ആ ജീവിതം പഠിപ്പിക്കുന്ന പാഠം
ആ ജീവിതം പഠിപ്പിക്കുന്ന പാഠം
‘യാക്കോബിൻ ദൈവം നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും.’—യെശ. 2:3.
1, 2. ബൈബിൾ കഥാപാത്രങ്ങളിൽനിന്ന് ഏതെല്ലാം തരത്തിലുള്ള പാഠങ്ങൾ പഠിക്കാനാകും?
ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളെല്ലാം നിങ്ങളുടെ പ്രയോജനത്തിനാണെന്ന ബോധ്യം നിങ്ങൾക്കില്ലേ? നിങ്ങൾക്ക് അനുകരിക്കാനാകുന്ന ഗുണങ്ങൾ ഉണ്ടായിരുന്ന അനേകം വിശ്വസ്ത സ്ത്രീപുരുഷന്മാരുടെ ദൃഷ്ടാന്തങ്ങൾ അവിടെ കാണാം. (എബ്രാ. 11:32-34) നമുക്കൊരു മുന്നറിയിപ്പായി രേഖപ്പെടുത്തിയിരിക്കുന്ന, ഒരിക്കലും പകർത്തരുതാത്ത ദൃഷ്ടാന്തങ്ങളും അതിലുണ്ട്.
2 ഒരേസമയം നമ്മെ നല്ലതും ചീത്തയുമായ പാഠങ്ങൾ പഠിപ്പിക്കുന്ന ചില കഥാപാത്രങ്ങളെ ബൈബിളിൽ കാണാം. ഒരു ആട്ടിടയനിൽനിന്ന് ശക്തനായ ഒരു ഭരണാധികാരിയായിത്തീർന്ന ദാവീദിനെക്കുറിച്ച് ചിന്തിക്കുക. സത്യത്തെ സ്നേഹിച്ചിരുന്ന, യഹോവയിൽ ആശ്രയിച്ചിരുന്ന ഒരു നല്ല മനുഷ്യനായിരുന്നു അവൻ. പക്ഷേ, ഗുരുതരമായ ചില പാതകങ്ങളും അവൻ ചെയ്തു. ബത്ത്-ശേബയോടും ഊരീയാവിനോടും ചെയ്തതും ബുദ്ധിശൂന്യമായി ജനങ്ങളുടെ എണ്ണമെടുത്തതും അതിൽ ഉൾപ്പെടുന്നു. എന്നാൽ നമുക്കിപ്പോൾ ദാവീദിന്റെ മകനായ ശലോമോനിൽ ശ്രദ്ധകേന്ദ്രീകരിക്കാം. രാജാവും ബൈബിൾ എഴുത്തുകാരനുമായിരുന്ന ശലോമോന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്ന രണ്ടു നല്ല പാഠങ്ങൾ ആദ്യം നോക്കാം.
“ശലോമോന്റെ ജ്ഞാനം”
3. ശലോമോൻ നമുക്കായി ഒരു നല്ല മാതൃകവെച്ചു എന്നു പറയുന്നത് എന്തുകൊണ്ട്?
3 ‘ശലോമോനെക്കാൾ വലിയവനായ’ യേശുക്രിസ്തു ശലോമോൻരാജാവു വെച്ച ഒരു നല്ല മാതൃക എടുത്തുകാട്ടുകയുണ്ടായി. തന്നിൽ വിശ്വസിക്കാഞ്ഞ ചില യഹൂദന്മാരോടായി യേശു പറഞ്ഞു: “തെക്കേദേശത്തെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയോടൊപ്പം എഴുന്നേറ്റ് ഇതിനെ കുറ്റംവിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾക്കാൻ ഭൂമിയുടെ അറുതികളിൽനിന്നു വന്നുവല്ലോ. എന്നാൽ ഇവിടെയിതാ, ശലോമോനെക്കാൾ വലിയവൻ.” (മത്താ. 12:42) അതെ, ശലോമോന്റെ ജ്ഞാനം പ്രസിദ്ധമായിരുന്നു. ജ്ഞാനം നേടാൻ അവൻ നമ്മെയും പ്രോത്സാഹിപ്പിച്ചു.
4, 5. ശലോമോൻ എങ്ങനെയാണ് ജ്ഞാനിയായിത്തീർന്നത്, എന്നാൽ ജ്ഞാനം നേടാൻ നാം എന്തു ചെയ്യണം?
