‘ഞാൻ കൈസരെ അഭയം ചൊല്ലുന്നു’
‘ഞാൻ കൈസരെ അഭയം ചൊല്ലുന്നു’
ഒരു ജനക്കൂട്ടം അശരണനായ ഒരു മനുഷ്യനെ പിടികൂടി മർദിക്കാൻ തുടങ്ങുന്നു. അയാൾ മരണയോഗ്യനാണെന്നാണ് അവർ കരുതുന്നത്. അയാൾ അവരുടെ കയ്യാൽ മരിക്കുമെന്നായപ്പോൾ പട്ടാളക്കാർ വന്ന് പ്രയാസപ്പെട്ട് ആ അക്രമികളുടെ കയ്യിൽനിന്ന് അയാളെ രക്ഷിക്കുന്നു. ആ മനുഷ്യൻ പൗലൊസ് അപ്പൊസ്‌തലനാണ്. ആക്രമണകാരികളാകട്ടെ, പൗലൊസിന്റെ സുവാർത്താ ഘോഷണത്തെ ശക്തമായി എതിർക്കുന്ന, അവൻ ആലയത്തെ ദുഷിപ്പിച്ചെന്ന് ആരോപിക്കുന്ന യഹൂദന്മാരും. അവനെ രക്ഷിക്കുന്നവർ റോമാക്കാരാണ്, അവരുടെ നായകൻ ക്ലൌദ്യൊസ് ലുസിയാസും. ആ ബഹളത്തിനിടയിൽ ഒരു കുറ്റവാളിയെ എന്നപോലെ പൗലൊസിനെ അറസ്റ്റു ചെയ്‌തു കൊണ്ടുപോകുന്നു.
ഈ അറസ്റ്റോടെ ആരംഭിച്ച സംഭവങ്ങൾ പ്രവൃത്തികളുടെ പുസ്‌തകത്തിലെ അവസാനത്തെ ഏഴ് അധ്യായങ്ങളിൽ വിവരിച്ചിരിക്കുന്നു. നിയമത്തിൽ പൗലൊസിനുള്ള ഗ്രാഹ്യത്തെയും അവന് എതിരെയുള്ള ആരോപണങ്ങളെയും അവന്റെ പ്രതിവാദത്തെയും റോമൻ നിയമവ്യവസ്ഥയെയും കുറിച്ച് അറിഞ്ഞിരിക്കുന്നത് ഈ അധ്യായങ്ങളെ കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ നമ്മെ സഹായിക്കും.
ക്ലൌദ്യൊസ് ലുസിയാസിന്റെ കസ്റ്റഡിയിൽ
യെരൂശലേമിൽ ക്രമസമാധാനം നിലനിറുത്തുന്നത് ക്ലൌദ്യൊസ് ലുസിയാസിന്റെ ചുമതലകളിൽ ഉൾപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മേലധികാരിയായ യെഹൂദ്യയിലെ റോമൻ ഗവർണർ കൈസര്യയിലാണ് വസിച്ചിരുന്നത്. ലുസിയാസിന്റെ പ്രവൃത്തിയെ, അക്രമത്തിൽനിന്ന് ഒരു വ്യക്തിക്കു നൽകുന്ന സംരക്ഷണമായും ഒരു സമാധാനഭഞ്‌ജകന്റെ നേരെ സ്വീകരിക്കുന്ന നടപടിയായും വീക്ഷിക്കാവുന്നതാണ്. യഹൂദന്മാരുടെ പ്രതികരണം തന്റെ തടവുകാരനെ ആന്റോണിയാ ഗോപുരത്തിൽ പടയാളികളുടെ കോട്ടയിലേക്കു കൊണ്ടുപോകാൻ ലുസിയാസിനെ പ്രേരിപ്പിച്ചു.—പ്രവൃത്തികൾ 21:27-22:24.
പൗലൊസ് എന്താണ് ചെയ്‌തതെന്നു ലുസിയാസ് കണ്ടുപിടിക്കേണ്ടിയിരുന്നു. എന്നാൽ ആ ബഹളത്തിനിടയിൽ അദ്ദേഹത്തിന് ഒന്നും മനസ്സിലായില്ല. അതുകൊണ്ട് സമയം കളയാതെ ‘അവർ അവന്റെ നേരെ ആർക്കുവാൻ സംഗതി എന്തു എന്നു അറിയേണ്ടതിന്നു ചമ്മട്ടികൊണ്ടു അവനോടു ചോദ്യം ചെയ്യേണം’ എന്ന് അവൻ കല്‌പിച്ചു. (പ്രവൃത്തികൾ 22:24) കുറ്റവാളികളെയും അടിമകളെയും പോലെ താഴേക്കിടയിലുള്ളവരിൽനിന്നു സാധാരണഗതിയിൽ തെളിവ് ശേഖരിച്ചിരുന്നത് ഇപ്രകാരം ആയിരുന്നു. ഭീകരമായ ഈ ശിക്ഷാമുറയ്‌ക്ക് പ്രധാനമായും ഉപയോഗിച്ചിരുന്നത് ചാട്ട (ഫാളാഗ്രും) ആണ്. ഈ ചാട്ടകളിൽ ചിലതിൽ ലോഹ ഉണ്ടകൾ ഘടിപ്പിച്ച ചങ്ങലകൾ ഉണ്ടായിരുന്നു. മറ്റു ചിലതിൽ, കൂർത്ത അസ്ഥികളും ലോഹക്കഷണങ്ങളും പിടിപ്പിച്ച നാടകളാണ് ഉണ്ടായിരുന്നത്. അവകൊണ്ടുള്ള അടിയേൽക്കുമ്പോൾ ശരീരത്തിൽ ആഴമായ മുറിവുകൾ ഉണ്ടാകുകയും മാംസഭാഗങ്ങൾ പറിഞ്ഞുതൂങ്ങുകയും ചെയ്യുമായിരുന്നു.
