തെറ്റായ ചിന്തകളെ ചെറുക്കുക!
തെറ്റായ ചിന്തകളെ ചെറുക്കുക!
പൂർവപിതാവായ ഇയ്യോബ് കഷ്ടപ്പാടുകൾ അനുഭവിച്ചുകൊണ്ടിരുന്നപ്പോൾ, സ്നേഹിതന്മാരായ എലീഫസും ബിൽദാദും സോഫറും അദ്ദേഹത്തെ സന്ദർശിച്ചു. അവന്റെ വേദനയിൽ സഹതപിക്കാനും അവനെ ആശ്വസിപ്പിക്കാനും ആണ് അവർ എത്തിയത്. (ഇയ്യോബ് 2:11) ആ മൂവരിൽ ഏറ്റവും സ്വാധീനവും ഒരുപക്ഷേ, പ്രായവും ഉണ്ടായിരുന്നത് എലീഫസിന് ആയിരുന്നു. അവനാണു സംഭാഷണത്തിനു തുടക്കമിട്ടതും കൂടുതൽ സംസാരിച്ചതും. സംസാരിച്ച മൂന്നു തവണയും അവൻ ഏതുതരം ചിന്തയാണു പ്രതിഫലിപ്പിച്ചത്?
ഒരിക്കൽ തനിക്കുണ്ടായ അലൗകികമായ ഒരു അനുഭവം അനുസ്മരിച്ചുകൊണ്ട് എലീഫസ് പറയുന്നു: ‘ഒരാത്മാവു എന്റെ മുഖത്തിന്നെതിരെ കടന്നു എന്റെ ദേഹത്തിന്നു രോമഹർഷം ഭവിച്ചു. ഒരു പ്രതിമ എന്റെ കണ്ണിന്നെതിരെ നിന്നു; എങ്കിലും അതിന്റെ രൂപം ഞാൻ തിരിച്ചറിഞ്ഞില്ല; മന്ദമായോരു സ്വരം ഞാൻ കേട്ടു.’ (ഇയ്യോബ് 4:15, 16) ഏതുതരം ആത്മാവാണ് എലീഫസിന്റെ ചിന്തയെ സ്വാധീനിച്ചത്? അത് തീർച്ചയായും ദൈവത്തിന്റെ നീതിനിഷ്ഠരായ ദൂതന്മാരിൽ ഒരാളായിരുന്നില്ലെന്നാണ് എലീഫസിന്റെ തുടർന്നുള്ള വാക്കുകളുടെ ധ്വനി പ്രകടമാക്കുന്നത്. (ഇയ്യോബ് 4:17, 18) അത് ഒരു ദുഷ്ട ആത്മജീവി ആയിരുന്നു. അല്ലെങ്കിൽപ്പിന്നെ, നുണ പറഞ്ഞതിന് എലീഫസിനെയും അവന്റെ സ്നേഹിതന്മാരെയും യഹോവ എന്തിനു ശാസിക്കണം? (ഇയ്യോബ് 42:7) അതേ, അവൻ ഭൂതസ്വാധീനത്തിൻകീഴിൽ ആയിരുന്നു. അവന്റെ വാക്കുകൾ അഭക്ത ചിന്തകളാണു പ്രതിഫലിപ്പിച്ചത്.
എലീഫസിന്റെ പ്രസ്താവനകളിൽനിന്ന് എന്ത് ആശയമാണു മനസ്സിലാക്കാൻ കഴിയുന്നത്? തെറ്റായ ചിന്തകൾക്കെതിരെ നാം ജാഗ്രത പുലർത്തേണ്ടത് എന്തുകൊണ്ട്? അവയെ ചെറുക്കാൻ നമുക്ക് എന്തു നടപടികൾ സ്വീകരിക്കാൻ കഴിയും?