4 ശലോമോന്റെ വാഴ്ചയുടെ ആരംഭത്തിൽ ദൈവം അവന് ഒരു സ്വപ്നത്തിൽ പ്രത്യക്ഷനായി ഇഷ്ടമുള്ള വരം ചോദിച്ചുകൊള്ളാൻ പറഞ്ഞു. തനിക്ക് അനുഭവപരിചയമില്ലെന്ന് അറിയാമായിരുന്നതിനാൽ ശലോമോൻ, ജ്ഞാനമാണ് ചോദിച്ചത്. (1 രാജാക്കന്മാർ 3:5-9 വായിക്കുക.) സമ്പത്തോ മഹത്ത്വമോ അപേക്ഷിക്കാഞ്ഞതിൽ സംപ്രീതനായ യഹോവ അവന് “ജ്ഞാനവും വിവേകവുമുള്ളോരു ഹൃദയം” നൽകി, ഒപ്പം സമ്പദ്സമൃദ്ധിയും. (1 രാജാ. 3:10-14) ശലോമോന്റെ കീർത്തി മറ്റു ദേശങ്ങളിലേക്കും വ്യാപിച്ചു. അങ്ങനെയാണ് യേശു പരാമർശിച്ച ശെബായിലെ രാജ്ഞി ശലോമോന്റെ ജ്ഞാനമൊഴികൾ കേൾക്കാൻ കാതങ്ങൾ സഞ്ചരിച്ച് അവന്റെ അരമനയിൽ എത്തിയത്.—1 രാജാ. 10:1, 4-9.
5 ശലോമോന് ലഭിച്ചതുപോലെ അത്ഭുതകരമായി ജ്ഞാനം ലഭിക്കുമെന്ന് ഇന്ന് നാം പ്രതീക്ഷിക്കുന്നില്ല. “യഹോവയല്ലോ ജ്ഞാനം നല്കുന്നത്” എന്നെഴുതിയ ശലോമോൻ, ആ ദിവ്യഗുണം നേടുന്നതിനായി നാം പരിശ്രമിക്കേണ്ടതുണ്ടെന്നും പറയുകയുണ്ടായി. “ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും” ചെയ്യുക എന്ന് അവൻ പറഞ്ഞു. ‘വിളിക്കുക,’ ‘അന്വേഷിക്കുക,’ ‘തിരയുക’ എന്നിങ്ങനെയുള്ള പദങ്ങൾ അവൻ അതുമായി ബന്ധപ്പെട്ട് ഉപയോഗിച്ചു. (സദൃ. 2:1-6) നമുക്ക് ജ്ഞാനം നേടാൻ കഴിയും എന്നാണ് ഇത് കാണിക്കുന്നത്.
6. ശലോമോന്റെ നല്ല ദൃഷ്ടാന്തം നമുക്ക് എങ്ങനെ അനുകരിക്കാം?
6 ‘ശലോമോനെപ്പോലെ ഞാൻ ദിവ്യജ്ഞാനത്തെ അമൂല്യമായി കാണുന്നുണ്ടോ?’ എന്ന് ഒരു ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിമിത്തം പലരും ജോലിയിലും പണം സമ്പാദിക്കുന്നതിലും കൂടുതൽ ശ്രദ്ധപതിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. ഏതു കോഴ്സ് തിരഞ്ഞെടുക്കണം, എത്രത്തോളം പഠിക്കണം എന്ന പലരുടെയും തീരുമാനത്തെയും ഇത്തരം അനിശ്ചിതത്വങ്ങൾ സദൃ. 2:9.
സ്വാധീനിക്കാറുണ്ട്. നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും കാര്യമോ? ദിവ്യജ്ഞാനത്തെ ഒരു നിധിപോലെ തിരയുന്നു എന്നാണോ നിങ്ങളുടെ തിരഞ്ഞെടുപ്പുകൾ കാണിക്കുന്നത്? പണത്തെയും വിദ്യാഭ്യാസത്തെയും വീക്ഷിക്കുന്ന വിധത്തിൽ അൽപ്പം മാറ്റം വരുത്തിയാൽ ദൈവിക ജ്ഞാനം കൂടുതൽ സമ്പാദിക്കാൻ നിങ്ങൾക്കാകുമോ? ജ്ഞാനം സമ്പാദിക്കുന്നതും ജ്ഞാനപൂർവം പ്രവർത്തിക്കുന്നതും നിലനിൽക്കുന്ന പ്രയോജനങ്ങളിൽ കലാശിക്കുകതന്നെ ചെയ്യും. “അങ്ങനെ നീ നീതിയും ന്യായവും നേരും സകലസന്മാർഗ്ഗവും ഗ്രഹിക്കും” എന്ന് ശലോമോൻ എഴുതി.—സത്യാരാധനയ്ക്ക് പ്രഥമസ്ഥാനം നൽകി സമാധാനം ആനയിച്ചു
7. പ്രൗഢമായ ഒരു ദേവാലയം പണികഴിക്കപ്പെട്ടത് എങ്ങനെ?
