ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
◼ 2000-ത്തിൽ ലോകമൊട്ടാകെ ക്ഷയരോഗത്തിന്റെ 83 ലക്ഷം പുതിയ കേസുകൾ ഉണ്ടായതായും ഏകദേശം 20 ലക്ഷം ക്ഷയരോഗികൾ മരിച്ചതായും കണക്കാക്കപ്പെടുന്നു—ഭൂരിഭാഗം പേരും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽനിന്ന് ഉള്ളവരായിരുന്നു.—മെഡിക്കൽ ജേർണൽ ഓഫ് ഓസ്ട്രേലിയ.
◼ നിലവിൽ ഒരു കോടി യുവജനങ്ങൾ എച്ച്ഐവി ബാധിതരാണ്. ലോകത്താകമാനം ഓരോ വർഷവും പുതിയതായി എച്ച്ഐവി ബാധിക്കുന്ന 49 ലക്ഷം പേരിൽ പകുതിയിലധികവും 15-നും 24-നും ഇടയ്ക്കു പ്രായമുള്ളവരാണ്.”—ഐക്യരാഷ്ട്ര ജനസംഖ്യാ നിധി.
◼ ഉപഗ്രഹ പദനിർണയ സംവിധാനം ഭൂമിക്കു ചുറ്റുമുള്ള അൽബട്രോസിന്റെ യാത്രകൾ രേഖപ്പെടുത്തി. ഏറ്റവും വേഗം കൂടിയത് വെറും 46 ദിവസംകൊണ്ടു ഭൂമിയെ വലംവെച്ചു.—സയൻസ് മാസിക, യു.എസ്.എ.
◼ ദിവസത്തിലെ ഓരോ മണിക്കൂറിലും പട്ടാളക്കാർക്കും ആയുധങ്ങൾക്കും വെടിക്കോപ്പുകൾക്കും വേണ്ടി ലോകം 450 കോടിയിലധികം രൂപ ചെലവഴിക്കുന്നു.—വൈറ്റൽ സൈൻസ് 2005, വേൾഡ്വാച്ച് ഇൻസ്റ്റിറ്റ്യൂട്ട്.
പുരോഹിതന്മാർക്കു നേരെയുള്ള അക്രമം വർധിക്കുന്നു
2005-ൽ ലണ്ടനിലെ ഡെയ്ലി ടെലിഗ്രാഫ് ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “ഒരു പുരോഹിതനായിരിക്കുക എന്നതാണ് ബ്രിട്ടനിൽ ഏറ്റവും അപകടകരമായ ജീവിതവൃത്തികളിലൊന്ന്.” 2001-ൽ നടത്തപ്പെട്ട ഒരു ഗവൺമെന്റ് സർവേയിൽ പങ്കെടുത്ത പുരോഹിതന്മാരിൽ 75 ശതമാനവും അതിനു മുമ്പുള്ള രണ്ടു വർഷങ്ങളിൽ ദുഷ്പെരുമാറ്റത്തിനോ കയ്യേറ്റത്തിനോ ഇരയായിട്ടുണ്ടായിരുന്നു. 1996 മുതൽ കുറഞ്ഞത് 7 പുരോഹിതന്മാരെങ്കിലും വധിക്കപ്പെട്ടിട്ടുണ്ട്. മെർസിസൈഡ് നഗരപ്രാന്തത്തിൽ “1,400 ആരാധനാസ്ഥലങ്ങളുള്ളതിൽ ഒരിടത്തെങ്കിലും ദിവസവും ശരാശരി ഒരു കയ്യേറ്റമോ പിടിച്ചുപറിയോ തീവെപ്പോ നടക്കുന്നു.”
അസാധാരണ ജൈവവൈവിധ്യം
മഴക്കാടുകൾ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കിലും “ബോർണിയോ ദ്വീപിലെ വനാന്തരങ്ങളിൽ അസാധാരണമായ ജൈവവൈവിധ്യം” ഉള്ളതായി ദ ന്യൂയോർക്ക് ടൈംസ് പറയുന്നു. ബ്രൂണൈയും ഇന്തോനേഷ്യയും മലേഷ്യയും അവകാശം പങ്കിടുന്ന ദ്വീപിൽ ജീവശാസ്ത്രജ്ഞന്മാർ 1994-നും 2004-നും ഇടയ്ക്ക് 361 പുതിയ ഇനം പക്ഷികളെയും മൃഗങ്ങളെയും കണ്ടെത്തിയെന്നാണ് ലോക വന്യജീവി സംരക്ഷണനിധി പ്രസ്താവിക്കുന്നത്. കണ്ടെത്തലുകളിൽ പുതുതായി കണ്ടെത്തിയ 260 ഷട്പദങ്ങൾ, 50 സസ്യങ്ങൾ, 30 മീനുകൾ, 7 തവളകൾ, 6 പല്ലികൾ, 5 ഞണ്ടുകൾ, 2 പാമ്പുകൾ, ഒരു വിഷത്തവള എന്നിവ ഉൾപ്പെട്ടിരുന്നു. എന്നിരുന്നാലും കടുപ്പമുള്ള തടികൾ, റബ്ബർ, പാമോയിൽ എന്നിവയ്ക്കുള്ള ഡിമാന്റിന്റെ ഫലമായുണ്ടാകുന്ന വർധിച്ചുവരുന്ന വനനശീകരണം ഉൾപ്രദേശങ്ങളിലെ മഴക്കാടുകൾക്കു ഭീഷണി ഉയർത്തിയേക്കാം.
