മാൻ ദ്വീപിലേക്കു ഞങ്ങളോടൊപ്പം പോരൂ
മാൻ ദ്വീപിലേക്കു ഞങ്ങളോടൊപ്പം പോരൂ
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
വെയിൽ കായുന്ന സ്രാവിനെ കാണണോ? എങ്കിൽ ഐറിഷ് കടലിലെ മാൻ ദ്വീപിന്റെ തീരക്കടലിലേക്കു പോയാൽ മതി. അവയെ കാണാൻ പറ്റിയ ഏറ്റവും നല്ല സ്ഥലങ്ങളിൽ ഒന്നാണ് അത്. അഞ്ചുടൺ ഭാരംവരുന്ന പൊതുവെ നിരുപദ്രവിയായ ഈ മത്സ്യങ്ങൾ പ്ലവകങ്ങളെ—അവയുടെ ഏക ആഹാരമാണ് ഈ പ്ലവകങ്ങൾ—തിന്നുന്നതു കാണുന്നതിനായി വിനോദസഞ്ചാരികൾ മാൻ ദ്വീപിൽനിന്ന് ജലയാത്ര നടത്താറുണ്ട്. അയർലൻഡ്, ഇംഗ്ലണ്ട്, വെയ്ൽസ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിൽനിന്ന് ഈ ദ്വീപിലേക്ക് ഏകദേശം തുല്യ ദൂരമാണ്. “പരിസ്ഥിതിക്കു കോട്ടംതട്ടാതെയുള്ള വിനോദസഞ്ചാരത്തിന് ഒന്നാന്തരം സ്ഥലമാണിത്,” അവിടത്തെ ഒരു പ്രകൃതിവിജ്ഞാനി ബിൽ ഡെയ്ൽ പറയുന്നു.
ഇനി, മാൻ ദ്വീപിനെക്കുറിച്ച് അൽപ്പം. 570 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന മാൻ ദ്വീപിലെ ജനസംഖ്യ 70,000 ആണ്. പച്ചപുതച്ച താഴ്വരകൾ, തവിട്ടുനിറമുള്ള വളക്കൂറില്ലാത്ത പ്രദേശങ്ങൾ, തടാകങ്ങൾ, അരുവികൾ, മനോജ്ഞമായ ഉൾക്കടലുകൾ, ചെങ്കുത്തായ പാറക്കെട്ടുകൾ, നിരപ്പല്ലാത്ത തീരപ്രദേശം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രകൃതി. ബ്രിട്ടീഷ് ദ്വീപുകളുടെ ഭാഗമായ, ചരിത്രമുറങ്ങുന്ന ഈ മണ്ണിലേക്കു ഞങ്ങളോടൊപ്പം പോരൂ. നമുക്ക് ഇവിടത്തെ ചില നിധികൾ തിരയാം.
വിനോദസഞ്ചാരികൾക്കുള്ള ആകർഷണങ്ങൾ
ചരിത്ര പ്രധാനമായ മാൻ ദ്വീപിലെ ഒരു ആകർഷണമാണ് മാങ്ക്സ് പൂച്ച. ഈ അസാധാരണ ജീവിക്കു പൂച്ചയുടെ മോന്തയാണ്, വാലില്ല. മുൻകാലുകളെക്കാൾ നീളമുള്ള പിൻകാലുകളുള്ള ഇതിന്റെ നിൽപ്പു കണ്ടാൽ മുയലിനെപ്പോലെ തോന്നിക്കും. ഇതിന്റെ ഉത്ഭവത്തെക്കുറിച്ചു വ്യക്തമായൊന്നും അറിയില്ലെങ്കിലും നൂറ്റാണ്ടുകൾക്കു മുമ്പ് ഏഷ്യയിൽനിന്നുള്ള കപ്പൽയാത്രക്കാർ വാലില്ലാപ്പൂച്ചകളുടെ കുഞ്ഞുങ്ങളെ ഇവിടെ കൊണ്ടുവന്നെന്നും അങ്ങനെയാണ് ഈ പൂച്ചവർഗം ഈ ദ്വീപിനു സ്വന്തമായതെന്നും പറയപ്പെടുന്നു.