‘സ്വദാസന്മാരിൽ അവന്നു വിശ്വാസമില്ല’
ദൈവം തന്റെ ദാസന്മാരിൽനിന്നു വളരെയധികം ആവശ്യപ്പെടുന്നവനും എത്ര നന്നായി പ്രവർത്തിച്ചാലും പ്രസാദിക്കാത്തവനും ആണെന്ന് മൂന്നു തവണ സംസാരിച്ചപ്പോഴും എലീഫസ് സൂചിപ്പിച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “ഇതാ, സ്വദാസന്മാരിലും അവന്നു വിശ്വാസമില്ല; തന്റെ ദൂതന്മാരിലും അവൻ കുറ്റം ആരോപിക്കുന്നു.” (ഇയ്യോബ് 4:18) അവൻ ഇങ്ങനെ തുടർന്നു: “തന്റെ വിശുദ്ധന്മാരിലും അവന്നു വിശ്വാസമില്ലല്ലോ; സ്വർഗ്ഗവും തൃക്കണ്ണിന്നു നിർമ്മലമല്ല.” (ഇയ്യോബ് 15:15) “നീ ധർമിഷ്ഠനെങ്കിൽ സർവ്വശക്തന് അതിൽ എന്തു സന്തോഷം?” എന്നും അവൻ ചോദിച്ചു. (ഇയ്യോബ് 22:3, ഓശാന ബൈബിൾ) ബിൽദാദും ഈ വീക്ഷണത്തോടു യോജിച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “ചന്ദ്രന്നുപോലും ശോഭയില്ലല്ലോ; നക്ഷത്രങ്ങളും തൃക്കണ്ണിന്നു ശുദ്ധിയുള്ളവയല്ല.”—ഇയ്യോബ് 25:5.
അത്തരം ചിന്തകളാൽ സ്വാധീനിക്കപ്പെടുന്നതിനെതിരെ നാം ജാഗ്രത പുലർത്തണം. ദൈവം നമ്മിൽനിന്നു വളരെയധികം ആവശ്യപ്പെടുന്നുവെന്നു വിചാരിക്കുന്നതിലേക്കു നയിക്കാൻ അതിനു കഴിയും. ആ വീക്ഷണം യഹോവയുമായുള്ള നമ്മുടെ ബന്ധത്തെത്തന്നെ ബാധിക്കുന്നു. മാത്രമല്ല, ഇത്തരം ന്യായവാദത്തിനു നാം വശംവദരായാൽ ആവശ്യമായ ശിക്ഷണം ലഭിക്കുമ്പോൾ നാം എങ്ങനെയായിരിക്കും പ്രതികരിക്കുന്നത്? താഴ്മയോടെ തിരുത്തൽ സ്വീകരിക്കുന്നതിനു പകരം, നമ്മുടെ ഹൃദയം ‘യഹോവയോടു മുഷിഞ്ഞുപോകാൻ’ അഥവാ രോഷംകൊള്ളാൻ ഇടയായേക്കാം. തന്നെയുമല്ല, നാം അവനോടു നീരസം വെച്ചുകൊണ്ടിരിക്കുകയും ചെയ്തേക്കാം. (സദൃശവാക്യങ്ങൾ 19:3) അത് ആത്മീയമായി എത്ര വിനാശകമായിരിക്കും!
“മനുഷ്യൻ ദൈവത്തിന്നു ഉപകാരമായി വരുമോ?”
ദൈവം മനുഷ്യരിൽനിന്ന് അധികം ആവശ്യപ്പെടുന്നുവെന്നതിനോട് അടുത്തു ബന്ധമുള്ള ഒരു വീക്ഷണമാണ് അവൻ അവരെ ഒന്നിനും കൊള്ളാത്തവരായി കാണുന്നുവെന്നത്. മൂന്നാം തവണ സംസാരിച്ചപ്പോൾ എലീഫസ് ഇങ്ങനെ ചോദിച്ചു: “മനുഷ്യൻ ദൈവത്തിന്നു ഉപകാരമായിവരുമോ? ജ്ഞാനിയായവൻ തനിക്കു തന്നേ ഉപകരിക്കേയുള്ളു.” (ഇയ്യോബ് 22:2) ദൈവത്തെ സംബന്ധിച്ചിടത്തോളം മനുഷ്യൻ ഒരു പ്രയോജനവുമില്ലാത്തവനാണ് എന്നാണ് അവൻ അർഥമാക്കിയത്. ബിൽദാദ് സമാനമായി വാദിച്ചു: “മർത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും? സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും?” (ഇയ്യോബ് 25:4) ആ ന്യായവാദമനുസരിച്ച്, കേവലം മനുഷ്യനായ ഇയ്യോബിന് ദൈവമുമ്പാകെ നീതിനിഷ്ഠമായ ഒരു നിലയുണ്ടായിരിക്കാൻ എങ്ങനെ കഴിയും?
