ഒരു മുഴു ലോകവും നശിപ്പിക്കപ്പെട്ടു!
ഒരു മുഴു ലോകവും നശിപ്പിക്കപ്പെട്ടു!
നിങ്ങൾക്കു ചുറ്റുമുള്ള ലോകത്തിലേക്ക് ഒന്നു കണ്ണോടിക്കുക. അതിന്റെ നഗരങ്ങളും സംസ്‌കാരവും ശാസ്‌ത്ര നേട്ടങ്ങളും ഒക്കെ നിങ്ങൾ കാണുന്നില്ലേ? ശതകോടിക്കണക്കിനു വരുന്ന ജനതതികളെയോ? ഇവയെല്ലാം എക്കാലവും നിലനിൽക്കുമെന്നു തോന്നുക സ്വാഭാവികം, അല്ലേ? ഈ ലോകം ഒരിക്കൽ പൂർണമായും അപ്രത്യക്ഷമാകും എന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? എന്നാൽ, ആശ്രയയോഗ്യമായ ഒരു ഉറവിടം പറയുന്നതനുസരിച്ച്, ഈ ലോകത്തിനു മുമ്പ് മറ്റൊരു ലോകം സ്ഥിതി ചെയ്‌തിരുന്നുവെന്നും അതു പാടേ നശിപ്പിക്കപ്പെട്ടെന്നും നിങ്ങൾ അറിഞ്ഞിരുന്നോ?
പ്രാകൃത ഗോത്രങ്ങൾ നിറഞ്ഞ ഒരു ലോകത്തെ കുറിച്ചല്ല നാം പറയുന്നത്. നാശത്തിന് ഇരയായ ആ ലോകം പരിഷ്‌കൃതമായ ഒന്നായിരുന്നു; നഗരങ്ങളും കലാപരമായ നേട്ടങ്ങളും ശാസ്‌ത്രപരമായ അറിവുകളും ഒക്കെ ഉണ്ടായിരുന്ന ഒരു ലോകം. എന്നാൽ, ഗോത്രപിതാവായ അബ്രാഹാം ജനിക്കുന്നതിനും 352 വർഷം മുമ്പ് 2-ാം മാസം 17-ാം തീയതി പെട്ടെന്ന് ഒരു മഹാപ്രളയം ആ ലോകത്തെ അപ്പാടെ വിഴുങ്ങിക്കളഞ്ഞതായി ബൈബിൾ രേഖ പറയുന്നു. *
ആ രേഖ ശരിയാണോ? അങ്ങനെയൊരു സംഭവം യഥാർഥത്തിൽ ഉണ്ടായോ? വളർന്നു വികാസം പ്രാപിച്ച്, തുടർന്ന് നശിപ്പിക്കപ്പെട്ട അങ്ങനെയൊരു പുരാതന ലോകം വാസ്‌തവത്തിൽ സ്ഥിതി ചെയ്‌തിരുന്നോ? എങ്കിൽ അതു നശിപ്പിക്കപ്പെട്ടത് എന്തുകൊണ്ടാണ്? എവിടെയാണു കുഴപ്പം പറ്റിയത്? അതിന്റെ നാശത്തിൽനിന്നു നമുക്ക് എന്തെങ്കിലും പാഠങ്ങൾ ഉൾക്കൊള്ളാൻ കഴിയുമോ?
ഒരു പുരാതന ലോകം വാസ്‌തവത്തിൽ നശിപ്പിക്കപ്പെട്ടോ?
അത്തരമൊരു ഭയാനക വിപത്ത് വാസ്‌തവത്തിൽ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ഒരിക്കലും പൂർണമായി വിസ്‌മരിക്കപ്പെടാൻ ഇടയില്ല. അതുകൊണ്ടുതന്നെയാണ്, അങ്ങനെയൊരു വിപത്തിന്റെ ഓർമക്കുറിപ്പ് ഒരു ബാക്കിപത്രമായി വിവിധ ജനതകൾക്കിടയിൽ ഇന്നും അവശേഷിക്കുന്നത്. ഉദാഹരണത്തിന്, തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന കൃത്യമായ തീയതി ശ്രദ്ധിക്കുക. പുരാതന കലണ്ടർ അനുസരിച്ച് രണ്ടാം മാസം, നാം ഇന്ന് ഒക്ടോബർ എന്നു വിളിക്കുന്ന മാസത്തിന്റെ മധ്യം മുതൽ നവംബർ മാസത്തിന്റെ മധ്യം വരെ നീളുന്നു. അതുകൊണ്ട് 17-ാം തീയതി, ഏതാണ്ട് നവംബർ ഒന്നുമായി ഒത്തുവരും. അങ്ങനെയെങ്കിൽ, പല ദേശങ്ങളിലും വർഷത്തിൽ ആ സമയത്ത് മരിച്ചവരുടെ തിരുനാളുകൾ കൊണ്ടാടുന്നത് വെറും യാദൃച്ഛികത അല്ലായിരിക്കാം.