ആ ഘട്ടത്തിൽ താനൊരു റോമൻ പൗരൻ ആണെന്ന കാര്യം പൗലൊസ് വെളിപ്പെടുത്തി. കുറ്റം തെളിയാതെ ഒരു റോമാക്കാരനെ ചാട്ടകൊണ്ട് അടിക്കാൻ പാടില്ലായിരുന്നു. അതുകൊണ്ട് പൗലൊസിന്റെ ആ പ്രസ്‌താവനയ്‌ക്കു പെട്ടെന്നു ഫലമുണ്ടായി. ഒരു റോമൻ പൗരനെ ദ്രോഹിക്കുകയോ ശിക്ഷിക്കുകയോ ചെയ്‌താൽ റോമൻ ഓഫീസർക്കു തന്റെ സ്ഥാനം നഷ്‌ടമാകുമായിരുന്നു. അപ്പോൾ മുതൽ പൗലൊസ് ഒരു അസാധാരണ തടവുകാരനായി വീക്ഷിക്കപ്പെട്ടു, അവനു സന്ദർശകരെ സ്വീകരിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു.—പ്രവൃത്തികൾ 22:25-29; 23:16, 17.
ആരോപണങ്ങൾ എന്തൊക്കെയാണെന്ന് അറിയില്ലായിരുന്ന ലുസിയാസ് ജനക്കൂട്ടത്തിന്റെ വികാരമിളകാൻ കാരണം അന്വേഷിക്കുന്നതിനു പൗലൊസിനെ സൻഹെദ്രിമിന്റെ മുമ്പാകെ കൊണ്ടുചെന്നു. എന്നാൽ പുനരുത്ഥാനം എന്ന വിഷയത്തെ ചൊല്ലിയാണ് താൻ ന്യായം വിധിക്കപ്പെടുന്നത് എന്നു പൗലൊസ് പറഞ്ഞപ്പോൾ അത് ഒരു തർക്കത്തിനു തുടക്കമിട്ടു. തർക്കം രൂക്ഷമായപ്പോൾ അവർ പൗലൊസിനെ ചീന്തിക്കളയുമോ എന്ന് ലുസിയാസ് ഭയപ്പെട്ടു. വീണ്ടും അദ്ദേഹം കോപാക്രാന്തരായ ആ യഹൂദന്മാരുടെ കയ്യിൽനിന്നു പൗലൊസിനെ രക്ഷിച്ചു.—പ്രവൃത്തികൾ 22:30–23:10.
തന്റെ കസ്റ്റഡിയിൽ വെച്ച് ഒരു റോമാക്കാരൻ വധിക്കപ്പെടാൻ ലുസിയാസ് ആഗ്രഹിച്ചില്ല. പൗലൊസിനെ വധിക്കാനുള്ള ഗൂഢാലോചനയെ കുറിച്ച് അറിഞ്ഞപ്പോൾ അദ്ദേഹം അവനെ തിടുക്കത്തിൽ കൈസര്യയിലേക്കു കൊണ്ടുപോയി. നിയമപ്രകാരം, ഉയർന്ന ന്യായാധിപന്മാരുടെ അടുക്കലേക്ക് കുറ്റവാളികളെ അയയ്‌ക്കുമ്പോൾ, ഉൾപ്പെട്ട കേസിനെ കുറിച്ചുള്ള വിശദാംശങ്ങളും ഒപ്പം സമർപ്പിക്കണമായിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ ഫലങ്ങൾ, നടപടി എടുക്കാനുണ്ടായ കാരണങ്ങൾ, കേസിനെ സംബന്ധിച്ചുള്ള അന്വേഷകന്റെ അഭിപ്രായം തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തണമായിരുന്നു. ‘ന്യായപ്രമാണം സംബന്ധിച്ചുള്ള തർക്കങ്ങളെക്കുറിച്ചു കുററം ചുമത്തപ്പെട്ടതല്ലാതെ മരണത്തിന്നോ ചങ്ങലെക്കോ യോഗ്യമായതു ഒന്നും അവനിൽ ഇല്ല’ എന്ന് ലുസിയാസ് പൗലൊസിനെ സംബന്ധിച്ച് റിപ്പോർട്ടു ചെയ്യുകയും അവന്റെമേൽ കുറ്റം ചുമത്തുന്നവരോട് നാടുവാഴിയായ ഫേലിക്‌സിന്റെ പക്കൽ പരാതി നൽകാൻ കൽപ്പിക്കുകയും ചെയ്‌തു.—പ്രവൃത്തികൾ 23:29, 30.
