കുടുംബങ്ങൾക്കുവേണ്ടി | ദാമ്പത്യം
നീരസം എങ്ങനെ ഒഴിവാക്കാം?
പ്രശ്നം
നിങ്ങളുടെ ഇണ പറഞ്ഞതോ ചെയ്തതോ ആയ കാര്യങ്ങൾ നിങ്ങൾക്കു മറക്കാനാകുന്നില്ല; മുറിപ്പെടുത്തുന്ന വാക്കുകളും ചിന്താശൂന്യമായ പ്രവൃത്തികളും നിങ്ങളുടെ മനസ്സിൽ മായാത്തവിധം പതിഞ്ഞിരിക്കുന്നു. അതിന്റെ ഫലമായി ഇണയോട് ഒരിക്കലുണ്ടായിരുന്ന സ്നേഹം നീരസത്തിനു വഴിമാറിയിരിക്കുന്നു. സ്നേഹശൂന്യമായ ഈ വിവാഹബന്ധം തുടർന്നുകൊണ്ടുപോകുകയല്ലാതെ മറ്റൊരു പോംവഴിയില്ലെന്നു നിങ്ങൾ വിചാരിക്കുന്നു. ഇതിനെപ്രതിയും നിങ്ങൾക്ക് ഇണയോട് നീരസം തോന്നുന്നു.
കാര്യങ്ങൾക്കു മാറ്റം വരുത്താനാകും എന്ന് ഉറപ്പുണ്ടായിരിക്കുക. എന്നാൽ ആദ്യം നീരസത്തെക്കുറിച്ച് ചില വസ്തുതകൾ നമുക്കു പരിചിന്തിക്കാം.
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
നീരസത്തിന് ഒരു വിവാഹബന്ധം തകർക്കാൻ കഴിയും. എന്തുകൊണ്ട്? കാരണം, വിവാഹബന്ധത്തിന്റെ അടിസ്ഥാനഗുണങ്ങളിൽ ചിലതായ സ്നേഹം, ആശ്രയം, വിശ്വസ്തത എന്നിവയെത്തന്നെ നീരസം ദുർബലപ്പെടുത്തുന്നു. ഏതെങ്കിലും ഒരു വൈവാഹികപ്രശ്നത്തിന്റെ ഫലമായി ഉളവാകുന്നതല്ല നീരസം; മറിച്ച്, നീരസംതന്നെ ഒരു വൈവാഹികപ്രശ്നം ആണെന്നു പറയാനാകും. ‘സകല വിദ്വേഷവും നിങ്ങളെ വിട്ട് ഒഴിഞ്ഞുപോകട്ടെ’ എന്ന് ബൈബിൾ നല്ല കാരണത്തോടെ പറയുന്നു.—എഫെസ്യർ 4:31.
നീരസം വെച്ചുപുലർത്തുന്നെങ്കിൽ നിങ്ങൾ നിങ്ങളെത്തന്നെയാണ് ദ്രോഹിക്കുന്നത്. നിങ്ങൾ നിങ്ങളെത്തന്നെ അടിച്ചശേഷം അതിന്റെ വേദന മറ്റേയാൾക്കു തോന്നാൻ പ്രതീക്ഷിക്കുന്നതുപോലെയാണ് നീരസം വെച്ചുപുലർത്തുന്നത്. “നിങ്ങൾക്ക് ആരോടാണോ നീരസം തോന്നുന്നത് ആ വ്യക്തി സന്തോഷത്തോടെയിരിക്കുകയും, തന്നെ ഇങ്ങനെയൊരു പ്രശ്നം ഒട്ടും ബാധിക്കുന്നില്ല എന്നപോലെ സാധാരണജീവിതം നയിക്കുകയും ചെയ്തേക്കാം. നിങ്ങൾ ആരോടാണോ നീരസം വെച്ചുപുലർത്തുന്നത് ആ വ്യക്തിയെക്കാൾ അധികം അത് നിങ്ങളെത്തന്നെയാണ് ബാധിക്കുന്നത്” എന്ന് കുടുംബപ്രശ്നത്തിൽനിന്നു കരകയറൽ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ മാർക്ക് സിക്കൽ എഴുതുന്നു.
