സന്തോഷിക്കാനുള്ള കാരണം
സന്തോഷിക്കാനുള്ള കാരണം
അതിസൂക്ഷ്‌മ കോശം മുതൽ കൂറ്റൻ താരാപംക്തികൾ വരെ ഏതൊരു സൃഷ്ടിയിലും കാണുന്ന സംഘാടനം നമ്മെ അതിശയിപ്പിക്കുന്നില്ലേ? സ്രഷ്ടാവായ യഹോവ “കലക്കത്തിന്റെ ദൈവമല്ല” എന്നതിന്റെ സാക്ഷ്യപത്രങ്ങളാണിവ. (1 കൊരി. 14:33) ആരാധനയ്‌ക്കായി യഹോവ ചെയ്‌തിരിക്കുന്ന ക്രമീകരണവും ആരിലും വിസ്‌മയം ജനിപ്പിക്കുന്നതാണ്. ഇതിനുവേണ്ടി, മനുഷ്യരും ദൂതന്മാരും ഉൾപ്പെടെ ബുദ്ധിശക്തിയുള്ള ശതകോടിക്കണക്കിന് സൃഷ്ടികൾ അടങ്ങിയ ഒരു സാർവത്രിക സംഘടനയ്‌ക്ക് യഹോവ രൂപംനൽകി. സ്വതന്ത്ര ഇച്ഛാശക്തിയുള്ള അവരെല്ലാം സത്യാരാധനയിൽ ഏകീകൃതരാണ്! അത്ഭുതം തോന്നുന്നില്ലേ?
യഹോവയുടെ ആലയം സ്ഥിതിചെയ്‌തിരുന്ന, അഭിഷിക്തനായ രാജാവു ഭരിച്ചിരുന്ന, യെരുശലേം ആയിരുന്നു പുരാതന ഇസ്രായേലിൽ യഹോവയുടെ സംഘടനയുടെ ഭൗമിക ഭാഗത്തെ പ്രതിനിധാനം ചെയ്‌തിരുന്നത്. ബാബിലോണിൽ തടവിലായിരുന്ന ഒരു ഇസ്രായേല്യൻ ഈ വിശുദ്ധനഗരത്തോടുള്ള തന്റെ സ്‌നേഹം വാക്കുകളാൽ വർണിച്ചത് ഇങ്ങനെയാണ്: “നിന്നെ ഞാൻ ഓർക്കാതെ പോയാൽ, യെരൂശലേമിനെ എന്റെ മുഖ്യസന്തോഷത്തെക്കാൾ വിലമതിക്കാതെ പോയാൽ, എന്റെ നാവു അണ്ണാക്കിനോടു പറ്റിപ്പോകട്ടെ.”—സങ്കീ. 137:6.
യഹോവയുടെ സംഘടനയെക്കുറിച്ച് നിങ്ങൾക്കും ഇതുതന്നെയാണോ തോന്നുന്നത്? ഈ ലോകവ്യാപക സംഘടനയോടൊപ്പം യഹോവയെ ആരാധിക്കുന്നത് നിങ്ങൾക്ക് മറ്റെന്തിനെക്കാളും സന്തോഷം പകരുന്ന അനുഭവമാണോ? ദൈവത്തിന്റെ സംഘടനയുടെ ഭൗമിക ഭാഗത്തിന്റെ ചരിത്രവും പ്രവർത്തനവിധവും നിങ്ങളുടെ കുട്ടികൾക്ക് അറിയാമോ? യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക സഹോദരവർഗത്തിന്റെ ഭാഗമാണ് തങ്ങളെന്ന് അവർ മനസ്സിലാക്കുകയും അതിനെ ഒരു പദവിയായി കാണുകയും ചെയ്യുന്നുണ്ടോ? (1 പത്രോ. 2:17) യഹോവയുടെ സംഘടനയെ അടുത്തറിയാനും അതിനെ വിലമതിക്കാനും നിങ്ങളുടെ കുടുംബത്തെ സഹായിക്കുന്ന ചില നിർദേശങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. നിങ്ങളുടെ സായാഹ്ന കുടുംബാരാധനയിൽ അവ ഉൾപ്പെടുത്താനാകും.