ഗവർണർ ഫേലിക്‌സ് വിധി പ്രഖ്യാപിക്കുന്നില്ല
ഫേലിക്‌സിന്റെ അധികാരത്തിൽ അധിഷ്‌ഠിതമായിരുന്നു അദ്ദേഹത്തിന്റെ പ്രവിശ്യയിലെ നിയമനടപടികൾ. വേണമെങ്കിൽ അദ്ദേഹത്തിന് പ്രാദേശിക രീതി പിൻപറ്റാമായിരുന്നു, അല്ലെങ്കിൽ സമൂഹത്തിലെ പ്രമാണികൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ബാധകമായ വ്യവസ്ഥാപിത കുറ്റകൃത്യനിയമം അനുസരിച്ച് നടപടി സ്വീകരിക്കാമായിരുന്നു. ഓർഡോ അഥവാ നിയമപട്ടിക എന്നാണ് അത് അറിയപ്പെട്ടിരുന്നത്. കൂടാതെ, ഏതു കുറ്റത്തിനും ബാധകമായ എക്‌സ്‌ട്രാ ഓർഡിനെം തിരഞ്ഞെടുക്കാനും അദ്ദേഹത്തിനു കഴിയുമായിരുന്നു. ‘റോമിലെ രീതി എന്തായിരുന്നു എന്നതല്ല, മറിച്ച് പൊതുവിൽ എന്താണു ചെയ്യേണ്ടത് എന്നതു പരിചിന്തിക്കാൻ’ പ്രവിശ്യയുടെ ഒരു ഗവർണർ പ്രതീക്ഷിക്കപ്പെട്ടിരുന്നു. അതുകൊണ്ട് തീരുമാനങ്ങൾ ഏറെയും അദ്ദേഹത്തിന്റെ ന്യായബോധത്തെ ആശ്രയിച്ചിരുന്നു.
പുരാതന റോമൻ നിയമത്തിന്റെ എല്ലാ വശങ്ങളും നമുക്കറിയില്ല. എന്നാൽ പൗലൊസിന്റെ കേസ് “അസാധാരണമായ പ്രവിശ്യാ നിയമനടപടിയുടെ ഒരു മാതൃക” ആയി കണക്കാക്കപ്പെടുന്നു. സ്വകാര്യ വ്യക്തികൾ നടത്തുന്ന ആരോപണങ്ങൾ ഗവർണർ കേൾക്കുമായിരുന്നു, അദ്ദേഹത്തെ സഹായിക്കുന്നതിന് ഉപദേഷ്ടാക്കന്മാർ ഉണ്ടായിരുന്നു. വാദിയുമായി സംസാരിക്കുന്നതിനു പ്രതിയെ വിളിച്ചിരുന്നു. തനിക്കു വേണ്ടി പ്രതിവാദം നടത്താൻ പ്രതിക്കു കഴിയുമായിരുന്നു. എന്നാൽ തെളിവു ഹാജരാക്കേണ്ടിയിരുന്നതു വാദി ആയിരുന്നു. തനിക്ക് ഉചിതമെന്നു തോന്നുന്ന ഏതു ശിക്ഷയും മജിസ്‌ട്രേറ്റിനു വിധിക്കാമായിരുന്നു. അപ്പോൾത്തന്നെ വിധി പ്രഖ്യാപിക്കുന്നതിനോ അത് അനിശ്ചിത കാലത്തേക്കു മാറ്റിവെക്കുന്നതിനോ അദ്ദേഹത്തിന് അധികാരമുണ്ടായിരുന്നു. കേസ് മാറ്റിവെക്കുകയാണെങ്കിൽ പ്രതിയെ റിമാൻഡിൽ സൂക്ഷിക്കുകയായിരുന്നു പതിവ്. “ഗവർണർക്ക് അത്തരം സ്വേച്ഛാധികാരം ഉണ്ടായിരുന്നതിനാൽ, അദ്ദേഹം ‘അനുചിത സ്വാധീനത്തിന്’ വഴങ്ങി കൈക്കൂലി സ്വീകരിച്ചുകൊണ്ട് പ്രതിയെ വെറുതെ വിടുകയോ കുറ്റം വിധിക്കുകയോ വിധി നീട്ടിവെക്കുകയോ ചെയ്യാൻ സാധ്യത ഉണ്ടായിരുന്നു” എന്ന് പണ്ഡിതനായ ഹെൻട്രി കാഡ്‌ബറി പറയുന്നു.
