ശരിയായത് അറിയുകയും പ്രവർത്തിക്കുകയും ചെയ്യുന്നു
ജീവിത കഥ
ശരിയായത് അറിയുകയും പ്രവർത്തിക്കുകയും ചെയ്യുന്നു
ഹേഡൻ സാൻഡെഴ്‌സൺ പറഞ്ഞപ്രകാരം
യേശു അപ്പൊസ്‌തലന്മാരോട് ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “ഇതു നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്‌താൽ ഭാഗ്യവാന്മാർ.” (യോഹന്നാൻ 13:17) ശരിയായത് എന്താണെന്നു നമുക്കറിയാമായിരിക്കാം, എന്നാൽ അതു ചെയ്യുക എന്നതാണു പലപ്പോഴും ബുദ്ധിമുട്ടുള്ള സംഗതി! എന്നിരുന്നാലും യേശുവിന്റെ വാക്കുകൾ സത്യമാണെന്ന് 40 വർഷത്തെ മിഷനറി സേവനം ഉൾപ്പെടെയുള്ള 80-ലധികം വർഷത്തെ ജീവിതത്തിനുശേഷം എനിക്ക് ഉറപ്പോടെ പറയാൻ കഴിയും. ദൈവത്തിന്റെ വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നത് തീർച്ചയായും സന്തോഷദായകമാണ്. ഞാൻ അതു വിവരിക്കാം.
എനിക്കു മൂന്നു വയസ്സുള്ളപ്പോൾ, അതായത് 1925-ൽ ഞങ്ങളുടെ സ്വദേശമായ ഓസ്‌ട്രേലിയയിൽ ഞങ്ങൾ താമസിച്ചിരുന്ന ന്യൂകാസ്‌ൽ എന്ന പട്ടണത്തിൽ എന്റെ മാതാപിതാക്കൾ ഒരു ബൈബിൾ പ്രസംഗം കേൾക്കാൻ പോയി. “ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കയില്ല” എന്ന ആ പ്രസംഗം കേട്ട എന്റെ അമ്മയ്‌ക്ക് താൻ സത്യം കണ്ടെത്തിയെന്നു ബോധ്യമായി. അമ്മ ക്രിസ്‌തീയ യോഗങ്ങൾക്കു ക്രമമായി ഹാജരാകാൻ തുടങ്ങി. എന്നാൽ എന്റെ പിതാവിന്റെ താത്‌പര്യത്തിന് പെട്ടെന്നുതന്നെ മങ്ങലേറ്റു. അമ്മ പുതുതായി കണ്ടെത്തിയ വിശ്വാസത്തെ അദ്ദേഹം എതിർക്കുകയും അത് ഉപേക്ഷിക്കാത്തപക്ഷം കുടുംബത്തെ ഉപേക്ഷിച്ചുപോകുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തു. അമ്മയ്‌ക്കു പിതാവിനോടു സ്‌നേഹമുണ്ടായിരുന്നു, കുടുംബത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കാനും ആഗ്രഹിച്ചു. എന്നിരുന്നാലും ദൈവത്തോടുള്ള അനുസരണമാണ് ഏറ്റവും പ്രധാനമെന്നു മനസ്സിലാക്കിയ അമ്മ ദൈവദൃഷ്ടിയിൽ ശരിയായതു ചെയ്യാൻ ദൃഢതീരുമാനമെടുത്തു. (മത്തായി 10:34-39) പിതാവ് ഞങ്ങളെ വിട്ടുപോയി. അതിൽപ്പിന്നെ വല്ലപ്പോഴും മാത്രമേ ഞാൻ അദ്ദേഹത്തെ കണ്ടുള്ളൂ.
ദൈവത്തോടുള്ള അമ്മയുടെ വിശ്വസ്‌തതയെ ഞാൻ വളരെ വിലമതിപ്പോടെ ഓർക്കാറുണ്ട്. അമ്മയുടെ ആ തീരുമാനം എനിക്കും ചേച്ചി ബ്യൂളയ്‌ക്കും ആത്മീയ അനുഗ്രഹങ്ങൾ നിറഞ്ഞ ഒരു ജീവിതം പ്രദാനം ചെയ്‌തു. സുപ്രധാനമായ ഒരു പാഠവും അതു ഞങ്ങളെ പഠിപ്പിച്ചു—ശരിയായത് എന്താണെന്നു മനസ്സിലാക്കുമ്പോൾ, അതു ചെയ്യാൻ നാം പ്രയത്‌നിക്കണം.
വിശ്വാസത്തിന്റെ പരിശോധനകൾ
ബൈബിൾ വിദ്യാർഥികൾ എന്ന് അക്കാലത്ത് അറിയപ്പെട്ടിരുന്ന യഹോവയുടെ സാക്ഷികൾ ഞങ്ങളുടെ കുടുംബത്തെ സഹായിക്കാൻ ധാരാളം ശ്രമം ചെയ്‌തു. ഞങ്ങളോടൊപ്പം താമസം തുടങ്ങിയ വല്യമ്മയും ബൈബിൾസത്യം സ്വീകരിച്ചു. അമ്മയും വല്യമ്മയും പ്രസംഗവേലയിൽ സദാ ഒരുമിച്ചായിരുന്നു. അവരുടെ മാന്യമായ പെരുമാറ്റരീതികളും സൗഹൃദഭാവവും ആളുകളുടെ ആദരവ് നേടി.
