ബൈബിൾ—ജീവിതവഴികാട്ടിയായ ഒരു ഗ്രന്ഥം
ബൈബിൾ—ജീവിതവഴികാട്ടിയായ ഒരു ഗ്രന്ഥം
“ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്‌ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും . . . ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.” (എബ്രായർ 4:12) ബൈബിളിന്റെ ശക്തിയെ കുറിച്ചുള്ള ഈ പ്രസ്‌താവന, കേവലം ഒരു നല്ല ഗ്രന്ഥം എന്നതിൽ കവിഞ്ഞ ഒരു പ്രത്യേകത അതിനുണ്ടെന്നു വ്യക്തമായും സ്ഥിരീകരിക്കുന്നു.
“അതിന്റെ സന്ദേശം നമുക്ക് പ്രാണവായു പോലെ അനിവാര്യമാണ്” എന്ന് മതങ്ങളെ കുറിച്ച് എഴുതുന്ന ഒരാൾ സംക്ഷേപിച്ചു പറഞ്ഞു. തുടർന്ന് അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “മനസ്സുഖത്തിനായുള്ള നമ്മുടെ അഭിലാഷവും അതിന്റെ ആവശ്യവും കണക്കിലെടുത്തുകൊണ്ട് ബൈബിൾ വായിക്കുമ്പോൾ കിട്ടുന്ന ഫലം അതിശയകരമായിരിക്കും.” ശോഭയോടെ പ്രകാശിക്കുന്ന ഒരു വിളക്കുപോലെ ബൈബിൾ, സങ്കീർണമായ പല ആധുനിക ജീവിതപ്രശ്‌നങ്ങളുടെ മേലും വെളിച്ചം വീശുന്നു.—സങ്കീർത്തനം 119:105.
തീർച്ചയായും ബൈബിളിലെ ജ്ഞാനത്തിനു നമ്മുടെ ചിന്തയെ രൂപപ്പെടുത്താനും പ്രശ്‌നങ്ങൾ പരിഹരിക്കാൻ നമ്മെ സഹായിക്കാനും കഴിയും. മാത്രമല്ല, നമ്മുടെ ജീവിതം മെച്ചപ്പെടുത്താനും നമുക്കു മാറ്റാനാവാത്ത ജീവിതസാഹചര്യങ്ങളെ നേരിടാൻ നമ്മെ സജ്ജരാക്കാനും അതിനു സാധിക്കും. അത്യന്തം പ്രധാനമായി, ദൈവത്തെ അറിയാനും അവനെ സ്‌നേഹിക്കാനും ബൈബിൾ നമ്മെ സഹായിക്കുന്നു.
ജീവിതത്തിന് ഉദ്ദേശ്യം നൽകുന്ന ഒരു ഗ്രന്ഥം
ബൈബിളിന്റെ ഗ്രന്ഥകർത്താവായ യഹോവയാം ദൈവം ‘നമ്മുടെ വഴികളൊക്കെയും മനസ്സിലാക്കുന്നു.’ നമ്മുടെ ശാരീരികവും വൈകാരികവും ആത്മീയവുമായ ആവശ്യങ്ങളെ കുറിച്ചു നമ്മെക്കാൾ അറിയാവുന്നത് അവനാണ്. (സങ്കീർത്തനം 139:1-3) അതു മനസ്സിൽ പിടിച്ചുകൊണ്ട്, മനുഷ്യപെരുമാറ്റം സംബന്ധിച്ച് അവൻ വ്യക്തമായ അതിർവരമ്പുകൾ വെച്ചിരിക്കുന്നു. (മീഖാ 6:8) ആ അതിർവരമ്പുകളും മാർഗനിർദേശങ്ങളും മനസ്സിലാക്കി അവയ്‌ക്കു ചേർച്ചയിൽ ജീവിക്കാൻ പഠിക്കുന്നത് ബുദ്ധിപൂർവകമാണ്. ‘യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിക്കുന്ന’ മനുഷ്യൻ സന്തുഷ്ടനാകുന്നു എന്ന് സങ്കീർത്തനക്കാരൻ പറയുന്നു. “അവൻ ചെയ്യുന്നതൊക്കെയും സാധിക്കും.” (സങ്കീർത്തനം 1:1-3) അത്തരമൊരു വാഗ്‌ദാനം നൽകുന്ന ഗ്രന്ഥം നാം പരിശോധിക്കേണ്ടതല്ലേ? തീർച്ചയായും!
