വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മത്യാഗം യഹോവയുടെ അനുഗ്രഹങ്ങൾ കൈവരുത്തുന്നു

ആത്മത്യാഗം യഹോവയുടെ അനുഗ്രഹങ്ങൾ കൈവരുത്തുന്നു

“എന്റെ സഹായം . . . യഹോവയിങ്കൽനിന്നു വരുന്നു”

ആത്മത്യാഗം യഹോവയുടെ അനുഗ്രഹങ്ങൾ കൈവരുത്തുന്നു

ഒരാൾ കാമറൂണിലെ നിബിഡ വനങ്ങളിലൂടെ സൈക്കിളിൽ യാത്ര ചെയ്യുകയാണ്‌. മറ്റുള്ളവരെ ബലപ്പെടുത്തുന്നതിനായി അദ്ദേഹം വെള്ളംനിറഞ്ഞ, അപകടം പതിയിരിക്കുന്ന വഴികളിലൂടെയും ചെളിയിലൂടെയും മണിക്കൂറുകൾ യാത്രചെയ്യുന്നു. ഒറ്റപ്പെട്ട ഒരു കൂട്ടത്തെ പഠിപ്പിക്കുന്നതിന്‌ സിംബാബ്‌വേയിലുള്ള ചിലർ കരകവിഞ്ഞൊഴുകുന്ന നദികൾ കടന്ന്‌ 15 കിലോമീറ്ററോളം നടക്കുന്നു, ചെരിപ്പുകളും മാറാനുള്ള വസ്‌ത്രങ്ങളും നനയാതിരിക്കാൻ അവ തലയിൽവെച്ചുകൊണ്ടാണ്‌ യാത്ര. മറ്റൊരിടത്ത്‌ ഒരു സ്‌ത്രീ വെളുപ്പിനു നാലു മണിക്ക്‌ എഴുന്നേറ്റ്‌, ഒരു നഴ്‌സിനെ പഠിപ്പിക്കുന്നതിനായി യാത്രയാകുന്നു.

ഈ മൂന്നു ദൃഷ്ടാന്തങ്ങളിലും എന്തു സമാനതയാണ്‌ ഉള്ളത്‌? ഉൾപ്പെട്ടിരിക്കുന്ന വ്യക്തികളെല്ലാം യഹോവയുടെ സാക്ഷികളുടെയിടയിലെ മുഴുസമയ ശുശ്രൂഷകരാണ്‌, ബൈബിൾ സത്യം പഠിപ്പിക്കുന്ന വേലയിൽ ഏർപ്പെട്ടിരിക്കുന്നവരാണ്‌ അവർ. അവരിൽ സാധാരണ, പ്രത്യേക പയനിയർമാരും മിഷനറിമാരും സഞ്ചാര മേൽവിചാരകന്മാരും ഗോളവ്യാപകമായുള്ള ബെഥേൽ ഭവനങ്ങളിലെ ആയിരക്കണക്കിനു സന്നദ്ധസേവകരും ഉൾപ്പെടുന്നു. ആത്മത്യാഗമാണ്‌ അവരുടെ മുഖമുദ്ര. *

ശരിയായ പ്രേരകഘടകം

യഹോവയുടെ സാക്ഷികൾ, തിമൊഥെയൊസിനുള്ള അപ്പൊസ്‌തലനായ പൗലൊസിന്റെ വാക്കുകൾ അനുസരിക്കുന്നു: “സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്‌പാൻ ശ്രമിക്ക.” (2 തിമൊഥെയൊസ്‌ 2:⁠15) എന്നാൽ മുഴുസമയ ശുശ്രൂഷകരായി സേവിക്കാൻ ലക്ഷക്കണക്കിനു സാക്ഷികളെ പ്രേരിപ്പിക്കുന്നത്‌ എന്താണ്‌?

യഹോവയെ സേവിക്കാൻ തീവ്രമായി ശ്രമിക്കുന്നതിന്റെ കാരണം ആരാഞ്ഞാൽ, ദൈവത്തോടും സഹമനുഷ്യരോടും ഉള്ള സ്‌നേഹം എന്നായിരിക്കും മുഴുസമയ സേവകരുടെ മറുപടി. (മത്തായി 22:⁠37-39) അത്‌ ഏറ്റവും ഉചിതവുമാണ്‌, കാരണം പ്രേരകഘടകം സ്‌നേഹമല്ലെങ്കിൽ ചെയ്യുന്ന എന്തു ശ്രമവും വ്യർഥമായിരിക്കും.​—⁠1 കൊരിന്ത്യർ 13:⁠1-3.

