വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജന്തുലോകം യഹോവയെ മഹത്ത്വപ്പെടുത്തുന്നു

ജന്തുലോകം യഹോവയെ മഹത്ത്വപ്പെടുത്തുന്നു

ജന്തുലോകം യഹോവയെ മഹത്ത്വപ്പെടുത്തുന്നു

ജന്തുലോകം യഹോവയുടെ മഹത്ത്വം വിളിച്ചോതുന്നു. മനുഷ്യവർഗത്തിനായി കരുതുന്നതുപോലെതന്നെ ദൈവം ജന്തുക്കളെയും പരിപാലിക്കുന്നു. (സങ്കീർത്തനം 145:16) അവയെയും നമ്മെയും സൃഷ്ടിച്ചവനെ വിമർശിക്കുന്നത്‌ എന്തൊരു അപരാധമായിരിക്കും! നീതിമാനായ ഒരു വ്യക്തി ആയിരുന്നെങ്കിലും ഇയ്യോബ്‌ “ദൈവത്തെക്കാൾ തന്നെത്താൻ നീതീകരി”ച്ചു.​—⁠ഇയ്യോബ്‌ 32:2; 33:8-12; 34:⁠5.

ദൈവത്തിന്റെ വഴികളെ ചോദ്യംചെയ്യുന്നതു മനുഷ്യർക്കു ഭൂഷണമല്ലെന്ന്‌, ജന്തുലോകത്തിലെ പല ദൃഷ്ടാന്തങ്ങളിലൂടെ യഹോവ ഇയ്യോബിനു കാണിച്ചുകൊടുത്തു. തന്റെ ദാസനായ ഇയ്യോബിനോടുള്ള യഹോവയുടെ വാക്കുകൾ പരിചിന്തിക്കുമ്പോൾ അക്കാര്യം നമുക്കു പൂർണ ബോധ്യമാകും.

ജന്തുലോകത്തിനു മനുഷ്യസഹായം ആവശ്യമില്ല

ജന്തുലോകത്തെക്കുറിച്ചുള്ള ദൈവത്തിന്റെ ചോദ്യങ്ങൾക്കു മറുപടി നൽകാൻ ഇയ്യോബിനു കഴിഞ്ഞില്ല. (ഇയ്യോബ്‌ 38:39-41) സിംഹത്തിനും കാക്കയ്‌ക്കും യഹോവ ആഹാരം പ്രദാനം ചെയ്യുന്നതു മനുഷ്യസഹായം കൂടാതെയാണെന്നതു വ്യക്തമാണ്‌. കാക്കകൾ തീറ്റ തേടി പറന്നുനടക്കുന്നെങ്കിലും യഥാർഥത്തിൽ ദൈവമാണ്‌ അവയ്‌ക്ക്‌ അതു നൽകുന്നത്‌.​—⁠ലൂക്കൊസ്‌ 12:24.

കാട്ടുമൃഗങ്ങളെക്കുറിച്ചു ദൈവം ചോദിച്ചപ്പോൾ ഇയ്യോബിന്‌ ഉത്തരം മുട്ടിപ്പോയി. (ഇയ്യോബ്‌ 39:1-8) കാട്ടാടുകളെയും മാൻപേടകളെയും സംരക്ഷിക്കാൻ ഒരു മനുഷ്യനും കഴിയില്ല. എന്തിന്‌, കാട്ടാടുകളുടെ അടുത്തെത്തുന്നതുപോലും ദുഷ്‌കരമാണ്‌! (സങ്കീർത്തനം 104:18) പ്രസവസമയത്ത്‌ ഒരു പേടമാൻ, കാട്ടിൽ ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്കു പിൻവാങ്ങുന്നത്‌ ദൈവം നൽകിയിരിക്കുന്ന സഹജജ്ഞാനം നിമിത്തമാണ്‌. പ്രസവശേഷം അവൾ കുട്ടികളെ നന്നായി പരിപാലിക്കുന്നു. എന്നാൽ “ബലപ്പെട്ടു”കഴിയുമ്പോൾ “അവ പുറപ്പെട്ടുപോകുന്നു; മടങ്ങിവരുന്നതുമില്ല.” തുടർന്നങ്ങോട്ട്‌, അവ സ്വന്തമായാണു തങ്ങളുടെ കാര്യങ്ങൾ നോക്കുന്നത്‌.