അതേസമയം മുതിർന്ന ക്രിസ്‌തീയ സഹോദരന്മാർ എനിക്കു പ്രത്യേക ശ്രദ്ധയും വിലപ്പെട്ട പരിശീലനവും നൽകി. പെട്ടെന്നുതന്നെ, സാക്ഷ്യക്കാർഡുകൾ ഉപയോഗിച്ച് വീടുതോറും ലളിതമായ അവതരണങ്ങൾ നടത്താൻ ഞാൻ പഠിച്ചു. ഗ്രാമഫോൺ ഉപയോഗിച്ച്, റെക്കോർഡ് ചെയ്‌ത ബൈബിൾ പ്രസംഗങ്ങൾ കേൾപ്പിക്കുകയും പ്ലാക്കാർഡ് മാർച്ചുകളിൽ പങ്കെടുക്കുകയും ചെയ്യുമായിരുന്നു. പ്ലാക്കാർഡുകൾ ധരിച്ച് പട്ടണത്തിലെ പ്രധാന തെരുവിലൂടെ വേണമായിരുന്നു നടക്കാൻ. മാനുഷഭയവുമായി പോരാടിയിരുന്ന എനിക്ക് ഇത് ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു. എന്നാൽ ശരിയായത് എന്താണെന്ന് അറിയാമായിരുന്ന ഞാൻ അതു ചെയ്യാൻ ദൃഢചിത്തനായിരുന്നു.
സ്‌കൂൾ പഠനത്തിനുശേഷം ഞാൻ ഒരു ബാങ്കിനുവേണ്ടി ജോലി ചെയ്യാൻ തുടങ്ങി. ആ ബാങ്കിന്റെ ന്യൂ സൗത്ത് വെയ്‌ൽസിൽ ഉടനീളമുള്ള നിരവധി ശാഖകൾ സന്ദർശിക്കേണ്ടത് ജോലിയുടെ ഭാഗമായിരുന്നു. രാജ്യത്തിന്റെ ആ ഭാഗത്ത് സാക്ഷികളുടെ എണ്ണം നന്നേ കുറവായിരുന്നെങ്കിലും വിശ്വാസം സജീവമാക്കി നിറുത്താൻ, ലഭിച്ച പരിശീലനം എന്നെ സഹായിച്ചു. പ്രോത്സാഹനമേകുന്ന കത്തുകൾ അമ്മ എനിക്ക് എഴുതുമായിരുന്നു. അത് എനിക്ക് ആത്മീയമായി കരുത്തു പകർന്നു.
തക്ക സമയത്തെ സഹായത്തിന്റെ ഉറവായിരുന്നു ആ കത്തുകൾ. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചുകഴിഞ്ഞിരുന്നു. സൈന്യത്തിൽ ചേരാനുള്ള ഉത്തരവ് എനിക്കു ലഭിച്ചു. ബാങ്ക് മാനേജർ അതിഭക്തനായ ഒരു പള്ളിയംഗവും പ്രാദേശിക സൈനിക കമാൻഡറും ആയിരുന്നു. ഒരു ക്രിസ്‌ത്യാനിയെന്ന നിലയിലുള്ള എന്റെ നിഷ്‌പക്ഷ നിലപാടു വിശദീകരിച്ചപ്പോൾ അദ്ദേഹം എനിക്കൊരു അന്ത്യശാസനം നൽകി—ഒന്നുകിൽ എന്റെ മതം ഉപേക്ഷിക്കുക അല്ലെങ്കിൽ ബാങ്കുജോലി ഉപേക്ഷിക്കുക! പ്രാദേശിക സൈനിക റിക്രൂട്ടിങ് കേന്ദ്രത്തിൽ ഞാൻ ചെന്നപ്പോൾ കാര്യങ്ങൾ കൂടുതൽ വഷളായി. ആ ബാങ്ക് മാനേജർ അവിടെ ഉണ്ടായിരുന്നു. രജിസ്‌ട്രേഷൻ ചെയ്യുന്ന ഇടത്തേക്ക് ഞാൻ ചെല്ലുന്നത് അദ്ദേഹം വളരെ താത്‌പര്യത്തോടെ നിരീക്ഷിച്ചു. ഞാൻ ഒപ്പിടാൻ വിസമ്മതിച്ചപ്പോൾ ഉദ്യോഗസ്ഥന്മാർ എനിക്കെതിരെ തിരിഞ്ഞു. വളരെ പിരിമുറുക്കം അനുഭവപ്പെട്ട ഒരു സമയമായിരുന്നു അതെങ്കിലും ശരിയായതു ചെയ്യാൻ ഞാൻ ദൃഢചിത്തനായിരുന്നു. ശാന്തത പാലിക്കാനും തീരുമാനത്തിൽ ഉറച്ചുനിൽക്കാനും യഹോവയുടെ സഹായത്താൽ എനിക്കു സാധിച്ചു. പിന്നീട് ഏതാനും കൂലിത്തല്ലുകാർ എന്നെ തിരയുന്നുണ്ടെന്നു മനസ്സിലാക്കിയപ്പോൾ ഞാൻ ഉടൻതന്നെ സാധനങ്ങളെല്ലാം പായ്‌ക്കു ചെയ്‌ത് അടുത്ത ട്രെയിനിൽ കയറി പട്ടണത്തിനു പുറത്തു കടന്നു!
