പൂർണതയുള്ള ജീവിതം—വെറുമൊരു സ്വപ്നമല്ല!
പൂർണതയുള്ള ജീവിതം—വെറുമൊരു സ്വപ്നമല്ല!
പൂർണതയുള്ള ഒരു ലോകം—അതു നിങ്ങൾക്ക് എന്ത് അർഥമാക്കുന്നു? കുറ്റകൃത്യമോ മയക്കുമരുന്നു ദുരുപയോഗമോ ക്ഷാമമോ ദാരിദ്ര്യമോ അനീതിയോ ഇല്ലാത്ത ഒരു മാനവ സമൂഹത്തെ കുറിച്ചു വിഭാവന ചെയ്യുക. എല്ലാവർക്കും വൈകാരികവും ശാരീരികവുമായ നല്ല ആരോഗ്യം. സങ്കടമോ അസന്തുഷ്ടിയോ ഇല്ല, കാരണം മരണം പോലും നിർമാർജനം ചെയ്യപ്പെട്ടിരിക്കുന്നു. അത്തരമൊരു ലോകത്തിനു വേണ്ടി വാഞ്ഛിക്കുന്നതു യാഥാർഥ്യത്തിനു നിരക്കുന്നതാണോ?
ശാസ്ത്രീയവും സാങ്കേതികവുമായ പുരോഗതികൾ മനുഷ്യൻ കൈവരിച്ചിട്ടുണ്ട് എന്ന വസ്തുത അംഗീകരിക്കുന്നുണ്ടെങ്കിലും, എല്ലാവരും സമാധാനത്തിലും സന്തുഷ്ടിയിലും ജീവിക്കുന്ന പൂർണതയുള്ള ഒരു ലോകം ആനയിക്കാൻ മാനവ ബുദ്ധിക്കോ അറിവിനോ സാധിക്കുമെന്നു മിക്കവരും വിശ്വസിക്കുന്നില്ല. എന്നിരുന്നാലും, കാര്യങ്ങൾ മെച്ചപ്പെടുത്താനും അപൂർണതകൾ നേരെയാക്കാനുമാണ് മനുഷ്യൻ സ്വാഭാവികമായും ആഗ്രഹിക്കുന്നത്. പക്ഷേ അയഥാർഥമായ സ്വപ്നങ്ങൾ ഭവനരഹിതരെയോ ദരിദ്രരെയോ ഒരിക്കലും സഹായിക്കില്ല, തങ്ങളുടെ ദുരിതത്തിൽനിന്നുള്ള മോചനത്തിനായി കാംക്ഷിക്കുന്ന വികലാംഗരെയോ രോഗികളെയോ അതു തൃപ്തിപ്പെടുത്തുകയുമില്ല. പൂർണതയുള്ള ഒരു ലോകം ആനയിക്കാൻ മാനുഷ ശ്രമങ്ങൾക്കാവില്ലെന്ന് ഉറപ്പാണ്. പക്ഷേ, ഇന്നു ദുരിതവും അടിച്ചമർത്തലും ഉണ്ടെങ്കിലും, പൂർണതയുള്ള ഒരു ലോകം സമീപസ്ഥമാണെന്നു വിശ്വസിക്കാൻ ഈടുറ്റ കാരണങ്ങൾ ഉണ്ട്.
പൂർണതയുള്ള ജീവിതത്തെ കുറിച്ചു ചിന്തിക്കുമ്പോൾ യേശുക്രിസ്തുവിന്റെ ജീവിതം നിങ്ങളുടെ മനസ്സിലേക്കു വന്നേക്കാം. ഭൂമിയിൽ ജീവിച്ചിരുന്നിട്ടുള്ള പൂർണനായ ഏക വ്യക്തിയല്ല യേശു. ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ട ആദാമും ഹവ്വായും പറുദീസാ ഭൂമിയിൽ പൂർണതയുള്ള ജീവിതം ആസ്വദിച്ചിരുന്നു. പക്ഷേ, തങ്ങളുടെ സ്വർഗീയ പിതാവിന് എതിരെ മത്സരിച്ചതിന്റെ ഫലമായി അവർക്ക് ആ അത്യുത്തമ അവസ്ഥ നഷ്ടമായി. (ഉല്പത്തി 3:1-6) എന്നിരുന്നാലും എന്നേക്കും ജീവിക്കാനുള്ള ഒരു ആഗ്രഹം സ്രഷ്ടാവ് മനുഷ്യരിൽ ഉൾനട്ടിരുന്നു. ആ ആശയം വ്യക്തമാക്കിക്കൊണ്ട് സഭാപ്രസംഗി 3:11 ഇങ്ങനെ പറയുന്നു: “[ദൈവം] സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു; എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.”