മരുഭൂമിയിൽ സ്വതന്ത്രമായി വിഹരിക്കുന്ന “വരയൻകുതിര”യെക്കൊണ്ടു (NW) ചുമടെടുപ്പിക്കാൻ ഇയ്യോബിനു കഴിയുമായിരുന്നില്ല. മലനിരകളിലെ മേച്ചിൽപ്പുറങ്ങളിലൂടെ അത്‌ “പച്ചയായതൊക്കെയും” തിരഞ്ഞുനടക്കുന്നു. പട്ടണത്തിൽനിന്ന്‌ കൂടുതൽ എളുപ്പം ആഹാരം കണ്ടെത്തുന്നതിന്‌ സ്വാതന്ത്ര്യം അടിയറവെക്കാൻ ഈ മൃഗം തയ്യാറല്ല. അത്‌ “തെളിക്കുന്നവന്റെ ഒച്ച കൂട്ടാക്കുന്നതുമില്ല [“കേൾക്കുന്നില്ല,” ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തം].” എന്തുകൊണ്ടെന്നാൽ, ആരെങ്കിലും അതിന്റെ വിഹാരലോകത്തേക്കു കടന്നുചെന്നാൽ ക്ഷണത്തിൽ അത്‌ ഓടിമറയും.

തുടർന്നു ദൈവം കാട്ടുപോത്തിലേക്കു ശ്രദ്ധ ക്ഷണിച്ചു. (ഇയ്യോബ്‌ 39:9-12) ആംഗലേയ പുരാവസ്‌തു ശാസ്‌ത്രജ്ഞനായ ഓസ്റ്റെൻ ലായാർഡ്‌ ഇങ്ങനെ എഴുതി: “കാട്ടുപോത്ത്‌, സിംഹത്തോളംതന്നെ അപകടകാരിയും വേട്ടക്കാരെ ഹരംപിടിപ്പിക്കുന്നതുമായ ഒരു മൃഗമായി കരുതപ്പെട്ടിരുന്നുവെന്ന്‌ പല കൊത്തുപണികളും സൂചിപ്പിക്കുന്നു. മിക്കപ്പോഴും രാജാവ്‌ അതിനോട്‌ ഏറ്റുമുട്ടുന്നതായും കുതിരപ്പുറത്തു സഞ്ചരിച്ചും പിന്നാലെ ഓടിയും പോരാളികൾ അതിനെ പിടികൂടാൻ ശ്രമിക്കുന്നതായും അവയിൽ കാണാൻ കഴിയും.” (നീനെവേയും ശൂന്യശിഷ്ടങ്ങളും, 1849, വാല്യം 2, പേജ്‌ 326) എങ്കിലും പരാക്രമശാലിയായ കാട്ടുപോത്തിനെ മെരുക്കാൻ സുബോധമുള്ള ആരും മുതിരില്ല.​—⁠സങ്കീർത്തനം 22:21.