ആത്മത്യാഗപരമായ സ്‌നേഹം

സമർപ്പിതരായ എല്ലാ ക്രിസ്‌ത്യാനികളും യേശുവിന്റെ ഈ ക്ഷണം സ്വീകരിച്ചിട്ടുള്ളവരാണ്‌: “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.” (മത്തായി 16:⁠24) തന്നെത്താൻ ത്യജിക്കുകയെന്നാൽ യഹോവയുടെയും യേശുക്രിസ്‌തുവിന്റെയും ഉടമസ്ഥതയ്‌ക്കും മാർഗനിർദേശത്തിനും മനസ്സോടെ കീഴ്‌പെടുക എന്നാണർഥം. ഇത്‌ മുഴുസമയ ശുശ്രൂഷകരെന്ന നിലയിൽ ആത്മത്യാഗപരമായ സേവനം ചെയ്യുന്നതിന്‌ പലരെയും പ്രേരിപ്പിച്ചിരിക്കുന്നു.

യഹോവയ്‌ക്കുള്ള തങ്ങളുടെ സേവനം വിപുലപ്പെടുത്താൻ ഒട്ടനവധി സാക്ഷികൾ വലിയ ശ്രമം ചെയ്യുന്നു. ബ്രസീലിലെ സാവൊ പൗലൊയിൽ ഒരു സാധാരണ പയനിയറായ, 56 വയസ്സുള്ള ഷൂല്യയുടെ കാര്യമെടുക്കുക. അവർ പറയുന്നു: “ചൈനീസ്‌ ഭാഷ പഠിക്കാൻ താത്‌പര്യമുണ്ടോയെന്ന്‌ ഒരു ചൈനീസ്‌ സഹോദരൻ ഫോണിലൂടെ എന്നോടു ചോദിച്ചു. എന്റെ പ്രായം നിമിത്തം ഒരു പുതിയ ഭാഷ പഠിക്കുന്നതിനെക്കുറിച്ചു ഞാൻ ചിന്തിച്ചിരുന്നതേയില്ല. എന്നാൽ ഏതാനും ദിവസങ്ങൾക്കുശേഷം ദുഷ്‌കരമായ ആ ദൗത്യം ഞാൻ ഏറ്റെടുത്തു. ഇപ്പോൾ ചൈനീസ്‌ ഭാഷയിൽ തിരുവെഴുത്ത്‌ അവതരണങ്ങൾ നടത്താൻ എനിക്കു കഴിയുന്നുണ്ട്‌.”

പെറുവിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസ്‌ റിപ്പോർട്ടു ചെയ്യുന്നു: “സമീപ വർഷങ്ങളിൽ നൂറുകണക്കിനു സാധാരണ പയനിയർമാർ ഇതുവരെ പ്രവർത്തിക്കാത്ത പ്രദേശങ്ങളിലേക്കു മാറിത്താമസിച്ചുകൊണ്ട്‌ ധീരവും ആത്മത്യാഗപരവും ആയ മനോഭാവം പ്രകടിപ്പിച്ചിരിക്കുന്നു. ആധുനിക സൗകര്യങ്ങളില്ലാത്ത, തൊഴിലവസരങ്ങൾ പരിമിതമായ വിദൂരസ്ഥ പട്ടണങ്ങളിലേക്കാണ്‌ അവർ മാറുന്നത്‌. തങ്ങളുടെ നിയമനങ്ങളിൽ തുടരുന്നതിനായി ഏതു ത്യാഗവും ചെയ്യാൻ ഈ സഹോദരീസഹോദരന്മാർ മനസ്സൊരുക്കമുള്ളവരാണ്‌. എന്നാൽ ഏറ്റവും പ്രധാനമായ സംഗതി, ശുശ്രൂഷയിലെ അവരുടെ പ്രവർത്തനം മിക്ക സ്ഥലങ്ങളിലും നല്ല ഫലങ്ങൾ കൈവരുത്തുന്നു എന്നതാണ്‌. ആത്മത്യാഗികളായ ഈ സാധാരണ പയനിയർമാരുടെ സഹായത്തോടെ പുതിയ കൂട്ടങ്ങൾ രൂപവത്‌കരിച്ചിരിക്കുന്നതായി സഞ്ചാര മേൽവിചാരകന്മാർ റിപ്പോർട്ടു ചെയ്യുന്നു.”

