വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശരീരം ചെറുതെങ്കിലും വലിയ മനസ്സിന്റെ ഉടമകൾ

ശരീരം ചെറുതെങ്കിലും വലിയ മനസ്സിന്റെ ഉടമകൾ

ശരീരം ചെറുതെങ്കിലും വലിയ മനസ്സിന്റെ ഉടമകൾ

നിങ്ങൾക്കു വെറും 76 സെന്റിമീറ്റർ പൊക്കമേ ഉള്ളൂ എങ്കിൽ ദൈവരാജ്യത്തെക്കുറിച്ച്‌ അപരിചിതരോടു സംസാരിക്കുന്നത്‌ എങ്ങനെയിരിക്കും? ലോറ നിങ്ങളോടു പറയും. 33 വയസ്സുള്ള അവൾക്ക്‌ 76 സെന്റിമീറ്റർ പൊക്കമേയുള്ളൂ. അവളും സഹോദരി മരിയയും—24 വയസ്സുള്ള അവൾക്ക്‌ 86 സെന്റിമീറ്റർ പൊക്കമുണ്ട്‌—ഇക്വഡോറിലെ ക്വിറ്റോയിലാണ്‌ താമസിക്കുന്നത്‌. ക്രിസ്‌തീയ ശുശ്രൂഷയിൽ തങ്ങൾ അഭിമുഖീകരിക്കുന്ന പ്രതിബന്ധങ്ങളെ കുറിച്ച്‌ അവർ പറയുന്നതു ശ്രദ്ധിക്കൂ.

“വയൽ സേവന പ്രദേശത്തും ക്രിസ്‌തീയ യോഗസ്ഥലത്തും എത്തിച്ചേരുന്നതിന്‌ ആദ്യത്തെ ബസ്‌ പിടിക്കാൻ ഞങ്ങൾക്ക്‌ അര കിലോമീറ്റർ നടക്കണം. ബസിറങ്ങി അടുത്ത ബസു പിടിക്കാൻ പിന്നെയും നടക്കണം അര കിലോമീറ്റർ. സങ്കടകരമെന്നു പറയട്ടെ, ഈ വഴിക്ക്‌ ഞങ്ങളെ കണ്ടുകൂടാത്ത അഞ്ച്‌ നായ്‌ക്കളുണ്ട്‌. ഞങ്ങളെ സംബന്ധിച്ചിടത്തോളം നായ്‌ക്കൾക്ക്‌ കുതിരകളുടെ അത്രയും വലിപ്പമുണ്ട്‌. അതുകൊണ്ടു ഞങ്ങൾക്ക്‌ അവയെ ഭയങ്കര പേടിയാണ്‌. ആവശ്യം വരുന്നപക്ഷം അവയെ ഓടിച്ചുവിടാൻ ഞങ്ങൾ ഒരു വടി കൂടെ കരുതാറുണ്ട്‌. വീട്ടിലേക്ക്‌ നടക്കുമ്പോൾ എടുത്തുകൊണ്ടുപോകാനായി ഞങ്ങൾ അത്‌ ബസ്‌ സ്റ്റോപ്പിനടുത്ത്‌ വഴിയരുകിൽ എവിടെയെങ്കിലും ഒളിച്ചുവെക്കും.

