്യാറാണ്. അതിശീഘ്രം അടുത്തുവരുന്ന മഹാകഷ്ടത്തിന്റെ സമയത്ത് യഹോവയുടെ സംരക്ഷണം സത്യാരാധകർക്ക് വിശേഷാൽ ആവശ്യമായതിനാൽ നാം സംരക്ഷകതാഴ്‌വരയിൽ നിലകൊള്ളേണ്ടത് അനുപേക്ഷണീയമാണ്.
‘യുദ്ധദിവസം’ വന്നെത്തുന്നു
14, 15. ശത്രുക്കൾക്ക് എതിരെയുള്ള ദൈവത്തിന്റെ ‘യുദ്ധദിവസത്തിൽ’ സംരക്ഷകതാഴ്‌വരയ്‌ക്കു വെളിയിലുള്ളവരുടെ അവസ്ഥ എന്തായിരിക്കും?
14 ഈ വ്യവസ്ഥിതിയുടെ അവസാനം അടുത്തുവരവെ യഹോവയുടെ ദാസർക്ക് എതിരെയുള്ള ആക്രമണങ്ങൾ സാത്താൻ ഊർജിതമാക്കും. അപ്പോൾ തന്റെ ശത്രുക്കൾക്ക് എതിരെയുള്ള ദൈവത്തിന്റെ ‘യുദ്ധദിവസം’ ആഗതമാകും. സാത്താന്റെ ആക്രമണങ്ങളിലൊന്ന് അവന്റെ അവസാനത്തേതായിരിക്കും! ആ ‘യുദ്ധദിവസത്തിൽ’ അഖിലാണ്ഡത്തിന്റെ പരമാധികാരി മുമ്പെന്നത്തേതിലും മഹത്ത്വമാർന്ന വിധത്തിൽ പോരാടിക്കൊണ്ട് ഏറ്റവും മികച്ച യോദ്ധാവായി വിളങ്ങും.—സെഖ. 14:3.
15 യഹോവയുടെ യുദ്ധദിവസത്തിൽ ‘സംരക്ഷകതാഴ്‌വരയ്‌ക്ക്’ വെളിയിലുള്ളവരുടെ അവസ്ഥ എന്തായിരിക്കും? ദൈവപ്രീതിയാകുന്ന “വെളിച്ചം” അവരുടെമേൽ ശോഭിക്കില്ല. ആ യുദ്ധദിവസത്തിൽ, ‘കുതിര, കോവർകഴുത, ഒട്ടകം, കഴുത എന്നീ സകലമൃഗങ്ങളും’ ബാധിക്കപ്പെടും. രാഷ്‌ട്രങ്ങളുടെ പടക്കോപ്പുകളും യുദ്ധസന്നാഹങ്ങളും ഉപയോഗശൂന്യമാകും എന്നാണ് ഇതിന്റെ അർഥം. കൂടാതെ, യഹോവ പകർച്ചവ്യാധിയും ബാധയും വരുത്തി അവരെ ‘ശിക്ഷിക്കും.’ ആ ബാധ അക്ഷരീയമാണെങ്കിലും അല്ലെങ്കിലും കടുത്തഭീഷണികളെ അത് ഇല്ലാതാക്കുകതന്നെ ചെയ്യും. അന്ന് ‘അവരുടെ കണ്ണും നാവും ചീഞ്ഞഴുകിപ്പോകും,’ അതായത് ശത്രുക്കൾക്ക് അന്ധതയിൽ വൃഥാ പോരാടേണ്ടിവരും. കൂടാതെ ധിക്കാരത്തോടെയുള്ള അവരുടെ ഭീഷണിസ്വരങ്ങളും നിലയ്‌ക്കും. (സെഖ. 14:6, 7, 12, 15) ആ യുദ്ധത്തിൽ സാത്താന്റെ പക്ഷത്ത് ഒരു വൻസൈന്യം അണിനിരക്കും. (വെളി. 19:19-21) പക്ഷേ ഭൂമിയുടെ ഒരു കോണും ആ നാശത്തിൽനിന്നു ഒഴിവാകില്ല. “അന്നാളിൽ യഹോവയുടെ നിഹതന്മാർ ഭൂമിയുടെ ഒരറ്റം മുതൽ മറ്റെ അറ്റം വരെ വീണുകിടക്കും.”—യിരെ. 25:32, 33.
16. ദൈവത്തിന്റെ യുദ്ധദിവസം അടുത്തുവരവെ ഏതു ചോദ്യങ്ങൾ നാം വിചിന്തനം ചെയ്യണം, നാം എന്തു നടപടി സ്വീകരിക്കണം?