അവിടത്തെ മറ്റൊരു ആകർഷണമാണ് എല്ലാവർഷവും നടത്തുന്ന ‘ടൂറിസ്റ്റ് ട്രോഫി’ മോട്ടോർസൈക്കിൾ റേസ്. പ്രധാന നിരത്തിലൂടെ 60 കിലോമീറ്ററിലേറെ ദൂരം റേസ് നടത്തണം. ആദ്യത്തെ റേസ് 1907-ൽ ആയിരുന്നു. അന്ന് ഏറ്റവും ഉയർന്ന ശരാശരി വേഗം മണിക്കൂറിൽ 65 കിലോമീറ്ററിൽ താഴെയായിരുന്നു. ഇന്ന്, ജയം നിശ്ചയിക്കുന്ന ശരാശരി വേഗം മണിക്കൂറിൽ 190 കിലോമീറ്ററിലും കൂടുതലാണ്. ഇത് മരണക്കളിയാണ്. വർഷങ്ങളിലുടനീളം നിരവധിപ്പേർ മത്സരത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. *
ദ്വീപിന്റെ തലസ്ഥാനമായ ഡോഗ്ലസിൽ ഗതകാലം ചില ഓർമക്കുറിപ്പുകൾ അവശേഷിപ്പിച്ചിട്ടുണ്ട്. ആളുകൾ സവാരിക്കിറങ്ങുന്ന സ്ഥലത്തെ, കുതിരകൾ വലിക്കുന്ന ട്രാമുകൾ, 24 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു നീരാവി റെയിൽവേ എന്നിവ. ദ്വീപിലെ ആദ്യകാല ഗതാഗത സംവിധാനമായ നാരോ-ഗേജ് പാളത്തിന്റെ ബാക്കിപത്രമായി ഇതു മാത്രമേയുള്ളൂ. നൂറിലേറെ വർഷം മുമ്പ് മാങ്ക്സ് വൈദ്യുത റെയിൽവേ തുറന്നു. അതിന്റെ ചില ട്രാം കാറുകൾ ഇപ്പോഴും മാൻ ദ്വീപിലെ ഏറ്റവും ഉയരമുള്ള സ്നെയ്ഫെൽ പർവതത്തിന്റെ നെറുകയിലേക്ക് 600 മീറ്ററിലേറെ ദൂരം കയറിപ്പോകും.
ദ ഗ്രേറ്റ് ലാക്സി വീൽ
ദ്വീപിന്റെ വികസനത്തിൽ, ഈയം, വെള്ളി, സിങ്ക് എന്നിവയ്ക്കെല്ലാം പങ്കുള്ളതായി കാണാം, പ്രത്യേകിച്ച് ഗ്രേറ്റ് ലാക്സി ഖനിയുടെ കാര്യമെടുത്താൽ. ദ ഗ്രേറ്റ് ലാക്സി വീൽ എന്നു വിളിക്കുന്ന കൂറ്റൻ ചക്രം 1854-ൽ അതു സ്ഥാപിച്ച വിക്ടോറിയൻ കാലഘട്ടത്തിലെ എഞ്ചിനീയർമാരുടെയും അതിന്റെ രൂപസംവിധായകൻ റോബർട്ട് കേസ്മെന്റിന്റെയും നൈപുണ്യത്തിന്റെ ഒരു ഗംഭീരപ്രതീകമാണ്. ചക്രങ്ങൾ നിർമിക്കുകയും കേടുപോക്കുകയും ചെയ്തിരുന്ന ഒരു തദ്ദേശവാസിയുടെ മകനായിരുന്നു റോബർട്ട്. ഈ ചക്രത്തിന് 20 മീറ്ററിലേറെ വ്യാസമുണ്ട്. താഴ്വരയിൽ ഉയർന്നസ്ഥലത്തുള്ള ഒരു സംഭരണിയിലെ വെള്ളം ഇതിലേക്കു പതിക്കാനിടയാക്കിയാണ് ഇതു പ്രവർത്തിപ്പിച്ചിരുന്നത്. ഈ ചക്രം ഒരു മിനിട്ടിൽ രണ്ടര പ്രാവശ്യം കറങ്ങിയിരുന്നു. അപ്പോൾ 360 മീറ്റർ ആഴത്തിൽനിന്ന് 950 ലിറ്റർ വെള്ളം മുകളിലെത്തിക്കാൻ ഈ ചക്രം സഹായിക്കും, അങ്ങനെ ഖനി തുരക്കുന്ന ഷാഫ്റ്റുകൾ വെള്ളത്തിൽ മുങ്ങാതെ സംരക്ഷിച്ചിരുന്നു. ഖനിക്കുള്ളിലെ ജലം പമ്പുചെയ്യുന്ന സംവിധാനത്തെ പ്രവർത്തന സജ്ജമാക്കിയിരുന്നത് ക്രാങ്കാണ്. ഇത് ഏകദേശം 180 മീറ്റർ
നീളമുള്ള ദണ്ഡുകളുടെ ഒരു വ്യൂഹവുമായി ബന്ധിപ്പിച്ചിരുന്നു. ഈ കൂറ്റൻ ചക്രത്തിന്റെ ആക്സിലിനുതന്നെ പത്തു ടൺ ഭാരം വരും.വീൽഹൗസിന്റെ തെക്കേ അറ്റത്തായി ഇരുമ്പിൽ തീർത്ത ഒരു ചിഹ്നമുണ്ട്, ത്രീ ലഗ്സ് ഓഫ് മാൻ. രണ്ടുമീറ്റർ വ്യാസമുണ്ടിതിന്. ഇന്ന് മാൻ ദ്വീപിനെ കുറിക്കാൻ ഉപയോഗിക്കുന്ന ഈ ചിഹ്നത്തിന്റെ ഉത്ഭവവും പ്രാധാന്യവും എന്താണ്?
