വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“എന്റെ ജീവിതത്തിലെ ഒരു അവിസ്‌മരണീയ ദിനം”

“എന്റെ ജീവിതത്തിലെ ഒരു അവിസ്‌മരണീയ ദിനം”

“എന്റെ ജീവിതത്തിലെ ഒരു അവിസ്‌മരണീയ ദിനം”

“യുവജനങ്ങളോടുള്ള ബന്ധത്തിൽ ഏറ്റവുമധികം റിപ്പോർട്ടു ചെയ്യപ്പെടുന്നതും സാധ്യതയനുസരിച്ച്‌ അവരുടെ മാനസികാരോഗ്യ പ്രശ്‌നങ്ങളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നതും വിഷാദമാണ്‌” എന്ന്‌ ഓസ്‌ട്രേലിയൻ ഗവൺമെന്റിന്റെ പിന്തുണയോടുകൂടി പ്രവർത്തിക്കുന്ന ഒരു ഏജൻസിയായ ബിയോൺഡ്‌ ബ്ലൂ പ്രസ്‌താവിക്കുന്നു. ഓരോ വർഷവും ഓസ്‌ട്രേലിയയിൽ 1,00,000-ത്തോളം യുവജനങ്ങൾ വിഷാദം അനുഭവിക്കുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു.

ക്രിസ്‌തീയ യുവജനങ്ങളും ഇതിൽനിന്ന്‌ ഒഴിവുള്ളവരല്ല. എങ്കിലും നിഷേധാത്മക വികാരങ്ങളെ കീഴടക്കി യൗവനം വിജയകരമാക്കാൻ യഹോവയിലുള്ള വിശ്വാസം അവരിൽ അനേകരെ സഹായിച്ചിരിക്കുന്നു. അങ്ങനെ ചെയ്യുകവഴി അവർ മറ്റുള്ളവരിൽ നല്ല മതിപ്പ്‌ ഉളവാക്കുന്നു. എങ്ങനെ?

ക്ലാർ എന്ന 18 വയസ്സുകാരിയുടെ അനുഭവം നോക്കുക. അവളും അമ്മയും മെൽബണിലുള്ള യഹോവയുടെ സാക്ഷികളുടെ ഒരു സഭയോടൊത്താണു സഹവസിക്കുന്നത്‌. പിതാവു കുടുംബത്തെ ഉപേക്ഷിച്ചുപോയതിനെ തുടർന്ന്‌ ക്ലാർ വിഷാദത്തിന്‌ അടിമയായി. എങ്കിലും സ്വർഗീയ പിതാവായ യഹോവയിലുള്ള അവളുടെ വിശ്വാസം ശക്തമായിത്തന്നെ തുടർന്നു. ഒരു ദിവസം, കുടുംബഡോക്ടറായ ലിഡിയ, സുഖമില്ലാതിരിക്കുകയായിരുന്ന ക്ലാറിന്റെ അമ്മയ്‌ക്ക്‌ എങ്ങനെയുണ്ടെന്ന്‌ അറിയാനായി അവളുടെ വീട്ടിലെത്തി. തുടർന്ന്‌, ഷോപ്പിങ്‌ സെന്ററിലേക്ക്‌ തന്റെ വാഹനത്തിൽ കൊണ്ടുപോകാമെന്നു ഡോക്ടർ ക്ലാറിനോടു പറഞ്ഞു. യാത്രയിലായിരിക്കെ, ക്ലാറിന്‌ ബോയ്‌ഫ്രണ്ട്‌ ആരെങ്കിലുമുണ്ടോയെന്നു ഡോക്ടർ ചോദിച്ചു. യഹോവയുടെ സാക്ഷിയായതിനാൽ താൻ നേരമ്പോക്കിനുവേണ്ടിയുള്ള പ്രണയബന്ധങ്ങളിൽ ഏർപ്പെടാറില്ലെന്ന്‌ അവൾ വ്യക്തമാക്കി. ഇത്‌ ആ ഡോക്ടറെ ആശ്ചര്യപ്പെടുത്തി. ജീവിതത്തിൽ ജ്ഞാനപൂർവകമായ തീരുമാനങ്ങളെടുക്കാൻ ബൈബിൾ തന്നെ സഹായിച്ചിരിക്കുന്നത്‌ എങ്ങനെയെന്ന്‌ ക്ലാർ തുടർന്നു വിശദീകരിച്ചു. ഒടുവിൽ, തന്നെ വളരെയേറെ സഹായിച്ചിരിക്കുന്ന ഒരു ബൈബിളധിഷ്‌ഠിത പുസ്‌തകവും അവൾ ഡോക്ടർക്കു വാഗ്‌ദാനം ചെയ്‌തു. യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്‌തകമായിരുന്നു അത്‌.

