എന്റെ മനോഭാവം മാറ്റിമറിച്ച “മാലാഖമാർ”
എന്റെ മനോഭാവം മാറ്റിമറിച്ച “മാലാഖമാർ”
യഹോവയുടെ സാക്ഷികളായ, കൗമാരപ്രായത്തിലുള്ള രണ്ടു പെൺകുട്ടികൾ തന്നെ സന്ദർശിച്ചതിനെക്കുറിച്ച് ഒരു വ്യക്തി പിൻവരുന്ന പ്രകാരം എഴുതി: “ദൈവം എന്റെയടുത്തേക്ക് അയച്ച ആ രണ്ടു ‘മാലാഖ’മാരെക്കുറിച്ചു മക്കളോടു പറയാൻ എനിക്കു തിടുക്കമായിരുന്നു.” ആ കുട്ടികൾ സന്ദർശിക്കുന്നതിന് ഏതാനും ആഴ്‌ചകൾക്കുമുമ്പ് അദ്ദേഹത്തിന്റെ 45-കാരിയായ ഭാര്യ മരിച്ചുപോയിരുന്നു. ആ വേർപാട് അദ്ദേഹത്തെ തകർത്തുകളഞ്ഞു. മക്കൾ ആശ്വസിപ്പിക്കാനെത്തിയിരുന്നെങ്കിലും അവർ ദൂരെയാണു താമസിച്ചിരുന്നത്. കൂട്ടുകാരും അയൽക്കാരുമൊന്നും അദ്ദേഹത്തെ സന്ദർശിച്ചതുമില്ല.
തന്നെ സന്ദർശിച്ച പെൺകുട്ടികളോട് അദ്ദേഹം പറഞ്ഞു, “ദൈവത്തോട് എനിക്ക് യാതൊരു അടുപ്പവും തോന്നുന്നില്ല. അതുകൊണ്ടുതന്നെ അവനോടു പ്രാർഥിക്കുന്നതും ഞാൻ നിറുത്തി.” എന്തായാലും സമാനുഭാവം പ്രകടിപ്പിച്ച ആ പെൺകുട്ടികൾ മരിച്ച പ്രിയപ്പെട്ടവർക്ക് എന്തു പ്രത്യാശ? എന്ന ബൈബിളധിഷ്‌ഠിത ട്രാക്‌റ്റ് അദ്ദേഹത്തിനു കൊടുത്തിട്ടുപോന്നു. അന്നു വൈകുന്നേരംതന്നെ അദ്ദേഹം അതു വായിക്കുകയും ആശ്വാസം കണ്ടെത്തുകയും ചെയ്‌തു.
കുറച്ചു ദിവസങ്ങൾക്കുശേഷം ഈ പെൺകുട്ടികൾ വീണ്ടും അദ്ദേഹത്തെ കാണാൻ ചെന്നു. കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോൾ അദ്ദേഹം എത്ര വിഷമാവസ്ഥയിലായിരുന്നുവെന്ന് അവർ ഓർക്കുകയുണ്ടായി. എന്നാൽ ഇപ്പോൾ അദ്ദേഹം എങ്ങനെയിരിക്കുന്നു എന്നറിയാൻ അവർ ആഗ്രഹിച്ചു. അദ്ദേഹം പിന്നീട് എഴുതി, “തികച്ചും അപരിചിതരായ രണ്ടു പേർ എന്നെക്കുറിച്ചു ചിന്തയുള്ളവരും എന്റെ ക്ഷേമത്തിൽ തത്‌പരരും ആണെന്നത് എന്നെ ആശ്ചര്യപ്പെടുത്തി.” ബൈബിളിൽനിന്നും അവർ കാണിച്ചുകൊടുത്ത കാര്യങ്ങൾ അദ്ദേഹത്തിനു പ്രോത്സാഹനമേകി. വീണ്ടും അദ്ദേഹത്തെ കാണാൻ വരാമെന്നു പെൺകുട്ടികൾ പറഞ്ഞു. സന്തോഷം തോന്നിയ അദ്ദേഹം സ്ഥലത്തെ യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിലേക്ക് ഒരു കത്ത് എഴുതി. അതിൽ മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം ഉൾക്കൊള്ളിച്ചിരുന്നു.
മകന്റെ വീടിന് അടുത്തുള്ള ഒരു സ്ഥലത്തേക്കു താമസംമാറുന്നതിനു മുമ്പ് അദ്ദേഹം യഹോവയുടെ സാക്ഷികളുടെ ഒരു യോഗത്തിൽ സംബന്ധിക്കുകയും തന്നെ സന്ദർശിച്ചവരിൽ ഒരാളുടെ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്‌തു. അദ്ദേഹം എഴുതി: “ഞാൻ ഇവിടെനിന്നു താമസംമാറുകയാണ്, എന്നിരുന്നാലും എന്റെ ഹൃദയത്തിലും പ്രാർഥനയിലും ആ കുട്ടികൾക്കും നിങ്ങളുടെ സഭയ്‌ക്കും എപ്പോഴും ഒരു സ്ഥാനം ഉണ്ടായിരിക്കും. ഞാനിപ്പോൾ പ്രാർഥിക്കുന്നുണ്ട്—ഒത്തിരിയൊത്തിരി. എന്റെ മനോഭാവം ആകെ മാറിയിരിക്കുന്നു. അതിൽ ആ കുട്ടികൾ നല്ലൊരു പങ്കുവഹിച്ചിട്ടുണ്ട്, ഞാൻ എന്നേക്കും അവരോടു കടപ്പെട്ടിരിക്കും.”