രക്തനിവേശന ചികിത്സാരീതി അതിന്റെ ഭാവി ഭദ്രമോ?
രക്തനിവേശന ചികിത്സാരീതി അതിന്റെ ഭാവി ഭദ്രമോ?
“രക്തനിവേശന ചികിത്സാരീതി, ഏറെക്കുറെ ഉഷ്‌ണമേഖലാ മഴക്കാടുകളിലൂടെ നടക്കുന്നതുപോലെയാണ്—വഴികൾ വ്യക്തമായിരിക്കുമ്പോൾപ്പോലും ജാഗ്രതയോടെ വേണം മുന്നോട്ടു നീങ്ങാൻ; മാത്രവുമല്ല, ജാഗ്രത പാലിക്കാത്തവരെ കെണിയിലാക്കുന്ന പുതിയതും അദൃശ്യവുമായ അപകടങ്ങൾ തൊട്ടുമുന്നിൽ പതിയിരിക്കുന്നുമുണ്ടാകാം—അത് അങ്ങനെതന്നെയായിരിക്കുകയും ചെയ്യും.”—ഇയാൻ എം. ഫ്രാങ്ക്‌ലിൻ, രക്തനിവേശന ചികിത്സാരംഗത്തെ പ്രൊഫസർ.
എയ്‌ഡ്‌സ് എന്ന ആഗോള പകർച്ചവ്യാധിയുടെ അരങ്ങേറ്റം 1980-കളിൽ രക്തത്തിലേക്ക് പൊതുജനശ്രദ്ധ തിരിച്ചുവിട്ടതിനെത്തുടർന്ന് അതിന്റെ ‘അദൃശ്യമായ അപകടങ്ങൾ’ നീക്കംചെയ്യാനുള്ള ശ്രമങ്ങൾക്ക് ആക്കംകൂടി. എന്നിരുന്നാലും, വലിയ പ്രതിബന്ധങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. 2005 ജൂണിൽ ലോകാരോഗ്യ സംഘടന ഇപ്രകാരം സമ്മതിച്ചുപറഞ്ഞു: “സുരക്ഷിതമായ രക്തപ്പകർച്ചയ്‌ക്കുള്ള സാധ്യത രാജ്യങ്ങൾ തോറും ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു.” എന്തുകൊണ്ട്?
ശേഖരിക്കുമ്പോഴും പരിശോധിക്കുമ്പോഴും ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു കൊണ്ടുപോകുമ്പോഴും രക്തത്തിന്റെയും രക്തോത്‌പന്നങ്ങളുടെയും കാര്യത്തിൽ സുരക്ഷാനിലവാരങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താൻ ദേശീയതലത്തിൽ സംഘടിപ്പിക്കപ്പെട്ടിട്ടുള്ള പരിപാടികളൊന്നും പല രാജ്യങ്ങളിലുമില്ല. ചിലപ്പോഴൊക്കെ രക്തം അപകടകരമായ വിധത്തിൽ—വേണ്ടവിധം പരിരക്ഷിക്കാത്ത, വീട്ടുപയോഗത്തിനുള്ള റഫ്രിജറേറ്ററുകളിലും പിക്‌നിക് ബോക്‌സുകളിലും—ശേഖരിച്ചുവെക്കുകപോലും ചെയ്യുന്നു! സുരക്ഷാ നിലവാരങ്ങൾ പാലിക്കാത്തപക്ഷം, നൂറുകണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയുള്ള വ്യക്തികളിൽനിന്നു ശേഖരിക്കപ്പെടുന്ന രക്തം രോഗികൾക്ക് അപകടകരമായിത്തീർന്നേക്കാം.
രോഗവിമുക്തമായ രക്തം—വഴുതിമാറുന്ന ഒരു ലക്ഷ്യം
തങ്ങളുടെ രക്തശേഖരം മുമ്പെന്നത്തെക്കാളും ഇന്ന് സുരക്ഷിതമാണെന്ന് ചില രാജ്യങ്ങൾ അവകാശപ്പെടുന്നു. എന്നിരുന്നാലും ജാഗ്രത പാലിക്കാൻ ഇപ്പോഴും കാരണങ്ങളുണ്ട്. ഐക്യനാടുകളിലെ മൂന്ന് രക്ത ഏജൻസികൾ ചേർന്നു തയ്യാറാക്കിയ ഒരു “സർക്യുലർ ഓഫ് ഇൻഫർമേഷ”ന്റെ ആദ്യപേജിൽ ഇപ്രകാരം പ്രസ്‌താവിക്കുന്നു: “മുന്നറിയിപ്പ്: [ചികിത്സയ്‌ക്കുള്ള] രക്തവും രക്തഘടകങ്ങളും മനുഷ്യരക്തത്തിൽനിന്ന് എടുക്കുന്നതായതിനാൽ വൈറസുകൾ പോലുള്ള രോഗാണുക്കൾ സംക്രമിക്കുന്നതിനുള്ള സാധ്യതയുണ്ട്. . . . രക്തദാതാക്കളെ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുന്നതും നിലവിലുള്ള ലബോറട്ടറി പരിശോധനകളും അപകടം ഇല്ലാതാക്കുന്നില്ല.”