‘യെഹൂദന്മാരുടെ ഇടയിൽ കലഹമുണ്ടാക്കുന്ന ഒരു ബാധ’യാണ് പൗലൊസ് എന്ന് മഹാപുരോഹിതനായ അനന്യാസും യഹൂദ മൂപ്പന്മാരും തെർത്തുല്ലൊസും ഫേലിക്‌സിന്റെ മുമ്പാകെ ആരോപിച്ചു. അവർ അവനെ “നസറായമതത്തി”ന്റെ നേതാവെന്നു വിളിക്കുകയും ദൈവാലയം തീണ്ടിപ്പാൻ ശ്രമിച്ചുവെന്ന് അവനെതിരെ കുറ്റമാരോപിക്കുകയും ചെയ്‌തു.—പ്രവൃത്തികൾ 24:1-6.
പൗലൊസിനെ ആദ്യം ആക്രമിച്ചവർ നിരൂപിച്ചത് അവനാണ് ത്രോഫിമോസ് എന്ന വിജാതീയനെ യഹൂദർക്കു മാത്രമായുള്ള ആലയപ്രാകാരത്തിലേക്കു കൊണ്ടുവന്നത് എന്നാണ്. * (പ്രവൃത്തികൾ 21:28, 29) വാസ്‌തവത്തിൽ, ത്രോഫിമോസ് അനധികൃതമായി സ്വയം ആലയപ്രാകാരത്തിൽ കടക്കുകയായിരുന്നു. എന്നാൽ, പൗലൊസിന്റെ നടപടി ഇത്തരം അനധികൃത പ്രവേശനത്തെ സഹായിക്കുകയും പിന്താങ്ങുകയും ചെയ്യുന്നതായി യഹൂദന്മാർ വ്യാഖ്യാനിക്കുന്നപക്ഷം, അതു മരണയോഗ്യമായ ഒരു കുറ്റമായി വീക്ഷിക്കപ്പെടുമായിരുന്നു. ഈ കുറ്റത്തിനു യഹൂദന്മാർ മരണശിക്ഷ നൽകുന്നതിനെ റോം അംഗീകരിച്ചിരുന്നതായി തോന്നുന്നു. അതുകൊണ്ട് ലുസിയാസിനു പകരം പൗലൊസിനെ അറസ്റ്റു ചെയ്‌തത് യഹൂദ ആലയ പോലീസ് ആയിരുന്നെങ്കിൽ, സൻഹെദ്രിമിനുതന്നെ അവനെ നേരിട്ടു വിചാരണ ചെയ്‌ത് ശിക്ഷിക്കാൻ കഴിയുമായിരുന്നു.
പൗലൊസ് പഠിപ്പിച്ചത് യഹൂദമതമോ നിയമാനുസൃത മതമോ (റിലിജിയോ ലികിറ്റാ) അല്ല, മറിച്ച് നിയമവിരുദ്ധവും വിധ്വംസകവുമായ കാര്യങ്ങളായിരുന്നു എന്നായിരുന്നു യഹൂദന്മാരുടെ വാദം.
പൗലൊസ് ‘ലോകത്തിലുള്ള സകല യെഹൂദന്മാരുടെയും ഇടയിൽ കലഹമുണ്ടാക്കുന്നവൻ’ ആണെന്നും അവർ ആരോപിച്ചു. (പ്രവൃത്തികൾ 24:5) അലക്‌സാൻഡ്രിയക്കാരായ യഹൂദന്മാർ “ലോകത്തിലുടനീളം ഒരു സാർവത്രിക ബാധ ഇളക്കിവിടുന്നതായി” ക്ലൌദ്യൊസ് ചക്രവർത്തി ആയിടെ പ്രഖ്യാപിച്ചിരുന്നു. ഈ രണ്ടു പ്രസ്‌താവനകളും തമ്മിലുള്ള സാമ്യം ശ്രദ്ധേയമാണ്. “ക്ലൌദ്യൊസിന്റെ വാഴ്‌ചക്കാലത്തോ നീറോയുടെ ആദ്യ വർഷങ്ങളിലോ ഒരു യഹൂദനെതിരെ ഉപയോഗിക്കുക എന്ന ഉദ്ദേശ്യത്തിലായിരുന്നു ഈ ആരോപണം” എന്നു ചരിത്രകാരനായ എ. എൻ. ഷെർവിൻ-വൈറ്റ് പറയുന്നു. “പൗലൊസിന്റെ പ്രസംഗപ്രവർത്തനം റോമാ സാമ്രാജ്യത്തിലെ യഹൂദന്മാരുടെ ഇടയിലെല്ലാം കുഴപ്പങ്ങൾ വരുത്തിവെക്കുന്നു എന്നു വീക്ഷിക്കാൻ ഗവർണറെ പ്രേരിപ്പിക്കുന്നതിനു ശ്രമിക്കുകയായിരുന്നു യഹൂദന്മാർ. കേവലം മതപരമായ ആരോപണങ്ങളെപ്രതി ഒരാളെ കുറ്റം വിധിക്കാൻ ഗവർണർമാർ തയ്യാറാകില്ലെന്ന് അറിയാമായിരുന്ന അവർ തങ്ങളുടെ ആരോപണത്തിന് ഒരു രാഷ്‌ട്രീയ നിറം കൊടുക്കാൻ ശ്രമിക്കുകയായിരുന്നു.”