പുസ്‌തകം ലഭിച്ചു മൂന്നു ദിവസം കഴിഞ്ഞപ്പോൾ, അതിന്റെ വായന താൻ എത്രമാത്രം ആസ്വദിച്ചെന്നു ഡോക്ടർ ക്ലാറിന്റെ അമ്മയെ ഫോണിൽ അറിയിച്ചു. സഹപ്രവർത്തകർക്കായി അവർ ആ പുസ്‌തകത്തിന്റെ ആറു പ്രതികൾകൂടെ ആവശ്യപ്പെട്ടു. ക്ലാർ ആ പുസ്‌തകങ്ങൾ കൊണ്ടുപോയിക്കൊടുത്തപ്പോൾ, അവളുടെ വിശ്വാസം തന്നിൽ എത്രമാത്രം മതിപ്പുളവാക്കിയെന്ന്‌ ഡോക്ടർ പറഞ്ഞു. ക്ലാർ ബൈബിൾ പഠിപ്പിക്കാമെന്നു പറഞ്ഞപ്പോൾ അവർ അതിനു സമ്മതിച്ചു.

ഏതാനും മാസക്കാലത്തേക്ക്‌ ഡോക്ടറുടെ ഉച്ചഭക്ഷണ ഇടവേളയിലാണ്‌ ക്ലാർ ബൈബിളധ്യയനം നടത്തിയിരുന്നത്‌. അങ്ങനെയിരിക്കെ, യുവജനങ്ങൾക്കിടയിലെ വിഷാദത്തെക്കുറിച്ച്‌ ഒരു സെമിനാറിൽ സംസാരിക്കാമോയെന്ന്‌ അവർ ക്ലാറിനോട്‌ ചോദിച്ചു. ഭയമുണ്ടായിരുന്നെങ്കിലും ക്ലാർ അതിനു സമ്മതിച്ചു. 60-ലധികം പേർ ആ സെമിനാറിൽ സംബന്ധിച്ചു. മുതിർന്നവരായ നാലു മാനസികാരോഗ്യ വിദഗ്‌ദ്ധർ സദസ്സിനോടു സംസാരിച്ചു. തുടർന്നുവന്നത്‌ ക്ലാറിന്റെ ഊഴമായിരുന്നു. യുവജനങ്ങൾക്കു ദൈവവുമായി ഒരു ബന്ധമുണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യത്തിന്‌ അവൾ ഊന്നൽ നൽകി. യുവജനങ്ങളിൽ യഹോവയാം ദൈവത്തിനു സവിശേഷ താത്‌പര്യമുണ്ടെന്നും അവൻ അവർക്കുവേണ്ടി വളരെ നന്നായി കരുതുന്നുവെന്നും പിന്തുണയ്‌ക്കും ആശ്വാസത്തിനുമായി തന്നിലേക്കു തിരിയുന്ന ഏവരെയും അവൻ സഹായിക്കുന്നുവെന്നും അവൾ വിശദീകരിച്ചു. കൂടാതെ, യഹോവ താമസിയാതെതന്നെ ശാരീരികവും മാനസികവുമായ സകല ആരോഗ്യപ്രശ്‌നങ്ങളും ഇല്ലാതാക്കുമെന്ന തന്റെ ബോധ്യവും അവൾ തദവസരത്തിൽ പ്രകടമാക്കി. (യെശയ്യാവു 33:24) ഈ നല്ല സാക്ഷ്യത്തിന്റെ ഫലമെന്തായിരുന്നു?

ക്ലാർ പറയുന്നു: “ഒരു ചെറുപ്പക്കാരി ദൈവത്തെക്കുറിച്ച്‌ സംസാരിക്കുന്നതു കേട്ടത്‌ തങ്ങളിൽ എത്ര മതിപ്പുളവാക്കിയെന്നു പറയാനായി പരിപാടി കഴിഞ്ഞയുടൻ പലരും എന്റെ അടുത്തുവന്നു. യുവജനങ്ങൾ ചോദിക്കുന്നു പുസ്‌തകത്തിന്റെ 23 പ്രതികൾ ഞാൻ സമർപ്പിച്ചു. സദസ്സിലുണ്ടായിരുന്ന മൂന്നു പെൺകുട്ടികൾ അവരുടെ ടെലിഫോൺ നമ്പർ എനിക്കു നൽകി. അതിലൊരാൾ ഇപ്പോൾ ബൈബിൾ പഠിച്ചുകൊണ്ടിരിക്കുകയാണ്‌. അത്‌ എന്റെ ജീവിതത്തിലെ ഒരു അവിസ്‌മരണീയ ദിനം ആയിരുന്നു.”