റെഡ് ക്രോസ്, റെഡ് ക്രെസന്റ് സൊസൈറ്റികളുടെ അന്താരാഷ്‌ട്ര ഫെഡറേഷന്റെ സീനിയർ ഓഫീസറായ പീറ്റർ കാരൊളൻ പിൻവരുന്ന പ്രകാരം പറഞ്ഞതിന് തക്ക കാരണമുണ്ട്: “[ചികിത്സയ്‌ക്കുള്ള] രക്തം സുരക്ഷിതമാണെന്ന് പൂർണമായി ഉറപ്പുനൽകാൻ ഒരിക്കലും കഴിയില്ല.” അദ്ദേഹം തുടരുന്നു: “പരിശോധന ലഭ്യമല്ലാത്ത പുതിയ രോഗകാരികൾ എല്ലായ്‌പോഴും ഉണ്ടായിരിക്കും.”
എയ്‌ഡ്‌സ് വൈറസ്‌പോലെ ദീർഘകാലത്തേക്ക് പരിശോധനയ്‌ക്കു പിടികൊടുക്കാതെ കഴിയുന്നതും രക്തത്തിലൂടെ പെട്ടെന്നു പകരുന്നതുമായ ഒരു സാംക്രമിക രോഗാണു പുതുതായി പ്രത്യക്ഷപ്പെടുന്നെങ്കിലെന്ത്? ആ സാധ്യതയെ ഗൗരവമായ ചിന്ത അർഹിക്കുന്ന ഒന്ന് എന്നാണ് 2005 ഏപ്രിൽ മാസത്തിൽ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ നടന്ന ഒരു മെഡിക്കൽ കോൺഫറൻസിൽ പ്രസംഗിക്കവേ, ഹാർവി ജി. ക്ലൈൻ വിളിച്ചത്. യു.എസ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെൽത്തിലെ ഒരു ഡോക്ടറായ അദ്ദേഹം തുടർന്ന് ഇപ്രകാരം പറഞ്ഞു: “രക്തഘടകങ്ങൾ ശേഖരിക്കുന്നവർ രക്തനിവേശനത്തിലൂടെ പകരുന്ന ഒരു പകർച്ചവ്യാധിയെ തടുക്കുന്നതിന് എയ്‌ഡ്‌സ് രംഗപ്രവേശം ചെയ്‌ത ആ നാളുകളിലേതിനെക്കാൾ സജ്ജരായിരിക്കുകയില്ല.”
പിശകുകളും രക്തനിവേശനത്തെ തുടർന്നുള്ള പ്രതിപ്രവർത്തനങ്ങളും
വികസിത രാജ്യങ്ങളിൽ രക്തനിവേശനത്തോടു ബന്ധപ്പെട്ട് രോഗികൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണികൾ എന്തെല്ലാമാണ്? പിശകുകളും രോഗപ്രതിരോധ വ്യവസ്ഥയുടെ പ്രതിപ്രവർത്തനങ്ങളുമാണ് അവ. രക്തപ്പകർച്ച നടത്തിയ ആയിരക്കണക്കിനു കേസുകളിൽ, രക്തം കൈകാര്യം ചെയ്യുമ്പോൾ പിശകുപറ്റിയതു കാരണം ആളുകൾ മരണത്തിന്റെ വക്കോളമെത്തിയതായി 2001-ൽ കാനഡയിൽ നടന്ന ഒരു പഠനത്തെക്കുറിച്ച് റിപ്പോർട്ടുചെയ്യവേ ഗ്ലോബ് ആൻഡ് മെയിൽ എന്ന പത്രം പ്രസ്‌താവിച്ചു. “രക്തസാമ്പിളുകൾ ശേഖരിക്കുമ്പോഴും രക്തപ്പകർച്ച നിർദേശിക്കുമ്പോഴും ആളുമാറിപ്പോയതും രക്തസാമ്പിളുകൾ തെറ്റായി ലേബൽ ചെയ്‌തതും” ആണ് പറ്റിയ അബദ്ധങ്ങളിൽ ചിലത്. ഇത്തരം പിശകുകൾ 1995-നും 2001-നും ഇടയ്‌ക്ക് ഐക്യനാടുകളിൽ കുറഞ്ഞത് 441 പേരുടെ ജീവൻ അപഹരിച്ചു.
മറ്റൊരു വ്യക്തിയിൽനിന്ന് രക്തം സ്വീകരിക്കുന്നവർ അടിസ്ഥാനപരമായി, അവയവം മാറ്റിവെക്കൽ ശസ്‌ത്രക്രിയയ്‌ക്കു വിധേയരാകുന്നവരുടേതിനോടു സമാനമായ അപകടസാധ്യതകളെ നേരിടുന്നു. പ്രതിരോധ വ്യവസ്ഥ അന്യ ശരീരകലകളെ പുറന്തള്ളാൻ പ്രവണത കാണിക്കുന്നു. ചില കേസുകളിൽ രക്തനിവേശനം പ്രതിരോധവ്യവസ്ഥയുടെ സ്വാഭാവിക പ്രവർത്തനത്തെ അടിച്ചമർത്തുകപോലും ചെയ്‌തേക്കാം. ഇത് ശസ്‌ത്രക്രിയയെത്തുടർന്ന് അണുബാധ ഉണ്ടാകുന്നതിനും മുമ്പു നിഷ്‌ക്രിയമായിരുന്ന വൈറസുകളുടെ ആക്രമണത്തിന് രോഗി വിധേയനാകുന്നതിനും ഇടയാക്കുന്നു. “രോഗികളിൽ രക്തം കയറ്റുന്നതിനുമുമ്പ് ഒന്നല്ല, രണ്ടല്ല, മൂന്നുവട്ടം ചിന്തി”ക്കാൻ, ഈ ലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിച്ച പ്രൊഫസർ ഇയാൻ എം. ഫ്രാങ്ക്‌ലിൻ ഡോക്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിൽ അത്ഭുതപ്പെടാനില്ല.
