വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഗലീലയുടെ രത്‌നം”

“ഗലീലയുടെ രത്‌നം”

“ഗലീലയുടെ രത്‌നം”

യേശു വളർന്ന നസറെത്ത്‌ പട്ടണത്തിനു വെറും 6.5 കിലോമീറ്റർ വടക്കുപടിഞ്ഞാറായി, സുവിശേഷങ്ങളിൽ ഒരിക്കൽപോലും പരാമർശിച്ചിട്ടില്ലാത്ത ഒരു നഗരമുണ്ട്‌. ഒന്നാം നൂറ്റാണ്ടിലെ പ്രശസ്‌ത യഹൂദ ചരിത്രകാരനായ ഫ്‌ളേവിയസ്‌ ജോസീഫസ്‌ “ഗലീലയുടെ രത്‌നം” എന്നു പുകഴ്‌ത്തിയ സെഫോരിസ്‌ നഗരമാണ്‌ അത്‌. ആ നഗരത്തെപ്പറ്റി നമുക്ക്‌ എന്തറിയാം?

മഹാനായ ഹെരോദാവിന്റെ മരണശേഷം, സാധ്യതയനുസരിച്ച്‌ പൊ.യു.മു 1-ൽ, സെഫോരിസിലെ ജനങ്ങൾ റോമിനെതിരെ കലാപം അഴിച്ചുവിട്ടതിന്റെ ഫലമായി ആ നഗരം നശിപ്പിക്കപ്പെട്ടു. ഹെരോദാവിന്റെ മകൻ അന്തിപ്പാസ്‌ ഗലീലയുടെയും പെരിയയുടെയും ഭരണാധികാരിയായപ്പോൾ, തകർന്നടിഞ്ഞുകിടന്നിരുന്ന സെഫോരിസിനെ തന്റെ പുതിയ തലസ്ഥാനമാക്കി മാറ്റി. ഗ്രീക്ക്‌-റോമൻ നിർമാണശൈലിയിൽ അദ്ദേഹം നഗരത്തെ പുനർനിർമിച്ചെങ്കിലും അവിടത്തെ നിവാസികളിൽ അധികവും യഹൂദന്മാരായിരുന്നു. പ്രൊഫസർ റിച്ചാർഡ്‌ എ. ബാറ്റിയുടെ അഭിപ്രായത്തിൽ, അന്തിപ്പാസ്‌ പൊ.യു. 21-നോടടുത്ത്‌ സെഫോരിസിനു പകരം തിബെര്യാസ്‌ തലസ്ഥാനമാക്കുന്നതുവരെയും, അത്‌ “ഗലീലയുടെയും പെരിയയുടെയും ഭരണസിരാകേന്ദ്ര”മായിരുന്നു. ഈ കാലഘട്ടത്തിലാണ്‌ യേശുക്രിസ്‌തു അതിന്റെ സമീപപ്രദേശത്ത്‌ ജീവിച്ചിരുന്നത്‌.

ഈ നഗരത്തിൽ ഒരു കാലത്ത്‌ ആയുധശാല, പണമിടപാടു സ്ഥാപനങ്ങൾ, ഒരു ഖജനാവ്‌, രേഖകളും പ്രമാണങ്ങളും മറ്റും സൂക്ഷിക്കുന്ന സ്ഥലം, പൊതുകെട്ടിടങ്ങൾ എന്നിവയും കളിമൺപാത്രങ്ങൾ, സ്‌ഫടികം, ലോഹനിർമിത വസ്‌തുക്കൾ, ആഭരണങ്ങൾ, വൈവിധ്യമാർന്ന ഭക്ഷ്യവസ്‌തുക്കൾ എന്നിവയുടെ വിപണികളും ഉണ്ടായിരുന്നതായി സെഫോരിസിൽ ഉത്‌ഖനനം നടത്തിയ പ്രൊഫസർ ജെയിംസ്‌ സ്‌ട്രേഞ്ച്‌ വിശ്വസിക്കുന്നു. കുട്ടകൾ, ഗൃഹോപകരണങ്ങൾ, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയ സാധനങ്ങൾ വിൽക്കുന്ന കടകളും നെയ്‌ത്തുകാരും വസ്‌ത്രവ്യാപാരികളും അവിടെ ഉണ്ടായിരുന്നു. അക്കാലത്ത്‌ അവിടത്തെ ജനസംഖ്യ 8,000-ത്തിനും 12,000-ത്തിനും ഇടയ്‌ക്കായിരുന്നുവെന്നു കണക്കാക്കപ്പെടുന്നു.

നസറെത്തിൽനിന്ന്‌ ഒരു മണിക്കൂർ നേരത്തെ നടപ്പുദൂരമുള്ള, തിരക്കുപിടിച്ച ഈ തലസ്ഥാനനഗരി യേശു എപ്പോഴെങ്കിലും സന്ദർശിച്ചോ? സുവിശേഷങ്ങൾ അതു സംബന്ധിച്ച്‌ നിശ്ശബ്ദത പാലിക്കുന്നു. എന്നിരുന്നാലും, നസ്രത്തിൽനിന്നും ഗലീലയിലെ കാനായിലേക്കുള്ള ഒരു പാത സെഫോരിസിലൂടെ ആയിരിക്കണം കടന്നുപോയിരുന്നത്‌.” എന്ന്‌ ദി ആങ്കർ ബൈബിൾ ഡിക്‌ഷനറി പറയുന്നു. (യോഹന്നാൻ 2:1; 4:46) സെഫോരിസ്‌ സ്ഥിതിചെയ്‌തിരുന്ന 120 മീറ്ററോളം ഉയരമുള്ള കുന്ന്‌ നസറെത്തിൽനിന്നും ദൃശ്യമായിരുന്നു. “മലമേൽ ഇരിക്കുന്ന പട്ടണ”ത്തിനു മറഞ്ഞിരിക്കുവാൻ സാധ്യമല്ല എന്ന്‌ പറഞ്ഞപ്പോൾ ഈ നഗരമായിരിക്കണം യേശുവിന്റെ മനസ്സിലുണ്ടായിരുന്നതെന്നു ചിലർ വിശ്വസിക്കുന്നു.​—മത്തായി 5:14.

പൊതുയുഗം 70-ൽ യെരൂശലേം നശിപ്പിക്കപ്പെട്ടതിനുശേഷം, സെഫോരിസ്‌ ഗലീലയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരവും പിന്നീട്‌ യഹൂദ ഉന്നതാധികാര കോടതിയായ സൻഹെദ്രിമിന്റെ കേന്ദ്രവുമായി. കുറേക്കാലത്തേക്ക്‌ യഹൂദന്മാരുടെ ഒരു പഠന കേന്ദ്രമായും അത്‌ അറിയപ്പെട്ടിരുന്നു.

[32-ാം പേജിലെ ഭൂപടം/ചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ഗലീല കടൽ

ഗലീല

കാനാ

തിബെര്യാസ്‌

സെഫോരിസ്‌

നസറെത്ത്‌

പെരിയ

[32-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

കളിമൺപാത്രം: Excavated by Wohl Archaeological Museum, Herodian Quarter, Jewish Quarter. Owned by Company for the Reconstruction of the Jewish Quarter in the Old City of Jerusalem, Ltd