പറവജാതികൾ യഹോവയെ മഹത്ത്വപ്പെടുത്തുന്നു

തുടർന്ന്‌ പക്ഷികളെക്കുറിച്ച്‌ ദൈവം ഇയ്യോബിനോടു ചോദിച്ചു. (ഇയ്യോബ്‌ 39:13-18) ശക്തമായ ചിറകുകൾ ഉള്ളതിനാൽ പെരുഞ്ഞാറയ്‌ക്കു വളരെ ഉയരത്തിൽ പറക്കാൻ കഴിയും. (യിരെമ്യാവു 8:7) ഒട്ടകപ്പക്ഷിയുടെ കാര്യം അങ്ങനെയല്ല, ചിറകടിക്കാൻ കഴിയുമെങ്കിലും അതിനു പറക്കാനാവില്ല. പെരുഞ്ഞാറ ചെയ്യുന്നതുപോലെ മരച്ചില്ലകളിൽ തീർക്കുന്ന കൂട്ടിലല്ല അതു മുട്ടയിടുന്നത്‌. (സങ്കീർത്തനം 104:17) ഒട്ടകപ്പക്ഷി മുട്ടയിടാനായി മണലിൽ കുഴി കുഴിക്കുന്നു. എന്നാൽ അവ മുട്ടകൾ അവിടെ ഉപേക്ഷിച്ചുപോകുന്നില്ല എന്നതു ശ്രദ്ധേയമാണ്‌. മുട്ടകൾ മണൽകൊണ്ടു മൂടിയശേഷം അതിനു ചൂടുകിട്ടാൻ ആൺപക്ഷിയും പെൺപക്ഷിയും മാറിമാറി അടയിരിക്കുന്നു.

ശത്രുക്കളുടെ സാമീപ്യം തിരിച്ചറിയുമ്പോൾ ഒട്ടകപ്പക്ഷികൾ “ജ്ഞാനമില്ലാത”വണ്ണം മുട്ടകൾ ഉപേക്ഷിച്ച്‌ ഓടിപ്പോകുന്നതുപോലെ കാണപ്പെട്ടേക്കാം. എന്നാൽ, ആൻ എൻസൈക്ലോപീഡിയ ഓഫ്‌ ബൈബിൾ അനിമൽസ്‌ ഇങ്ങനെ പറയുന്നു: “ശ്രദ്ധ പതറിക്കാനുള്ള ഒരു തന്ത്രമാണ്‌ ഇത്‌: ശത്രുക്കളായ മൃഗങ്ങൾക്കോ മനുഷ്യർക്കോ കാണത്തക്കവിധം നിന്നുകൊണ്ടുതന്നെ [ഒട്ടകപ്പക്ഷികൾ] ചിറകടിച്ച്‌ ശ്രദ്ധയാകർഷിക്കുന്നു. അങ്ങനെ മുട്ട കിടക്കുന്നിടത്തുനിന്നു ശത്രുക്കളെ വഴിമാറ്റിവിടുന്നു.”

എങ്ങനെയാണ്‌ ഒട്ടകപ്പക്ഷി “കുതിരയെയും പുറത്തു കയറിയവനെയും പരിഹസിക്കു”ന്നത്‌? “പറക്കാൻ കഴിയില്ലെങ്കിലും ഒട്ടകപ്പക്ഷിക്ക്‌ അതിവേഗം ഓടാൻ കഴിയും. കാലുകൾ നീളമേറിയവയായതിനാൽ മണിക്കൂറിൽ 64 കിലോമീറ്റർവരെ വേഗത്തിൽ ഓടാൻ അതിനു കഴിയും​—⁠ഓരോ കാൽവെപ്പിലും 4.6 മീറ്ററാണ്‌ അതു പിന്നിടുന്നത്‌.”