സ്‌കൂൾ അധ്യാപനത്തിൽനിന്നു വിരമിച്ച ഒരാളാണ് മോറിസ്. ബൈബിളിനു ചരിത്രപരവും സാഹിത്യപരവുമായ മൂല്യമുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാൽ, ദൈവത്തിൽനിന്നുള്ള സന്ദേശമാണോ അതിൽ അടങ്ങിയിരിക്കുന്നത് എന്നതു സംബന്ധിച്ച് അദ്ദേഹത്തിനു സംശയമുണ്ടായിരുന്നു. ദൈവം തന്റെ ലിഖിത വചനമായ ബൈബിൾ മനുഷ്യർക്കു നൽകിയതിന്റെ കാരണം സംബന്ധിച്ച ഒരു വിശദീകരണം കേട്ടശേഷം മോറിസ് ബൈബിളിലെ പല പ്രവചനങ്ങളും പരിശോധിച്ചുനോക്കി. ചെറുപ്പമായിരുന്നപ്പോൾ ചരിത്രവും സാഹിത്യവും ശാസ്‌ത്രവും ഭൂമിശാസ്‌ത്രവുമൊക്കെ അദ്ദേഹം പഠിച്ചിരുന്നു. താൻ വളരെ സമർഥനാണെന്നു സ്വയം കരുതിയിരുന്നതിനാൽ ബൈബിളിന്റെ വിശ്വാസയോഗ്യതയെ പിന്താങ്ങുന്ന തെളിവുകളെ താൻ തള്ളിക്കളഞ്ഞിരുന്നു എന്ന് അദ്ദേഹം സമ്മതിക്കുന്നു. “ജീവിതസുഖങ്ങളും സമ്പത്തും തേടിയുള്ള അന്ധമായ നെട്ടോട്ടത്തിൽ ഞാൻ മറ്റെല്ലാം മറന്നു. സങ്കടകരമെന്നു പറയട്ടെ, എഴുതപ്പെട്ടിട്ടുള്ളതിൽ ഏറ്റവും
ഉത്‌കൃഷ്ട ഗ്രന്ഥമായ ബൈബിളിന്റെ മനോഹാരിതയും കൃത്യതയും സംബന്ധിച്ച് ഞാൻ അജ്ഞനായിരുന്നു,” അദ്ദേഹം പറയുന്നു.ഇപ്പോൾ 70 വയസ്സു പിന്നിട്ടിരിക്കുന്ന മോറിസ്, അപ്പൊസ്‌തലനായ തോമാസിന് യേശു പ്രത്യക്ഷപ്പെട്ടതിനെ കുറിച്ചുള്ള വിവരണത്തെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് വിലമതിപ്പോടെ ഇങ്ങനെ പറയുന്നു: “യേശുവിന്റെ കൈയിലെ ‘രക്തമൊലിക്കുന്ന ആണിപ്പഴുതിൽ’ ഞാൻ വിരൽ ഇട്ടിരിക്കുന്നു. ബൈബിൾ സത്യമാണെന്ന് എനിക്കു പൂർണ ബോധ്യം വന്നിരിക്കുന്നു.” (യോഹന്നാൻ 20:24-29) പൗലൊസ് അപ്പൊസ്‌തലൻ ഉചിതമായി പറഞ്ഞതുപോലെ, ഹൃദയത്തിലെ ചിന്തനങ്ങളെ വെളിപ്പെടുത്തുന്ന ബൈബിൾ ജീവിതത്തിന് അർഥം പകരുന്നു. തീർച്ചയായും അത് ഒരു ജീവിതവഴികാട്ടിയാണ്.