ഇന്ന് ചില ആളുകൾ തങ്ങളെക്കുറിച്ചുതന്നെയുള്ള നിഷേധാത്മക വികാരങ്ങളുടെ തടവിലാണ്. വളർന്നുവന്ന സാഹചര്യം, ജീവിതത്തിൽ നേരിടേണ്ടിവന്നിട്ടുള്ള സമ്മർദങ്ങൾ എന്നിവയോടൊപ്പം വംശീയ, വർഗീയ വിദ്വേഷത്തിന് ഇരയായിട്ടുള്ളതും ഇതിനു കാരണമായേക്കാം. എന്നാൽ ഒരു വ്യക്തിയെ മാനസികമായി തകർക്കുന്നതിൽ സാത്താനും ഭൂതങ്ങളും അതിയായ സന്തോഷം കണ്ടെത്തുന്നു. ഒരു വ്യക്തി ചെയ്യുന്നതൊന്നും സർവശക്തനാം ദൈവത്തിനു പ്രസാദകരമായി തോന്നുന്നില്ലെന്നു വിശ്വസിക്കത്തക്കവണ്ണം അയാളെ സ്വാധീനിക്കാൻ സാത്താനും ഭൂതങ്ങൾക്കും കഴിഞ്ഞാൽ, അയാൾ കടുത്ത വിഷാദത്തിന് ഇരയായിത്തീർന്നേക്കാം. പിന്നീട് ആ വ്യക്തി ജീവനുള്ള ദൈവത്തിൽനിന്ന് അകന്നുപോകുകയോ, അവനെ ത്യജിച്ചുകളയുകയോ ചെയ്യാനിടയുണ്ട്—എബ്രായർ 2:1; 3:12.
പ്രായാധിക്യവും ആരോഗ്യ പ്രശ്നങ്ങളും നമ്മെ പരിമിതികൾക്കുള്ളിൽ തളച്ചിടുന്നു. യുവത്വവും ആരോഗ്യവും ശക്തിയും ഒക്കെയുണ്ടായിരുന്ന സമയത്തു ചെയ്തതിനോടുള്ള താരതമ്യത്തിൽ രാജ്യസേവനത്തിൽ നമുക്കു വളരെ ചെറിയ പങ്കു മാത്രമേ ചെയ്യാൻ കഴിയുന്നുണ്ടായിരിക്കുകയുള്ളൂ. നാം ചെയ്യുന്നതുകൊണ്ടു ദൈവം തൃപ്തനാകുന്നില്ലെന്നു നാം വിചാരിക്കാൻ സാത്താനും ഭൂതങ്ങളും ആഗ്രഹിക്കുന്നുണ്ടെന്നു തിരിച്ചറിയുന്നത് എത്ര പ്രധാനമാണ്! നാം അത്തരം ചിന്തകളെ ചെറുത്തുനിൽക്കണം.
നിഷേധാത്മക ചിന്തകളെ ചെറുക്കാനാകുന്ന വിധം
ഇയ്യോബ് കഷ്ടപ്പെടാൻ പിശാചായ സാത്താൻ ഇടയാക്കിയെങ്കിലും അവൻ ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ വാദം ഞാൻ ഒരുനാളും സമ്മതിക്കയില്ല; മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കയുമില്ല.” (ഇയ്യോബ് 27:5) ദൈവത്തോടു സ്നേഹമുണ്ടായിരുന്ന ഇയ്യോബ്, എന്തുതന്നെ സംഭവിച്ചാലും ദൈവത്തോടുള്ള നിർമലത കാത്തുസൂക്ഷിക്കാൻ ഉറച്ച തീരുമാനം കൈക്കൊണ്ടിരുന്നു. അതിനു മാറ്റംവരുത്താൻ യാതൊന്നിനെയും അവൻ അനുവദിക്കുമായിരുന്നില്ല. നിഷേധാത്മക ചിന്തയെ ചെറുക്കാനുള്ള പ്രധാനപ്പെട്ട ഘടകം ഇതിൽ അടങ്ങിയിട്ടുണ്ട്. നാം ദൈവസ്നേഹത്തെക്കുറിച്ചു നല്ല ഗ്രാഹ്യം ആർജിക്കുകയും അതിനോടു ഹൃദയംഗമമായ വിലമതിപ്പു നട്ടുവളർത്തുകയും വേണം. ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിന്റെ ആഴം വർധിപ്പിക്കണം. ദൈവവചനം ക്രമമായി പഠിച്ചുകൊണ്ടും പഠിച്ച കാര്യങ്ങളെക്കുറിച്ചു പ്രാർഥനാപൂർവം ധ്യാനിച്ചുകൊണ്ടും അങ്ങനെ ചെയ്യാൻ കഴിയും.