7 മോശയുടെ കാലംമുതൽ ഉപയോഗത്തിലിരുന്ന സമാഗമനകൂടാരത്തിനുപകരം പ്രൗഢമായ ഒരു ദേവാലയം പണിയാൻ തന്റെ വാഴ്ചയുടെ ആദ്യനാളുകളിൽ ശലോമോൻ നടപടി സ്വീകരിച്ചു. (1 രാജാ. 6:1) ശലോമോന്റെ ആലയം എന്നു നാം അതിനെ വിളിച്ചേക്കാം. എന്നാൽ അവൻ ആ ആലയം പണിതത് സ്വന്തം പേരിനും പ്രശസ്തിക്കും വേണ്ടിയായിരുന്നില്ല. വാസ്തവത്തിൽ ആലയം പണി എന്ന ആശയവുമായി മുന്നോട്ടുവന്നത് ദാവീദാണ്. തുടർന്ന്, ആലയം പണിയാനും മോടിപിടിപ്പിക്കാനുമുള്ള വിശദമായ നിർദേശങ്ങൾ ദൈവമാണ് ദാവീദിന് നൽകിയത്. നിർമാണപ്രവർത്തനങ്ങൾക്കായി ദാവീദ് കൈയയച്ച് സംഭാവനചെയ്തതായും നാം വായിക്കുന്നു. (2 ശമൂ. 7:2, 12, 13; 1 ദിന. 22:14-16) എന്നാൽ ആലയം പണിയാനുള്ള ചുമതല ശലോമോനിൽ നിക്ഷിപ്തമായി. ഏഴര വർഷംകൊണ്ടാണ് അവനത് പൂർത്തിയാക്കിയത്.—1 രാജാ. 6:37, 38; 7:51.
8, 9. (എ) മടുത്തുപോകാതെ ദൈവേഷ്ടം ചെയ്യുന്ന കാര്യത്തിൽ ശലോമോനിൽനിന്ന് എന്തു പഠിക്കാം? (ബി) സത്യാരാധനയ്ക്ക് ശലോമോൻ പ്രഥമസ്ഥാനം നൽകിയതിന്റെ ഫലം എന്തായിരുന്നു?
8 അതെ, ദൈവേഷ്ടം ചെയ്യുന്നതിൽ മടുത്തുപോകാതെ, പ്രാധാന്യമേറിയ കാര്യങ്ങൾക്കു മുൻതൂക്കം നൽകി പ്രവർത്തിക്കുന്നതിൽ ശലോമോൻ നമുക്കൊരു നല്ല മാതൃകയാണ്. ആലയംപണി പൂർത്തിയായി നിയമപെട്ടകം അതിനുള്ളിൽ വെച്ചശേഷം നടത്തിയ പരസ്യപ്രാർഥനയിൽ ശലോമോൻ ഇങ്ങനെ യാചിക്കുകയുണ്ടായി: “അടിയൻ ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാർത്ഥന കേൾക്കേണ്ടതിന്നു നിന്റെ നാമം ഉണ്ടായിരിക്കുമെന്നു നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിലേക്കു രാവും പകലും തൃക്കൺപാർത്തരുളേണമേ.” (1 രാജാ. 8:6, 29)ദൈവനാമത്തിന്റെ പുകഴ്ചയ്ക്കായി പണിതീർത്ത ആ ആലയത്തിലേക്കു നോക്കി ഇസ്രായേല്യർക്കും അന്യജാതിക്കാർക്കും പ്രാർഥിക്കാമായിരുന്നു.—1 രാജാ. 8:30, 41-43, 60.
9 സത്യാരാധനയ്ക്ക് ശലോമോൻ പ്രഥമസ്ഥാനം നൽകിയതിന്റെ ഫലം എന്തായിരുന്നു? ആലയസമർപ്പണം കഴിഞ്ഞപ്പോൾ ജനമെല്ലാം, ‘യഹോവ തന്റെ ദാസനായ ദാവീദിനും തന്റെ ജനമായ യിസ്രായേലിനും ചെയ്ത എല്ലാനന്മയെയും കുറിച്ചു സന്തോഷവും ആനന്ദവുമുള്ളവരായി.’ (1 രാജാ. 8:65, 66) ശലോമോന്റെ 40 വർഷത്തെ ഭരണകാലത്തുടനീളം ദേശത്ത് സമാധാനവും സമ്പദ്സമൃദ്ധിയും കളിയാടി. (1 രാജാക്കന്മാർ 4:20, 21, 25 വായിക്കുക.) 72-ാം സങ്കീർത്തനം അതു വർണിക്കുന്നുണ്ട്. ശലോമോനെക്കാൾ വലിയവനായ യേശുക്രിസ്തുവിന്റെ ഭരണത്തിൽ നാം ആസ്വദിക്കാനിരിക്കുന്ന അനുഗ്രഹങ്ങളുടെ ഒരു പൂർവവീക്ഷണംകൂടിയാണ് അത്.—സങ്കീ. 72, 6-8, 16.