ന്യൂകാസ്‌ലിൽ തിരിച്ചെത്തിയ എനിക്ക് കോടതി വിചാരണ നേരിടേണ്ടിവന്നു. സൈനിക സേവനം നിരസിച്ച വേറെ ഏഴു സഹോദരന്മാരും കൂടെയുണ്ടായിരുന്നു. കോടതി ഞങ്ങൾക്ക് മൂന്നു മാസത്തെ തടവും നിർബന്ധിത തൊഴിലും വിധിച്ചു. ജയിൽവാസം സുഖകരമല്ലായിരുന്നെങ്കിലും ശരി ചെയ്‌തത് അനുഗ്രഹങ്ങളിൽ കലാശിച്ചു. മോചിതരായ ശേഷം ജയിലറയിൽ എന്നോടൊപ്പം ഉണ്ടായിരുന്ന ഹിൽട്ടൺ വിൽക്കിൻസൺ എന്ന ഒരു സാക്ഷി തന്റെ ഫോട്ടോ സ്റ്റുഡിയോയിൽ ജോലി ചെയ്യാൻ എന്നെ ക്ഷണിച്ചു. അവിടെവെച്ചാണ് എന്റെ ഭാവിവധു മെലഡിയെ—അവിടെ റിസപ്‌ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു—ഞാൻ കണ്ടെത്തിയത്. ജയിൽമോചിതനായ ഉടൻതന്നെ ഞാൻ യഹോവയ്‌ക്കുള്ള സമർപ്പണത്തിന്റെ പ്രതീകമെന്ന നിലയിൽ സ്‌നാപനമേറ്റു.
മുഴുസമയ സേവനത്തിൽ പ്രവേശിക്കുന്നു
വിവാഹം കഴിഞ്ഞശേഷം ഞാനും മെലഡിയും കൂടി ന്യൂകാസ്‌ലിൽ സ്വന്തമായി ഒരു സ്റ്റുഡിയോ തുടങ്ങി. നല്ല ജോലിത്തിരക്കുണ്ടായിരുന്നതിനാൽ അത് ഞങ്ങളുടെ ആരോഗ്യത്തെയും ആത്മീയതയെയും മോശമായി ബാധിച്ചു. ഏതാണ്ട് ആ സമയത്താണ് അക്കാലത്ത് യഹോവയുടെ സാക്ഷികളുടെ ഓസ്‌ട്രേലിയ ബ്രാഞ്ചിൽ സേവിച്ചിരുന്ന, ഇപ്പോൾ ഭരണസംഘത്തിലെ ഒരു അംഗമായ റ്റെഡ് ജാരറ്റ്‌സ് ഞങ്ങളുടെ ആത്മീയ ലക്ഷ്യങ്ങളെക്കുറിച്ച് ഞങ്ങളോടു സംസാരിച്ചത്. ആ ചർച്ചയെ തുടർന്ന്, ബിസിനസ് വിറ്റ് ജീവിതം ലളിതമാക്കാൻ ഞങ്ങൾ തീരുമാനിച്ചു. 1954-ൽ ഞങ്ങൾ ഒരു ചെറിയ ട്രെയ്‌ലർ വാങ്ങി വിക്ടോറിയ സ്റ്റേറ്റിലുള്ള ബാലറാറ്റ് എന്ന നഗരത്തിൽപോയി പയനിയർമാരായി സേവിക്കാൻ തുടങ്ങി.
ബാലറാറ്റിലെ ചെറിയ സഭയോടൊത്തു സേവിച്ചുകൊണ്ടിരിക്കെ ഞങ്ങളുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിച്ചു. 18 മാസത്തിനുള്ളിൽ യോഗഹാജർ 17-ൽനിന്ന് 70 ആയി വർധിച്ചു. തുടർന്ന് സൗത്ത് ഓസ്‌ട്രേലിയ സ്റ്റേറ്റിൽ സഞ്ചാര ശുശ്രൂഷ അഥവാ സർക്കിട്ട് വേല ചെയ്യാനുള്ള ക്ഷണം ഞങ്ങൾക്കു ലഭിച്ചു. അടുത്ത മൂന്നു വർഷത്തേക്ക് ആഡലെയ്‌ഡ് നഗരത്തിലെയും മറി നദിയുടെ കരയിലുള്ള, മുന്തിരിയും ഓറഞ്ചും നിറഞ്ഞ പ്രദേശങ്ങളിലെയും സഭകൾ സന്ദർശിക്കുന്നതു ഞങ്ങൾ ആസ്വദിച്ചു. ഞങ്ങളുടെ ജീവിതം ആകെ മാറിപ്പോയിരുന്നു! സ്‌നേഹനിധികളായ സഹോദരങ്ങളോടൊപ്പമുള്ള സേവനം സന്തോഷകരമായിരുന്നു. ശരിയെന്ന് അറിഞ്ഞ കാര്യങ്ങൾ ചെയ്‌തതിനുള്ള എത്ര നല്ല പ്രതിഫലം!
