ഉലകം ചുറ്റിയ കാപ്പി
ഉലകം ചുറ്റിയ കാപ്പി
ഒരു മനുഷ്യൻ ഒരു കാപ്പിത്തൈയോടു കാണിച്ച പ്രതിബദ്ധതയുടെ കഥയെ “കാപ്പിച്ചെടിയുടെ വ്യാപനത്തെക്കുറിച്ചുള്ള ചരിത്രത്തിലെ ഏറ്റവും മനംകവരുന്ന അധ്യായം” എന്നു വിശേഷിപ്പിക്കുന്നുവെന്ന് “ഓൾ എബൗട്ട് കോഫി” എന്ന പുസ്തകം പറയുന്നു. വാർഷികമായി 3.15 ലക്ഷം കോടി രൂപ നേടുന്ന ഇന്നത്തെ കാപ്പി വ്യവസായം ആരംഭിക്കുന്നതിൽ ആ ചെറുചെടി പ്രധാനപ്പെട്ട ഒരു പങ്കുവഹിച്ചെന്നും ഡോളർ നിരക്കിൽ നോക്കുകയാണെങ്കിൽ പെട്രോളിയത്തിന്റെ ആഗോള വ്യാപാരം മാത്രമാണ് കാപ്പി വ്യവസായത്തെ കവച്ചുവെക്കുന്നതെന്നും “സയന്റിഫിക് അമേരിക്കൻ” എന്ന പത്രിക പറയുന്നു.
കാപ്പിയുടെ വിസ്മയജനകമായ കഥ ആരംഭിക്കുന്നത് എത്യോപ്യൻ മലനിരകളിലാണ്. അവിടെയാണ് കാപ്പിച്ചെടി ജന്മംകൊണ്ടത്. കോഫിയ അറബിക്ക എന്നു വിളിക്കപ്പെടുന്ന അതിന്റെ പിൻതലമുറക്കാരിൽനിന്നാണ് ആഗോള കാപ്പി ഉത്പാദനത്തിന്റെ മൂന്നിൽ രണ്ടു ഭാഗം ലഭ്യമാകുന്നത്. വറുത്ത കാപ്പിക്കുരുവിന്റെ ഗുണങ്ങൾ കൃത്യമായി കണ്ടെത്തിയത് എപ്പോഴാണ് എന്നതു സംബന്ധിച്ചുള്ള അനിശ്ചിതത്വം നിലനിൽക്കുന്നെങ്കിലും പൊ.യു. 15-ാം നൂറ്റാണ്ടിൽ അറേബ്യൻ ഉപദ്വീപിൽ അറബിക്ക കാപ്പി കൃഷി ചെയ്യപ്പെട്ടിരുന്നു. പ്രത്യുത്പാദനശേഷിയുള്ള വിത്തുകൾ കയറ്റുമതി ചെയ്യുന്നത് നിരോധിക്കപ്പെട്ടിരുന്നെങ്കിലും 1616-ൽ ഡച്ചുകാർ, ചെടികളോ പ്രത്യുത്പാദനശേഷിയുള്ള വിത്തുകളോ കൈവശമാക്കി. അധികം താമസിയാതെ അവർ, ഇപ്പോൾ ശ്രീലങ്ക എന്നറിയപ്പെടുന്ന സിലോണിലും നിലവിൽ ഇന്തൊനീഷ്യയുടെ ഭാഗമായ ജാവയിലും തോട്ടങ്ങൾ സ്ഥാപിച്ചു.
1706-ൽ ഡച്ചുകാർ ജാവയിലുള്ള തോട്ടങ്ങളിൽനിന്ന് ഒരു കാപ്പിത്തൈ നെതർലൻഡ്സിലെ ആംസ്റ്റർഡാമിലുള്ള സസ്യശാസ്ത്ര ഉദ്യാനത്തിലേക്കു മാറ്റി. ചെടി തഴച്ചുവളർന്നു. പിന്നീട് അതിന്റെ തൈകൾ സുരിനാമിലും കരീബിയനിലുമുള്ള ഡച്ച് കോളനികളിലേക്കു കയറ്റി അയച്ചു. 1714-ൽ ആംസ്റ്റർഡാമിലെ മേയർ അതിൽ ഒരു തൈ ഫ്രാൻസിലെ ലൂയി പതിന്നാലാമൻ രാജാവിനു കൊടുത്തു. രാജാവ് അത് പാരീസിലെ രാജകീയ ഉദ്യാനമായ ഷാർദാൻ ഡി പ്ലാന്റിലെ ഹരിതഗൃഹത്തിൽ നട്ടുപിടിപ്പിക്കാൻ ഏർപ്പാടാക്കി.