ദൈവം കുതിരയ്‌ക്കു ശക്തി കൊടുക്കുന്നു

അടുത്തതായി ദൈവം ഇയ്യോബിനോടു ചോദിച്ചതു കുതിരയെക്കുറിച്ചായിരുന്നു. (ഇയ്യോബ്‌ 39:19-25) മുൻകാലങ്ങളിൽ കുതിരപ്പുറത്തിരുന്നാണ്‌ പോരാളികൾ യുദ്ധം ചെയ്‌തിരുന്നത്‌. രഥങ്ങൾ വലിക്കുന്നതിനും അവയെ ഉപയോഗിച്ചിരുന്നു. രഥമോടിക്കുന്നയാളും ഒരുപക്ഷേ രണ്ടു പോരാളികളുമാണ്‌ രഥത്തിലുണ്ടായിരിക്കുക. യുദ്ധത്തിനായുള്ള തിടുക്കത്തിൽ പടക്കുതിരകൾ ചീറ്റുകയും കുളമ്പുകൊണ്ട്‌ നിലത്തു മാന്തുകയും ചെയ്യുന്നു. വാൾ കണ്ട്‌ അതു പേടിക്കുകയോ പിന്മാറുകയോ ചെയ്യുന്നില്ല. കാഹളനാദം കേൾക്കുമ്പോഴുള്ള പടക്കുതിരയുടെ പ്രതികരണം “ഹാ, ഹാ” എന്നു പറയുന്നതുപോലെയാണ്‌. “നിലം വിഴുങ്ങു”മാറ്‌ അതു മുന്നോട്ടുകുതിക്കുന്നു. എങ്കിലും കുതിരച്ചേവകനെ അത്‌ അനുസരിക്കുന്നു.

സമാനമായ ഒരു വിവരണത്തിൽ, പുരാവസ്‌തു ശാസ്‌ത്രജ്ഞനായ ലായാർഡ്‌ ഇങ്ങനെ എഴുതി: “ആട്ടിൻകുട്ടിയെപ്പോലെ ശാന്തപ്രകൃതമുള്ള അറേബ്യൻ പെൺകുതിരയെ നയിക്കാൻ കടിഞ്ഞാൺ മാത്രം മതിയാകുമെങ്കിലും, പടധ്വനി കേൾക്കുകയും കുതിരച്ചേവകന്റെ കയ്യിൽ കുന്തം കാണുകയും ചെയ്യുന്നമാത്രയിൽ അതിന്റെ കണ്ണുകൾ തീ പോലെ ജ്വലിക്കുകയും കടുംചുവപ്പാർന്ന നാസാരന്ധ്രങ്ങൾ വികസിക്കുകയും ചെയ്യുന്നു. പ്രൗഢഗംഭീരമായി തലയെടുപ്പോടെ നിലകൊള്ളുന്ന അതിന്റെ വാലും കുഞ്ചിരോമവും ഉയർന്ന്‌ കാറ്റിൽ പറക്കാൻ തുടങ്ങും.”

പരുന്തും കഴുകനും

പിന്നീട്‌ മറ്റു ചില പക്ഷികളെക്കുറിച്ച്‌ യഹോവ സംസാരിച്ചു. (ഇയ്യോബ്‌ 39:26-30) പരുന്തുകൾ ഉയർന്നു “പറക്കയും ചിറകു തെക്കോട്ടു വിടർക്കുകയും” ചെയ്യുന്നു. പെരെഗ്രിൻ പരുന്തിനെ ഏറ്റവും വേഗമുള്ള പക്ഷിയെന്ന നിലയിൽ പരാമർശിച്ചുകൊണ്ട്‌ ദ ഗിന്നസ്‌ ബുക്ക്‌ ഓഫ്‌ റെക്കോർഡ്‌സ്‌ ഇങ്ങനെ പറയുന്നു: “വായുവിൽ അഭ്യാസപ്രകടനങ്ങൾ നടത്തിക്കൊണ്ട്‌ വളരെ ഉയരത്തിൽനിന്ന്‌ അതിവേഗം താഴേക്കു പറക്കുമ്പോഴോ ആകാശമധ്യേ മറ്റു പക്ഷികളെ വേട്ടയാടുമ്പോഴോ [അത്‌] അമ്പരപ്പിക്കുന്ന വേഗം കൈവരിക്കുന്നു.” 45 ഡിഗ്രി ചരിവിൽ മണിക്കൂറിൽ 349 കിലോമീറ്റർ വേഗത്തിൽ പറന്നിറങ്ങാൻ ഈ പക്ഷിക്കു കഴിഞ്ഞിട്ടുണ്ട്‌!

