വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പുരാതന കയ്യെഴുത്തുപ്രതികൾ—അവയുടെ പഴക്കം നിർണയിക്കുന്നത്‌ എങ്ങനെ?

പുരാതന കയ്യെഴുത്തുപ്രതികൾ—അവയുടെ പഴക്കം നിർണയിക്കുന്നത്‌ എങ്ങനെ?

പുരാതന കയ്യെഴുത്തുപ്രതികൾഅവയുടെ പഴക്കം നിർണയിക്കുന്നത്‌ എങ്ങനെ?

വർഷം 1844. ഈജിപ്‌തിലെ സീനായ്‌ മലയടിവാരത്തു സ്ഥിതിചെയ്യുന്ന സെന്റ്‌ കാതറിൻസ്‌ മഠത്തിലുള്ള ഗ്രന്ഥശാലയിലെ പുസ്‌തകങ്ങളിലൂടെ ഒന്നു കണ്ണോടിക്കുകയായിരുന്നു ബൈബിൾപണ്ഡിതനായ കോൺസ്റ്റാന്റിൻ ഫോൺ ടിഷെൻഡോർഫ്‌. അപ്പോഴാണ്‌ വിശേഷപ്പെട്ട ചില ചർമപത്രങ്ങൾ ദൃഷ്ടിയിൽപ്പെടുന്നത്‌. എബ്രായ തിരുവെഴുത്തുകളുടെ അഥവാ ‘പഴയ നിയമത്തിന്റെ’ ഗ്രീക്കു പരിഭാഷയായ സെപ്‌റ്റുവജിന്റിന്റെ താളുകളാണ്‌ അവയെന്ന്‌, പാലിയോഗ്രഫി * വിദ്യാർഥിയായ അദ്ദേഹം തിരിച്ചറിഞ്ഞു. “സീനായ്‌ മലയടിവാരത്തിൽ കണ്ടെടുത്ത ഈ ലിഖിതങ്ങളോളം പഴക്കമുള്ളതായി കരുതപ്പെടുന്ന ഒന്നുംതന്നെ ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല,” അദ്ദേഹം എഴുതി.

സൈനാറ്റിക്‌ കയ്യെഴുത്തുപ്രതി അഥവാ കോഡക്‌സ്‌ സൈനാറ്റിക്കസ്‌ എന്നു പിന്നീട്‌ അറിയപ്പെട്ട ശേഖരത്തിന്റെ ഭാഗമായ ഈ ലിഖിതങ്ങൾ എ.ഡി. നാലാം നൂറ്റാണ്ടിലേതാണെന്നു കണക്കാക്കപ്പെടുന്നു. പണ്ഡിതന്മാർ പഠനവിധേയമാക്കുന്ന എബ്രായ, ഗ്രീക്ക്‌ തിരുവെഴുത്തുകളുടെ ആയിരക്കണക്കിനു പുരാതന കയ്യെഴുത്തുപ്രതികളിൽ ഒന്നുമാത്രമാണിത്‌.

ഗ്രീക്ക്‌ പാലിയോഗ്രഫിയുടെ വികാസം

ബെനഡിക്‌റ്റൈൻ സന്ന്യാസിയായ ബെർനാഡ്‌ ഡെ മോങ്‌ഫോകോങ്‌ (1655-1741) ഗ്രീക്കു കയ്യെഴുത്തുപ്രതികളുടെ ശാസ്‌ത്രീയ പഠനത്തിനു തുടക്കംകുറിച്ചു. പിന്നീട്‌ മറ്റു പണ്ഡിതന്മാരും മുന്നോട്ടുവന്നു. യൂറോപ്പിലെ ഗ്രന്ഥപ്പുരകളിലുള്ള, ബൈബിളിന്റെ ഏറ്റവും പുരാതനമായ ഗ്രീക്കു കയ്യെഴുത്തുപ്രതികളുടെ ഒരു പട്ടിക തയ്യാറാക്കുകയെന്ന ബൃഹത്തായ സംരംഭം ടിഷെൻഡോർഫ്‌ ഏറ്റെടുത്തു. മധ്യപൂർവദേശത്തേക്കു നിരവധി യാത്രകൾ നടത്തിയ അദ്ദേഹം നൂറുകണക്കിനു രേഖകൾ പഠിക്കുകയും തന്റെ നിരീക്ഷണങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്‌തു.