‘പൂർവ്വകാലം’ വിവരിച്ചുകൊടുക്കുക
പെസഹാ ആഘോഷിക്കാൻ ഇസ്രായേല്യ കുടുംബങ്ങൾ വർഷന്തോറും കൂടിവരുക പതിവായിരുന്നു. ഈ ആഘോഷം ഏർപ്പെടുത്തിയപ്പോൾ മോശ ജനത്തിന് ഒരു നിർദേശം നൽകി: “ഇതു എന്തു എന്നു നാളെ നിന്റെ മകൻ നിന്നോടു ചോദിക്കുമ്പോൾ: യഹോവ ബലമുള്ള കൈകൊണ്ടു അടിമവീടായ മിസ്രയീമിൽനിന്നു ഞങ്ങളെ പുറപ്പെടുവിച്ചു . . . എന്നു നീ അവനോടു പറയേണം.” (പുറ. 13:14, 16) അതെ, ഇസ്രായേല്യർക്കുവേണ്ടി യഹോവ ചെയ്‌തതൊന്നും മറന്നുകളയാനുള്ളതായിരുന്നില്ല. മോശ നൽകിയ നിർദേശം ഇസ്രായേലിലെ പല പിതാക്കന്മാരും അനുസരിച്ചിട്ടുണ്ടാകണം. അതുകൊണ്ടാണ് തലമുറകൾ പിന്നിട്ടപ്പോൾ ഒരു ഇസ്രായേല്യൻ ഇങ്ങനെ പ്രാർഥിച്ചത്: “ദൈവമേ, പൂർവ്വകാലത്തു ഞങ്ങളുടെ പിതാക്കന്മാരുടെ നാളുകളിൽ നീ ചെയ്‌ത പ്രവൃത്തി അവർ ഞങ്ങളോടു വിവരിച്ചിരിക്കുന്നു; ഞങ്ങളുടെ ചെവികൊണ്ടു ഞങ്ങൾ കേട്ടുമിരിക്കുന്നു.”—സങ്കീ. 44:1.
യഹോവയുടെ സാക്ഷികളുടെ കഴിഞ്ഞ നൂറിൽപ്പരം വർഷത്തെ ചരിത്രം ഇന്നത്തെ യുവതലമുറയെ സംബന്ധിച്ചിടത്തോളം “പൂർവ്വകാല” ചരിത്രമാണ്. ആ സംഭവങ്ങൾ കുഞ്ഞുങ്ങളുടെ മനസ്സിൽ ഇടംനേടണമെങ്കിൽ നിങ്ങൾ എന്തുചെയ്യണം? ചില മാതാപിതാക്കൾ എന്താണ് ചെയ്യുന്നതെന്ന് നോക്കാം. യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ (ഇംഗ്ലീഷ്), വാർഷികപുസ്‌തകം, നമ്മുടെ മാസികകളിൽ വന്നിരിക്കുന്ന ജീവിതകഥകൾ, ദിവ്യാധിപത്യ ചരിത്രത്തിൽ സ്ഥാനംപിടിച്ചിരിക്കുന്ന ചില സംഭവങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ, ആധുനിക നാളുകളിലെ ദൈവജനത്തിന്റെ പ്രവർത്തനം വിശദീകരിക്കുന്ന പുതിയ ഡിവിഡി എന്നിവ അവർ ഉപയോഗിക്കുന്നു. മുൻ സോവിയറ്റ് യൂണിയനിലും നാസി ജർമനിയിലും നമ്മുടെ സഹോദരങ്ങൾ അനുഭവിച്ച പീഡനങ്ങൾ വർണിക്കുന്ന വീഡിയോകൾ കാണുന്നത് പരിശോധനകൾ വരുമ്പോൾ യഹോവയിൽ ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ നിങ്ങളുടെ കുടുംബത്തെ സഹായിക്കും. അത്തരം വിവരങ്ങൾ നിങ്ങളുടെ സായാഹ്ന കുടുംബാരാധനയിൽ ഉൾപ്പെടുത്തുക. ദൈവത്തോടു വിശ്വസ്‌തത പാലിക്കാൻ വെല്ലുവിളി നേരിടുന്ന സാഹചര്യങ്ങളിൽ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിന് അതു നിങ്ങളുടെ കുട്ടികളെ സഹായിക്കും.