“ബസിൽ കയറുക എന്നത്‌ ഞങ്ങളെ സംബന്ധിച്ചിടത്തോളം അക്ഷരാർഥത്തിൽ ഒരു വലിയ പടി തന്നെയാണ്‌. എളുപ്പത്തിൽ കയറാനായി ഞങ്ങൾ ബസ്‌ സ്‌റ്റോപ്പിനടുത്തുള്ള ഒരു മൺകൂനയിൽ കയറി നിൽക്കും. ചില ഡ്രൈവർമാർ ആ മൺകൂനയ്‌ക്കടുത്ത്‌ ബസ്‌ നിറുത്തും. എന്നാൽ ചിലർ അങ്ങനെ ചെയ്യാറില്ല. അങ്ങനെ നിറുത്തിത്തരാത്തപ്പോൾ ഞങ്ങളിൽ പൊക്കം കൂടിയ ആൾ പൊക്കം കുറഞ്ഞ ആളെ വണ്ടിയിൽ കയറാൻ സഹായിക്കും. രണ്ടാമത്തെ ബസു പിടിക്കുന്നതിന്‌ ഞങ്ങൾ തിരക്കുപിടിച്ച ഒരു ഹൈവേ കുറുകെ കടക്കണം—ഞങ്ങളുടെ കുഞ്ഞിക്കാലുകൾക്ക്‌ അതു വലിയ ആയാസംതന്നെ. ഞങ്ങൾക്ക്‌ വലിപ്പം തീരെ കുറവായതിനാൽ പുസ്‌തക ബാഗ്‌ ഒരു വെല്ലുവിളി തന്നെയാണ്‌. ബാഗിന്റെ ഭാരം കുറയ്‌ക്കാനായി, ഞങ്ങൾ പോക്കറ്റ്‌ സൈസ്‌ ബൈബിൾ ഉപയോഗിക്കുകയും സാഹിത്യങ്ങളുടെ എണ്ണം കുറയ്‌ക്കുകയും ചെയ്യുന്നു.

“ചെറുപ്പം മുതൽ ഞങ്ങൾക്ക്‌ അധികം സംസാരിക്കുന്ന ശീലമില്ലായിരുന്നു. അപരിചിതരോടു സംസാരിക്കാൻ ഞങ്ങൾക്കു ഭയമാണെന്ന കാര്യം ഞങ്ങളുടെ അയൽക്കാർക്ക്‌ അറിയാം. അതുകൊണ്ട്‌ ഞങ്ങൾ അവരുടെ കതകിൽ മുട്ടുമ്പോൾ അവർക്ക്‌ ആശ്ചര്യവും മതിപ്പും തോന്നുന്നുവെന്നു മാത്രമല്ല മിക്കപ്പോഴും ഞങ്ങൾ പറയുന്നതു ശ്രദ്ധിക്കുകയും ചെയ്യുന്നു. എന്നാൽ ഞങ്ങളെ അധികമാർക്കും പരിചയമില്ലാത്തിടത്ത്‌ ആളുകൾക്കു ഞങ്ങൾ വെറും കുള്ളികളാണ്‌. അതുകൊണ്ടുതന്നെ ഞങ്ങളുടെ സന്ദേശത്തിന്‌ അർഹിക്കുന്ന ശ്രദ്ധ അവർ എല്ലായ്‌പോഴും നൽകാറില്ല. എന്നിരുന്നാലും, യഹോവയുടെ സ്‌നേഹം അനുഭവിക്കുന്നത്‌ സുവിശേഷ വേലയിൽ തുടരാൻ ഞങ്ങൾക്ക്‌ ഉൾക്കരുത്തേകുന്നു. സദൃശവാക്യങ്ങൾ 3:5, 6-നെക്കുറിച്ച്‌ ധ്യാനിക്കുന്നതും ധൈര്യം പകരുന്നു.”