മിഷനറി നിയമനം
1958-ൽ ഞങ്ങൾ, ന്യൂയോർക്കിൽ ആ വർഷം നടക്കാനിരുന്ന “ദിവ്യഹിത” അന്താരാഷ്‌ട്ര സമ്മേളനത്തിൽ സംബന്ധിക്കാൻ ആഗ്രഹമുണ്ടെന്ന കാര്യം ഓസ്‌ട്രേലിയ ബ്രാഞ്ച് ഓഫീസിനെ അറിയിച്ചു. ബ്രാഞ്ച് ഐക്യനാടുകളിൽവെച്ചു നടക്കുന്ന ഗിലെയാദ് മിഷനറി സ്‌കൂളിലേക്കുള്ള അപേക്ഷാഫാറങ്ങൾ അയച്ചുതന്നു. ഞങ്ങൾ 30-കളുടെ മധ്യത്തിലായതിനാൽ ഗിലെയാദിൽ സംബന്ധിക്കാനുള്ള പ്രായം കഴിഞ്ഞുപോയെന്നാണു വിചാരിച്ചിരുന്നത്. എങ്കിലും ഞങ്ങൾ അപേക്ഷിച്ചു, 32-ാമത്തെ ക്ലാസ്സിലേക്കു ക്ഷണം ലഭിക്കുകയും ചെയ്‌തു. കോഴ്‌സ് പകുതിയായപ്പോൾ ഞങ്ങൾക്കു മിഷനറി നിയമനം ലഭിച്ചു—ഇന്ത്യയിലേക്ക്! ആദ്യം അൽപ്പം ബുദ്ധിമുട്ടു തോന്നിയെങ്കിലും ശരിയായതു ചെയ്യാൻ ആഗ്രഹിച്ച ഞങ്ങൾ സന്തോഷത്തോടെ ആ നിയമനം സ്വീകരിച്ചു.
1959-ലെ ഒരു ദിവസം അതിരാവിലെ ഞങ്ങൾ ബോംബെയിൽ (ഇപ്പോൾ മുംബൈ) കപ്പലിറങ്ങി. നൂറുകണക്കിനു തൊഴിലാളികൾ തുറമുഖത്ത് കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു. പരിസരമാകെ അപരിചിതമായ ഗന്ധം. സൂര്യൻ ഉദിച്ചുകഴിഞ്ഞപ്പോൾ, ഞങ്ങൾ അനുഭവിക്കാൻപോകുന്നത് എന്താണ് എന്നതു സംബന്ധിച്ച് ചെറിയ ഒരു ധാരണ കിട്ടി. ഇത്രയധികം ചൂട് ഞങ്ങൾ ഒരിക്കലും അനുഭവിച്ചിട്ടുണ്ടായിരുന്നില്ല! ബാലറാറ്റിൽ ഞങ്ങളോടൊപ്പം പയനിയറിങ് ചെയ്‌തിരുന്ന ലിന്റൺ ഡൗവർ, ജെന്നി ഡൗവർ എന്ന ഒരു മിഷനറി ദമ്പതി ഞങ്ങളെ സ്വാഗതംചെയ്‌തു. നഗരത്തിന്റെ ഹൃദയഭാഗത്തിന് അടുത്തായി സ്ഥിതിചെയ്യുന്ന ഇന്ത്യാ ബ്രാഞ്ച് ഓഫീസിലേക്ക് അവർ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. ഒരു കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ ഇടുങ്ങിയ അപ്പാർട്ട്‌മെന്റ് ആയിരുന്നു ബ്രാഞ്ച് ഓഫീസ്. അവിടെ സ്വമേധയാ സേവകരായ ആറു ബെഥേൽ അംഗങ്ങൾ താമസിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ നിയമന സ്ഥലത്തേക്കു പോകുന്നതിനു മുമ്പായി ക്യാൻവാസുകൊണ്ടുള്ള രണ്ടു ഹോൾഡ്‌ഓൾ—യാത്രയ്‌ക്ക് ആവശ്യമുള്ള വസ്‌ത്രങ്ങൾ മുതലായവ ഉൾക്കൊള്ളിക്കാവുന്ന കിടക്കകൾ—വാങ്ങാൻ 1926 മുതൽ ഇന്ത്യയിൽ ഒരു മിഷനറിയായി സേവിച്ചിരുന്ന എഡ്‌വിൻ സ്‌കിന്നർ സഹോദരൻ ഞങ്ങളോടു പറഞ്ഞു. ഇന്ത്യൻ ട്രെയിനുകളിൽ ഇവ പരിചിതമായ ഒരു കാഴ്‌ചയായിരുന്നു. പിന്നീടുള്ള യാത്രകളിൽ അവ ഞങ്ങൾക്കു വളരെ സഹായകമായിരുന്നു.
രണ്ടു ദിവസത്തെ ട്രെയിൻ യാത്രയ്‌ക്കൊടുവിൽ ഞങ്ങൾ നിയമനപ്രദേശമായ തിരുച്ചിറപ്പള്ളിയിൽ എത്തിച്ചേർന്നു. മദ്രാസ് എന്ന ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ (ഇപ്പോൾ തമിഴ്‌നാട്) ഒരു നഗരമാണ് ഇത്. അവിടെ ഞങ്ങൾ ഇന്ത്യക്കാരായ മൂന്നു പ്രത്യേക പയനിയർമാരോടൊപ്പം ചേർന്നു. 2,50,000 വരുന്ന ഒരു ജനസമൂഹത്തോടാണ് ആ മൂന്നു പേർ സാക്ഷീകരിച്ചുകൊണ്ടിരുന്നത്. ജീവിതസാഹചര്യങ്ങൾ വളരെ ലളിതമായിരുന്നു. ഒരിക്കൽ നാലു ഡോളറിൽ കുറഞ്ഞ പണമേ ഞങ്ങളുടെ പക്കൽ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ആ പണം തീർന്നുകഴിഞ്ഞപ്പോൾ യഹോവ ഞങ്ങളെ കൈവിട്ടില്ല. യോഗങ്ങൾ നടത്താൻ സൗകര്യമുള്ള ഒരു വീട് വാടകയ്‌ക്കെടുക്കാനുള്ള പണം ബൈബിൾ പഠിച്ചുകൊണ്ടിരുന്ന ഒരു വ്യക്തി ഞങ്ങൾക്കു കടം തന്നു. ഭക്ഷണം കുറവായിരുന്ന ഒരവസരത്തിൽ അയൽവാസിയായ ഒരാൾ ദയാപുരസ്സരം ഞങ്ങൾക്ക് കുറച്ച് കറി കൊണ്ടുവന്നുതന്നു. അത് എനിക്കു വളരെ ഇഷ്ടമായി. പക്ഷേ എരിവു കൂടിപ്പോയതു കാരണം എനിക്ക് എക്കിൾ ഉണ്ടായി!
