മെക്സിക്കോ ജയിലുകളിലെ പുനരധിവാസം
മെക്സിക്കോ ജയിലുകളിലെ പുനരധിവാസം
മെക്സിക്കോയിലെ ഉണരുക! ലേഖകൻ
പുനരധിവാസം. കുറ്റപ്പുള്ളികളെ തടവിലിടുന്നതിനുള്ള കാരണങ്ങളിലൊന്നായി ചിലപ്പോഴൊക്കെ പറയാറുള്ള ഒന്നാണ് ഇത്. എന്നാൽ ജയിലഴികൾക്കുള്ളിലാണ് എന്നതുകൊണ്ടുമാത്രം ഒരു തടവുകാരൻ പുനരധിവസിക്കപ്പെടുന്നില്ല. നന്നാകാനുള്ള പ്രചോദനം വ്യക്തിയുടെ ഉള്ളിന്റെ ഉള്ളിൽനിന്നു വരണം. ചെയ്തുപോയ തെറ്റിനെക്കുറിച്ച് ആത്മാർഥമായ പശ്ചാത്താപവും മെച്ചപ്പെടാനുള്ള ആഗ്രഹവും വേണം. ലോകമൊട്ടാകെയുള്ള നിരവധി ജയിലുകളിൽ യഹോവയുടെ സാക്ഷികൾ നടത്തുന്ന ബൈബിൾ വിദ്യാഭ്യാസ പരിപാടിയിലൂടെ കുറ്റവാളികളുടെ പുനരധിവാസം വിജയകരമായി നടന്നിട്ടുണ്ട്. മെക്സിക്കോയിൽ അവർ നടത്തുന്ന ശ്രമത്തെക്കുറിച്ചു നമുക്കൊന്ന് അടുത്തു പരിശോധിക്കാം.
യഹോവയുടെ സാക്ഷികൾ മെക്സിക്കോയിലെ 150 ജയിലുകൾ സന്ദർശിച്ച് ബൈബിൾ വായന, ധാർമിക വിദ്യാഭ്യാസം, ബൈബിൾ പഠിപ്പിക്കലുകൾ എന്നിവയടങ്ങുന്ന ഒരു പരിപാടി നടത്തുന്നു. ഉദാഹരണത്തിന്, ചിവാവയിലെ സിയൂഡാഡ് ഹ്വാരസിലുള്ള ജയിലിൽ യഹോവയുടെ സാക്ഷികളിൽപ്പെട്ട ശുശ്രൂഷകർ 1,200-ഓളംവരുന്ന തടവുകാരോട് ക്രമമായി പ്രസംഗിക്കാറുണ്ട്. തടവുകാർക്ക് അവരോടു വലിയ ആദരവാണ്. അപകടകരമായ സാഹചര്യങ്ങളിൽനിന്ന് ശുശ്രൂഷകരെ സംരക്ഷിക്കാൻപോലും തടവുകാർ മുൻകൈയെടുക്കുന്നു. ഒരിക്കൽ ആ ജയിലിൽ ലഹള പൊട്ടിപ്പുറപ്പെട്ടു. അപ്പോൾ അവിടെയുണ്ടായിരുന്ന സാക്ഷികൾക്ക് സുരക്ഷിതമായി പുറത്തുകടക്കാൻ തക്കവണ്ണം ജയിലിലെ കൊടുംകുറ്റവാളികളായ ചിലർ ലഹളക്കാരെ ശാന്തരാക്കുകയുണ്ടായി.
2001 മേയ് 8 ഇംഗ്ലീഷ് ലക്കം ഉണരുക!യിൽ “തടവുകാർക്ക് മെച്ചപ്പെടാനാകുമോ?” എന്ന ആമുഖ ലേഖനപരമ്പരയുണ്ട്. അത് തടവുപുള്ളികളുടെയും ജയിൽ അധികാരികളുടെയും ശ്രദ്ധ പിടിച്ചുപറ്റി. സൊനോറയിലുള്ള സാൻ ലൂയിസ് റിയോ കോളോറാഡോയിലെ ജയിലിൽ 12 സാക്ഷികൾ ആ മാസികയുടെ 2,149 പ്രതികൾ വിതരണം ചെയ്തു.