ശാരീരിക പരിമിതികൾക്കു മധ്യേയും സ്ഥിരോത്സാഹം പ്രകടമാക്കുന്നതിലൂടെ ദൈവത്തെ മഹത്ത്വപ്പെടുത്താൻ കഴിയും എന്നാണ്‌ ലോറയുടെയും മരിയയുടെയും അനുഭവം പ്രകടമാക്കുന്നത്‌. തന്റെ ‘ജഡത്തിലെ മുള്ള്‌,’ [NW] ഒരുപക്ഷേ ഒരു ശാരീരിക വൈകല്യം, മാറിക്കിട്ടാൻ പൗലൊസ്‌ അപ്പൊസ്‌തലൻ പ്രാർഥിച്ചു. എന്നാൽ ദൈവം അവനോട്‌ ഇങ്ങനെ പറഞ്ഞു: “എന്റെ കൃപ നിനക്കു മതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു.” അതേ, ദൈവത്തെ സേവിക്കുന്നതിന്‌ ഒരു ശാരീരിക വൈകല്യം നീക്കം ചെയ്യപ്പെടേണ്ടതില്ല. ദൈവത്തിൽ പൂർണമായി ആശ്രയിക്കുന്നെങ്കിൽ നമ്മുടെ സാഹചര്യങ്ങൾ ഏറ്റവും മെച്ചമായി ഉപയോഗപ്പെടുത്താൻ നമുക്കു സാധിക്കും. ‘ജഡത്തിലെ മുള്ളിനെ’ ഈ വിധം വീക്ഷിച്ചതിനാൽ അവന്‌ ഇങ്ങനെ പറയാൻ സാധിച്ചു: “ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു.” (2 കൊരിന്ത്യർ 12:7, 9, 10) ഏതാനും വർഷങ്ങൾക്കു ശേഷം പൗലൊസ്‌ എഴുതി: “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.”—ഫിലിപ്പിയർ 4:13.

ഈ ആധുനിക നാളുകളിലും, തന്നിൽ പൂർണമായും അർപ്പിതരായ സ്‌ത്രീപുരുഷന്മാരെയും കുട്ടികളെയും ഉപയോഗിച്ചുകൊണ്ട്‌, ദൈവം അസാധാരണമായ ഒരു വേല നിർവഹിക്കുകയാണ്‌. അവരിൽ ചിലർക്ക്‌ അംഗവൈകല്യങ്ങളുണ്ട്‌. ദൈവരാജ്യത്തിൻ കീഴിലെ ദിവ്യ രോഗശാന്തിക്കായി അവരെല്ലാം പ്രത്യാശിക്കുന്നെങ്കിലും, ദൈവ സേവനത്തിൽ ഏർപ്പെടുന്നതിന്‌ അവൻ തങ്ങളെ പ്രശ്‌നമുക്തരാക്കാൻ അവർ കാത്തിരിക്കുന്നില്ല.

നിങ്ങൾക്ക്‌ ശാരീരിക ബലഹീനതകൾ ഉണ്ടോ? ധൈര്യപ്പെടുക! വിശ്വാസം പ്രകടമാക്കിക്കൊണ്ടു നിങ്ങൾക്ക്‌ പൗലൊസിനെയും ലോറയെയും മരിയയെയും പോലെ ഉള്ളവരോടൊപ്പം ആയിരിക്കാൻ കഴിയും. പുരാതന വിശ്വസ്‌ത സ്‌ത്രീപുരുഷന്മാരുടെ കാര്യത്തിലെന്നപോലെ ഇവരെക്കുറിച്ചും ഇങ്ങനെ പറയാൻ കഴിയും: “ബലഹീനതയിൽ [അവർ] ശക്തി പ്രാപിച്ചു.”—എബ്രായർ 11:34.

[8-ാം പേജിലെ ചിത്രം]

മരിയ

ലോറ

[9-ാം പേജിലെ ചിത്രം]

ബസിൽ കയറാൻ മരിയ ലോറയെ സഹായിക്കുന്നു

[9-ാം പേജിലെ ചിത്രങ്ങൾ]

‘ഞങ്ങളെ സംബന്ധിച്ചിടത്തോളം നായ്‌ക്കൾക്കു കുതിരകളുടെ അത്രയും വലിപ്പമുണ്ട്‌. അതുകൊണ്ടു ഞങ്ങൾക്ക്‌ അവയെ ഭയങ്കര പേടിയാണ്‌’

താഴെ: ലോറയും മരിയയും അവരോടൊപ്പം ബൈബിൾ പഠിച്ചവരും