വയൽശുശ്രൂഷ
തിരുച്ചിറപ്പള്ളിയിലെ ചിലർക്ക് ഇംഗ്ലീഷ് അറിയാമായിരുന്നെങ്കിലും ഭൂരിഭാഗവും സംസാരിക്കുന്നത് തമിഴായിരുന്നു. അതുകൊണ്ട് വയൽസേവനത്തിനുവേണ്ടി ഒരു ചെറിയ അവതരണം ആ ഭാഷയിൽ പഠിക്കാൻ ഞങ്ങൾ നല്ല ശ്രമം ചെയ്‌തു. ഞങ്ങളുടെ ആ ശ്രമം പ്രദേശത്തെ നിരവധി ആളുകളുടെ ആദരവ് നേടിത്തന്നു.
വീടുതോറുമുള്ള ശുശ്രൂഷ ഞങ്ങൾ നന്നായി ആസ്വദിച്ചു. ഇന്ത്യക്കാർ സ്വതവേ അതിഥിപ്രിയരായതിനാൽ മിക്കവരും ലഘുഭക്ഷണം കഴിക്കുന്നതിനായി ഞങ്ങളെ വീടിനുള്ളിലേക്കു ക്ഷണിക്കുമായിരുന്നു. അന്തരീക്ഷ താപനില മിക്കപ്പോഴും 40 ഡിഗ്രി സെൽഷ്യസ് ആയിരുന്നതുകൊണ്ട് അത് ഞങ്ങൾ വളരെ വിലമതിച്ചിരുന്നു. സന്ദേശം അവതരിപ്പിക്കുന്നതിനു മുമ്പ് വ്യക്തിപരമായ കാര്യങ്ങൾ സംസാരിക്കുന്നത് പെരുമാറ്റമര്യാദയുടെ ഒരു ഭാഗമായിരുന്നു. വീട്ടുകാർ ഞങ്ങളോടു പലപ്പോഴും പിൻവരുംവിധം ചോദിക്കുമായിരുന്നു: “നിങ്ങൾ എവിടെനിന്നുള്ളവരാണ്? കുട്ടികളുണ്ടോ? എന്താ ഇല്ലാത്തത്?” കുട്ടികളില്ലെന്നു കേൾക്കുമ്പോൾ, അവർ മിക്കപ്പോഴും നല്ല ഒരു ഡോക്ടറുടെ പേരു നിർദേശിക്കുമായിരുന്നു. എങ്കിൽത്തന്നെയും അത്തരം സംഭാഷണങ്ങൾ ഞങ്ങളെ പരിചയപ്പെടുത്താനും ഞങ്ങളുടെ ബൈബിളധിഷ്‌ഠിത വേലയുടെ പ്രാധാന്യം വിശദീകരിക്കാനും അവസരം നൽകി.
ഞങ്ങൾ സാക്ഷീകരിച്ച മിക്കവരും ഹിന്ദുമത വിശ്വാസികൾ ആയിരുന്നു. ക്രിസ്‌ത്യാനിത്വത്തിൽനിന്നു വളരെ വ്യത്യസ്‌തമായ വിശ്വാസസംഹിതയാണ് ഹിന്ദുമതത്തിനുള്ളത്. ഹൈന്ദവ തത്ത്വചിന്തയുടെ സങ്കീർണതകളെക്കുറിച്ചു
ചർച്ച ചെയ്യുന്നതിനു പകരം ഞങ്ങൾ ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിച്ചു. അതിന് നല്ല ഫലവും ലഭിച്ചു. ആറു മാസത്തിനുള്ളിൽ 20-ഓളം പേർ ഞങ്ങളുടെ മിഷനറി ഭവനത്തിൽ യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. ഇവരിൽ ഒരാൾ നല്ലതമ്പി എന്നു പേരുള്ള ഒരു സിവിൽ എഞ്ചിനീയർ ആയിരുന്നു. അദ്ദേഹവും മകൻ വിജയാലയനും ചേർന്ന് പിന്നീട് 50-ഓളം ആളുകളെ യഹോവയുടെ ദാസന്മാരായിത്തീരാൻ സഹായിച്ചു. വിജയാലയൻ കുറെക്കാലം ഇന്ത്യാ ബ്രാഞ്ചിൽ സേവിച്ചിട്ടുണ്ട്.നിലയ്‌ക്കാത്ത യാത്ര