പാലിയോഗ്രാഫർമാർക്ക്‌ 20-ാം നൂറ്റാണ്ടിൽ കൂടുതലായ ചില സൗകര്യങ്ങൾ ലഭിച്ചു. വ്യക്തികളുടെ പക്കലും 820 ഗ്രന്ഥശാലകളിലുമുള്ള ബൈബിളിന്റെയോ മറ്റു ലിഖിതങ്ങളുടെയോ 55,000 ഗ്രീക്കു കയ്യെഴുത്തുപ്രതികളുടെ വിവരങ്ങളടങ്ങിയ ഏതാണ്ട്‌ 900 കാറ്റലോഗുകളുടെ മാർസെൽ റിഷാർ പട്ടികയാണ്‌ അതിലൊന്ന്‌. കയ്യെഴുത്തുപ്രതികളുടെ കാലപ്പഴക്കം കൂടുതൽ കൃത്യമായി കണ്ടെത്താൻ ഈ വിവരശേഖരം പരിഭാഷകരെയും പാലിയോഗ്രാഫർമാരെയും സഹായിക്കുന്നു.

കാലപ്പഴക്കം നിർണയിക്കുന്ന വിധം

നിങ്ങൾ ഒരു പഴയ വീടിന്റെ തട്ടിൻപുറം വൃത്തിയാക്കുകയാണെന്നു കരുതുക. നിറംമങ്ങിയതും തീയതി വെച്ചിട്ടില്ലാത്തതും കൈകൊണ്ട്‌ എഴുതിയതുമായ ഒരു പഴയ കത്തു നിങ്ങളുടെ കണ്ണിൽപ്പെടുന്നു. ‘ഇത്‌ ഏതു കാലത്ത്‌ എഴുതിയതായിരിക്കും?’ നിങ്ങൾ ചിന്തിക്കുന്നു. അപ്പോൾ അതാ മറ്റൊരു കത്ത്‌. കയ്യക്ഷരവും വ്യാകരണ ചിഹ്നങ്ങളും കെട്ടും മട്ടുമെല്ലാം ആദ്യത്തെ കത്തിന്റെപോലെതന്നെ. എന്നാൽ രണ്ടാമത്തെ കത്തിൽ തീയതി വെച്ചിട്ടുണ്ടെന്നു കാണുമ്പോൾ നിങ്ങളുടെ മുഖം വിടരുന്നു. ആദ്യത്തെ കത്ത്‌ എഴുതപ്പെട്ട കൃത്യ വർഷം കണ്ടുപിടിക്കാൻ കഴിയുന്നില്ലെങ്കിലും അതിന്റെ ഒരു ഏകദേശ കാലഘട്ടം കണക്കുകൂട്ടാൻ ഇപ്പോൾ നിങ്ങൾക്കായേക്കും.

പുരാതന പകർപ്പെഴുത്തുകാരിൽ മിക്കവരുംതന്നെ ബൈബിളിന്റെ കയ്യെഴുത്തുപ്രതികളിൽ അവ പൂർത്തിയാക്കിയ തീയതി കുറിച്ചിരുന്നില്ല. ഒരു ഏകദേശ തീയതി കണ്ടെത്താനായി പണ്ഡിതന്മാർ, തീയതി രേഖപ്പെടുത്തിയിട്ടുള്ളതും ലൗകിക എഴുത്തുകൾ ഉൾപ്പെടെയുള്ളതുമായ മറ്റു ലിഖിതങ്ങളുമായി അവയെ തട്ടിച്ചുനോക്കുന്നു. കയ്യക്ഷരം, വ്യാകരണ ചിഹ്നം, ചുരുക്കെഴുത്തുകൾ എന്നിവയെല്ലാം ഒരു നിഗമനത്തിലെത്താൻ അവരെ സഹായിക്കുന്നു. തീയതി വെച്ചിട്ടുള്ള നൂറുകണക്കിനു കയ്യെഴുത്തുപ്രതികൾ ഇതിനോടകം കണ്ടെടുത്തിട്ടുണ്ട്‌. ഗ്രീക്കിൽ എഴുതപ്പെട്ട അവയെല്ലാം എ.ഡി. 510-1593 കാലഘട്ടത്തിലേതാണ്‌.