എന്നാൽ ഓരോരോ വാദമുഖങ്ങൾ നിരത്തിക്കൊണ്ട് പൗലൊസ് സ്വയം പ്രതിവാദം നടത്തി. ‘ഞാൻ ഒരു കുഴപ്പവും ഉണ്ടാക്കിയിട്ടില്ല. “മതഭേദം” എന്ന് അവർ വിളിക്കുന്ന മാർഗപ്രകാരം ഞാൻ നടക്കുന്നു എന്നതു ശരിതന്നെ. എന്നാൽ, അതിൽ യഹൂദ ആശയങ്ങൾ പിൻപറ്റുന്നതും ഉൾപ്പെടുന്നുണ്ട്. വാസ്‌തവത്തിൽ കലാപം ഉണ്ടാക്കിയത് ആസ്യയിലെ ചില യഹൂദന്മാരാണ്. അവർക്കു പരാതി ഉണ്ടെങ്കിൽ, അവർ ഇവിടെ വന്ന് അതു ബോധിപ്പിക്കട്ടെ.’ പൗലൊസ് ഫലത്തിൽ ശത്രുക്കളുടെ ആരോപണങ്ങളെ യഹൂദന്മാരുടെ ഇടയിലെ മതപരമായ വെറുമൊരു തർക്കമായി എടുത്തുകാട്ടി, അത്തരമൊരു സംഗതിയുടെമേൽ റോമിനു നിയമപരമായ അധികാരം ഇല്ലായിരുന്നു. യഹൂദന്മാർ ഉയർത്തിവിട്ട കുഴപ്പങ്ങളാൽ അതിനോടകംതന്നെ അസ്വസ്ഥനായിരുന്ന ഫേലിക്‌സ് വിചാരണായോഗം പിരിച്ചുവിട്ടുകൊണ്ട് തുടർന്നുള്ള നീതിന്യായ നടപടികൾ നിറുത്തിവെച്ചു. പൗലൊസിനെ വിചാരണ ചെയ്യാൻ അധികാരം ഉണ്ടെന്ന് അവകാശപ്പെട്ട യഹൂദന്മാർക്ക് അവനെ വിട്ടുകിട്ടിയില്ല. എന്നാൽ അവനെ റോമൻ നിയമപ്രകാരം ശിക്ഷയ്‌ക്കു വിധിക്കുകയോ സ്വതന്ത്രനായി വിടുകയോ ചെയ്‌തതുമില്ല. ന്യായവിധി നടത്താൻ ഫേലിക്‌സിനെ നിർബന്ധിക്കാൻ കഴിയുമായിരുന്നില്ല. യഹൂദന്മാരുടെ പ്രീതി പിടിച്ചുപറ്റാൻ ഫേലിക്‌സിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും, പൗലൊസ് തനിക്കു കൈക്കൂലി തരുമെന്നു വിചാരിച്ചുകൊണ്ട് അവൻ ന്യായവിധിയിൽ അമാന്തം വരുത്തി.—പ്രവൃത്തികൾ 24:10-19, 26. *
പൊർക്ക്യൊസ് ഫെസ്‌തൊസിന്റെ കീഴിൽ പ്രതിസന്ധി
രണ്ടു വർഷത്തിനുശേഷം പുതിയ ഗവർണറായ പൊർക്ക്യൊസ് ഫെസ്‌തൊസ് അധികാരത്തിൽ വന്നപ്പോൾ തങ്ങളുടെ കസ്റ്റഡിയിലേക്കു പൗലൊസിനെ വിട്ടുതരണമെന്നു യെരൂശലേമിൽ യഹൂദന്മാർ വീണ്ടും മുറവിളി കൂട്ടി. എന്നാൽ ഫെസ്‌തൊസ് വളരെ നിശിതമായി ഇങ്ങനെ പ്രതികരിച്ചു: “പ്രതിവാദികളെ അഭിമുഖമായി കണ്ടു അന്യായത്തെക്കുറിച്ചു പ്രതിവാദിപ്പാൻ ഇടകിട്ടുംമുമ്പെ യാതൊരു മനുഷ്യനെയും ഏല്‌പിച്ചുകൊടുക്കുന്നതു റോമർക്കു മര്യാദയല്ല.” ചരിത്രകാരനായ ഹാരി ഡബ്ലിയു. താഷ്‌റ ഇങ്ങനെ എഴുതുന്നു: “നിയമങ്ങൾ വളച്ചൊടിച്ചുകൊണ്ട്, ഒരു റോമൻ പൗരനെ കൊലയ്‌ക്കു കൊടുക്കാനുള്ള ഗൂഢാലോചന നടക്കുന്നതായി ഫെസ്‌തൊസ് സത്വരം തിരിച്ചറിഞ്ഞു.” ആയതിനാൽ, കൈസര്യയിൽ തങ്ങളുടെ കേസ് അവതരിപ്പിക്കാൻ അവൻ യഹൂദന്മാരോടു പറഞ്ഞു.—പ്രവൃത്തികൾ 25:1-6, 16.