വിദഗ്‌ധർ അഭിപ്രായങ്ങൾ തുറന്നുപറയുന്നു
ഇത്തരം അറിവു നേടിയതിന്റെ ഫലമായി, രക്തനിവേശന ചികിത്സാരീതിയെ കൂടുതൽ വിമർശനബുദ്ധിയോടെ വിലയിരുത്തുന്ന ആരോഗ്യപരിപാലന പ്രവർത്തകരുടെ എണ്ണം കൂടിവരികയാണ്. ഡെയ്‌ലീസ് നോട്ട്‌സ് ഓൺ ബ്ലഡ് എന്ന പരാമർശകൃതി ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “മറ്റൊരാളുടെ ശരീരത്തിൽനിന്ന് എടുക്കുന്ന രക്തം അപകടകരമായ ഒരു ഔഷധമാണെന്നും മറ്റ് ഔഷധങ്ങളെ വിലയിരുത്തുന്ന അതേ മാനദണ്ഡങ്ങൾ വെച്ചു വിലയിരുത്തിയാൽ അതിന്റെ ഉപയോഗം നിരോധിക്കപ്പെടുമെന്നും ചില ഡോക്ടർമാർ ഉറപ്പിച്ചുപറയുന്നു.”
ഹൃദയശസ്‌ത്രക്രിയയ്‌ക്കു വിധേയരാകുന്നവർക്ക് രക്തത്തിന്റെ ഒരു പ്രാഥമിക ഘടകം നൽകുന്നതിനെക്കുറിച്ച് 2004-ന്റെ അവസാനത്തോടെ പ്രൊഫസർ ബ്രൂസ് സ്‌പിസ് ഇങ്ങനെ പ്രസ്‌താവിച്ചു: “[അത്തരം ഘടകങ്ങൾ] നിവേശിപ്പിക്കുന്നത് ഒരു രോഗിയുടെ അവസ്ഥ യഥാർഥത്തിൽ മെച്ചപ്പെടുത്തുമെന്ന ആശയത്തെ പിന്താങ്ങുന്ന [വൈദ്യശാസ്‌ത്ര] ലേഖനങ്ങൾ ഇല്ലെന്നുതന്നെ പറയാം, ഉണ്ടെങ്കിൽത്തന്നെ വളരെ വിരളമായിരിക്കും.” വാസ്‌തവത്തിൽ, അത്തരം ചികിത്സകളിൽ പലതും “ഗുരുതരമായി പരിക്കേറ്റ സാഹചര്യങ്ങൾ ഒഴികെയുള്ള മിക്കവാറും എല്ലാ സാഹചര്യങ്ങളിലും ഗുണത്തെക്കാളേറെ ദോഷം ചെയ്‌തേക്കാം” എന്ന് അദ്ദേഹം എഴുതുന്നു. അവ “ന്യൂമോണിയ, അണുബാധ, ഹൃദയാഘാതം, മസ്‌തിഷ്‌കാഘാതം എന്നിവയ്‌ക്കുള്ള സാധ്യത” വർധിപ്പിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
തങ്ങൾ പ്രതീക്ഷിക്കുന്നതുപോലെ, രക്തം കുത്തിവെക്കുന്ന കാര്യത്തിൽ എല്ലായിടത്തും ഒരേ നിലവാരങ്ങളല്ല പിൻപറ്റുന്നത് എന്നറിയുന്നത് അനേകരെയും അത്ഭുതപ്പെടുത്തുന്നു. “വേണ്ടവിധം നിർവചിക്കപ്പെട്ടിട്ടില്ലാത്തതും സാർവത്രികമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന മാർഗരേഖകൾ . . . ബാധകമാക്കുക പ്രയാസ[മാക്കിത്തീർക്കുന്നതുമായ] . . . ഒരു ചികിത്സാരീതിയാണ് രക്തനിവേശനം” എന്ന് ഡോ. ഗേബ്രിയൽ പേഡ്രാസാ, ചിലിയിലുള്ള തന്റെ സഹപ്രവർത്തകരെ അടുത്തയിടെ ഓർമിപ്പിക്കുകയുണ്ടായി. എഡിൻബർഗ് ആൻഡ് സ്‌കോട്ട്‌ലൻഡ് ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ സർവീസിന്റെ ഡയറക്ടറായ ബ്രയൻ മക്‌ലാലൻഡ് “രക്തപ്പകർച്ച ഒരു അവയവം മാറ്റിവെക്കലാണെന്നും അതുകൊണ്ടുതന്നെ അതൊരു നിസ്സാര തീരുമാനമല്ലെന്നും ഓർമിക്കാൻ” ഡോക്ടർമാരോട് ആവശ്യപ്പെടുന്നതിൽ അതിശയിക്കാനില്ല. “ഈ സ്ഥാനത്ത് ഞാനോ എന്റെ കുട്ടിയോ ആണെങ്കിൽ