ശലോമോന്റെ ജീവിതം —നമുക്കൊരു മുന്നറിയിപ്പ്
10. ശലോമോൻ കാണിച്ച എന്തു ബുദ്ധിമോശം നമുക്ക് സുപരിചിതമാണ്?
10 ശലോമോന്റെ ജീവിതം നമുക്കൊരു മുന്നറിയിപ്പുകൂടിയാണ് എന്നു പറയുന്നത് എന്തുകൊണ്ടാണ്? അന്യജാതിക്കാരത്തികളായ അവന്റെ ഭാര്യമാരുടെയും വെപ്പാട്ടികളുടെയും കാര്യമായിരിക്കാം നിങ്ങളുടെ മനസ്സിലേക്ക് ഇപ്പോൾ വരുന്നത്. “ശലോമോൻ വയോധികനായപ്പോൾ ഭാര്യമാർ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; അവന്റെ ഹൃദയം . . . യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല” എന്ന് നാം വായിക്കുന്നു. (1 രാജാ. 11:1-6) ഇങ്ങനെയൊരു ബുദ്ധിമോശം കാണിക്കാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കും എന്നതിൽ സംശയമില്ല. എന്നാൽ അതു മാത്രമാണോ ശലോമോന്റെ ജീവിതത്തിൽനിന്ന് നമുക്കു ലഭിക്കുന്ന മുന്നറിയിപ്പ്? അവന്റെ ജീവിതത്തിലെ, അധികമാരും ശ്രദ്ധിക്കാത്ത ചില വിശദാംശങ്ങൾ നമുക്കിപ്പോൾ പരിശോധിക്കാം. അതിൽനിന്ന് എന്തു പഠിക്കാം എന്നു ചിന്തിച്ചുനോക്കുക.
11. ശലോമോന്റെ ആദ്യവിവാഹത്തെക്കുറിച്ച് നമുക്ക് എന്തു നിഗമനത്തിലെത്താനാകും?
11 ശലോമോൻ 40 വർഷം ഭരിച്ചു. (2 ദിന. 9:30) ഈ വസ്തുതയുടെ അടിസ്ഥാനത്തിൽ 1 രാജാക്കന്മാർ 14:21-ൽനിന്ന് (വായിക്കുക.) ഒരു നിഗമനത്തിലെത്താം. ആ വാക്യമനുസരിച്ച്, ശലോമോന്റെ മരണശേഷം രെഹബെയാം അധികാരം ഏറ്റെടുക്കുമ്പോൾ അവന് 41 വയസ്സുണ്ടായിരുന്നു; “അമ്മോന്യസ്ത്രീയായ . . . നയമാ” ആയിരുന്നു അവന്റെ അമ്മ. അതിന്റെ അർഥം, രാജാവാകുന്നതിനുമുമ്പ് ശലോമോൻ വിഗ്രഹദൈവങ്ങളെ ആരാധിച്ചിരുന്ന ഒരു ശത്രു രാജ്യത്തിൽനിന്ന് സംബന്ധംകൂടി എന്നാണ്. (ന്യായാ. 10:6; 2 ശമൂ. 10:6) അവന്റെ ഭാര്യ ആ അന്യദൈവങ്ങളെ ആരാധിച്ചിരുന്നോ? ഒരിക്കൽ ആരാധിച്ചിരുന്നിരിക്കാമെങ്കിലും രാഹാബിനെയും രൂത്തിനെയും പോലെ അവളും സത്യാരാധന സ്വീകരിച്ചിരിക്കണം. (രൂത്ത് 1:16; 4:13-17; മത്താ. 1:5, 6) എന്നാൽ അവളുടെ വീട്ടുകാർ മാറ്റം വരുത്തിയിരിക്കാൻ ഇടയില്ല. അങ്ങനെയെങ്കിൽ യഹോവയെ ആരാധിക്കാത്തവർ ശലോമോന് ബന്ധുക്കളായി ഉണ്ടായിരുന്നു.
12, 13. വാഴ്ച ആരംഭിച്ച് അധികം വൈകാതെ ശലോമോൻ എന്തു ഭോഷത്തം പ്രവർത്തിച്ചു, അവൻ അതിനെ എങ്ങനെ ന്യായീകരിച്ചിരിക്കാം?