കയ്യക്ഷരങ്ങൾ കഥപറയുമ്പോൾ

പാലിയോഗ്രാഫർമാർ പുരാതന ഗ്രീക്ക്‌ കൈപ്പടകളെ രണ്ട്‌ അടിസ്ഥാന വിഭാഗങ്ങളായി തിരിക്കുന്നു—അച്ചടിച്ചപോലെ വടിവൊത്തവയും (ബുക്ക്‌ ഹാൻഡ്‌) കുർസീവ്‌ എന്നറിയപ്പെടുന്ന ഒരുതരം കൂട്ടെഴുത്തും. പലതരം കൂട്ടെഴുത്തുകൾ, വല്യക്ഷരം, ഉരുണ്ട വല്യക്ഷരം (അൺഷ്യൽ), മിനുസ്‌ക്യൂൾ എന്നിങ്ങനെ വിവിധ രീതികൾ ഗ്രീക്ക്‌ പകർപ്പെഴുത്തുകാർ ഉപയോഗിച്ചിരുന്നു. ബി.സി. 4-ാം നൂറ്റാണ്ടു മുതൽ എ.ഡി. 8/9 നൂറ്റാണ്ടുവരെ അൺഷ്യൽ ഉപയോഗത്തിലിരുന്നു. ബുക്ക്‌ ഹാൻഡിന്റെ കുറുകിയ രൂപമായ മിനുസ്‌ക്യൂൾ എ.ഡി. 8/9 നൂറ്റാണ്ടുമുതൽ 15-ാം നൂറ്റാണ്ടിന്റെ മധ്യംവരെ നിലനിന്നു. അന്നായിരുന്നു മാറ്റിവെക്കാവുന്ന അക്ഷരക്കട്ടകളുള്ള അച്ചടിയന്ത്രം യൂറോപ്പിൽ ഉപയോഗിക്കാൻ തുടങ്ങിയത്‌. ഒതുക്കമുള്ളതും വേഗത്തിൽ എഴുതാൻ കഴിയുന്നതുമായ മിനുസ്‌ക്യൂൾ ശൈലിയിലുള്ള ലിഖിതങ്ങൾ സമയവും സ്ഥലവും ലാഭിച്ചിരുന്നു.

കയ്യെഴുത്തുപ്രതികളുടെ പഴക്കം നിർണയിക്കാൻ പാലിയോഗ്രാഫർമാർക്കു തനതായ രീതികളുണ്ട്‌. ആദ്യംതന്നെ അവർ അതു മൊത്തത്തിലൊന്ന്‌ അവലോകനം ചെയ്യും. തുടർന്ന്‌ ഓരോ അക്ഷരവും വിശകലനം ചെയ്‌തുകൊണ്ട്‌ സൂക്ഷ്‌മമായി പരിശോധിക്കും. കയ്യക്ഷരങ്ങൾക്കു പ്രകടമായ മാറ്റംസംഭവിക്കാൻ സാധാരണമായി ഏറെക്കാലം പിടിക്കുമെന്നതിനാൽ ലിഖിതങ്ങൾ സുസൂക്ഷ്‌മം പരിശോധിച്ചാൽപ്പോലും എഴുത്തുനടന്ന ഒരു ഏകദേശ സമയം കണക്കാക്കാനേ കഴിയൂ.