സംഘടനയുടെ ചരിത്രത്തെക്കുറിച്ച് നിങ്ങൾ നീണ്ട ഒരു പ്രഭാഷണം നടത്തിയാൽ കുഞ്ഞുമനസ്സിന് അതു താങ്ങാനായെന്നുവരില്ല; അവർ വേഗം മടുത്തുപോകാൻ ഇടയുണ്ട്. അതുകൊണ്ട് കുട്ടികളെക്കൂടി
ഉൾപ്പെടുത്തുക. ഉദാഹരണത്തിന്, ഇഷ്ടമുള്ളൊരു രാജ്യം തിരഞ്ഞെടുത്ത് അതിന്റെ ദിവ്യാധിപത്യ ചരിത്രത്തെക്കുറിച്ച് ഗവേഷണം നടത്താൻ കുട്ടിയോടു പറയുക. മനസ്സിലാക്കിയ ചില കാര്യങ്ങൾ അവൻ കുടുംബാംഗങ്ങളുടെ മുമ്പിൽ അവതരിപ്പിക്കട്ടെ. ഇനി, ദീർഘനാളായി ദൈവത്തെ വിശ്വസ്‌തമായി സേവിക്കുന്ന സഹോദരങ്ങളിൽ ആരെയെങ്കിലും നിങ്ങളുടെ കുടുംബാരാധനയ്‌ക്ക് ക്ഷണിക്കാനാകുമോ? അവരുമായി അഭിമുഖം നടത്തി അവരുടെ അനുഭവങ്ങൾ ചോദിച്ചറിയാനുള്ള ഉത്തരവാദിത്വം കുട്ടികളിൽ ഒരാളെ ഏൽപ്പിക്കാനാകും. അതുമല്ലെങ്കിൽ, ബ്രാഞ്ച് ഓഫീസിന്റെ നിർമാണം, അന്താരാഷ്‌ട്ര കൺവെൻഷൻ, വീടുതോറുമുള്ള വേലയിൽ ഗ്രാമഫോൺ ഉപയോഗിച്ചിരുന്ന വിധം എന്നിങ്ങനെ ദിവ്യാധിപത്യ ചരിത്രത്തിൽ നാഴികക്കല്ലുകളായിത്തീർന്ന ചില സംഭവങ്ങൾ വരയ്‌ക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കാം.ഓരോന്നും ‘അതതിന്റെ ധർമം നിർവഹിക്കുന്നത്’ എങ്ങനെയെന്ന് മനസ്സിലാക്കുക
പൗലോസ് അപ്പൊസ്‌തലൻ ക്രിസ്‌തീയ സഭയെ മനുഷ്യശരീരത്തോട് ഉപമിക്കുകയുണ്ടായി. അവൻ എഴുതി: “ശരീരം സകല സന്ധിബന്ധങ്ങളാലും വേണ്ടവിധം സംയോജിതമായിട്ട് അവയവങ്ങൾ അതതിന്റെ ധർമം യഥോചിതം നിർവഹിച്ചുകൊണ്ട് സ്‌നേഹത്തിൽ അഭിവൃദ്ധിപ്പെടുന്നു.” (എഫെ. 4:16) മനുഷ്യശരീരത്തിന്റെ പ്രവർത്തനത്തെക്കുറിച്ചു മനസ്സിലാക്കുമ്പോൾ സ്രഷ്ടാവിനോടുള്ള നമ്മുടെ ആദരവും മതിപ്പും വർധിക്കുന്നില്ലേ? സമാനമായി, നമ്മുടെ ലോകവ്യാപക സഭയുടെ പ്രവർത്തനം മനസ്സിലാക്കുമ്പോൾ ദൈവത്തിന്റെ “ബഹുമുഖജ്ഞാന”ത്തിൽ നാം അത്ഭുതംകൂറും.—എഫെ. 3:11.
