വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സഹോദരന്മാരേ, ആത്മാവിനുവേണ്ടി വിതയ്‌ക്കൂ, സേവനപദവികൾക്കായി യത്‌നിക്കൂ!

സഹോദരന്മാരേ, ആത്മാവിനുവേണ്ടി വിതയ്‌ക്കൂ, സേവനപദവികൾക്കായി യത്‌നിക്കൂ!

സഹോദരന്മാരേ, ആത്മാവിനുവേണ്ടി വിതയ്‌ക്കൂ, സേവനപദവികൾക്കായി യത്‌നിക്കൂ!

“ആത്മാവിനുവേണ്ടി വിതയ്‌ക്കുന്നവനോ . . . നിത്യജീവൻ കൊയ്യും.”—ഗലാ. 6:8.

1, 2. മത്തായി 9:37, 38-ലെ വാക്കുകൾ ഇന്ന്‌ നിവൃത്തിയേറുന്നത്‌ എങ്ങനെ? അതിന്റെ ഫലമായി സഭയിൽ ആരെ ആവശ്യമായിവന്നിരിക്കുന്നു?

ചരിത്രത്തിന്റെ ഏടുകളിൽ ഇടംനേടാനിരിക്കുന്ന സംഭവങ്ങൾക്കു സാക്ഷികളാകുകയാണ്‌ നിങ്ങളിപ്പോൾ! യേശുക്രിസ്‌തു പറഞ്ഞ വേല ഇന്ന്‌ ഊർജിതമായി നടന്നുകൊണ്ടിരിക്കുന്നു. “കൊയ്‌ത്തു വളരെയുണ്ട്‌; വേലക്കാരോ ചുരുക്കം; അതുകൊണ്ട്‌ കൊയ്‌ത്തിലേക്കു വേലക്കാരെ അയയ്‌ക്കാൻ കൊയ്‌ത്തിന്റെ യജമാനനോടു യാചിക്കുവിൻ” എന്ന്‌ അവൻ പറഞ്ഞു. (മത്താ. 9:37, 38) അത്തരം യാചനകൾക്ക്‌ യഹോവ ഇന്ന്‌ ഉത്തരം നൽകുന്ന വിധം അത്ഭുതാവഹമാണ്‌; മുമ്പൊരിക്കലും നടന്നിട്ടില്ലാത്ത വിധത്തിലാണ്‌ ഇന്ന്‌ കൊയ്‌ത്തുനടക്കുന്നത്‌. സേവനവർഷം 2009-ൽ 2,031 സഭകൾ പുതുതായി രൂപീകൃതമായി. ഇപ്പോൾ ലോകമെമ്പാടുമായി യഹോവയുടെ സാക്ഷികളുടെ സഭകളുടെ എണ്ണം 1,05,298 ആയിത്തീർന്നിരിക്കുന്നു. ഓരോ ദിവസവും ശരാശരി 757 പേർ സ്‌നാനമേറ്റു!

2 ഇതിന്റെ ഫലമായി, സഭകളിൽ പഠിപ്പിക്കുന്നതിനും ഇടയവേല ചെയ്യുന്നതിനും നേതൃത്വമെടുക്കാൻ യോഗ്യരായ കൂടുതൽ സഹോദരന്മാരെ ആവശ്യമായിവന്നിരിക്കുന്നു. (എഫെ. 4:11) കഴിഞ്ഞ നാളുകളിൽ തന്റെ ആടുകളെ പരിപാലിക്കാൻ യഹോവ യോഗ്യരായ പുരുഷന്മാരെ എഴുന്നേൽപ്പിച്ചിട്ടുണ്ട്‌. അവൻ ഇനിയും അതുതന്നെ ചെയ്യും എന്ന കാര്യത്തിൽ സംശയം വേണ്ടാ. ഈ അന്ത്യനാളുകളിൽ യഹോവയുടെ ജനത്തിനിടയിൽ നേതൃത്വമെടുക്കുന്നതിന്‌ യോഗ്യതയുള്ള വേണ്ടുവോളം പുരുഷന്മാർ ഉണ്ടായിരിക്കും. ഇതിനുള്ള ഉറപ്പാണ്‌ ‘ഏഴു ഇടയന്മാരെയും’ ‘എട്ടു പ്രഭുക്കന്മാരെയും’ കുറിച്ചുള്ള മീഖാ 5:5-ലെ പരാമർശം.

3. “ആത്മാവിനുവേണ്ടി വിതയ്‌ക്കു”ക എന്നാൽ എന്താണ്‌ അർഥം? വിശദീകരിക്കുക.

