‘ചിരഞ്‌ജീവി’യായ വാട്ടർ ബെയർ
‘ചിരഞ്‌ജീവി’യായ വാട്ടർ ബെയർ
ജപ്പാനിലെ ഉണരുക! ലേഖകൻ
▪ പായലുകൾ, മഞ്ഞുകട്ട, നദീതീരങ്ങൾ, ഉഷ്‌ണനീരുറവകൾ, തടാകങ്ങൾ, സമുദ്രങ്ങൾ, നിങ്ങളുടെ വീടിന്റെ ചുറ്റുവട്ടം എന്നിങ്ങനെ ജലസാന്നിധ്യമുള്ള ഇടങ്ങളിലൊക്കെ ഒന്നു പരതിനോക്കൂ. ഒരു വാട്ടർ ബെയറെങ്കിലും നിങ്ങളുടെ കണ്ണിൽപ്പെടാതിരിക്കില്ല. ജീവജാലങ്ങളിൽവെച്ച് അതിജീവനക്ഷമത കൂടിയ ഇവയ്‌ക്ക് ‘കണ്ണിലിട്ടാൽ കരുകരുക്കാത്തത്ര’ വലുപ്പമേയുള്ളൂ. നാലു ഖണ്ഡങ്ങളുള്ള ഇവയുടെ ശരീരത്തിന് ഒരു സംരക്ഷണ കവചമുണ്ട്. എട്ടു കാലുകളുണ്ട് ഇവയ്‌ക്ക്, കാലുകളുടെ അറ്റത്തായി നഖങ്ങളും. അവയുടെ രൂപവും നടപ്പും ഒക്കെക്കൂടി കണ്ടാൽ വലിഞ്ഞിഴഞ്ഞു നീങ്ങുന്ന ഒരു കരടിയെപ്പോലിരിക്കും. അതുകൊണ്ടാണ് അവയ്‌ക്ക് ആ പേരു കിട്ടിയതും.
വാട്ടർ ബെയർ “മന്ദഗതിയിൽ സഞ്ചരിക്കുന്നവ”യാണ്. ഇവയുടെ നൂറുകണക്കിന് ഇനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. പെൺവർഗം ഒരേസമയം 1 മുതൽ 30 വരെ മുട്ടയിടുന്നു. നനവുള്ള ഏതാനും പിടി മണ്ണിലോ മണലിലോ ആയിരക്കണക്കിന് വാട്ടർ ബെയറുകളെ കണ്ടെന്നുവരാം. പുരപ്പുറത്തും മറ്റും വളരുന്ന പായലിൽ ഇവയെ കണ്ടില്ലെങ്കിലേ അത്ഭുതമുള്ളൂ.
വാട്ടർ ബെയറുകൾക്ക് അതിരൂക്ഷമായ സാഹചര്യങ്ങളെപോലും അതിജീവിക്കാനുള്ള കഴിവുണ്ട്. “എട്ടു ദിവസം ശൂന്യതയിലും മൂന്നു ദിവസം സാധാരണ ഊഷ്‌മാവിൽ ഹീലിയം വാതകത്തിലും സൂക്ഷിച്ചതിനുശേഷം ഏതാനും മണിക്കൂറുകൾ -272 ഡിഗ്രി സെൽഷ്യസ് ചൂടിൽ വെച്ച വാട്ടർ ബെയറുകളെ സാധാരണ താപനിലയിലേക്കു തിരികെക്കൊണ്ടുവന്നപ്പോൾ അവ സജീവമായിത്തീർന്നു” എന്ന് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പ്രസ്‌താവിക്കുന്നു. ഒരു മനുഷ്യനെ കൊല്ലാൻപോന്നത്ര എക്‌സ്-റേ റേഡിയേഷന്റെ നൂറുകണക്കിനു മടങ്ങിനെ അതിജീവിക്കാനുള്ള പ്രാപ്‌തി ഇതിനുണ്ട്. സൈദ്ധാന്തികമായ ഒരു തലത്തിൽനിന്നു നോക്കുമ്പോൾ, കുറെസമയത്തേക്ക് ബാഹ്യാകാശത്തെ ശൂന്യതയെപ്പോലും അതിജീവിക്കാൻ വാട്ടർ ബെയറിനു കഴിഞ്ഞേക്കും!
ഇതെങ്ങനെ സാധിക്കുന്നു എന്നല്ലേ? അവയ്‌ക്ക് മരണതുല്യമായ ഒരവസ്ഥയിലാകാനുള്ള കഴിവുണ്ട്. ആ സമയത്ത് ഉപാപചയ നിരക്ക് സാധാരണഗതിയിലുള്ളതിന്റെ 0.01 ശതമാനത്തിലും കുറവായിരിക്കും—എന്നുവെച്ചാൽ കണ്ടുപിടിക്കാൻ പറ്റാത്തത്ര കുറവ്! ഈ സുഷുപ്‌തിയിലേക്കു കടക്കുമ്പോൾ അവ കാലുകൾ ഉള്ളിലേക്കു വലിക്കുന്നു; ശരീരത്തിലെ ജലത്തിനു പകരം ഒരു പ്രത്യേകതരം പഞ്ചസാര ഉണ്ടാകുകയും ചുരുണ്ടുകൂടി ഒരു കൊച്ചുപന്തിന്റെ ആകൃതി കൈവരിക്കുകയും ചെയ്യുന്നു; മെഴുകിനാൽ ആവൃതമായ ഈ കൊച്ചുപന്ത് റ്റൺ എന്നാണ് അറിയപ്പെടുന്നത്. ഈർപ്പമുള്ള സാധാരണ അവസ്ഥയിലേക്കു തിരികെ വന്നാൽ ഏതാനും മിനിട്ടുകളോ മണിക്കൂറുകളോ മതി ഇവ സജീവമാകും. നൂറു വർഷത്തെ സുഷുപ്‌തിക്കുശേഷം പോലും വാട്ടർ ബെയറുകൾ ‘ഉയിർത്തെഴുന്നേറ്റ’ സംഭവമുണ്ടായിട്ടുണ്ട്!
അതേ, നിശ്ശബ്ദമായിട്ടാണെങ്കിലും, ഇത്തിരിപ്പോന്ന ഈ “ഇഴജന്തു”ക്കളും വിസ്‌മയകരമായ ഒരു വിധത്തിൽ യഹോവയെ സ്‌തുതിക്കുകയാണ്.—സങ്കീർത്തനം 148:10, 13.
[30-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
© Diane Nelson/Visuals Unlimited