കാപ്പി വ്യാപാരത്തിൽ ഏർപ്പെടാൻ ഫ്രഞ്ചുകാർക്കു തിടുക്കമായി. അവർ വിത്തുകളും തൈകളും വാങ്ങി റീയൂണിയൻ ദ്വീപിലേക്കു കയറ്റി അയച്ചു. വിത്തുകൾ കിളിർത്തില്ലെന്നു മാത്രമല്ല ചില ആധികാരിക ഉറവുകളനുസരിച്ച് ഒന്നൊഴികെ മറ്റെല്ലാ തൈകളും നശിച്ചുപോകുകയും ചെയ്തു. എന്നിരുന്നാലും ആ ഒരൊറ്റ ചെടിയിൽനിന്ന് ഉണ്ടായ 15,000 വിത്തുകൾ പാകി മുളപ്പിക്കുകയും 1720-ൽ ഒരു തോട്ടം സ്ഥാപിക്കപ്പെടുകയും ചെയ്തു. ആരെങ്കിലും ഒരു ചെടി നശിപ്പിക്കുന്നതായി കണ്ടാൽ അയാൾ മരണശിക്ഷയ്ക്ക് അർഹനാകുമായിരുന്നു. അത്രയ്ക്കു അമൂല്യമായിരുന്നു ആ ചെടികൾ! കരീബിയനിലും തോട്ടങ്ങൾ സ്ഥാപിക്കാൻ ഫ്രഞ്ചുകാർ പദ്ധതിയിട്ടു, പക്ഷേ അവരുടെ ആദ്യത്തെ രണ്ട് ഉദ്യമങ്ങളും പരാജയപ്പെട്ടു.
പാരീസിൽ അവധിക്കാലം ചെലവിടുകയായിരുന്ന ഫ്രഞ്ച് നാവിക ഉദ്യോഗസ്ഥനായ ഗബ്രിയേൽ മത്തിയൂ ദെ ക്ലിയു ഫ്രാൻസിൽനിന്നു മടങ്ങിപ്പോകുമ്പോൾ മാർട്ടിനിക്കിലുള്ള തന്റെ തോട്ടത്തിൽ വെച്ചുപിടിപ്പിക്കാൻ ഒരു കാപ്പിച്ചെടിയും കൂടെ കൊണ്ടുപോകണം എന്നത് വ്യക്തിപരമായ ഒരു ദൗത്യമായി ഏറ്റെടുത്തു. പാരീസിൽനിന്നുള്ള ഒരു കാപ്പിത്തൈയുമായി 1723 മേയിൽ അദ്ദേഹം മാർട്ടിനിക്കിലേക്കു യാത്ര തിരിച്ചു.