പ്രളയത്തിന്റെ മറ്റു തെളിവുകൾ തലമുറകളായി പറഞ്ഞുകേട്ടുവരുന്ന ചില കഥകളിൽ ദൃശ്യമാണ്. പൂർവികർ ഒരു ആഗോള പ്രളയത്തെ അതിജീവിച്ചതായ ഒരു ഐതിഹ്യം മിക്കവാറും എല്ലാ പഴമക്കാർക്കിടയിലും പ്രചാരത്തിലുണ്ട്. ആഫ്രിക്കൻ പിഗ്‌മികൾ, യൂറോപ്പിലെ കെൽറ്റു വർഗക്കാർ, തെക്കേ അമേരിക്കയിലെ ഇങ്കകൾ എന്നിവർക്കിടയിലും അതുപോലെ അലാസ്‌ക, ഇന്ത്യ, ഓസ്‌ട്രേലിയ, ചൈന, ന്യൂസിലൻഡ്, മെക്‌സിക്കോ, മൈക്രോനേഷ്യ, ലിത്വാനിയ, വടക്കേ അമേരിക്കയിലെ ചില ഭാഗങ്ങൾ തുടങ്ങിയ അനേകം സ്ഥലങ്ങളിലെ ആളുകൾക്കിടയിലും സമാനമായ ഐതിഹ്യങ്ങൾ നിലവിലുണ്ട്.
കാലം കടന്നുപോകവേ, ആളുകൾ ഈ ഐതിഹ്യങ്ങൾ പൊടിപ്പും തൊങ്ങലും ചേർത്ത് അവതരിപ്പിക്കാൻ തുടങ്ങി എന്നതു ശരിയാണ്. എങ്കിലും ഒരു പൊതു ആഖ്യാന ഉറവിടത്തെ സൂചിപ്പിക്കുന്ന നിരവധി വിശദാംശങ്ങൾ ഈ ഐതിഹ്യങ്ങളിൽ അടങ്ങിയിരിക്കുന്നു: മനുഷ്യവർഗത്തിന്റെ ദുഷ്ടത ദൈവത്തെ കോപാകുലനാക്കി. അവൻ വലിയ ഒരു പ്രളയം വരുത്തി. മനുഷ്യവർഗം ഒന്നടങ്കം നശിപ്പിക്കപ്പെട്ടു. എന്നിരുന്നാലും നീതിമാന്മാരായ ഏതാനും ആളുകൾ സംരക്ഷിക്കപ്പെട്ടു. അവർ ഒരു വലിയ പെട്ടകം നിർമിച്ചു, അത് അവരുടെയും മൃഗങ്ങളുടെയും രക്ഷയ്‌ക്ക് ഉതകി. കുറച്ചു ദിവസങ്ങൾക്കു ശേഷം ഉണങ്ങിയ സ്ഥലം അന്വേഷിച്ചു കണ്ടെത്താനായി അവർ പക്ഷികളെ അയച്ചു. ഒടുവിൽ, കപ്പൽ ഒരു പർവതത്തിൽ ഉറച്ചു. അതിൽനിന്ന് ഇറങ്ങിയ അതിജീവകർ ഒരു യാഗം അർപ്പിച്ചു.
ഇത് എന്താണു തെളിയിക്കുന്നത്? ഈ സമാനതകൾ യാദൃച്ഛികമാകാൻ വഴിയില്ല. ഈ ഐതിഹ്യങ്ങളിൽനിന്നുള്ള തെളിവുകളെല്ലാം ചേർത്തുവെക്കുമ്പോൾ അവ, എല്ലാ മനുഷ്യരും മനുഷ്യവർഗ ലോകത്തെ നശിപ്പിച്ച ഒരു പ്രളയത്തിന്റെ അതിജീവകരിൽനിന്ന് ഉളവായതാണ് എന്ന ബൈബിളിന്റെ പുരാതന സാക്ഷ്യവിവരണവുമായി യോജിക്കുന്നു. അതുകൊണ്ട്, എന്താണു സംഭവിച്ചത് എന്ന് അറിയാനായി നാം ഐതിഹ്യങ്ങളെയോ കെട്ടുകഥകളെയോ ആശ്രയിക്കേണ്ടതില്ല. ബൈബിളിലെ എബ്രായ തിരുവെഴുത്തുകളിൽ നമുക്കായി ഒരു ചരിത്രവിവരണം ശ്രദ്ധാപൂർവം പരിരക്ഷിക്കപ്പെട്ടിരിക്കുന്നു.—ഉല്‌പത്തി 6-8 അധ്യായങ്ങൾ.