12 ശലോമോൻ രാജാവായതോടെ കാര്യങ്ങൾ ഒന്നുകൂടി വഷളായി. അവൻ “മിസ്രയീംരാജാവായ ഫറവോനോടു സംബന്ധംകൂടി, ഫറവോന്റെ മകളെ വിവാഹം ചെയ്തു; . . . അവളെ ദാവീദിന്റെ നഗരത്തിൽ കൊണ്ടുവന്നു പാർപ്പിച്ചു.” (1 രാജാ. 3:1) രൂത്തിനെപ്പോലെ ഈ ഈജിപ്ഷ്യൻ വനിത സത്യാരാധന സ്വീകരിച്ചോ? അവൾ അങ്ങനെ ചെയ്തതായി സൂചനയൊന്നുമില്ല. ദാവീദിന്റെ പട്ടണത്തിനു പുറത്ത് അവൾക്ക് (ഒരുപക്ഷേ, അവളുടെ ഈജിപ്ഷ്യൻ തോഴിമാർക്കും) ശലോമോൻ ഒരു അരമന പണിതുനൽകുകയുണ്ടായി. എന്തിനായിരുന്നു അത്? നിയമപെട്ടകം ഇരിക്കുന്നതിന് അടുത്തായി വ്യാജദൈവങ്ങളെ ആരാധിക്കുന്ന ഒരു വ്യക്തി താമസിക്കുന്നത് ഉചിതമല്ലാത്തതിനാലാണ് അവൻ അങ്ങനെ ചെയ്തതെന്ന് തിരുവെഴുത്തുകൾ പറയുന്നു.—2 ദിന. 8:11.
13 ഈജിപ്റ്റിൽനിന്ന് ഒരു രാജകുമാരിയെ വിവാഹം ചെയ്താൽ ചില രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാകുമെന്ന് അവൻ കരുതിയിരിക്കുമോ? കാലങ്ങൾക്കുമുമ്പേ, ചില കനാന്യ ഗോത്രങ്ങളുടെ പേരെടുത്തു പറഞ്ഞ് അവരുമായി വിവാഹബന്ധത്തിൽ ഏർപ്പെടുന്നത് ദൈവം വിലക്കിയിരുന്നു. (പുറ. 34:11-16) അക്കൂട്ടത്തിൽ ദൈവം ഈജിപ്റ്റുകാരെ ഉൾപ്പെടുത്തിയില്ല എന്ന് ശലോമോൻ സ്വയം ന്യായീകരിച്ചിട്ടുണ്ടാകുമോ? അത്തരം ന്യായീകരണങ്ങൾ വാസ്തവത്തിൽ സാധൂകരിക്കാനാകുമായിരുന്നോ? യഹോവ മുന്നറിയിപ്പു നൽകിയ അപകടം, അതായത് അന്യജാതിയിൽപ്പെട്ട വ്യക്തി ഇസ്രായേല്യനെ സത്യാരാധനയിൽനിന്ന് അകറ്റിക്കൊണ്ടുപോകും എന്ന അപകടം അതിനുമുണ്ടായിരുന്നു.—ആവർത്തനപുസ്തകം 7:1-4 വായിക്കുക.
14. ശലോമോന്റെ ജീവിതത്തിൽനിന്ന് നാം പാഠം ഉൾക്കൊള്ളേണ്ടത് എന്തുകൊണ്ട്?
14 ശലോമോന്റെ ജീവിതത്തിൽനിന്ന് നാം പാഠം ഉൾക്കൊള്ളുമോ? “കർത്താവിൽ മാത്രമേ വിവാഹം കഴിക്കാവൂ” എന്ന ദിവ്യനിർദേശം വകവെക്കാതെ ഒരു സഹോദരി, ആരെങ്കിലുമായി സ്നേഹത്തിലാകുകയും അതിനെ ന്യായീകരിക്കുകയും ചെയ്തേക്കാം. (1 കൊരി. 7:39) സമാനമായ ന്യായീകരണങ്ങളുടെ പിൻബലത്തിൽ, നിർബന്ധമായി പങ്കെടുക്കേണ്ടതില്ലാത്തപ്പോഴും സ്കൂളിലെ സ്പോർട്സിലോ ക്ലബ്ബുകളിലോ ചേരാൻ ചിലർ മുതിരുന്നു; അല്ലെങ്കിൽ, നികുതിത്തുക കുറച്ചുകാണിക്കാനും മാനക്കേട് ഉണ്ടാകുമെന്ന് ഭയന്ന് ചോദ്യംചെയ്യപ്പെടുമ്പോൾ സത്യം മറച്ചുവെക്കാനും ഒക്കെ ഒരു വ്യക്തി ശ്രമിക്കാൻ ഇടയുണ്ട്. എന്നാൽ ഇക്കാര്യം മനസ്സിൽപ്പിടിക്കുക: ദൈവനിയമങ്ങൾ ലംഘിക്കാൻ ശലോമോൻ ന്യായീകരണങ്ങൾ കണ്ടെത്തിയിരിക്കണം, സൂക്ഷിച്ചില്ലെങ്കിൽ നമ്മളും അതേ അപകടത്തിൽ ചെന്നുപെട്ടേക്കാം!