3 യഹോവയ്‌ക്കു സമർപ്പിച്ചു സ്‌നാനമേറ്റ ഒരു സഹോദരനാണോ നിങ്ങൾ? എങ്കിൽ, സേവനപദവികൾക്കായി യോഗ്യതപ്രാപിക്കാനുള്ള ആഗ്രഹം വളർത്തിയെടുക്കാൻ നിങ്ങളെ എന്തു സഹായിക്കും? “ആത്മാവിനുവേണ്ടി വിതയ്‌ക്കു”ന്നതാണ്‌ അതിനു സഹായിക്കുന്ന മുഖ്യസംഗതി. (ഗലാ. 6:8) നമ്മുടെ ജീവിതത്തിൽ പരിശുദ്ധാത്മാവിനു സ്വതന്ത്രമായി പ്രവർത്തിക്കാനാകുന്ന വിധത്തിൽ ജീവിക്കുന്നത്‌ അതിൽ ഉൾപ്പെടുന്നു. ‘ജഡത്തിനുവേണ്ടി വിതയ്‌ക്കാതിരിക്കാൻ’ നിശ്ചയദാർഢ്യമുള്ളവരായിരിക്കുക. സുഖസൗകര്യങ്ങളോടെ സ്വസ്ഥമായ ജീവിതം നയിക്കാനുള്ള മോഹമോ ഉല്ലാസങ്ങളോ ഒന്നും ദൈവസേവനത്തിൽ കൂടുതൽ ചെയ്യാനുള്ള നിങ്ങളുടെ ആഗ്രഹം കെടുത്തിക്കളയരുത്‌. എല്ലാ ക്രിസ്‌ത്യാനികളും ‘ആത്മാവിനുവേണ്ടി വിതയ്‌ക്കേണ്ടതുണ്ട്‌.’ അപ്രകാരം ചെയ്യുന്ന പുരുഷന്മാർ, കാലക്രമേണ സഭയിലെ സേവനപദവികൾക്ക്‌ യോഗ്യരായിത്തീർന്നേക്കാം. മൂപ്പന്മാരുടെയും ശുശ്രൂഷാദാസന്മാരുടെയും ആവശ്യം ഇന്ന്‌ അധികമായതിനാൽ മുഖ്യമായും സഹോദരന്മാർക്കുവേണ്ടി തയ്യാറാക്കിയിട്ടുള്ളതാണ്‌ ഈ ലേഖനം. അതുകൊണ്ട്‌ സഹോദരന്മാരേ, പ്രാർഥനാപൂർവം ഈ ലേഖനം പരിചിന്തിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

നല്ല വേലയ്‌ക്കായി യത്‌നിക്കുവിൻ

4, 5. ഏതു സേവനപദവികളിൽ എത്തിച്ചേരാൻ സ്‌നാനമേറ്റ പുരുഷന്മാർ യത്‌നിക്കണം? അതിനായി അവർ എന്തു ചെയ്യണം?

4 ഒരു ശ്രമവും കൂടാതെ ഒരു ക്രിസ്‌തീയ പുരുഷന്‌ മേൽവിചാരകനാകാൻ സാധിക്കില്ല. ഈ ‘നല്ല വേലയ്‌ക്കായി’ അദ്ദേഹം യത്‌നിക്കേണ്ടതുണ്ട്‌. (1 തിമൊ. 3:1) സഹവിശ്വാസികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്‌ ആത്മാർഥതയോടെ അവരെ സഹായിക്കുന്നത്‌ ഇതിൽ ഉൾപ്പെടുന്നു. (യെശയ്യാവു 32:1, 2 വായിക്കുക.) നല്ല ആന്തരത്തോടെ പദവികൾക്കായി യത്‌നിക്കുന്ന ഒരു പുരുഷൻ അധികാരമോഹിയല്ല; മറ്റുള്ളവർക്കായി നിസ്സ്വാർഥം പ്രവർത്തിക്കാനുള്ള ആഗ്രഹമാണ്‌ അദ്ദേഹത്തിന്റെ മനസ്സു നിറയെ.

5 ശുശ്രൂഷാദാസനോ മൂപ്പനോ ആയിത്തീരാൻ ആഗ്രഹിക്കുന്ന ഒരാൾ തിരുവെഴുത്തുയോഗ്യതകളിൽ എത്തിച്ചേരാൻ ശ്രമിക്കേണ്ടതാണ്‌. (1 തിമൊ. 3:1-10, 12, 13; തീത്തൊ. 1:5-9) സമർപ്പിച്ചു സ്‌നാനമേറ്റ ഒരു പുരുഷനാണ്‌ നിങ്ങളെങ്കിൽ സ്വയം ചോദിക്കുക: ‘പ്രസംഗവേലയിൽ ഞാൻ പരമാവധി ചെയ്യുന്നുണ്ടോ, അങ്ങനെ ചെയ്യാൻ ഞാൻ മറ്റുള്ളവരെ സഹായിക്കുന്നുണ്ടോ? സഹവിശ്വാസികളുടെ ക്ഷേമത്തിൽ ആത്മാർഥ താത്‌പര്യമെടുത്തുകൊണ്ട്‌ ഞാൻ അവരെ ബലപ്പെടുത്തുന്നുണ്ടോ? ദൈവവചനം നന്നായി പഠിക്കുന്ന ഒരാൾ എന്ന സത്‌പേര്‌ എനിക്കുണ്ടോ? കൂടുതൽ മെച്ചപ്പെട്ട രീതിയിലാണോ ഞാൻ ഇപ്പോൾ യോഗങ്ങളിൽ അഭിപ്രായം പറയുന്നത്‌? മൂപ്പന്മാർ എന്നെ ഏൽപ്പിക്കുന്ന നിയമനങ്ങൾ ഞാൻ ഉത്സാഹത്തോടെ നിർവഹിക്കുന്നുണ്ടോ?’ (2 തിമൊ. 4:5) വളരെ ഗൗരവത്തോടെ ചിന്തിക്കേണ്ട ചോദ്യങ്ങളാണിവ.