ഈ പ്രക്ഷുബ്‌ധ ലോകത്തിൽ
അതു ഭദ്രത നൽകുന്നു
ദുശ്ശീലങ്ങളെ മറികടക്കാൻ ആവശ്യമായ ബുദ്ധിയുപദേശവും ബൈബിൾ നൽകുന്നു. ഉദാഹരണത്തിന് ഡാനിയേലിന്റെ കാര്യമെടുക്കാം. പുകവലി എന്ന അശുദ്ധ ശീലത്തെ തരണം ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞു. അതുപോലെതന്നെ ദുർവൃത്തി നിറഞ്ഞ പാർട്ടികളിൽ സംബന്ധിക്കുന്നതും മയക്കുമരുന്നുകൾ ദുരുപയോഗം ചെയ്യുന്നതും അദ്ദേഹം നിറുത്തി. (റോമർ 13:13; 2 കൊരിന്ത്യർ 7:1; ഗലാത്യർ 5:19-21) അത്തരം ശീലങ്ങളെ പിഴുതുമാറ്റി “പുതിയ വ്യക്തിത്വം” ധരിക്കുന്നതിനു കഠിനശ്രമം ആവശ്യമാണ്. (എഫെസ്യർ 4:22-24, NW) “എനിക്ക് അതത്ര എളുപ്പമായിരുന്നില്ല, കാരണം നാമെല്ലാം അപൂർണരാണല്ലോ,” ഡാനിയേൽ പറയുന്നു. എങ്കിലും, ഡാനിയേൽ തന്റെ ശ്രമത്തിൽ വിജയിച്ചു. അദ്ദേഹം ഇപ്പോൾ ദിവസവും ബൈബിൾ വായിക്കാറുണ്ട്, യഹോവയുമായി ഒരു ഉറ്റബന്ധം കാത്തുസൂക്ഷിക്കാൻ അത് അദ്ദേഹത്തെ സഹായിക്കുന്നു.
ചെറുപ്പത്തിൽ ബൈബിൾ വായിച്ചിട്ടില്ലായിരുന്നെങ്കിലും, അതിനോട് അദ്ദേഹത്തിനു വലിയ ആദരവ് ഉണ്ടായിരുന്നു. അദ്ദേഹം ദിവസവും രാത്രി ദൈവത്തോടു പ്രാർഥിക്കുമായിരുന്നു. എങ്കിലും ജീവിതത്തിൽ എപ്പോഴും ഒരു ശൂന്യതാബോധം അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നു. അദ്ദേഹം ഒരിക്കലും സന്തോഷവാനായിരുന്നില്ല. ബൈബിളിൽ ആദ്യമായി യഹോവ എന്ന ദൈവനാമം കണ്ടത് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി. (പുറപ്പാടു 6:3; സങ്കീർത്തനം 83:18) അതിനുശേഷം, പ്രാർഥിക്കുമ്പോൾ അദ്ദേഹം യഹോവയുടെ നാമം ഉപയോഗിക്കാൻ തുടങ്ങി. അങ്ങനെ അദ്ദേഹത്തിന്റെ പ്രാർഥനകൾ കൂടുതൽ അർഥപൂർണമായി. “യഹോവ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയിത്തീർന്നു, ഇപ്പോഴും അവനാണ് എന്റെ ഉത്തമ സുഹൃത്ത്.”