15. ശലോമോനോട് ദൈവം കരുണ കാണിച്ചത് എങ്ങനെ, എന്നാൽ നാം എന്ത് ഓർക്കണം?
15 ആ പുറജാതീയ രാജകുമാരിയുമായുള്ള വിവാഹത്തിനുശേഷമാണ് ശലോമോന്റെ അപേക്ഷയിൽ പ്രസാദിച്ച് ദൈവം അവന് ജ്ഞാനവും സമ്പത്തും നൽകിയത് എന്നത് ശ്രദ്ധേയമാണ്. (1 രാജാ. 3:10-13) അതിനോടകം ശലോമോൻ ദൈവത്തിന്റെ നിർദേശങ്ങൾ അവഗണിച്ചിരുന്നെങ്കിലും യഹോവ അവനെ രാജസ്ഥാനത്തുനിന്ന് ഉടനടി തള്ളിക്കളഞ്ഞില്ല; അവന് കടുത്ത ശിക്ഷണം നൽകിയതിന്റെ സൂചനയുമില്ല. നാം പൊടിയാണെന്നും അപൂർണരാണെന്നും ദൈവം തിരിച്ചറിയുന്നു എന്നതുകൊണ്ടായിരിക്കാം അത്. (സങ്കീ. 103:10, 13, 14) എന്നാൽ ഒരു കാര്യം മറക്കരുത്: നമ്മുടെ പ്രവൃത്തികളുടെ പരിണതഫലം നാം അനുഭവിക്കുകതന്നെ ചെയ്യും, ഇന്നല്ലെങ്കിൽ നാളെ.
എത്ര ഭാര്യമാർ!
16. അനേകം ഭാര്യമാരെ സ്വന്തമാക്കിയപ്പോൾ ശലോമോൻ എന്ത് അവഗണിച്ചു?
16 ഉത്തമഗീതത്തിൽ, ശലോമോൻരാജാവ് ഒരു കന്യകയെ 60 രാജ്ഞികളിലും 80 വെപ്പാട്ടികളിലും സുന്ദരി എന്നു വിശേഷിപ്പിക്കുകയുണ്ടായി. (ഉത്ത. 6:1, 8-10) സ്വന്തം കഥയാണ് ശലോമോൻ പറഞ്ഞതെങ്കിൽ അവൻ അതിനകം അത്രയും സ്ത്രീകളെ സ്വന്തമാക്കിയിരുന്നു. അവരിൽ മിക്കവരും, അല്ലെങ്കിൽ എല്ലാവരും, സത്യാരാധകരായിരുന്നാൽപ്പോലും ഒരു രാജാവിന്റെ “ഹൃദയം മറിഞ്ഞുപോകാതിരിപ്പാൻ അനേകം ഭാര്യമാരെ അവൻ എടുക്കരുത്” എന്ന് മോശയിലൂടെ ദൈവം നൽകിയ നിർദേശം ലംഘിക്കുകയായിരുന്നു ശലോമോൻ ഇവിടെ. (ആവ. 17:17) എന്നിട്ടും യഹോവ ശലോമോനെ തള്ളിക്കളഞ്ഞില്ല. ഉത്തമഗീതം എന്ന ബൈബിൾ പുസ്തകം എഴുതാനുള്ള പദവി നൽകി ദൈവം അവനെ വീണ്ടും അനുഗ്രഹിച്ചു.
17. ഏതു വസ്തുത നാം മറന്നുകളയരുത്?
17 ദൈവത്തിന്റെ നിയമം അനുസരിക്കാതിരുന്നതിന്റെ പ്രത്യാഘാതങ്ങളൊന്നും ശലോമോന് അനുഭവിക്കേണ്ടിവന്നില്ല എന്നോ നമുക്കും അങ്ങനെ രക്ഷപ്പെടാം എന്നോ ഇതിന് അർഥമുണ്ടോ? ഇല്ല. പകരം ദൈവത്തിന്റെ ക്ഷമ എത്ര വലുതാണെന്നാണ് ഇത് കാണിക്കുന്നത്. ദൈവനിയമം കൂട്ടാക്കാത്ത ഒരു വ്യക്തിക്ക് അപ്പോൾത്തന്നെ അതിന്റെ ഭവിഷ്യത്തുകൾ ഉണ്ടാകുന്നില്ല എന്നത്, പിന്നീട് അതിന്റെ തിക്തഫലങ്ങൾ അയാൾക്കു നേരിടേണ്ടിവരില്ലെന്ന് അർഥമാക്കുന്നില്ല. ശലോമോന്റെ വാക്കുകൾ അത് വ്യക്തമാക്കുന്നു: “ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടക്കായ്കകൊണ്ടു മനുഷ്യർ ദോഷം ചെയ്വാൻ ധൈര്യപ്പെടുന്നു.” എന്നാൽ അവൻ ഇങ്ങനെയും കൂട്ടിച്ചേർത്തു: “ദൈവത്തെ ഭയപ്പെടുന്ന ഭക്തന്മാർക്കു നന്മ വരുമെന്നു ഞാൻ നിശ്ചയമായി അറിയുന്നു.”—സഭാ. 8:11, 12.