6. സഭാ ഉത്തരവാദിത്വങ്ങൾക്കായി യോഗ്യതനേടുന്നതിനുള്ള ഒരു പ്രധാനമാർഗം എന്താണ്‌?

6 സഭാ ഉത്തരവാദിത്വങ്ങൾക്കായി യോഗ്യതനേടുന്നതിനുള്ള മറ്റൊരു മാർഗം എന്താണ്‌? ദൈവത്തിന്റെ ‘ആത്മാവിനാലുള്ള ശക്തിയാൽ നിങ്ങളിലെ ആന്തരികമനുഷ്യനെ’ ബലപ്പെടുത്തേണ്ടതുണ്ട്‌. (എഫെ. 3:16) സഭയിൽ ശുശ്രൂഷാദാസനോ മൂപ്പനോ ആകുന്നത്‌ തെരഞ്ഞെടുപ്പുരീതിയിലൂടെയല്ല; ഒരുവൻ ആത്മീയ പുരോഗതി വരുത്തുന്നെങ്കിൽ മാത്രമേ ഈ പദവികൾ ലഭ്യമാകൂ. അങ്ങനെയെങ്കിൽ, ആത്മീയ പുരോഗതി എങ്ങനെ നേടാനാകും? “ആത്മാവിനെ അനുസരിച്ചു നടക്കു”കയും അതിന്റെ ഫലം വളർത്തിയെടുക്കുകയും ചെയ്യുന്നതാണ്‌ അതിനുള്ള ഒരു വിധം. (ഗലാ. 5:16, 22, 23) കൂടുതലായ ഉത്തരവാദിത്വങ്ങൾ കൈകാര്യം ചെയ്യാനാവശ്യമായ ആത്മീയ ഗുണങ്ങൾ നിങ്ങൾക്കുണ്ടെന്നു തെളിയിക്കുകയും മെച്ചപ്പെടാനുള്ള നിർദേശങ്ങൾ ലഭിക്കുമ്പോൾ അത്‌ അനുസരിക്കുകയും ചെയ്യുക. അങ്ങനെയാകുമ്പോൾ നിങ്ങളുടെ “അഭിവൃദ്ധി സകലരും കാണാൻ” ഇടയാകും.—1 തിമൊ. 4:15.

ആത്മത്യാഗമനോഭാവം ആവശ്യം

7. മറ്റുള്ളവരെ സേവിക്കുന്നതിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു?

7 മറ്റുള്ളവരെ സേവിക്കുന്നതിൽ കഠിനാധ്വാനം ഉൾപ്പെട്ടിരിക്കുന്നു; ആത്മത്യാഗമനോഭാവവും അതിന്‌ ആവശ്യമാണ്‌. ക്രിസ്‌തീയ മേൽവിചാരകന്മാർ ആത്മീയ ഇടയന്മാരാണ്‌; അതുകൊണ്ടുതന്നെ തങ്ങളുടെ പരിപാലനത്തിലുള്ള ആടുകളുടെ പ്രശ്‌നങ്ങളെക്കുറിച്ച്‌ അങ്ങേയറ്റം ചിന്തയുള്ളവരാണ്‌ അവർ. ഇക്കാര്യത്തിൽ പൗലോസ്‌ എന്തു മാതൃകവെച്ചു? കൊരിന്തിലെ സഹവിശ്വാസികൾക്ക്‌ അവൻ എഴുതി: “കൊടിയ വേദനയോടും ഹൃദയവ്യഥയോടും ഏറെ കണ്ണീരോടുംകൂടെയാണ്‌ ഞാൻ നിങ്ങൾക്ക്‌ എഴുതിയത്‌. അത്‌ നിങ്ങളെ ദുഃഖിപ്പിക്കാനായിരുന്നില്ല; പിന്നെയോ നിങ്ങളോടുള്ള എന്റെ സ്‌നേഹത്തിന്റെ ആധിക്യം നിങ്ങൾ അറിയേണ്ടതിനായിരുന്നു.” (2 കൊരി.2:4) അതെ, പൗലോസ്‌ തന്റെ മനസ്സും ശരീരവുമെല്ലാം ഈ വേലയ്‌ക്കായി ഉഴിഞ്ഞുവെച്ചു.

8, 9. മറ്റുള്ളവരെ സേവിക്കുന്ന കാര്യത്തിൽ ദൈവപുരുഷന്മാർ എന്തു മാതൃകവെച്ചു?