തന്റെ സംഘടനയുടെ സ്വർഗീയ ഭാഗത്തിന്റെ പ്രവർത്തനവിധം യഹോവ നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്. ഒരു ഉദാഹരണം നോക്കുക. താൻ ആദ്യം യേശുക്രിസ്‌തുവിന് ഒരു വെളിപാടു നൽകിയെന്നും പിന്നെ ക്രിസ്‌തു അത് “തന്റെ ദൂതൻ മുഖാന്തരം അടയാളങ്ങളാൽ ദാസനായ യോഹന്നാന് . . . കാണിച്ചുകൊടുത്തു” എന്നും യോഹന്നാൻ അവ “സാക്ഷ്യപ്പെടുത്തി” എന്നും ദൈവം തന്റെ വചനത്തിലൂടെ നമ്മോടു പറയുന്നു. (വെളി. 1:1, 2) അതെ, തന്റെ സംഘടനയുടെ അദൃശ്യഭാഗം പ്രവർത്തിക്കുന്നത് എങ്ങനെയാണെന്ന് ദൈവം വെളിപ്പെടുത്തിയിരിക്കുന്നു. ആ സ്ഥിതിക്ക് അതിന്റെ ഭൗമിക ഭാഗവും ‘അതതിന്റെ ധർമം യഥോചിതം നിർവഹിക്കുന്നത്’ എങ്ങനെയാണെന്ന് നാം അറിയാൻ അവനു തീർച്ചയായും ആഗ്രഹമുണ്ടാകില്ലേ?
സന്ദർശനവാരം അടുത്തുവരുകയാണോ? എങ്കിൽ സഞ്ചാര മേൽവിചാരകന്മാരുടെ കടമകളും അവർ ആസ്വദിക്കുന്ന അനുഗ്രഹങ്ങളും അവർ നമ്മെ ഓരോരുത്തരെയും സഹായിക്കുന്നത് എങ്ങനെയെന്നും കുടുംബാംഗങ്ങളുമായി ചർച്ചചെയ്യുന്നത് നന്നായിരിക്കില്ലേ? വയൽസേവനം റിപ്പോർട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം, ദൈവത്തിന്റെ സംഘടനയുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറുന്ന വിധം എന്നിവയും ഭരണസംഘം എങ്ങനെയാണ് പ്രവർത്തിക്കുന്നത്, അത് ആത്മീയ ഭക്ഷണം നൽകുന്നത് എങ്ങനെയാണ് ഇത്യാദി കാര്യങ്ങളും സംഭാഷണ വിഷയങ്ങളാക്കാനാകും.
യഹോവയുടെ ജനം സംഘടിതരായിരിക്കുന്നത് എങ്ങനെയെന്നു മനസ്സിലാക്കുന്നതുകൊണ്ട് കുറഞ്ഞത് മൂന്നുപ്രയോജനങ്ങളുണ്ട്: ഒന്ന്, നമുക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്നവരോടുള്ള നമ്മുടെ മതിപ്പ് വർധിക്കും. (1 തെസ്സ. 5:12, 13) രണ്ട്, ദിവ്യാധിപത്യ ക്രമീകരണങ്ങളെ പിന്തുണയ്‌ക്കാൻ നാം പ്രേരിതരാകും. (പ്രവൃ. 16:4, 5) മൂന്ന്, നമുക്കിടയിൽ നേതൃത്വംവഹിക്കുന്നവർ തീരുമാനങ്ങൾ എടുക്കുന്നതും കാര്യങ്ങൾ ചെയ്യുന്നതും തിരുവെഴുത്തുകളുടെ അടിസ്ഥാനത്തിലാണെന്നു കാണുമ്പോൾ അവരിലുള്ള നമ്മുടെ വിശ്വാസം വർധിക്കും.—എബ്രാ. 13:7.
‘അതിന്റെ അരമനകളെ നടന്നു നോക്കുവിൻ’
“സീയോനെ ചുറ്റിനടന്നു പ്രദക്ഷിണം ചെയ്‌വിൻ; അതിന്റെ ഗോപുരങ്ങളെ എണ്ണുവിൻ. വരുവാനുള്ള തലമുറയോടു അറിയിക്കേണ്ടതിന്നു അതിന്റെ കൊത്തളങ്ങളെ സൂക്ഷിച്ചു അരമനകളെ നടന്നു നോക്കുവിൻ.” (സങ്കീ. 48:12, 13) യെരുശലേമിനെ ഒന്ന് അടുത്തുനിരീക്ഷിക്കാൻ ഇസ്രായേല്യരോട് ആഹ്വാനം ചെയ്യുകയാണ് സങ്കീർത്തനക്കാരൻ ഇവിടെ. വാർഷികോത്സവങ്ങൾക്കായി ആ വിശുദ്ധനഗരത്തിലേക്ക് യാത്രചെയ്യുകയും അവിടെ സ്ഥിതിചെയ്‌തിരുന്ന പ്രൗഢഗംഭീരമായ ആലയം ദർശിക്കുകയും ചെയ്‌ത ഇസ്രായേല്യർക്ക് ഓർമയിൽ സൂക്ഷിക്കാൻ എത്രയെത്ര കാര്യങ്ങൾ ഉണ്ടായിരുന്നിട്ടുണ്ടാകും! ഇക്കാര്യങ്ങൾ അവർ തീർച്ചയായും ‘ഭാവി തലമുറയോട് അറിയിച്ചിട്ടുണ്ടാകണം.’