യാത്രാവേളയിൽ ചെടിക്ക് സൂര്യപ്രകാശം ആഗിരണം ചെയ്യുന്നതിനും മൂടിക്കെട്ടിയ ദിവസങ്ങളിൽ ഊഷ്മാവ് നിലനിറുത്തുന്നതിനും വേണ്ടി ദെ ക്ലിയു തന്റെ വിലപ്പെട്ട ചെടി ഭാഗികമായി ചില്ലുകൊണ്ടു നിർമിച്ച ഒരു പെട്ടിക്കുള്ളിൽ പ്രതിഷ്ഠിച്ചു എന്ന് ഓൾ എബൗട്ട് കോഫി വിശദീകരിക്കുന്നു. ദെ ക്ലിയു അങ്ങനെ നേട്ടം കൊയ്യേണ്ടെന്നു വിചാരിച്ച, അദ്ദേഹത്തോട് അസൂയ തോന്നിയിരിക്കാവുന്ന ഒരു സഹയാത്രികൻ അദ്ദേഹത്തിൽനിന്നു ചെടി പിടിച്ചുപറിക്കാൻ ശ്രമിച്ചു. പക്ഷേ വിജയിച്ചില്ല, ചെടി അതിജീവിച്ചു. ടുണീഷ്യൻ കടൽക്കൊള്ളക്കാരിൽനിന്നു കപ്പലിനു നേരിടേണ്ടിവന്ന ആക്രമണം, ശക്തമായ കൊടുങ്കാറ്റ്, ഡോൾഡ്രംസുകളിൽ (കാറ്റില്ലാത്ത കടൽ) കപ്പൽ മുന്നോട്ടു നീങ്ങാതെ വന്നപ്പോഴുണ്ടായ ശുദ്ധജല ദൗർലഭ്യം എന്നിവയെയും അതിജീവിക്കാൻ ചെടിക്കു കഴിഞ്ഞു. ദെ ക്ലിയു ഇപ്രകാരം എഴുതി. “ഞാൻ സുന്ദര പ്രതീക്ഷകൾ അർപ്പിച്ചിരുന്ന, എന്റെ ആനന്ദത്തിന്റെ ഉറവായ ആ ചെടിയുമായി ഒരു മാസത്തിലധികം സമയത്തേക്ക് എന്റെ പരിമിതമായ ജലവിഹിതം പങ്കുവെക്കാൻ ഞാൻ നിർബന്ധിതനായി. അത്രമാത്രം ജലദൗർലഭ്യമുണ്ടായിരുന്നു.”
ദെ ക്ലിയു കാണിച്ച പ്രതിബദ്ധത വെറുതെയായില്ല. നല്ല കരുത്തോടെ മാർട്ടിനിക്കിൽ എത്തിച്ചേർന്ന അദ്ദേഹത്തിന്റെ കാപ്പിച്ചെടി തഴച്ചുവളരുകയും ഉഷ്ണമേഖലാ കാലാവസ്ഥയിൽ വർധിക്കുകയും ചെയ്തു. “ഈ ഒരൊറ്റ ചെടിയിൽനിന്ന് ബ്രസീൽ, ഫ്രഞ്ച് ഗയാന, സുരിനാം എന്നീ രാജ്യങ്ങളൊഴികെ അമേരിക്കകളിലെ മറ്റെല്ലാ രാജ്യങ്ങൾക്കും നേരിട്ടോ അല്ലാതെയോ മാർട്ടിനിക് വിത്തുകൾ വിതരണം ചെയ്തു” എന്ന് കോഫി എന്ന തന്റെ പുസ്തകത്തിൽ ഗോർഡൻ റിഗ്ളി പറയുന്നു.
അപ്പോഴേക്കും ബ്രസീലിനും ഫ്രഞ്ച് ഗയാനയ്ക്കും കാപ്പിച്ചെടികൾ വേണമെന്നായി. സുരിനാമിൽ, ഡച്ചുകാരുടെ കൈവശം അപ്പോഴും ആംസ്റ്റർഡാമിൽനിന്നുള്ള കാപ്പിച്ചെടിയുടെ തൈകളുണ്ടായിരുന്നു, പക്ഷേ അവർ വളരെ രഹസ്യമായിട്ടാണ് അവ സൂക്ഷിച്ചിരുന്നത്. എന്നിരുന്നാലും, സുരിനാമിലേക്കു കടന്ന് അവിടെനിന്നു കുറച്ചു വിത്തുകൾ മോഷ്ടിച്ചുകൊണ്ടുവന്ന ഒരു കുറ്റവാളിയിൽനിന്ന് 1722-ൽ ഫ്രഞ്ച് ഗയാന വിത്തുകൾ സമ്പാദിച്ചു. വിത്തുകൾ നൽകുന്നതിനു പകരമായി അയാളെ മോചിപ്പിക്കാമെന്ന് ഫ്രഞ്ച് ഗയാനയിലെ അധികാരികൾ സമ്മതിച്ചു. അവർ അവനെ സ്വന്തം നാട്ടിലേക്ക് അയയ്ക്കുകയും ചെയ്തു