സഹവിശ്വാസികളെ സഹായിക്കുന്നതിനുവേണ്ടി സ്വന്തം ജീവൻ പണയപ്പെടുത്താൻപോലും ചില ക്രിസ്‌ത്യാനികൾ തയ്യാറായിട്ടുണ്ട്‌. (റോമർ 16:⁠3, 4) ആഫ്രിക്കയിലെ യുദ്ധബാധിത പ്രദേശങ്ങളിലൊന്നിലെ സർക്കിട്ട്‌ മേൽവിചാരകൻ പറയുന്നു: “ഒരിക്കൽ ഞാനും ഭാര്യയും വിപ്ലവകാരികളുടെ അധീനതയിലുള്ള ഒരു പ്രദേശത്തുകൂടെ പോകുകയായിരുന്നു. ഗവൺമെന്റ്‌ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്കു കടക്കുന്നതിനു മുമ്പായി വെച്ചിരുന്ന ഒടുവിലത്തെ മാർഗതടസ്സത്തിനടുത്ത്‌ എത്തുന്നതിനുമുമ്പ്‌ വിപ്ലവകാരികളുടെ പക്ഷത്തുള്ള നാലു സൈനിക തലവന്മാരും അവരുടെ അംഗരക്ഷകരും എന്നെയും ഭാര്യയെയും വളഞ്ഞു. അവർ ഞങ്ങളെ ചോദ്യം ചെയ്യാൻ തുടങ്ങി. തിരിച്ചറിയൽ കാർഡുകൾ പരിശോധിക്കവേ ഞങ്ങൾ ഗവൺമെന്റ്‌ നിയന്ത്രിത പ്രദേശത്തുനിന്നുള്ളവരാണെന്നു മനസ്സിലാക്കിയ അവർക്കു സംശയമായി. ഞാൻ ഒരു ചാരനാണെന്ന്‌ അവർ ആരോപിച്ചു. അതുകൊണ്ട്‌ എന്നെ ഒരു കുഴിയിലേക്ക്‌ എറിയാൻ അവർ തീരുമാനിച്ചു. ഞങ്ങൾ ആരാണെന്ന്‌ ഞാൻ വിശദീകരിച്ചു, ഒടുവിൽ അവർ ഞങ്ങളെ പോകാൻ അനുവദിച്ചു.” ആത്മത്യാഗികളായ ഈ ദമ്പതികൾ തങ്ങളെ സന്ദർശിക്കാൻ എത്തിച്ചേർന്നതിൽ സഭകൾ എത്ര നന്ദിയുള്ളവരായിരുന്നു!

ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടതുണ്ടെങ്കിലും അത്തരം മുഴുസമയ സേവകരുടെ എണ്ണം ലോകവ്യാപകമായി വർധിക്കുകയാണ്‌. (യെശയ്യാവു 6:⁠8) ഉത്സാഹികളായ ഈ പ്രവർത്തകർ യഹോവയെ സേവിക്കാനുള്ള തങ്ങളുടെ പദവിയെ അങ്ങേയറ്റം മൂല്യവത്തായി കരുതുന്നു. സമാനമായ ആത്മത്യാഗമനോഭാവത്തോടെ ലക്ഷങ്ങൾ ഇപ്പോൾ യഹോവയെ സ്‌തുതിക്കുന്നു. അവൻ അവരെയും അനുഗ്രഹിക്കുന്നു. (സദൃശവാക്യങ്ങൾ 10:⁠22) യഹോവയുടെ തുടർച്ചയായ അനുഗ്രഹത്തിലും പിന്തുണയിലും ഉള്ള ഉറച്ച വിശ്വാസത്തോടെ കഠിനാധ്വാനികളായ ആ പ്രവർത്തകർ സങ്കീർത്തനക്കാരന്റെ മനോഭാവം പ്രതിഫലിപ്പിക്കുന്നു. അവൻ ഇങ്ങനെ പാടി: “എന്റെ സഹായം . . . യഹോവയിങ്കൽനിന്നു വരുന്നു.”​—⁠സങ്കീർത്തനം 121:⁠2.

[അടിക്കുറിപ്പ്‌]

^ ഖ. 4 യഹോവയുടെ സാക്ഷികളുടെ കലണ്ടർ 2005, നവംബർ/ഡിസംബർ കാണുക.

[9-ാം പേജിലെ ആകർഷക വാക്യം]

“നിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു.”​—⁠സങ്കീർത്തനം 110:⁠3.

[8-ാം പേജിലെ ചതുരം]

തന്റെ അർപ്പിത ദാസരെ യഹോവ വിലപ്പെട്ടവരായി വീക്ഷിക്കുന്നു

“ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്‌നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ.”​—⁠1 കൊരിന്ത്യർ 15:⁠58.

“ദൈവം നിങ്ങളുടെ പ്രവൃത്തിയും . . . തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.”​—⁠എബ്രായർ 6:⁠10.