കഴുകന്മാർക്ക്‌ മണിക്കൂറിൽ 130 കിലോമീറ്ററിലധികം വേഗത്തിൽ പറക്കാൻ കഴിയും. നമ്മുടെ ആയുഷ്‌കാലം ക്ഷണത്തിൽ കഴിഞ്ഞുപോകുന്നതിനെ ഇയ്യോബ്‌, ഇര തേടുന്ന ഒരു കഴുകന്റെ വേഗത്തോടു താരതമ്യപ്പെടുത്തി. (ഇയ്യോബ്‌ 9:25, 26) സഹിച്ചുനിൽക്കാൻ ദൈവം നമ്മെ ശക്തിപ്പെടുത്തുന്നതിനെ, ഉയരങ്ങളിലേക്കു കുതിക്കുന്ന ഒരു കഴുകന്റെ തളരാത്ത ചിറകുകളിൽ നാം സഞ്ചരിക്കുന്നതിനോടു സാദൃശ്യപ്പെടുത്തിയിരിക്കുന്നു. (യെശയ്യാവു 40:31) പറക്കുമ്പോൾ കഴുകന്മാർ, തെർമലുകൾ എന്നു വിളിക്കപ്പെടുന്ന ഉയർന്നുപൊങ്ങുന്ന ഉഷ്‌ണവായുപിണ്ഡത്തിന്റെ സഹായം തേടുന്നു. തെർമലുകളിൽ കടന്നശേഷം ഈ പക്ഷി അതിനുള്ളിൽ വട്ടംചുറ്റുകയും അതിനോടൊപ്പം മുകളിലേക്ക്‌ ഉയർന്നു പോകുകയും ചെയ്യുന്നു. ഒരു നിശ്ചിത ഉയരത്തിലെത്തിക്കഴിയുമ്പോൾ അത്‌ അടുത്ത വായുപിണ്ഡത്തിലേക്ക്‌ അനായാസം പറക്കുന്നു. ഇവ്വണ്ണം, വളരെക്കുറച്ച്‌ ഊർജം ചെലവഴിച്ചുകൊണ്ട്‌ മണിക്കൂറുകളോളം ആകാശത്തിൽ നിലകൊള്ളാൻ കഴുകനു കഴിയും.

കഴുകൻ ആർക്കും കടന്നുചെല്ലാൻ കഴിയാത്തത്ര “ഉയരത്തിൽ കൂടു വെക്കുകയും” കുഞ്ഞുങ്ങളെ സുരക്ഷിതമായി കാക്കുകയും ചെയ്യുന്നു. അതിനുള്ള സഹജജ്ഞാനം യഹോവ അതിനു നൽകിയിരിക്കുന്നു. ദൈവം നൽകിയിരിക്കുന്ന പ്രാപ്‌തിയാൽ അതിന്റെ “കണ്ണു ദൂരത്തേക്കു കാണുന്നു.” അകലം ഗണ്യമാക്കാതെ ദ്രുതഗതിയിൽ ദൃഷ്ടി കേന്ദ്രീകരിക്കാനുള്ള കഴുകന്റെ കഴിവ്‌, ഉയരത്തിൽനിന്നു പറന്നുവരുമ്പോഴും ഇരയെ അല്ലെങ്കിൽ ശവത്തെ ദൃഷ്ടിപഥത്തിൽ നിലനിറുത്താൻ അതിനെ സഹായിക്കുന്നു. കഴുകൻ ചത്ത മൃഗങ്ങളെ ഭക്ഷിക്കുന്നതിനാൽ, “എവിടെ ശവമുണ്ടോ അവിടെ കഴുകനുണ്ട്‌” എന്നു പറയപ്പെട്ടിരിക്കുന്നു. (ഓശാന ബൈബിൾ) കൂടാതെ ഈ പക്ഷി ചെറിയ ജീവികളെ പിടിച്ച്‌ കുഞ്ഞുങ്ങൾക്ക്‌ എത്തിച്ചുകൊടുക്കുന്നു.