ഞാൻ രക്തപ്പകർച്ചയ്‌ക്കു സമ്മതിക്കുമോ?” എന്ന ചോദ്യത്തെക്കുറിച്ച് ഡോക്ടർമാർ വിചിന്തനം ചെയ്യാൻ അദ്ദേഹം നിർദേശിക്കുന്നു.“രക്തനിവേശന ചികിത്സാരംഗത്തെ വിദഗ്‌ധരായ ഞങ്ങൾ രക്തം സ്വീകരിക്കാനോ കൊടുക്കാനോ ആഗ്രഹിക്കുന്നില്ല” എന്ന് ഉണരുക!യോടു പറഞ്ഞ രക്തശാസ്‌ത്രവിദഗ്‌ധന്റെ അതേ അഭിപ്രായമാണ് ആരോഗ്യപരിപാലനരംഗത്തെ പലർക്കുമുള്ളത് എന്നതാണു വാസ്‌തവം. വൈദ്യശാസ്‌ത്രരംഗത്തെ വിദഗ്‌ധ പരിശീലനം സിദ്ധിച്ച ചില വ്യക്തികൾക്ക് ഇങ്ങനെയാണു തോന്നുന്നതെങ്കിൽ രോഗികൾ ഇതിനെ എങ്ങനെ വീക്ഷിക്കണം?
വൈദ്യശാസ്‌ത്രം മാറുമോ?
‘രക്തനിവേശന ചികിത്സാരീതി ഇത്രയേറെ അപകടം നിറഞ്ഞതാണെങ്കിൽ പിന്നെ എന്തുകൊണ്ടാണ് രക്തം ഇത്ര വ്യാപകമായി ഇപ്പോഴും ഉപയോഗിച്ചുവരുന്നത്, പ്രത്യേകിച്ച് പകരചികിത്സോപാധികൾ നിലവിലുള്ള സ്ഥിതിക്ക്?’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. അനേകം ഡോക്ടർമാരും ചികിത്സാരീതികൾക്കു മാറ്റംവരുത്താൻ വിമുഖരോ ഇന്ന് ഉപയോഗിച്ചുവരുന്ന പകരചികിത്സാരീതികൾ സംബന്ധിച്ച് അജ്ഞരോ ആണെന്നതാണ് ഒരു കാരണം. ട്രാൻസ്‌ഫ്യൂഷൻ എന്ന മാസികയിലെ ഒരു ലേഖനം അനുസരിച്ച് “ഡോക്ടർമാർ രക്തപ്പകർച്ച സംബന്ധിച്ച് തീരുമാനമെടുക്കുന്നത് തങ്ങൾ മുമ്പു പഠിച്ചിട്ടുള്ള കാര്യങ്ങളെയും സ്വായത്തമാക്കിയ സാംസ്‌കാരിക മൂല്യങ്ങളെയും ‘രോഗിയെ പരിശോധിച്ചതിൽനിന്ന് ഉരുത്തിരിയുന്ന നിഗമന’ത്തെയും അടിസ്ഥാനമാക്കിയാണ്.”
ഒരു സർജന്റെ വൈദഗ്‌ധ്യവും ഇക്കാര്യത്തിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്നു. ഇംഗ്ലണ്ടിലെ ലണ്ടനിലുള്ള ഡോ. ബെവർലി ഹൺട് എഴുതുന്നു: “നഷ്ടപ്പെടുന്ന രക്തത്തിന്റെ അളവ് സർജൻമാരെ ആശ്രയിച്ചു ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു. ശസ്‌ത്രക്രിയയുമായി ബന്ധപ്പെട്ടുള്ള രക്തസ്രാവം ഫലപ്രദമായി നിറുത്തുന്നതിനായി സർജൻമാർക്ക് പരിശീലനം നൽകുന്നതിലുള്ള താത്‌പര്യം വർധിച്ചുവരുന്നു.” ഇനിയും, പകരചികിത്സാരീതികളുടെ ചെലവ് വളരെ ഉയർന്നതല്ലെന്നാണു റിപ്പോർട്ടുകൾ കാണിക്കുന്നതെങ്കിലും, ചെലവ് വളരെ കൂടുതലാണെന്ന് ചിലർ അവകാശപ്പെടുന്നു. എന്നിരുന്നാലും, മെഡിക്കൽ ഡയറക്ടറായ ഡോ. മൈക്കിൾ റോസിന്റെ പിൻവരുന്ന അഭിപ്രായത്തോട് അനേകം ഡോക്ടർമാരും യോജിക്കും: “രക്തരഹിത വൈദ്യചികിത്സ സ്വീകരിക്കുന്ന ഏതൊരു രോഗിയും അടിസ്ഥാനപരമായി, സാധ്യമായിരിക്കുന്നതിൽവെച്ച് ഏറ്റവും മികച്ച ശസ്‌ത്രക്രിയയ്‌ക്കാണു വിധേയനാകുന്നത്.” a
ഏറ്റവും മികച്ച വൈദ്യപരിചരണം—അതല്ലേ നിങ്ങൾ ആഗ്രഹിക്കുന്നത്? അങ്ങനെയെങ്കിൽ ഈ മാസിക നിങ്ങളുടെ പക്കൽ എത്തിച്ചവരുമായി നിങ്ങൾക്കു ചില സമാനതകളുണ്ട്. രക്തപ്പകർച്ചയുടെ കാര്യത്തിൽ അവർ സ്വീകരിച്ചിരിക്കുന്ന ശ്രദ്ധേയമായ നിലപാടു മനസ്സിലാക്കാൻ തുടർന്നു വായിക്കുക.