സന്തോഷകരമെന്നു പറയട്ടെ, കൂടുതൽ കൃത്യമായി പഴക്കം കണ്ടെത്താൻ മറ്റു വഴികളുണ്ട്‌. കയ്യക്ഷരരീതികളുടെ വ്യത്യാസവും അവയോരോന്നും ആവിർഭവിച്ചത്‌ എന്നാണെന്നും തിരിച്ചറിയുന്നത്‌ ഇതിൽപ്പെടുന്നു. ഉദാഹരണത്തിന്‌, എ.ഡി. 900-ത്തിനുശേഷം ഗ്രീക്ക്‌ പകർപ്പെഴുത്തുകാർ രണ്ടോ അതിലധികമോ അക്ഷരങ്ങൾ കൂട്ടിച്ചേർത്ത്‌ എഴുതുന്ന ലിഗേച്ചേഴ്‌സ്‌ കൂടുതലായി ഉപയോഗിച്ചുതുടങ്ങി. കൂടാതെ, ചില ഗ്രീക്ക്‌ അക്ഷരങ്ങൾ വരികൾക്കടിയിലായി എഴുതുന്ന രീതിക്കും (infralinear writing) ഉച്ചാരണ ചിഹ്നങ്ങളുടെ ഉപയോഗത്തിനും അവർ തുടക്കമിട്ടു.

ഒരു വ്യക്തിയുടെ കൈപ്പട അദ്ദേഹത്തിന്റെ ആയുഷ്‌കാലത്ത്‌ അധികമൊന്നും മാറുന്നില്ലാത്തതുകൊണ്ട്‌ 50 വർഷത്തെ സമയപരിധിയിലുമധികം കൃത്യമായി ഒരു കയ്യെഴുത്തുപ്രതിയുടെ പഴക്കം നിർണയിക്കാനാകില്ല. ചിലപ്പോഴൊക്ക പകർപ്പെഴുത്തുകാർ പഴയ കയ്യെഴുത്തുപ്രതികൾ അതേപടി പകർത്തിയിരുന്നതിനാൽ ആ പകർപ്പുകൾക്ക്‌ യഥാർഥത്തിലുള്ളതിലും പഴക്കം തോന്നിച്ചിരുന്നു. അത്തരം ബുദ്ധിമുട്ടുകളെല്ലാമുണ്ടായിരുന്നിട്ടും പ്രധാനപ്പെട്ട നിരവധി ബൈബിൾകയ്യെഴുത്തുപ്രതികളുടെ കാലപ്പഴക്കം നിർണയിക്കാനായിട്ടുണ്ട്‌.

മുഖ്യ ഗ്രീക്ക്‌ ബൈബിൾകയ്യെഴുത്തുപ്രതികളുടെ കാലനിർണയം

ബ്രിട്ടീഷ്‌ ഗ്രന്ഥശാലയിലുള്ള കോഡക്‌സ്‌ അലക്‌സാൻഡ്രിനസ എന്നറിയപ്പെടുന്ന അലക്‌സാൻഡ്രിയൻ കയ്യെഴുത്തുപ്രതിയാണ്‌ പണ്ഡിതന്മാരുടെ പഠനത്തിനായി ലഭ്യമാക്കിയ പ്രധാന ബൈബിൾകയ്യെഴുത്തുപ്രതികളിൽ ആദ്യത്തേത്‌. ബൈബിളിന്റെ സിംഹഭാഗവും അടങ്ങിയിട്ടുള്ള ഇത്‌ വെല്ലം എന്നറിയപ്പെടുന്ന വളരെ നേർത്ത ചർമപത്രത്തിൽ അൺഷ്യൽ ഗ്രീക്കിൽ എഴുതിയതാണ്‌. എ.ഡി. അഞ്ചാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയിലായി അൺഷ്യൽ എഴുത്തുരീതി സാരമായ മാറ്റത്തിനു വിധേയമായതിനാൽ ഈ കോഡക്‌സ്‌ അഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ എഴുതപ്പെട്ടതാണെന്നു കണക്കാക്കുന്നു. ഡൈയൊസ്‌കോരിഡിസ്‌ ഓഫ്‌ വിയന്ന * എന്നറിയപ്പെടുന്ന, തീയതി വെച്ചിട്ടുള്ള ഒരു ലിഖിതരേഖ ഇതിനു പിൻബലമേകുന്നു.