8 ദൈവജനത്തിനുവേണ്ടി അധ്വാനിച്ച പുരുഷന്മാരുടെ മുഖമുദ്രയായിരുന്നു ആത്മത്യാഗമനോഭാവം. ‘പെട്ടകത്തിന്റെ പണി തീർന്നുകഴിയുമ്പോൾ പറഞ്ഞാൽമതി, ഞാൻ വരാം’ എന്നു നോഹ പറയുന്നതായി നമുക്കു സങ്കൽപ്പിക്കാൻപോലും കഴിയില്ല. ‘നിങ്ങൾ എങ്ങനെയെങ്കിലും ചെങ്കടൽവരെ എത്താൻ നോക്ക്‌, നമുക്ക്‌ അവിടെവെച്ചു കാണാം’ എന്ന്‌ മോശ ഈജിപ്‌റ്റിൽവെച്ച്‌ ഇസ്രായേല്യരോടു പറഞ്ഞില്ല. ‘യെരീഹോ മതിൽ വീണുകഴിയുമ്പോൾ എന്നെ അറിയിക്ക്‌’ എന്നല്ല യോശുവ പറഞ്ഞത്‌. വേറെയൊരാളെ ചൂണ്ടിക്കാണിച്ചിട്ട്‌, ‘അതാ അവൻ, അവനെ അയക്കേണമേ’ എന്ന്‌ യെശയ്യാവും പറഞ്ഞില്ല.—യെശ. 6:8.

9 തന്നെ പ്രചോദിപ്പിക്കാൻ ദൈവാത്മാവിനെ അനുവദിച്ചതിന്റെ മകുടോദാഹരണം യേശുക്രിസ്‌തുവാണ്‌. മനുഷ്യകുലത്തിന്റെ വിമോചകനായി വർത്തിക്കാനുള്ള നിയമനം അവൻ മനസ്സോടെ സ്വീകരിച്ചു. (യോഹ. 3:16) യേശുവിന്റെ ഈ ആത്മത്യാഗസ്‌നേഹം, മറ്റുള്ളവരോട്‌ അതേ സ്‌നേഹം കാണിക്കാൻ നമ്മെ പ്രചോദിപ്പിക്കേണ്ടതല്ലേ? വർഷങ്ങളായി മൂപ്പനായിരിക്കുന്ന ഒരു സഹോദരൻ തന്റെ ഇടയവേലയെക്കുറിച്ച്‌ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “എന്റെ ഹൃദയത്തെ ഏറെ സ്‌പർശിച്ച ഒന്നാണ്‌ ‘എന്റെ കുഞ്ഞാടുകളെ മേയ്‌ക്കുക’ എന്ന പത്രോസിനോടുള്ള യേശുവിന്റെ വാക്കുകൾ. ഇന്നും അവ എനിക്കു പ്രചോദനമാണ്‌. സ്‌നേഹത്തോടെ പറയുന്ന ഏതാനും വാക്കുകൾ, അല്ലെങ്കിൽ ഒരു ചെറിയ ദയാപ്രവൃത്തി, അതുമതി ഒരാൾക്കു പുതുജീവൻ പകരാൻ എന്ന്‌ ഇക്കഴിഞ്ഞ കാലങ്ങളിലൂടെ ഞാൻ പഠിച്ചിരിക്കുന്നു. ഇടയവേല ഞാൻ വളരെയധികം ആസ്വദിക്കുന്നു.”—യോഹ. 21:16.

10. മറ്റുള്ളവരെ സേവിക്കുന്ന കാര്യത്തിൽ യേശുവിന്റെ മാതൃക അനുകരിക്കാൻ ക്രിസ്‌തീയ പുരുഷന്മാരെ എന്ത്‌ പ്രേരിപ്പിക്കും?

10 “ഞാൻ നിങ്ങൾക്ക്‌ ഉന്മേഷം പകരും” എന്നു പറഞ്ഞ യേശുവിന്റെ അതേ മനോഭാവമായിരിക്കണം ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ നയിക്കുന്ന സമർപ്പിത പുരുഷന്മാർക്കും ഉണ്ടായിരിക്കേണ്ടത്‌. (മത്താ. 11:28) ഈ നല്ല വേലയ്‌ക്കായി യത്‌നിക്കാൻ ക്രിസ്‌തീയ പുരുഷന്മാർക്കു പ്രേരണയേകുന്നത്‌ ദൈവത്തിലുള്ള വിശ്വാസവും സഭയിലുള്ളവരോടുള്ള സ്‌നേഹവുമാണ്‌. ‘ഇടയവേല കഷ്ടപ്പാടുള്ള പണിയാണ്‌, ഇത്രയൊക്കെ ത്യാഗം ചെയ്യാൻ എന്നെക്കൊണ്ടു പറ്റില്ല’ എന്നു പറഞ്ഞ്‌ അവർ മാറിനിൽക്കില്ല. സേവനപദവികൾ എത്തിപ്പിടിക്കാനുള്ള ആഗ്രഹം ഒരു സഹോദരന്‌ ഇല്ലെങ്കിലോ? സഭയെ സേവിക്കാനുള്ള ആഗ്രഹം അദ്ദേഹത്തിന്‌ വളർത്തിയെടുക്കാനാകുമോ?

മറ്റുള്ളവരെ സേവിക്കാനുള്ള ആഗ്രഹം വളർത്തിയെടുക്കുക

11. മറ്റുള്ളവരെ സേവിക്കാനുള്ള ആഗ്രഹം എങ്ങനെ വളർത്തിയെടുക്കാം?