[അടിക്കുറിപ്പ്]
a 8-ാം പേജിലെ “രക്തനിവേശനത്തിനു പകരമുള്ള ചികിത്സാരീതികൾ” എന്ന ചതുരം കാണുക.
[6-ാം പേജിലെ ആകർഷക വാക്യം]
“രോഗികളിൽ രക്തം കയറ്റുന്നതിനുമുമ്പ് ഒന്നല്ല, രണ്ടല്ല, മൂന്നുവട്ടം ചിന്തിക്കുക.”—പ്രൊഫസർ ഇയാൻ എം. ഫ്രാങ്ക്‌ലിൻ
[6-ാം പേജിലെ ആകർഷക വാക്യം]
“ഈ സ്ഥാനത്ത് ഞാനോ എന്റെ കുട്ടിയോ ആണെങ്കിൽ ഞാൻ രക്തപ്പകർച്ചയ്‌ക്കു സമ്മതിക്കുമോ?”—ബ്രയൻ മക്‌ലാലൻഡ്
[7-ാം പേജിലെ ചതുരം/ചിത്രം]
ട്രാലി മുഖേനയുള്ള മരണം
രക്തപ്പകർച്ചയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഗുരുതരമായ ശ്വാസകോശത്തകരാറ് (Transfussion-related acute lung injury [TRALI]) 1990-കളുടെ ആരംഭത്തിലാണ് ആദ്യമായി റിപ്പോർട്ടു ചെയ്യപ്പെട്ടത്. രക്തപ്പകർച്ചയെ തുടർന്ന് പ്രതിരോധവ്യവസ്ഥയുടെ പ്രതിപ്രവർത്തന ഫലമായി ഉണ്ടാകുന്നതും ജീവനു ഭീഷണി ഉയർത്തുന്നതുമായ ഈ തകരാറ് ഓരോ വർഷവും നൂറുകണക്കിന് ആളുകളുടെ ജീവനൊടുക്കുന്നതായി ഇന്നു റിപ്പോർട്ടു ചെയ്യപ്പെടുന്നു. എന്നാൽ മരണനിരക്ക് യഥാർഥത്തിൽ ഇതിലും വളരെക്കൂടുതലാണെന്ന് വിദഗ്‌ധർ സംശയിക്കുന്നു. കാരണം ആരോഗ്യപരിപാലന രംഗത്തെ പലരും ഇതിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നില്ല. ഈ പ്രതിപ്രവർത്തനത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും ന്യൂ സയന്റിസ്റ്റ് മാസിക പറയുന്നതനുസരിച്ച് ഇതിനിടയാക്കുന്ന രക്തത്തിന്റെ “മുഖ്യ ഉറവ്, മുമ്പ് വിവിധ രക്തഗ്രൂപ്പുകളുമായി സമ്പർക്കത്തിൽ വന്നിട്ടുള്ളവർ, ഉദാഹരണത്തിന് . . . പലതവണ രക്തപ്പകർച്ചയ്‌ക്കു വിധേയരായവർ, ആയിരിക്കുന്നതായി കാണപ്പെടുന്നു.” ഒരു റിപ്പോർട്ടനുസരിച്ച് ഇന്ന് ഐക്യനാടുകളിലും ബ്രിട്ടനിലും രക്തപ്പകർച്ചയോടു ബന്ധപ്പെട്ടുള്ള മരണങ്ങളുടെ മുഖ്യ കാരണങ്ങളിലൊന്നാണു ട്രാലി. അങ്ങനെ അത്, “എച്ച്‌ഐവി പോലെ വ്യാപകമായി അറിയപ്പെടുന്ന രോഗങ്ങളെക്കാൾ രക്തബാങ്കുകൾക്ക് ഭീഷണി” ഉയർത്തുന്ന ഒന്നായിത്തീർന്നിരിക്കുന്നു.