സെന്റ്‌ കാതറിൻസ്‌ മഠത്തിൽനിന്നു ടിഷെൻഡോർഫിനു കിട്ടിയ കോഡക്‌സ്‌ സൈനാറ്റിക്കസാണ്‌ പണ്ഡിതന്മാർക്കു ലഭിച്ച പ്രധാന എഴുത്തുകളിൽ രണ്ടാമത്തേത്‌. അൺഷ്യൽ ശൈലിയിൽ ചർമപത്രത്തിലെഴുതിയ ഈ ഗ്രീക്കു കയ്യെഴുത്തുപ്രതിയിൽ ഗ്രീക്ക്‌ സെപ്‌റ്റുവജിന്റിൽനിന്നുള്ള എബ്രായ തിരുവെഴുത്തുകളുടെ ഭാഗങ്ങളും ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ മുഴുവൻ ഭാഗവുമുണ്ട്‌. ഈ കോഡക്‌സിന്റെ 43 താളുകൾ ജർമനിയിലെ ലൈപ്‌സിഗിലും 347 എണ്ണം ലണ്ടനിലെ ബ്രിട്ടീഷ്‌ ഗ്രന്ഥശാലയിലും 3 താളുകളുടെ തുണ്ടുകൾ റഷ്യയിലെ സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിലും കാണാനാകും. എ.ഡി. നാലാം നൂറ്റാണ്ടിന്റെ രണ്ടാം പാതത്തിലേതാണ്‌ ഇതെന്നു കണക്കാക്കുന്നു. നാലാം നൂറ്റാണ്ടിലെ ചരിത്രകാരനായ കൈസര്യയിലെ യൂസേബിയസ്‌ കണ്ടെത്തിയതായി പറയപ്പെടുന്ന, സുവിശേഷങ്ങളുടെ മാർജിനിലുള്ള കുറിപ്പുകൾ ഈ കാലഗണന ശരിവെക്കുന്നു. *

വത്തിക്കാൻ കയ്യെഴുത്തുപ്രതി നമ്പർ 1209 (കോഡക്‌സ്‌ വത്തിക്കാനസ്‌) ആണ്‌ പ്രധാനപ്പെട്ട മറ്റൊരു എഴുത്ത്‌. തുടക്കത്തിൽ മുഴുബൈബിളിന്റെയും ഗ്രീക്കുപാഠം അടങ്ങിയതായിരുന്നു അത്‌. 1475-ലാണ്‌ ഇത്‌ വത്തിക്കാൻ ലൈബ്രറി കാറ്റലോഗിൽ ഇദംപ്രഥമമായി സ്ഥാനംപിടിച്ചത്‌. 759 താളുകളുള്ളതും അൺഷ്യൽ ശൈലിയിൽ വെല്ലത്തിലെഴുതിയതുമായ ഈ കോഡക്‌സിൽ ബൈബിളിന്റെ ഒട്ടുമുക്കാലുമുണ്ട്‌; ഉല്‌പത്തിയുടെ നല്ലൊരു ഭാഗവും സങ്കീർത്തനങ്ങളുടെയും ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെയും ഏതാനും ഭാഗങ്ങളും മാത്രമേ ഇല്ലാതുള്ളൂ. എ.ഡി. നാലാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലേതാണിതെന്നു പണ്ഡിതന്മാർ പറയുന്നു. അതെങ്ങനെയാണു കണക്കാക്കിയത്‌? ഇതിന്റെ എഴുത്തുശൈലി, നാലാം നൂറ്റാണ്ടിലേതുതന്നെയായ സൈനാറ്റിക്‌ കയ്യെഴുത്തുപ്രതിയുടേതിനു സമാനമാണ്‌. എന്നാൽ കോഡക്‌സ്‌ വത്തിക്കാനസ്‌ അൽപ്പംകൂടെ പഴക്കമുള്ളതായി പൊതുവെ കണക്കാക്കുന്നു. ഉദാഹരണത്തിന്‌, മറ്റു പല കാര്യങ്ങൾക്കും പുറമേ, യൂസേബിയൻ കാനോനിലെ ഒത്തുവാക്യങ്ങൾ ഇതിലില്ല.

കുപ്പയിൽനിന്നു മാണിക്യം!