അന്ധവിശ്വാസം വർധിക്കുന്നു
“സാങ്കേതികവിദ്യയും ശാസ്ത്രവും ലോകരംഗം അടക്കിവാഴുന്ന ഇക്കാലത്തുപോലും അന്ധവിശ്വാസത്തിന് അതിന്റെ സ്വാധീനം നഷ്ടപ്പെട്ടിട്ടില്ല” എന്ന് ജർമൻ അഭിപ്രായ വോട്ടെടുപ്പ് ഇൻസ്റ്റിറ്റ്യൂട്ടായ അലെൻസ്ബാഹ് റിപ്പോർട്ടു ചെയ്യുന്നു. “ശുഭമോ അശുഭമോ ആയ ശകുനങ്ങളിലുള്ള യുക്തിക്കു നിരക്കാത്ത വിശ്വാസം ജനങ്ങളുടെ ഇടയിൽ നിലനിൽക്കുന്നു, വാസ്തവത്തിൽ കാൽനൂറ്റാണ്ടു മുമ്പ് ഉണ്ടായിരുന്നതിനെക്കാൾ കൂടുതൽ ജനസമ്മിതി ഇന്ന് അതിനുണ്ട്” എന്ന് ഒരു ദീർഘകാല പഠനം കാണിക്കുന്നു. കൊള്ളിമീനുകൾക്കു (ഉൽക്കകൾ) തങ്ങളുടെ ജീവിതത്തിന്മേൽ സ്വാധീനമുണ്ടെന്ന് 1970-കളിൽ 22 ശതമാനം ആളുകൾ വിശ്വസിച്ചിരുന്നു. ഇന്ന് 40 ശതമാനം ആളുകൾ അതു വിശ്വസിക്കുന്നു. പ്രായപൂർത്തിയായവരിൽ മൂന്നിൽ ഒരാൾ മാത്രമാണ് ഇന്ന് അന്ധവിശ്വാസത്തിന്റെ എല്ലാ രൂപങ്ങളും ഒഴിവാക്കുന്നത്. ജർമനിയിലെ 1,000 സർവകലാശാലാ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മറ്റൊരു പഠനം വെളിപ്പെടുത്തിയത് അവരിൽ മൂന്നിലൊരു ഭാഗവും, മന്ത്രത്തകിടുകൾ അല്ലെങ്കിൽ രക്ഷകൾ കാറുകളിൽ സൂക്ഷിക്കുന്നതോ കീച്ചെയ്നിൽ ബന്ധിക്കുന്നതോ നല്ലതാണെന്നു വിശ്വസിക്കുന്നുവെന്നാണ്.
അന്റാർട്ടിക്കയിലെ ഹിമാനികളുടെ വലുപ്പം കുറയുന്നു
“അന്റാർട്ടിക്ക് ഉപദ്വീപിൽ 244 ഹിമാനികളുള്ളതിൽ 87 ശതമാനത്തിന്റെയും വലുപ്പം കഴിഞ്ഞ 50 വർഷംകൊണ്ടു കുറഞ്ഞിരിക്കുന്നു” എന്നും വിദഗ്ധർ മുമ്പു വിചാരിച്ചതിനെക്കാൾ വേഗത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നത് എന്നും ബ്യൂനസ് അയേഴ്സിലെ വർത്തമാനപത്രമായ ക്ലാരിൻ റിപ്പോർട്ടു ചെയ്യുന്നു. കഴിഞ്ഞ 50 വർഷങ്ങളിലായി അന്തരീക്ഷ ഊഷ്മാവ് 2.5 ഡിഗ്രി സെൽഷ്യസിൽ അധികം വർധിച്ചിരിക്കുന്നതായും പ്രദേശത്തെ ഹിമാനികളെക്കുറിച്ചുള്ള ആദ്യത്തെ സമഗ്രമായ വിശകലനത്തിലൂടെ കണ്ടെത്തുകയുണ്ടായി. ഹിമാനികളുടെ “വ്യാപകമായ പിൻവാങ്ങൽ . . . മുഖ്യമായും കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായതാണ്” എന്ന് ബ്രിട്ടിഷ് അന്റാർട്ടിക്ക് സർവേയിലെ ഡേവിഡ് വോൺ പറയുന്നു. “മനുഷ്യർ ഇതിന് ഉത്തരവാദികളാണോ?” അദ്ദേഹം ചോദിക്കുന്നു. “നമുക്ക് അത് ഉറപ്പിച്ചു പറയാനാകില്ല, എന്നിരുന്നാലും ഈ സുപ്രധാന ചോദ്യത്തിന് ഉത്തരം നൽകുന്നതിൽ നാം ഒരു ചുവടുകൂടെ മുന്നോട്ടുപോയിരിക്കുന്നു.”