തുടക്കത്തിൽ, പ്രത്യുത്പാദനശേഷിയുള്ള വിത്തുകളോ തൈകളോ ബ്രസീലിലേക്കു കൊണ്ടുവരാൻ നടത്തിയ രഹസ്യ ശ്രമങ്ങൾ വിഫലമായി. അങ്ങനെയിരിക്കെ സുരിനാമിനും ഫ്രഞ്ച് ഗയാനയ്ക്കും ഇടയിൽ ഒരു അതിർത്തിപ്രശ്നം ഉടലെടുത്തു. മധ്യസ്ഥത വഹിക്കാൻ ഒരാളെ അയയ്ക്കണമെന്ന് അവർ ബ്രസീലിനോട് ആവശ്യപ്പെട്ടു. ബ്രസീൽ സൈനിക ഉദ്യോഗസ്ഥനായ ഫ്രാൻസിസ്കൂ ഡി മേലു പാൽയെറ്റയെ ഫ്രഞ്ച് ഗയാനയിലേക്ക് അയച്ചു. പ്രശ്നം പരിഹരിക്കുകയും സ്വദേശത്തേക്കു
കുറച്ചു കാപ്പിച്ചെടികൾ കൊണ്ടുവരുകയും ചെയ്യണമെന്നു ചട്ടംകെട്ടിയാണ് അദ്ദേഹത്തെ യാത്രയാക്കിയത്.പ്രശ്നം രമ്യമായി പരിഹരിക്കപ്പെട്ടതിനെ തുടർന്ന് ഗവർണർ പാൽയെറ്റയ്ക്ക് ഒരു യാത്രയയപ്പ് വിരുന്ന് നൽകി. തദവസരത്തിൽ ആദരണീയനായ അതിഥിയെ അഭിനന്ദിക്കാനായി ഗവർണറുടെ ഭാര്യ, പാൽയെറ്റയ്ക്ക് മനോഹരമായ ഒരു പൂച്ചെണ്ട് സമ്മാനിച്ചു. പൂച്ചെണ്ടിൽ പ്രത്യുത്പാദനശേഷിയുള്ള കാപ്പി വിത്തുകളും തൈകളും ഒളിപ്പിച്ചുവെച്ചിരുന്നു. അതുകൊണ്ട്, ഇപ്പോൾ നൂറു കോടി ഡോളർ നേടുന്ന ബ്രസീലിലെ കാപ്പി വ്യവസായം 1727-ൽ ഒരു പൂച്ചെണ്ടിലാണ് ജന്മമെടുത്തതെന്നു പറയാൻ സാധിക്കും.
അങ്ങനെ 1706-ൽ ജാവയിൽനിന്ന് ആംസ്റ്റർഡാമിലേക്കു പോയ കാപ്പിത്തൈയും പാരീസിലുള്ള അതിന്റെ സന്തതികളും ചേർന്ന് മധ്യ അമേരിക്കയ്ക്കും തെക്കേ അമേരിക്കയ്ക്കും ആവശ്യമായ നടീൽ വസ്തുക്കളത്രയും പ്രദാനംചെയ്തു. റിഗ്ളി വിശദീകരിക്കുന്നു: “വളരെ പരിമിതമായ ജീൻ സഞ്ചയത്തിൽനിന്നു വികാസം പ്രാപിച്ച അറബിക്ക കാപ്പിയിൽ അധിഷ്ഠിതമാണ് അറബിക്ക കാപ്പി വ്യവസായം.”
ഇന്ന്, ഏകദേശം 80 രാജ്യങ്ങളിലായി 2.5 കോടിയിലധികം കുടുംബങ്ങൾ തങ്ങളുടെ കൃഷിയിടങ്ങളിൽ 1,500 കോടി കാപ്പിച്ചെടികൾ വളർത്തുന്നതായി കണക്കാക്കപ്പെടുന്നു. അവരുടെ ഉത്പന്നം ഓരോ ദിവസത്തെയും ഉപഭോഗമായ 225 കോടി കപ്പ് കാപ്പി തയ്യാറാക്കുന്നതിൽ കലാശിക്കുന്നു.