1920-ൽ ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്റർ ലൈബ്രറിക്ക്‌ ഈജിപ്‌തിലെ ഒരു പുരാതന ചപ്പുകൂനയിൽനിന്ന്‌ ആയിടെ കണ്ടെടുത്ത കുറെ പപ്പൈറസുകൾ ലഭിച്ചു. കത്തുകൾ, രസീതുകൾ, സെൻസസ്‌ രേഖകൾ എന്നിവയെല്ലാമുണ്ടായിരുന്നു അവയിൽ. പരിശോധനയ്‌ക്കിടയിൽ, തിരുവെഴുത്തുകളടങ്ങിയ ഒരു ശകലം ഗവേഷകനായ കോളിൻ റോബർട്‌സിന്റെ ശ്രദ്ധയിൽപ്പെട്ടു. അത്‌ യോഹന്നാൻ 18-ാം അധ്യായത്തിൽനിന്നുള്ളതാണെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞു. അന്നോളം അറിയപ്പെട്ടിരുന്നവയിൽവെച്ച്‌ ഏറ്റവും പുരാതനമായ ക്രിസ്‌തീയ ഗ്രീക്ക്‌ പാഠമായിരുന്നു അത്‌.

ആ ശകലം ജോൺ റൈലാൻഡ്‌സ്‌ പപ്പൈറസ്‌ 457 എന്നറിയപ്പെട്ടു. പണ്ഡിതസമൂഹം അതിന്‌ P52 എന്ന ചെല്ലപ്പേരു നൽകി. അൺഷ്യൽ ശൈലിയിലുള്ള ആ കയ്യെഴുത്തുപ്രതി രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലുള്ളതാണെന്നു കണക്കാക്കിയിരിക്കുന്നു, യോഹന്നാന്റെ സുവിശേഷം പൂർത്തിയായി ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ എഴുതപ്പെട്ടത്‌! ഏറെക്കാലം കഴിഞ്ഞു കണ്ടെത്തിയ കയ്യെഴുത്തുപ്രതികൾക്ക്‌ അതിൽനിന്നു കാര്യമായ വ്യത്യാസങ്ങളൊന്നുംതന്നെയില്ല.

പുരാതനവും കൃത്യതയുള്ളതും

ബ്രിട്ടീഷ്‌ മൂലപാഠ നിരൂപകനായ സർ ഫ്രെഡറിക്ക്‌ കെനിയൻ, ദ ബൈബിൾ ആൻഡ്‌ ആർക്കിയോളജി എന്ന തന്റെ പുസ്‌തകത്തിൽ ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളെക്കുറിച്ച്‌ ഇങ്ങനെയെഴുതി: “പുതിയ നിയമത്തിലെ പുസ്‌തകങ്ങളുടെ ആധികാരികതയും അകന്മഷകത്വവും അന്തിമമായി സ്ഥിരീകരിക്കപ്പെട്ടതായി കരുതാവുന്നതാണ്‌.” സമാനമായി എബ്രായ തിരുവെഴുത്തുകളെക്കുറിച്ച്‌ പണ്ഡിതനായ വില്യം എച്ച്‌. ഗ്രീൻ പറയുന്നു: “മറ്റൊരു പുരാതന ഗ്രന്ഥവും ഇത്ര കൃത്യമായി പകർത്തിയെഴുതപ്പെട്ടിട്ടില്ല എന്നു ധൈര്യമായി പറയാം.”

ഇതെല്ലാം പൗലൊസിന്റെ പിൻവരുന്ന വാക്കുകൾ നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നു: “സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ലുവാടി, പൂവുതിർന്നുപോയി; കർത്താവിന്റെ വചനമോ എന്നേക്കും നിലനില്‌ക്കുന്നു.”—1 പത്രൊസ്‌ 1:24, 25.

[അടിക്കുറിപ്പുകൾ]

^ ഖ. 2 “പുരാതനകാലത്തെയും മധ്യകാലഘട്ടത്തെയും കയ്യെഴുത്തു രീതികൾ സംബന്ധിച്ച പഠനമാണ്‌ പാലിയോഗ്രഫി. പപ്പൈറസ്‌, ചർമപത്രങ്ങൾ, കടലാസ്‌ തുടങ്ങിയ നശ്വരങ്ങളായ വസ്‌തുക്കളിലുള്ള എഴുത്തുകളാണു പ്രധാനമായും പഠനവിധേയമാകുന്നത്‌.”—ദ വേൾഡ്‌ ബുക്ക്‌ എൻസൈക്ലോപീഡിയ.