നിങ്ങൾ നിങ്ങളെത്തന്നെ അടിച്ചശേഷം അതിന്റെ വേദന മറ്റേയാൾക്കു തോന്നാൻ പ്രതീക്ഷി ക്കുന്നതുപോലെയാണ് നീരസം വെച്ചു പുലർത്തുന്നത്
നീരസപ്പെടണമോ എന്നു നിങ്ങളാണ് തീരുമാനിക്കേണ്ടത്. ഇതു ശരിയാണോ എന്നു ചിലർ സംശയിച്ചേക്കാം. “എന്റെ ഇണയാണ് എന്നെ നീരസപ്പെടുത്തിയത്” എന്ന് അവർ പറയുന്നു. ഇങ്ങനെ ചിന്തിക്കുന്നവർ തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾക്ക്, അതായത് മറ്റേ വ്യക്തിയുടെ പ്രവൃത്തികൾക്ക്, അമിതപ്രാധാന്യം കൊടുക്കുന്നുവെന്നതാണ് പ്രശ്നം. ബൈബിൾ ഇതിനൊരു പ്രതിവിധി മുന്നോട്ടുവെക്കുന്നു. അത് ഇങ്ങനെ പറയുന്നു: “ഓരോരുത്തനും താന്താന്റെ പ്രവൃത്തി ശോധനചെയ്യട്ടെ.” (ഗലാത്യർ 6:4) മറ്റാരെങ്കിലും പറയുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങൾ നമുക്കു നിയന്ത്രിക്കുക സാധ്യമല്ല. എന്നാൽ അതിനോട് എങ്ങനെ പ്രതികരിക്കണമെന്നു നമുക്കു തീരുമാനിക്കാൻ കഴിയും. അതുകൊണ്ട്, നീരസം പ്രകടിപ്പിക്കുക എന്നതല്ല ഏക പോംവഴി.
നിങ്ങൾക്ക് ചെയ്യാനാകുന്നത്
നീരസപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക. നിങ്ങളുടെ ഇണയെ കുറ്റപ്പെടുത്താൻ എളുപ്പമാണ്. എന്നാൽ ഓർക്കുക, നീരസപ്പെടണമോ വേണ്ടയോ എന്നു നിങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. ക്ഷമിക്കണമോ വേണ്ടയോ എന്ന കാര്യത്തിലും അങ്ങനെതന്നെ. “സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുത്” എന്ന ബൈബിളിന്റെ ഉദ്ബോധനം നിങ്ങൾക്കു പിൻപറ്റാൻ കഴിയും. (എഫെസ്യർ 4:26) ക്ഷമിക്കാനുള്ള മനസ്സൊരുക്കം നിങ്ങളുടെ വൈവാഹികപ്രശ്നങ്ങളെ നല്ലൊരു മനോനിലയോടെ സമീപിക്കാനുള്ള അവസരം നൽകുന്നു.—ബൈബിൾതത്ത്വം: കൊലോസ്യർ 3:13.