ബൈബിൾ പഠിക്കുന്നതിനു മുമ്പ്, ഡാനിയേലിനു ഭാവിയെ കുറിച്ചു വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. “ലോകം അധഃപതിക്കുകയാണെന്ന് സാമാന്യബോധമുള്ള ഏതൊരാൾക്കും മനസ്സിലാകും,” അദ്ദേഹം പറയുന്നു. “അതെന്നെ ഭയപ്പെടുത്തി, അതിനാൽ അതേക്കുറിച്ചുള്ള ചിന്തകൾ മനസ്സിലേക്കു വരാതിരിക്കാൻ ഞാൻ എന്റെ ജോലികളിൽ ആമഗ്നനായി.” ശുദ്ധീകരിക്കപ്പെട്ട ഭൂമിയിൽ സകലർക്കുമായി ദൈവം നീതി നടപ്പാക്കുമെന്നും അനുസരണമുള്ള മനുഷ്യർക്കു നിത്യമായി സമാധാനവും സന്തുഷ്ടിയും ആസ്വദിക്കാൻ സാധിക്കുമെന്നും ഡാനിയേൽ പിന്നീട് മനസ്സിലാക്കി. (സങ്കീർത്തനം 37:10, 11; ദാനീയേൽ 2:44; വെളിപ്പാടു 21:3, 4) ഇപ്പോൾ ഡാനിയേലിനു ഭാവി സംബന്ധിച്ച് ഉറച്ച പ്രത്യാശയുണ്ട്. ബൈബിൾ നൽകുന്ന ഈ ഭദ്രത ജീവിതത്തിൽ ക്രിയാത്മക വീക്ഷണം പുലർത്താൻ അദ്ദേഹത്തെ സഹായിക്കുന്നു.
വൈകാരിക പ്രശ്‌നങ്ങൾ തരണം ചെയ്യുന്നതിൽ സഹായം
ജോർജിന് ഏഴു വയസ്സുള്ളപ്പോഴാണ് അവന്റെ അമ്മ മരിച്ചത്. അതിനുശേഷം, ഉറങ്ങാൻ കിടക്കുമ്പോഴൊക്കെ അവനു വല്ലാത്ത ഭയം തോന്നിയിരുന്നു, അടുത്ത പ്രഭാതം കാണാൻ തനിക്ക് കഴിയാതെ വരുമോ എന്നായിരുന്നു അവന്റെ ചിന്ത. അങ്ങനെയിരിക്കെ, മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ച് യേശു പറഞ്ഞത് അവൻ വായിക്കാനിടയായി. “എല്ലാവരും [യേശുവിന്റെ] ശബ്ദം കേട്ടു, . . . പുനരുത്ഥാനം ചെയ്‌വാനുള്ള നാഴിക വരുന്നു.” യേശുവിന്റെ പിൻവരുന്ന വാക്കുകളും അവന്റെ ഹൃദയത്തെ സ്‌പർശിച്ചു: “ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.” (യോഹന്നാൻ 5:28, 29; 11:25) യേശുവിന്റെ ആ വാക്കുകൾ ന്യായവും യുക്തിസഹവും ആശ്വാസദായകവുമായി ജോർജിനു തോന്നി. “ഈ സത്യം മനസ്സിന് ഉന്മേഷം പകരുക മാത്രമല്ല, ഹൃദയത്തെ സ്‌പർശിക്കുക കൂടി ചെയ്യുന്നു,” അവൻ പറയുന്നു.