അപൂർണതയും പാപവും മനുഷ്യവർഗത്തെ “വ്യർഥത”യിലേക്കും “ജീർണതയുടെ അടിമത്തത്തി”ലേക്കും നയിച്ചെങ്കിലും, പൗലൊസ് അപ്പൊസ്തലന്റെ ആശ്വാസ വാക്കുകൾ ശ്രദ്ധിക്കുക: “സൃഷ്ടിയുടെ ആകാംക്ഷാഭരിതമായ പ്രതീക്ഷ ദൈവപുത്രന്മാരുടെ വെളിപ്പെടലിനായി കാത്തിരിക്കുന്നു. എന്തെന്നാൽ സൃഷ്ടിതന്നെയും ജീർണതയുടെ അടിമത്തത്തിൽനിന്നു സ്വതന്ത്രമാക്കപ്പെടുകയും റോമർ 8:19-21, NW) പൂർണതയുള്ള മാനുഷ ജീവൻ പുനഃസ്ഥാപിക്കാൻ ദൈവം കരുതൽ ചെയ്തിരിക്കുന്നത് യേശുക്രിസ്തുവിലൂടെ ആണെന്നു ബൈബിൾ വ്യക്തമാക്കുന്നു.—യോഹന്നാൻ 3:16; 17:3.
ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്യുമെന്ന പ്രത്യാശയുടെ അടിസ്ഥാനത്തിൽ സൃഷ്ടി വ്യർഥതയ്ക്കു കീഴ്പെടുത്തപ്പെട്ടു, അത് സ്വന്തം ഇഷ്ടത്താലല്ല, പിന്നെയോ അതിനെ കീഴ്പെടുത്തിയവൻ മുഖാന്തരമാണ്.” (ഈ വിസ്മയാവഹമായ ഭാവിപ്രത്യാശയ്ക്കു പുറമേ, ഇപ്പോൾത്തന്നെ ആത്മീയമായി പുരോഗതി കൈവരിക്കാനും അതു പ്രകടമാക്കാനുമുള്ള പ്രാപ്തി നമുക്ക് എല്ലാവർക്കും ഉണ്ട്.
ന്യായബോധമുള്ളവരായിരിക്കാൻ ശ്രമിക്കുക
യേശു പൂർണതയെ വളരെ പ്രധാനപ്പെട്ട ഒരു സംഗതിയായി വീക്ഷിച്ചു. അതുകൊണ്ട് ഒരു വലിയ പുരുഷാരത്തോട് അവൻ ഇങ്ങനെ പറഞ്ഞു: “ആകയാൽ നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ.” (മത്തായി 5:48) ഇന്നത്തെ ദുഷ്ടവ്യവസ്ഥിതിയിൽ നാം കുറ്റമറ്റവരായിരിക്കാൻ യേശു വാസ്തവത്തിൽ പ്രതീക്ഷിച്ചോ? ഇല്ല. സഹമനുഷ്യരോടുള്ള ഉദാരമനസ്കത, ദയ, സ്നേഹം എന്നീ ഗുണങ്ങൾ വളർത്തിയെടുക്കാൻ നാം തീർച്ചയായും പരിശ്രമിക്കണം. എന്നിരുന്നാലും നാം പലപ്പോഴും ശരിയായതു ചെയ്യാൻ പരാജയപ്പെടുന്നു. യേശുവിന്റെ അപ്പൊസ്തലന്മാരിൽ ഒരാൾതന്നെ ഇങ്ങനെ എഴുതി: “നമ്മുടെ പാപങ്ങളെ ഏററുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു. നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ അവനെ അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മിൽ ഇല്ലാതെയായി.”—1 യോഹന്നാൻ 1:9, 10.
