“നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ”
“നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ”
നിങ്ങൾക്ക് കർത്താവിന്റെ പ്രാർഥന അറിയാമോ? യേശുക്രിസ്തു പഠിപ്പിച്ച ഒരു മാതൃകാപ്രാർഥനയാണ് അത്. തന്റെ വിഖ്യാതമായ ഗിരിപ്രഭാഷണത്തിൽ യേശു പറഞ്ഞു: “നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ.” (മത്തായി 6:9) യേശു പഠിപ്പിച്ചതായതുകൊണ്ടുതന്നെ കർത്താവിന്റെ പ്രാർഥന എന്നാണ് അതു പൊതുവേ അറിയപ്പെടുന്നത്.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ കർത്താവിന്റെ പ്രാർഥന മനഃപാഠമാക്കിയിട്ടുണ്ട്. അവർ പലയാവർത്തി—ഒരുപക്ഷേ ദിവസേന പോലും—അത് ഉരുവിടുകയും ചെയ്യുന്നു. സമീപ വർഷങ്ങളിൽ പലരും സ്കൂളുകളിലും പൊതുപരിപാടികളിലും ഈ പ്രാർഥന ചൊല്ലാൻ തുടങ്ങിയിട്ടുണ്ട്. കർത്താവിന്റെ പ്രാർഥനയ്ക്ക് ഇത്ര ഉയർന്ന പ്രാധാന്യം കൽപ്പിക്കപ്പെട്ടിരിക്കുന്നത് എന്തുകൊണ്ടാണ്?
മൂന്നാം നൂറ്റാണ്ടിലെ ഒരു ദൈവശാസ്ത്രജ്ഞനായിരുന്ന സിപ്രിയൻ ഇങ്ങനെ എഴുതി: “ക്രിസ്തു നമുക്കു നൽകിയ പ്രാർഥനയെക്കാൾ ആത്മീയ അർഥമുള്ള വേറെ ഏതു പ്രാർഥനയാണ് ഉള്ളത് . . . ? സത്യംതന്നെയായ പുത്രൻ നൽകിയ പ്രാർഥനയെക്കാൾ സത്യതയുള്ള മറ്റേതു പ്രാർഥനയാണ് നമുക്കു പിതാവിന് അർപ്പിക്കാൻ കഴിയുക?”—യോഹന്നാൻ 14:6.
‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്നു തുടങ്ങുന്ന പ്രാർഥനയെ “അടിസ്ഥാന ക്രിസ്തീയ പ്രാർഥന” ആയിട്ടാണ് റോമൻ കത്തോലിക്ക സഭയുടെ ക്രൈസ്തവസിദ്ധാന്തസംഗ്രഹം (കാറ്റിക്കിസം) കണക്കാക്കുന്നത്. ഈ പ്രാർഥനയ്ക്ക് ക്രൈസ്തവമണ്ഡലത്തിലെ എല്ലാ മതങ്ങളിലും ഉള്ള പ്രാധാന്യത്തെ ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ അംഗീകരിക്കുന്നു. “ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന പ്രഖ്യാപനങ്ങളിൽ” ഒന്ന് എന്നാണ് അത് ആ പ്രാർഥനയെ വിശേഷിപ്പിക്കുന്നത്.
എന്നിരുന്നാലും, കർത്താവിന്റെ പ്രാർഥന ചൊല്ലുന്ന അനേകർക്കും അതിന്റെ അർഥം പൂർണമായി അറിഞ്ഞുകൂടാ എന്നതാണു വസ്തുത. “നിങ്ങൾക്ക് ഏതെങ്കിലും
തരത്തിലുള്ള ഒരു ക്രിസ്തീയ പശ്ചാത്തലം ഉണ്ടെങ്കിൽ കർത്താവിന്റെ പ്രാർഥന ഒറ്റശ്വാസത്തിൽ ചൊല്ലിത്തീർക്കാൻ നിങ്ങൾക്കു സാധിക്കുമായിരിക്കും. എന്നാൽ അർഥം ഉൾക്കൊണ്ടുകൊണ്ട് അതു സാവകാശം ചൊല്ലാൻ നിങ്ങൾക്കു ബുദ്ധിമുട്ടായിരിക്കാം,” കാനഡയിലെ വർത്തമാനപത്രമായ ഒട്ടാവാ സിറ്റിസൺ പറയുന്നു.പറയുന്ന കാര്യങ്ങളുടെ അർഥം മനസ്സിലാക്കിക്കൊണ്ട് നാം ദൈവത്തോടു പ്രാർഥിക്കേണ്ടത് യഥാർഥത്തിൽ പ്രധാനമാണോ? യേശു നമുക്ക് കർത്താവിന്റെ പ്രാർഥന നൽകിയത് എന്തുകൊണ്ടാണ്? നിങ്ങളെ സംബന്ധിച്ച് അതിന് എന്തു പ്രാധാന്യമാണ് ഉള്ളത്? നമുക്ക് ഇപ്പോൾ ഈ ചോദ്യങ്ങളിലേക്കു ശ്രദ്ധ തിരിക്കാം.