വൈരുധ്യമെന്നു പറയട്ടെ, ഇപ്പോഴുള്ള പ്രശ്നം കാപ്പിയുടെ അമിത ഉത്പാദനമാണ്. കൂടാതെ രാഷ്ട്രീയസ്ഥിതി, ധനതത്ത്വശാസ്ത്രം, ശക്തമായ കാർട്ടെലുകൾ (വിപണിയിലെ മത്സരം നിയന്ത്രിക്കുന്നതിനോ വിലകൾ നിശ്ചയിക്കുന്നതിനോ സ്വതന്ത്ര വ്യാപാര, വ്യവസായ സ്ഥാപനങ്ങൾ രൂപീകരിക്കുന്ന സംഘടനകൾ) എന്നിവയെല്ലാം സാഹചര്യം സങ്കീർണമാക്കുന്നു. ഇവയെല്ലാംകൂടി പല രാജ്യങ്ങളിലുമുള്ള കൃഷിക്കാരെ നിർധനരാക്കിയിരിക്കുന്നു, എന്തിന് ചിലരെ പാപ്പരാക്കുകപോലും ചെയ്തിരിക്കുന്നു. ഈ സാഹചര്യം അമ്പരപ്പിക്കുന്നതാണ്, വിശേഷിച്ചും ഏകദേശം 300 വർഷങ്ങൾക്കുമുമ്പ് ദുർലഭമായ തന്റെ ജലവിഹിതം ഒരു കാപ്പിച്ചെടിയുമായി പങ്കുവെക്കുന്ന ദെ ക്ലിയുവിനെ ഭാവനയിൽ കാണുമ്പോൾ.
[20-ാം പേജിലെ ചതുരം/ചിത്രം]
ഏറ്റവും പ്രചാരംസിദ്ധിച്ച രണ്ടു കാപ്പി ഇനങ്ങൾ
“കോഫിയ ജനുസ്സിൽപ്പെട്ട കുറഞ്ഞത് 66 സ്പീഷീസുകൾ അടങ്ങുന്നതാണ് റൂബിയേസി കുടുംബം, പച്ച കാപ്പിക്കുരു ആ കുടുംബത്തിൽപ്പെട്ട ചെടികളുടെ വിത്താണ്” എന്ന് സയന്റിഫിക് അമേരിക്കൻ പത്രിക പറയുന്നു. “വാണിജ്യ പ്രാധാന്യമുള്ള രണ്ടു സ്പീഷീസുകളാണ്, ലോകോത്പാദനത്തിന്റെ മൂന്നിൽ രണ്ടു ഭാഗം പ്രദാനം ചെയ്യുന്ന കോഫിയ അറബിക്കയും മൂന്നിൽ ഒരു ഭാഗം ലഭ്യമാക്കുന്ന റോബസ്റ്റ കാപ്പി എന്നറിയപ്പെടുന്ന കോഫിയ കാനിഫേറയും.”
കടുപ്പവും കടുത്ത മണവുമുള്ള റോബസ്റ്റ കാപ്പി മിക്കപ്പോഴും ഇൻസ്റ്റന്റ് കാപ്പിപ്പൊടി ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ഈ ഇനം സമൃദ്ധമായ വിളവു നൽകുന്നതും രോഗപ്രതിരോധശക്തിയുള്ളതുമാണ്. അത്, വെട്ടിയൊതുക്കി നിറുത്താത്തതും കൂടുതൽ ലോലവും കുറഞ്ഞ തോതിൽ വിളവ് ഉത്പാദിപ്പിക്കുന്നതുമായ അറബിക്കാപ്പിയുടെ ഇരട്ടി ഉയരത്തിൽ അതായത് 12 മീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്. റോബസ്റ്റ കുരുവിൽ 2.8 ശതമാനം കഫീനാണ്, എന്നാൽ അറബിക്ക കുരുവിൽ കഫീൻ ഒരിക്കലും 1.5 ശതമാനം കടക്കാറില്ല. അറബിക്കയിൽ 44 ക്രോമോസോമുകളുണ്ട്. എന്നാൽ റോബസ്റ്റയിലും മറ്റെല്ലാ കാട്ടു കാപ്പിയിനങ്ങളിലും 22 എണ്ണമേയുള്ളൂ. എന്നിരുന്നാലും ചില ഇനങ്ങളെ സങ്കരണം നടത്തി സങ്കരയിനങ്ങൾ ഉത്പാദിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