1246-ന് ശേഷം ഈ ചിഹ്നം ചാർട്ടർ മുദ്രകളിൽ ദ്വീപിന്റെ ഔദ്യോഗിക ചിഹ്നമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഈ ഡിസൈൻ പൊതുയുഗത്തിനു മുമ്പ് ആറാം നൂറ്റാണ്ടിലെ ഒരു ഗ്രീക്ക് അലങ്കാരപാത്രത്തിൽ കണ്ടെത്തപ്പെട്ടിട്ടുണ്ട്, ഇതിനു ഗ്രീക്ക് കുരിശ് അഥവാ ഗമേഡിയനുമായി ബന്ധമുള്ളതായി പറയപ്പെടുന്നു. ഈ ചിഹ്നം സൂര്യരശ്മികളെ പ്രതിനിധാനം ചെയ്യുന്നതിനാൽ ഇതിനു സൂര്യാരാധനയുമായി ബന്ധമുള്ളതായി പൊതുവേ അംഗീകരിക്കപ്പെടുന്നു. ഇത് മാൻ ദ്വീപിൽ എത്തിയത് എങ്ങനെയാണ്? ഒരുപക്ഷേ സിസിലി ദ്വീപുമായുള്ള വ്യാപാര ഇടപാടുകൾ മുഖേന മെഡിറ്ററേനിയനിൽനിന്ന് എത്തിയതാകാം. കാരണം സിസിലിയിൽ ഈ ചിഹ്നം ഉപയോഗിച്ചിരുന്നു. അല്ലെങ്കിൽ പുരാതന
സ്കാൻഡിനേവിയക്കാർ അഥവാ വൈക്കിങ്ങുകളുടെ നാണയങ്ങളിൽനിന്നാകാം. മാൻ ദ്വീപിലെ രാജാക്കന്മാർ പിന്നീട് ഈ ചിഹ്നത്തെ ഇന്നു കാണുന്നതുപോലുള്ള രക്ഷാകവചമണിഞ്ഞ മൂന്നു കാലുകൾ പോലെയാക്കി പരിഷ്കരിച്ചു.സംഭവബഹുലമായ ഒരു ചരിത്രം
പൊതുയുഗം 43-ൽ റോമാക്കാർ ഇംഗ്ലണ്ട് പിടിച്ചടക്കി, അവിടെ ഏകദേശം 400 വർഷം താമസിച്ചു. എന്നാൽ അവർ, ജൂലിയസ് സീസർ മോന എന്നു വിളിച്ച മാൻ ദ്വീപിനെ അവഗണിച്ചെന്നു തോന്നുന്നു. വൈക്കിങ്ങുകൾ 9-ാം നൂറ്റാണ്ടിൽ ഇവിടം ആക്രമിച്ചു, 13-ാം നൂറ്റാണ്ടിന്റെ മധ്യംവരെ അവർ ഇവിടെയുണ്ടായിരുന്നു. നിർഭയരായ ഈ പര്യവേക്ഷകർ കച്ചവടം നടത്തുന്നതിനും അയൽദേശങ്ങളെ ആക്രമിക്കുന്നതിനും പറ്റിയ താവളമായി ഈ ദ്വീപിനെ കണ്ടു. ഈ കാലയളവിൽ മാങ്ക്സ് പാർലമെന്റായ ടിൻവാൾഡ് സ്ഥാപിതമായി. ലോകത്തിലെ ഇന്നും പ്രവർത്തനനിരതമായിരിക്കുന്ന ഏറ്റവും പഴക്കമേറിയ ദേശീയ പാർലമെന്റാണിതെന്നു കരുതപ്പെടുന്നു. *