^ ഖ. 16 എ.ഡി. 527-ലോ 528-ലോ മരിച്ചുപോയ ജൂലിയാനാ ആനീസിയാ എന്നു പേരുള്ള വനിതയ്‌ക്കുവേണ്ടിയാണ്‌ ഡൈയൊസ്‌കോരിഡിസ്‌ ഓഫ്‌ വിയന്ന എഴുതിയത്‌. “ഏകദേശ പഴക്കം നിർണയിക്കാൻ കഴിയുമായിരുന്നതും അൺഷ്യൽ ശൈലിയിൽ വെല്ലത്തിൽ എഴുതിയതുമായ ലിഖിതങ്ങളിൽ ഏറ്റവും പഴക്കമുള്ളതാണിത്‌.”—ഇ.എം. തോംസൺ രചിച്ച ആൻ ഇൻട്രൊഡക്ഷൻ റ്റു ഗ്രീക്ക്‌ ആൻഡ്‌ ലാറ്റിൻ പാലിയോഗ്രഫി.

^ ഖ. 17 “ഓരോ സുവിശേഷത്തിലെയും ചില ഭാഗങ്ങളോടു സമാനമായ ഇതര സുവിശേഷ ഭാഗങ്ങൾ ചൂണ്ടിക്കാട്ടുന്ന” ഒത്തുവാക്യങ്ങളുടെ ഒരു പട്ടികയാണ്‌ യൂസേബിയൻ കാനോൻ എന്നു വിളിക്കപ്പെടുന്ന ഈ കുറിപ്പുകളിലുള്ളത്‌.—ബ്രൂസ്‌ എം. മെറ്റ്‌സ്‌ഗറുടെ മാനുസ്‌ക്രിപ്‌റ്റ്‌സ്‌ ഓഫ്‌ ദ ഗ്രീക്ക്‌ ബൈബിൾ.

[17-ാം പേജിലെ ആകർഷക വാക്യം]

തീയതിവെച്ചിട്ടുള്ള കയ്യെഴുത്തുപ്രതികൾ സുസൂക്ഷ്‌മം പരിശോധിച്ച്‌ തീയതിയില്ലാത്ത എഴുത്തുകളുടെ പഴക്കം നിർണയിക്കാൻ പാലിയോഗ്രാഫർമാർക്കു കഴിയും

[16-ാം പേജിലെ ചതുരം]

ചാവുകടൽ ചുരുളിന്റെ പഴക്കനിർണയം

1947-ൽ കണ്ടെടുത്ത യെശയ്യാ പ്രവചനത്തിന്റെ ആദ്യത്തെ ചാവുകടൽച്ചുരുൾ, മാസൊരിറ്റിക്‌ കാലത്തിനുമുമ്പുള്ള എബ്രായ ശൈലിയിൽ ബി.സി. രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തുകലിൽ എഴുതിയതായിരുന്നു. എങ്ങനെയാണു പണ്ഡിതന്മാർ അതിന്റെ പഴക്കം കണക്കുകൂട്ടിയത്‌? മറ്റ്‌ എബ്രായ പാഠങ്ങളും ആലേഖനങ്ങളുമായി അതു തട്ടിച്ചുനോക്കിയ അവർ ബി.സി. 125-നും 100-നും ഇടയ്‌ക്കാണ്‌ അത്‌ എഴുതിയതെന്ന നിഗമനത്തിലെത്തി. കാലപ്പഴക്കം കണ്ടെത്താനുള്ള കാർബൺ-14 പരിശോധനയും അതിനു പിൻബലമേകി.