ശലോമോന്റെ ഐശ്വര്യസമ്പൂർണമായ ഭരണത്തെയും അവന്റെ അപാരമായ ജ്ഞാനത്തെയും കുറിച്ചുള്ള വാർത്തകൾ സത്യമാണോയെന്നു സംശയിച്ച ഒരാളായിരുന്നു ശെബായിലെ രാജ്ഞി. കേട്ടതെല്ലാം സത്യമാണെന്ന് പിന്നെ അവൾക്ക് എങ്ങനെയാണ് ബോധ്യമായത്? “ഞാൻ വന്നു സ്വന്തകണ്ണുകൊണ്ടു കാണുംവരെ ആ വർത്തമാനം വിശ്വസിച്ചില്ല” എന്ന് അവൾ സമ്മതിച്ചു. (2 ദിന. 9:6) അതെ, “സ്വന്തകണ്ണുകൊണ്ടു” കാണുന്ന കാര്യങ്ങൾ നമ്മിൽ പ്രഭാവം ചെലുത്തുമെന്നതിന് സംശയമില്ല.
യഹോവയുടെ സംഘടനയിൽ നടക്കുന്ന വിസ്‌മയജനകമായ കാര്യങ്ങൾ “സ്വന്തകണ്ണുകൊണ്ടു” കാണാൻ കുട്ടികളെ നിങ്ങൾക്ക് എങ്ങനെ സഹായിക്കാം? നിങ്ങളുടെ പ്രദേശത്ത് യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസ് ഉണ്ടെങ്കിൽ അവിടം സന്ദർശിക്കാൻ കഴിയുമോ? മാൻഡിയും ബെഥനിയും താമസിച്ചിരുന്നത് അവരുടെ രാജ്യത്തെ ബെഥേലിൽനിന്ന് ഏതാണ്ട് 1,500 കിലോമീറ്റർ അകലെയാണ്. അവർ കുട്ടികളായിരുന്നപ്പോൾ മാതാപിതാക്കൾ അവരുമൊത്ത് ബെഥേൽ
സന്ദർശിക്കുക പതിവായിരുന്നു. ആ പെൺകുട്ടികൾ പറയുന്നത് ശ്രദ്ധിക്കുക: “ബെഥേൽ സന്ദർശിക്കുന്നതിനു മുമ്പ് ഞങ്ങൾ വിചാരിച്ചിരുന്നത് അത് ഒരുപാട് നിയന്ത്രണങ്ങളുള്ള, പ്രായമുള്ളവർക്കുവേണ്ടി മാത്രമുള്ള ഒരു സ്ഥലമാണെന്നാണ്. പക്ഷേ, ചുറുചുറുക്കോടും പ്രസരിപ്പോടുംകൂടെ യഹോവയ്‌ക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന ചെറുപ്പക്കാരെ ഞങ്ങൾ അവിടെ കണ്ടു! ഞങ്ങൾ താമസിച്ചിരുന്നിടത്തുമാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല യഹോവയുടെ സംഘടന എന്ന് ഞങ്ങൾ കണ്ടുമനസ്സിലാക്കി. ഓരോ ബെഥേൽ സന്ദർശനവും ഞങ്ങളെ ആത്മീയമായി ഉത്തേജിപ്പിച്ചു.” യഹോവയുടെ സംഘടനയെ അടുത്തു നിരീക്ഷിച്ചത് പയനിയറിങ് തുടങ്ങാൻ അവർക്കു പ്രചോദനമേകി; കുറച്ചുകാലം ബെഥേലിൽ സേവിക്കാനും അവർക്ക് ക്ഷണം ലഭിച്ചു.