എന്നിരുന്നാലും, നാം നമ്മെത്തന്നെ വീക്ഷിക്കുകയും മറ്റുള്ളവരോട് ഇടപെടുകയും ചെയ്യുന്ന രീതി മെച്ചപ്പെടുത്താനും അതിരുകവിഞ്ഞ നിലപാടുകൾ ഒഴിവാക്കാനും നമുക്കു കഴിയും. സന്തുലിതവും ന്യായയുക്തവുമായ ഒരു വ്യക്തിത്വം വളർത്തിയെടുക്കാൻ ദൈവവചനമായ ബൈബിളിൽ കാണുന്നതിനെക്കാൾ മെച്ചപ്പെട്ട ഒരു മാർഗം ആർക്കാണു കണ്ടെത്താനാകുക? സന്തോഷം, മിതത്വം തുടങ്ങിയ ഗുണങ്ങൾ നട്ടുവളർത്തുന്നത് മറ്റുള്ളവരുമായി പൊരുത്തപ്പെട്ടു പോകാൻ നമ്മെ സഹായിക്കും. ജോലിസ്ഥലത്തും വിവാഹ ഇണയുമായോ മാതാപിതാക്കളുമായോ മക്കളുമായോ ഉള്ള ഇടപെടലിലും ഒക്കെ അതു സത്യമാണ്. പൗലൊസ് അപ്പൊസ്തലൻ ക്രിസ്ത്യാനികളെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു. നിങ്ങളുടെ സൌമ്യത [“ന്യായബോധം,” NW] സകല മനുഷ്യരും അറിയട്ടെ.”—ഫിലിപ്പിയർ 4:4, 5.
ന്യായബോധമുണ്ടായിരിക്കുന്നതിന്റെ പ്രയോജനങ്ങൾ
ന്യായമായ പ്രതീക്ഷകൾ വെക്കുകയും നമുക്കുതന്നെ പീഡയും നാശവും വരുത്തിവെക്കുന്ന പൂർണതാവാദം ഒഴിവാക്കുകയും ചെയ്യുന്നതാണ് നിങ്ങൾക്കും മറ്റുള്ളവർക്കും പ്രയോജനകരം. ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് വസ്തുനിഷ്ഠവും ന്യായയുക്തവുമായ ഒരു വീക്ഷണം ഉണ്ടായിരിക്കുന്നതിൽ, നിങ്ങൾ നിങ്ങളുടെ യഥാർഥ കഴിവുകൾ തിരിച്ചറിയുന്നത് ഉൾപ്പെടുന്നു. ഭൂമിയിൽ ജീവിക്കാനും നമുക്കും മറ്റുള്ളവർക്കും പ്രയോജനം ചെയ്യുന്ന അർഥവത്തായ വേലയിൽനിന്നു സംതൃപ്തി കണ്ടെത്താനുമാണ് ദൈവം നമ്മെ സൃഷ്ടിച്ചതെന്ന് ഓർമിക്കുക.—ഉല്പത്തി 2:7-9.
നിങ്ങളിൽനിന്നു വളരെയേറെ ആവശ്യപ്പെടുന്ന ഒരു സ്വഭാവം നിങ്ങൾക്ക് ഉണ്ടെങ്കിൽ, പ്രാർഥനയിലൂടെ യഹോവയുടെ സഹായം തേടരുതോ? ദൈവത്തിന്റെ പ്രീതി ലഭിക്കുന്നത് നിങ്ങൾക്കു വലിയ ആശ്വാസം കൈവരുത്തും. നമ്മുടെ ഘടനയും അപൂർണാവസ്ഥയും യഹോവയ്ക്ക് അറിയാം. അതുകൊണ്ട്, അവൻ നമ്മിൽനിന്നു സാധിക്കുന്നതിലേറെ ആവശ്യപ്പെടുന്നവനോ നമുക്കു പ്രീതിപ്പെടുത്താൻ ബുദ്ധിമുട്ടുള്ളവനോ അല്ല. സങ്കീർത്തനക്കാരൻ നമുക്ക് ഈ ഉറപ്പു നൽകുന്നു: “അപ്പന്നു മക്കളോടു കരുണ തോന്നുന്നതു പോലെ യഹോവെക്കു തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു. അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു.” (സങ്കീർത്തനം 103:13, 14) ദൈവം മനുഷ്യരോട് അത്തരം കരുണാപൂർവകമായ വിധത്തിൽ ഇടപെടുന്നതിൽ നമുക്ക് എത്ര നന്ദിയുള്ളവരായിരിക്കാൻ കഴിയും! അവനു നമ്മുടെ പരിമിതികൾ അറിയാമായിരുന്നിട്ടും അവന്റെ ദൃഷ്ടിയിൽ പ്രിയ മക്കളെപ്പോലെ അമൂല്യരായിരിക്കാൻ നമുക്കു സാധിക്കുന്നു.
