നിങ്ങൾ ആരെ വിശ്വസിക്കണം?
നിങ്ങൾ ആരെ വിശ്വസിക്കണം?
“ഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണം; സർവ്വവും ചമെച്ചവൻ ദൈവം തന്നേ.”—എബ്രായർ 3:4.
ഈബൈബിൾ വാക്യത്തിൽ കാണുന്ന യുക്തി നിങ്ങൾക്ക് അംഗീകരിക്കാനാകുമോ? പ്രസ്തുത വാക്യം എഴുതപ്പെട്ടതിനുശേഷം, പുരോഗതിയുടെ പടവുകൾ താണ്ടി ശാസ്ത്രം ഏതാണ്ട് 2,000 വർഷം മുന്നേറിയിരിക്കുന്നു. പ്രകൃതിയിലെ രൂപമാതൃകകൾ കാണുമ്പോൾ ഒരു രൂപസംവിധായകൻ, ഒരു സ്രഷ്ടാവ് അതായത് ഒരു ദൈവം ഉണ്ടെന്നു വിശ്വസിക്കാൻ പ്രേരിതരായിത്തീരുന്നു എന്ന അഭിപ്രായമുള്ളവർ ഇന്നുമുണ്ടോ?
വ്യവസായവത്കൃത രാജ്യങ്ങളിൽപ്പോലും അങ്ങനെ ചിന്തിക്കുന്ന അനേകരുണ്ട്. ഉദാഹരണത്തിന്, ഐക്യനാടുകളിലെ 80 ശതമാനം ആളുകൾ “പ്രപഞ്ചം സൃഷ്ടിച്ചത് ദൈവമാണെന്നു വിശ്വസിക്കുന്നു” എന്ന് 2005-ൽ ന്യൂസ്വീക്ക് മാസിക നടത്തിയ ഒരു സർവേ കണ്ടെത്തി. വിദ്യാഭ്യാസത്തിന്റെ പരിമിതികൊണ്ടാണോ അവർ അങ്ങനെ വിശ്വസിക്കുന്നത്? കൊള്ളാം, ദൈവത്തിൽ വിശ്വസിക്കുന്ന ശാസ്ത്രജ്ഞന്മാരുണ്ടോ? ഒരു സർവേയിൽ പങ്കെടുത്ത, ജീവശാസ്ത്രം, ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം എന്നീ മേഖലകളിൽനിന്നുള്ള ശാസ്ത്രജ്ഞരിൽ 40 ശതമാനത്തോളം ഒരു ദൈവമുണ്ടെന്നു മാത്രമല്ല ആ ദൈവം പ്രാർഥന കേട്ട് ഉത്തരമരുളുന്നുവെന്നുകൂടെ വിശ്വസിക്കുന്നതായി 1997-ൽ നേച്ചർ എന്ന ശാസ്ത്ര മാസിക റിപ്പോർട്ടു ചെയ്തു.
എന്നിരുന്നാലും മറ്റു ശാസ്ത്രജ്ഞർ അതിനോടു ശക്തമായി വിയോജിക്കുന്നു. പ്രകൃത്യതീത ശക്തിയിൽ, പ്രത്യേകിച്ച് ദൈവത്തിൽ, ഉള്ള വിശ്വാസം യഥാർഥ ശാസ്ത്രവുമായി കൈകോർത്തു പോകുന്നതല്ലെന്ന് അടുത്തകാലത്തു നടന്ന ഒരു ശാസ്ത്ര സമ്മേളനത്തിൽ നോബൽസമ്മാന ജേതാവായ ഡോ. ഹെർബെർട്ട് എ. ഹൗപ്റ്റ്മാൻ പറഞ്ഞു. “ഇത്തരത്തിലുള്ള വിശ്വാസം മനുഷ്യവർഗത്തിന്റെ സുസ്ഥിതിക്കു തുരങ്കംവെക്കും,” അദ്ദേഹം പറഞ്ഞു. സസ്യമൃഗാദികളിൽ പ്രകടമായിരിക്കുന്ന രൂപകൽപ്പനയുടെ പിന്നിൽ ഒരു രൂപസംവിധായകൻ ഉണ്ടെന്നു പഠിപ്പിക്കാൻ ദൈവത്തിൽ വിശ്വസിക്കുന്ന ശാസ്ത്രജ്ഞർപോലും മടിക്കുന്നു. എന്തുകൊണ്ട്? സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫോസിൽ ഗവേഷകനായ ഡഗ്ലസ് എച്ച്. എർവിൻ ഒരു കാരണം ചൂണ്ടിക്കാട്ടുന്നു: “ശാസ്ത്രത്തിന്റെ വീക്ഷണത്തിൽ, യാതൊന്നും അത്ഭുതകരമായി സംഭവിക്കുന്നില്ല.”