പിന്നീട്, പല കാലങ്ങളിലായി മാൻ ദ്വീപിന്റെ ഭരണസാരഥികളായി സ്കോട്ട്ലൻഡ്, വെയിൽസ്, അയർലൻഡ്, ഇംഗ്ലണ്ട്, നോർവേ എന്നിവ രംഗത്തുവന്നു. 1765-ൽ ബ്രിട്ടീഷ് പാർലമെന്റ് ഈ ദ്വീപ് വിലയ്ക്കുവാങ്ങി. ദ്വീപ് സ്വയംഭരണാധികാരമുള്ള ഒരു ആശ്രിത ദേശം ആയതിനാൽ ഇന്ന് ഇവിടത്തെ ലഫ്റ്റനന്റ് ഗവർണർ ബ്രിട്ടീഷ് രാജ്ഞിയുടെ വ്യക്തിഗത പ്രതിനിധിയാണ്. അതേസമയംതന്നെ, രാജ്യത്തിനു വെളിയിലുള്ള ഒരു സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ ഇതിന് ഒരു പരിധിവരെ സ്വാതന്ത്ര്യമുണ്ട്. ഈ ദ്വീപിനു സ്വന്തമായ പോസ്റ്റൽ സ്റ്റാമ്പുകളും നാണയങ്ങളും ബാങ്ക് നോട്ടുകളും ഉണ്ട്. ബ്രിട്ടീഷ് നാണയങ്ങൾക്കും നോട്ടുകൾക്കും ഉള്ളതിനു തുല്യമായ വിനിമയനിരക്കാണ് ഇവിടത്തേതിനുമുള്ളത്.
മാങ്ക്സ്—കെൽറ്റിക് ബന്ധം
മാൻ ദ്വീപുനിവാസികളുടെ പൗരാണിക ഭാഷ മാങ്ക്സ് ആണ്. ഇന്തോ-യൂറോപ്യൻ ഭാഷാ കുടുംബത്തിലെ കെൽറ്റിക് ഗണത്തിൽപ്പെട്ട ഒരു ഭാഷയാണിത്. ഐറിഷ് ഗെയ്ലിക്കിൽനിന്നു പൊട്ടിമുളച്ചതാണ് മാങ്ക്സ്, ഇതിന് സ്കോട്ടിഷ് ഗെയ്ലിക്കുമായും ബന്ധമുണ്ട്. നൂറിലേറെ വർഷം മുമ്പ് മാങ്ക്സിനെക്കുറിച്ച് ഇങ്ങനെ പറയപ്പെട്ടു: “ഇത് മൃതമാകാൻ പോകുന്ന ഭാഷയാണ്. ദക്ഷിണ അക്ഷാംശങ്ങളിലേക്ക് ഒഴുകിനീങ്ങുന്ന ഒരു ഹിമാനിപോലെയാണത്.” അത് അങ്ങനെതന്നെ സംഭവിച്ചു. മാങ്ക്സ് ഭാഷ സംസാരിച്ചിരുന്ന അന്നാട്ടുകാരനായ ഒടുവിലത്തെയാൾ 1974-ൽ മരിച്ചു, 97-ാം വയസ്സിൽ. എന്നാൽ ദ്വീപിന്റെ പൈതൃകമെന്ന നിലയിൽ മാങ്ക്സ് ഇപ്പോൾ സ്കൂളുകളിൽ വീണ്ടും പഠിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു.