ഇന്ത്യയിൽ ചെന്ന് ആറുമാസം തികയുന്നതിനു മുമ്പ് രാജ്യത്തെ ആദ്യത്തെ സ്ഥിര ഡിസ്‌ട്രിക്‌റ്റ് മേൽവിചാരകനായി സേവിക്കാനുള്ള ക്ഷണം എനിക്കു ലഭിച്ചു. ഇന്ത്യയിലുടനീളം സഞ്ചരിക്കുന്നതും സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതും ഒമ്പതു ഭാഷാക്കൂട്ടങ്ങളോടൊപ്പം പ്രവർത്തിക്കുന്നതും ഇതിന്റെ ഭാഗമായിരുന്നു. ആയാസകരമായ വേലയായിരുന്നു അത്. ആറുമാസത്തേക്ക് ആവശ്യമായ വസ്‌ത്രങ്ങളും ഉപകരണങ്ങളും മൂന്നു ട്രങ്കുകളിലും യാത്രയ്‌ക്കായി ഞങ്ങൾ എപ്പോഴും ആശ്രയിച്ചിരുന്ന ഹോൾഡ്‌ഓളുകളിലുമായി നിറച്ച് മദ്രാസ് നഗരത്തിൽനിന്ന് (ഇപ്പോൾ ചെന്നൈ) ട്രെയിനിൽ യാത്ര തിരിച്ചു. ഡിസ്‌ട്രിക്‌റ്റിലെ പ്രദേശത്തിന്റെ ചുറ്റളവ് ഏതാണ്ട് 6,500 കിലോമീറ്റർ ആയിരുന്നതിനാൽ ഞങ്ങൾ സദാ യാത്രചെയ്‌തുകൊണ്ടിരുന്നു. ഒരിക്കൽ ദക്ഷിണേന്ത്യൻ നഗരമായ ബാംഗ്ലൂരിൽ ഞായറാഴ്‌ച ഒരു സമ്മേളനത്തിൽ പങ്കെടുത്തശേഷം ഹിമാലയത്തിന്റെ അടിവാരക്കുന്നുകളിലുള്ള ഡാർജിലിങ്ങിൽ പിറ്റേയാഴ്‌ച ക്രമീകരിച്ചിരിക്കുന്ന സമ്മേളനത്തിന്റെ നടത്തിപ്പിനായി ഞങ്ങൾ വടക്കോട്ടു യാത്രചെയ്‌തു. അഞ്ചു ട്രെയിനുകളിൽ മാറിക്കയറി ഏകദേശം 2,700 കിലോമീറ്റർ യാത്ര ചെയ്യണമായിരുന്നു അവിടെ എത്താൻ.
ഞങ്ങളുടെ ആദ്യകാല യാത്രകളിൽ പുതിയലോക സമുദായം പ്രവർത്തനത്തിൽ (ഇംഗ്ലീഷ്) എന്ന ചലച്ചിത്രത്തിന്റെ പ്രദർശനം ഞങ്ങൾ നടത്തിയിരുന്നു. യഹോവയുടെ ഭൗമിക സംഘടനയുടെ വ്യാപ്‌തിയും പ്രവർത്തനവും മനസ്സിലാക്കാൻ അത് ആളുകളെ സഹായിച്ചു. മിക്കപ്പോഴും നൂറുകണക്കിന് ആളുകൾ പ്രദർശനങ്ങൾക്കു വരുമായിരുന്നു. ഒരിക്കൽ വഴിയരികിൽ കൂടിയ ഒരു കൂട്ടത്തിന് ഞങ്ങൾ ഈ ഫിലിം പ്രദർശിപ്പിച്ചു. പ്രദർശനം നടന്നുകൊണ്ടിരിക്കുമ്പോൾ കാർമേഘങ്ങൾ ഉരുണ്ടുകൂടി. മുമ്പൊരിക്കൽ പ്രദർശനത്തിനു തടസ്സം നേരിട്ട ഒരവസരത്തിൽ ജനം ബഹളംവെച്ചതുകൊണ്ട് ഇപ്രാവശ്യം വേഗത്തിൽ ഓടിച്ചുകാണിക്കാൻ ഞാൻ തീരുമാനിച്ചു. സന്തോഷകരമെന്നു പറയട്ടെ, ആദ്യ മഴത്തുള്ളികൾ വീഴുന്നതിനു മുമ്പുതന്നെ തടസ്സങ്ങളൊന്നുംകൂടാതെ ചലച്ചിത്രം അവസാനിച്ചു.
തുടർന്നുള്ള വർഷങ്ങളിൽ ഞാനും മെലഡിയും ഇന്ത്യയുടെ മിക്കയിടങ്ങളിലേക്കും യാത്രചെയ്യുകയുണ്ടായി. ഓരോ പ്രദേശത്തിനും തനതായ ഭക്ഷണവും വസ്‌ത്രവും ഭാഷയും പ്രകൃതിദൃശ്യങ്ങളും ഉണ്ടായിരുന്നതിനാൽ ഒരു രാജ്യത്തുനിന്നും മറ്റൊന്നിലേക്കു സഞ്ചരിക്കുന്നതുപോലെയായിരുന്നു അത്. എത്ര വലിയ വൈവിധ്യമാണ് യഹോവയുടെ സൃഷ്ടിയിലുള്ളത്! ഇന്ത്യയിലെ വന്യജീവികളുടെ കാര്യത്തിലും ഇതു സത്യമാണ്. ഒരിക്കൽ നേപ്പാളിലെ ഒരു വനപ്രദേശത്ത് തങ്ങിയ സന്ദർഭത്തിൽ ഒരു ഭീമൻ കടുവയെ ശരിക്കും കാണാൻ പറ്റി. ഗാംഭീര്യമുള്ള ഒരു മൃഗംതന്നെ! ആ കാഴ്‌ച മനുഷ്യരും മൃഗങ്ങളും സമാധാനത്തിലാകുന്ന പറുദീസയിൽ ആയിരിക്കാനുള്ള ഞങ്ങളുടെ ആഗ്രഹം ശക്തിപ്പെടുത്തി.