സത്യസന്ധമായി നിങ്ങളെത്തന്നെ വിലയിരുത്തുക. ചിലർ ‘കോപപ്രകൃതമുള്ളവരും’ ‘ക്രോധമുള്ളവരും’ ആണെന്ന് ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 29:22) നിങ്ങൾ അത്തരത്തിലുള്ള ഒരാളാണോ? നിങ്ങളോടുതന്നെ ചോദിക്കുക: ‘മറ്റുള്ളവരോടു വിദ്വേഷം കാണിക്കാൻ ചായ്വുള്ളവനാണോ ഞാൻ? പെട്ടെന്നു ദേഷ്യം വരുന്ന ഒരാളാണോ? ചെറിയ കാര്യങ്ങൾ ഊതിപ്പെരുപ്പിച്ച് വലിയ പ്രശ്നമാക്കുന്ന പ്രവണത എനിക്കുണ്ടോ?’ ബൈബിൾ പറയുന്നു: “കുറ്റപ്പെടുത്തിക്കൊണ്ടേയിരിക്കുന്നവൻ സ്നേഹിതനെ പിണക്കി അകറ്റുന്നു.” [സുഭാഷിതങ്ങൾ (സദൃശവാക്യങ്ങൾ) 17:9, പി.ഒ.സി.; സഭാപ്രസംഗി 7:9] വിവാഹജീവിതത്തിലും അങ്ങനെ സംഭവിച്ചേക്കാം. അതുകൊണ്ട് നീരസപ്പെടാനുള്ള ഒരു പ്രവണതയുണ്ടെങ്കിൽ നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക, ‘ഇണയോട് കുറച്ചുകൂടെ ക്ഷമയോടെ ഇടപെടാൻ എനിക്കു കഴിയുമോ?’—ബൈബിൾതത്ത്വം: 1 പത്രോസ് 4:8.
പ്രാധാന്യമുള്ളത് എന്താണെന്ന് തീരുമാനിക്കുക. “മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം” എന്നു ബൈബിൾ പറയുന്നു. (സഭാപ്രസംഗി 3:7) നിങ്ങളെ വിഷമിപ്പിച്ച എല്ലാ കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യേണ്ടതില്ല. ചില അവസരങ്ങളിൽ “നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ചു മൌനമായിരി”ക്കാൻ നിങ്ങൾക്കു സാധിക്കും. (സങ്കീർത്തനം 4:4) എന്നാൽ, ചില പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്നു നിങ്ങൾ തീരുമാനിക്കുന്നെങ്കിൽ നിങ്ങളുടെ കോപം അടങ്ങുന്നതുവരെ കാത്തിരിക്കുക. ബിയാട്രിസ് എന്നു പേരുള്ള ഒരു വീട്ടമ്മ ഇങ്ങനെ പറയുന്നു: “എനിക്കു വിഷമം തോന്നുമ്പോൾ, ആദ്യം ശാന്തയാകാൻ ഞാൻ ശ്രമിക്കും. അല്പസമയം കഴിയുമ്പോൾ, അതത്ര ഗൗരവമുള്ള പ്രശ്നമായിരുന്നില്ലെന്നു തിരിച്ചറിയാൻ ചിലപ്പോഴൊക്കെ എനിക്കു സാധിച്ചിട്ടുണ്ട്. ഇത്, ബഹുമാനത്തോടെ സംസാരിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു.”—ബൈബിൾതത്ത്വം: സദൃശവാക്യങ്ങൾ 19:11.
“ക്ഷമിക്കുക” എന്നതിന്റെ അർഥം മനസ്സിലാക്കുക. ബൈബിളിൽ “ക്ഷമിക്കുക” എന്ന് പരിഭാഷ ചെയ്തിരിക്കുന്ന മൂലഭാഷയിലെ പദങ്ങളിൽ ഒന്നിന് ചില കാര്യങ്ങൾ വിട്ടുകളയുക എന്ന ആശയംകൂടെയുണ്ട്. അതുകൊണ്ട്, ക്ഷമിക്കുക എന്നു പറയുമ്പോൾ ആ കുറ്റം ചെറുതാക്കി കാണണമെന്നോ അല്ലെങ്കിൽ, അത് ഒരിക്കലും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ പെരുമാറണമെന്നോ അല്ല അതിന് അർഥം. മറിച്ച്, ഉണ്ടായിട്ടുള്ള ആ പ്രശ്നത്തെക്കാൾ, നീരസം നിങ്ങളുടെ ആരോഗ്യത്തെയും വിവാഹബന്ധത്തെയും ബാധിക്കുമെന്നു തിരിച്ചറിഞ്ഞുകൊണ്ട് അത് വിട്ടുകളയുക എന്നാണ് അത് അർഥമാക്കുന്നത്. ▪ (g14-E 09)