ജീവൻ ആരംഭിച്ച കാലത്തേക്കു നീളുന്ന ചരിത്രം അടങ്ങിയ നിശ്വസ്‌ത രേഖ ബൈബിളിൽ കാണാം. എന്നാൽ അതു വെറും ചരിത്രമല്ലെന്നു തെളിവുകൾ കാണിക്കുന്നു. മനുഷ്യവർഗവുമായി ആശയവിനിമയം നടത്താൻ ദൈവം ഉപയോഗിച്ച സരണിയാണ് ബൈബിൾ എന്നുള്ള അതിന്റെ അവകാശവാദം ശരിയാണെന്നുള്ളതിന്റെ തെളിവാണ് അതിലെ പിഴവുപറ്റാത്ത പ്രവചനങ്ങളും ആഴമായ ജ്ഞാനവും. കെട്ടുകഥകളിൽനിന്നു വ്യത്യസ്‌തമായി, ബൈബിൾ അതിന്റെ ചരിത്ര വിവരണങ്ങളിൽ പേരുകളും തീയതികളും വംശാവലി സംബന്ധവും ഭൂമിശാസ്‌ത്രപരവുമായ വിശദാംശങ്ങളും നൽകുന്നു. പ്രളയത്തിനു മുമ്പ് മനുഷ്യജീവിതം എങ്ങനെയുള്ളത് ആയിരുന്നു, അന്നത്തെ ലോകം പെട്ടെന്നു നശിപ്പിക്കപ്പെടാനുണ്ടായ കാരണം എന്തായിരുന്നു എന്നെല്ലാം സംബന്ധിച്ചും അതു വ്യക്തമായ ഒരു ചിത്രം നൽകുന്നു.
ആ പ്രളയപൂർവ ലോകത്തിന് എന്തായിരുന്നു കുഴപ്പം? പിൻവരുന്ന ലേഖനം ആ ചോദ്യം പരിചിന്തിക്കുന്നു. ഇപ്പോഴത്തെ മാനവിക സംസ്‌കാരത്തിന്റെ ഭാവി എത്രത്തോളം സുരക്ഷിതമാണെന്നു ചിന്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം അതൊരു സുപ്രധാന ചോദ്യമാണ്.
[അടിക്കുറിപ്പ്]
[4-ാം പേജിലെ ചാർട്ട്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
പ്രളയവുമായി ബന്ധപ്പെട്ട ആഗോള ഐതിഹ്യങ്ങൾ
രാജ്യം സാദൃശ്യങ്ങൾ 1 2 3 4 5 6 7 8 9 10
ഗ്രീസ് 7 ◆ ◆ ◆ ◆ ◆ ◆ ◆
റോം 6 ◆ ◆ ◆ ◆ ◆ ◆
ലിത്വാനിയ 6 ◆ ◆ ◆ ◆ ◆ ◆
അസീറിയ 9 ◆ ◆ ◆ ◆ ◆ ◆ ◆ ◆ ◆
ടാൻസാനിയ 7 ◆ ◆ ◆ ◆ ◆ ◆ ◆
ഇന്ത്യ - ഹിന്ദു 6 ◆ ◆ ◆ ◆ ◆ ◆
ന്യൂസിലൻഡ് - മാവോറി 5 ◆ ◆ ◆ ◆ ◆
മൈക്രോനേഷ്യ 7 ◆ ◆ ◆ ◆ ◆ ◆ ◆
വാഷിങ്‌ടൺ യു.എസ്.എ. - യാക്കിമ 7 ◆ ◆ ◆ ◆ ◆ ◆ ◆
മിസ്സിസ്സിപ്പി യു.എസ്.എ. - ചോക്‌റ്റൊ 7 ◆ ◆ ◆ ◆ ◆ ◆ ◆
മെക്‌സിക്കോ - മിറ്റ്‌ഷോവാക്കാൻ 5 ◆ ◆ ◆ ◆ ◆
തെക്കേ അമേരിക്ക - കെച്ച് വാ 4 ◆ ◆ ◆ ◆
ബൊളീവിയ - ചിരിഗ്വാനോ 5 ◆ ◆ ◆ ◆ ◆
ഗയാന - അരാവാക്ക് 6 ◆ ◆ ◆ ◆ ◆ ◆
1:ദുഷ്ടത ദൈവത്തിന്റെ കോപം ജ്വലിപ്പിക്കുന്നു
2:പ്രളയത്താൽ നശിക്കുന്നു
3:ദൈവം കൽപ്പിക്കുന്നു
4:ദിവ്യ മുന്നറിയിപ്പു നൽകപ്പെടുന്നു
5:ഏതാനും മനുഷ്യർ അതിജീവിക്കുന്നു
6:ഒരു കപ്പലിൽ രക്ഷപ്പെടുന്നു
7:മൃഗങ്ങൾ സംരക്ഷിക്കപ്പെടുന്നു
8:പക്ഷിയെയോ മറ്റേതോ ജീവിയെയോ പുറത്തുവിടുന്നു
9: ഒടുവിൽ പെട്ടകം പർവതത്തിൽ ഉറയ്‌ക്കുന്നു
10:യാഗം അർപ്പിക്കുന്നു