[8, 9 പേജുകളിലെ ചതുരം/രേഖാചിത്രം]
രക്തത്തിന്റെ ഘടന
രക്തദാതാക്കൾ സാധാരണഗതിയിൽ രക്തം അതേപടി, അതായത് അതിന്റെ എല്ലാ ഘടകങ്ങളും സഹിതമാണു നൽകുന്നത്. എന്നാൽ പ്ലാസ്‌മ മാത്രം ദാനംചെയ്യുന്ന രീതിയുമുണ്ട്. ചില രാജ്യങ്ങൾ രക്തം അതേപടി നിവേശിപ്പിക്കാറുണ്ടെങ്കിലും രക്തം പരിശോധിക്കുന്നതിനും ചികിത്സയിൽ ഉപയോഗിക്കുന്നതിനും മുമ്പ്, അതിനെ പ്രാഥമിക ഘടകങ്ങളായി വേർതിരിക്കുന്ന രീതിയാണ് കൂടുതൽ സാധാരണം. രക്തത്തിന്റെ നാലു പ്രാഥമിക ഘടകങ്ങളും അവയുടെ ധർമങ്ങളും, ഓരോന്നും മൊത്തം രക്തവ്യാപ്‌തത്തിന്റെ എത്ര ശതമാനം വരും എന്നതും ശ്രദ്ധിക്കുക.
പ്ലാസ്‌മ രക്തത്തിന്റെ 52 മുതൽ 62 വരെ ശതമാനം വരും. രക്തകോശങ്ങളും പ്രോട്ടീനുകളും മറ്റു പദാർഥങ്ങളും പ്ലവനംചെയ്യുന്ന ഇളംമഞ്ഞ നിറത്തിലുള്ള ഈ ദ്രാവകം അവയുടെ വാഹകമാധ്യമമായും വർത്തിക്കുന്നു.
പ്ലാസ്‌മയുടെ 91.5 ശതമാനവും വെള്ളമാണ്. പ്രോട്ടീനുകൾ—ഇതിൽനിന്നാണ് പ്ലാസ്‌മയുടെ ഘടകാംശങ്ങൾ എടുക്കുന്നത്—പ്ലാസ്‌മയുടെ 7 ശതമാനം വരും (പ്ലാസ്‌മയുടെ 4 ശതമാനത്തോളം വരുന്ന ആൽബുമിനുകളും 3 ശതമാനത്തോളം വരുന്ന ഗ്ലോബുലിനുകളും ഒരു ശതമാനത്തിൽ താഴെ വരുന്ന ഫൈബ്രിനോജനും ഇതിൽ ഉൾപ്പെടുന്നു). പോഷകങ്ങൾ, ഹോർമോണുകൾ, ശ്വസനവാതകങ്ങൾ, ഇലെക്‌ട്രൊലൈറ്റുകൾ, വിറ്റമിനുകൾ, നൈട്രജൻ അടങ്ങിയ പാഴ്‌വസ്‌തുക്കൾ തുടങ്ങിയ മറ്റു പദാർഥങ്ങളാണ് പ്ലാസ്‌മയുടെ ശേഷിച്ച 1.5 ശതമാനം.
വെളുത്ത രക്താണുക്കൾ (ശ്വേത രക്തകോശങ്ങൾ) രക്തത്തിന്റെ ഒരു ശതമാനത്തിൽ താഴെ വരുന്നു. ഹാനികരമായിരിക്കാൻ സാധ്യതയുള്ള അന്യ പദാർഥങ്ങളെ ഇവ ആക്രമിച്ചു നശിപ്പിക്കുന്നു.
പ്ലേറ്റ്‌ലെറ്റുകൾ (ത്രോംബോസൈറ്റുകൾ) രക്തത്തിന്റെ ഒരു ശതമാനത്തിൽ താഴെ വരുന്നു. രക്തം കട്ടപിടിക്കാൻ ഇടയാക്കുന്ന ഇവ മുറിവുകളിൽനിന്ന് രക്തം വാർന്നുപോകുന്നതു തടയുന്നു.
ചുവന്ന രക്താണുക്കൾ (അരുണ രക്തകോശങ്ങൾ) രക്തത്തിന്റെ 38 മുതൽ 48 വരെ ശതമാനം വരുന്നു. ഈ കോശങ്ങളാണ് ശരീരകലകളിലേക്ക് ഓക്‌സിജൻ എത്തിക്കുകയും അവയിൽനിന്ന് കാർബൺ ഡയോക്‌സൈഡ് വഹിച്ചു കൊണ്ടുപോകുകയും ചെയ്‌തുകൊണ്ട് അവയെ ജീവനുള്ളതാക്കി നിലനിറുത്തുന്നത്.
പ്ലാസ്‌മയിൽനിന്ന് വ്യത്യസ്‌ത ഘടകാംശങ്ങൾ വേർതിരിച്ചെടുക്കാൻ കഴിയുന്നതുപോലെതന്നെ, മറ്റു പ്രാഥമിക ഘടകങ്ങളിൽനിന്നും ഘടകാംശങ്ങൾ വേർതിരിച്ചെടുക്കാനാകും. ഉദാഹരണത്തിന് അരുണ രക്തകോശത്തിന്റെ ഒരു ഘടകാംശമാണ് ഹീമോഗ്ലോബിൻ.
