സുവർണ വർഷങ്ങളോ?
സുവർണ വർഷങ്ങളോ?
ദക്ഷിണാഫ്രിക്കയിലെ സോവേറ്റോയിൽ നല്ല തണുപ്പുള്ള ഒരു ശൈത്യകാലം. സമയം രാവിലെ 6:30. എവ്ലിന് തന്റെ കിടക്കയിൽനിന്ന് എഴുന്നേൽക്കണം. a എന്നാൽ മുറികൾ ചൂടാക്കാനുള്ള സംവിധാനമില്ലാത്ത ആ വീട്ടിൽ അവർക്കത് അങ്ങേയറ്റം ദുഷ്കരമാണ്.
വേദന കടിച്ചമർത്തിക്കൊണ്ട് എവ്ലിൻ, സന്ധിവാതം ബാധിച്ച തന്റെ കാൽമുട്ടുകൾ മെല്ലെ കിടക്കയുടെ അറ്റത്തേക്കു നീക്കിവെക്കുന്നു. കിടക്കയിൽ എഴുന്നേറ്റിരിക്കുന്ന അവർ കാലിലെ വേദന കുറയുന്നതുവരെ കാത്തിരിക്കുന്നു. എന്നിട്ട് ഒരുവിധത്തിൽ എഴുന്നേറ്റുനിൽക്കുന്നു. അപ്പോൾ വേദന അസഹനീയമാകുന്നു. ഇടുപ്പിന് താങ്ങു കൊടുത്തുകൊണ്ട്, “തുള്ളൻ ഇഴഞ്ഞുനടക്കു”ന്നതുപോലെ എവ്ലിൻ ഏന്തിവലിഞ്ഞ് കുളിമുറിയിലേക്കു നീങ്ങുന്നു.—സഭാപ്രസംഗി 12:5. b
‘വലിയൊരു കാര്യം സാധിച്ചു!’ എവ്ലിൻ തന്നോടുതന്നെ പറയുന്നു. മറ്റൊരു ദിവസംകൂടി കാണാൻ കഴിഞ്ഞു എന്നതിനു പുറമേ വേദനിക്കുന്ന ശരീരം ചലിപ്പിക്കാനും സാധിച്ചിരിക്കുന്നു.
എന്നിരുന്നാലും അവർക്കു മറ്റൊരു ഉത്കണ്ഠയുണ്ട്. “എന്റെ മാനസിക പ്രാപ്തികൾക്കു തകരാറു സംഭവിക്കുമോ എന്നതാണ് അത്,” എവ്ലിൻ പറയുന്നു. ചിലപ്പോൾ താക്കോലുകൾ എവിടെ വെച്ചുവെന്ന് അവർക്ക് ഓർമയുണ്ടാവില്ല, എന്നിരുന്നാലും ബുദ്ധിക്ക് ഇപ്പോഴും യാതൊരു കുഴപ്പവുമില്ല. “പ്രായംചെന്ന മറ്റു ചിലരുടെ കാര്യത്തിലെന്നപോലെ എന്റെ മനസ്സിന്റെ താളം തെറ്റരുതേ എന്നു മാത്രമാണ് എന്റെ പ്രാർഥന,” എവ്ലിൻ പറയുന്നു
ചെറുപ്പമായിരുന്നപ്പോൾ എവ്ലിൻ പ്രായമാകുന്നതിനെപ്പറ്റി ചിന്തിച്ചിരുന്നതേയില്ല. എന്നാൽ വർഷങ്ങൾ എത്ര വേഗമാണ് കൊഴിഞ്ഞുപോയത്. ഇപ്പോൾ 74 വയസ്സായെന്ന് വേദനിക്കുന്ന ശരീരം അവരെ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു.
എവ്ലിനെക്കാളും മെച്ചമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന, ഗുരുതരമായ രോഗത്തിൽനിന്നും സമ്മർദത്തിൽനിന്നും ഒരു പരിധിവരെ ഒഴിവുള്ളവരായിരിക്കുന്ന ചിലർക്ക് ജീവിതസായാഹ്നത്തെ സുവർണവർഷങ്ങളായി വീക്ഷിക്കാൻ കഴിഞ്ഞേക്കും. ഗോത്രപിതാവായ അബ്രാഹാമിനെപ്പോലെ അവർ ‘കാലസമ്പൂർണരായി [“സംതൃപ്തരായി,” NW] നല്ല വാർദ്ധക്യത്തിൽ’ എത്തിയേക്കാം. (ഉല്പത്തി 25:8) എന്നാൽ മറ്റുള്ളവർ “ദുർദ്ദിവസങ്ങ”ളിലൂടെ കടന്നുപോകുന്നു. “എനിക്കു ഇഷ്ടമില്ല” അല്ലെങ്കിൽ ഞാൻ ജീവിതം ആസ്വദിക്കുന്നില്ല എന്നു മാത്രമേ അവർക്കു പറയാൻ സാധിക്കുന്നുള്ളൂ. (സഭാപ്രസംഗി 12:1) വളരെയധികം ആളുകൾ വിശ്രമജീവിതത്തെ നിരാശയോടെയാണു വീക്ഷിക്കുന്നതെന്ന് ഒരു സർവേയിൽ കണ്ടെത്തിയതിനെ തുടർന്ന് സുവർണവർഷങ്ങൾ എന്ന വിശേഷണം മാറ്റി പകരം “ഇരുണ്ട കാലഘട്ടം” എന്നാക്കിയാലോ എന്ന് ന്യൂസ്വീക്ക് മാസിക അഭിപ്രായപ്പെട്ടു.
വാർധക്യത്തെ നിങ്ങൾ എങ്ങനെയാണു വീക്ഷിക്കുന്നത്? പ്രായമായവർ നേരിടുന്ന ചില വെല്ലുവിളികൾ എന്തൊക്കെയാണ്? മാനസിക പ്രാപ്തികളുടെ അപചയം വാർധക്യത്തിന്റെ അനിവാര്യതയാണോ? സുവർണവർഷങ്ങളിൽ മനഃസമാധാനം ഉന്നമിപ്പിക്കാൻ എന്തു ചെയ്യാൻ കഴിയും?
[അടിക്കുറിപ്പുകൾ]
a ഈ പരമ്പരയിലെ ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
b പുരാതന ബൈബിൾ പുസ്തകമായ സഭാപ്രസംഗിയിലുള്ള ഈ ഭാഗം വാർധക്യകാല ബുദ്ധിമുട്ടുകളെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്ന ഒരു കാവ്യാത്മക വർണനയായി കാലങ്ങളായി പരിഗണിക്കപ്പെടുന്നു.