11 സേവനപദവികൾക്കായി യത്‌നിക്കുന്നതിൽനിന്നു നിങ്ങളെ പിന്തിരിപ്പിക്കുന്നത്‌ അപര്യാപ്‌തതാബോധമാണോ? അങ്ങനെയെങ്കിൽ, പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിക്കുക. (ലൂക്കോ. 11:13) ഇക്കാര്യത്തിൽ നിങ്ങൾക്കുള്ള ഏതൊരു ആശങ്കയും മറികടക്കാൻ യഹോവയുടെ ആത്മാവ്‌ നിങ്ങളെ സഹായിക്കും. സേവനപദവികൾക്കായി മുന്നോട്ടുവരാൻ ഒരു സഹോദരനെ പ്രേരിപ്പിക്കുന്നതും വിശുദ്ധസേവനം അർപ്പിക്കുന്നതിന്‌ ആവശ്യമായ ശക്തിനൽകുന്നതും ദൈവാത്മാവായതിനാൽ മറ്റുള്ളവരെ സേവിക്കാനുള്ള ആഗ്രഹം ദൈവം നൽകുന്നതാണെന്നു പറയാനാകും. (ഫിലി. 2:13; 4:13) അതുകൊണ്ട്‌, സേവനപദവികൾക്കായുള്ള ആഗ്രഹം വളർത്തിയെടുക്കാൻവേണ്ട സഹായത്തിനായി യഹോവയോടു പ്രാർഥിക്കുന്നതു തികച്ചും ഉചിതമാണ്‌.—സങ്കീർത്തനം 25:4, 5 വായിക്കുക.

12. തന്നെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനാവശ്യമായ ജ്ഞാനം ഒരുവന്‌ എങ്ങനെ നേടാം?

12 ആട്ടിൻകൂട്ടത്തിന്‌ സങ്കീർണമായ നിരവധി ആവശ്യങ്ങളുണ്ടെന്നും അതെല്ലാം നിറവേറ്റുന്നത്‌ ശ്രമകരമാണെന്നും ഒരുവനു തോന്നിയേക്കാം. അതുകൊണ്ട്‌ അദ്ദേഹം സേവനപദവികൾക്കായി ശ്രമിക്കേണ്ടെന്നു തീരുമാനിച്ചേക്കാം. അല്ലെങ്കിൽ, ഉത്തരവാദിത്വങ്ങൾ വഹിക്കാൻ ആവശ്യമായ ജ്ഞാനം തനിക്കില്ലെന്നായിരിക്കാം അദ്ദേഹം കരുതുന്നത്‌. പ്രശ്‌നം ഇതാണെങ്കിൽ, ദൈവവചനവും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും കൂടുതൽ ശുഷ്‌കാന്തിയോടെ പഠിച്ചുകൊണ്ട്‌ അദ്ദേഹത്തിന്‌ ജ്ഞാനം നേടാനാകും. അദ്ദേഹം സ്വയം ഇങ്ങനെ ചോദിക്കുന്നത്‌ നന്നായിരിക്കും: ‘ദൈവവചനം പഠിക്കാനായി ഞാൻ സമയം മാറ്റിവെച്ചിട്ടുണ്ടോ? ജ്ഞാനത്തിനായി ഞാൻ പ്രാർഥിക്കുന്നുണ്ടോ?’ ശിഷ്യനായ യാക്കോബ്‌ എഴുതി: “നിങ്ങളിൽ ആർക്കെങ്കിലും ജ്ഞാനം കുറവാണെങ്കിൽ അവൻ ദൈവത്തോട്‌ യാചിച്ചുകൊണ്ടേയിരിക്കട്ടെ; അപ്പോൾ അത്‌ അവനു ലഭിക്കും; അനിഷ്ടം കൂടാതെ എല്ലാവർക്കും ഉദാരമായി നൽകുന്നവനല്ലോ ദൈവം.” (യാക്കോ. 1:5) ഈ നിശ്വസ്‌ത മൊഴിയിൽ നിങ്ങൾക്കു വിശ്വാസമുണ്ടോ? ശലോമോന്റെ പ്രാർഥനയ്‌ക്ക്‌ ഉത്തരമായി ദൈവം അവന്‌ “ജ്ഞാനവും വിവേകവുമുള്ളോരു ഹൃദയം” കൊടുത്തു. ഗുണവും ദോഷവും തിരിച്ചറിഞ്ഞ്‌ ന്യായപാലനം ചെയ്യാൻ അത്‌ അവനെ സഹായിച്ചു. (1 രാജാ. 3:7-14) ശലോമോന്റെ കാര്യം വ്യത്യസ്‌തമായിരുന്നു എന്നതു സത്യമാണ്‌. പക്ഷേ ഒരു കാര്യം ഉറപ്പാണ്‌: സഭാ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കപ്പെട്ടിരിക്കുന്ന പുരുഷന്മാർക്ക്‌ തന്റെ ആടുകളെ ശരിയാംവണ്ണം പരിപാലിക്കാനാവശ്യമായ ജ്ഞാനം ദൈവം നൽകും.—സദൃ. 2:6.

