ദൈവം സത്യമായും നമുക്കുവേണ്ടി കരുതുന്നു!
ദൈവം സത്യമായും നമുക്കുവേണ്ടി കരുതുന്നു!
ഏദെനിൽ തുടക്കംകുറിച്ച മത്സരം ദൈവം കൈകാര്യം ചെയ്ത വിധം, നാം ഓരോരുത്തരോടുമുള്ള അവന്റെ ആഴമായ സ്നേഹവും നമ്മുടെ ഭാവിയിലുള്ള അവന്റെ താത്പര്യവും പ്രകടമാക്കുന്നു. ദൈവം യഥാർഥത്തിൽ നമുക്കായി കരുതുന്നു എന്നതിനുള്ള പിൻവരുന്ന തെളിവുകൾ ദയവായി പരിശോധിക്കുകയും പരാമർശിച്ചിട്ടുള്ള തിരുവെഴുത്തുകൾ നിങ്ങളുടെ സ്വന്തം ബൈബിൾ തുറന്നു വായിക്കുകയും ചെയ്യുക.
● മനോജ്ഞമായ പ്രകൃതിഭംഗി, വിസ്മയിപ്പിക്കുന്ന ജന്തുലോകം, ഫലഭൂയിഷ്ഠമായ വിളനിലം എന്നിവയെല്ലാം നിറഞ്ഞ ഈ ഭൂമി ദൈവം നമുക്കു പ്രദാനം ചെയ്തിരിക്കുന്നു.—പ്രവൃത്തികൾ 14:17; റോമർ 1:20.
● രുചികരമായ ഭക്ഷണം, സുന്ദരമായ സൂര്യാസ്തമയം, ഒരു കുഞ്ഞിന്റെ നിറഞ്ഞ പുഞ്ചിരി, പ്രിയപ്പെട്ടവരുടെ ആർദ്രമായ സ്പർശം എന്നിങ്ങനെ ആനന്ദകരമായ പല കാര്യങ്ങളും ദൈനംദിനം ആസ്വദിക്കാൻ പര്യാപ്തമായ അത്ഭുതകരമായ ഒരു ശരീരം അവൻ നമുക്കു നൽകിയിരിക്കുന്നു.—സങ്കീർത്തനം 139:14.
● പ്രശ്നങ്ങളും സമ്മർദങ്ങളും തരണം ചെയ്യാൻ നമ്മെ സഹായിക്കുന്ന ജ്ഞാനപൂർവകമായ മാർഗനിർദേശം അവൻ പ്രദാനം ചെയ്യുന്നു.—സങ്കീർത്തനം 19:7, 8; 119:105; യെശയ്യാവു 48:17, 18.
● ഒരു പറുദീസാഭൂമിയിൽ ജീവിക്കാനും മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവരെ വീണ്ടും കാണാനുമുള്ള പ്രത്യാശ ഉൾപ്പെടെയുള്ള വിസ്മയാവഹമായ ഒരു ഭാവിപ്രതീക്ഷ അവൻ നമുക്കു വെച്ചുനീട്ടുന്നു.—ലൂക്കൊസ് 23:43, NW; യോഹന്നാൻ 5:28, 29.
● ജീവൻ ബലിയർപ്പിച്ചുകൊണ്ട് നമുക്ക് നിത്യജീവന്റെ പ്രത്യാശ തുറന്നുതരുന്നതിനായി തന്റെ ഏകജാതപുത്രനെ അവൻ ഭൂമിയിലേക്ക് അയച്ചു.—യോഹന്നാൻ 3:16.
● സ്വർഗത്തിൽ അവൻ മിശിഹൈക രാജ്യം സ്ഥാപിക്കുകയും ആ രാജ്യം പെട്ടെന്നുതന്നെ മുഴു ഭൂമിയുടെയും നിയന്ത്രണം ഏറ്റെടുക്കുമെന്നതിനുള്ള സമൃദ്ധമായ തെളിവുകൾ നമുക്കു നൽകുകയും ചെയ്തിരിക്കുന്നു.—യെശയ്യാവു 9:6, 7; മത്തായി 24:3, 4, 7; വെളിപ്പാടു 11:15; 12:10.
● പ്രാർഥനയിൽ അവനെ സമീപിക്കാനും ഹൃദയവ്യഥകൾ അവന്റെ മുമ്പാകെ പകരാനും അവൻ നമ്മെ ക്ഷണിക്കുന്നു, നാം അങ്ങനെ ചെയ്യുമ്പോൾ അവൻ യഥാർഥമായും നമ്മുടെ അപേക്ഷകൾ കേൾക്കുന്നു.—സങ്കീർത്തനം 62:8; 1 യോഹന്നാൻ 5:14, 15.
● മനുഷ്യരോടുള്ള തന്റെ ആഴമായ സ്നേഹവും താത്പര്യവും സംബന്ധിച്ച് അവൻ വീണ്ടുംവീണ്ടും നമുക്ക് ഉറപ്പുതരുന്നു.—1 യോഹന്നാൻ 4:9, 10, 19.