യഹോവ ഇയ്യോബിനു ശിക്ഷണം നൽകുന്നു

ജന്തുക്കളെക്കുറിച്ചു കൂടുതലായ ചോദ്യങ്ങൾ ചോദിക്കുന്നതിനുമുമ്പ്‌ ദൈവം ഇയ്യോബിനു ശിക്ഷണം നൽകുന്നു. ഇയ്യോബിന്റെ പ്രതികരണം എന്തായിരുന്നു? താഴ്‌മയോടെ അവൻ ബുദ്ധിയുപദേശത്തിനു ചെവികൊടുത്തു.​—⁠ഇയ്യോബ്‌ 40:1-14.

ഇയ്യോബിന്റെ ജീവിതാനുഭവം സംബന്ധിച്ച നിശ്വസ്‌ത വിവരണത്തിന്റെ ഈ ഭാഗത്തുനിന്നു നാം പിൻവരുന്ന സുപ്രധാന പാഠം പഠിക്കുന്നു: സർവശക്തനെതിരെ ന്യായയുക്തമായി കുറ്റാരോപണം നടത്താൻ യാതൊരു മനുഷ്യനും കഴിയില്ല. നമ്മുടെ സ്വർഗീയ പിതാവിനു പ്രസാദകരമായ വിധത്തിൽവേണം നാം സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യാൻ. കൂടാതെ, യഹോവയുടെ പവിത്ര നാമത്തിന്റെ വിശുദ്ധീകരണവും അവന്റെ പരമാധികാരത്തിന്റെ ഔചിത്യത്തിന്റെ സംസ്ഥാപനവും ആയിരിക്കണം നമ്മുടെ മുഖ്യതാത്‌പര്യം.

നദീഹയം ദൈവത്തിനു മഹത്ത്വം കരേറ്റുന്നു

ഹിപ്പൊപ്പൊട്ടാമസ്‌ എന്നു പൊതുവേ കരുതപ്പെടുന്ന നദീഹയത്തെക്കുറിച്ചു ചോദിച്ചുകൊണ്ട്‌ ദൈവം വീണ്ടും ജന്തുലോകത്തിലേക്ക്‌ ഇയ്യോബിന്റെ ശ്രദ്ധ ക്ഷണിച്ചു. (ഇയ്യോബ്‌ 40:15-24) പൂർണ വളർച്ചയെത്തിയ ഒരു ഹിപ്പോയ്‌ക്ക്‌ നാലു മുതൽ അഞ്ചുവരെ മീറ്റർ നീളവും 3,600 കിലോഗ്രാം വരെ ഭാരവും ഉണ്ടായിരുന്നേക്കാം. “അതിന്റെ ശക്തി അതിന്റെ കടിപ്രദേശ”ത്തെ അഥവാ അരക്കെട്ടിലെ പേശികളിലാണ്‌. കുറുകിയ കാലുകളുള്ള നദീഹയം നദീതടത്തിലൂടെ മുന്നോട്ടു നീങ്ങുമ്പോൾ ശരീരം കല്ലുകളെ തൊട്ടുരുമ്മുന്നതിനാൽ വയറിലെ കട്ടിയുള്ള ത്വക്ക്‌ അതിന്‌ യഥാർഥത്തിൽ ഒരു സംരക്ഷണമാണ്‌. കൂറ്റൻ ശരീരവും വലിയ വായും ശക്തമായ താടിയെല്ലുകളും ഉള്ള നദീഹയത്തോടു കിടപിടിക്കാൻ ഒരു മനുഷ്യനുമാവില്ല.