പൗലൊസിനെ “ജീവനോടെ വെച്ചേക്കരുതു” എന്ന് അവിടെ യഹൂദന്മാർ ആർത്തുവിളിച്ചു. എന്നാൽ അവനെതിരെ യാതൊരു തെളിവും സമർപ്പിക്കാൻ അവർക്കു കഴിഞ്ഞില്ല. അതിനാൽ മരണയോഗ്യമായ യാതൊന്നും പൗലൊസ് ചെയ്‌തിട്ടില്ലെന്ന് ഫെസ്‌തൊസ് ഗ്രഹിച്ചു. ‘അവർ ഒന്നും ബോധിപ്പിക്കാതെ സ്വന്തമതത്തെക്കുറിച്ചും ജീവിച്ചിരിക്കുന്നു എന്നു പൌലൊസ് പറയുന്ന മരിച്ചുപോയ യേശു എന്ന ഒരുവനെക്കുറിച്ചും ഉള്ള ചില തർക്കസംഗതികളെ കൊണ്ടുവന്നുള്ളു’ എന്ന് ഫെസ്‌തൊസ് മറ്റൊരു ഉദ്യോഗസ്ഥനോടു വിശദീകരിച്ചു.—പ്രവൃത്തികൾ 25:7, 18, 19, 24, 25.
രാഷ്‌ട്രീയമായ യാതൊരു കുറ്റവും പൗലൊസ് ചെയ്‌തിരുന്നില്ല. എന്നാൽ മതപരമായ തർക്കങ്ങളുടെ കാര്യത്തിൽ, അതു കൈകാര്യം ചെയ്യാൻ പറ്റിയ കോടതി തങ്ങളുടേതു മാത്രമാണ് എന്ന് യഹൂദന്മാർ വാദിച്ചിരിക്കാം. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി പൗലൊസ് യെരൂശലേമിലേക്കു പോകുമായിരുന്നോ? അവിടേക്കു പോകാൻ ആഗ്രഹിക്കുന്നുവോ എന്ന് ഫെസ്‌തൊസ് പൗലൊസിനോടു ചോദിച്ചെങ്കിലും, വാസ്‌തവത്തിൽ അത് ഉചിതമായ ഒരു നിർദേശം ആയിരുന്നില്ല. യെരൂശലേമിലേക്കു തിരിച്ചയച്ചാൽ അവിടെ ന്യായവിചാരണ നടത്തുന്നത് അവന്റെമേൽ കുറ്റം ചുമത്തുന്നവർതന്നെ ആയിരിക്കും, പ്രവൃത്തികൾ 25:10, 11, 20.
അങ്ങനെ അവൻ യഹൂദന്മാരുടെ കയ്യിൽ ഏൽപ്പിക്കപ്പെടുകയും ചെയ്യും. “ഞാൻ കൈസരുടെ ന്യായാസനത്തിന്നു മുമ്പാകെ നില്‌ക്കുന്നു; അവിടെ എന്നെ വിസ്‌തരിക്കേണ്ടതാകുന്നു; യെഹൂദന്മാരോടു ഞാൻ ഒരു അന്യായവും ചെയ്‌തിട്ടില്ല; . . . എന്നെ അവർക്കു ഏല്‌പിച്ചുകൊടുപ്പാൻ ആർക്കും കഴിയുന്നതല്ല. ഞാൻ കൈസരെ അഭയംചൊല്ലുന്നു” എന്നു പൗലൊസ് പറഞ്ഞു.—ഒരു റോമാക്കാരൻ അങ്ങനെ പറയുന്നത് അവനെ സംബന്ധിച്ചുള്ള പ്രവിശ്യാപരമായ എല്ലാ നിയമനടപടികളും നിറുത്തിവെക്കുന്നതിനെ അർഥമാക്കി. അപ്പീൽ കൊടുക്കാനുള്ള അവന്റെ അവകാശം (പ്രോവോക്കേറ്റിയോ) “ആധികാരികവും സമ്പൂർണവും ഫലപ്രദവും” ആയിരുന്നു. അതുകൊണ്ട് ഈ കേസിനെ സംബന്ധിച്ച സാങ്കേതികവശങ്ങളെ കുറിച്ച് ഉപദേഷ്ടാക്കന്മാരുമായി ചർച്ച ചെയ്‌തശേഷം ഫെസ്‌തൊസ് ഇങ്ങനെ പ്രഖ്യാപിച്ചു: “കൈസരെ നീ അഭയം ചൊല്ലിയിരിക്കുന്നു; കൈസരുടെ അടുക്കലേക്കു നീ പോകും.”—പ്രവൃത്തികൾ 25:12.
