ഒരു ദീർഘയാത്ര സഫലമാകുന്നു
ഒരു ദീർഘയാത്ര സഫലമാകുന്നു
ഈ റിപ്പോർട്ട് കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലുള്ള രണ്ടു ജഡിക സഹോദരിമാരെക്കുറിച്ചുള്ളതാണ്. ലിസാലായിൽ നടന്ന “ദൈവത്തിനു മഹത്ത്വം കൊടുക്കുവിൻ” ഡിസ്‌ട്രിക്‌റ്റ് കൺവെൻഷനിൽ പങ്കെടുക്കുന്നതിനായി, യുദ്ധത്താൽ ചീന്തപ്പെട്ട പ്രദേശങ്ങളിലൂടെ സുദീർഘമായ ഒരു യാത്ര നടത്താൻ അവർ തീരുമാനിച്ചു. ആത്മീയ പ്രബോധനങ്ങളും ക്രിസ്‌തീയ സഹവാസവും ആസ്വദിക്കാൻ മാത്രമല്ല, യഹോവയുടെ സാക്ഷികളുടെ കിൻഷാസയിലുള്ള ബ്രാഞ്ച് ഓഫീസിൽനിന്നുള്ള പ്രതിനിധികളെ കാണാനും കൂടെയായിരുന്നു അത്. ആഭ്യന്തരയുദ്ധം നിമിത്തം വർഷങ്ങളോളം ബ്രാഞ്ചിൽനിന്ന് ആരും അവരെ സന്ദർശിച്ചിരുന്നില്ല. അതുകൊണ്ട് ഈ സന്ദർഭം പ്രയോജനപ്പെടുത്താൻ അവർ ആഗ്രഹിച്ചു.
സ്വദേശമായ ബാസെൻകൂസുവിൽനിന്ന് ഇരുവരും ഒരു ചെറുവഞ്ചിയിൽ ലിസാലായിലേക്കു തിരിച്ചു. വനാന്തരത്തിലൂടെ ഒഴുകുന്ന രണ്ടു നദികളിലൂടെയുള്ള, 300 കിലോമീറ്റർ വരുന്ന ആ യാത്രയ്‌ക്ക് മൂന്ന് ആഴ്‌ച വേണ്ടിവന്നു. മുഴുസമയ ശുശ്രൂഷകരായ അവർ—ഒരാൾ 3 വർഷവും മറ്റേയാൾ 19 വർഷവും മുഴുസമയശുശ്രൂഷ ചെയ്‌തിരിക്കുന്നു—യാത്രയ്‌ക്കിടയിൽ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെട്ടു. യാത്രാമധ്യേ കണ്ടുമുട്ടിയവരോടു സംസാരിച്ചുകൊണ്ട് അവർ 110 മണിക്കൂർ ചെലവഴിച്ചു. കൂടാതെ 200 ലഘുലേഖകളും 30 മാസികകളും സമർപ്പിക്കുകയും ചെയ്‌തു.
അവർ സഞ്ചരിച്ച നദികളിൽ ഹിപ്പൊപ്പൊട്ടാമസുകളും മുതലകളും ഉണ്ടായിരുന്നു. ഇരുട്ടിക്കഴിഞ്ഞാൽപ്പിന്നെ യാത്ര സുരക്ഷിതമല്ലായിരുന്നതിനാൽ രാത്രിയിൽ അവർ യാത്ര ഒഴിവാക്കി. യാത്രാമധ്യേ അനേകം സൈനിക ചെക്ക്‌പോസ്റ്റുകളും ഉണ്ടായിരുന്നു.
യാത്ര സുദീർഘവും ക്ലേശപൂർണവും ആയിരുന്നെങ്കിലും അതിനു തയ്യാറായതിൽ ആ സഹോദരിമാർ സന്തുഷ്ടരാണ്. ലിസാലായിൽ നടന്ന കൺവെൻഷനിൽ സന്നിഹിതരാകാൻ കഴിഞ്ഞതിലുള്ള കൃതജ്ഞതയും സന്തോഷവും പ്രകടിപ്പിക്കാൻ അവർക്കു വാക്കുകളില്ലായിരുന്നു. സത്യത്തെപ്രതിയുള്ള ഉത്സാഹത്താൽ അവരുടെ ഹൃദയം ജ്വലിക്കുകയായിരുന്നു. സന്നിഹിതരായിരുന്ന 7,000 സഹോദരീസഹോദരന്മാരുടെ സാമീപ്യം അവർക്കു പ്രോത്സാഹനമേകി. കൺവെൻഷനു ശേഷമുള്ള മടക്കയാത്രയും വെല്ലുവിളി നിറഞ്ഞതായിരുന്നെങ്കിലും അവർ സുരക്ഷിതരായി വീട്ടിൽ എത്തിച്ചേർന്നു.