[രേഖാചിത്രം]
പ്ലാസ്‌മ
വെള്ളം 91.5%
പ്രോട്ടീനുകൾ 7%
ആൽബുമിനുകൾ
ഗ്ലോബുലിനുകൾ
ഫൈബ്രിനോജൻ
മറ്റു പദാർഥങ്ങൾ 1.5%
പോഷകങ്ങൾ
ഹോർമോണുകൾ
ശ്വസന വാതകങ്ങൾ
ഇലെക്‌ട്രൊലൈറ്റുകൾ
വിറ്റമിനുകൾ
നൈട്രജൻ അടങ്ങിയ പാഴ്‌വസ്‌തുക്കൾ
[കടപ്പാട്]
പേജ് 9: Blood components in circles: This project has been funded in whole or in part with federal funds from the National Cancer Institute, National Institutes of Health, under contract N01-CO-12400. The content of this publication does not necessarily reflect the views or policies of the Department of Health and Human Services, nor does mention of trade names, commercial products, or organizations imply endorsement by the U.S. Government
[8, 9 പേജുകളിലെ ചതുരം/ചിത്രം]
രക്തനിവേശനത്തിനു പകരമുള്ള ചികിത്സാരീതികൾ
കഴിഞ്ഞ ആറു വർഷമായി യഹോവയുടെ സാക്ഷികളുടെ ലോകവ്യാപകമായുള്ള ആശുപത്രി ഏകോപന സമിതികൾ ഏകദേശം 25 ഭാഷകളിലായി, രക്തപ്പകർച്ചയ്‌ക്കു പകരമുള്ള ചികിത്സാരീതികൾ—ലളിതം, സുരക്ഷിതം, ഫലപ്രദം (മലയാളത്തിൽ ലഭ്യമല്ല) എന്ന വീഡിയോ പരിപാടിയുടെ പതിനായിരക്കണക്കിന് കോപ്പികൾ വൈദ്യശാസ്‌ത്ര രംഗത്തു പ്രവർത്തിക്കുന്നവർക്ക് വിതരണം ചെയ്‌തിട്ടുണ്ട്. b രോഗികളെ രക്തനിവേശനം കൂടാതെ ചികിത്സിക്കുന്നതിന് ഇപ്പോൾ ഉപയോഗിച്ചുവരുന്ന ഫലപ്രദമായ രീതികളെക്കുറിച്ച് ലോകപ്രശസ്‌തരായ ഡോക്ടർമാർ ചർച്ചചെയ്യുന്നത് ഈ വീഡിയോയിൽ കാണിക്കുന്നു. ആളുകൾ ഈ വീഡിയോയിലെ സന്ദേശത്തിനു ശ്രദ്ധ നൽകുന്നുണ്ട്. ഉദാഹരണത്തിന്, 2001-ന്റെ അവസാനത്തോടെ ഈ വീഡിയോ കണ്ടതിനു ശേഷം, യുണൈറ്റഡ് കിങ്‌ഡത്തിലെ നാഷണൽ ബ്ലഡ് സർവീസ്, രാജ്യത്തെമ്പാടുമുള്ള എല്ലാ രക്തബാങ്ക് മാനേജർമാർക്കും കൺസൽട്ടന്റ് ഹിമറ്റോളജിസ്റ്റുകൾക്കും (രക്തശാസ്‌ത്രവിദഗ്‌ധർ) ഒരു കത്തും അതോടൊപ്പം ഈ വീഡിയോയുടെ ഒരു കോപ്പിയും അയച്ചുകൊടുത്തു. “സാധ്യമാകുമ്പോഴെല്ലാം രക്തനിവേശനം ഒഴിവാക്കുന്നതാണ് നല്ല വൈദ്യചികിത്സയുടെ ഒരു ലക്ഷ്യമെന്ന തിരിച്ചറിവ് വർധിച്ചുവരുന്ന”തിനാൽ ഈ വീഡിയോ കാണുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. “[ഈ വീഡിയോയുടെ] പൊതുവായ സന്ദേശം പ്രശംസനീയമാണെന്നും നാഷണൽ ബ്ലഡ് സർവീസ് ശക്തമായി പിന്തുണയ്‌ക്കുന്ന ഒന്നാണെന്നും” കത്തിൽ സമ്മതിച്ചുപറഞ്ഞിരുന്നു.
[അടിക്കുറിപ്പ്]
b യഹോവയുടെ സാക്ഷികൾ പുറത്തിറക്കിയ, രക്തപ്പകർച്ചയ്‌ക്കു പകരമുള്ള ചികിത്സാരീതികൾ—ചിത്രീകരണ പരമ്പര (മലയാളത്തിൽ ലഭ്യമല്ല) എന്ന ഡിവിഡി പരിപാടി വീക്ഷിക്കാൻ അവരിൽ ഒരാളുമായി ബന്ധപ്പെടുക.