പൗലൊസ് തന്റെ കസ്റ്റഡിയിൽനിന്നു പോയിക്കിട്ടുന്നത് ഫെസ്‌തൊസിന് സന്തോഷമുള്ള കാര്യമായിരുന്നു. ഏതാനും ദിവസങ്ങൾക്കു ശേഷം അദ്ദേഹം ഹെരോദാ അഗ്രിപ്പാ രണ്ടാമനോടു പറഞ്ഞതുപോലെ, പൗലൊസ് ഉൾപ്പെട്ട കേസ് വളരെ സങ്കീർണമായിരുന്നു. കേസിന്റെ വിശദവിവരങ്ങൾ ചക്രവർത്തിക്കു വേണ്ടി ഫെസ്‌തൊസ് എഴുതി തയ്യാറാക്കണമായിരുന്നു. എന്നാൽ, അദ്ദേഹത്തിന് യഹൂദ നിയമത്തിന്റെ സങ്കീർണതകൾ ദുർഗ്രഹമായിരുന്നു. അഗ്രിപ്പാ ആകട്ടെ അതിൽ സമർഥനും. അതുകൊണ്ട് ഈ കേസിൽ താത്‌പര്യം പ്രകടിപ്പിച്ച അഗ്രിപ്പായോട് അതു സംബന്ധിച്ച കത്തെഴുതാൻ തന്നെ സഹായിക്കുന്നതിന് ഉടൻതന്നെ അദ്ദേഹം ആവശ്യപ്പെട്ടു. അഗ്രിപ്പായുടെ മുന്നിൽ പൗലൊസിന്റെ തുടർന്നുള്ള പ്രഭാഷണം മനസ്സിലാക്കാൻ കഴിയാതെ ഫെസ്‌തൊസ് ഇങ്ങനെ പ്രഖ്യാപിച്ചു: “പൌലൊസേ, നിനക്കു ഭ്രാന്തുണ്ടു; വിദ്യാബഹുത്വത്താൽ നിനക്കു ഭ്രാന്തു പിടിച്ചിരിക്കുന്നു.” എന്നാൽ പൗലൊസ് പറഞ്ഞ കാര്യങ്ങൾ അഗ്രിപ്പായ്‌ക്കു നല്ലവണ്ണം മനസ്സിലായി. “ഞാൻ ക്രിസ്‌ത്യാനിയായിത്തീരുവാൻ നീ എന്നെ അല്‌പംകൊണ്ടു സമ്മതിപ്പിക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞു. പൗലൊസിന്റെ വാദങ്ങളെ കുറിച്ച് അവർക്ക് എന്തു തോന്നിയിരുന്നാലും, അവൻ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും കൈസരെ അഭയം ചൊല്ലിയില്ലായിരുന്നെങ്കിൽ അവനെ വിട്ടയയ്‌ക്കാമായിരുന്നു എന്നും അവർ അഭിപ്രായപ്പെട്ടു.—പ്രവൃത്തികൾ 25:13-27; 26:24-32.
ഒടുവിൽ ന്യായത്തീർപ്പ്
റോമിൽ എത്തിയപ്പോൾ പൗലൊസ് യഹൂദരിൽ പ്രമുഖരെ വിളിച്ചുവരുത്തി. അവൻ ഇതു ചെയ്‌തത് അവരോടു സുവാർത്ത പ്രസംഗിക്കാൻ മാത്രമല്ല, തന്നെക്കുറിച്ച് അവർക്ക് എന്ത് അറിയാമെന്നു മനസ്സിലാക്കാൻ കൂടിയായിരുന്നു. അതുവഴി അവന്, തന്റെമേൽ കുറ്റം ചുമത്തിയിരിക്കുന്നവരുടെ ഉദ്ദേശ്യങ്ങൾ സംബന്ധിച്ചു ചില കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുമായിരുന്നു. ഒരു കേസിന്റെ വിചാരണയിൽ യെരൂശലേമിലെ അധികാരികൾ റോമിലെ യഹൂദന്മാരുടെ സഹായം തേടുന്നത് അസാധാരണം ആയിരുന്നില്ല. എന്നാൽ തന്നെക്കുറിച്ച് അവർക്ക് ഒരു നിർദേശവും ലഭിച്ചിരുന്നില്ല എന്ന് അവൻ മനസ്സിലാക്കി. വിചാരണയ്‌ക്കു വേണ്ടി കാത്തിരിക്കവേ, ഒരു വീടു വാടകയ്‌ക്കെടുത്ത് അവിടെ സ്വതന്ത്രമായി പ്രസംഗിക്കാൻ പൗലൊസിന് അനുമതി ലഭിച്ചു. ഈ ഔദാര്യത്തിന്റെ അർഥം റോമാക്കാരുടെ വീക്ഷണത്തിൽ പൗലൊസ് നിർദോഷി ആയിരുന്നു എന്നാണ്.—പ്രവൃത്തികൾ 28:17-31.
