യുക്തിവാദത്തിന്റെ പുതിയ മുഖം
യുക്തിവാദത്തിന്റെ പുതിയ മുഖം
നിരീശ്വരവാദികളുടെ ഒരു പുതിയ കൂട്ടായ്മ ലോകരംഗത്ത് സജീവമാകുന്നു. പുതിയ യുക്തിവാദികൾ എന്ന് വിളിക്കപ്പെടുന്ന ഇവർ തങ്ങളുടെ യുക്തിചിന്തകൾ തങ്ങളിൽത്തന്നെ ഒതുക്കിവെക്കാൻ തയ്യാറല്ല. “വിശ്വാസികളെ എങ്ങനെയും തങ്ങളുടെ വഴിക്കു കൊണ്ടുവരാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ഇവർ” എന്ന് കോളമെഴുത്തുകാരനായ റിച്ചാർഡ് ബേൺസ്റ്റീൻ അഭിപ്രായപ്പെട്ടു. സന്ദേഹവാദികളെയും വെറുതെവിടാൻ ഇവർ തയ്യാറല്ല; കാരണം ദൈവാസ്തിത്വത്തെ പാടേ നിഷേധിക്കുന്ന ഇവർക്ക് ഇവരുടെ നിലപാടിൽ സന്ദേഹമേയില്ല.
“മതം ഒരു പേക്കിനാവാണ്. ഈ ദുഃസ്വപ്നത്തിൽനിന്ന് ലോകം ഉണർന്നെഴുന്നേൽക്കേണ്ട സമയമായി,” നോബൽ സമ്മാനജേതാവായ സ്റ്റീവൻ വീൻബർഗ് പ്രസ്താവിച്ചു. “മാനവരാശിയുടെമേലുള്ള മതത്തിന്റെ പിടി അയയ്ക്കാൻ നമ്മെക്കൊണ്ടാവുന്നതെല്ലാം ശാസ്ത്രജ്ഞന്മാരായ നാം ചെയ്യണം. മാനവസംസ്കൃതിക്ക് നാം നൽകുന്ന ഉദാത്തമായ ഒരു സംഭാവനയാകട്ടെ അത്!” മതങ്ങളുടെ കെട്ടുപൊട്ടിക്കാനുള്ള പുറപ്പാടിൽ ഇവരുടെ പ്രധാന ആയുധം തൂലികതന്നെ! തങ്ങളുടെ ചിന്താധാരകൾ ഗ്രന്ഥരൂപത്തിലാക്കി ജനമനസ്സുകളെ ഇളക്കിമറിക്കുകയാണ് ഇവർ!
മതങ്ങൾതന്നെയാണ് ഇവരെ ദൈവനിഷേധികളാക്കിയിരിക്കുന്നത്. മതതീവ്രവാദം, ഭീകരവാദം, മതത്തിന്റെ പേരിലുള്ള ഏറ്റുമുട്ടലുകൾ. ഇവയോടുള്ള മടുപ്പും വെറുപ്പും ഉറഞ്ഞുകൂടി രൂപംപ്രാപിച്ചതാണ് ഈ പുതിയ യുക്തിവാദം. “മതം എന്തിനെയും വിഷലിപ്തമാക്കും,” പ്രശസ്തനായ ഒരു നാസ്തിക ചിന്തകൻ അഭിപ്രായപ്പെട്ടു. മതമൗലികവാദത്തെ മാത്രമല്ല അദ്ദേഹം അങ്ങനെ വിശേഷിപ്പിച്ചത്, മൊത്തത്തിലുള്ള മതചിന്തകളെയാണ്. മതവിശ്വാസങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടി അവയെ കുഴിച്ചുമൂടണം, എന്നിട്ട് സയുക്തികവും വസ്തുനിഷ്ഠവുമായി ചിന്തിക്കാൻ പഠിക്കണം. ഇങ്ങനെപോകുന്നു ഈ നവനാസ്തികരുടെ ചിന്തകൾ. സാം ഹാരിസ് എന്ന യുക്തിവാദി എഴുതി: “മനുഷ്യജീവിതത്തെ ഹനിക്കുന്ന (മതഗ്രന്ഥങ്ങളിലുള്ള) മഹാ അബദ്ധങ്ങൾക്കെതിരെ നിർഭയം തുറന്നടിക്കാൻ ജനത്തിനു കഴിയണം. മതവിശ്വാസങ്ങളുടെ കൂമ്പൊടിക്കുന്നത് പാപമായി കണ്ട് മൗനം പാലിച്ചിരിക്കാൻ ഇനി നമുക്കാവില്ല.”
മതത്തെ എതിർക്കുന്ന ഈ യുക്തിവാദികൾ പക്ഷേ ശാസ്ത്രത്തിന്റെ മുമ്പിൽ ഭയാദരവോടെ മുട്ടുകുത്തുന്നു. ശാസ്ത്രം ദൈവം ഇല്ലെന്നു തെളിയിക്കുന്നു എന്നാണ് ഇവരിൽ ചിലരുടെ വാദം. എന്നാൽ അതു ശരിയാണോ? ദൈവമില്ലെന്നു തെളിയിക്കാൻ വാസ്തവത്തിൽ ശാസ്ത്രത്തിനു കഴിയുമോ? “കാലാന്തരത്തിൽ ഇതിൽ ഒരുപക്ഷം ജയിക്കും, മറുപക്ഷം തോൽക്കും,” ഹാരിസ് പറയുന്നു.
ജയം ഏതു പക്ഷത്തിനായിരിക്കും? ചിന്തിക്കുക; എന്നിട്ട് സ്വയം ചോദിക്കുക: ‘സൃഷ്ടിതാവിലുള്ള വിശ്വാസം മഹാ അപരാധമാണോ? എല്ലാ മനുഷ്യരും നാസ്തികരായാൽ ലോകം നന്നാകുമോ?’ നിരീശ്വരവാദത്തെയും മതത്തെയും ശാസ്ത്രത്തെയും കുറിച്ച് ആദരണീയരായ ചില ശാസ്ത്രജ്ഞരും ദാർശനികരും പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ വിലയിരുത്തുകയാണ് ഞങ്ങളിവിടെ. (g10-E 11)