ബൈബിളിൽ ആത്മാർഥമായ താത്പര്യം കാണിക്കുന്നപക്ഷം യഹോവയുടെ സാക്ഷികൾ ആഴ്ചതോറും മടങ്ങിച്ചെന്ന് ബൈബിൾ ക്ലാസ്സുകളെടുക്കുകയും മതപരമായ യോഗങ്ങൾ നടത്തുകയും ചെയ്യുന്നു. തടവുകാരുടെ ജീവിതം മാറ്റിമറിക്കുന്നതിൽ ഈ ബൈബിൾ വിദ്യാഭ്യാസ പരിപാടി എത്രത്തോളം ഫലപ്രദമായിരുന്നിട്ടുണ്ട്?
തടവുകാർ ക്രിസ്തീയ ശുശ്രൂഷകരായിത്തീരുന്നു
ഹോർഹേയുടെ കാര്യം പരിചിന്തിക്കുക. 20 വയസ്സിനുമുമ്പേ അവൻ കുറ്റകൃത്യത്തിലേക്കു തിരിഞ്ഞു. ഇസ്ലാസ് മാരിയാസിലുള്ള ജയിലിൽ 13 വർഷത്തെ ശിക്ഷകഴിഞ്ഞ് അവൻ പുറത്തുവന്നു. എന്നാൽ താമസിയാതെ അവൻ മയക്കുമരുന്ന് കള്ളക്കടത്ത് എന്ന തന്റെ പഴയ കുറ്റകൃത്യത്തിലേക്കു മടങ്ങി. ഒരു വാടകക്കൊലയാളി ആയിത്തീർന്ന അവൻ 32 പേരെ വകവരുത്തി. വീണ്ടും ഇരുമ്പഴിക്കുള്ളിലായശേഷവും അവനെ വിട്ടുകിട്ടാൻ ഒരു ഭീമമായ തുകനൽകാൻ അവന്റെ യജമാനന്മാർ തയ്യാറാണെന്ന കാര്യം വക്കീലന്മാർ അവനെ അറിയിച്ചു. ഇയാളെ ഉപയോഗിച്ച് തലവന്മാർക്ക് ഒരാളെക്കൂടെ വകവരുത്തണമായിരുന്നു. എന്നാൽ ഈ സമയമായപ്പോഴേക്ക് ഹോർഹേ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കുന്നുണ്ടായിരുന്നു. അദ്ദേഹം ആത്മീയമായി പുരോഗതി പ്രാപിച്ച് സ്നാപനമേൽക്കുകയും ജയിലിൽ ഒരു മുഴുസമയ സുവിശേഷകൻ അഥവാ പയനിയർ ആയി സേവിക്കാൻ തുടങ്ങുകയും ചെയ്തിരുന്നു. ജയിലിൽനിന്നു പുറത്തുപോയി അദ്ദേഹം തന്റെ മുൻ തലവന്മാർക്കുവേണ്ടി വീണ്ടും ജോലിചെയ്യുമോ അതോ ജയിലിൽത്തന്നെ തുടർന്ന് യഹോവയെ സേവിക്കുമോ? “തടവിൽത്തന്നെ കഴിഞ്ഞ് ഞാൻ ചെയ്തുകൂട്ടിയതിനെല്ലാം ശിക്ഷ അനുഭവിക്കാനാണ് എന്റെ തീരുമാനം,” ഹോർഹേ പറഞ്ഞു. “ഇപ്പോൾ ഞാൻ പരമാധികാരിയാം കർത്താവായ യഹോവയാം ദൈവത്തെയാണു സേവിക്കുന്നത്.” ഹോർഹേ ദൈവത്തോടു വിശ്വസ്തനായി തുടർന്നു, പുനരുത്ഥാനപ്രത്യാശ യോഹന്നാൻ 8:32.