പൂർണതാവാദം ഒഴിവാക്കിക്കൊണ്ട് ആത്മീയ വിവേകവും സന്തുലിതമായ വീക്ഷണവും നട്ടുവളർത്തുന്നത് എത്ര ജ്ഞാനപൂർവകമാണ്! തന്നെയുമല്ല, ദൈവരാജ്യത്തിൻ കീഴിൽ മനുഷ്യവർഗത്തെ പൂർണതയിലേക്ക് ഉയർത്താനുള്ള യഹോവയുടെ ഉദ്ദേശ്യത്തെ തകിടംമറിക്കാൻ ആർക്കും സാധിക്കില്ലെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. എന്നാൽ മാനുഷ പൂർണത എന്താണ് അർഥമാക്കുന്നത്?
പൂർണതയുള്ള ജീവിതം പൂർണതാവാദത്തെക്കാൾ മെച്ചം
പൂർണനായിരിക്കുക എന്നതിന് പൂർണതാവാദിയായിരിക്കുക എന്ന് അർഥമില്ല. തീർച്ചയായും, ദൈവരാജ്യത്തിൻ കീഴിൽ ഭൂമിയിൽ ജീവിക്കാനുള്ള പദവി ലഭിക്കുന്നവർ അതിരുകവിഞ്ഞ നിബന്ധനകൾ വെക്കുന്ന സ്വയനീതിക്കാർ ആയിരിക്കില്ല. മഹോപദ്രവത്തെ അതിജീവിക്കാനുള്ള നിബന്ധനകളിൽ ഒന്ന് മറുവിലയാഗത്തോടു ഹൃദയംഗമമായ വിലമതിപ്പ് പ്രകടിപ്പിക്കുക എന്നതാണ്. യോഹന്നാൻ അപ്പൊസ്തലന്റെ വിവരണത്തിലെ സാർവദേശീയ മഹാപുരുഷാരം അതു പ്രകടമാക്കി. “രക്ഷ എന്നുള്ളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്നു അവർ അത്യുച്ചത്തിൽ ആർത്തുകൊണ്ടിരുന്നു” എന്ന് അവൻ വിവരിക്കുന്നു. (വെളിപ്പാടു 7:9, 10, 14) ആഗതമാകുന്ന മഹോപദ്രവത്തിലെ അതിജീവകർ, യേശുക്രിസ്തു തങ്ങൾക്കു വേണ്ടിയും അവനിൽ വിശ്വാസം പ്രകടമാക്കുന്ന മറ്റുള്ളവർക്കു വേണ്ടിയും സ്വമേധയാ മരണം വരിച്ചതിൽ നന്ദിയുള്ളവരായിരിക്കും. അവരെ അപൂർണതയിൽനിന്നും ദൗർബല്യങ്ങളിൽനിന്നും ശാശ്വതമായി വിടുവിക്കുന്നതിനുള്ള അടിസ്ഥാനം അവന്റെ സ്നേഹമസൃണമായ യാഗമാണ്.—യോഹന്നാൻ 3:16; റോമർ 8:21, 22.