18. ഗലാത്യർ 6:7-ലെ വാക്കുകൾ സത്യമാണെന്ന് ശലോമോന്റെ ജീവിതം തെളിയിക്കുന്നത് എങ്ങനെ?
18 ശലോമോൻ ആ തിരുവെഴുത്തു സത്യങ്ങൾക്കു ശ്രദ്ധകൊടുത്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു! അവൻ അനേകം നല്ല കാര്യങ്ങൾ ചെയ്യുകയും ദീർഘകാലം ദൈവത്തിന്റെ അനുഗ്രഹങ്ങൾ ആസ്വദിക്കുകയും ചെയ്തവനാണ്. പക്ഷേ, ഒന്നിനുപുറകെ ഒന്നായി അവന്റെ ചുവടുകൾ പിഴച്ചു; അങ്ങനെ അതൊരു ശീലമായി. പൗലോസ് അപ്പൊസ്തലൻ പിന്നീട് നിശ്വസ്തതയിൽ എഴുതിയ വാക്കുകൾ എത്ര സത്യമാണ്: “വഞ്ചിക്കപ്പെടരുത്: ദൈവത്തെ കബളിപ്പിക്കാനാവില്ല. ഒരുവൻ വിതയ്ക്കുന്നതുതന്നെ കൊയ്യും!” (ഗലാ. 6:7) ദിവ്യമാർഗനിർദേശം അവഗണിച്ചതിന്റെ പ്രത്യാഘാതങ്ങൾ ശലോമോൻ നേരിടുകതന്നെ ചെയ്തു. ബൈബിൾ പറയുന്നു: “ശലോമോൻരാജാവു ഫറവോന്റെ മകളെ കൂടാതെ മോവാബ്യർ, അമ്മോന്യർ, എദോമ്യർ, സീദോന്യർ, ഹിത്യർ എന്നിങ്ങനെ അന്യജാതിക്കാരത്തികളായ അനേക സ്ത്രീകളെയും സ്നേഹിച്ചു.” (1 രാജാ. 11:1) അവരിൽ പലരും അന്യദേവന്മാരെ ഉപേക്ഷിച്ചിരുന്നില്ല. അത് ശലോമോനെയും ബാധിച്ചു. വഴിതെറ്റിപ്പോയ അവന് ക്ഷമാശീലനായ നമ്മുടെ ദൈവത്തിന്റെ പ്രീതി നഷ്ടമായി.—1 രാജാക്കന്മാർ 11:4-8 വായിക്കുക.
നമുക്കുള്ള പാഠം
19. ആരുടെയെല്ലാം നല്ല ദൃഷ്ടാന്തങ്ങൾ ബൈബിളിൽ അടങ്ങിയിട്ടുണ്ട്?
19 ഇപ്രകാരം എഴുതാൻ കരുണാമയനായ യഹോവ പൗലോസിനെ നിശ്വസ്തനാക്കി: “മുമ്പ് എഴുതപ്പെട്ടവയെല്ലാം നമ്മുടെ പ്രബോധനത്തിനുവേണ്ടിയുള്ളതാണ്— നമ്മുടെ സഹിഷ്ണുതയാലും തിരുവെഴുത്തുകളിൽനിന്നുള്ള ആശ്വാസത്താലും നമുക്കു പ്രത്യാശ ഉണ്ടാകേണ്ടതിനുവേണ്ടി.” (റോമ. 15:4) ആ “എഴുതപ്പെട്ടവ”യിൽ, അസാധാരണ വിശ്വാസം കാണിച്ച അനേകം സ്ത്രീപുരുഷന്മാരുടെ നല്ല ദൃഷ്ടാന്തങ്ങൾ ഉൾപ്പെടുന്നു. അതുകൊണ്ടാണ് പൗലോസ് ഇങ്ങനെ പറഞ്ഞത്: “ഇതിലധികമായി ഞാൻ എന്തു പറയേണ്ടു? ഗിദെയോൻ, ബാരാക്ക്, ശിംശോൻ, യിഫ്താഹ്, ദാവീദ് എന്നിവരെയും ശമുവേൽ മുതലായ പ്രവാചകന്മാരെയുംകുറിച്ചു വിവരിക്കാൻ സമയം പോരാ. വിശ്വാസത്താൽ അവർ രാജ്യങ്ങൾ പിടിച്ചടക്കി; നീതി നടപ്പാക്കി; വാഗ്ദാനങ്ങൾ ഏറ്റുവാങ്ങി; . . . ബലഹീനതയിൽ ശക്തി പ്രാപിച്ചു.” (എബ്രാ. 11:32-34) അവരെക്കുറിച്ചുള്ള തിരുവെഴുത്തു വിവരണങ്ങൾ വായിക്കുകയും അവരെ അനുകരിക്കുകയും ചെയ്യുന്നെങ്കിൽ ആ ദൃഷ്ടാന്തങ്ങളിൽനിന്ന് നമുക്ക് പ്രയോജനം നേടാനാകും.