മുറുകെപ്പിടിച്ചുകൊണ്ട് മരണംവരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആത്മീയസുഹൃത്തുക്കൾ അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ പറയും: “അദ്ദേഹം ‘സത്യം അറിഞ്ഞു, സത്യം അദ്ദേഹത്തെ സ്വതന്ത്രനാക്കി.’”—ഡേവിഡിനെക്കുറിച്ചു ചിന്തിക്കുക. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മോഷണം എന്നീ കുറ്റങ്ങൾക്ക് 110 വർഷത്തെ ജയിൽശിക്ഷ അനുഭവിക്കുകയാണ് അദ്ദേഹം. അപകടകാരികളായ കുറ്റവാളികളെ പാർപ്പിക്കുന്ന അതീവസുരക്ഷയുള്ള യൂണിറ്റിലാണ് അദ്ദേഹത്തെ ഇട്ടിരിക്കുന്നത്. ഡേവിഡ് യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. അതേത്തുടർന്ന് അദ്ദേഹത്തിന്റെ സ്വഭാവത്തിൽവന്ന ശ്രദ്ധേയമായ മാറ്റങ്ങൾ കണ്ട അധികാരികൾ ആ യൂണിറ്റിനുപുറത്തുള്ള ഒരിടത്തു നടത്തുന്ന ഒരു യോഗത്തിൽ ഒരു ഗാർഡിന്റെ കാവലിൽ സംബന്ധിക്കാൻ ഡേവിഡിന് പ്രത്യേക അനുവാദം കൊടുത്തു. ബൈബിൾ ആവശ്യപ്പെടുന്ന നിലവാരങ്ങൾക്കനുസരിച്ച് ഡേവിഡ് ജീവിതത്തിൽ മാറ്റങ്ങൾ വരുത്തി. അദ്ദേഹം ഇപ്പോൾ പ്രസംഗവേലയിൽ പങ്കെടുക്കുന്നു, യൂണിറ്റിലുള്ള മറ്റു തടവുകാർക്ക് അദ്ദേഹം എട്ടു ബൈബിളധ്യയനങ്ങൾ എടുക്കുന്നുണ്ട്. ഡേവിഡ് വരുത്തിയ മാറ്റങ്ങൾ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിലും വളരെ മതിപ്പുളവാക്കി. അവർ ബൈബിൾ പാഠങ്ങൾ കേൾക്കാൻ അദ്ദേഹത്തെ സന്ദർശിക്കാറുണ്ട്. അദ്ദേഹം പറയുന്നു: “ആത്മീയ സ്വാതന്ത്ര്യം നൽകിയതിനെപ്രതി യഹോവയ്ക്ക് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല.”
യഹോവയുടെ സാക്ഷികളുടെ ബൈബിൾ വിദ്യാഭ്യാസ പരിപാടിയുടെ ഫലമായി മെക്സിക്കോയിലെ 79 ജയിലുകളിലെ പുനരധിവസിക്കപ്പെട്ട 175 തടവുകാർക്ക് പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടാനുള്ള അനുമതി ലഭിച്ചു, ഇവരിൽ 80 പേർ സ്നാപനമേറ്റവരാണ്. ഇവർ മറ്റു തടവുകാരുമായി മൊത്തം 703 ബൈബിളധ്യയനങ്ങൾ നടത്തുന്നു. കൂടാതെ, ജയിലുകളിൽ നടത്തുന്ന ക്രിസ്തീയ യോഗങ്ങളിൽ ഏകദേശം 900 തടവുകാർ ഹാജരാകുന്നുണ്ട്.
അധികാരികളിൽനിന്നുള്ള പ്രശംസ
യഹോവയുടെ സാക്ഷികൾ ചെയ്യുന്ന പ്രവർത്തനം ജയിൽ അധികാരികൾ ശ്രദ്ധിക്കുകതന്നെ ചെയ്യുന്നു. ഉദാഹരണത്തിന്, യൂക്കട്ടാനിലെ ടെക്കാഷിലുള്ള ജയിലിന്റെ അധികാരികൾ സാക്ഷികൾക്ക് ഒരു അംഗീകാരപത്രം നൽകുകയുണ്ടായി. 2002-ൽ അവർ തടവുകാർക്കുവേണ്ടി ചെയ്ത “വിലയേറിയ ക്ഷേമപ്രവർത്തനങ്ങൾക്കും മനുഷ്യത്വപരമായ പിന്തുണയ്ക്കും” വേണ്ടിയുള്ളതായിരുന്നു അത്.