ദൃഷ്ടാന്തത്തിന്, യോഹന്നാൻ 3:16 ഇങ്ങനെ പറയുന്നു: ‘തന്റെ ഏകജാതനായ പുത്രനെ നല്കുവാൻ തക്കവണ്ണം [ദൈവം] ലോകത്തെ സ്നേഹിച്ചു.’ മനുഷ്യവർഗലോകത്തോട് ദൈവത്തിന് ആഴമായ സ്നേഹമുണ്ട്, നാളിതുവരെ മനുഷ്യരോട് അവൻ ഇടപെട്ട വിധം അതിനു തെളിവാണ്. പൂർവകാല ദൃഷ്ടാന്തങ്ങളെക്കുറിച്ചു ധ്യാനിക്കുന്നത് യഹോവയെക്കുറിച്ചു വിലമതിപ്പ് കെട്ടുപണി ചെയ്യുകയും അവനോടുള്ള നമ്മുടെ സ്നേഹത്തിന്റെ ആഴം വർധിപ്പിക്കുകയും ചെയ്യേണ്ടതാണ്. തെറ്റോ നിഷേധാത്മകമോ ആയ ചിന്തകളെ നിരസിക്കാൻ അത് നമ്മെ സഹായിക്കും.
സൊദോമിന്റെയും ഗൊമോരയുടെയും നാശം ആസന്നമായ സമയത്ത്, യഹോവ അബ്രാഹാമിനോട് ഇടപെട്ട വിധം കണക്കിലെടുക്കുക. ആ നഗരങ്ങളുടെമേലുള്ള യഹോവയുടെ ന്യായവിധിയെക്കുറിച്ച് അബ്രാഹാം എട്ടു തവണ അവനോടു ചോദിച്ചു. യഹോവ അസഹിഷ്ണുതയോ മടുപ്പോ കാണിച്ചില്ല. പകരം, അവന്റെ മറുപടികൾ അബ്രാഹാമിനെ ധൈര്യപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്തു. (ഉല്പത്തി 18:22-33) പിന്നീട് സൊദോമിൽനിന്ന് ലോത്തിനെയും കുടുംബത്തെയും ദൈവം രക്ഷപ്പെടുത്തിയപ്പോൾ, മലകളിലേക്കു പോകുന്നതിനു പകരം അടുത്തുള്ള പട്ടണത്തിലേക്കു പോകാൻ ലോത്ത് അനുവാദം ചോദിച്ചു. യഹോവ ഇങ്ങനെ പ്രതിവചിച്ചു: “ഇക്കാര്യത്തിലും ഞാൻ നിന്നെ കടാക്ഷിച്ചിരിക്കുന്നു; നീ പറഞ്ഞ പട്ടണം ഞാൻ മറിച്ചുകളകയില്ല.” (ഉല്പത്തി 19:18-22) വളരെയധികം ആവശ്യപ്പെടുന്ന, സ്നേഹശൂന്യനായ, അധികാരപ്രമത്തനായ ഒരു ഭരണാധികാരിയെന്ന നിലയിലാണോ ഈ വിവരണങ്ങൾ യഹോവയെ ചിത്രീകരിക്കുന്നത്? ഒരിക്കലുമല്ല. അവൻ യഥാർഥത്തിൽ ആയിരിക്കുന്നതുപോലെ, സ്നേഹവാനും ദയാലുവും കരുണാസമ്പന്നനും മറ്റുള്ളവരുടെ അവസ്ഥകൾ മനസ്സിലാക്കാൻ കഴിവുള്ളവനും ആയ ഭരണാധികാരിയുടെ ചിത്രമാണ് ആ സംഭവങ്ങൾ വരച്ചുകാണിക്കുന്നത്.