13, 14. (എ) “ക്രിസ്‌തുവിന്റെ സ്‌നേഹം” പൗലോസിനെ സ്വാധീനിച്ചത്‌ എങ്ങനെ? (ബി) “ക്രിസ്‌തുവിന്റെ സ്‌നേഹം” നമ്മെ എങ്ങനെ സ്വാധീനിക്കണം?

13 യഹോവയും അവന്റെ പുത്രനും നമുക്കായി ചെയ്‌തിരിക്കുന്ന കാര്യങ്ങളെക്കുറിച്ചെല്ലാം ചിന്തിക്കുന്നതാണ്‌, മറ്റുള്ളവരെ സേവിക്കാനുള്ള ആഗ്രഹം വളർത്തിയെടുക്കാൻ സഹായിക്കുന്ന മറ്റൊരു ഘടകം. 2 കൊരിന്ത്യർ 5:14, 15 പറയുന്നത്‌ എന്താണെന്നു നോക്കുക. (വായിക്കുക.) ‘ക്രിസ്‌തുവിന്റെ സ്‌നേഹം നമ്മെ നിർബന്ധിക്കുന്നത്‌’ എങ്ങനെയാണ്‌? ദൈവേഷ്ടത്തിനു ചേർച്ചയിൽ നമുക്കായി തന്റെ ജീവൻ വെടിഞ്ഞ യേശുവിന്റെ ആ വലിയ സ്‌നേഹത്തെക്കുറിച്ച്‌ കൂടുതൽ മനസ്സിലാക്കുമ്പോൾ നമ്മുടെ വിലമതിപ്പു വർധിക്കും, നമ്മുടെ ഹൃദയത്തെ അത്‌ ആഴത്തിൽ സ്‌പർശിക്കും. ക്രിസ്‌തുവിന്റെ സ്‌നേഹം പൗലോസിന്റെ ജീവിതഗതിയെ സ്വാധീനിച്ചു. സ്വാർഥാഭിലാഷങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്നതിൽനിന്ന്‌ അത്‌ അവനെ തടഞ്ഞു; ദൈവത്തെയും സഭയ്‌ക്ക്‌ അകത്തും പുറത്തുമുള്ള സഹമനുഷ്യരെയും സേവിക്കുക എന്നത്‌ തന്റെ മുഖ്യലക്ഷ്യമാക്കാൻ അത്‌ അവനെ സഹായിച്ചു.

14 ആളുകളോടുള്ള ക്രിസ്‌തുവിന്റെ സ്‌നേഹത്തെക്കുറിച്ച്‌ ധ്യാനിക്കുമ്പോൾ നമ്മുടെ ഉള്ളിൽ അവനോടുള്ള നന്ദി നിറയും. ഫലമോ? ‘ജഡത്തിനുവേണ്ടി വിതയ്‌ക്കുന്നത്‌,’ അതായത്‌, സ്വാർഥ ലക്ഷ്യങ്ങൾ പിന്തുടരുകയും സ്വന്തം ആഗ്രഹങ്ങൾ തൃപ്‌തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തിൽ ജീവിക്കുകയും ചെയ്യുന്നത്‌ തീർത്തും അനുചിതമാണെന്ന്‌ നാം തിരിച്ചറിയും. പകരം, ദൈവം നൽകിയിരിക്കുന്ന വേലയ്‌ക്കു പ്രഥമസ്ഥാനം നൽകുന്നതിനായി നാം നമ്മുടെ ജീവിതകാര്യാദികളിൽ വേണ്ട മാറ്റങ്ങൾ വരുത്തും. സഹോദരങ്ങളോടുള്ള സ്‌നേഹം, അവർക്കു ‘ദാസരായി വർത്തിക്കാൻ’ നമ്മെ പ്രേരിപ്പിക്കും. (ഗലാത്യർ 5:13 വായിക്കുക.) ദൈവജനത്തെ താഴ്‌മയോടെ സേവിക്കുന്ന ദാസന്മാരായി നാം സ്വയം വീക്ഷിക്കുന്നെങ്കിൽ അവരോട്‌ നാം ആദരവോടെ ഇടപെടും, അവരെ ബഹുമാനിക്കും. എന്നാൽ, മറ്റുള്ളവരിൽ കുറ്റംകണ്ടുപിടിക്കുന്ന, അവരെ വിധിക്കുന്ന മനോഭാവമാണ്‌ സാത്താൻ ഊട്ടിവളർത്തുന്നത്‌. നാം ഒരിക്കലും ആ മനോഭാവമുള്ളവരായിരിക്കരുത്‌.—വെളി. 12:10.

കുടുംബാംഗങ്ങളുടെ സഹകരണം പ്രധാനം

15, 16. ഒരു സഹോദരൻ ശുശ്രൂഷാദാസനോ മൂപ്പനോ ആകാൻ യോഗ്യതനേടുന്നതിൽ കുടുംബാംഗങ്ങളുടെ പങ്കെന്ത്‌?

