യെഹൂദാ ശൂന്യമായിത്തന്നെ കിടന്നോ?
യെഹൂദാ ശൂന്യമായിത്തന്നെ കിടന്നോ?
യെഹൂദാ ദേശം ബാബിലോണിയരുടെ കൈയാൽ നശിപ്പിക്കപ്പെടുമെന്നും യെഹൂദാ പ്രവാസികൾ മടങ്ങിച്ചെല്ലുംവരെ അതു ശൂന്യമായി കിടക്കുമെന്നും ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. (യിരെമ്യാവു 25:8-11) ഈ പ്രവചനം നിവൃത്തിയായെന്നു വിശ്വസിക്കുന്നതിനുള്ള ഏറ്റവും ശക്തമായ കാരണം ദിവ്യനിശ്വസ്‌ത ചരിത്രവിവരണമാണ്. പ്രവാസികളുടെ ആദ്യത്തെ കൂട്ടം അവരുടെ സ്വദേശത്തേക്കു മടങ്ങിച്ചെന്ന് ഏകദേശം 75 വർഷത്തിനുശേഷമാണ് അതു രേഖപ്പെടുത്തിയത്. ബാബിലോൺ രാജാവ്, “വാളിനാൽ വീഴാതെ ശേഷിച്ചവരെ . . . ബാബേലിലേക്കു കൊണ്ടുപോയി” എന്നും “പാർസിരാജ്യത്തിന്നു ആധിപത്യം സിദ്ധിക്കുംവരെ അവർ അവിടെ അവന്നും അവന്റെ പുത്രന്മാർക്കും അടിമകളായിരുന്നു” എന്നും ആ വിവരണം പറയുന്നു. അവരുടെ ദേശത്തെക്കുറിച്ച്, “അതു ശൂന്യമായി കിടന്ന കാലമൊക്കെയും ശബ്ബത്തു അനുഭവിച്ചു” എന്നു നാം വായിക്കുന്നു. (2 ദിനവൃത്താന്തം 36:20, 21) ഇതിനെ പിന്താങ്ങുന്ന ഏതെങ്കിലും പുരാവസ്‌തുശാസ്‌ത്ര തെളിവുകളുണ്ടോ?
ഹിബ്രൂ യൂണിവേഴ്‌സിറ്റിയിലെ പാലസ്റ്റിനിയൻ പുരാവസ്‌തുശാസ്‌ത്ര പ്രൊഫസറായ ഇഫ്രിയം സ്റ്റൺ, ബിബ്ലിക്കൽ ആർക്കിയോളജി റിവ്യൂ എന്ന മാസികയിൽ ഇപ്രകാരം അഭിപ്രായപ്പെടുന്നു: “അസ്സീറിയക്കാരും ബാബിലോണിയരും പുരാതന ഇസ്രായേലിൽ വ്യാപകമായ നാശം വിതച്ചു. എങ്കിലും ഇരുകൂട്ടരുടെയും ദ്വിഗ്വിജയത്തിന്റെ ബാക്കിപത്രങ്ങൾ നൽകുന്ന പുരാവസ്‌തു തെളിവുകൾ വളരെ വ്യത്യസ്‌തമായ രണ്ടു കഥകളാണു പറയുന്നത്.” അദ്ദേഹം വിശദീകരിക്കുന്നു: “അസ്സീറിയക്കാർ പാലസ്‌തീനിൽ, അവരുടെ സാന്നിധ്യത്തിന്റെ വ്യക്തമായ മുദ്ര അവശേഷിപ്പിച്ചെങ്കിൽ, ബാബിലോണിയരുടെ നശീകരണത്തിനുശേഷം [ചരിത്രത്തിന്റെ ഏടുകൾ] ശൂന്യമാണ്. . . . പേർഷ്യൻ കാലഘട്ടംവരെ അവിടെ ജനവാസമുണ്ടായിരുന്നതിന്റെ യാതൊരു തെളിവും ഞങ്ങൾ കാണുന്നില്ല . . . ബാബിലോണിയരുടെ കൈയാൽ നശിച്ച സകല പട്ടണങ്ങളും ആ കാലമത്രയും ജനവാസമില്ലാതെ കിടന്നു.”
ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ലോറൻസ് ഇ. സ്റ്റേജർ ഇതു ശരിവെക്കുന്നു. ബാബിലോണിയൻ രാജാവ് “ഫെലിസ്‌ത്യയിലും പിന്നീട് യെഹൂദായിലും” അവലംബിച്ച, “കഴിയുന്നത്ര നാശം വിതയ്‌ക്കുക എന്ന നയം, യോർദാൻ നദിക്കു പടിഞ്ഞാറ് ശരിക്കും ഒരു പാഴ്‌ഭൂമിതന്നെ സൃഷ്ടിച്ചു” എന്ന് സ്റ്റേജർ പറയുന്നു. അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ബാബിലോണിയർക്കു ശേഷം അധികാരമേറ്റ മഹാനായ സൈറസ് എന്ന പേർഷ്യൻ ഭരണാധികാരിയുടെ രംഗപ്രവേശത്തോടെ മാത്രമാണ് . . . യെരൂശലേമിലും യെഹൂദായിലും പുരാവസ്‌തുചരിത്രം വീണ്ടും ആരംഭിക്കുന്നത്, യെഹൂദാ പ്രവാസികളിൽ പലരും തങ്ങളുടെ സ്വദേശത്തേക്കു മടങ്ങിയത് ആ സമയത്താണ്.”
അതേ, യെഹൂദാ ശൂന്യമായികിടക്കുമെന്ന യഹോവയുടെ വാക്കുകൾ നിവൃത്തിയായി. യഹോവയാം ദൈവം മുൻകൂട്ടിപ്പറയുന്ന കാര്യങ്ങൾ എല്ലായ്‌പോഴും സത്യമായി ഭവിക്കുന്നു. (യെശയ്യാവു 55:10, 11) നമുക്ക് യഹോവയിലും അവന്റെ വചനമായ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന വാഗ്‌ദാനങ്ങളിലും സമ്പൂർണ വിശ്വാസം അർപ്പിക്കാൻ കഴിയും.—2 തിമൊഥെയൊസ് 3:16, 17.