യഹോവയുടെ സംഘടനയെ സ്വന്തകണ്ണാലേ ‘കാണാൻ’ മറ്റൊരു മാർഗമുണ്ട്, പുരാതന ഇസ്രായേല്യർക്ക് ഇല്ലാതിരുന്ന ഒരു മാർഗം. ദൈവത്തിന്റെ സംഘടനയുടെ വിവിധ വശങ്ങൾ ചിത്രീകരിക്കുന്ന വീഡിയോകളും ഡിവിഡി-കളും നമുക്ക് ഇന്ന് ലഭ്യമാണ്. യഹോവയുടെ സാക്ഷികൾ—സുവാർത്ത ഘോഷിക്കാൻ സംഘടിതർ, നമ്മുടെ മുഴു സഹോദരവർഗവും, ഭൂമിയുടെ അറുതികളിലേക്ക്, ദിവ്യബോധനത്താൽ ഏകീകൃതർ എന്നിവ അവയിൽ ചിലതാണ്. * കൺവെൻഷൻ പരിപാടികൾ തയ്യാറാക്കുകയും സംഘടിപ്പിക്കുകയും ചെയ്യുന്ന സഹോദരന്മാർ, ബെഥേൽ അംഗങ്ങൾ, ദുരിതാശ്വാസപ്രവർത്തകർ, മിഷനറിമാർ, ഇവരുടെയെല്ലാം കഠിനാധ്വാനം കാണുമ്പോൾ ആഗോളസഹോദരവർഗത്തോടുള്ള നിങ്ങളുടെയും കുടുംബാംഗങ്ങളുടെയും മതിപ്പ് വർധിക്കും എന്നതിനു രണ്ടുപക്ഷമില്ല.
സുവാർത്ത പ്രസംഗിക്കുന്നതിലും പ്രദേശത്തെ സഹോദരങ്ങളെ സഹായിക്കുന്നതിലും അതാതു പ്രദേശത്തെ സഭയ്‌ക്ക് വലിയൊരു പങ്കുണ്ട് എന്നത് സത്യമാണ്. എന്നിരുന്നാലും ‘ലോകമെങ്ങുമുള്ള നിങ്ങളുടെ സഹോദരവർഗത്തെ’ക്കുറിച്ചും പരിചിന്തിക്കാൻ കുടുംബം ഒത്തൊരുമിച്ച് അൽപ്പസമയം മാറ്റിവെക്കുക. സന്തോഷിക്കാൻ നിങ്ങൾക്കും കാരണമുണ്ടെന്ന തിരിച്ചറിവോടെ “വിശ്വാസത്തിൽ ഉറപ്പുള്ളവരായി”രിക്കാൻ അതു നിങ്ങളെയും നിങ്ങളുടെ കുട്ടികളെയും സഹായിക്കും.—1 പത്രോ. 5:9.
[അടിക്കുറിപ്പ്]
^ ഖ. 18 ഇവ മലയാളത്തിൽ ലഭ്യമല്ല.
[18-ാം പേജിലെ ചതുരം/ചിത്രം]
ദൈവത്തിന്റെ സംഘടന— പഠിക്കേണ്ട ഒരു വിഷയം!
യഹോവയുടെ സംഘടനയുടെ ചരിത്രവും പ്രവർത്തനവിധവും മനസ്സിലാക്കാൻ ഏവരെയും സഹായിക്കുന്ന ധാരാളം വിവരങ്ങൾ നമുക്കു ലഭ്യമാണ്. ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിച്ച് പഠിക്കാൻ തുടങ്ങരുതോ?
☞ ആധുനിക നാളിൽ സഞ്ചാര മേൽവിചാരകന്മാരുടെ പ്രവർത്തനം ആരംഭിച്ചത് എങ്ങനെ?—വീക്ഷാഗോപുരം 1996 നവംബർ 15, പേജ് 10-15.
☞ 1941-ൽ നടന്ന ദിവ്യാധിപത്യ സമ്മേളനത്തിലെ “കുട്ടികളുടെ ദിന”ത്തിന്റെ സവിശേഷത എന്തായിരുന്നു?—വീക്ഷാഗോപുരം 2001 ജൂലൈ 15, പേജ് 8.
☞ ഭരണസംഘം സംഘടിതമായിരിക്കുന്നത് എങ്ങനെ?—വീക്ഷാഗോപുരം 2008 മേയ് 15, പേജ് 29.