നാം എന്തു ചിന്തിക്കണം, എന്തു വിശ്വസിക്കണം എന്നൊക്കെ തീരുമാനിക്കാൻ മറ്റുള്ളവരെ അനുവദിക്കുന്നത് തികച്ചും ബുദ്ധിശൂന്യമാണ്. അതിനു പകരം തെളിവുകൾ പരിശോധിച്ചുകൊണ്ട് സ്വന്തമായ ഒരു നിഗമനത്തിൽ എത്തിച്ചേരുന്നതല്ലേ കൂടുതൽ അഭികാമ്യം? തുടർന്നുവരുന്ന പേജുകളിൽ, അടുത്തകാലത്തു നടന്ന ശാസ്ത്രീയ കണ്ടുപിടിത്തങ്ങളെക്കുറിച്ചു വായിക്കുമ്പോൾ, ‘ഒരു സ്രഷ്ടാവുണ്ടെന്നു നിഗമനം ചെയ്യുന്നതു യുക്തിസഹമാണോ?’ എന്നു സ്വയം ചോദിക്കുക.
[3-ാം പേജിലെ ആകർഷക വാക്യം]
തെളിവുകൾ സ്വയം പരിശോധിക്കുക
[3-ാം പേജിലെ ചതുരം]
യഹോവയുടെ സാക്ഷികൾ സൃഷ്ടിവാദികളോ?
ഉല്പത്തി എന്ന ബൈബിൾ പുസ്തകത്തിലെ സൃഷ്ടിയെക്കുറിച്ചുള്ള വിവരണം യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. എന്നിരുന്നാലും അവരെ സൃഷ്ടിവാദികളുടെ ഗണത്തിൽ പ്പെടുത്താൻ സാധിക്കില്ല. എന്തുകൊണ്ട്? ആദ്യമായി, ഈ പ്രപഞ്ചവും ഭൂമിയും അതിലുള്ള ജീവജാലങ്ങളൊക്കെയും 10,000-ത്തോളം വർഷംമുമ്പ്, വെറും ആറു ദിവസംകൊണ്ടാണ് സൃഷ്ടിക്കപ്പെട്ടതെന്നും ഈ ദിവസത്തിലോരോന്നിനും 24 മണിക്കൂർ ദൈർഘ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അനേകം സൃഷ്ടിവാദികൾ വിശ്വസിക്കുന്നു. എന്നാൽ ബൈബിൾ അങ്ങനെ പഠിപ്പിക്കുന്നില്ല. a തന്നെയുമല്ല, ബൈബിളിൽ അടിസ്ഥാനമില്ലാത്ത നിരവധി പഠിപ്പിക്കലുകൾ അവർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. എന്നാൽ യഹോവയുടെ സാക്ഷികളുടെ മതപരമായ എല്ലാ പഠിപ്പിക്കലുകളും ദൈവവചനത്തിൽ അധിഷ്ഠിതമാണ്.
കൂടാതെ, ചില ദേശങ്ങളിൽ “സൃഷ്ടിവാദി”കൾ മതമൗലികവാദ പ്രസ്ഥാനങ്ങളുമായി അഭേദ്യമായ ഒരു കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുന്നു. രാഷ്ട്രീയത്തിൽ സജീവമായി ഉൾപ്പെടുന്ന ഈ പ്രസ്ഥാനങ്ങൾ സൃഷ്ടിവാദികളുടെ മതപരമായ വിശ്വാസങ്ങളുമായി ചേർന്നുപോകുന്ന നിയമങ്ങൾക്കും ഉപദേശങ്ങൾക്കും പിന്തുണ പ്രഖ്യാപിക്കാൻ രാഷ്ട്രീയക്കാരുടെയും ന്യായാധിപന്മാരുടെയും അധ്യാപകരുടെയുംമേൽ സമ്മർദം ചെലുത്തുന്നു.
യഹോവയുടെ സാക്ഷികൾ രാഷ്ട്രീയ കാര്യങ്ങളിൽ നിഷ്പക്ഷത പാലിക്കുന്നു. നിയമങ്ങൾക്കു രൂപംകൊടുക്കാനും അവ നടപ്പിലാക്കാനുമുള്ള ഗവൺമെന്റിന്റെ അധികാരത്തെ അവർ മാനിക്കുന്നു. (റോമർ 13:1-7) എന്നിരുന്നാലും, തങ്ങൾ “ലൌകികന്മാരല്ല” എന്ന യേശുവിന്റെ പ്രസ്താവന അവർ ഗൗരവമായി എടുക്കുന്നു. (യോഹന്നാൻ 17:14-16) പരസ്യശുശ്രൂഷയിൽ, ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ചു പഠിക്കാനുള്ള അവസരം അവർ ആളുകൾക്കു വെച്ചുനീട്ടുന്നു. അതേസമയം ബൈബിൾ നിലവാരങ്ങൾ അംഗീകരിക്കാൻ, മറ്റുള്ളവരെ നിർബന്ധിക്കുന്ന തരം നിയമങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന മതമൗലികവാദ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാതിരുന്നുകൊണ്ട് അവർ ക്രിസ്തീയ നിഷ്പക്ഷത പാലിക്കുകയും ചെയ്യുന്നു.—യോഹന്നാൻ 18:36.
[അടിക്കുറിപ്പ്]
a ഈ ലക്കത്തിന്റെ 18-ാം പേജിലുള്ള “ബൈബിളിന്റെ വീക്ഷണം: ശാസ്ത്രം ഉല്പത്തി വിവരണത്തിനു വിരുദ്ധമോ?” എന്ന ലേഖനം കാണുക.