സഭകൾ സംഘടനാപരമായ ക്രമീകരണങ്ങളുമായി ചേർച്ചയിൽ വരുന്നു
ആദ്യ കാലങ്ങളിൽ, ഇന്ത്യയിലെ സഹോദരങ്ങൾ യഹോവയുടെ സംഘടനാക്രമീകരണങ്ങളുമായി കൂടുതൽ ചേർച്ചയിൽ വരേണ്ടതുണ്ടായിരുന്നു. ചില സഭകളിൽ പുരുഷന്മാർ യോഗസ്ഥലത്തിന്റെ ഒരു വശത്തും സ്‌ത്രീകൾ മറുവശത്തുമായാണ് ഇരുന്നിരുന്നത്. യോഗങ്ങൾ കൃത്യസമയത്ത് ആരംഭിക്കുന്നത് വിരളം. ഒരു
സ്ഥലത്ത് യോഗങ്ങൾക്കു സമയമായെന്നു രാജ്യപ്രസാധകരെ അറിയിച്ചിരുന്നത് ഉച്ചത്തിൽ ഒരു മണി മുഴക്കിക്കൊണ്ടാണ്. മറ്റു സ്ഥലങ്ങളിൽ സൂര്യന്റെ സ്ഥാനം നോക്കിക്കൊണ്ടാണ് പ്രസാധകർ വന്നുചേർന്നിരുന്നത്. സമ്മേളനങ്ങളും സഞ്ചാരമേൽവിചാരകന്മാരുടെ സന്ദർശനങ്ങളും ക്രമമായി നടന്നിരുന്നില്ല. ശരിയായതു ചെയ്യാൻ സഹോദരങ്ങൾക്കു മനസ്സൊരുക്കമുണ്ടായിരുന്നെങ്കിലും അവർക്കു പരിശീലനം ആവശ്യമായിരുന്നു.യഹോവയുടെ സംഘടന 1959-ൽ രാജ്യശുശ്രൂഷാസ്‌കൂൾ തുടങ്ങി. തിരുവെഴുത്തുപരമായ ഉത്തരവാദിത്വങ്ങൾ കൂടുതൽ ഫലകരമായി നിറവേറ്റാൻ ഈ ലോകവ്യാപക പരിശീലന പരിപാടി സർക്കിട്ട് മേൽവിചാരകന്മാരെയും പ്രത്യേക പയനിയർമാരെയും മിഷനറിമാരെയും സഭാമൂപ്പന്മാരെയും സഹായിച്ചു. 1961 ഡിസംബറിൽ ആ സ്‌കൂൾ ഇന്ത്യയിൽ ആരംഭിച്ചപ്പോൾ ഞാൻ അതിന്റെ അധ്യാപകനായിരുന്നു. ആ പരിശീലനത്തിന്റെ ഫലം ക്രമേണ രാജ്യമെമ്പാടുമുള്ള സഭകളിൽ എത്തിച്ചേർന്നതോടെ ശീഘ്ര പുരോഗതിയുണ്ടായി. സഹോദരങ്ങൾ ശരിയായത് അറിഞ്ഞുകഴിഞ്ഞാൽ അതു ചെയ്യാൻ ദൈവാത്മാവ് അവരെ പ്രേരിപ്പിച്ചിരുന്നു.
വലിയ കൺവെൻഷനുകളും സഹോദരങ്ങളുടെ പ്രോത്സാഹനത്തിനും ഐക്യത്തിനും ഉതകിയിരുന്നു. ഇവയിൽ ശ്രദ്ധേയമായിരുന്നത് 1963-ൽ ന്യൂഡൽഹിയിൽവെച്ചു നടന്ന “നിത്യ സുവാർത്ത” അന്താരാഷ്‌ട്ര സമ്മേളനമായിരുന്നു. അതിൽ സംബന്ധിക്കാനായി ഇന്ത്യയുടെ നാനാഭാഗത്തുനിന്നുമുള്ള സാക്ഷികൾ ആയിരക്കണക്കിനു കിലോമീറ്റർ യാത്ര ചെയ്‌തു. പലരും അതിനായി തങ്ങളുടെ മുഴു സമ്പാദ്യവും ചെലവിട്ടു. 27 ദേശങ്ങളിൽനിന്നുള്ള 583 പ്രതിനിധികളും സന്നിഹിതരായിരുന്നതിനാൽ സന്ദർശകരായ സഹോദരങ്ങളുടെ വലിയ കൂട്ടത്തെ പരിചയപ്പെടുന്നതിനും അവരുമായി സഹവസിക്കുന്നതിനും ഇന്ത്യയിലെ സാക്ഷികൾക്ക് ലഭിച്ച ആദ്യ അവസരമായിരുന്നു അത്.