ദൈവം ഒരു ദോഷൈകദൃക്കും ആർക്കും തൃപ്തിപ്പെടുത്താൻ കഴിയാത്തവനും ആണെന്ന വാദത്തിന്റെ മുനയൊടിക്കുന്നതാണ് അഹരോനും ദാവീദും മനശ്ശെയും പുരാതന ഇസ്രായേലും ഉൾപ്പെട്ട സംഭവങ്ങൾ. ഗൗരവതരമായ മൂന്നു കാര്യങ്ങൾ സംബന്ധിച്ചു കുറ്റക്കാരനായിരുന്നു അഹരോൻ. അവൻ സ്വർണ കാളക്കുട്ടിയെ ഉണ്ടാക്കി, മോശെയെ വിമർശിക്കുന്നതിൽ സഹോദരിയായ പുറപ്പാടു 32:3, 4; സംഖ്യാപുസ്തകം 12:1, 2; 20:9-13.
മിര്യാമിനൊപ്പം ചേർന്നു, മെരീബയിൽവെച്ച് യഹോവയെ വിശുദ്ധീകരിക്കുകയും മഹത്ത്വീകരിക്കുകയും ചെയ്യുന്നതിൽ പരാജയപ്പെട്ടു. എന്നിരുന്നാലും യഹോവ അവന്റെ നല്ല ഗുണങ്ങൾ കാണുകയും മരണപര്യന്തം മഹാപുരോഹിതനായി തുടരാൻ അവനെ അനുവദിക്കുകയും ചെയ്തു.—ദാവീദ് തന്റെ വാഴ്ചക്കാലത്ത് ഗൗരവമേറിയ പാപങ്ങൾ ചെയ്തു. വ്യഭിചാരം, നിഷ്കളങ്കനായ ഒരുവനെ കൊല്ലാനുള്ള ഗൂഢാലോചന, യഹോവയുടെ അംഗീകാരമില്ലാതെ നടത്തിയ ഒരു കണക്കെടുപ്പ് എന്നിവ അവയിൽപ്പെടുന്നു. എന്നിരുന്നാലും യഹോവ, ദാവീദിന്റെ അനുതാപം കണക്കിലെടുക്കുകയും മരിക്കുന്നതുവരെ രാജാവായി തുടരാൻ അവനെ അനുവദിച്ചുകൊണ്ട് രാജ്യ ഉടമ്പടിയോടു പറ്റിനിൽക്കുകയും ചെയ്തു.—2 ശമൂവേൽ 12:9; 1 ദിനവൃത്താന്തം 21:1-7.
യഹൂദാ രാജാവായിരുന്ന മനശ്ശെ ബാലിനു ബലിപീഠങ്ങൾ നിർമിക്കുകയും മക്കളെ അഗ്നിപ്രവേശം ചെയ്യിക്കുകയും ആത്മവിദ്യാപരമായ നടപടികൾ പ്രോത്സാഹിപ്പിക്കുകയും ആലയത്തിന്റെ പ്രാകാരത്തിൽ വ്യാജദൈവങ്ങൾക്കു ബലിപീഠങ്ങൾ നിർമിക്കുകയും ചെയ്തു. എന്നാൽ ഹൃദയംഗമമായ അനുതാപം കാണിച്ചപ്പോൾ യഹോവ അവനോടു ക്ഷമിക്കുകയും തടവിൽനിന്നു മോചിപ്പിക്കുകയും രാജത്വം തിരികെ നൽകുകയും ചെയ്തു. (2 ദിനവൃത്താന്തം 33:1-13) കൊള്ളാവുന്നവരായി ആരെയും കാണാത്ത ഒരു ദൈവം ചെയ്യുന്ന പ്രവൃത്തികളാണോ ഇവ? ഒരിക്കലുമല്ല.