മുമ്പ് പരാമർശിച്ച ഡാനിയേലിനും ചില ഭയപ്പാടുകൾ ഉണ്ടായിരുന്നു. ഒറ്റയ്‌ക്ക് അവന്റെ കാര്യങ്ങൾ നോക്കിനടത്താൻ അമ്മയ്‌ക്കു കഴിഞ്ഞിരുന്നില്ല. അതിനാൽ അവർ അവനെ പല ശിശുപരിപാലന മന്ദിരങ്ങളിലും മാറിമാറി താമസിപ്പിച്ചിരുന്നു. താൻ ആരോരുമില്ലാത്തവനാണെന്ന തോന്നൽ അവനെ സദാ ഭരിച്ചിരുന്നു. അതുകൊണ്ടുതന്നെ, ഒരു കുടുംബത്തിൽനിന്നു ലഭിക്കേണ്ട സ്‌നേഹത്തിനും വാത്സല്യത്തിനുമായി അവൻ അതിയായി കൊതിച്ചിരുന്നു. ഒടുവിൽ, ബൈബിൾ പഠനത്തിലൂടെ അവന് അതു കണ്ടെത്താൻ കഴിഞ്ഞു. ഡാനിയേൽ യഹോവയുടെ സാക്ഷികളുടെ ക്രിസ്‌തീയ സഭയോടൊത്ത് സഹവസിച്ചുതുടങ്ങുകയും അങ്ങനെ ആ ആത്മീയ കുടുംബത്തിന്റെ ഭാഗമായിത്തീരുകയും ചെയ്‌തു. അവിടെനിന്ന് അവനു സ്‌നേഹവും
പരിഗണനയും ലഭിച്ചു. അതേ, തീർച്ചയായും ബൈബിൾ പ്രായോഗിക മാർഗനിർദേശവും വൈകാരിക സംതൃപ്‌തിയും നൽകുന്നു.നമ്മുടെ ഹൃദയത്തെ കാണുന്ന യഹോവ നമുക്ക് ആവശ്യമുള്ളത് എന്തെന്നു മനസ്സിലാക്കുന്നു എന്ന് ഓർക്കുക. അവൻ “ഹൃദയങ്ങളെ തൂക്കിനോക്കു”കയും ‘ഓരോരുത്തന് അവനവന്റെ നടപ്പിനു തക്കവണ്ണം കൊടുക്കുകയും ചെയ്യുന്നു.’—സദൃശവാക്യങ്ങൾ 21:2; യിരെമ്യാവു 17:10.
കുടുംബജീവിതത്തിനുള്ള
പ്രായോഗിക ബുദ്ധിയുപദേശം
മനുഷ്യബന്ധങ്ങൾ സംബന്ധിച്ച് ബൈബിൾ പ്രായോഗിക ബുദ്ധിയുപദേശം നൽകുന്നു. മുമ്പ് പരാമർശിച്ച ജോർജ് ഇപ്രകാരം പറയുന്നു: “ജീവിതത്തെ ഏറ്റവും സമ്മർദപൂരിതമാക്കുന്ന രണ്ടു കാര്യങ്ങളാണ് വ്യക്തിത്വഭിന്നതകളും തെറ്റിദ്ധാരണകളും.” അത്തരം സാഹചര്യങ്ങളെ അദ്ദേഹം എങ്ങനെയാണു തരണം ചെയ്യുന്നത്? “ആർക്കെങ്കിലും എനിക്കു വിരോധമായി എന്തെങ്കിലും ഉണ്ടെങ്കിൽ, മത്തായി 5:23, 24-ലെ ‘സഹോദരനോടു നിരന്നുകൊൾക’ എന്ന ലളിതമായ ബുദ്ധിയുപദേശം ഞാൻ ബാധകമാക്കുന്നു. പ്രസ്‌തുത കാര്യത്തെ കുറിച്ചു ആ വ്യക്തിയുമായി സംസാരിക്കാൻ കഴിയുന്നു എന്നതുതന്നെ നല്ല ഫലം കൈവരുത്തുന്നു. ബൈബിൾ പറയുന്ന ദൈവസമാധാനം എനിക്ക് അനുഭവിക്കാൻ കഴിയുന്നു. അതേ, ബൈബിളിന്റെ ബുദ്ധിയുപദേശം തികച്ചും പ്രയോജനപ്രദവും പ്രായോഗികവുമാണ്.”—ഫിലിപ്പിയർ 4:6, 7.