16 യുദ്ധകാലം എല്ലായ്‌പോഴും ദുരിതങ്ങൾ നിറഞ്ഞതാണ്, വിജയം ഉറപ്പുള്ളവർക്കുപോലും. ഭക്ഷണം കിട്ടാതായേക്കാം. സ്വത്തുക്കൾ നഷ്ടപ്പെട്ടേക്കാം. ജീവിതനിലവാരം താഴ്‌ന്നുപോയേക്കാം. വ്യക്തിസ്വാതന്ത്ര്യങ്ങൾ ഹനിക്കപ്പെട്ടേക്കാം. ഇത്തരം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നെങ്കിൽ നാം എങ്ങനെ പ്രതികരിക്കും? നാം പരിഭ്രാന്തരാകുമോ? സമ്മർദത്തിനു വഴിപ്പെട്ട് വിശ്വാസം തള്ളിപ്പറയുമോ? നിരാശയുടെ പടുകുഴിയിൽ വീണുപോകുമോ? മഹാകഷ്ടത്തിന്റെ സമയത്ത് യഹോവയുടെ രക്ഷാശക്തിയിലുള്ള വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട് അവന്റെ സംരക്ഷകതാഴ്‌വരയിൽ തുടരേണ്ടത് എത്ര പ്രധാനമാണ്!—ഹബക്കൂക് 3:17, 18 വായിക്കുക.
‘ജീവനുള്ള വെള്ളം പുറപ്പെടും’
17, 18. (എ) “ജീവനുള്ള വെള്ളം” എന്താണ്? (ബി) ‘കിഴക്കെ കടലും’ ‘പടിഞ്ഞാറെ കടലും’ എന്തിനെ അർഥമാക്കുന്നു? (സി) ഭാവിയിലേക്കു നോക്കവെ എന്താണു നിങ്ങളുടെ ദൃഢനിശ്ചയം?
17 അർമ്മഗെദ്ദോനെത്തുടർന്ന് മിശിഹൈകരാജ്യത്തിന്റെ സിംഹാസനത്തിൽനിന്ന് “ജീവനുള്ള വെള്ളം” തുടർച്ചയായി ഒഴുകും. ജീവനുവേണ്ടിയുള്ള യഹോവയുടെ കരുതലുകളാണ് ഈ വെള്ളം. പ്രവചനത്തിൽ പറയുന്ന ‘കിഴക്കെ കടൽ’ ചാവുകടലും ‘പടിഞ്ഞാറെ കടൽ’ മെഡിറ്ററേനിയൻ കടലും ആണ്. ഈ പരാമർശം രണ്ടു കൂട്ടം മനുഷ്യരുമായി ബന്ധപ്പെട്ടതാണ്. ചാവുകടൽ ശവക്കുഴിയിൽ നിദ്രകൊള്ളുന്നവരെ സമുചിതമായി പ്രതിനിധീകരിക്കും. മെഡിറ്ററേനിയൻ കടൽ ജീവജാലങ്ങളാൽ സമ്പുഷ്ടമായതിനാൽ, അതിന് അർമ്മഗെദ്ദോൻ അതിജീവകരുടെ ‘മഹാപുരുഷാരത്തെ’ നന്നായി ചിത്രീകരിക്കാനാകും. (സെഖര്യാവു 14:8, 9 വായിക്കുക; വെളി. 7:9-15) ഇരുകൂട്ടരും, പ്രതീകാത്മകമായ ജീവനുള്ള വെള്ളം കുടിച്ചുകൊണ്ട് അഥവാ “ജീവജലനദി”യിൽനിന്ന് ദാഹമകറ്റിക്കൊണ്ട് പ്രയോജനം നേടും. അതായത്, ആദാമ്യമരണം എന്ന ശിക്ഷയിൽനിന്ന് അവർ മോചിതരാകും.—വെളി. 22:1, 2.
18 യഹോവയുടെ സംരക്ഷണത്തിൻകീഴിൽ നാം ഈ ദുഷ്ടവ്യവസ്ഥിതിയുടെ അവസാനത്തെ അതിജീവിക്കുകയും ദൈവത്തിന്റെ നീതിയുള്ള പുതിയലോകത്തിൽ പ്രവേശിക്കുകയും ചെയ്യും. സകലജനതകളുടെയും വിദ്വേഷത്തിനു പാത്രമായിരിക്കുമ്പോഴും ദൈവരാജ്യത്തിന്റെ വിശ്വസ്‌തപ്രജകളായി തുടരാനും യഹോവയുടെ സംരക്ഷകതാഴ്‌വരയിൽ നിലകൊള്ളാനും നമുക്ക് ദൃഢനിശ്ചയം ചെയ്യാം.
a വെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! പേജ് 169-170 കാണുക.