20, 21. ദൈവവചനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന അനുഭവകഥകളിൽനിന്നു പാഠം ഉൾക്കൊള്ളാൻ നിങ്ങൾ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?
20 എന്നാൽ ചില ബൈബിൾ ദൃഷ്ടാന്തങ്ങൾ, നാം ഒഴിവാക്കേണ്ട ഗതിയെക്കുറിച്ച് മുന്നറിയിപ്പു നൽകുന്നവയാണ്. ഒരുസമയത്ത് യഹോവ തന്റെ ദാസന്മാരായി അംഗീകരിക്കുകയും ഉപയോഗിക്കുകയും ചെയ്ത സ്ത്രീപുരുഷന്മാരും ഈ ഗണത്തിൽപ്പെടും. ബൈബിൾ വായിക്കുമ്പോൾ, ദൈവാരാധകരായിരുന്ന ചിലർക്ക് എവിടെയാണ് പിഴച്ചതെന്നും എങ്ങനെ അതു സംഭവിച്ചുവെന്നും കണ്ടെത്തുക. അങ്ങനെ ചെയ്യുന്നെങ്കിൽ അതേ പിഴവുവരുത്തുന്നത് നമുക്ക് ഒഴിവാക്കാനാകും. തെറ്റായ മനോഭാവമോ പ്രവണതയോ ചിലരിൽ വളർന്നത് കാലക്രമേണയാണ്. അതാകട്ടെ, ഒടുവിൽ ദാരുണമായ ഭവിഷ്യത്ത് വിളിച്ചുവരുത്തി. അത്തരം വിവരണങ്ങളിൽനിന്ന് പാഠം ഉൾക്കൊള്ളണമെങ്കിൽ നാം എന്തു ചെയ്യണം? പിൻവരുന്നതുപോലുള്ള ചോദ്യങ്ങൾ സ്വയം ചോദിക്കുക: ‘ഈ വ്യക്തിയിൽ തെറ്റായ ചിന്ത വളർന്നത് എങ്ങനെയാണ്? എന്റെ കാര്യത്തിൽ അങ്ങനെ സംഭവിക്കുമോ? അത് ഒഴിവാക്കാൻ ഞാൻ എന്തു ചെയ്യണമെന്നാണ് ഈ ദൃഷ്ടാന്തം പഠിപ്പിക്കുന്നത്?’
21 ഇത്തരം ദൃഷ്ടാന്തങ്ങൾ നാം ഗൗരവത്തോടെ പഠിക്കേണ്ടത് എന്തുകൊണ്ടാണ്? ദിവ്യ നിശ്വസ്തതയിൽ പൗലോസ് എഴുതി: “ഈ കാര്യങ്ങൾ അവർക്കു ഭവിച്ചത് നമുക്കൊരു പാഠമായിട്ടത്രേ; യുഗങ്ങളുടെ അവസാനത്തിങ്കൽ വന്നെത്തിയിരിക്കുന്ന നമുക്ക് മുന്നറിയിപ്പിനായി അവ എഴുതപ്പെടുകയും ചെയ്തിരിക്കുന്നു.”—1 കൊരി. 10:11.
നിങ്ങൾ എന്തു പഠിച്ചു?
• അനുകരിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ദൃഷ്ടാന്തങ്ങൾ ബൈബിളിലുണ്ടെന്നു പറയുന്നത് എന്തുകൊണ്ട്?
• ശലോമോൻ ഒന്നിനുപുറകെ ഒന്നായി പിഴവുകൾ വരുത്തിയത് എന്തുകൊണ്ട്?
• ശലോമോൻ വരുത്തിയ പിഴവിൽനിന്ന് നിങ്ങൾക്ക് എന്തു പഠിക്കാനാവും?
[അധ്യയന ചോദ്യങ്ങൾ]
[9-ാം പേജിലെ ചിത്രം]
ദൈവം നൽകിയ ജ്ഞാനം ശലോമോൻ പ്രയോജനപ്പെടുത്തി
[12-ാം പേജിലെ ചിത്രം]
ശലോമോനുണ്ടായ ദുരനുഭവം നിങ്ങളെ എന്തു പാഠമാണ് പഠിപ്പിക്കുന്നത്?