15 വിവാഹിതനും കുട്ടികളുള്ളവനുമായ ഒരു സഹോദരനെ ശുശ്രൂഷാദാസനോ മൂപ്പനോ ആയി നിയമിക്കുന്നതിനുമുമ്പ്‌ അദ്ദേഹത്തിന്റെ കുടുംബത്തെയും കണക്കിലെടുക്കും. കുടുംബത്തിന്റെ ആത്മീയതയും സത്‌പേരും അദ്ദേഹത്തിന്റെ നിയമനത്തെ ബാധിക്കുന്ന കാര്യങ്ങളാണ്‌. സഭയിൽ ശുശ്രൂഷാദാസനോ മൂപ്പനോ ആയി സേവിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയെ ഭാര്യയും മക്കളും പിന്തുണയ്‌ക്കേണ്ടതിന്റെ പ്രാധാന്യം ഇത്‌ എടുത്തുകാണിക്കുന്നു.—1 തിമൊഥെയൊസ്‌ 3:4, 5, 12 വായിക്കുക.

16 ക്രിസ്‌തീയ കുടുംബാംഗങ്ങൾ സഹകരിച്ചു പ്രവർത്തിക്കുമ്പോൾ അത്‌ യഹോവയെ സന്തോഷിപ്പിക്കും. (എഫെ. 3:14, 15) സഭാ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതോടൊപ്പം കുടുംബനാഥൻ സ്വന്തം കുടുംബത്തെ “നന്നായി” നയിക്കേണ്ടതുണ്ട്‌. അതിന്‌, കുടുംബാരാധനയുടെ ഭാഗമായി ഓരോ ആഴ്‌ചയും മൂപ്പൻ അല്ലെങ്കിൽ ശുശ്രൂഷാദാസൻ ഭാര്യയോടും മക്കളോടുമൊപ്പം ബൈബിൾ പഠിക്കേണ്ടത്‌ വളരെ പ്രധാനമാണ്‌. അദ്ദേഹം അവരോടൊപ്പം ക്രമമായി വയൽസേവനത്തിലും ഏർപ്പെടണം. ഇതിനെല്ലാം കുടുംബാംഗങ്ങളുടെ സഹകരണം അത്യാവശ്യമാണ്‌.

നിങ്ങൾ വീണ്ടും സേവിക്കുമോ?

17, 18. (എ) സേവനപദവി നഷ്ടപ്പെട്ട ഒരു സഹോദരൻ എന്തു ചെയ്യണം? (ബി) മുമ്പ്‌ ശുശ്രൂഷാദാസനോ മൂപ്പനോ ആയി സേവിച്ചിരുന്ന ഒരു സഹോദരന്‌ ഏതു മനോഭാവം ഉണ്ടായിരിക്കണം?

17 ഒരിക്കൽ മൂപ്പനോ ശുശ്രൂഷാദാസനോ ആയിരുന്ന, എന്നാൽ ഇപ്പോൾ ആ പദവിയില്ലാത്ത ഒരാളാണോ നിങ്ങൾ? നിങ്ങൾ യഹോവയെ സ്‌നേഹിക്കുന്നതിനാൽ അവൻ ഇപ്പോഴും നിങ്ങളെക്കുറിച്ചു കരുതലുള്ളവനാണ്‌ എന്ന കാര്യത്തിൽ ഉറപ്പുണ്ടായിരിക്കുക. (1 പത്രോ. 5:6, 7) ചില കാര്യങ്ങളിൽ മാറ്റംവരുത്താൻ നിങ്ങളോട്‌ ആവശ്യപ്പെട്ടിട്ടുണ്ടോ? തെറ്റ്‌ തുറന്നുസമ്മതിക്കാൻ മനസ്സൊരുക്കം കാണിക്കുക; ദൈവത്തിന്റെ സഹായത്താൽ അതു തിരുത്താൻ ശ്രമിക്കുക. ഉള്ളിൽ നീരസം ഉണ്ടാകാൻ അനുവദിക്കരുത്‌. നിരാശനാകാതെ വിവേകപൂർവം കാര്യങ്ങളുടെ നല്ലവശം കാണാൻ ശ്രമിക്കുക. വർഷങ്ങളോളം മൂപ്പനായി സേവിച്ചിരുന്നെങ്കിലും പിന്നീട്‌ ആ പദവി നഷ്ടപ്പെട്ട ഒരു സഹോദരൻ പറയുന്നു: “യോഗഹാജരിലും വയൽസേവനത്തിലെ പങ്കുപറ്റലിലും ബൈബിൾ വായനയിലും കുറവുവരുത്തില്ലെന്ന്‌ ഞാൻ തീരുമാനിച്ചു, അങ്ങനെ ചെയ്യാനും എനിക്കു കഴിഞ്ഞു. ഒന്നുരണ്ടു വർഷത്തിനുള്ളിൽ പദവി തിരിച്ചുകിട്ടുമെന്നായിരുന്നു എന്റെ പ്രതീക്ഷ. പക്ഷേ വീണ്ടും മൂപ്പനാകാൻ എനിക്ക്‌ ഏതാണ്ട്‌ ഏഴുവർഷം കാത്തിരിക്കേണ്ടിവന്നു; ഞാൻ ശരിക്കും ക്ഷമപഠിച്ചു. മടുത്തു പിന്മാറാതെ സേവനപദവികൾക്കായി തുടർന്നും യത്‌നിക്കാൻ ലഭിച്ച പ്രോത്സാഹനം ആ സമയങ്ങളിലെല്ലാം എന്നെ ഏറെ സഹായിച്ചു.”