ഐറിഷ് ഗെയ്ലിക്, സ്കോട്ടിഷ് ഗെയ്ലിക് എന്നിവയിൽനിന്നു
വ്യത്യസ്തമായി 1610 വരെ മാങ്ക്സ് ഒരു സംസാരഭാഷ മാത്രമായിരുന്നു. 1707-ൽ മാങ്ക്സ് ഭാഷയിൽ ആദ്യമായി ഒരു പുസ്തകം പുറത്തിറങ്ങി, ക്രിസ്ത്യാനിത്വത്തിന്റെ തത്ത്വങ്ങളും കടമകളും എന്നതായിരുന്നു അത്. പിന്നീട് പുറകെപുറകെ മറ്റുപുസ്തകങ്ങളും രംഗപ്രവേശം ചെയ്തു.1763 ആയപ്പോഴേക്ക് ബൈബിൾ മാങ്ക്സ് ഭാഷയിൽ വിവർത്തനം ചെയ്യാനുള്ള അടിയന്തിര അഭ്യർഥനകളുണ്ടായി. ആ സമയത്ത് ദ്വീപുവാസികളിൽ മൂന്നിൽ രണ്ടുഭാഗവും മാങ്ക്സ് മാത്രമേ സംസാരിച്ചിരുന്നുള്ളു എന്നതാണു കാരണം. പരിമിതമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ഏതാനും മാത്രം വരുന്ന പണ്ഡിതന്മാരുടെ സഹായത്താൽ 1748 മുതൽത്തന്നെ വിവിധ ബൈബിൾ പുസ്തകങ്ങളുടെ പരിഭാഷകൾ പതിയെ ലഭ്യമാക്കിത്തുടങ്ങിയിരുന്നു. 1775-ൽ പുരോഹിതന്മാരുടെ ഉപയോഗത്തിനുവേണ്ടി മുഴുബൈബിളിന്റെയും 40 പ്രതികൾ അച്ചടിച്ചു. 1819-ൽ പൊതുജനങ്ങൾക്കായി 5,000 പ്രതികൾ പുറത്തിറക്കുകയുണ്ടായി. ഇതിനോടുള്ള ആളുകളുടെ പ്രതികരണമെന്തായിരുന്നു? മാങ്ക്സ് ബൈബിളിൽനിന്ന് മകൻ തന്നെ വായിച്ചുകേൾപ്പിച്ചപ്പോൾ ഒരു സ്ത്രീ ഹൃദയസ്പർശിയായി ഇങ്ങനെ പറഞ്ഞു: “ഇന്നുവരെയും ഞങ്ങൾ ഇരുട്ടിലായിരുന്നു.”
ഈ ബൈബിൾ, 1611-ൽ പുറത്തിറങ്ങിയ ഇംഗ്ലീഷിലുള്ള ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിൽനിന്ന് 25 പേർ ചേർന്ന് പരിഭാഷപ്പെടുത്തിയതാണ്. അവരിൽ ചിലർക്ക് എബ്രായ തിരുവെഴുത്തുകളുടെ ഗ്രീക്ക് പരിഭാഷയായ സെപ്റ്റുവജിന്റ് പരിശോധിക്കാനും കഴിഞ്ഞു. മാങ്ക്സ് പരിഭാഷയിൽ യഹോവ എന്ന ദിവ്യനാമം ഇംഗ്ലീഷിലേതുപോലെതന്നെ ഉപയോഗിച്ചിരിക്കുന്നു. * ഡബ്ലിയു. റ്റി. റാഡ്ക്ലിഫ് 1895-ൽ എഴുതിയതുപോലെ തീർച്ചയായും ഈ ബൈബിൾ “പാണ്ഡിത്യത്തിനുള്ള ഒരു ബഹുമതിയാണ്. മാങ്ക്സ് ജനതയിലെ വിദ്യാസമ്പന്നനായ ഒരാളും താഴ്ത്തിക്കെട്ടാത്ത ഒന്ന്.”
ക്രിസ്ത്യാനിത്വം ഇന്ന്
ദ്വീപുവാസികൾക്ക് ഇന്നും ബൈബിളിനോടു പണ്ടത്തെപ്പോലെതന്നെ മമതയുണ്ട്. ബൈബിൾ പഠിക്കുന്നവരെന്ന നിലയിൽ യഹോവയുടെ സാക്ഷികൾ അവിടെ പരക്കെ അറിയപ്പെടുന്നവരാണ്. അവരുടെ ഏറ്റവും പുതിയ രാജ്യഹാൾ പണിതത് 1999 മേയിലാണ്. ഡോഗ്ലസിലെ ബെൽമോൺട് കുന്നിന്റെ താഴ്വാരത്തുള്ള പ്രകൃതിരമണീയമായ ഒരിടത്താണ് അതു പണിതിരിക്കുന്നത്. സന്നദ്ധസേവകർ—അവർ എല്ലാവരും യഹോവയുടെ സാക്ഷികളായിരുന്നു—ചേർന്ന് വെറും ആറുദിവസംകൊണ്ടു നിർമിച്ചതാണത്. അതിനെക്കുറിച്ച് മാൻ ദ്വീപിലെ പത്രമായ ഐൽ ഓഫ് മാൻ എക്സാമിനർ ഇപ്രകാരം പറഞ്ഞു: “ഇതിനെ ഒരു കൊച്ച് അത്ഭുതമെന്നു വിളിക്കാം.”