“പുല്ലു” തിന്നുന്നതിനായി നദീഹയം നദിയിൽനിന്നു കയറിവരുന്നു. അതിന്റെ തീറ്റ കണ്ടാൽ ഒരു മലമ്പ്രദേശം മുഴുവൻ വെളുപ്പിക്കുമെന്നു തോന്നിപ്പോകും! ദിവസവും ഏകദേശം 90 മുതൽ 180 വരെ കിലോഗ്രാം സസ്യലതാദികളാണ്‌ അത്‌ അകത്താക്കുന്നത്‌. വിശപ്പടങ്ങിക്കഴിയുമ്പോൾ നീർമരുതിന്റെയോ പോപ്ലറിന്റെയോ തണലിൽ വിശ്രമിക്കുന്നു. നദി കരകവിഞ്ഞൊഴുകുന്നപക്ഷം തല വെള്ളത്തിനു മുകളിൽ പിടിച്ചുകൊണ്ട്‌ പ്രളയജലത്തിൽനിന്നു നീന്തിക്കയറാൻ ഹിപ്പോയ്‌ക്കു കഴിയും. നദീഹയത്തിന്റെ വലിയ വായും ഉരുക്കു തേറ്റകളും, അതിന്റെ മൂക്കിൽ കൊളുത്തിട്ടു പിടിക്കാൻ ശ്രമിക്കുന്നതിൽനിന്ന്‌ ഇയ്യോബിനെ പിന്തിരിപ്പിക്കും.

മഹാനക്രം ദൈവത്തെ പ്രകീർത്തിക്കുന്നു

അടുത്തതായി ഇയ്യോബ്‌ മഹാനക്രത്തക്കുറിച്ചു കേൾക്കുന്നു. (ഇയ്യോബ്‌ 41:1-34) “ഞൊറിച്ചിൽപോലെ മടക്കുകളുള്ള ത്വക്കോടുകൂടിയ ജീവി”യെ​—⁠പ്രത്യക്ഷത്തിൽ മുതലയെ​—⁠ആണ്‌ മഹാനക്രം എന്നതിനുള്ള എബ്രായ പദം അർഥമാക്കുന്നത്‌. മഹാനക്രത്തെ കുട്ടികൾക്കു കളിക്കാനായി പിടിച്ചുകൊടുക്കാൻ ഇയ്യോബിനു കഴിയുമായിരുന്നോ? ഒരിക്കലുമില്ല! അതുമായുള്ള ഇടപഴകൽ ആപത്‌കരമാണെന്ന്‌ അനുഭവങ്ങൾ കൂടെക്കൂടെ തെളിയിച്ചിരിക്കുന്നു. മഹാനക്രത്തെ വരുതിയിലാക്കാൻ ആരെങ്കിലും ശ്രമിക്കുന്നപക്ഷം പൊരിഞ്ഞ പോരാട്ടം ഉറപ്പാണ്‌. പിന്നീടൊരിക്കലും അയാൾ അതിനു തുനിയുകയില്ല!

സൂര്യൻ ഉദിച്ചുയരവേ, മഹാനക്രം ജലോപരിതലത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ അതിന്റെ കണ്ണുകൾ “പ്രഭാതരശ്‌മികൾപോലെ” തിളങ്ങുന്നു. (ഓശാന ബൈബിൾ) മഹാനക്രത്തിന്‌ ഇടതൂർന്ന ശൽക്കങ്ങളാണുള്ളത്‌. വാളിനോ കുന്തത്തിനോ​—⁠വെടിയുണ്ടകൾക്കുപോലുമോ​—⁠അതിന്റെ ചർമത്തിനടിയിലുള്ള പരന്ന എല്ലുകളെ എളുപ്പത്തിൽ തുളച്ചുകടക്കാനാവില്ല. മുതലയുടെ ഉദരഭാഗത്തുള്ള മൂർച്ചയുള്ള ശൽക്കങ്ങൾ ചെളിനിറഞ്ഞ നദീതീരങ്ങളിൽ “മെതിവണ്ടി”യുടേതുപോലുള്ള അടയാളം അവശേഷിപ്പിക്കുന്നു. (ഓശാന ബൈബിൾ) അതിന്റെ കോപപ്രകടനങ്ങൾ ജലാശയത്തെ നുരഞ്ഞുപൊന്തുന്ന തൈലംപോലെയാക്കുന്നു. അസാധാരണമായ വലുപ്പവും ശക്തമായ കവചവും പോരിനുള്ള ആയുധങ്ങളും, അതായത്‌ പേടിപ്പെടുത്തുന്ന വായും ബലിഷ്‌ഠമായ വാലും, ഉള്ളതിനാൽ മഹാനക്രത്തിന്‌ ഭയം എന്തെന്നറിയില്ല.