പൂർണതയുള്ള ജീവിതം ഏതു തരത്തിലുള്ള ഒരു അനുഭവമായിരിക്കും? മനുഷ്യർക്കിടയിലെ മത്സരത്തിന്റെയും സ്വാർഥമായ ഉത്കർഷേച്ഛയുടെയും സ്ഥാനം സ്നേഹവും ദയയും കയ്യടക്കും. അതു ജീവിതത്തെ മൂല്യവത്താക്കും, ഉത്കണ്ഠയെയും ആത്മനിന്ദയെയും ഇല്ലായ്മ ചെയ്യും. പൂർണതയുള്ള ജീവിതം മടുപ്പിക്കുന്നതോ വിരസമോ ആയിരിക്കില്ല. ദൈവവചനം പറുദീസയെ കുറിച്ചുള്ള മുഴുവൻ വിശദാംശങ്ങളും തരുന്നില്ലെങ്കിലും, ഏതു തരത്തിലുള്ള ഒരു ജീവിതം നമുക്ക് അവിടെ പ്രതീക്ഷിക്കാനാകുമെന്ന് അതു വിവരിക്കുകതന്നെ ചെയ്യുന്നു: “അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. അവർ പണിക, മറെറാരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറെറാരുത്തൻ തിന്നുക എന്നും വരികയില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതന്മാർ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും. അവർ വൃഥാ അദ്ധ്വാനിക്കയില്ല; ആപത്തിന്നായിട്ടു പ്രസവിക്കയുമില്ല.”—യെശയ്യാവു 65:21-23.
ദൈവരാജ്യത്തിലെ വിനോദം, ഷോപ്പിങ് സൗകര്യങ്ങൾ, സാങ്കേതികവിദ്യ, ഗതാഗതം എന്നിവയൊക്കെ എങ്ങനെയായിരിക്കും എന്നതിനെ കുറിച്ചു ചിന്തിക്കുന്നതിനു പകരം, പിൻവരുന്ന വാക്കുകളുടെ നിവൃത്തി നിങ്ങൾ ആസ്വദിക്കുന്നതായി സങ്കൽപ്പിക്കുക: “ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും; സർപ്പത്തിന്നു പൊടി ആഹാരമായിരിക്കും; എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.” (യെശയ്യാവു 65:25) പൂർണതയുള്ള ജീവിതം ഇന്നത്തെ ജീവിതത്തിൽനിന്ന് എത്ര വിഭിന്നമായിരിക്കും! അന്നു ജീവിച്ചിരിക്കാൻ തക്കവണ്ണം നിങ്ങൾ യോഗ്യത പ്രാപിക്കുന്നെങ്കിൽ നിങ്ങളുടെ സ്നേഹവാനായ സ്വർഗീയ പിതാവ് നിങ്ങളുടെയും കുടുംബത്തിന്റെയും കാര്യത്തിൽ താത്പര്യമെടുക്കുമെന്നു നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാവുന്നതാണ്. “യഹോവയിൽ തന്നേ രസിച്ചുകൊൾക; അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.”—സങ്കീർത്തനം 37:4.
പൂർണതയുള്ള ജീവിതം വെറുമൊരു സ്വപ്നമല്ല. മനുഷ്യവർഗത്തെ കുറിച്ചുള്ള ദൈവത്തിന്റെ സ്നേഹപൂർവകമായ ഉദ്ദേശ്യം പൂർണമായും നിവൃത്തിയേറും. നിങ്ങൾക്കും കുടുംബത്തിനും പൂർണതയിലേക്ക് ഉയർത്തപ്പെടാനും ദൈവത്തിന്റെ പുതിയ ലോകത്തിൽ എന്നേക്കും ജീവിക്കാനും സാധിക്കും. ബൈബിൾ ഇങ്ങനെ മുൻകൂട്ടിപ്പറയുന്നു: “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”—സങ്കീർത്തനം 37:29.
[6-ാം പേജിലെ ചിത്രം]
നാം നമ്മെത്തന്നെയും മറ്റുള്ളവരെയും വീക്ഷിക്കുന്ന രീതി നമുക്കു മെച്ചപ്പെടുത്താനാകും, പൂർണതാവാദം ഒഴിവാക്കിക്കൊണ്ടുതന്നെ
[7-ാം പേജിലെ ചിത്രം]
പറുദീസയിലെ സമാധാനപൂർണവും നീതിനിഷ്ഠവുമായ ജീവിതം ഇപ്പോൾത്തന്നെ ആസ്വദിക്കുന്നതായി വിഭാവന ചെയ്യരുതോ?