രണ്ടു വർഷം കൂടെ പൗലൊസ് കസ്റ്റഡിയിൽ കഴിഞ്ഞു. എന്തുകൊണ്ട്? ബൈബിൾ അതു സംബന്ധിച്ചുള്ള വിശദാംശങ്ങൾ നൽകുന്നില്ല. വാദികൾ ആരോപണങ്ങളുമായി എത്തുന്നതുവരെ, അപ്പീൽ കൊടുത്ത പ്രതിയെ തടവിൽ സൂക്ഷിക്കുമായിരുന്നു. എന്നാൽ ഒരുപക്ഷേ തങ്ങളുടെ ആരോപണം തികച്ചും ദുർബലമാണെന്നു മനസ്സിലാക്കിയ യെരൂശലേമിലെ യഹൂദന്മാർ ഒരിക്കലും അതിന് അവിടെ എത്തിയില്ല. പൗലൊസിനെ നിശ്ശബ്‌ദനാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം തങ്ങൾ കോടതിയിൽ ഹാജരാകാതിരിക്കുന്നതാണെന്ന് അവർ ഒരുപക്ഷേ കരുതിയിരിക്കാം. വാസ്‌തവം എന്തായിരുന്നാലും, പൗലൊസ് നീറോയുടെ മുമ്പാകെ ഹാജരാക്കപ്പെടുകയും നിർദോഷിയെന്നു പ്രഖ്യാപിക്കപ്പെട്ട് ഒടുവിൽ വിടുവിക്കപ്പെടുകയും ചെയ്‌തതായി കാണപ്പെടുന്നു. അങ്ങനെ, അറസ്റ്റിലായി അഞ്ചു വർഷത്തിനു ശേഷം അവൻ വീണ്ടും മിഷനറി പ്രവർത്തനം പുനരാരംഭിച്ചു.—പ്രവൃത്തികൾ 27:24.
സത്യത്തെ എതിർക്കുന്നവർ ക്രിസ്‌ത്യാനികളുടെ സുവാർത്താ പ്രസംഗവേലയ്‌ക്കു തടയിടാൻ ദീർഘകാലമായി ‘ഉത്തരവുകളാൽ ദുരിതമുണ്ടാക്കിയിരിക്കുന്നു.’ അതു നമ്മെ അത്ഭുതപ്പെടുത്തേണ്ടതില്ല. യേശു ഇങ്ങനെ പറയുകയുണ്ടായി: “അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും.” (സങ്കീർത്തനം 94:20, ഓശാന ബൈബിൾ; യോഹന്നാൻ 15:20) എന്നാൽ, മുഴുലോകത്തോടും സുവാർത്ത അറിയിക്കാനുള്ള സ്വാതന്ത്ര്യവും യേശു നമുക്കു തരുന്നു. (മത്തായി 24:14) അങ്ങനെ, പൗലൊസ് അപ്പൊസ്‌തലൻ പീഡനത്തെയും എതിർപ്പിനെയും എതിർത്തുനിന്നതു പോലെ, യഹോവയുടെ സാക്ഷികൾ ഇന്ന് ‘സുവാർത്തയ്‌ക്കു വേണ്ടി പ്രതിവാദം നടത്തുകയും അതു നിയമപരമായി സ്ഥാപിച്ചെടുക്കുകയും’ ചെയ്യുന്നു.—ഫിലിപ്പിയർ 1:7, NW.
[അടിക്കുറിപ്പുകൾ]
^ ഖ. 14 മൂന്നു മുഴം (4.4 അടി) ഉയരമുള്ള ഒരു കന്മതിൽ ജാതികളുടെ പ്രാകാരത്തെയും അകത്തെ പ്രാകാരത്തെയും തമ്മിൽ വേർതിരിച്ചിരുന്നു. ഈ മതിലിൽ ഒരു നിശ്ചിത ദൂരം ഇടവിട്ട് മുന്നറിയിപ്പെന്ന നിലയിൽ ഗ്രീക്കിലും ചിലപ്പോൾ ലത്തീനിലും ഇങ്ങനെ എഴുതിയിരുന്നു: “ഒരു പരദേശിയും ആലയത്തിനു ചുറ്റുമുള്ള മതിലിനോ വേലിക്കോ അകത്തു പ്രവേശിക്കാൻ പാടില്ല. അകത്തു പ്രവേശിച്ചു പിടിക്കപ്പെടുന്നവൻ തന്റെ മരണത്തിന് ഉത്തരവാദി ആയിരിക്കും.”
^ ഖ. 17 അതു തീർച്ചയായും നിയമവിരുദ്ധമായിരുന്നു. ഒരു പുസ്‌തകം ഇപ്രകാരം പറയുന്നു: “അന്യായമായ പിടിച്ചുപറി സംബന്ധിച്ച ലെക്‌സ് റെപ്പെറ്റുൻഡാരും എന്ന നിയമവ്യവസ്ഥകളിൻ കീഴിൽ, അധികാരപരമോ ഭരണപരമോ ആയ സ്ഥാനം വഹിക്കുന്ന ഏതൊരാളും, ശിക്ഷിക്കുന്നതിനോ ശിക്ഷിക്കാതിരിക്കുന്നതിനോ വിധിക്കുന്നതിനോ വിധിക്കാതിരിക്കുന്നതിനോ തടവിലാക്കുന്നതിനോ മോചിപ്പിക്കുന്നതിനോ വേണ്ടി കൈക്കൂലി ചോദിക്കാനോ വാങ്ങാനോ പാടില്ലായിരുന്നു.”