[20-ാം പേജിലെ ചതുരം/ചിത്രം]
കാപ്പിയെ “മാമോദീസ മുക്കുന്നു”
17-ാം നൂറ്റാണ്ടിൽ കാപ്പി ആദ്യമായി യൂറോപ്പിൽ എത്തിച്ചേർന്നപ്പോൾ, ചില കത്തോലിക്കാ പുരോഹിതന്മാർ അതിനെ സാത്താന്റെ മിശ്രിതപാനീയമെന്നു മുദ്രകുത്തി. ക്രിസ്തുവിനാൽ വിശുദ്ധീകരിക്കപ്പെട്ടതെന്നു കരുതിയിരുന്ന വീഞ്ഞിനു പകരമാകാൻ സാധ്യതയുള്ള പാനീയമായി അവർ അതിനെ വീക്ഷിച്ചു. എന്നിരുന്നാലും പോപ്പ് ക്ലെമെന്റ് എട്ടാമൻ ആ പാനീയം രുചിച്ചുനോക്കുകയും കാപ്പിയെപ്പറ്റിയുള്ള തന്റെ അഭിപ്രായത്തിനു പെട്ടെന്നുതന്നെ മാറ്റം വരുത്തുകയും ചെയ്തെന്നു പറയപ്പെടുന്നതായി കാപ്പി (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. പാനീയത്തെ ആലങ്കാരികമായി മാമോദീസ മുക്കുന്നതിലൂടെ, അത് ക്രിസ്ത്യാനികൾക്കു സ്വീകാര്യമാക്കിത്തീർത്തുകൊണ്ട് മതപരമായ ധർമസങ്കടത്തിന് അദ്ദേഹം പരിഹാരം കണ്ടു.
[18, 19 പേജുകളിലെ ചാർട്ട്/മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
കാപ്പി വ്യാപിച്ച വിധം
1. 1400-കൾഅറേബ്യൻ ഉപദ്വീപിൽ അറബിക്ക കാപ്പി കൃഷി ചെയ്യപ്പെടുന്നു
2. 1616 ഡച്ചുകാർ കാപ്പി ചെടികളോ പ്രത്യുത്പാദനശേഷിയുള്ള വിത്തുകളോ കൈവശമാക്കുന്നു
3. 1699 ഡച്ചുകാർ ജാവയിലേക്കും ഈസ്റ്റ് ഇൻഡീസിലുള്ള മറ്റ് ദ്വീപുകളിലേക്കും ചെടികൾ കൊണ്ടുപോകുന്നു
4. 1700-കൾമധ്യ അമേരിക്കയിലും കരീബിയനിലും കാപ്പി കൃഷിചെയ്യപ്പെടുന്നു
5. 1718 ഫ്രഞ്ചുകാർ റീയൂണിയൻ ദ്വീപിലേക്ക് കാപ്പി കൊണ്ടുപോകുന്നു
6. 1723 ജി. എം. ദെ ക്ലിയു ഫ്രാൻസിൽനിന്നു മാർട്ടിനിക്കിലേക്ക് ഒരു കാപ്പിച്ചെടി കൊണ്ടുപോകുന്നു
7. 1800-കൾഹവായിയിൽ കാപ്പി കൃഷിചെയ്യപ്പെടുന്നു
[കടപ്പാട്]
ഉറവിടം: “അൺകോമൺ ഗ്രൗണ്ട്സ്” എന്ന പുസ്തകത്തിൽനിന്ന്
[18, 19 പേജുകളിലെ ചിത്രം]
മാർട്ടിനിക്കിലേക്കുള്ള യാത്രയിൽ ഗബ്രിയേൽ മത്തിയൂ ദെ ക്ലിയു തന്റെ കുടിവെള്ളം കാപ്പിച്ചെടിയുമായി പങ്കുവെക്കുന്നു, 1723
[19-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
ഭൂപടം: © 1996 Visual Language; ദെ ക്ലിയു: Tea & Coffee Trade Journal