18 ഈ സഹോദരനുണ്ടായിരുന്നതുപോലുള്ള ഒരു സാഹചര്യത്തിലാണോ നിങ്ങൾ? എങ്കിൽ നിരാശപ്പെടരുത്‌. ശുശ്രൂഷയിലും കുടുംബകാര്യങ്ങളിലും യഹോവ നിങ്ങളെ എങ്ങനെയെല്ലാം അനുഗ്രഹിച്ചിരിക്കുന്നു എന്ന്‌ ചിന്തിക്കുക. ആത്മീയമായി പുരോഗമിക്കാൻ നിങ്ങളുടെ കുടുംബത്തെ സഹായിക്കുക, രോഗികളെ സന്ദർശിക്കുക, ബലഹീനരെ പ്രോത്സാഹിപ്പിക്കുക. എല്ലാറ്റിനുമുപരി, യഹോവയുടെ സാക്ഷികളിൽ ഒരാളായിരുന്നുകൊണ്ട്‌ രാജ്യത്തിന്റെ സുവിശേഷം ഘോഷിക്കാനും ദൈവത്തെ സ്‌തുതിക്കാനും നിങ്ങൾക്കുള്ള പദവിയെ അമൂല്യമായി കാണുക. *സങ്കീ. 145:1, 2; യെശ. 43:10-12.

പുനഃപരിശോധന നടത്തുക

19, 20. (എ) സ്‌നാനമേറ്റ എല്ലാ പുരുഷന്മാരെയും എന്തു ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നു? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു പഠിക്കും?

19 മുമ്പെന്നത്തെക്കാളധികം ഇന്ന്‌ മൂപ്പന്മാരുടെയും ശുശ്രൂഷാദാസന്മാരുടെയും ആവശ്യമുണ്ട്‌. അതുകൊണ്ട്‌ സ്‌നാനമേറ്റ എല്ലാ പുരുഷന്മാരും തങ്ങളുടെ സാഹചര്യം പുനഃപരിശോധിക്കാൻ ഞങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ്‌. സ്വയം ഇങ്ങനെ ചോദിക്കുക: ‘ഞാൻ ഒരു മൂപ്പനോ ശുശ്രൂഷാദാസനോ അല്ലാത്തതിന്റെ കാരണം ഞാൻ വിശകലനം ചെയ്യേണ്ടതുണ്ടോ?’ ഇക്കാര്യത്തിൽ ശരിയായ വീക്ഷണം ലഭിക്കാൻ ദൈവാത്മാവ്‌ നിങ്ങളെ സഹായിക്കട്ടെ.

20 സഭയുടെ ക്ഷേമത്തിനായി സഹവിശ്വാസികൾ ചെയ്യുന്ന ആത്മത്യാഗപരമായ ശ്രമങ്ങളിൽനിന്ന്‌ സഭയിലുള്ള എല്ലാവരും പ്രയോജനം നേടും. നിസ്വാർഥമായി ദയാപ്രവൃത്തികൾ ചെയ്യുമ്പോൾ, മറ്റുള്ളവരെ സേവിക്കുന്നതിന്റെയും ആത്മാവിനുവേണ്ടി വിതയ്‌ക്കുന്നതിന്റെയും സന്തോഷം നമുക്ക്‌ അനുഭവിക്കാനാകും. എന്നാൽ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കാതിരിക്കാനും നാം ശ്രദ്ധിക്കണം. അതിനെങ്ങനെ കഴിയുമെന്ന്‌ അടുത്ത ലേഖനത്തിൽ നാം പഠിക്കും.

[അടിക്കുറിപ്പ്‌]

എന്താണ്‌ നിങ്ങളുടെ ഉത്തരം?

മീഖാ 5:5-ലെ പ്രവചനം എന്ത്‌ ഉറപ്പുതരുന്നു?

• ആത്മത്യാഗമനോഭാവത്തിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നതെന്നു വിശദീകരിക്കുക.

• മറ്റുള്ളവരെ സേവിക്കാനുള്ള ആഗ്രഹം എങ്ങനെ വളർത്തിയെടുക്കാം?

• ഒരു സഹോദരൻ ശുശ്രൂഷാദാസനോ മൂപ്പനോ ആകുന്നതിൽ കുടുംബാംഗങ്ങളുടെ സഹകരണം എത്ര പ്രധാനമാണ്‌?

[അധ്യയന ചോദ്യങ്ങൾ]

[25-ാം പേജിലെ ചിത്രങ്ങൾ]

സേവനപദവികൾ എത്തിപ്പിടിക്കാൻ നിങ്ങൾ എന്തു ചെയ്യേണ്ടതുണ്ട്‌?