ഭാര്യാഭർത്താക്കന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുമ്പോൾ, ഇരുവരും ‘കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവർ’ ആയിരിക്കണം. (യാക്കോബ് 1:19) അത്തരം ബുദ്ധിയുപദേശം അവർക്കിടയിലെ ആശയവിനിമയം മെച്ചപ്പെടുത്തുന്നു. ജോർജ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “തന്നെപ്പോലെതന്നെ ഭാര്യയെ സ്‌നേഹിക്കാനും തന്നോടെന്നപോലെ അവളോടു പെരുമാറാനുമുള്ള ബുദ്ധിയുപദേശം ബാധകമാക്കുമ്പോൾ, എനിക്ക് അതിന്റെ നല്ല ഫലങ്ങൾ ഉടനടി കാണാൻ കഴിയുന്നു. അപ്പോൾ ഭാര്യക്ക് എന്നെ ആദരിക്കുക കൂടുതൽ എളുപ്പമായിത്തീരുന്നു.” (എഫെസ്യർ 5:28-33) അതേ, നമ്മുടെ അപൂർണ വശങ്ങൾ തിരിച്ചറിഞ്ഞ് യഥോചിതം പ്രവർത്തിക്കാനും അതേസമയം മറ്റുള്ളവരുടെ അപൂർണതകൾ കണക്കിലെടുക്കാതിരിക്കാനും ബൈബിൾ നമ്മെ പഠിപ്പിക്കുന്നു.
നിലനിൽക്കുന്ന ബുദ്ധിയുപദേശം
ജ്ഞാനിയായ ശലോമോൻ രാജാവ് ഇപ്രകാരം പറഞ്ഞു: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.” (സദൃശവാക്യങ്ങൾ 3:5, 6) എത്ര ലളിതവും എന്നാൽ ഗഹനവുമായ വാക്കുകൾ!
നന്മയ്‌ക്കുള്ള ഒരു പ്രേരകശക്തിയാണ് ബൈബിൾ. യഹോവയുടെ ഹിതപ്രകാരം ജീവിക്കാനും ‘അവന്റെ ന്യായപ്രമാണം അനുസരിച്ചു നടക്കുന്നതിൽ’ സന്തുഷ്ടി കണ്ടെത്താനും അവനെ സ്‌നേഹിക്കുന്നവരെ അതു സഹായിക്കുന്നു. (സങ്കീർത്തനം 119:1) നമ്മുടെ സാഹചര്യങ്ങൾ എന്തുതന്നെ ആയിരുന്നാലും, നമുക്ക് ആവശ്യമായ മാർഗനിർദേശവും ബുദ്ധിയുപദേശവും ബൈബിളിൽ അടങ്ങിയിരിക്കുന്നു. (യെശയ്യാവു 48:17, 18) അതു ദിവസവും വായിക്കുക, അതേക്കുറിച്ചു ധ്യാനിക്കുക, വായിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ ബാധകമാക്കുക. ശുദ്ധവും നിർമലവുമായ കാര്യങ്ങളിൽ മനസ്സിനെ കേന്ദ്രീകരിച്ചു നിറുത്താൻ അതു നിങ്ങളെ സഹായിക്കും. (ഫിലിപ്പിയർ 4:8, 9) എങ്ങനെ ജീവിക്കാമെന്നും ജീവിതം എങ്ങനെ ആസ്വദിക്കാമെന്നും മാത്രമല്ല, ജീവന്റെ സ്രഷ്ടാവിനെ എങ്ങനെ സ്‌നേഹിക്കാമെന്നും നിങ്ങൾ അതിൽനിന്നു പഠിക്കും.
അത്തരമൊരു ഗതി സ്വീകരിക്കുന്നെങ്കിൽ, ദശലക്ഷക്കണക്കിന് ആളുകളുടെ കാര്യത്തിലെന്നപോലെ, നിങ്ങളുടെ കാര്യത്തിലും ബൈബിൾ കേവലം ഒരു നല്ല ഗ്രന്ഥമായിരിക്കില്ല, മറിച്ച് ജീവിതവഴികാട്ടിയായ ഒരു ഉത്‌കൃഷ്ട ഗ്രന്ഥമായിരിക്കും, തീർച്ച!
[6-ാം പേജിലെ ചിത്രം]
ഹാനികരമായ ശീലങ്ങളെ കീഴടക്കാൻ ബൈബിൾ കരുത്തേകുന്നു
[7-ാം പേജിലെ ചിത്രം]
ദൈവവുമായി എങ്ങനെ ഉറ്റബന്ധം വളർത്തിയെടുക്കാമെന്നു ബൈബിൾ നമ്മെ പഠിപ്പിക്കുന്നു