ഈ ജയിലിൽ സാക്ഷികൾ ബൈബിൾ വിദ്യാഭ്യാസ പരിപാടി തുടങ്ങിയ സമയത്ത് അവരുടെ യോഗങ്ങൾ നടത്തിയിരുന്നത് നിരവധി ഗാർഡുകളുടെ കനത്ത കാവലിലായിരുന്നു. എന്നാൽ ക്രമേണ, തടവുകാരുടെ സ്വഭാവവും പെരുമാറ്റവും മെച്ചപ്പെട്ടപ്പോൾ ഗാർഡുകൾക്ക് അവരിൽ മതിപ്പുതോന്നി. ഒടുവിൽ അവരെ നിരീക്ഷിക്കാനായി ഒരു ഗാർഡിനെമാത്രം ചുമതലപ്പെടുത്തി.
സിയൂഡാഡ് ഹ്വാരസിലുള്ള ജയിലിന് സ്വന്തം രാജ്യഹാൾ ഉണ്ട്. ഉപയോഗിക്കാതെ കിടന്നിരുന്ന ലോഹംകൊണ്ടുള്ള ഒരു ചട്ടക്കൂട് ആരാധനാസ്ഥലമായി രൂപപ്പെടുത്തുന്നതിന് ആവശ്യമായ നിർമാണ സാമഗ്രികളൊക്കെ കൊണ്ടുവന്നുപയോഗിക്കാൻ അധികാരികൾ അനുമതി നൽകി. സ്നാപനമേറ്റ 13 തടവുകാരും ജയിലിലെ അവരുടെ ബൈബിൾ വിദ്യാർഥികളും ചേർന്നാണ് നിർമാണപ്രവർത്തനം മുഴുവനും നടത്തിയത്. രാജ്യഹാളിന് ഒരു സൗണ്ട് സിസ്റ്റമുണ്ട്, ഒരു ബാത്ത് റൂമും തീയറ്ററുകളുടേതുപോലുള്ള സീറ്റുകളുമുണ്ട്. 100 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ഏകദേശം 50 പേർ അഞ്ചു പ്രതിവാരയോഗങ്ങൾക്ക് ക്രമമായി ഹാജരാകുന്നു.
അതേ, ബൈബിൾ വിദ്യാഭ്യാസത്തിലൂടെ പുനരധിവാസം സാധ്യമാണ്. ഒരു ബൈബിൾ കഥാപാത്രമായ മനശ്ശെയുടെ കാര്യമെടുക്കുക. കൊടുംപാതകങ്ങൾ ചെയ്ത ഒരു യഹൂദരാജാവായിരുന്ന മനശ്ശെ പിന്നീട് ബാബിലോണിൽ തടവിലാക്കപ്പെട്ട സമയത്ത് പശ്ചാത്തപിക്കുകയും ക്ഷമയ്ക്കുവേണ്ടി ദൈവത്തോടു യാചിക്കുകയും ചെയ്തു. സമാനമായി ഇന്നും തടവുകാർക്ക് തങ്ങളുടെ വ്യക്തിത്വത്തിന് സമൂലപരിവർത്തനം വരുത്തുന്നതിനും ദൈവഭയമുള്ള വ്യക്തികളായിത്തീരുന്നതിനും കഴിയും.—2 ദിനവൃത്താന്തം 33:12, 13.
[20, 21 പേജുകളിലെ ചിത്രം]
ഒരു ജയിലിനുള്ളിലെ സ്നാപനം
[20, 21 പേജുകളിലെ ചിത്രം]
ജയിലിനകത്തുവെച്ചു നടത്തിയ ഒരു പയനിയർ സേവനസ്കൂളിലെ പയനിയർമാരും അവരുടെ അധ്യാപകരും