മാസൊരിറ്റുകൾ എന്നറിയപ്പെട്ട പകർപ്പെഴുത്തുകാർ നൂറ്റാണ്ടുകൾക്കുശേഷം തയ്യാറാക്കിയ മാസൊരിറ്റിക്‌ പാഠവുമായി ചാവുകടൽച്ചുരുൾ താരതമ്യംചെയ്‌തപ്പോൾ ആശയപരമായ യാതൊരു മാറ്റവും കാണാനായില്ല. * വ്യത്യാസങ്ങളിലധികവും അക്ഷരങ്ങളിലും വ്യാകരണത്തിലുമായിരുന്നു. യെശയ്യാവിന്റെ ചുരുളിൽ, യഹോവയുടെ നാമത്തെ കുറിക്കുന്ന നാല്‌ എബ്രായ വ്യഞ്‌ജനങ്ങൾ—ചതുരാക്ഷരി—യഥാസ്ഥാനങ്ങളിൽ കാണപ്പെടുന്നുവെന്നതും ശ്രദ്ധേയമാണ്‌.

[അടിക്കുറിപ്പ്‌]

^ ഖ. 34 എ.ഡി. ഒന്നാം സഹസ്രാബ്ദത്തിന്റെ രണ്ടാം പാതത്തിൽ ജീവിച്ചിരുന്ന അതീവ ശ്രദ്ധാലുക്കളായ എബ്രായ പകർപ്പെഴുത്തുകാരാണ്‌ മാസൊരിറ്റുകൾ.

[16, 17 പേജുകളിലെ ചാർട്ട്‌/ചിത്രങ്ങൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ഗ്രീക്ക്‌ കൈപ്പട

ബുക്ക്‌ ഹാൻഡ്‌ (അൺഷ്യൽ)

ബി.സി. 4-ാം നൂറ്റാണ്ടുമുതൽ എ.ഡി. 8/9 നൂറ്റാണ്ടുവരെ

മിനുസ്‌ക്യൂൾ

എ.ഡി. 8/9 നൂറ്റാണ്ടുമുതൽ എ.ഡി. 15-ാം നൂറ്റാണ്ടുവരെ

സുപ്രധാന കയ്യെഴുത്തുപ്രതികൾ

400

200

ചാവുകടൽച്ചുരുൾ

ബി.സി. രണ്ടാം നൂറ്റാണ്ടിന്റെ രണ്ടാം പാതം

ബി.സി.

എ.ഡി.

100

ജോൺ റൈലാൻഡ്‌സ്‌ പപ്പൈറസ്‌ 457

എ.ഡി. 125

300

വത്തിക്കാൻ കയ്യെഴുത്തുപ്രതി നമ്പർ 1209

4-ാം നൂറ്റാണ്ടിന്റെ പ്രാരംഭഘട്ടം

സൈനാറ്റിക്‌ കയ്യെഴുത്തുപ്രതി

4-ാം നൂറ്റാണ്ട്‌

400

അലക്‌സാൻഡ്രിയൻ കയ്യെഴുത്തുപ്രതി

5-ാം നൂറ്റാണ്ടിന്റെ പ്രാരംഭഘട്ടം

500

700

800

[15-ാം പേജിലെ ചിത്രങ്ങൾ]

മുകളിൽ: കോൺസ്റ്റാന്റിൻ ഫോൺ ടിഷെൻഡോർഫ്‌

വലത്ത്‌: ബെർനാഡ്‌ ഡെ മോങ്‌ഫോകോങ്‌

[കടപ്പാട്‌]

© Réunion des Musées Nationaux/ Art Resource, NY

[16-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

ചാവുകടൽച്ചുരുൾ: Shrine of the Book, Israel Museum, Jerusalem

[17-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

വത്തിക്കാൻ കയ്യെഴുത്തുപ്രതി നമ്പർ 1209-ന്റെ അച്ചടിച്ച പകർപ്പ്‌: From the book Bibliorum Sacrorum Graecus Codex Vaticanus, 1868; സൈനാറ്റിക്‌ കയ്യെഴുത്തുപ്രതിയുടെ പുനർമുദ്രണം: കോഡക്‌സ്‌ സൈനാറ്റിക്കസിൽ 1 തിമൊഥെയൊസ്‌ 3:16, എ.ഡി. 4-ാം നൂറ്റാണ്ട്‌; അലക്‌സാൻഡ്രിയൻ കയ്യെഴുത്തുപ്രതി: From The Codex Alexandrinus in Reduced Photographic Facsimile, 1909, by permission of the British Library