ഇയ്യോബ്‌ അനുതപിക്കുന്നു

“എനിക്കറിഞ്ഞുകൂടാതവണ്ണം അത്ഭുതമേറിയതു ഞാൻ തിരിച്ചറിയാതെ പറഞ്ഞുപോയി” എന്ന്‌ ഇയ്യോബ്‌ സമ്മതിച്ചുപറഞ്ഞു. (ഇയ്യോബ്‌ 42:1-3) അവൻ ദൈവത്തിന്റെ തിരുത്തലുകൾ കൈക്കൊള്ളുകയും പറഞ്ഞുപോയതെല്ലാം പിൻവലിച്ച്‌ അനുതപിക്കുകയും ചെയ്‌തു. ഇയ്യോബിന്റെ സ്‌നേഹിതന്മാരെ ദൈവം ശാസിച്ചെങ്കിലും ഇയ്യോബിനെ അവൻ സമൃദ്ധമായി അനുഗ്രഹിച്ചു.​—⁠ഇയ്യോബ്‌ 42:4-17.

ഇയ്യോബിനുണ്ടായ അനുഭവം അനുസ്‌മരിക്കുന്നത്‌ എത്ര ജ്ഞാനപൂർണമാണ്‌! ദൈവം അവനോടു ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കൊടുക്കാൻ നമുക്കു കഴിയുമെന്നു തോന്നുന്നില്ല. എന്നാൽ യഹോവയ്‌ക്കു മഹത്ത്വം കരേറ്റുന്ന, സൃഷ്ടിയിലെ വൈവിധ്യമാർന്ന അനേകം അത്ഭുതങ്ങളെ അതിയായി വിലമതിക്കാൻ നമുക്കു കഴിയും, നാം അങ്ങനെ ചെയ്യേണ്ടത്‌ അനിവാര്യവുമാണ്‌.

[13-ാം പേജിലെ ചിത്രം]

കാട്ടാട്‌

[13-ാം പേജിലെ ചിത്രം]

മലങ്കാക്ക

[13-ാം പേജിലെ ചിത്രം]

സിംഹി

[14-ാം പേജിലെ ചിത്രം]

വരയൻകുതിര

[14-ാം പേജിലെ ചിത്രം]

ഒട്ടകപ്പക്ഷി അതിന്റെ മുട്ട കിടക്കുന്നിടത്തുനിന്ന്‌ ഓടിയകലുന്നെങ്കിലും അവ ഉപേക്ഷിക്കുന്നില്ല

[14-ാം പേജിലെ ചിത്രം]

ഒട്ടകപ്പക്ഷിയുടെ മുട്ടകൾ

[14, 15 പേജുകളിലെ ചിത്രം]

പെരെഗ്രിൻ പരുന്ത്‌

[കടപ്പാട്‌]

പരുന്ത്‌: © Joe McDonald/Visuals Unlimited

[15-ാം പേജിലെ ചിത്രം]

അറേബ്യൻ പെൺകുതിര

[15-ാം പേജിലെ ചിത്രം]

സ്വർണക്കഴുകൻ

[16-ാം പേജിലെ ചിത്രം]

നദീഹയം ഹിപ്പൊപ്പൊട്ടാമസ്‌ ആണെന്ന്‌ പൊതുവേ കരുതപ്പെടുന്നു

[16-ാം പേജിലെ ചിത്രം]

ബലശാലിയായ മുതലയെയാണ്‌ മഹാ നക്രം അർഥമാക്കുന്നതെന്ന്‌ കരുതപ്പെടുന്നു