വ്യാജാരോപകൻതന്നെയാണ് കുറ്റക്കാരൻ
യഹോവയിലുണ്ടെന്നു സാത്താൻ ആരോപിക്കുന്ന സ്വഭാവവിശേഷങ്ങളുടെ മൂർത്തീകരണം അവൻതന്നെയാണെന്ന സംഗതി നമ്മെ അതിശയിപ്പിക്കരുത്. അവൻ പരുക്കൻ സ്വഭാവമുള്ളവനും മറ്റുള്ളവരിൽനിന്നു വളരെയധികം ആവശ്യപ്പെടുന്നവനും ആണ്. മുമ്പുകാലത്ത് വ്യാജാരാധനയോടു ബന്ധപ്പെട്ട് ഉണ്ടായിരുന്ന ശിശുബലിപോലെയുള്ള ആചാരങ്ങൾ ഇതു വ്യക്തമാക്കുന്നു. വിശ്വാസത്യാഗികളായ ഇസ്രായേല്യർ തങ്ങളുടെ മക്കളെ അഗ്നിക്കിരയാക്കി, യഹോവയുടെ ഹൃദയത്തിൽ അങ്ങനെയൊരു സംഗതി തോന്നിയിരുന്നതേയില്ല.—യിരെമ്യാവു 7:31.
മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാൻ പരതിനടക്കുന്നത് സാത്താനാണ്, യഹോവയല്ല. വെളിപ്പാടു 12:10 സാത്താനെ “നമ്മുടെ സഹോദരന്മാരെ രാപ്പകൽ ദൈവസന്നിധിയിൽ കുറ്റം ചുമത്തുന്ന അപവാദി” എന്നു വിളിക്കുന്നു. എന്നാൽ യഹോവയെക്കുറിച്ച് സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ കർത്താവേ, ആർ നിലനില്ക്കും? എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം നിന്റെ പക്കൽ വിമോചനം ഉണ്ട്.”—സങ്കീർത്തനം 130:3, 4.
തെറ്റായ ചിന്തകൾ ഇല്ലാത്ത ഒരു കാലം
സാത്താനും ഭൂതങ്ങളും സ്വർഗത്തിൽനിന്നു നിഷ്കാസനം ചെയ്യപ്പെട്ടപ്പോൾ വിശ്വസ്ത ദൂതന്മാർക്ക് എന്തൊരു ആശ്വാസമായിരിക്കും അനുഭവപ്പെട്ടിരിക്കുക! (വെളിപ്പാടു 12:7-9) പിന്നീടൊരിക്കലും ആ ദുഷ്ട ആത്മജീവികൾക്ക് ദൂതന്മാർ അടങ്ങുന്ന യഹോവയുടെ സ്വർഗീയ കുടുംബത്തിന്മേൽ യാതൊരു സ്വാധീനവും ഉണ്ടായിരുന്നിട്ടില്ല.—ദാനീയേൽ 10:13.
ഭൂമിയിലെ നിവാസികൾ സമീപഭാവിയിൽ സന്തോഷിക്കും. പെട്ടെന്നുതന്നെ, അഗാധത്തിന്റെ താക്കോലും വലിയ ചങ്ങലയുമായി സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്ന ദൂതൻ സാത്താനെയും ഭൂതങ്ങളെയും ബന്ധിച്ച് നിഷ്ക്രിയത്വത്തിന്റെ അഗാധത്തിലേക്ക് എറിയും. (വെളിപ്പാടു 20:1-3) അതു സംഭവിക്കുമ്പോൾ നമുക്ക് എന്തൊരു ആശ്വാസമായിരിക്കും ഉണ്ടാകാൻ പോകുന്നത്!
അക്കാലംവരെ നാം തെറ്റായ ചിന്തകൾക്കെതിരെ ജാഗ്രത പുലർത്തണം. തെറ്റോ നിഷേധാത്മകമോ ആയ ചിന്തകൾ മനസ്സിലേക്കു നുഴഞ്ഞുകയറുന്നതായി തിരിച്ചറിയുമ്പോൾ, നമ്മുടെ മനസ്സുകൾ യഹോവയുടെ സ്നേഹത്തിൽ കേന്ദ്രീകരിച്ചുകൊണ്ട് നാം ചെറുത്തുനിൽക്കണം. അപ്പോൾ “സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും . . . കാക്കും.”—ഫിലിപ്പിയർ 4:6, 7.
[26-ാം പേജിലെ ചിത്രം]
ഇയ്യോബ് നിഷേധാത്മക ചിന്തകളെ ചെറുത്തുനിന്നു
[28-ാം പേജിലെ ചിത്രം]
യഹോവ മറ്റുള്ളവരെ നന്നായി മനസ്സിലാക്കുന്ന ദൈവമാണെന്നു ലോത്ത് തിരിച്ചറിഞ്ഞു