1961-ൽ ബോംബെയിലെ ബെഥേൽ കുടുംബത്തിന്റെ ഭാഗമായിത്തീരാൻ എനിക്കും മെലഡിക്കും ക്ഷണം ലഭിച്ചു. അവിടെ ഞാൻ പിന്നീട് ഒരു ബ്രാഞ്ച് കമ്മിറ്റി അംഗമായി സേവിച്ചു. മറ്റു സേവനപദവികളും ഞാൻ ആസ്വദിച്ചു. ഏഷ്യയിലെ ചിലയിടങ്ങളിലും മധ്യപൂർവദേശത്തും കുറെ വർഷത്തേക്ക് മേഖലാ മേൽവിചാരകനായി ഞാൻ സേവനമനുഷ്‌ഠിച്ചു. ഈ രാജ്യങ്ങളിൽ പലതിലും പ്രസംഗവേല നിരോധിക്കപ്പെട്ടിരുന്നതിനാൽ അവിടങ്ങളിലെ സാക്ഷികൾ “പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും” ആയിരിക്കേണ്ടിയിരുന്നു.—മത്തായി 10:16.
വികസനവും മാറ്റങ്ങളും
ഞങ്ങൾ ആദ്യം ഇന്ത്യയിൽ വന്നപ്പോൾ, അതായത് 1959-ൽ 1,514 പ്രസാധകരാണ് അവിടെ സജീവമായി പ്രവർത്തിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ അത് 24,000-ത്തിൽ അധികമായി വർധിച്ചിരിക്കുന്നു. ഈ വളർച്ചയ്‌ക്കൊത്ത് കാര്യങ്ങൾ ചെയ്യുന്നതിനായി ബോംബെയിലോ അതിന് അടുത്തോ ഉള്ള പുതിയ ബെഥേൽ കെട്ടിടങ്ങളിലേക്ക് ഞങ്ങൾക്കു രണ്ടു തവണ മാറേണ്ടിവന്നു. തുടർന്ന് 2002 മാർച്ചിൽ ബെഥേൽ കുടുംബം വീണ്ടും മാറി. ഇത്തവണ അത് ദക്ഷിണേന്ത്യയിലെ ബാംഗ്ലൂരിന് അടുത്തു പണികഴിപ്പിച്ച, ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു പുതിയ സമുച്ചയത്തിലേക്കായിരുന്നു. ഇപ്പോൾ 240 ബെഥേൽ അംഗങ്ങളുള്ള ഇവിടെ 20-ലധികം ഭാഷകളിലേക്കു ബൈബിൾ സാഹിത്യം പരിഭാഷ ചെയ്യുന്നുണ്ട്.
ബാംഗ്ലൂരിലേക്കു പോകാൻ ഞാനും മെലഡിയും അതിയായി ആഗ്രഹിച്ചെങ്കിലും മോശമായ ആരോഗ്യം നിമിത്തം 1999-ൽ ഞങ്ങൾക്ക് ഓസ്‌ട്രേലിയയിലേക്കു തിരിച്ചുപോരേണ്ടിവന്നു. ഇപ്പോൾ ഞങ്ങൾ സിഡ്‌നിയിലെ ബെഥേൽ കുടുംബത്തിന്റെ ഭാഗമാണ്. ഞങ്ങൾ ഇന്ത്യയിൽനിന്നു പോന്നെങ്കിലും അവിടത്തെ ഞങ്ങളുടെ പ്രിയ സുഹൃത്തുക്കളോടും ആത്മീയ മക്കളോടുമുള്ള സ്‌നേഹം ഇപ്പോഴും ശക്തമാണ്. അവർ അയയ്‌ക്കുന്ന കത്തുകൾ എത്ര സന്തോഷമാണ് ഞങ്ങൾക്കു നൽകുന്നത്!
50-ലേറെ വർഷത്തെ മുഴുസമയ സേവനത്തിലേക്കു പിന്തിരിഞ്ഞു നോക്കുമ്പോൾ സമൃദ്ധമായ അനുഗ്രഹങ്ങൾ മാത്രമേ എനിക്കും മെലഡിക്കും കാണാൻ സാധിക്കുന്നുള്ളൂ. ആളുകളുടെ പ്രതിബിംബം ഫോട്ടോഗ്രാഫിക് പേപ്പറിൽ സൂക്ഷിക്കാനായി ഞങ്ങൾ ഒരുകാലത്ത് പ്രവർത്തിച്ചിരുന്നു. എന്നാൽ ദൈവത്തിന്റെ ഓർമയിൽ ആളുകളെ ജീവനോടെ സൂക്ഷിക്കാനായി പ്രവർത്തിക്കുന്നത് വളരെയേറെ മെച്ചമായ ഒരു തിരഞ്ഞെടുപ്പായിരുന്നു. ജീവിതത്തിൽ ദൈവഹിതം ഒന്നാമതു വെക്കാനുള്ള തീരുമാനം എത്ര വിലയേറിയ അനുഭവങ്ങളാണ് ഞങ്ങൾക്കു സമ്മാനിച്ചത്! അതേ, ദൈവം ശരിയെന്നു പറയുന്ന കാര്യങ്ങൾ ചെയ്യുന്നത് തീർച്ചയായും സന്തോഷം കൈവരുത്തുന്നു.
[15-ാം പേജിലെ ഭൂപടങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ന്യൂഡൽഹി
ഡാർജിലിങ്
ഇന്ത്യ
ബോംബെ (മുംബൈ)
ബാംഗ്ലൂർ
മദ്രാസ് (ചെന്നൈ)
തിരുച്ചിറപ്പള്ളി
[13-ാം പേജിലെ ചിത്രങ്ങൾ]
ഹേഡനും മെലഡിയും 1942-ൽ
[16-ാം പേജിലെ ചിത്രം]
ഇന്ത്യയിലെ ബെഥേൽ കുടുംബം, 1975