ഈ പ്രസന്നസൗമ്യമായ ദ്വീപ് സന്ദർശിക്കാൻ നിങ്ങൾക്ക് അവസരം കിട്ടിയാൽ, ഇവിടത്തെ മൃദുഭാഷികളായ ആളുകൾ അത് നിങ്ങൾക്കു ശരിക്കും ആസ്വാദ്യമായ ഒരു അനുഭവമാക്കും. അവർ തീർച്ചയായും നിങ്ങളുടെ സന്ദർശനത്തെ ഒരു മധുരസ്മരണയാക്കും. പക്ഷേ മാങ്ക്സുകാരോടു സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം, അവരുടെ “വൻകര” മാൻ ദ്വീപാണ്. ഇംഗ്ലണ്ട് അവർക്ക് “മറ്റൊരു ദ്വീപാണ്.”
[അടിക്കുറിപ്പുകൾ]
^ ഒരു മുൻ ‘ടൂറിസ്റ്റ് ട്രോഫി’ റൈഡർ ആയിരുന്ന ഫ്രെഡ് സ്റ്റിവൻസിന്റെ അനുഭവത്തെക്കുറിച്ചു വായിക്കാൻ 1988 സെപ്റ്റംബർ 22 ഇംഗ്ലീഷ് ഉണരുക!-യിലെ “ഏറെ വെല്ലുവിളി, ഏറെ ഹരം!” എന്ന ലേഖനം കാണുക.
^ ഫേറോവിസ് ലോഗ്റ്റിങ്, ഐസ്ലാൻഡിക് ആൾതിങ് എന്ന രണ്ടു പാർലമെന്റുകൾ അതിനെക്കാൾ മുമ്പ് സ്ഥാപിക്കപ്പെട്ടു, പക്ഷേ ഇവ രണ്ടും ഇപ്പോൾ നിലവിലില്ല.
^ ഐറിഷ് ഗെയ്ലിക്കിലും സ്കോട്ടിഷ് ഗെയ്ലിക്കിലും ദിവ്യനാമം ജിഹോബ എന്നാണ്. വെൽഷിൽ അത് യിഹോവ എന്നും.
[24-ാം പേജിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
അയർലൻഡ്
സ്കോട്ട്ലൻഡ്
ഇംഗ്ലണ്ട്
വെയ്ൽസ്
ഐറിഷ് കടൽ
മാൻ ദ്വീപ്
[25-ാം പേജിലെ ചിത്രം]
മാങ്ക്സ് വൈദ്യുത റെയിൽവേയുടെ ട്രാം കാർ
[25-ാം പേജിലെ ചിത്രം]
ദ ഗ്രേറ്റ് ലാക്സി വീൽ
[25-ാം പേജിലെ ചിത്രം]
മാൻ ദ്വീപിലെ നീരാവി റെയിൽവേ
[25-ാം പേജിലെ ചിത്രം]
മാങ്ക്സ് എന്ന വാലില്ലാപ്പൂച്ച
[26-ാം പേജിലെ ചിത്രം]
വെയിൽ കായുന്ന സ്രാവ്
[26-ാം പേജിലെ ചിത്രം]
പീൽ കുന്നിൽനിന്നുള്ള കടലോരക്കാഴ്ച
[26, 27 പേജുകളിലെ ചിത്രം]
പീൽ തുറമുഖം, പശ്ചാത്തലത്തിൽ പീൽ ഹർമ്യം
[25-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
മധ്യത്തിലുള്ള ചിഹ്നം ഒഴികെ എല്ലാ ഫോട്ടോകളും: Copyright Bill Dale, IsleOfManPhotos.com
[26-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
സ്രാവ്: The Basking Shark Society; വലത്തെ ഉൾച്ചിത്രവും പശ്ചാത്തലവും: Copyright Bill Dale, IsleOfManPhotos.com