ദൈവിക പരിശീലനം പ്രതിഫലദായകം
ദൈവിക പരിശീലനം പ്രതിഫലദായകം
മക്കളെ ചെറുപ്പത്തിലേ പരിശീലിപ്പിക്കുന്ന മാതാപിതാക്കൾക്ക് തങ്ങളുടെ അധ്വാനഫലം ലഭിക്കും. തെക്കേ അമേരിക്കയിലെ പെറുവിലുള്ള നാലുവയസ്സുകാരനായ ഡോറിയാൻ, യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ നടത്തപ്പെടുന്ന ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ തന്റെ ആദ്യ വിദ്യാർഥിപ്രസംഗം നടത്തി. അവൻ സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ താൻ എന്തുകൊണ്ടാണ് ക്രിസ്തുമസ്സ് ആഘോഷിക്കാത്തത് എന്ന് അധ്യാപികയോടും സഹപാഠികളോടും ബൈബിൾ ഉപയോഗിച്ചു പറഞ്ഞുകൊടുക്കാൻ അവനു കഴിയുമായിരുന്നു.
അടുത്തയിടെ, സ്കൂളിലെ മൊത്തം 500-ഓളം വിദ്യാർഥികളുടെ മുമ്പാകെ ഒരു പ്രസംഗം നടത്താൻ ഡോറിയാനോട് ആവശ്യപ്പെട്ടു. അപ്പോൾ അവന് അഞ്ചു വയസ്സായിരുന്നു. ‘പിതൃദിനം’ ആഘോഷിക്കുന്നതു സംബന്ധിച്ച തന്റെ അഭിപ്രായത്തെക്കുറിച്ചായിരുന്നു അവൻ പ്രസംഗിക്കേണ്ടിയിരുന്നത്. എഫെസ്യർ 6:4-നെ ആസ്പദമാക്കി 10 മിനിറ്റ് നേരത്തേക്കുള്ള ഒരു പ്രസംഗം അവൻ തയ്യാറാക്കി; “ഒരു പിതാവിന്റെ ഉത്തരവാദിത്വങ്ങൾ” എന്നതായിരുന്നു വിഷയം. പ്രസംഗത്തിന്റെ ഉപസംഹാരത്തിൽ അവൻ പറഞ്ഞു: “വർഷത്തിൽ ഒരിക്കൽ ‘പിതൃദിനം’ ആഘോഷിക്കുന്നതിനു പകരം എല്ലാ ദിവസവും, മക്കൾ മാതാപിതാക്കളെ അനുസരിക്കുകയും ആദരിക്കുകയും ചെയ്യണം.”
സദസ്സിനു മുമ്പാകെ പ്രസംഗിക്കാനുള്ള പ്രാപ്തി മെച്ചപ്പെടുത്താൻ കുട്ടികൾക്കും മുതിർന്നവർക്കുമായി തയ്യാർ ചെയ്തിരിക്കുന്ന ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ, 1943-ലാണ് യഹോവയുടെ സാക്ഷികളുടെ പ്രതിവാര യോഗങ്ങളിലൊന്നായിത്തീർന്നത്. മാതാപിതാക്കൾ നൽകേണ്ട പ്രബോധനത്തിന് ഉപരിയായി മക്കൾക്ക് ആവശ്യമായ ബൈബിളധിഷ്ഠിത പരിശീലനം അന്നുമുതൽ ഈ സ്കൂൾ പ്രദാനംചെയ്തുകൊണ്ടിരിക്കുന്നു.—സദൃശവാക്യങ്ങൾ 22:6.
സ്വിറ്റ്സർലൻഡിലെ ശീമോൻ എന്ന ആറു വയസ്സുകാരൻ 2005 നവംബറിൽ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലെ തന്റെ ആദ്യ ബൈബിൾ വായനാ നിയമനം നിർവഹിക്കുകയുണ്ടായി. ഏകദേശം ഒരു വർഷം കഴിഞ്ഞ്, യഹോവയുടെ സാക്ഷികളുടെ ഒരു വലിയ സമ്മേളനത്തിൽ അവനുമായി അഭിമുഖം നടത്തി. അപ്പോഴേക്കും ആത്മീയ കാര്യങ്ങളോട് എങ്ങനെയുള്ള ഒരു മനോഭാവമാണ് അവൻ വളർത്തിയെടുത്തിരുന്നത്?
ക്രിസ്തീയ യോഗങ്ങൾ അവനു ഹരമാണ്. ക്ഷീണം തോന്നുന്ന അവസരത്തിൽപ്പോലും ഒറ്റ യോഗവും മുടക്കാറില്ല. മാത്രമല്ല, തന്റെ വീട്ടിലുള്ളവരോടൊപ്പം അവൻ വയൽശുശ്രൂഷയിൽ ഏർപ്പെടാറുണ്ട്. എല്ലാ പ്രായത്തിലുള്ളവർക്കും വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ 30 മുതൽ 50 വരെ കോപ്പികൾ അവൻ ഓരോ മാസവും സമർപ്പിക്കുന്നു. ബൈബിളിനെക്കുറിച്ചു തന്റെ പിതാവിനോടു പലപ്പോഴും സംസാരിക്കുന്നതു കൂടാതെ തങ്ങളോടൊപ്പം യോഗങ്ങൾക്കു വരാനും അവൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കും.
“കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും” മക്കളെ വളർത്തിക്കൊണ്ടുവരുന്ന മാതാപിതാക്കൾക്ക് തങ്ങളുടെ പ്രയത്നഫലം ലഭിക്കും, മക്കൾ നന്നായി പ്രതികരിച്ച് സത്ഫലങ്ങൾ ഉളവാക്കുന്നതിലെ സന്തോഷം അവർ ആസ്വദിക്കും.—എഫെസ്യർ 6:4; യാക്കോബ് 3:17, 18.
[28-ാം പേജിലെ ചിത്രം]
ഡോറിയാൻ സ്കൂളിൽ
[28-ാം പേജിലെ ചിത്രം]
ശീമോൻ രാജ്യഹാളിൽ