[8-ാം പേജിലെ തലവാചകം]
TRANSFUSION ALTERNATIVE STRATEGIES Simple • Safe • Effective
[9-ാം പേജിലെ ചതുരം/ചിത്രം]
രക്തത്തിന്റെ ഘടകാംശങ്ങൾ ചികിത്സയിൽ
ശാസ്‌ത്രവും സാങ്കേതികവിദ്യയും രക്തത്തിലെ ഘടകാംശങ്ങൾ കണ്ടുപിടിച്ചു വേർതിരിക്കുന്നത് സാധ്യമാക്കിത്തീർക്കുന്നു. ഫ്രാക്‌ഷനേഷൻ എന്നറിയപ്പെടുന്ന ഒരു പ്രകിയയിലൂടെയാണ് ഇതു ചെയ്യുന്നത്. അതിനെ ഇങ്ങനെ ദൃഷ്ടാന്തീകരിക്കാം: 96.5 ശതമാനം വെള്ളം അടങ്ങിയിട്ടുള്ള കടൽജലത്തെ ഫ്രാക്‌ഷനേഷൻ പ്രക്രിയയ്‌ക്കു വിധേയമാക്കി അതിലുള്ള മഗ്നീഷ്യം, ബ്രോമിൻ, ഉപ്പ് തുടങ്ങിയ ശേഷിച്ച പദാർഥങ്ങൾ വേർതിരിച്ചെടുക്കാൻ കഴിയും. സമാനമായി, രക്ത വ്യാപ്‌തത്തിന്റെ പകുതിയിലധികം വരുന്ന പ്ലാസ്‌മയിൽനിന്ന്—ഇതിന്റെ 90 ശതമാനത്തിലധികവും വെള്ളമാണ്—ആൽബുമിൻ, ഫൈബ്രിനോജൻ, വ്യത്യസ്‌തതരം ഗ്ലോബുലിനുകൾ തുടങ്ങിയ പ്രോട്ടീനുകൾ ഉൾപ്പെടെയുള്ള ഘടകാംശങ്ങൾ വേർതിരിച്ചെടുക്കാൻ സാധിക്കും.
ചികിത്സയുടെ ഭാഗമായി, പ്ലാസ്‌മയുടെ ഒരു ഘടകാംശം സാന്ദ്രിത രൂപത്തിൽ നൽകാൻ ഒരു ഡോക്ടർ നിർദേശിച്ചേക്കാം. പ്ലാസ്‌മ തണുത്തുറയുന്നതിനും തുടർന്ന് ഉരുകുന്നതിനും ഇടയാക്കിക്കൊണ്ട് തയ്യാറാക്കുന്ന, പ്രോട്ടീൻ സമൃദ്ധമായ ക്രയോപ്രിസിപ്പറ്റേറ്റ് അതിന് ഒരു ഉദാഹരണമാണ്. പ്ലാസ്‌മയുടെ അലേയമായ ഈ ഭാഗം, രക്തം കട്ടപിടിക്കാൻ ഇടയാക്കുന്ന ഘടകങ്ങളാൽ സമ്പുഷ്ടമാണ്. രക്തസ്രാവം നിറുത്തുന്നതിനായി സാധാരണഗതിയിൽ രോഗികൾക്ക് ഇതു നൽകാറുണ്ട്. നേരിയ അളവിലോ മുഖ്യ ചേരുവ എന്ന നിലയിലോ രക്തത്തിന്റെ ഒരു ഘടകാംശം അടങ്ങിയ ഒരു ഉത്‌പന്നം ഉപയോഗിച്ചുള്ളതായിരിക്കാം മറ്റുചില ചികിത്സകൾ. c രോഗകാരികളുമായി സമ്പർക്കത്തിൽ വന്നതിനെത്തുടർന്ന് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി നൽകപ്പെടുന്ന പതിവു കുത്തിവയ്‌പുകളിൽ ചില പ്ലാസ്‌മാ പ്രോട്ടീനുകൾ ഉപയോഗിക്കുന്നു. വൈദ്യചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്ന, രക്തത്തിന്റെ ഘടകാംശങ്ങളിൽ മിക്കവാറും എല്ലാംതന്നെ പ്ലാസ്‌മയിൽ കാണപ്പെടുന്ന പ്രോട്ടീനുകളാണ്.
സയൻസ് ന്യൂസ് എന്ന മാസിക പറയുന്നതനുസരിച്ച്, “ഒരു വ്യക്തിയുടെ രക്തത്തിൽ സാധാരണഗതിയിൽ ആയിരക്കണക്കിനു പ്രോട്ടീനുകൾ ഉണ്ടെന്നു കണക്കാക്കപ്പെടുന്നെങ്കിലും അതിൽ വെറും നൂറുകണക്കിന് പ്രോട്ടീനുകൾ മാത്രമേ ശാസ്‌ത്രജ്ഞർ തിരിച്ചറിഞ്ഞിട്ടുള്ളൂ.” ഭാവിയിൽ, രക്തത്തെ സംബന്ധിച്ച അറിവ് വർധിക്കവേ ഈ പ്രോട്ടീനുകൾ ഉപയോഗിച്ചുള്ള പുതിയ ഉത്‌പന്നങ്ങൾ ലഭ്യമായേക്കാം.
[അടിക്കുറിപ്പ്]
c ചില ഉത്‌പന്നങ്ങളിൽ ജന്തുക്കളുടെ രക്തത്തിൽനിന്നുള്ള ഘടകാംശങ്ങളും ഉപയോഗിക്കാറുണ്ട്.
[6, 7 പേജുകളിലെ ചിത്രം]
വൈദ്യശാസ്‌ത്രരംഗത്തെ ചിലർ രക്തവുമായി സമ്പർക്കത്തിൽവരുന്നതു സംബന്ധിച്ച് വളരെ ജാഗ്രത പുലർത്തുന്നു